Latest News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ഫോണ്‍ ലഭിച്ച് സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സുനിയുടെ സഹതടവുകാരനായിരുന് വിഷ്ണുവിന് ഫോണും സിംകാര്‍ഡും എത്തിച്ച മലപ്പുറം സ്വദേശി ഇമ്രാന്‍ ആണ് അറസ്റ്റിലായത്. മാലമോഷണക്കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ വിഷ്ണുവിനൊപ്പം നേരത്തേ ജയിലില്‍ കഴിഞ്ഞിരുന്നു. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം ഫോണ്‍വിളിക്കേസില്‍ പ്രതയായിരുന്ന സനല്‍ പി മാത്യുവിനെ കേസില്‍ നിന്ന് ഒഴിവാക്കി. വട്ടേക്കുന്ന് സ്വദേശി അരവിന്ദനെ പകരം പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെയാണ് സനലിനെ ഒഴിവാക്കിയത്. ജയിലിനുള്ളില്‍ നിന്നാണ് ഫോണ്‍ ചെയ്തതെന്ന് സുനി സമ്മതിച്ചിരുന്നു. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.

ഫോണ്‍വിളി സംഭവത്തില്‍ ഏഴ് പേരെയാണ് പോലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. വിഷ്ണു, സനല്‍, സനില്‍, വിപിന്‍ലാല്‍, സനില്‍കുമാര്‍, ജിന്‍സണ്‍, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരില്‍ മഹേഷ് ഒഴികെ മറ്റെല്ലാവരും പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്നു.

പന്തളത്ത് വൃദ്ധരായ മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങലടി കാഞ്ഞിരവിളയിൽ മാത്യൂസ് ജോണ്‍ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. പിതാവ് കെ.എം.ജോണ്‍ (70), മാതാവ് ലീലാമ്മ ജോണ്‍ (63) എന്നിവരെ കൊലപ്പെടുത്തി ഇയാൾ പുരയിടത്തിന് സമീപമുള്ള കുഴിയിൽ മറവു ചെയ്യുകയായിരുന്നു.

ഒരാഴ്ച മുൻപാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം മാത്യൂസും ഭാര്യയും കുട്ടിയും താമസിച്ചുവരികയായിരുന്നു. ഭാര്യയും കുട്ടിയും ഒരാഴ്ച മുൻപ് കോട്ടയത്തെ വീട്ടിലേക്ക് പോയ ശേഷമാണ് ഇയാൾ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഇരുവരെയും കാണാതെ വന്നതോടെ മകനോട് ഇവരെക്കുറിച്ച് പരിസരവാസികളും ബന്ധുക്കളും തിരക്കിയിരുന്നു. എന്നാൽ ഇവർ ധ്യാനത്തിന് പോയിരിക്കുകയാണെന്നാണ് ഇയാൾ മറുപടി നൽകിയത്.

ഇതിന് പിന്നാലെ മുന്ന് ദിവസം മുൻപ് ഇയാൾ വീട്ടിൽ ജെസിബി കൊണ്ടുവന്ന് മൃതദേഹം മറവുചെയ്ത കുഴി മണ്ണിട്ട് മൂടി. വേസ്റ്റ് നിക്ഷേപിക്കുന്നതിനാൽ കുഴി മൂടുന്നുവെന്ന് ഇയാൾ കാര്യം തിരക്കിയവരോട് പറയുകയും ചെയ്തു. പിന്നീട് സമീപത്ത് താമസിക്കുന്ന കെ.എം.ജോണിന്‍റെ സഹോദരനും സമീപവാസികൾക്കും സംശയം തോന്നിയതിനെ തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.

