Latest News

തിരുവനന്തപുരം: കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ വിതച്ചത് വന്‍ നാശനഷ്ടം. അടുത്ത 12 മണിക്കൂര്‍ നേരകൂടി തെക്കന്‍ കേരളത്തില്‍ പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരത്ത് കിള്ളിയില്‍ വൈദ്യുതികമ്പി പൊട്ടിവീണ് രണ്ട് പേര്‍ മരിച്ചു.കിള്ളി തുരുമ്പാട് തടത്തില്‍ അപ്പുനാടാര്‍ (75) ഭാര്യ സുമതി (67) എന്നിവരാണ് മരിച്ചത്. കൊല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്കുമേല്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു, കുളത്തൂപ്പുഴ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. വിഴിഞ്ഞത്ത് മരം കടപുഴകി വീണ് ഒരു സ്ത്രീ മരിച്ചു. അല്‍ഫോന്‍സാമ്മയാണ് മരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കാനാണ് നിര്‍ദ്ദേശം.

ഇടുക്കി പുളിയന്മലയില്‍ വൈദ്യുതി പോസ്റ്റ് ജീപ്പിന് മുകളിലേക്ക് ഒടിഞ്ഞുവീണ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇടുക്കി ജില്ലയില്‍ വ്യാപകനാശനഷ്ടം

അഞ്ച് വീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗികമായും തകര്‍ന്നു
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ തകര്‍ന്നു
ഉടുമ്പന്‍ ചോലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു; നമ്പര്‍ 04868 232050
തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു
കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.
അമ്പൂരിയില്‍ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടി
പമ്പയില്‍ ജലനിരപ്പ് ഉയരുന്നു
അടിമാലിയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു
കട്ടപ്പന ആമയാറില്‍ ജീപ്പിന് മുകളിലേക്ക് മരം വീണ് ഡ്രൈവര്‍ക്ക് പരുക്ക്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരം കടപുഴകി വീണ് 25 കാറുകള്‍ തകര്‍ന്നു
നിരവധി തീവണ്ടികള്‍ റദ്ദാക്കി
അഞ്ച് ജില്ലകളിലെ മലയോര മേഖലകളില്‍ രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം പാറശാലയില്‍ ഉപജില്ലാ കലോത്സവത്തിനിടെ മൂന്ന് വേദികള്‍ തകര്‍ന്നുവീണു
രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം മാറ്റിവച്ചു
മോശം കാലാവസ്ഥ കണക്കിലെടുത്ത് യു.ഡി.എഫ് പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനവും മാറ്റിവച്ചിട്ടുണ്ട്.

കന്യാകുമാരിയില്‍ നാല് പേര്‍ മരിച്ചു

തിരുവനന്തപുരം: കേരളതമിഴ്‌നാട് തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയില്‍ കന്യാകുമാരിയില്‍ നാല് പേരാണ് മരിച്ചത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് വന്‍ നാശ നഷ്ടമുണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മാത്രം 250 മൊബൈല്‍ ടവറുകള്‍ തകര്‍ന്നതായതാണ് റിപ്പോര്‍ട്ട്. ഇതോടെ വാര്‍ത്താ വിനിമയ ബന്ധം തകരാറിലായിട്ടുണ്ട്. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കന്യാകുമാരിയിലേക്ക് 70 അംഗ ദുരന്ത നിവാരണ സേനയെ അയച്ചിട്ടുണ്ട്. ഇവര്‍ കന്യാകുമാരിയിലെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്.

ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് കോടതിക്കു മുമ്പാകെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. 2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്‌സ്‌റേകളിലാണ് ഷെറിന്റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഷെറിനെ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ശേഷമാണ് ഇവ സംഭവിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ദത്തെടുത്ത കുടുംബത്തില്‍ നിന്നുതന്നെയാണ് ഷെറിന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കേസില്‍ കൂടുതല്‍ സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്.

ഒക്‌ടോബര്‍ ഏഴിനാണ് ഡാലസിലെ വീട്ടില്‍ നിന്നും ഷെറിനെ കാണാതായത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്നാണ് 22ന് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹ പരിശോധനയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷെറിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വെസ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡാലസ് കൗണ്ടി ജയിലിലാണ് ഇപ്പോള്‍ വെസ്ലി.

ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന മറ്റൊരു മകളുമുണ്ട്. നാലു വയസ്സുള്ള ഈ കുട്ടിയുടെ ചുമതല അധികൃതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറി. ഈ കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച കേസില്‍ ബുധനാഴ്ച ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസില്‍ ഹാജരാക്കിയപ്പോഴാണ് ഡോക്ടര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വെസ്ലിക്ക് ഒന്നുകില്‍ സ്വന്തം മകളുടെ മേലുള്ള അവകാശം വിട്ടുകൊടുക്കേണ്ടവരും. അല്ലെങ്കില്‍ രാജ്യം തന്നെ അത് എടുത്തുമാറ്റും.

കൊച്ചി: പ്രശസ്ത മിമിക്രി കലാകാരനും സിനിമ നടനുമായ അബി(52) അന്തരിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ.ഏറെ നാളായി രോഗബാധിതനായിരുന്ന അബി രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ്‌സ് കുറയുന്ന രോഗം മൂലമാണ് പലപ്പോഴും സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും വിട്ടു നിന്നത്. ഹബീബ് മുഹമ്മദ് എന്ന അബി മലയാളത്തില്‍ 50ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കലാഭവനിലും കൊച്ചിന്‍ സഗറിലും ഹരിശ്രീയിലും കലാകാരനായി പ്രവര്‍ത്തിച്ച പരിചയത്തില്‍ നിന്നാണ് സിനിമയിലേക്കുള്ള ചുവടുവെപ്പ്. മഴവില്‍ക്കൂടാരം, സൈന്യം, രസികന്‍, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ‘തൃശ്ശിവപേരൂര്‍ ക്ലിപ്ത’മാണ് അവസാന സിനിമ. ഭാര്യ സുനില. മക്കള്‍: ഷെയ്ന്‍ നിഗം, അഹാന, അലീന.

മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്കു സ്വീകാര്യത നല്‍കിയ അബി അന്‍പതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു അബി മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയത്. നയം വ്യക്തമാക്കുന്നു എന്നതാണ് ആദ്യസിനിമ. ഹബീബ് അഹമ്മദ് എന്നാണു യാഥാര്‍ഥ പേര്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു.

ഫേസ്ബുക്ക് ഗ്രൂപ്പിൽ ദ്വയാർത്ഥ കമൻ്റിട്ട സംവിധായകൻ ഒമർ ലുലു പുലിവാല് പിടിച്ചു. സിനിമയെ വിമർശിച്ച കമൻ്റിനു താഴെയാണ് ഒമർ ലുലു കമൻ്റിട്ടത്. വിമർശന കമൻ്റിനെ പിന്തുണച്ച സ്ത്രീയുടെ കമൻ്റിന് നല്കിയ മറുപടിയാണ് വിവാദമായത്. ചങ്ക്‌സ്, ഹാപ്പി വെഡ്ഡിംഗ് എന്നീ സിനിമകളുടെ സംവിധായകനാണ് ഒമർ ലുലു. ചങ്ക്‌സിന്റെ ഡിവിഡി പുറത്തിറങ്ങിയതിനേക്കുറിച്ചുള്ള പോസ്റ്റിനാണ് വിമർശനം ഉണ്ടായത്. കറന്റ് കാശെങ്കിലും മുതലാകുമോ? ഒരു പാല്‍ക്കുപ്പി നിഷ്‌കുവിന്റെ സംശയമാണ് എന്ന മനു വര്‍ഗീസിന്റെ കമന്റിന്‘പൊളിച്ചു’ എന്ന് അഭിരാമി ആമി കമന്റ് ചെയ്തു. ഇതിന് മറുപടിയായാണ് അശ്ലീല ചുവയുള്ള കമന്റ് ഒമര്‍ പോസ്റ്റ് ചെയ്തത്. പൊങ്കാല തുടങ്ങുന്നതിന് മുന്‍പ് തന്നെ തനിക്ക് സംഭവിച്ച അബദ്ധത്തിന് മാപ്പ് പറഞ്ഞ് ഒമര്‍ തടിയൂരാൻ ശ്രമിച്ചെങ്കിലും വിമർശനങ്ങൾ ഉയർന്നു. ഇതേത്തുടർന്ന് സ്ത്രീവിരുദ്ധത, ലൈംഗികത എന്നിവ പോസ്റ്റ് ചെയ്യുന്നവരെ പുറത്താക്കണമെന്ന ഗ്രൂപ്പ് നിയമത്തിൻ്റെ അടിസ്ഥാനത്തില്‍ ഒമര്‍ ലുലുവിനെ സിനിമാ പാരഡീസോ ക്ലബില്‍നിന്ന് പുറത്താക്കുകയായിരുന്നു.

