പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള രൂപത്തില്‍ വിമാനം പറത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി അമേരിക്കന്‍നാവിക സേന. നൂറടി ഉയരത്തില്‍ ആകാശത്തിലാണ് അമേരിക്കയിലെ ഒകനോഗില്‍ പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള പുകരൂപം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനം പറത്തിയതാണ് ഇത്തരത്തില്‍ ഒരു രൂപം ആകാശത്ത് പ്രത്യക്ഷപ്പെടാന്‍ കാരണമെന്ന് വ്യക്തമായി.
വിഡ്‌ബേ അയര്‍ലന്റിലെ നേവല്‍ സ്റ്റേഷനില്‍ നിന്ന് പറന്നുയര്‍ന്ന നാവിക സേനയുടെ ഇഎ18ജി ഗ്രൗളര്‍ ജെറ്റ് വിമാനമാണ് ഇത്തരത്തില്‍ രൂപമുണ്ടാക്കുന്ന രീതിയിൽ പറന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അമേരിക്കന്‍ നാവിക സേനയ്ക്ക് കീഴിലെ ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാര്‍ഡിലെ വിമാനമാണ് ഇഎ18ജി ഗ്രൗളര്‍ ജെറ്റ്. എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടില്ല.
നാവിക സേന പൈലറ്റുമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത തരത്തിലുള്ള പെരുമാറ്റമാണ്, ഇതിന് ഔദ്യോഗിക പരിപാടിയുമായി ബന്ധമില്ല. അന്വേഷണം നടത്തി സംഭവത്തില്‍ പങ്കുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലഫ്റ്റ്‌നന്റ് കമാന്‍ഡര്‍ ലെസ്ലി ഹബ്ബെല്‍ സംഭവത്തോട് പ്രതികരിച്ചു.
കൊച്ചി: വാഹന രജിസ്‌ട്രേഷനായി വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ അമല പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ്. നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ഇവരുടെ വിശദീകരണം കേട്ട ശേഷം കേസെടുക്കാനാണ് തീരുമാനമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കി. താരങ്ങള്‍ നികുതി വെട്ടിപ്പ് നടത്തിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ താമസിക്കുന്നുവെന്ന് കാണിക്കാന്‍ വ്യാജ വാടകക്കരാര്‍, ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് വ്യക്തമായിരുന്നു. മോട്ടോര്‍ വാഹന വകുപ്പും ക്രമക്കേട് നടന്നതിന്റെ റിപ്പോര്‍ട്ടുകളും വീഡിയോ തെളിവുകളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. നടനും എം.പിയുമായ സുരേഷ് ഗോപിയ്ക്കെതിരേയും നികുതിവെട്ടിപ്പ് നടത്തിയതായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അദ്ദേഹത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
തനിക്ക് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റുണ്ടെന്നായിരുന്നു സുരേഷ് ഗോപി നല്‍കിയ മറുപടി. എന്നാല്‍ പോണ്ടിച്ചേരിയിലെ ഫ്ളാറ്റ് ഉപയോഗിക്കുന്നില്ലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ ഫ്‌ളാറ്റിന് അടുത്ത് താമസിച്ചിരുന്നത് പോണ്ടിച്ചേരി പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു. സുരേഷ് ഗോപിയെ അറിയില്ലെന്ന് ഇയാള്‍ മൊഴി നല്‍കി. അമല പോള്‍ തായ്‌ലന്‍ഡിലാണെന്നാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.
ലോകത്ത് ആദ്യമായി തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങുന്ന സര്‍ജന്‍ മൃതദേഹങ്ങളില്‍ വളരെ വിജയകരമായി തലമാറ്റിവെക്കല്‍ ചെയ്തുവെന്ന അവകാശവാദവുമായി രംഗത്ത്. സെര്‍ജിയോ കനാവെരോ എന്ന സര്‍ജനാണ് മനുഷ്യന്റെ തല മാറ്റിവെക്കാനാകുമെന്ന് പറഞ്ഞത്. മൃതദേഹങ്ങളിലെ തല മാറ്റിവെക്കല്‍ വിജയകരമായിരുന്നുവെന്ന് കനാവെരോ പറഞ്ഞു. നട്ടെല്ലിനെയും നാഡികളെയും രക്തക്കുഴലുകളെയും യോജിപ്പിക്കാന്‍ താന്‍ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ സങ്കേതത്തിന് സാധിക്കുമെന്നും കനാവെരോ പറഞ്ഞു.