ഇന്ന് രാവിലെ പോലീസ് വീട്ടിലെത്തിയപ്പോൾ മകൻ രക്ഷപെട്ടു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനിടെ ഇയാളെ അടൂരിൽ വച്ച് അറസ്റ്റ് ചെയ്തു. പന്തളം പോലീസ് പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ സംഭവങ്ങളുടെ കെട്ടഴിഞ്ഞത്. താനാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും മൃതദേഹം വീടിന് സമീപത്തെ കുഴിയിൽ മറവു ചെയ്തെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. തുടർന്ന് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

നഴ്സിംഗ് ബിരുദധാരിയായ മകൻ ജോലിക്ക് ഒന്നും പോകാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. മാതാപിതാക്കളുമായി ഇയാൾ പതിവായി വഴക്കിടാറുണ്ടെന്നും പരിസരവാസികൾ പോലീസിനോട് പറഞ്ഞു. മരിച്ച ദന്പതികൾക്ക് ഇയാളെ കൂടാതെ ഒരു മകനും കൂടിയുണ്ട്. ഇയാൾ ഖത്തറിൽ ജോലി ചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. എഡിജിപി ബി സന്ധ്യ നേരിട്ടാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്.   കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലില്‍ വച്ചാണ് മൊഴിയെടുത്തതെന്നും പറയപെടുന്നു.

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന ദിലീപിന്റെ പരാതിയിലാണോ ചോദ്യം ചെയ്‌തെന്നും വ്യക്തമല്ല. എന്നാല്‍ നടി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ദിലീപിന്റെ മൊഴിയെടുക്കുന്നതിന് മുമ്പ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചോദ്യം ചെയ്തതെന്നാണ് വാര്‍ത്ത.

റവന്യൂ നിയമങ്ങളനുസരിച്ച് നോട്ടിസ് നല്‍കുകയും ഏറ്റെടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ പ്രാദേശികമായ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഐക്യത്തോടെ രംഗത്ത് വന്ന് നിയമത്തെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇക്കാലമത്രയും മൂന്നാറിലെ കൈയ്യേറ്റങ്ങളെ സഹായിച്ചു വന്നതെന്ന് ആംആദ്മി പാര്‍ട്ടി. രണ്ട് സെന്റും മൂന്ന് സെന്റും സ്ഥലങ്ങളില്‍ തങ്ങളുടെ വീടോ കടകളോ വെച്ച് ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നവരെ ഒഴിപ്പിക്കണം എന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ കുത്തകപ്പാട്ടത്തിന്റെ പോലും അവകാശം ഇല്ലാതെ ഭൂമി കൈവശം വെച്ച് അതില്‍ റിസോര്‍ട്ട് നടത്തുന്നവരെ സംരക്ഷിക്കേണ്ടതില്ല.

ഇത്തരം കയ്യേറ്റങ്ങളെയും കുടിയേറ്റങ്ങളെയും പലപ്പോഴും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും അവ തമ്മിലുള്ള ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടുമാണ് മൂന്നാറിലെയും ഇടുക്കിയിലെയും കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതും യഥാര്‍ത്ഥ അവകാശികള്‍ക്ക് പട്ടയം കിട്ടുന്നതിന് തടസ്സമാകുന്നതും എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. യഥാര്‍ത്ഥ അവകാശികള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാകണം.

മുമ്പ് നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ കയ്യേറ്റങ്ങളായി റവന്യൂ വകുപ്പ് കണ്ടെത്തിയ 154 ഭൂമി ഇടപാടുകളില്‍ ഏതൊക്കെ ഇത്തരത്തില്‍ ഒഴിവാക്കപ്പെടേണ്ടതുണ്ട് എന്നാണ് സര്‍വ്വ കക്ഷി യോഗം തീരുമാനീക്കേണ്ടിയിരുന്നത്. എന്നാല്‍ ഒരു കയ്യേറ്റക്കാരനെയും ഒഴിപ്പിക്കേണ്ടതില്ല എന്ന തരത്തിലേക്ക് മൂന്നാറില്‍ എം എം മണിയും എ കെ മണിയും പ്രാദേശിക സിപിഐ നേതാക്കളും അടക്കം രംഗത്തു വരികയാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ കാര്യമായി ഇവര്‍ തെറ്റിദ്ധരിപ്പിച്ചു എന്ന് തന്നെ കരുതേണ്ടതുണ്ട്. അല്ലാത്ത പക്ഷം റവന്യൂ വകുപ്പ് നോട്ടിസ് നല്‍കി ഹൈക്കോടതിയില്‍ കേസ് നില്‍ക്കുന്ന ഒരു വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഒരു സര്‍വ്വ കക്ഷി യോഗം വിളിക്കരുതായിരുന്നു. ആ സര്‍വ്വ കക്ഷി യോഗത്തില്‍ നിന്നും റവന്യൂ മന്ത്രി വിട്ടു നിന്നത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോള്‍ തെളിയുന്നത്.

