കാമുകന് ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. മൂന്നാഴ്ച മുമ്പ് കൊച്ചി നഗരത്തില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് ഐജിക്ക് പരാതി നല്‍കിയത്. യുവതി ഇപ്പോഴും അക്രമിയുടെ വീട്ടു തടങ്കലില്‍ ആണെന്നും ജീവന് ഭീഷണിയുണ്ടെന്നും കേസ് എടുക്കാതെ പോലീസ് ഒത്തുകളിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ജൂലൈ 28ന് രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു യുവതി. ശരീരമാസകലം പരിക്കേറ്റ യുവതിയുടെ കയ്യില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടുണ്ടാക്കിയ മുറിവുണ്ടായിരുന്നു. അമിതമായി മദ്യം ഉള്ളില്‍ ചെന്നിരുന്നു. കുടിപ്പിച്ചതാണെന്ന് സംശയിക്കാന്‍ പാകത്തിന് കവിളിന് ഇരുവശത്തും ബലം പ്രയാഗിച്ചതിന്റെ അടയാളവും ഉണ്ടായിരുന്നു. ആശുപത്രി രേഖയില്‍ നിന്നു തന്നെ സംഭവം ഗൗരവമാണെന്ന് ബോധ്യപ്പെട്ടിട്ടും പോലീസ് നടപടിയെടുക്കുന്നില്ല എന്നാണ് ഭര്‍ത്താവ് പറയുന്നത്.
താനുമായി അകന്ന ശേഷം ഒപ്പം കഴിയുന്നയാളില്‍ നിന്നും യുവതിക്ക് ക്രൂരമായ പീഡനമാണ് സഹിക്കേണ്ടി വന്നതെന്നു ഭര്‍ത്താവ് നല്കിയ പരാതിയില്‍ പറയുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് മരട് പോലീസ് എത്തി യുവതിയില്‍ നിന്നും മൊഴി എടുത്തെങ്കിലും മൂന്നാഴ്ചയായി പോലീസ് കേസെടുത്തിട്ടില്ല. ഭര്‍ത്താവിനോട് തനിക്ക് പരാതി ഇല്ലെന്നും കേസെടുക്കേണ്ടെന്നും യുവതി പറഞ്ഞെന്നാണ് പോലീസിന്റെ വിശദീകരണം.
എന്നാല്‍ യുവതിയുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കുന്നതെന്നും ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് പരാതിയില്ലെന്ന് പറയുന്നതെന്നും ഭര്‍ത്താവ് ആരോപിച്ചു. പോലീസിന്റെ നടപടി സ്ത്രീ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയാണെന്നും യുവതി ഫോണില്‍ വിളിച്ചത് അനുസരിച്ചാണ് താന്‍ ചെന്നതെന്നും ഇയാള്‍ പറഞ്ഞു. യുവതി ഇപ്പോഴും അക്രമികളുടെ കസ്റ്റഡിയില്‍ തന്നെയാണെന്നും നേരില്‍ കാണാനായിട്ടില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നും ഭര്‍ത്താവ് വ്യക്തമാക്കി.
നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. സെപ്തംബര്‍ രണ്ടുവരെയാണ് നീട്ടിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്. ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
അതേസമയം ദിലീപ് നല്കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി.ദിലീപിനായി മുതിര്‍ന്ന അഭിഭാഷകന് ബി. രാമന്‍പിളളയാണ് ഹാജരായത്. ദിലീപിനെതിരെ പ്രോസിക്യൂഷന് ഇന്ന് കൂടുതല്‍ തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവര്‍ത്തിച്ച് പറയരുതെന്നും കോടതി പ്രതിഭാഗം അഭിഭാഷകനോട് നിര്‍ദേശിച്ചു.
