സ്വപ്ന
രാപകല് ഇല്ലാതെ കഠിനാധ്വാനം ചെയ്യിപ്പിച്ച ശേഷം അര്ഹമായ ശമ്പളം നല്കാതെ നേഴ്സുമാരെ ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രികളെ യു.കെ.മലയാളികളുടെ ബന്ധുക്കളും മിത്രങ്ങളും ബഹിഷ്കരിക്കണം എന്ന് സ്ത്രീ സമീക്ഷ ആഹ്വാനം ചെയ്തു. യു.കെയിലെ പ്രമുഖ ഇടത്പക്ഷ സാസ്കാരിക പ്രസ്ഥാനമായ സമീക്ഷയുടെ വനിതാ വിഭാഗമാണ് സ്ത്രീ സമീക്ഷ.
സ്വകാര്യ ആശുപത്രികളില് ജോലി ചെയ്യുന്ന ഓരോ നേഴ്സ്മാരുടെയും പേരില് മാത്രം ഈടാക്കുന്ന ബില്ലുകളുടെ 25% എങ്കിലും നല്കിയാല് ഇപ്പോള് കിട്ടുന്ന വേതനത്തില് ഇരട്ടയില് അധികം വരും. നേഴ്സിങ്ങ് പ്രൊഫഷന് ഒരു സ്ത്രീപക്ഷ ജോലിയായി പരിഗണിക്കുന്നത് കൊണ്ടാണ്, കൂലിപ്പണിക്കാര്ക്ക് നല്കുന്ന ദിവസക്കൂലി പോലും നേഴ്സ്മാര്ക്ക് നല്കാന് മാനേജ്മെന്റ് തയ്യാറാകാത്തത്.
യു.കെയില് എത്തിയ മലയാളി നേഴ്സ്മാര്ക്ക് ലഭിക്കുന്ന വേതനം യു.കെ ദേശീയ മിനിമം വേതനത്തിന്റെ ഇരട്ടിയോളം വരും. വാരാന്ത്യത്തിലും രാത്രി ജോലികള്ക്കും ശമ്പളത്തിന് ആനുപാതികമായ ഷിഫ്റ്റ് അലവന്സും ഉണ്ട്. യു.കെ സമൂഹവും സര്ക്കാരും പാലിക്കുന്ന ലിംഗസമത്വം തന്നെയാണ് ഇതിന്റെ പ്രധാന കാരണം.
കേരളത്തിലെ ആശുപത്രികളില് ഏറെയും, മതങ്ങളുടെ പേരിലാണ് സ്വകാര്യ മാനേജ്മെന്റുകള് നേടിയെടുത്തിരിക്കുന്നത്. മതങ്ങളുടെ അടിസ്ഥാനപരമായ ആദര്ശങ്ങള്ക്ക് തികച്ചും എതിരും, മനുഷ്യത്വ രഹിതവുമായ കൊടിയ ചൂഷണമാണ് നേഴ്സിങ്ങ് സമൂഹത്തിനു എതിരെ നടക്കുന്നത്.
ചൂഷകരായ ആശുപത്രി മാനേജ്മെന്റുകളെ നിലയ്ക്ക് നിര്ത്താനുള്ള ബാധ്യതയും ഉത്തരവാദിത്തവും യു.കെ മലയാളി സമൂഹത്തിന് ഉണ്ട്. കാരണം യു.കെയില് എത്തുന്നതിനു മുന്പ് കേരളത്തിലെ നേഴ്സിങ്ങ് സമൂഹത്തിന്റെ ഭാഗമായായിരുന്നു എന്ന യാഥാര്ത്ഥ്യം നാം മറക്കരുത്. കേരളത്തിലെ സമ്പദ് വ്യവസ്ഥയ്ക്ക് ശക്തി പകരുന്ന പ്രവാസികളില് പ്രധാന പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ് യു.കെ മലയാളി സമൂഹം എന്നത് ഈ കാര്യത്തില് വളരെ പ്രധാന്യം അര്ഹിക്കുന്നു.