പുതിയ ശരീരം സ്വീകരിക്കുന്ന തലയ്ക്ക് അതുമായി ചേര്‍ന്ന് ജീവിക്കാന്‍ കഴിയുമെന്നാണ് കനാവെരോ അഭിപ്രായപ്പെടുന്നത്. തന്റെ സംഘത്തിന് ഈ ശസ്ത്രക്രിയക്കായി 18 മണിക്കൂര്‍ സമയമാണ് ആവശ്യമായി വരുന്നതെന്നും ഈ ലക്ഷ്യം സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. റഷ്യക്കാരനായ വലേറി സ്പിരിഡിനോവ് എന്നയാളാണ് ഈ ശസ്ത്രക്രിയക്കായി സന്നദ്ധത അറിയിച്ച് കനാവെരോയെ സമീപിച്ചിരിക്കുന്നത്. ഇയാളുടെ തല മറ്റൊരു ശരീരത്തില്‍ ഘടിപ്പിക്കാനാണ് പദ്ധതി.
മസ്തിഷ്‌ക മരണം സംഭവിച്ച ശരീരത്തിലായിരിക്കും തല ഘടിപ്പിക്കുക. ഇപ്പോള്‍ മൃതശരീരത്തിലുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. അടുത്ത ഘട്ടം ജീവനുള്ള തല മാറ്റിവെക്കുക എന്നതാണെന്ന് കനാവെരേ അവകാശപ്പെടുന്നു. എലികളിലും കുരങ്ങുകളിലും വിജയകരമായി ഈ ശസ്ത്രക്രിയ നടത്തിയതായി കനാവെരോയുടെ സംഘം അവകാശപ്പെട്ടിരുന്നു.
കാട്ടുപ്പന്നിയുടെ മാംസം കഴിച്ച മലയാളി കുടുംബത്തിലെ മൂന്ന് പേർ ഭക്ഷ്യവിഷബാധയേറ്റ് ന്യൂസിലാന്‍റിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി ബാബു, മാതാവ് ഏലിക്കുട്ടി എന്നിവരാണ് വൈകിട്ടോ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വീട്ടിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ച ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. 1983ന് ശേഷം ഇതാദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഇവരെ ചികില്‍സിക്കുന്ന ഡോക്‌ടര്‍മാര്‍ പറയുന്നു. ഇവരുടെ ഒന്നും ഏഴും വയസ് പ്രായമായ രണ്ട് കുട്ടികൾ ഇറച്ചി കഴിക്കാത്തതിനാൽ വിഷബാധയേൽക്കാതെ രക്ഷപ്പെട്ടു. ദ ടെലഗ്രാഫ് ന്യൂസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ മലയാളി കുടുംബത്തിന്റെ അപകടം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് ഇവരെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടതെന്ന് ഇവരുടെ കുടുംബസുഹൃത്തായ ജോജി വർഗീസ് പറയുന്നു.

ഭക്ഷണം കഴിച്ച് അരമണിക്കൂറിനകം ശക്തമായ ഛർദി അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ബാബു എമർജൻസി സർവീസിൽ സഹായം തേടി. മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര ഭക്ഷ്യവിഷബാധയാണ് അപകട കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂവരും പ്രതികരിക്കുന്നുമില്ല. ചുരുങ്ങിയത് രണ്ട് മാസമെങ്കിലും കഴിഞ്ഞാൽ മാത്രമേ ചികിൽസയിൽ പുരോഗതി കാണാനാകൂ എന്നാണ് വിദഗ്ദ മെഡിക്കൽ സംഘം പറയുന്നത്. അഞ്ച് വർഷം മുമ്പാണ് ഇവർ ന്യൂസിലൻറിൽ എത്തിയത്. മാതാവ് സമീപകാലത്ത് വിസിറ്റിങ് വിസയിൽ എത്തിയതുമായിരുന്നു.