ഹോളിവുഡ് നടനും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാസ്നഗെര്‍ തെരുവില്‍ കിടന്നുറങ്ങി. ഒഹിയോയിലെ കൊളംബസിലെ തെരുവില്‍ സ്ഥാപിച്ചിട്ടുളള സ്വന്തം വെങ്കല പ്രതിമയ്ക്കു കീഴിലായാണ് അര്‍ണോള്‍ഡ് കിടന്നുറങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഹോട്ടലില്‍ മുറി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് അര്‍ണോള്‍ഡ് തെരുവില്‍ കിടന്നുറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കലിഫോര്‍ണിയ ഗവര്‍ണര്‍ ആയിരിക്കുന്ന സമയത്താണ് തന്റെ പ്രതിമയ്ക്ക് മുന്നിലുളള ഹോട്ടല്‍ അര്‍ണോള്‍ഡ് ഉദ്ഘാടനം ചെയ്തത്. ഹോട്ടലിലെ ഒരു മുറി അര്‍ണോള്‍ഡിനായി എപ്പോഴും ഒഴിഞ്ഞിട്ടിരിക്കുമെന്നും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന് താമസിക്കാമെന്നുമാണ് ഉദ്ഘാടന സമയത്ത് ഹോട്ടല്‍ അധികൃതര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ അടുത്തിടെ അര്‍ണോള്‍ഡ് ഹോട്ടലില്‍ എത്തിയപ്പോള്‍ മുറികളൊന്നും ഒഴിവില്ലെന്ന് പറഞ്ഞു. ഇതില്‍ നിരാശനായ അര്‍ണോള്‍ഡ് ഹോട്ടലിനു മുന്നിലെ തെരുവില്‍ സ്ഥാപിച്ചിട്ടുളള സ്വന്തം പ്രതിമയ്ക്കു കീഴെ കിടന്നുറങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അര്‍ണോള്‍ഡിന് വേണമെങ്കില്‍ മറ്റേതെങ്കിലും ഹോട്ടലില്‍ താമസിക്കാമായിരുന്നു. പക്ഷേ എന്തുകൊണ്ടാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം പിന്നീട് ജനങ്ങളോട് പറഞ്ഞത് ഇങ്ങനെ: ‘ഗവര്‍ണര്‍ പദവി ഉണ്ടായിരുന്നപ്പോള്‍ ജനങ്ങള്‍ എന്നെ പുകഴ്ത്തി. പക്ഷേ ആ പദവി നഷ്ടപ്പെട്ടപ്പോള്‍ അവരെന്നെ മറന്നു. കാലം മാറും, പദവികളെ വിശ്വസിക്കാന്‍ പാടില്ല, ഉടമസ്ഥനോ അല്ലെങ്കില്‍ അധികാരത്തിലിരിക്കുന്നവരോ അല്ലെങ്കില്‍ ബുദ്ധിശക്തിയോ, മരണാനന്തരം ജീവിതത്തില്‍ ഒന്നുമില്ല’.
കോനന്‍ ദ ബാര്‍ബേറിയന്‍ എന്ന ചിത്രമാണ് ഹോളിവുഡില്‍ അര്‍ണോള്‍ഡിന്റെ വരവറിയിച്ചത്. ടെര്‍മിനേറ്ററിലൂടെ അര്‍ണോള്‍ഡ് ഹോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ചിത്രം സൂപ്പര്‍ ഹിറ്റായതിനൊപ്പം അര്‍ണോള്‍ഡിന്റെ വില്ലന്‍ റോബര്‍ട്ട് വേഷവും ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ നിന്ന് പിന്മാറിയശേഷം രാഷ്ട്രീയത്തിലേക്ക് കടന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച് കാലിഫോര്‍ണിയ ഗവര്‍ണറുമായി
പിസി ജോര്‍ജിനെതിരെ ചാണകവെള്ളും ചൂലുമായി സ്ത്രീകളുടെ പ്രതിഷേധം. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനാണ് മുണ്ടക്കയത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പിസി ജോര്‍ജിന്റെ ഫ്ലക്സില്‍ ചാണകം തളിച്ചും ചൂലുകൊണ്ടടിച്ചുമാണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരായുള്ള പിസി ജോര്‍ജിന്റെ പ്രസ്താവനയോടുള്ള പ്രതിഷേധമാണ് ഇത് . ഒപ്പം വനിത കമ്മീഷനോടും പിസി അപമാനകരമായ തരത്തിലാണ് പ്രസ്താവനകള്‍ നടത്തിയത്. സ്പീക്കറും സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായെത്തി. ഇതിനു പുറമെ ആക്രമിക്കപ്പെട്ട നടിയും പരാതി നല്‍കിയിരുന്നു. എന്നിട്ടും, സ്ത്രീകള്‍ക്കെതിരെ മോശമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് പിസി ജോര്‍ജ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് നീട്ടിയത്. സെപ്റ്റംബർ രണ്ടു വരെയാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്. ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ച തോടെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കിയത്. ദിലീപ് നേരിട്ട് കോടതിയിൽ ഹാജരായില്ല. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു കോടതി നടപടികൾ നടന്നത്. എന്നാൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള ഇന്ന് ഹൈക്കോടതിയിൽ ഹാജരായി.