മെഡിസിന് റൗണ്ട്സും, പ്രൊസീജ്യര് റൗണ്ട്സും കൂടാതെ ബില്ല് ഈടാക്കാന് മാത്രം ചില തട്ടിക്കൂട്ട് റൗണ്ട്സും ഇപ്പോള് സ്വകാര്യ ആശുപത്രികളില് ഉണ്ട്. ഇങ്ങനെ ഉള്ള ആനാവശ്യ റൗണ്ട്സുകളിലൂടെ ഓരോ രോഗിയില് നിന്നും നേഴ്സ്മാരുടെ പേരില് മാത്രം 500 മുതല് 2000 രൂപ വരെയാണ് സ്വകാര്യ മാനേജ്മെന്റ് ആശുപത്രികള് ഈടാക്കുന്നത്.
കോടികള് സമ്പാദിക്കുന്ന ആശുപ്രതി മാനേജ്മെന്റ്കളോട് അര്പ്പണ മനോഭാവവും അഭ്യസ്തവിദ്യരുമായ നേഴ്സിങ്ങ് യുവതികള്ക്ക് മാന്യമായി ജീവിക്കാനുള്ള അര്ഹമായ ശമ്പളം മാത്രമാണ് ചോദിക്കുന്നത്. ഇതിന് എതിര് നില്ക്കുന്ന ആശുപത്രികളെ പൂര്ണ്ണമായും ബഹിഷ്കരിക്കാന് ബന്ധുക്കള്ക്കും മിത്രങ്ങള്ക്കും യു.കെ മലയാളികള് കര്ശനമായ നിര്ദ്ദേശം നല്കണം എന്ന് സ്ത്രീ സമീക്ഷ കണ്വീനര്മാരായ സ്വപ്നാ പ്രവീണ്, ജോയിന്റ് കണ്വീനര്മാരായ സിന്ധു ഷാജു, രേഖാ ബാബുമോന് എന്നിവര് അഭ്യര്ത്ഥിച്ചു.
ഡോ.ജോണ്സണ് വി.ഇടിക്കുള
എടത്വാ: ഗ്രാമപഞ്ചായത്ത് വര്ഗ്ഗീസ് അഗസ്റ്റിന് മെമ്മോറിയല് പബ്ലിക്ക് ലൈബ്രറിയുടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഒരാഴ്ചയായി നീണ്ടു നിന്ന പുസ്തക പരിചയ കളരി സമാപിച്ചു. എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ വിദ്യാര്ത്ഥികള് ആണ് അധ്യാപികമാരായ പ്രിയ ഫിലിപ്പ്, എലിസബത്ത് ആന്റണി എന്നിവരോടൊപ്പം ഇന്നലെ വായനശാലയില് പുസ്തക പരിചയക്കളരിയില് സംബന്ധിച്ചത്. പങ്കെടുത്ത വിദ്യാര്ത്ഥികള്ക്ക് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജയിന് മാത്യു പുസ്തക പരിചയക്കളരിക്ക് നേതൃത്വം നല്കി. ഗ്രാമ പഞ്ചായത്ത് അംഗം ദീപാ ഗോപകുമാര് അധ്യക്ഷത വഹിച്ചു.
കമ്മ്യൂണിറ്റി ഹാളില് നടന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കച്ചന് ആശാംപറമ്പില് അധ്യക്ഷത വഹിച്ചു. കഥാവതരണ മത്സരത്തില് വിജയികളായവര്ക്കുള്ള സമ്മാനദാനം ലൈബ്രറി മോണിറ്ററിങ്ങ് കൗണ്സില് അംഗം ഡോ.ജോണ്സണ് വി.ഇടിക്കുള നിര്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജയിന് മാത്യു, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റോസമ്മ ആന്റണി, ഗ്രാമ പഞ്ചായത്ത് അംഗം മിന്സി വര്ഗ്ഗീസ്, ദീപാ ഗോപകുമാര്, സൂപ്രണ്ട് സുഷമ ടി.ടി, ജേക്കബ് തോമസ്, വിദ്യ എ.കെ, ലൈബ്രേറിയന് പ്രകാശന്, അരുണ് തോമസ് എന്നിവര് പ്രസംഗിച്ചു.
