ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിനം കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനും സെക്രട്ടറി ജയേഷ് ജോര്‍ജ്ജും നീക്കം നടത്തിയിരുന്നു. കായികമന്ത്രി എ.സി മൊയ്തീനും ശശിതരൂര്‍ എം.പിയും ബി.സി.സി.ഐയും സച്ചിന് ടെണ്ടുല്‍ക്കറും ഇടപെട്ടതോടെയാണ് ഈ നീക്കം പൊളിഞ്ഞത്. കെ.സി.യെയുടെ നീക്കങ്ങള്‍ക്ക് പിന്നിലെ ഗൂഢലക്ഷ്യം പ്രശസ്ത ഫുട്ബോള്‍ കമന്റേറ്ററായ ഷൈജുദാമോദരന് വെളിപ്പെടുത്തുന്നു….
ഒരു രൂപ പോലും പശ്ചാത്തലസൗകര്യം ഒരുക്കാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ വേണമെങ്കിലും അന്താരാഷ്ട്ര ഏകദിന മല്‍സരങ്ങള്‍ നടത്താം. അതിനുള്ള സൗകര്യം അവിടെയുണ്ടെന്ന് സ്റ്റേഡിയത്തിന്റെ സി.ഇ.ഒയും മുന്‍ ക്രിക്കറ്റ് താരവുമായ അനന്തപത്മനാഭന് പറയുന്നു. പിന്നെ എന്തിനാണ് കെ.സി.എ ഭാരവാഹികള്‍ ഒളിപ്പോര് നടത്തിയത്?
കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും മതിയെന്ന് സച്ചിന്‍ടെണ്ടുല്‍ക്കര്‍ പറഞ്ഞിട്ടും കേരളാ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ അത് അവഗണിച്ചതിന് പിന്നില്‍ വിവിധ കരാറുകളിലൂടെ കിട്ടുന്ന കമ്മീഷന് നഷ്ടപ്പെടുമെന്ന് അറിയാവുന്നത് കൊണ്ടാണെന്ന് ഷൈജു ദാമോദര്‍ വെളിപ്പെടുത്തി. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തുന്നതിന് 25 കോടി മുടക്കിയാണ് ടര്‍ഫ് പണിതത്. അത് പൊളിച്ച് ഏകദിനത്തിന് പിച്ച് പണിയാനാണ് ഇവരുടെ നീക്കം. ഇതിനായി നല്കുന്ന കരാറുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് കമ്മീഷനായി ഇവര്‍ക്കൊക്കെ വര്‍ഷങ്ങളായി ലഭിച്ചിരുന്നു. അതിനാണ് സര്‍ക്കാര്‍ തടയിട്ടത്.
ഏകദിനത്തിന് മുന്നോടിയായി അഞ്ച് പിച്ചുകളാണ് പണിയേണ്ടത്. അതിന് കളിമണ്ണ് ഇറക്കുന്നത് മുതല്‍ പുല്ല് വെച്ച് പിടിപ്പിക്കുന്നതിന് വരെ കരാറിലൂടെ കമ്മീഷന് ലഭിക്കും. ഇതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഷൈജു ദാമോദര്‍ ആവശ്യപ്പെട്ടു. 365 ദിവസവും സ്റ്റേഡിയങ്ങളില്‍ പണികള്‍ നടക്കണമെന്നാണ് കെ.സി.എ ഭാരവാഹികളുടെ ആഗ്രഹമെന്നും ഷൈജു ചൂണ്ടിക്കാട്ടി.
കൊച്ചിയില്‍ ക്രിക്കറ്റ് നടത്തിയാലും തിരുവനന്തപുരത്ത് നടത്തിയാലും 35 ലക്ഷം രൂപ വാടക നല്‍കണം. കെ.സി.എയും ജി.സി.ഡി.എയും തമ്മില്‍ മല്‍സരങ്ങള്‍ നടത്തുന്നതിന് കരാറുണ്ടെന്നും 30 വര്‍ഷത്തേക്ക് കെ.സി.എ സ്റ്റേഡിയം പാട്ടത്തിനെടുത്തിരിക്കുകയാണെന്നും ജയേഷ് ജോര്‍ജ്ജും കൂട്ടരും കായികപ്രേമികളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അങ്ങനെ ഒരു കരാര്‍ നിലവിലില്ലെന്ന് ഷൈജു വ്യക്തമാക്കി. നിയമസാധുതയില്ലാത്ത മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് (എം.ഒ.യു) മാത്രമാണ് കെ.സി.എയും കൊച്ചി സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എയും തമ്മിലുള്ളത്. ഇത് കായികപ്രേമികള്‍ മനസിലാക്കണം.