സ്ത്രീ ലൈംഗികതയുടെ ഏറ്റവും മികച്ച സമയം അവരുടെ 20നും 30നും വയസിനുമിടയില്‍ ആണെന്നാണ് പൊതു ധാരണ. എന്നാല്‍ അവരുടെ 36ാം വയസിലാണ് ഏറ്റവും മികച്ച സമയമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നാച്ച്വറല്‍ സൈക്കിള്‍സ് എന്ന ആപ് നടത്തിയ സര്‍വെയില്‍ 2600 സ്ത്രീകളോട് ഇതേ ചോദ്യം ഉന്നയിക്കപ്പെട്ടു.

എത്രമാത്രം സംതൃപ്തിയാണ് ലൈംഗിക ജീവിതത്തില്‍ ലഭിക്കുന്നതെന്നും ചോദ്യമുണ്ടായിരുന്നു. 23 വയസിന് താഴെയുളളവര്‍, 23നും 35നും ഇടയില്‍ പ്രായമുള്ളവര്‍, 36 വയസിന് മുകളില്‍പ്രായമുള്ളവര്‍ എന്നീ മൂന്ന് ഗ്രൂപ്പുകളിലായാണ് സര്‍വെ നടത്തിയത്. 36 വയസ് പൂര്‍ത്തിയായവരില്‍ പത്തില്‍ എട്ട് പേരും ആത്മവിശ്വാസവും ലൈംഗികാസ്വാദനവും ലഭിച്ചുവെന്ന മറുപടിയാണ് നല്‍കിയത്.

23നും 35നും ഇടയില്‍ ലൈംഗിക സംതൃപ്തി ലഭിച്ചുവെന്ന് പറയുന്നവര്‍പത്തില്‍ നാല് പേരും ഇളംപ്രായത്തില്‍ ആസ്വാദനം ലഭിച്ചുവെന്ന് പറയുന്നത് പത്തില്‍ ഏഴ് പേരുമാണ്. 36 വയസിന് മുകളിലുള്ളവര്‍ക്കാണ് സ്ഥിരവും വര്‍ധിക്കുന്നതുമായ രതിമൂര്‍ച്ച ലഭിക്കുന്നതെന്നും ഇവരുടെ മറുപടികളില്‍ വ്യക്തം. പഠന വിധേയമാക്കിയവരില്‍ പ്രായം കൂടിയവരില്‍ 86 ശതമാനവും അവസാന മാസത്തില്‍ മികച്ച ലൈംഗിക അനുഭവം തുറന്നുപറയുമ്പോള്‍മധ്യഗ്രൂപ്പിലുള്ളവരില്‍ 76 ശതമാനവും 23ന് താഴെയുള്ളവരില്‍ ഇത് 56 ശതമാനവുമാണ്. മൂന്നില്‍ ഒന്ന് സ്ത്രീകള്‍ക്ക് കൂടുതല്‍ സമയവും പത്തില്‍ ഒന്ന് പേര്‍ക്ക് പെട്ടെന്നുള്ള ലൈംഗിക ആസ്വാദനവും ഇഷ്ടപ്പെടുന്നവരാണ് എന്നും സര്‍വ്വേ ഫലം പറയുന്നു.