വേട്ടയാടി കഴിച്ച കാട്ടുപ്പന്നിയുടെ മാംസമാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് നിഗമനം. ന്യൂസിലാന്‍റിലെ ആരോഗ്യവകുപ്പ് അപകട കാരണം പരിശോധിച്ചുവരികയാണ്. ആരോഗ്യ അവസ്ഥയിൽ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ ഷിബുവിന്റെ രണ്ട് കുട്ടികളെയും ‘ഹാമിൽട്ടൺ മാർത്തോമാ കോൺഗ്രിഗേഷന്റെ’ സംരക്ഷണയിൽ പാർപ്പിച്ചിരിക്കുകയാണ്.
അതേസമയം, മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായുള്ള ചികിത്സക്കായി ഭീമമായ തുക ആവശ്യമായി വന്നിരിക്കുകയാണ്. ബാബുവിന്റെ മാതാവ് വിസിറ്റിങ് വിസയിൽ എത്തിയതിനാൽ ഇവർക്ക് ഇൻഷുറൻസ് സൗകര്യം പോലും ലഭിക്കില്ല. ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ ശ്രമം ആരംഭിച്ചു. ചികിൽസക്ക് ആവശ്യമായ ഭീമമായ തുക സമാഹരിക്കാൻ ഹാമിൽടൺ മാർത്തോമ സഭ തുക സമാഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്ക് എല്ലാവരുടെയും സഹായങ്ങൾ പ്രവഹിക്കണമെന്ന് സുഹൃത്തുക്കൾ ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യർഥനയുമായി എത്തിയിട്ടുണ്ട്.
കേരളത്തിലെ മഹാനഗരമെന്ന് അറിയപ്പെടുന്ന കൊച്ചിയും സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ നിന്നും ഒട്ടും മുക്തമല്ല. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള മുന്‍സിപ്പല്‍ പാര്‍ക്കില്‍ നിന്നുള്ള സദാചാര ഗുണ്ടകളുടെ വിളയാട്ടം പുരോഗമനവാദികള്‍ എന്ന് അഹങ്കരിക്കുന്ന മലയാളികള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്.
പാര്‍ക്കില്‍ വന്നിരുന്ന യുവാവിനെയും, യുവതിയെയും സദാചാര ഗുണ്ടകള്‍ ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും, അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം പുറം ലോകം അറിയുന്നത്. കാക്കനാട് മുന്‍സിപ്പല്‍ പാര്‍ക്കില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യുവാവിനോട് തട്ടികയറിയ ശേഷം യുവതിയെ കേട്ടാലറയ്ക്കുന്ന അസഭ്യവും സദാചാര ഗുണ്ടകളില്‍ ഒരാള്‍ വിളിച്ച് കൂവുന്നുണ്ട്. താന്‍ ഈ നാട്ടുകാരനാണെന്നും, ഇവിടെ വന്ന് വെറുതെ മുട്ടാന്‍ നില്‍ക്കണ്ടയെന്നും ഇയാള്‍ പറയുന്നത് വീഡിയോയില്‍ നിന്നും വ്യക്തം. പോലീസ് ഈ സദാചാര ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് വൈറലായ വീഡിയോയ്ക്ക് കീഴെ പ്രത്യക്ഷമാകുന്ന പൊതുവികാരം.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗിന്റെ മരുമകളുടെ പ്രസവത്തിനായി ഐ.സി.യുവില്‍ നിന്ന് ഒഴിപ്പിച്ചതിനെത്തുടര്‍ന്ന് മലയാളി കായിക താരം മരിച്ചു. കിക്ക് ബോക്‌സിംഗില്‍ ഏഷ്യന്‍ ചാമ്പ്യനായ കെ.കെ ഹരികൃഷ്ണനാണ് മരിച്ചത്.