35 ലക്ഷം മുടക്കി നിര്‍മിച്ച ക്രിക്കറ്റ് പിച്ച് തകര്‍ത്തിട്ടാണ് കൊച്ചിയില്‍ ഫുട്ബോള്‍ ടര്‍ഫ് പണിതത്, അന്ന് തങ്ങളാരും എതിര്‍ത്തില്ലെന്ന് ജയേഷ് പറയുന്നതില്‍ കഴമ്പില്ലെന്നും ഷൈജു പറഞ്ഞു. 35 ലക്ഷം മുടക്കി നിര്‍മിച്ച പിച്ച് പൊളിച്ചപ്പോള്‍ ജയേഷും കെ.സി.എയും എന്ത് കൊണ്ട് കോടതിയില്‍ പോയില്ല, അല്ലെങ്കില്‍ എതിര്‍ത്തില്ലെന്നും ഷൈജു ചോദിക്കുന്നു. പിച്ച് പൊളിച്ചാലേ പുതിയ പിച്ച് നിര്‍മിക്കാനൊക്കൂ എന്ന് ഇവര്‍ക്കെല്ലാം അറിയാം.
ഫിഫയുടെ ഡയറക്റര്‍മാരിലൊരാളായ ഹാവിഫസി , കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നത് കൊണ്ട് പ്രശ്നമില്ലെന്ന് പറഞ്ഞെന്നാണ് കെ.സി.എ നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. അത് അദ്ദേഹത്തിന് ക്രിക്കറ്റിനെ കുറിച്ച് സാങ്കേതികമായി അറിവില്ലാത്ത് കൊണ്ടാണെന്നും ഷൈജു ദാമോദര്‍ വ്യക്തമാക്കി. ക്രിക്കറ്റ് മൈതാനത്തെയും ഫുട്ബോള്‍ മൈതാന്തതെയും പുല്ല് പോലും വ്യത്യസ്തമാണ്. ഫുട്ബോളിന് കട്ടിയുള്ള പുല്ലാണ് വെച്ച്പിടിപ്പിക്കുന്നത്. തെന്നിവീഴാതിരിക്കാനും മറ്റുമാണിത്. ക്രിക്കറ്റിന് ഔട്ട്ഫീല്‍ഡിന് വേഗത കിട്ടാന്‍ പുല്ല് പറ്റെവെട്ടി നിര്‍ത്തും. ഇക്കാര്യങ്ങളൊന്നും ഹാവിസഫിക്ക് അറിയില്ലെന്നും ഷൈജു ചൂണ്ടിക്കാട്ടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ കരാറുകളും അന്വേഷിക്കണമെന്നും ഷൈജു ദാമോദര്‍ ആവശ്യപ്പെട്ടു.
നടി നടാഷ സൂരിക്ക് സഹാസിക വിനോദത്തിനിടെ ഗുരുതരമായ പരിക്ക്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ വച്ചാണ് വെച്ചാണ് താരത്തിന് ബന്‍ജി ജംപിങ്ങിനിടെ നടിക്ക് അപകടം സംഭവിച്ചത്. 2006ലെ ഫെമിന മിസ് ഇന്ത്യ കിരീടം നേടിയ നടിയും മോഡലുമാണ് നടാഷ സൂരി. ജക്കാര്‍ത്തയില്‍ ഒരു സ്വകാര്യ ചടങ്ങിന് പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി. ബന്‍ജി ജംപിങ്ങ് നടത്തുന്നതിനിടെ സുരക്ഷ കയര്‍ പൊട്ടിയാണ് അപകടം സംഭവിച്ചത്. നടി തലകീഴായി തടാകത്തിലേക്ക് വീഴുകയായിരുന്നു. ജക്കാര്‍ത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി. ഇരുപത്തിനാല് മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
2016ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കിംഗ് ലയറിലൂടെയാണ് നടാഷ അഭിനയ രംഗത്തേക്കെത്തുന്നത്. നിരവധി ടിവി ചാനല്‍ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. അനുപം ഖേറും മനീഷ് പോളും അഭിനയിക്കുന്ന ബാ ബാ ബ്ലാക്ക് ഷീപ്പാണ് നടാഷയുടെ വരാനിരിക്കുന്ന ചിത്രം.
