റോം: ഇറ്റലിയില്‍ കുടിയേറ്റക്കാര്‍ക്കു നേരെ ആക്രമണം. ഇറ്റലിയിലെ മസിറേറ്റയില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ ആറ് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെടിവെയ്പ് രണ്ടു മണിക്കൂറോളം നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ടുകള്‍.പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയതായും പോലീസ് അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്ന ആളെയാണ് പിടികൂടിയതെന്നാണ് വിവരം.

ഇറ്റാലിയന്‍ പൗരന്‍ ലൂക്ക ട്രെയിനി(28) ആണ് പിടിയിലായത്. കാറിലെത്തിയാണ് അക്രമി വെടിയുതിര്‍ത്തത്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. വംശീയ വിദ്വേഷവും കുടിയേറ്റക്കാരോടുള്ള വിരോധവുമാണ് അക്രമണത്തിന് പിന്നിലെന്ന് ഇറ്റാലിയന്‍ പോലീസ് അറിയിച്ചു.