കഥാവതരണ മത്സരത്തില് എല്.പി.വിഭാഗത്തില് സെന്റ് മേരീസ് എല്.പി. സ്കൂളും, യു.പി. വിഭാഗത്തില് ഹോളി ഏഞ്ചല് പബ്ലിക്ക് സ്കൂളും ,ഹൈസ്കൂള് വിഭാഗത്തില് സെന്റ് മേരീസ് ഹൈസ്കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂള് കോളജ് വിദ്യാര്ത്ഥികള്ക്ക് ഉപയോഗപ്രദമായ ധാരാളം റഫറന്സ് ഗ്രന്ഥങ്ങള് അടങ്ങിയ എടത്വാ പബ്ലിക്ക് ലൈബ്രറിയുടെ സമയം രാവിലെ 10 മുതല് വൈകുന്നേരം 6 വരെയാണ്.
സ്കൂള് കോളജ് വിദ്യാര്ത്ഥികളില് വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന പരിപാടികള് സംഘടിപ്പിക്കുന്നതിനും വായനശാലയിലേക്ക് കൂടുതല് പുസ്തക ശേഖരം ലഭ്യമാക്കാനും ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില് നിന്നും തുക നീക്കി വെച്ചിട്ടുള്ളതായി പ്രസിഡന്റ ടെസി ജോസ് അറിയിച്ചു.
യുവനടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന കണ്ടെത്താൻ നടൻ ദിലീപ്, സഹായി അപ്പുണ്ണി, സംവിധായകൻ നാദിർഷാ എന്നിവരെ കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) സാന്നിധ്യത്തിൽ ചോദ്യം ചെയ്യാൻ നീക്കം. ഇതിനായി വിശദമായ ചോദ്യാവലി അന്വേഷണ സംഘം തയാറാക്കി. ഇതിനു മുന്നോടിയായി ദിലീപിന്റെ സഹോദരൻ അനൂപ്, നടനായ ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തു.
നാദിർഷായുടെ അവസാന ചിത്രത്തിന്റെ ലൊക്കേഷനിൽ ധർമ്മജനും സുനിലും തോളിൽ കൈയിട്ട് ഇരിക്കുന്ന ചിത്രം കാണിച്ചാണു ചോദ്യം ചെയ്തത്. സുനിലുമായി വ്യക്തിപരമായ അടുപ്പമില്ലെന്നും ലൊക്കേഷനുകളിൽ പലരും തനിക്കൊപ്പം ചിത്രം എടുക്കാറുണ്ടെന്നും ധർമ്മജൻ മൊഴി നൽകി. ജയിലിനുള്ളിൽ നിന്നു സുനിൽ അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചു സംസാരിച്ചത് ആരോടാണെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോൺവിളികളുടെ ചില വിശദാംശങ്ങൾ പൊലീസ് അനൂപിനോടും ചോദിച്ചു മനസിലാക്കി. കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി സുനിലിനെ കോടതി അഞ്ചു ദിവസത്തേക്ക് ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ക്വട്ടേഷന് നല്കിയത് ആരാണെന്ന് വെളിപ്പെടുത്തിയതിനാണ് താനിപ്പോള് അനുഭവിക്കുന്നതെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി പള്സര് സുനി. മരണമൊഴിയെടുക്കാന് താന് മജിസ്ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ഫോപാര്ക്ക് സ്റ്റേഷനില് എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ട