ജയലളിതയുടെ മരണത്തില്‍ അപ്പോളോ ആശുപത്രിയുടെ പുതിയ വെളിപ്പെടുത്തല്‍. ജയലളിതയുടെ ചികിത്സയുടെ സമയത്ത് 24 പേരെ ചികിത്സിക്കാവുന്ന ഐസിയു ഒഴിപ്പിച്ചിരുന്നുവെന്നും ആശുപത്രിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നുവെന്നും അപ്പോളോ ആശുപത്രിയുടെ ചെയര്മാന് ഡോക്ടര്‍ പ്രതാപ് റെഡ്ഡി വെളിപ്പെടു.
ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 75 ദിവസം നീണ്ടുനിന്ന ചികിത്സക്കു ശേഷമാണ് ജയലളിത മരിച്ചത്. എഐഎഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ പോലും ജയലളിതയെ കാണാന്‍ ശശികല അനുവദിച്ചില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.
ജയലളിതയെ പ്രവേശിപ്പിച്ചതോടെ ആ ഐസിയുവില്‍ നിന്ന് മറ്റെല്ലാ രോഗികളെയും വേറൊരു ഐസിയുവിലേക്ക് മാറ്റിയിരുന്നു. ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഐസിയുവില്‍ കഴിയുന്ന ജയലളിതയുടെ വീഡിയോ ശശികല വിഭാഗം പുറത്തു വിട്ടിരുന്നു.
കോളേജ് ബസിനും മതിലിനും ഇടയില്‍ ഞെരുങ്ങി അധ്യാപകൻ മരിച്ചു. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് അപകടകുമുണ്ടായത്. അധ്യാപകൻ ഇറങ്ങുന്നതിനിടെ ബസ് പിന്നോട്ടെടുത്തു, തുടർന്നാണ് ബസിനും മതിലിനും ഇടയിൽ കുടുങ്ങിയത്. മൂക്കന്നൂര്‍ ഫിസാറ്റ് എഞ്ചിനീയറിങ് കോളേജ് അധ്യാപകന് ഉദയംപേരൂര്‍ സ്വദേശിയായ ഷിനോയ് ജോര്‍ജ്ജ് ആണ് മരിച്ചത്.
മാർച്ച് 14നായിരുന്നു അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ഷിനോയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുനിന്നു. ഇന്നലെ രാത്രിയോടെയാണ് ഷിനോയ് ജോര്‍ജ്ജ് മരണത്തിന് കീഴടങ്ങിയത്
കൊച്ചിയിൽ ലസി നിർമാണകേന്ദ്രത്തിൽ അതീവ വൃത്തിഹീനമായി കണ്ടെത്തിയ നിർമാണ ഉത്പന്നങ്ങൾ നശിപ്പിക്കാൻ ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്ക് മാറ്റി. കൊച്ചി നഗരത്തിലെ നാൽപതോളം ചില്ലറ വിൽപന സ്റ്റാളുകളിലേക്ക് ലസി എത്തിക്കുന്നത് ഇവിടെ നിന്നാണെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇതരസംസ്ഥാനക്കാരുടെ നേത്യത്വത്തിൽ പുഴുക്കൾ നുരയ്ക്കുന്ന അന്തരീക്ഷത്തിൽ ലസി ഉണ്ടാക്കുന്നത് പുറംലോകം അറിഞ്ഞത്.