ഇക്കഴിഞ്ഞ ദിവസം നടന്ന സര്‍വ്വ കക്ഷി യോഗം എന്ന പ്രഹസനത്തില്‍ വി വി ജോര്‍ജിന്റെ ഭൂമിയെ ഒഴിവാക്കാന്‍ വേണ്ട നീക്കങ്ങള്‍ ഉണ്ടായി. എന്നാല്‍ അഡ്വ ജനറലിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് അത്തരം ഒരു തീരുമാനം ഉണ്ടാകാതിരുന്നത്. മൂന്നാറിലെ വി വി ജോര്‍ജിന്റെ ഭൂമി സര്‍ക്കാര്‍ ഭൂമി ആണെന്ന് പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി എടുത്ത നിലപാട് തീര്‍ത്തും തെറ്റാണ് എന്ന് തെളിഞ്ഞിരിക്കുന്നു. ആ ഭൂമി ഏറ്റെടുത്ത് സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നാണ് ഹൈക്കോടതിയുടെ വിധി. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പും സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും എടുത്ത നടപടി ശ്‌ളാഘനീയം എന്ന് ആം ആദ്മി പാര്‍ട്ടി എന്നും കരുതിയിരുന്നു.

മൂന്നാറിലെ അനധികൃത കയ്യേറ്റക്കാരെ മുഴുവന്‍ ഒഴിപ്പിക്കാന്‍ വേണ്ട സ്വാതന്ത്ര്യം നിയമപരമായി റവന്യൂ വകുപ്പിന് ഉണ്ടായിരിക്കേണ്ടതാണ്. അതിനു ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ അവഹേളിക്കുകയും അവരെ അവിടുന്ന് ഓടിക്കുവാന്‍ ശ്രമിക്കുകയും കായികമായി പോലും കയ്യേറ്റം ചെയ്യുകയും ചെയ്യാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ നിലക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിയണം. എങ്കില്‍ മാത്രമേ നിയമവാഴ്ച എന്ന വാക്കിനു അര്‍ത്ഥം ഉണ്ടാവുകയുള്ളൂ. നിയമം പാലിക്കാന്‍ ബാധ്യതപ്പെട്ടവരാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എന്ന സത്യം തിരിച്ചറിഞ്ഞു കൊണ്ട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.

മൂന്നാറില്‍ നിയമപരമായി കയ്യേറ്റ ഭൂമി ഒഴിപ്പിക്കാന്‍ ശ്രമിച്ച ശ്രീരാം വെങ്കിട്ടരാമനെ സബ് കലക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റുക വഴി നിയമത്തോടും നിയമ പാലനത്തോടും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് തെളിയിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. ഇത് ശക്തമായ പ്രതിഷേധം ഉയരേണ്ട കാര്യം ആണ്. മൂന്നാറില്‍ വി.വി. ജോര്‍ജിന്റെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ട് എന്ന് ഇന്നലെ ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ ഇത്തരം ഒരു മാറ്റത്തിന് ശ്രമിക്കുന്നതിന്റെ അര്‍ത്ഥം വളരെ വ്യക്തമാണെന്ന് പാര്‍ട്ടി പറഞ്ഞു.

