ഐഎസ്എല്ലിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു. ബംഗലൂരു എഫ്.സിയുമായി കൊച്ചിയില്‍ നടന്ന അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് 3-1തോറ്റതിന് പിന്നാലെയാണ് രാജി. ഇപ്പോള്‍ ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്സ്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് വലിയ വിമര്‍ശനമാണ് ടീം കോച്ചിനെതിരെ ഉയര്‍ന്നത്.

എന്നാല്‍ വ്യക്തിപരമായ പ്രശ്നത്താലാണ് രാജി എന്നാണ് റെനി ടീം മാനേജ്മെന്‍റിന് നല്‍കിയ കത്തില്‍ പറയുന്നത്. ടീമിന്‍റെ മൊത്തം പ്രകടനത്തില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്നും ടീം മാനേജ്മെന്‍റിനെ റെനി അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഏഴു മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സിന് ഒരു ജയം മാത്രമാണ് നേടാന്‍ സാധിച്ചത്. നാല് സമനിലയും, രണ്ട് തോല്‍വിയും വഴങ്ങി.

പുതുവര്‍ഷത്തലേന്ന് ഹോം മൈതാനാമായ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബംഗലൂരുവിനോട് ഏറ്റ കനത്ത തോല്‍വിയോടെ ടീമിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബംഗലൂരു എഫ്‌സിയോട് നാണം കെട്ട കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനെതിരേ മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്‍ തന്നെ രംഗത്ത് എത്തി.

സി.കെ.വിനീതിന് പരിക്കാണെന്നുള്ള കാര്യം വിശ്വസനീയമല്ലെന്നും കളി പഠിപ്പിച്ച ബെംഗലൂരുവിനെതിരേ ഇറങ്ങുമ്പോള്‍ വൈകാരിക സംഘര്‍ഷമുണ്ടാക്കുമെന്ന കാരണത്താലാണ് വിനീതിനെ പുറത്തിരുത്തിയതെങ്കില്‍ അത് ബ്ലാസ്റ്റേഴ്‌സ് പരിശീലകന് സംഭവിച്ച വലിയ വിഡ്ഢിത്തമാണെന്നും വിജയന്‍ വിമര്‍ശിച്ചിരുന്നു.

മാഞ്ചസ്റ്റര്‍ യുണെറ്റഡിന്‍റെ സഹ പരിശീലകനായിരുന്ന റെനി മ്യൂലന്‍സ്റ്റീന്‍ താരങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും വിമര്‍ശനമുണ്ടായിരുന്നു. മുന്‍ കോച്ച് സ്റ്റീവ് കോപ്പലിനെപ്പോലെ താരങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും റെനി മ്യൂലന്‍സ്റ്റീന്‍ പരാജയമായിരുന്നു എന്നാണ് വിലയിരുത്തല്‍. പുതിയ കോച്ചിനെ ഉടന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് തേടില്ല എന്നതാണ് റിപ്പോര്‍ട്ട്. പകരം ടീമിന്‍റെ സഹപരിശീലകന്‍ പ്രധാന കോച്ചായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.