ഡ്രൈ ഫ്രൂട്ട് ലസി നിർക്കാനുള്ള ഉത്പന്നങ്ങളാണ് പുഴു അരിയ്ക്കുന്ന ഈ പായ്ക്കറ്റിൽ ഉള്ളത്. ഈന്തപ്പഴത്തിനകത്ത് മുഴുവൻ പുഴുക്കൾ. നായയുടെ വിസർജ്യത്തിനൊപ്പമാണ് ചോക്ലേറ്റ് ലസിക്ക് ഉപയോഗിക്കുന്ന പൊടിയുടെ പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. പിസ്ത, സ്ട്രോബറി, വാനില തുടങ്ങിയ കൊതിയൂറുന്ന ഫ്ളേവറുകൾ തൈരിൽ കലക്കി നഗരത്തിലെ ചില്ലറ ഒൗട്ലറ്റുകളിലേക്ക് വിൽപനയ്ക്കായി എത്തിക്കുന്നത് ഇവിടെ നിന്ന് തന്നെ. വിവിധ പേരുകളിലുള്ള ലസി വിൽപന സ്റ്റാളുകളിലേക്ക് ലസി എത്തിക്കുന്നത് ഇവിടെ നിന്ന് തന്നെയെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. പൊള്ളാച്ചിയില്‍ നിന്നെത്തിക്കുന്ന പാക്കറ്റ് പാലാണ് ലസിക്കായി ഉപയോഗിക്കുന്നത്. പാലിന്റേയും സിന്തറ്റിക് പൗഡറുകളുടേയും കൂടുതൽ സാമ്പിളുകളും പരിശോധനയ്ക്കായ് ശേഖരിച്ചു. യാതൊരു ലൈസൻസുമില്ലാതെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നഗരത്തിലെ മുഴുവൻ ലസി വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്താനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റേയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും തീരുമാനം. ലസി വിൽപനയിൽ നികുതിവെട്ടിപ്പ് നടക്കുന്നതായി ജിഎസ്ടി വിഭാഗത്തിനും വിവരം ലഭിച്ചിട്ടുണ്ട്.
ലക്നൗ: ഉത്തര്‍പ്രദേശിലെ 131 കലാപക്കേസുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. 2013ലുണ്ടായ മുസഫര്‍നഗര്‍ കലാപവും ഷംലി കലാപവുമായി ബന്ധപ്പെട്ട കേസുകളാണ് പിന്വലിക്കനൊരുങ്ങുന്നത്. 62 പേര് മരിക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് വീടുകള്‍ നഷ്ടമാകുകയും ചെയ്ത കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് പിന്‍വലിക്കുന്നത്.
കലാപങ്ങളോടനുബന്ധിച്ചുള്ള വ്യാജകേസുകളാണ് പിന്‍വലിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതിന് തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
കലാപങ്ങളുമായി ബന്ധപ്പെട്ട് 1455 പേരെ പ്രതികളാകളാക്കി 503 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 131 കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം. ഇവയില്‍ പലകേസുകളിലും ചുരുങ്ങിയത് 7വര്‍ഷമെങ്കിലും തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ലണ്ടന്‍: സിനിമാ തിയേറ്ററിലെ കസേരയ്ക്കിടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു. ബര്‍മിങ്ഹാം സിറ്റി എന്റര്ടെയ്ന്മെന്റ് കോംപ്ലക്സിലെ വ്യൂ സിനിമാ തീയേറ്ററില്‍ വെച്ചാണ് സംഭവം. സിനിമ കാണുന്നതിനിടയില്‍ നിലത്തു വീണ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ തല കസേരകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.