റായ്പൂരിലെ ജൂനസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 10ന് നടന്ന ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ഹരികൃഷ്ണന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അംബേദ്കര്‍ ആശുപത്രിയിലെത്തിച്ച ഹരികൃഷ്ണന് അടിയന്തിര ശസ്ത്രക്രിയ നടത്തി.
കേരള സര്‍ക്കാരും സംസ്ഥാന – ദേശീയ കിക്ക് ബോക്സിംഗ് അസോസിയേഷനുകളും ഇടപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ വി.വി.ഐ.പി ബ്ലോക്കിലെ ഐ.സി.യുവും അനുവദിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ മരുമകളെ പ്രസവത്തിനായി കൊണ്ടുവന്ന സമയത്ത് ഒരു ബ്ലോക്കിലെ എല്ലാ രോഗികളെയും ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് ഈ ബ്ലോക്കിലുള്ള രോഗികളെ താഴത്തെ നിലയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടെ ആരോഗ്യം വീണ്ടെടുത്തു വരികയായിരുന്ന ഹരികൃഷ്ണന്റെ നില അണുബാധയുണ്ടായതിനെത്തുടര്‍ന്ന് ഗുരുതരമായി. തുടര്‍ന്ന് എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് 15 ന് പുലര്‍ച്ചെ എയര്‍ ആംബുലന്‍സില്‍ ഹരിയെ വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. നില മെച്ചപ്പെടും മുന്‍പ് ഐ.സി.യുവില്‍ നിന്ന് മാറ്റിയതിനാലാണ് അണുബാധയുണ്ടായതെന്ന് ആക്ഷേപമുണ്ട്. ദേശീയതലത്തില്‍ ആറു തവണ സ്വര്‍ണ്ണ മെഡലും 12 തവണ വെള്ളിമെഡലും നേടിയിട്ടുള്ള താരമാണ് ഹരികൃഷ്ണന്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രിയുടെ മരുമകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്നും എല്ലാ രോഗികളെയും ഒഴിപ്പിക്കുകയായിരുന്നു. ഏതാണ്ട് 1200ഓളം രോഗികളെയാണ് ഇത്തരത്തില്‍ വാര്‍ഡില്‍ നിന്നും മാറ്റിയത്.
ഒന്നാം നിലയിലേക്ക് രോഗികളെ മൊത്തം മാറ്റിയതോടെ ഒരു ബെഡില്‍ രണ്ടുപേര്‍ കിടക്കേണ്ട സ്ഥിതിയായി. സംഭവം വിവാദമായപ്പോള്‍ മന്ത്രിയുടെ നടപടിയെ ന്യായീകരിക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്. മറ്റു പ്രൈവറ്റ് ആശുപത്രികള്‍ ഉണ്ടായിട്ടും മന്ത്രിയുടെ മരുമകളെ അംബേദ്ക്കര്‍ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അജയ് ചന്ദ്രാകര്‍ പറഞ്ഞിരുന്നു.
കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസം കുളിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വീട്ടമ്മ ലീലയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്ത നാല് അന്യ സംസ്ഥാന തൊഴിലാളികളില്‍ ഒരാളാണ് കൊല നടത്തിയതെന്നും ഇയാള്‍ ഇരുപത് വയസുകാരനാണെന്നും മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് തയ്യാറായില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ പ്രതിയെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ.
കഴിഞ്ഞ ബുധനാഴ്ച്ച ഇരിയ പൊടവടുക്കത്ത് ധര്‍മ്മ ശാസ്താക്ഷേത്രത്തിന് സമീപം താമസിക്കുന്ന വേങ്ങയില്‍ അമ്പൂട്ടി നായരുടെ ഭാര്യ ലീല(45)യെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച മൂന്നുമണിയോടെ സ്‌കൂളില്‍ നിന്നെത്തിയ മകന്‍ പ്രജിത്താണ് അമ്മ ലീലയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കഴുത്തില്‍ കണ്ടെത്തിയ മുറിവും മാല കാണാതായതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാല വീടിന് പുറകിലെ പറമ്പില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
മൃതദേഹ പരിശോധനയില്‍ കഴുത്തിലെ മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. ഇതിനിടെ ലീലയുടെ വീട്ടില്‍ കഴിഞ്ഞ ആഴ്ച്ച വീടിന്റെ തേപ്പ് പണിക്കെത്തിയ നാല് മഹാരാഷ്ട്രക്കാരായ തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രവീണ്‍ കുമാര്‍ (ഗള്‍ഫ്), പ്രസാദ് എന്നിവരാണ് ലീലയുടെ മറ്റ് മക്കള്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ദ പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണ്.