കയ്യേറ്റക്കാരനെ സംരക്ഷിക്കാന്‍ എന്ന പേരില്‍ നടത്തിയ സര്‍വ്വകക്ഷി യോഗം ഈ അജണ്ട കൂടി കൈകാര്യം ചെയ്തിരുന്നു എന്ന് അറിയുന്നുണ്ട്. കയ്യേറ്റക്കാര്‍ക്ക് സമ്പൂര്‍ണ്ണമായും കീഴടങ്ങുന്ന സര്‍ക്കാരാണ് തങ്ങളുടേതെന്ന് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി പ്രഖ്യാപിക്കുകയാണ്. കയ്യേറ്റ മാഫിയക്ക് കീഴടങ്ങുകയും നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ വെട്ടി വീഴ്ത്തുകയും ചെയ്യുക വഴി എം എം മണിയെ പോലെയുള്ള അഴിമതി സംരക്ഷകരായി രാഷ്ട്രീയക്കാര്‍ വിജയിക്കുകയാണ് ചെയ്യുന്നത്.

ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഉദ്യോഗസ്ഥന്‍ കൃത്യമായും പൊതു സമൂഹത്തിനു നല്‍കിയ ഒരു സന്ദേശമുണ്ട്. ആ സന്ദേശം അവഗണിക്കുകയാണ് എം എം മാണിയെ പോലെയുള്ള അഴിമതി രാഷ്ട്രീയ വക്താക്കളുടെ ഉപദേശം സ്വീകരിച്ച് മുഖ്യമന്ത്രി ചെയ്യുന്നത്. എങ്കില്‍ പൊതു സമൂഹം ഇതിനോട് ശക്തമായി പ്രതികരിക്കും എന്ന് ആം ആദ്മി പാര്‍ട്ടി വിശ്വസിക്കുന്നു. അത്തരം പ്രക്ഷോഭത്തില്‍ പൊതുസമൂഹത്തോടൊപ്പം പാര്‍ട്ടി ഉണ്ടാകുമെന്നും പാര്‍ട്ടി അറിയിച്ചു.

സ്വപ്‌ന

രാപകല്‍ ഇല്ലാതെ കഠിനാധ്വാനം ചെയ്യിപ്പിച്ച ശേഷം അര്‍ഹമായ ശമ്പളം നല്‍കാതെ നേഴ്സുമാരെ ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രികളെ യു.കെ.മലയാളികളുടെ ബന്ധുക്കളും മിത്രങ്ങളും ബഹിഷ്‌കരിക്കണം എന്ന് സ്ത്രീ സമീക്ഷ ആഹ്വാനം ചെയ്തു. യു.കെയിലെ പ്രമുഖ ഇടത്പക്ഷ സാസ്‌കാരിക പ്രസ്ഥാനമായ സമീക്ഷയുടെ വനിതാ വിഭാഗമാണ് സ്ത്രീ സമീക്ഷ.

സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഓരോ നേഴ്‌സ്മാരുടെയും പേരില്‍ മാത്രം ഈടാക്കുന്ന ബില്ലുകളുടെ 25% എങ്കിലും നല്‍കിയാല്‍ ഇപ്പോള്‍ കിട്ടുന്ന വേതനത്തില്‍ ഇരട്ടയില്‍ അധികം വരും. നേഴ്‌സിങ്ങ് പ്രൊഫഷന്‍ ഒരു സ്ത്രീപക്ഷ ജോലിയായി പരിഗണിക്കുന്നത് കൊണ്ടാണ്, കൂലിപ്പണിക്കാര്‍ക്ക് നല്‍കുന്ന ദിവസക്കൂലി പോലും നേഴ്‌സ്മാര്‍ക്ക് നല്‍കാന്‍ മാനേജ്മെന്റ് തയ്യാറാകാത്തത്.