ബംഗളൂരു: കുട്ടികളെ സീരിയല്‍ കാണാന്‍ അനുവദിക്കുമ്പോള്‍ അവ കുട്ടികളുടെ മനസ്സിനെ എത്ര മാത്രം സ്വാധീനിക്കുന്നു എന്നതിന് തെളിവായി രണ്ടാം ക്ലാസുകാരിക്ക് സംഭവിച്ച ദുരന്തം. ഒരു കന്നഡ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന നന്ദിനി എന്ന മാന്ത്രിക സീരിയല്‍ കണ്ട രണ്ടാം ക്ലാസ്സുകാരി പ്രാര്‍ത്ഥന (7 വയസ്സ്) യാണ് സീരിയല്‍ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച് മരണത്തിന് കീഴടങ്ങേണ്ടി വന്നിരിക്കുകയാണ്. നന്ദിനി സീരിയലിലെ കഥാപാത്രം ചെയ്തത് പോലെ തീ കൊളുത്തിയ ശേഷം കെടുത്താന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ വന്നതാണ് കുട്ടിയുടെ മരണത്തിന്‌ കാരണമായത്.

ദേവനാഗരി ജില്ലയിലെ സെന്റ്‌ മേരീസ് കോണ്‍വെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരണമടഞ്ഞത്. നവംബര്‍ പതിനൊന്നിന് നടന്ന സംഭവമാണെങ്കിലും പുറംലോകത്ത് വാര്‍ത്ത അറിയുന്നത് വൈകിയാണ്. തീ പിടിച്ചാല്‍ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് അറിവില്ലാതെയാവാം കുട്ടി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് എന്ന് പോലീസ് പറയുന്നു. കുട്ടികളെ സമീപമിരുത്തി ഇത്തരം സീരിയലുകള്‍ കാണുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പായിരിക്കുകയാണ് പ്രാര്‍ത്ഥനയുടെ മരണം.

സ്വാതന്ത്ര്യം, സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടുമ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും അടിമത്തം നിലനില്‍ക്കുന്നുണ്ട് എന്നത് നഗ്‌നസത്യമാണ്. പൈശാചികവും ക്രൂരവുമായ നടപടികളാണ് ഇതിന്റെ പേരില്‍ അടിമകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.ആരും ചോദിക്കാന്‍ വരില്ലെന്ന കാരണത്താല്‍ അവരെ പട്ടിണിക്കിട്ടും പച്ചയ്ക്ക് ചുട്ടു കൊല്ലുന്നത് പോലും സാധാരണമാണ്.മാനുഷിക പരിഗണന പോലും നല്‍കാത്ത കൊടുംനിന്ദ്യമായ ഇത്തരം പ്രവൃത്തികള്‍ പലപ്പോഴും വേണ്ടത്ര ലോക ശ്രദ്ധ കിട്ടാതെ പോകുന്നുണ്ട്.

ലിബിയയില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാടത്തം നിറഞ്ഞ ഈ പ്രവൃത്തിയില്‍ ആശങ്ക പങ്കു വച്ചും ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ സഹായമഭ്യര്‍ഥിച്ചും നടി എമി ജാക്‌സണ്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എന്താണ് ലോകം പ്രതികരിക്കാത്തത്. അടിമത്തം ഇന്നും ലിബിയയില്‍ നിലനില്‍ക്കുന്നു.. ഇന്നും ഈ 2017 ലും.. എന്റെ നെഞ്ച് പൊട്ടുകയാണ് ഒരു വംശവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല . ഈ സന്ദേശം ലോകമുടനീളം പ്രചരിപ്പിക്കാനും ഇവരെ സഹായിക്കാനും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. നമ്മള്‍ ഇത് അവസാനിപ്പിച്ച തീരൂ.. എമി കുറിച്ചു.

നടനുമായ എം.ബി. പത്മകുമാർ. വ്യത്യസ്ത പ്രമേയങ്ങൾ സിനിമയാക്കുന്ന ശീലമുള്ള പത്മകുമാറിന്റെ ‘മൈ ലൈഫ് പാർട്ണർ’, ‘രൂപാന്തരം’ എന്നീ സിനിമകൾ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിരുന്നു. അതേ മാർഗത്തിലൂടെയാണു പുതിയ ചിത്രം ‘ടെലിസ്കോപ്’ എടുത്തത്.അൻപത്തഞ്ച് അടി ആഴവും (പത്താൾ ആഴം) എട്ടടി വ്യാസവുമുള്ള (ഒന്നരയാൾ വീതി) കുഴിക്കുള്ളിൽ നടക്കുന്ന ഒരു കഥ സിനിമയാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സിനിമയിലെ ഒരു രംഗം പോലും കുഴിക്കു പുറത്തില്ലെന്നിരിക്കെ. എന്നാൽ അത്തരമൊരു വെല്ലുവിളി ഏറ്റെടുത്തു വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് സംവിധായകൻ