രാജ്ഭവനു മുന്നിൽ ഒാട്ടോയിൽ തട്ടി നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിന് കാരണം അമിത വേഗമെന്ന് പൊലീസ്.മറ്റൊരു കാറുമായി നടത്തിയ മത്സരയോട്ടത്തിലാണ് അത്യാഹിതം സംഭവിച്ചതെന്ന് പോലീസ് നൽകുന്ന സൂചനയെങ്കിലും ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകടം നടക്കുമ്പോൾ കാറിൽ മരണമടഞ്ഞ ആദർശും മൂന്നും പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും തന്നെ വ്യവസായ പ്രമുഖരുടെ മക്കളാണ്. ആധുനിക സുരക്ഷാസംവിധാനങ്ങളുളള പുതുപുത്തൻ ആഡംബര കാര്‍ ഇത്തരത്തില്‍ തകരുകയും യാത്രക്കാരില്‍ ഒരാള്‍ മരിക്കുകയും കൂടെയുണ്ടായിരുന്നവര്‍ ഗുരുതരാവസ്ഥയില്‍ ആകുകയും ചെയ്യണമെങ്കില്‍ കാര്‍ അത്രയേറെ ഉത്തരവാദിത്വ രഹിതമായി കൈകാര്യം ചെയ്തതിനാലാണെന്ന് പൊലീസ് പറയുന്നു. എയര്‍ ബാഗുകള്‍ ഉള്‍പ്പടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ആഡംബരക്കാറാണ് അപകടത്തില്‍ പെട്ടത്. താത്കാലിക രജിസ്ട്രേഷന്‍ മാത്രമാണ് കാറിനുണ്ടായിരുന്നത്. കാറോടിച്ചിരുന്ന വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗർ ‘ഭൂപി’യിൽ യിൽ സുബ്രഹ്മണ്യന്റെ മകൻ ആദർശ് (20) ആണു മരിച്ചത്.
രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പ്രതികരിച്ചു.വെള്ളയമ്പലം ഭാഗത്തു നിന്നു കവടിയാറിലേക്കു പോകുകയായിരുന്നു ഒാട്ടോറിക്ഷയിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ തലകീഴായി മറഞ്ഞത്.ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും കാർ തുറക്കാൻ പോലും സാധിച്ചിരുന്നില്ല. ഫയർഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. അതി നൂതന സാങ്കേതിക സംവിധാനങ്ങളുളള കാർ ഇത്തരമൊരു അപകടത്തിൽപ്പെട്ടതും ആശ്ചര്യത്തിന് വഴിവെച്ചിട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ വാഹനത്തിന്റെ ഹെഡ്‌ലെറ്റ് ദൂരത്തേയ്ക്ക് തെറിച്ചു പോയിരുന്നു.