യു.കെയില്‍ എത്തിയ മലയാളി നേഴ്‌സ്മാര്‍ക്ക് ലഭിക്കുന്ന വേതനം യു.കെ ദേശീയ മിനിമം വേതനത്തിന്റെ ഇരട്ടിയോളം വരും. വാരാന്ത്യത്തിലും രാത്രി ജോലികള്‍ക്കും ശമ്പളത്തിന് ആനുപാതികമായ ഷിഫ്റ്റ് അലവന്‍സും ഉണ്ട്. യു.കെ സമൂഹവും സര്‍ക്കാരും പാലിക്കുന്ന ലിംഗസമത്വം തന്നെയാണ് ഇതിന്റെ പ്രധാന കാരണം.

കേരളത്തിലെ ആശുപത്രികളില്‍ ഏറെയും, മതങ്ങളുടെ പേരിലാണ് സ്വകാര്യ മാനേജ്മെന്റുകള്‍ നേടിയെടുത്തിരിക്കുന്നത്. മതങ്ങളുടെ അടിസ്ഥാനപരമായ ആദര്‍ശങ്ങള്‍ക്ക് തികച്ചും എതിരും, മനുഷ്യത്വ രഹിതവുമായ കൊടിയ ചൂഷണമാണ് നേഴ്‌സിങ്ങ് സമൂഹത്തിനു എതിരെ നടക്കുന്നത്.

ചൂഷകരായ ആശുപത്രി മാനേജ്‌മെന്റുകളെ നിലയ്ക്ക് നിര്‍ത്താനുള്ള ബാധ്യതയും ഉത്തരവാദിത്തവും യു.കെ മലയാളി സമൂഹത്തിന് ഉണ്ട്. കാരണം യു.കെയില്‍ എത്തുന്നതിനു മുന്‍പ് കേരളത്തിലെ നേഴ്സിങ്ങ് സമൂഹത്തിന്റെ ഭാഗമായായിരുന്നു എന്ന യാഥാര്‍ത്ഥ്യം നാം മറക്കരുത്. കേരളത്തിലെ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തി പകരുന്ന പ്രവാസികളില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ് യു.കെ മലയാളി സമൂഹം എന്നത് ഈ കാര്യത്തില്‍ വളരെ പ്രധാന്യം അര്‍ഹിക്കുന്നു.

മെഡിസിന്‍ റൗണ്ട്‌സും, പ്രൊസീജ്യര്‍ റൗണ്ട്‌സും കൂടാതെ ബില്ല് ഈടാക്കാന്‍ മാത്രം ചില തട്ടിക്കൂട്ട് റൗണ്ട്‌സും ഇപ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ഉണ്ട്. ഇങ്ങനെ ഉള്ള ആനാവശ്യ റൗണ്ട്‌സുകളിലൂടെ ഓരോ രോഗിയില്‍ നിന്നും നേഴ്‌സ്മാരുടെ പേരില്‍ മാത്രം 500 മുതല്‍ 2000 രൂപ വരെയാണ് സ്വകാര്യ മാനേജ്മെന്റ് ആശുപത്രികള്‍ ഈടാക്കുന്നത്.

കോടികള്‍ സമ്പാദിക്കുന്ന ആശുപ്രതി മാനേജ്മെന്റ്കളോട് അര്‍പ്പണ മനോഭാവവും അഭ്യസ്തവിദ്യരുമായ നേഴ്‌സിങ്ങ് യുവതികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള അര്‍ഹമായ ശമ്പളം മാത്രമാണ് ചോദിക്കുന്നത്. ഇതിന് എതിര് നില്‍ക്കുന്ന ആശുപത്രികളെ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും യു.കെ മലയാളികള്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കണം എന്ന് സ്ത്രീ സമീക്ഷ കണ്‍വീനര്‍മാരായ സ്വപ്നാ പ്രവീണ്‍, ജോയിന്റ് കണ്‍വീനര്‍മാരായ സിന്ധു ഷാജു, രേഖാ ബാബുമോന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള

എടത്വാ: ഗ്രാമപഞ്ചായത്ത് വര്‍ഗ്ഗീസ് അഗസ്റ്റിന്‍ മെമ്മോറിയല്‍ പബ്ലിക്ക് ലൈബ്രറിയുടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഒരാഴ്ചയായി നീണ്ടു നിന്ന പുസ്തക പരിചയ കളരി സമാപിച്ചു. എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആണ് അധ്യാപികമാരായ പ്രിയ ഫിലിപ്പ്, എലിസബത്ത് ആന്റണി എന്നിവരോടൊപ്പം ഇന്നലെ വായനശാലയില്‍ പുസ്തക പരിചയക്കളരിയില്‍ സംബന്ധിച്ചത്. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജയിന്‍ മാത്യു പുസ്തക പരിചയക്കളരിക്ക് നേതൃത്വം നല്‍കി. ഗ്രാമ പഞ്ചായത്ത് അംഗം ദീപാ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.

കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കച്ചന്‍ ആശാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കഥാവതരണ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ലൈബ്രറി മോണിറ്ററിങ്ങ് കൗണ്‍സില്‍ അംഗം ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജയിന്‍ മാത്യു, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റോസമ്മ ആന്റണി, ഗ്രാമ പഞ്ചായത്ത് അംഗം മിന്‍സി വര്‍ഗ്ഗീസ്, ദീപാ ഗോപകുമാര്‍, സൂപ്രണ്ട് സുഷമ ടി.ടി, ജേക്കബ് തോമസ്, വിദ്യ എ.കെ, ലൈബ്രേറിയന്‍ പ്രകാശന്‍, അരുണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

കഥാവതരണ മത്സരത്തില്‍ എല്‍.പി.വിഭാഗത്തില്‍ സെന്റ് മേരീസ് എല്‍.പി. സ്‌കൂളും, യു.പി. വിഭാഗത്തില്‍ ഹോളി ഏഞ്ചല്‍ പബ്ലിക്ക് സ്‌കൂളും ,ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് മേരീസ് ഹൈസ്‌കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമായ ധാരാളം റഫറന്‍സ് ഗ്രന്ഥങ്ങള്‍ അടങ്ങിയ എടത്വാ പബ്ലിക്ക് ലൈബ്രറിയുടെ സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയാണ്.

സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും വായനശാലയിലേക്ക് കൂടുതല്‍ പുസ്തക ശേഖരം ലഭ്യമാക്കാനും ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും തുക നീക്കി വെച്ചിട്ടുള്ളതായി പ്രസിഡന്റ ടെസി ജോസ് അറിയിച്ചു.

യുവനടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന കണ്ടെത്താൻ നടൻ ദിലീപ്, സഹായി അപ്പുണ്ണി, സംവിധായകൻ നാദിർഷാ എന്നിവരെ കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) സാന്നിധ്യത്തിൽ ചോദ്യം ചെയ്യാൻ നീക്കം. ഇതിനായി വിശദമായ ചോദ്യാവലി അന്വേഷണ സംഘം തയാറാക്കി. ഇതിനു മുന്നോടിയായി ദിലീപിന്റെ സഹോദരൻ അനൂപ്, നടനായ ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തു.