എട്ടു മനുഷ്യരും രണ്ടു മൃഗങ്ങളുമാണു കഥാപാത്രങ്ങൾ. ഇതിൽ ഒരു മൃഗം കുഴിക്കുള്ളിലും മറ്റൊന്നു പുറത്തുമാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വർഷങ്ങൾക്കു മുമ്പ് ആരോ കുഴിച്ച 65 അടി ആഴമുള്ള കുഴിയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്. കുഴി കാടും പടർപ്പും മൂടിക്കിടക്കുകയായിരുന്നു. എല്ലാം വെട്ടിത്തെളിച്ച ശേഷം ചിത്രീകരണം തുടങ്ങാനൊരുങ്ങുമ്പോൾ അടിയിൽ വായു സഞ്ചാരമില്ലെന്നു വ്യക്തമായി. കുഴിക്കുള്ളിൽ കുപ്പിച്ചില്ല് ഉൾപ്പെടെ ഒരുപാട് അവശിഷ്ടങ്ങൾ. അതിനു മുകളിൽ നിന്ന് അഭിനയിക്കുക അസാധ്യം. തുടർന്ന് അവശിഷ്ടങ്ങൾക്കു 10 അടി മുകളിലായി ഇരുമ്പും പ്ലൈവുഡും ഉപയോഗിച്ചു പ്ലാറ്റ്ഫോം നിർമിച്ചു. അതോടെ കുഴിയുടെ ആഴം 55 അടിയായി. തുടർന്ന് ഓക്സിജൻ സിലിണ്ടറുകൾ കൊണ്ടുവന്ന് അകത്തേക്ക് കുഴലിലൂടെ പ്രാണവായു നൽകി. അതിനു ശേഷമാണു ചിത്രീകരണം തുടങ്ങിയത്.

telescope-movie

സിനിമയിൽ അഭിനയിച്ച ബാലാജി ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരുന്നു. എട്ടു മുതൽ 80 വയസ്സു വരെയുള്ള കഥാപാത്രങ്ങളുണ്ട്. ഇതിൽ ഒരാൾ വനിത. എല്ലാവർക്കും 5 ദിവസം റിഹേഴ്സൽ കൊടുത്തു.‍‍ ഡയലോഗുകൾ പഠിപ്പിച്ചു. ഒരു ദിവസം കുഴിക്കുള്ളിലായിരുന്നു റിഹേഴ്സൽ. തുടർന്ന് 10 ദിവസം കുഴിക്കുള്ളിൽ ചിത്രീകരണം. ക്യാമറാമാൻ ഗുണയും ശബ്ദ ലേഖകൻ ഉൾപ്പെടെ മൂന്നു സാങ്കേതിക വിദഗ്ധരും മുഴുവൻ സമയവും അഭിനേതാക്കൾക്കൊപ്പം കുഴിയിലുണ്ടായിരുന്നു. ഓരോരുത്തരെയും ഇരുമ്പു കുട്ടയിൽ ഇരുത്തി കപ്പിയും കയറും ഉപയോഗിച്ച് താഴേക്കിറക്കുകയായിരുന്നു. സംവിധായകൻ പത്മകുമാർ കുഴിക്കുള്ളിൽ ഇറങ്ങി അഭിനേതാക്കൾക്കു നിർദേശം കൊടുത്ത ശേഷം മുകളിലേക്കു കയറും. തുടർന്നു മോണിട്ടറിൽ നോക്കിയാണു മറ്റു നിർദേശങ്ങൾ നൽകുക. ലൈവ് റെക്കോർഡിങ് ആയതിനാൽ അനാവശ്യ ശബ്ദങ്ങളൊന്നും പാടില്ല.