ന്യൂ തിയറ്റർ ഉടമ മഹേഷ് സുബ്രഹ്മണ്യത്തിന്റെ മകൾ തൈക്കാട് ഇവി റോഡ് ഗ്രീൻ സ്ക്വയർ ബീക്കൺ ഫ്ലാറ്റിൽ ഗൗരി ലക്ഷ്മി സുബ്രഹ്മണ്യം (23), അനന്യ (24), എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ എസ്‌യുടി ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ശിൽപയെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശിൽപ്പയ്ക്ക് ഒഴികെ ബാക്കിയെല്ലാവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കാറിൽ നിന്ന് പുറത്തെടുക്കുമ്പോൾ മൂവരും അബോധവസ്ഥയിലായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശിൽപ കൊച്ചി സ്വദേശിയാണ്. മറ്റുള്ളവർ തിരുവന്തപുരം സ്വദേശികളാണെന്നാണു സൂചന. പരുക്കേറ്റ ഒാട്ടോ ഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ (42) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
എം.ബി.ബി.എസ്. വിദ്യാര്‍ഥിനി ഊഷ്മള്‍ ഉല്ലാസ് ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്താന്‍ ഫെയ്‌സ്ബുക്കും മൊെബെല്‍ നമ്പറും പോലീസ് പരിശോധിക്കുന്നു. ഡെന്റല്‍ കോളജ് കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കുന്നതിനുമുമ്പ് ഊഷ്മള്‍ ആരോടോ ഫോണില്‍ കയര്‍ത്തു സംസാരിച്ചതിന് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സാക്ഷിയാണ്. ജീവനൊടുക്കുന്നതിനുമുമ്പ് ഊഷ്മളിന് ഫോണ്‍ കോള്‍ വന്നിരുന്നതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുമുണ്ട്. കെട്ടിടത്തില്‍നിന്നു ചാടുംമുമ്പ് ഊഷ്മള്‍ ഫോണ്‍ എറിഞ്ഞുടച്ചിരുന്നു. തൃശൂര്‍ ഇടത്തിരുത്തി പുളിയന്‍ചോട് ഇയ്യാനിവീട്ടില്‍ ഉല്ലാസിന്റെയും ബേട്ടിയുടെയും മകള്‍ ഊഷ്മള്‍ ബുധനാഴ്ച അഞ്ചിനാണ് മുക്കം മണാശ്ശേരി കെ.എം.സി.ടി. ഡെന്റല്‍ കോളജിന്റെ മുകളിലെ നിലയില്‍നിന്നു ചാടി ജീവനൊടുക്കിയത്. കെ.എം.സി.ടി. മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ് ഊഷ്മള്‍. സഹപാഠികളുമായുണ്ടായ എന്തോ തര്‍ക്കത്തെക്കുറിച്ചാണ് ഊഷ്മളിന്റെ ഒടുവിലത്തെ ഫെയ്‌സ്ബുക്ക് കുറിപ്പ് സൂചിപ്പിക്കുന്നത്. 13-ന് രാത്രി 10.54-നാണ് ഊഷ്മള്‍ ഫെയ്‌സ്ബുക്കില്‍ ഏറ്റവും ഒടുവില്‍ കുറിപ്പെഴുതുന്നത്. കെ.എം.സി.ടി കണ്‍ഫെഷന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ തന്റെ മുന്‍ പോസ്റ്റിലുള്ള കമന്റ് ഇപ്പോഴാണ് കാണാനിടയായത് എന്നു പറഞ്ഞാണു കുറിപ്പ് തുടങ്ങുന്നത്. ആരെങ്കിലും എന്തെങ്കിലും പേജില്‍ എഴുതുമ്പോള്‍ നിങ്ങള്‍ ഇരയാക്കപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നിയാല്‍ ആ സമയത്ത് എന്തുകൊണ്ടാണ് ഇങ്ങനെ തോന്നിയതെന്ന് നിങ്ങള്‍ ഒരു പക്ഷേ ചിന്തിച്ചേക്കാം. തന്റെ ബാച്ചിനോടോ മറ്റേതെങ്കിലും ബാച്ചിനോടോ തനിക്ക് തോന്നുന്ന ദേഷ്യവും സ്‌നേഹവും നിങ്ങളെ ബാധിക്കുന്നതല്ലെന്നു’മാണ് ഊഷ്മള്‍ അവസാനമായി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഊഷ്മള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിന് വന്ന കമന്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സഹപാഠികളുമായി എന്തൊക്കെയോ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പോലീസിന് ബോധ്യമായിട്ടുണ്ട്. സുഹൃത്തക്കളേയും സഹപാഠികളേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പോലീസ് ഹോസ്റ്റലില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായിരുന്നില്ല. അച്ഛനും അമ്മയ്ക്കുമായി ഒരു കത്ത് എഴുതി വച്ചിട്ടുണ്ടായിരുന്നു. ഇതില്‍ നിന്നു കാര്യമായ സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. പരീക്ഷയായതിനാല്‍ നാലുമാസത്തോളം മണാശ്ശേരിയിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ഊഷ്മള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ മാസമാണ് ഹോസ്റ്റലില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ചയാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്.