തലകുടുങ്ങിയതോടെ സീറ്റിനോട് ചേര്‍ന്നുള്ള ഇലക്രോണിക് ഫൂട്ട്റെസ്റ്റ് തലയിലേക്ക് വീണ് ക്ഷതമേല്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിന്റെ തല സീറ്റിനുള്ളില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫൂട്ട്റെസ്റ്റ് തകര്‍ത്ത ശേഷമാണ് ഇയാളെ രക്ഷിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
മാര്‍ച്ച് 9നാണ് അപകടം ഉണ്ടാകുന്നത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞ വെള്ളിയാഴ്ച്ചയോടെ മരണപ്പെട്ടു. തല കസേരകള്‍ക്കിടയില്‍ കുടുങ്ങിയതോടെ വെപ്രാളത്തിലായ യുവാവിന് ഹൃദയസ്തംഭനം ഉണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിയേറ്റര്‍ അധികൃതര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
പാറ്റ്ന: ആശുപത്രിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഓപ്പറേഷന് നടത്തിയ യുവതി മരിച്ചു. മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ബീഹാറിലെ സഹരാസയിലുള്ള സര്‍ദാര്‍ ആശുപത്രിയില്‍ മാര്‍ച്ച് 19 ാം തിയതിയായിരുന്നു യുവതിയുടെ ഓപ്പറേഷന്. ആശുപത്രിയില്‍ വൈദ്യൂതി ഇല്ലാത്തതിനാല്‍ ടോര്‍ച്ചിന്റെയും മൊബൈല്‍ ഫോണിന്റെയും വെളിച്ചത്തില്‍ ഡോക്ടര്‍ ഓപ്പറേഷന് നടത്തുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
സര്‍ദാര്‍ ആശുപത്രിയിലെ ചികിത്സയില്‍ തൃപ്തരാവാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സ്ത്രീ അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. ആന്തരിക രക്ത സ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ് ആശുപത്രിയിലെത്തുമ്പോള്‍ യുവതിയുടെ നില ഗുരുതരമായിരുന്നുവെന്നും അതുകൊണ്ടാണ് വൈദ്യൂതിയില്ലാത്തത് കണക്കിലെടുക്കാതെ ്അടിയന്തരമായി ഓപ്പറേഷന് നടത്തിയതെന്നും അധികൃതര്‍ പറയുന്നു.
ടോര്‍ച്ച് വെളിച്ചത്തില്‍ ഓപ്പറേഷന് നടത്തിയ സംഭവങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2016 ഏപ്രിലില്‍ യു.പി മൗ ജില്ലയിലെ ആശുപത്രിയില്‍ വൈദ്യുതി നിലച്ച അവസ്ഥയില്‍ ചെറിയ കുട്ടിയുടെ ഓപ്പറേഷന് ടോര്‍ച്ചിന്റെ വെട്ടത്തില്‍ നടത്തുന്നതിന്റെ വീഡിയോ വാര്‍ത്തയായിരുന്നു. ആശുപത്രികളില്‍ വൈദ്യൂതി മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടു വരുന്നതിനായി നിരന്തരം അധികൃതരെ സമീപിക്കാറുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
#WATCH: A woman is operated upon in torch light at Sadar Hospital in Saharsa as there was no electricity at that time in the hospital. #Bihar pic.twitter.com/HN6T5I2683
— ANI (@ANI) March 19, 2018
ബാഴ്സലോണ: പ്രാങ്ക് വീഡിയോ ചാനലുകള്‍ ഇന്റര്‍നെറ്റില്‍ ഏറെ പ്രചാരമുള്ളവയാണ്. എന്നാല്‍ വീഡിയോ നിര്‍മ്മിക്കുന്നതിനായി ആളുകളെ കബളിപ്പിക്കുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കുക. ബാഴ്സലണോയില് പ്രാങ്ക് വീഡിയോ നിര്‍മ്മിക്കുന്നതിനായി യുവതിയെ ചവിട്ടി വീഴ്ത്തിയതിന് അവതാരകന് 60,000 യൂറോ (ഏകദേശം 50 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.
പ്രാങ്ക് വീഡിയോ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മരിയോ ഗാര്‍ഷ്യ എന്നയാള്‍ റോഡരികില്‍ സുഹൃത്തുമായി സംസാരിച്ച് നില്ക്കുന്ന യുവതിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. താഴെ വീണ യുവതിക്ക് കാര്യമായ പരിക്കേറ്റു. തുടര്‍ന്ന് 75 ദിവസത്തോളം യുവതിക്ക് ജോലിയില്‍ നിന്ന് അവധിയെടുക്കേണ്ടി വന്നു. 2015ലാണ് കേസിനാസ്പദമായ സംഭവം. ചവിട്ടി വീഴ്ത്തിയ ശേഷം തന്നെ കളിയാക്കി ചിരിച്ച വീഡിയോ നിര്‍മ്മാതാക്കളെ യുവതി ചീത്ത വിളിക്കുകയും ചെയ്തിരിന്നു.