തന്നെ അറിയില്ലെന്ന് കാവ്യാ മാധവൻ പറയുന്നത് ശരിയല്ലെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി പൾസർ സുനി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. ഇല്ല എന്ന് പറയുന്നത് ശരിയല്ല. കാവ്യയുടെ പണം താൻ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്. നടി ആക്രമിച്ച സംഭവത്തിൽ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കി.
നേരത്തെ ഓഗസ്റ്റ് 16ന് മുൻപ് കേസിലെ വിഐപി ‘മാഡ’ത്തിന്റെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് ശേഷം കോടതി അനുമതിയോടെ സുനി വിയ്യൂർ ജയിലേയ്ക്ക് മാറി. ജയിൽ ജീവനക്കാരും കളമശേരി ജയിലിലെ തടവുകാരും തന്നെ മർദ്ദിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സുനി ജയിൽ മാറ്റത്തിന് അങ്കമാലി കോടതിയുടെ സമ്മതം വാങ്ങിയത്.
ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. മുത്തലാഖ് നിരോധിക്കാന്‍ ആറു മാസത്തിനുള്ളില്‍ നിയമ നിര്‍മാണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിയമം നിലവില്‍ വരുന്നതു വരെ ആറ് മാസത്തേക്ക് മുത്തലാഖിന് കോടതി വിലക്കും ഏര്‍പ്പെടുത്തി. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചില്‍ മൂന്ന് പേര് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് സ്വീകരിച്ചത്.
മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും അന്തസും മുത്തലാഖ് ലംഘിക്കുന്നുണ്ടോ എന്നായിരുന്നു ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. മുത്തലാഖ്, നിക്കാഹ്, ഹലാല എന്നിവയ്ക്കെതിരെ ലഭിച്ചവയും സ്വമേധയാ എടുത്തതുമുള്‍പ്പെടെ ഏഴ് ഹര്‍ജികളില്‍ കോടതി വാദം കേട്ടിരുന്നു. ആയിരം പേജുള്ള വിധിപ്രസ്താവത്തിലാണ് ചരിത്രപരമായ തീരുമാനം കോടതി അറിയിച്ചത്.
15 വര്‍ഷം നീണ്ട വിവാഹബന്ധം ഫോണ്‍ കോളിലൂടെ അവസാനിപ്പിച്ചതിനെതിരെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സൈറാ ബാനു നല്കിയ ഹര്‍ജി, കത്തിലൂടെ മൊഴിചൊല്ലപ്പെട്ട അഫ്രീന് റഹ്മാന്, ഫോണിലൂടെ മൊഴി ചൊല്ലപ്പെട്ട ഇഷ്റത് ജഹാന്, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നവരുടെ ഹര്‍ജികളാണ് പരിഗണിച്ചത്. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുത്തലാഖിനെ അനുകൂലിച്ച് കേസില്‍ കക്ഷിചേര്‍ന്നിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതല്‍ പുതിയ തെളിവുകള്‍ പ്രോസിക്യൂഷന് ഇന്ന് കോടതിയില്‍ ഹാജരാക്കും. മുദ്രവെച്ച കവറിലായിരിക്കും തെളിവുകള്‍ ഹാജരാക്കുക. കേസിലെ നിര്‍ണായക തെളിവായ മൊബൈലിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇത് കണ്ടേത്തണ്ടതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെടുമെന്നാണ് വിവരങ്ങള്‍.
ദിലീപ് കുറ്റക്കാരനല്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തെ എതിര്‍ക്കാന്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും രേഖകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന് ഇന്ന് ഹാജരാക്കുന്നത്. ദിലീപും മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മിലുളള ബന്ധം തെളിയിക്കുന്ന ശക്തമായ തെളിവുകളും ദൃശ്യങ്ങളും ഇതിനൊപ്പം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപ് 44 ദിവസമായി ജയിലിലാണ്. ഇന്നാണ് റിമാന്‍ഡ് കാലവധി അവസാനിക്കുന്നതും.
വാതിൽ അടയുന്നതിനെ മുമ്പ് ലിഫ്റ്റ് ഉയർന്നതിനെ തുടർന്നു പ്രസവശേഷം സ്ട്രെച്ചറിൽ കിടക്കുകയായിരുന്ന സ്പാനിഷ് യുവതി മരിച്ചു. തെക്കൻ സ്പെയിനിലെ സെവിലിലെ വെർജിൻ ഡി വാൽമെ ആശുപത്രിയിൽ റോസിയോ കോർട്സ് നൂനസ് (25) ആണ് ദാരുണമായി മരിച്ചത്. നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു.