ന്യൂസിലാന്‍ഡ്: വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍. ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡ് പ്രദേശമായ പുറ്റാറുരുവില്‍ താമസിക്കുന്ന മലയാളി കുടുംബത്തെയാണ് ഗുരുതരാവസ്ഥയില്‍ വല്ക്കാറ്റോ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷിബു കൊച്ചുമ്മനെയും(35) ഭാര്യ സുബി ബാബുവിനെയും(32) ഷിബുവിന്റെ ‘അമ്മ ഏലിക്കുട്ടി ഡാനിയേലിനെയുമാണ്(62) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയോടെയാണ് ഷിബു വിളിച്ചതനുസരിച്ച് പാരാമെഡിക്‌സ് വീട്ടിലെത്തിയത്.
മാസത്തിലൊരിക്കല്‍ കൂട്ടുകാരുമൊത്ത് വേട്ടക്ക് പോകാറുള്ള ഷിബുവും കൂട്ടുകാരും വെള്ളിയാഴ്ചയും പുറ്റാരുരുവില്‍ വേട്ടക്കിറങ്ങിയിരുന്നു. കാട്ടുപന്നിയെ വെടിവെച്ചിട്ട ഷിബു രാത്രി കാട്ടുപന്നിയുടെ ഇറച്ചി വീട്ടില്‍ പാകം ചെയ്ത് കുടുംബവുമൊത്ത് കഴിച്ചതിനെ തുടര്‍ന്നാണ് ഛര്‍ദ്ദി അനുഭവപ്പെട്ടത്. അമ്മയ്ക്കായിരുന്നു ആദ്യം ഛര്‍ദ്ദി തുടങ്ങിയത്. പാരാമെഡിക്‌സിനെ ഫോണ്‍ ചെയ്ത ഷിബു പാതിവഴി അബോധാവസ്ഥയിലായി. പാഞ്ഞെത്തിയ പാരാമെഡിക്‌സ് കണ്ടത് ഷിബുവും ഭാര്യയും അമ്മയും അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നതാണ്. കുട്ടികളെ നേരത്തെ ഉറക്കിയത് കാരണം അവര്‍ ഇറച്ചി കഴിച്ചിരുന്നില്ല. ഭക്ഷണ സാധനങ്ങള്‍ പോലീസ് വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്.
അഞ്ചു വര്‍ഷത്തിന് മുന്‍പാണ് ഷിബു കൊച്ചുമ്മനും കുടുംബവും ന്യൂസിലാന്‍ഡില്‍ എത്തുന്നത്. പുറ്റാറുരുവില്‍ ഏറെ സൗഹൃദങ്ങളുള്ള ഷിബുവിന്റെയും സുബിയുടെയും കുട്ടികളുടെ സംരക്ഷണ ചുമതല തത്കാലം ഹാമില്‍ട്ടണ്‍ മാര്‍ത്തോമ പള്ളിയിലെ മലയാളി കുടുംബങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഏകദേശം മൂന്നു മാസക്കാലം എടുക്കും കാട്ടുപന്നിയിറച്ചി കഴിച്ചതിലൂടെ ഉണ്ടായ വിഷാംശം ശരീരത്തില്‍ നിന്നും നീങ്ങാന്‍ എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അങ്ങനെയാണെങ്കില്‍ പോലും ഇപ്പോള്‍ അബോധാവസ്ഥയിലുള്ള ഇവര്‍ തിരികെ ജീവിതത്തിലേക്ക് മടങ്ങി വരുമ്പോള്‍ ശരീരം തളര്‍ന്ന് പോയിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.