തുടർച്ചയായി 10 മണിക്കൂർ വരെ കുഴിക്കുള്ളിൽ ചെലവഴിച്ച അഭിനേതാക്കളുണ്ട്. ഇതിനിടെ ഭക്ഷണവും വെള്ളവും മറ്റും കുഴിയിലേക്ക് ഇറക്കിക്കൊടുക്കും. സിലിണ്ടറിൽ നിന്നുള്ള ഓക്സിജനു പുറമേ ഇടയ്ക്കിടെ ഫാൻ ഉപയോഗിച്ച് അകത്തേക്ക് കാറ്റ് അടിക്കും. ചിലയാളുകൾ മൂത്രം ഒഴിക്കാൻ പോലും പുറത്തിറങ്ങാതെ കുപ്പിയിൽ കാര്യം സാധിക്കുകയായിരുന്നു. കുഴിയുടെ അടിയിലെത്തിയാൽ മറ്റൊരു ലോകത്തെത്തിയ പോലെയാണെന്നു പത്മകുമാർ പറയുന്നു. മണിക്കൂറുകൾ കഴിയുമ്പോൾ അതുമായി ഇണങ്ങും. പക്ഷേ, ആ അനുഭവം മൂലം രാത്രിയിൽ ഉറങ്ങാൻ പോലും സാധിച്ചുവെന്നു വരില്ല.

ചിത്രീകരണത്തിനിടെ എല്ലാവരെയും ഭയപ്പെടുത്തി കനത്ത മഴ പെയ്തു. കുഴി ടാർപോളിൻ ഇട്ടു മൂടിയിരുന്നുവെങ്കിലും അതിനു മുകളിൽ വെള്ളം കെട്ടിനിന്നു. കുറെക്കഴിഞ്ഞപ്പോൾ വൻ ശബ്ദത്തോടെ ടാർപോളിനു മുകളിലുള്ള വെള്ളം കുഴിയിലേക്കു പൊട്ടിയൊഴുകി. അകത്തുള്ള എല്ലാവരും പേടിച്ചു നിലവിളിച്ചതോടെ ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നു. മഴ തുടർന്നാൽ കുഴിയിലേക്ക് മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന പേടിയും ഉണ്ടായിരുന്നു. കാഴ്ചക്കാരിൽ ചില‍ർ മണ്ണിടിയുമെന്നു പറഞ്ഞ് അഭിനേതാക്കളെ പേടിപ്പിക്കാൻ തുടങ്ങിയതോടെ ഷൂട്ടിങ് സ്ഥലത്ത് സന്ദർശകർക്കു പൂർണ വിലക്ക് ഏർപ്പെടുത്തി. ‘ടെലിസ്കോപ്’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം എങ്ങനെ കുഴിക്കുള്ളിൽ ആയി എന്നതു ചിത്രത്തിന്റെ സസ്പെൻസ് ആണ്. കുഴിക്കു പുറത്ത് ഒരു രംഗം പോലുമില്ലെങ്കിലും ഒരു മണിക്കൂർ 35 മിനിറ്റ് നീളുന്ന സിനിമ ബോറടിപ്പിക്കില്ലെന്നു പത്മകുമാർ ഉറപ്പു നൽകുന്നു

കനേഷ്യസ് അത്തിപ്പൊഴിയില്‍

യുകെയിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരങ്ങളില്‍ ഒന്നായ ഡി ക്യൂ മിസ് ലിറ്റില്‍ വേള്‍ഡ് വൈഡ് സൗന്ദര്യ മത്സരത്തില്‍ മലയാളി ബാലികയായ സിയാന്‍ മനോജ് ജേക്കബ് സെക്കന്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മത്സരത്തില്‍ മിസ് വേള്‍ഡ് വൈഡ് ചാരിറ്റി, മിസ് വേള്‍ഡ് വൈഡ് പബ്ലിസിറ്റി എന്നീ അവാര്‍ഡുകളും തൂത്തുവാരിക്കൊണ്ടാണ് സിയാന്‍ മനോജ് ജേക്കബ് എന്ന ഏഴു വയസ്സുകാരി ശ്രദ്ധാ കേന്ദ്രമായി മാറിയത്.