യുവതിയെ ആശുപത്രിയുടെ മുകളിലത്തെ നിലയിലെ വാർഡിലേക്കു സ്ട്രെച്ചറിൽ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ട്രെച്ചർ പൂർണമായും കയറ്റുന്നതിന് മുമ്പ് ലിഫ്റ്റ് മേലോട്ടു ഉയർന്നതോടെ ലോഹഭാഗങ്ങൾക്ക് ഇടയിൽപ്പെട്ടു യുവതി മരിക്കുകയായിരുന്നു.രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. തല പൂർണമായും തകർന്നതായി റിപ്പോർട്ടുണ്ട്.
റോസിയോയ്ക്ക് നാലും അഞ്ചും വയസുള്ള രണ്ടു പെൺകുട്ടികൾ കൂടിയുണ്ട്. അതേസമയം യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ആരോഗ്യമന്ത്രി മരിന അല്‍വാരെസ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ഈ മാസം ആദ്യം ലിഫ്റ്റിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചിരുന്നതായി മന്ത്രി അറിയിച്ചു.
സെപ്റ്റംബർ ഒന്നു മുതൽ ലഗേജ് നിബന്ധനകളിൽ മാറ്റംവരുത്തിയതായി ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനി (ഒ.എ.എം.സി) അറിയിച്ചു. മസ്കത്ത്, സലാല, സൊഹാർ വിമാനത്താവളങ്ങളിൽ ഇതു ബാധകമാകും.
ഇതു പ്രകാരം പുതപ്പുകളിലും ലിനനിലും മറ്റും പൊതിഞ്ഞുള്ളതും പുറമെ കയറുെകാണ്ട് കെട്ടിവരിഞ്ഞുള്ളതുമായ ലഗേജുകൾ അനുവദിക്കില്ല. വൃത്താകൃതിയിലുള്ളതും ക്രമരഹിതമായ രൂപത്തിലുള്ളതുമായ ലഗേജുകൾ നിരോധനത്തിെൻറ പരിധിയിൽ വരും. മസ്കത്ത്, സലാല, സൊഹാർ വിമാനത്താവളങ്ങളിൽനിന്നുള്ള എല്ലാ വിമാന സർവിസുകൾക്കും കാബിൻ ക്ലാസ് വ്യത്യാസങ്ങളില്ലാതെ പുതിയ നിബന്ധന ബാധകമായിരിക്കും.
വ്യോമയാന വ്യവസായത്തിലെ ആഗോള പ്രവർത്തനരീതിക്ക് അനുസൃതമായി ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുക ലക്ഷ്യമിട്ടാണ് നിബന്ധനകളിൽ മാറ്റം വരുത്തിയതെന്ന് ഒമാൻ എയർപോർട്ട് മാനേജ്മെൻറ് കമ്പനി അറിയിച്ചു. യാത്രക്കാർക്ക് എളുപ്പത്തിൽ ലഗേജുകൾ ലഭിക്കാൻ വഴിയൊരുക്കുന്നതാണ് പുതിയ സംവിധാനം. മൊത്തം സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനം ഇതുവഴി ഉറപ്പാക്കാൻ കഴിയും.
വിമാനത്താവള ഉദ്യോഗസ്ഥരെ സംബന്ധിച്ച് സുഗമമായ ചെക്ക് ഇൻ നടപടിക്രമങ്ങൾക്കും ബാഗേജുകളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാനും കൂടുതൽ സുരക്ഷപരിശോധന ആവശ്യമുള്ള ലഗേജുകൾ എളുപ്പം ലഭിക്കാനും സഹായകരമാകും. വിമാനത്താവളങ്ങളുടെ ഉയർന്ന പ്രവർത്തന നിലവാരവും ഇതുവഴി ഉറപ്പാക്കാൻ കഴിയും. പരന്ന രീതിയിൽ അല്ലാത്ത ബാഗുകൾ അനുയോജ്യമായ സ്യൂട്ട്കേസുകളോ ട്രാവൽ ബാഗുകളോ ഉപയോഗിച്ച് റീപാക്ക് ചെയ്യണം. ബേബി സ്ട്രോളറുകൾ, ബൈ സൈക്കിളുകൾ, വീൽ ചെയറുകൾ, ഗോൾഫ് ബാഗ് എന്നിവ കൊണ്ടുപോകുന്നതിന് നിരോധനമില്ലെന്നും അത് അനുവദനീയമാണെന്നും വിമാനത്താവള കമ്പനി വക്താവ് അറിയിച്ചു.