തുടര്‍ന്ന് പോലീസില്‍ പരാതി നല്കിയ യുവതി നഷ്ടപരിഹാരമായി 45,000 യൂറോ ആവശ്യപ്പെട്ടു. എന്നാല്‍ 60,000 യൂറോ നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്‍ കേസ് ഒത്തുതീര്‍പ്പ് ചെയ്യുകയായിരുന്നു. ആളുകളെ ഭയപ്പെടുത്തുക, കെണിയില്‍ വീഴ്ത്തുക, കളിയാക്കുക തുടങ്ങിയവയാണ് പ്രാങ്ക് വീഡിയോ നിര്‍മ്മിക്കുന്നവര്‍ ചെയ്യുന്ന പ്രധാന കാര്യങ്ങള്‍.
കൊച്ചി: കൊച്ചിയിലെ കറുകപ്പിള്ളിക് സമീപത്തുള്ള പാല്, തൈര് തുടങ്ങിയവ വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ കോര്പറേഷന് ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ റെയ്ഡ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചു പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്. കൊച്ചിയിലെ പ്രമുഖമായ പല ലെസ്സി ഷോപ്പുകളിലും ആവശ്യമായ പാല്, തൈര്, ഫ്ളേവറുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്.
അബ്ദുള്‍ ഷുക്കൂര്‍ എന്നയാള്‍ ഫേസ്ബുക്കിലൂടെ സ്ഥാപനത്തില്‍ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പട്ടിക്കാട്ടം വരെ മുറിയില്‍ ഉള്ളതായി പുറത്ത് വിട്ട ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
https://www.facebook.com/abdul.shukkoor.712/videos/1734554099974791/
https://www.facebook.com/abdul.shukkoor.712/videos/1734554879974713/
അബ്ദുള്‍ ഷുക്കൂര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്;
#ലസ്സി ലവേഴ്സ് ഇവിടെ വരൂ….
എറണാകുളം സിറ്റിയിലെ പുതിയ ട്രെന്‍ഡ് ആയ ലസ്സി ഷോപ്പുകളിലേക് തൈര്, പാല്, ഫ്ളെവേഴ്സ് തുടങ്ങിയവ ഡിസ്ട്രിബൂട് ചെയ്യുന്ന സ്ഥലത്ത് (കറുകപ്പിള്ളിക് സമീപം) നേരിട്ട് പോയ കണ്ട കാര്യങ്ങള്‍ എല്ലാവര്ക്കും ആയിട്ട് സമര്‍പ്പിക്കുന്നു. കുഞ്ഞു കുട്ടികള്‍ വരെ കുടിക്കുന്ന ഇത്,ഇത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ ഇവന്മാര്ക് എങ്ങനെ തോന്നുന്നു….
വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ ആണ് ലസ്സി നിര്‍മിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്…
നായ കാഷ്ടം മുതല്‍ എല്ലാത്തരം വെസ്റ്റുകള്‍ ഇതിനകതുണ്ട്…
അസഹ്യമായി ചീഞ്ഞു നാറുന്നുണ്ട് ഇവിടെ മുഴുവന്‍, ബാത്റൂമും തൈര് കടയുന്നതും എല്ലാം ഒരുമിച്ചു ആണെന്ന് തോന്നുന്നു,
തൈര് നിറച്ച കന്നാസ് നിലത്തു മറിഞ്ഞു വീണത് തിരിച്ചു അതിലേക്ക് തന്നെ ആക്കിയതിന്റെ അടയാളങ്ങള്‍ ഇവിടെ കാണാനുണ്ട്…
കോര്പറേഷന്, ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ വന്നു എല്ലാം ക്സ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇനിയും ലസ്സി കുടിക്കണം എന്ന് തോന്നുന്നവര്‍ ഇതൊക്കെ ഒന്ന് കാണുക.
21/03/18 8:00
Abdul Shukkoor
ഇനി തീരുമാനിക്കുക…
Share max….