ബ്ലാക് പൂളിലെ പ്ലെഷര്‍ ബീച്ച് ഇന്റര്‍ നാഷണല്‍ ഹോട്ടലിലെ കമനീയ വേദിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ആണ് സിയാന്‍ സ്വപ്ന തുല്യമായ ഈ നേട്ടത്തിലൂടെ ലോക മലയാളികള്‍ക്ക് മുഴുവന്‍ അഭിമാന പാത്രമായി മാറിയത്. ഏതാനം മാസങ്ങള്‍ക്കു മുന്‍പ് സിയാന്‍ മനോജ് ജേക്കബ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ വാര്‍ത്ത ആയിരുന്നു. യുകെയില്‍ ഗ്ലോസ്റ്റര്‍ഷെയറില്‍ മാതാപിതാക്കളോടും സഹോദരനോടുമൊപ്പം ജീവിക്കുന്ന ഈ കൊച്ചു താരത്തിന്റെ പേരില്‍ 47 ചാരിറ്റി ഇവെന്റുകളാണ് കുറിക്കപ്പെട്ടത്.

ചേര്‍ത്തല നിവാസികളായ മനോജ് ജേക്കബിന്റെയും രശ്മിയുടെയും മകളാണ് സിയാന്‍ മനോജ് ജേക്കബ്. മോഡലിങിനൊപ്പം ബാലെ ക്ലാസ്സിക്കല്‍ ഡാന്‍സ്, ശാസ്ത്രീയ സംഗീതം ഒക്കെ അഭ്യസിക്കുന്നുണ്ട് ഈ കൊച്ചു മിടുക്കി.

സേലം: താന്‍ ആഗ്രഹിച്ച സ്വാതന്ത്ര്യം തനിക്ക് ലഭിച്ചില്ലെന്ന് ഹാദിയ. സേലത്ത് ശിവരാജ് മെഡിക്കല്‍ കോളേജില്‍ എത്തിയശേഷമാണ് ഹാദിയയുടെ പ്രതികരണം. കോളേജില്‍ വന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇഷ്ടമുള്ളവരെ കാണാന്‍ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് ഹാദിയ പറഞ്ഞു. വേണ്ടപ്പെട്ടവരെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് കോടതിയില്‍ ആവശ്യപ്പെട്ടത്.

അത് ഇതുവരെയും ലഭിച്ചില്ല. വരും ദിവസങ്ങളിലെ കാര്യങ്ങള്‍ എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഹാദിയ വ്യക്തമാക്കി. സേലത്തെ കോളേജില്‍ തുടര്‍പഠനത്തിന് അപേക്ഷ നല്‍കാനാണ് ഹാദിയ എത്തിയത്. ഇതിനുള്ള നടപടിക്രമങ്ങള്‍ ഒരാഴ്ച നീളുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. ഷെഫിന്‍ ജഹാന് ഹാദിയയെ ക്യാമ്പസില്‍ വെച്ച് കാണാമെന്നാണ് ഹാദിയയുടെ രക്ഷാകര്‍തൃ ചുമതല കോടതി നല്‍കിയ ഡീന്‍ അറിയിച്ചത്.

സന്ദര്‍ശനം പോലീസ് സാന്നിധ്യത്തിലേ അനുവദിക്കൂ. ഹോസ്റ്റലില്‍ സന്ദര്‍ശകരെയും മൊബൈല്‍ ഫോണ്‍ ഉപയോഗവും അനുവദിക്കില്ലെന്നും ഡീന്‍ പറഞ്ഞു. ഇന്നലെയാണ് ഡല്‍ഹിയില്‍ നിന്ന് ഹാദിയയെ സേലത്ത് എത്തിച്ചത്. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഹാദിയയെ പോലീസ് വാഹനത്തിലാണ് കോളേജില്‍ എത്തിച്ചത്. സേലം ഡെപ്യൂട്ടി കമ്മീഷണര്‍ സുബ്ബുലക്ഷ്മിയുടെ നേതൃത്വത്തില്‍ 25 അംഗ പോലീസ് സംഘം ഹാദിയയുടെ സുരക്ഷാച്ചുമതല ഏറ്റെടുത്തു.

RECENT POSTS
Copyright © . All rights reserved