നാദിർഷായുടെ അവസാന ചിത്രത്തിന്റെ ലൊക്കേഷനിൽ ധർമ്മജനും സുനിലും തോളിൽ കൈയിട്ട് ഇരിക്കുന്ന ചിത്രം കാണിച്ചാണു ചോദ്യം ചെയ്തത്. സുനിലുമായി വ്യക്തിപരമായ അടുപ്പമില്ലെന്നും ലൊക്കേഷനുകളിൽ പലരും തനിക്കൊപ്പം ചിത്രം എടുക്കാറുണ്ടെന്നും ധർമ്മജൻ മൊഴി നൽകി. ജയിലിനുള്ളിൽ നിന്നു സുനിൽ അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചു സംസാരിച്ചത് ആരോടാണെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോൺവിളികളുടെ ചില വിശദാംശങ്ങൾ പൊലീസ് അനൂപിനോടും ചോദിച്ചു മനസിലാക്കി. കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി സുനിലിനെ കോടതി അഞ്ചു ദിവസത്തേക്ക് ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന് വെളിപ്പെടുത്തിയതിനാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി. മരണമൊഴിയെടുക്കാന്‍ താന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഒരാളെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോട്ടയം സ്വദേശിയായ സുനിയെയാണ് പൊലീസ് പിടികൂടിയത്. ജയിലില്‍ കേസിലെ മുഖ്യപ്രതിയായിരുന്ന പള്‍സര്‍ സുനിക്ക് ഫോണ്‍വിളിക്കുളള സൗകര്യം ഒരുക്കികൊടുത്തത് സഹതടവുകാരനായ സുനിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുന്നതും. അതേസമയം കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ജയിലില്‍ നിന്നും ഫോണ്‍ വിളിച്ചെന്ന കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നടന്‍ നാദിര്‍ഷായെയും ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയെയും ഫോണില്‍ വിളിച്ചെന്നാണ് പള്‍സര്‍ പൊലീസിനോട് അറിയിച്ചത്. പണത്തിനായിട്ടാണ് ഫോണ്‍ വിളിച്ചതെന്ന് സമ്മതിച്ച സുനി കത്തിലെ വിവരങ്ങളും പൊലീസിനോട് സമ്മതിച്ചു. അപ്പുണ്ണിയെ ആദ്യം വിളിച്ചത് മൊബൈല്‍ ഫോണില്‍ നിന്നല്ലെന്നും സുനി മൊഴി നല്‍കിയതായിട്ടാണ് വിവരം. കൂടുതല്‍ വ്യക്തതയ്ക്കായി പൊലീസ് നാദിര്‍ഷാ, അപ്പുണ്ണി, പള്‍സര്‍ സുനി എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും. ഇന്നുതന്നെ ഈ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. അഞ്ചുദിവസത്തെ കസ്റ്റഡിയിലാണ് പള്‍സര്‍ സുനിയെ അന്വേഷണ സംഘത്തിന് കോടതി കഴിഞ്ഞ ദിവസം വിട്ടുനല്‍കിയത്.

നടിയാക്രമിക്കപ്പെട്ട കേസില്‍ ദിലീപിനേയും നാദിര്‍ഷയേയും രണ്ടാംവട്ടം പോലീസ് ചോദ്യം ചെയ്യുമ്പോള്‍ ചോദ്യങ്ങള്‍ തയാറാക്കിരിക്കുന്നത് മനശാസ്ത്രജ്ഞരാണെന്ന്  റിപ്പോര്‍ട്ട്. കേരളത്തിലെ പ്രശസ്തരായ ഒരു കൂട്ടം മനശാസ്ത്രജ്ഞരെ ആലുവ പോലീസ് ക്ലബ്ബിലേയ്ക്കു വിളിച്ചു വരുത്തിട്ടുണ്ട് എന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

മനശാസ്ത്രപരമായ സമീപനം സാധാരണ പോലീസ് കൈകൊള്ളാറുണ്ട്. മനശാസ്ത്രപരമായ സമീപനത്തിലൂടെ അവര്‍ മറച്ചുവയ്ക്കുന്ന രഹസ്യങ്ങള്‍ പുറത്തുവരുമെന്നതിനാലാണു പോലീസ് അങ്ങനെ ചെയ്യുന്നത്. ക്രിമിനല്‍ സ്വഭാവമുള്ള പ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ പോലീസ് ഈ സമീപനം സാധാരണ കൈകൊള്ളറുണ്ട്

Copyright © . All rights reserved