കേസില് പൊലീസ് ഒരാളെ കൂടി കസ്റ്റഡിയില് എടുത്തിട്ടുണ്ട്. കോട്ടയം സ്വദേശിയായ സുനിയെയാണ് പൊലീസ് പിടികൂടിയത്. ജയിലില് കേസിലെ മുഖ്യപ്രതിയായിരുന്ന പള്സര് സുനിക്ക് ഫോണ്വിളിക്കുളള സൗകര്യം ഒരുക്കികൊടുത്തത് സഹതടവുകാരനായ സുനിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്. ഇതിനെ തുടര്ന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയില് എടുക്കുന്നതും. അതേസമയം കേസിലെ മുഖ്യപ്രതിയായ പള്സര് സുനി ജയിലില് നിന്നും ഫോണ് വിളിച്ചെന്ന കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നടന് നാദിര്ഷായെയും ദിലീപിന്റെ മാനെജര് അപ്പുണ്ണിയെയും ഫോണില് വിളിച്ചെന്നാണ് പള്സര് പൊലീസിനോട് അറിയിച്ചത്. പണത്തിനായിട്ടാണ് ഫോണ് വിളിച്ചതെന്ന് സമ്മതിച്ച സുനി കത്തിലെ വിവരങ്ങളും പൊലീസിനോട് സമ്മതിച്ചു. അപ്പുണ്ണിയെ ആദ്യം വിളിച്ചത് മൊബൈല് ഫോണില് നിന്നല്ലെന്നും സുനി മൊഴി നല്കിയതായിട്ടാണ് വിവരം. കൂടുതല് വ്യക്തതയ്ക്കായി പൊലീസ് നാദിര്ഷാ, അപ്പുണ്ണി, പള്സര് സുനി എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും. ഇന്നുതന്നെ ഈ ചോദ്യം ചെയ്യല് ഉണ്ടാകുമെന്നാണ് അറിയുന്നത്. അഞ്ചുദിവസത്തെ കസ്റ്റഡിയിലാണ് പള്സര് സുനിയെ അന്വേഷണ സംഘത്തിന് കോടതി കഴിഞ്ഞ ദിവസം വിട്ടുനല്കിയത്.
നടിയാക്രമിക്കപ്പെട്ട കേസില് ദിലീപിനേയും നാദിര്ഷയേയും രണ്ടാംവട്ടം പോലീസ് ചോദ്യം ചെയ്യുമ്പോള് ചോദ്യങ്ങള് തയാറാക്കിരിക്കുന്നത് മനശാസ്ത്രജ്ഞരാണെന്ന് റിപ്പോര്ട്ട്. കേരളത്തിലെ പ്രശസ്തരായ ഒരു കൂട്ടം മനശാസ്ത്രജ്ഞരെ ആലുവ പോലീസ് ക്ലബ്ബിലേയ്ക്കു വിളിച്ചു വരുത്തിട്ടുണ്ട് എന്നും സൂചനയുണ്ട്. എന്നാല് ഇക്കാര്യത്തില് അന്തിമ തീരുമാനമായിട്ടില്ല.
മനശാസ്ത്രപരമായ സമീപനം സാധാരണ പോലീസ് കൈകൊള്ളാറുണ്ട്. മനശാസ്ത്രപരമായ സമീപനത്തിലൂടെ അവര് മറച്ചുവയ്ക്കുന്ന രഹസ്യങ്ങള് പുറത്തുവരുമെന്നതിനാലാണു പോലീസ് അങ്ങനെ ചെയ്യുന്നത്. ക്രിമിനല് സ്വഭാവമുള്ള പ്രതികളെ ചോദ്യം ചെയ്യുമ്പോള് പോലീസ് ഈ സമീപനം സാധാരണ കൈകൊള്ളറുണ്ട്
കൊച്ചിയില് ആക്രമിക്കപ്പെട്ട നടിയെ ഇര എന്ന് മാധ്യമങ്ങള് വിശേഷിപ്പിക്കുന്നതിലെ വിഷമം പങ്കുവച്ച് നടിയുടെ സഹോദരന് രംഗത്ത്. സഹോദരിയുടെ മാനത്തിനുമേൽ ആ പദം കൂടുതൽ തീവ്രതയോടെ നിൽക്കുകയാണ് . മറ്റൊരുനാളും അനുഭവിക്കാത്ത വേദനയും ഇതിലൂടെ ഞങ്ങൾ ഇന്നനുഭവിക്കുന്നുണ്ടെന്നതും ഇവിടെ മറച്ചു വെക്കുന്നില്ലെന്നും പോസ്റ്റിലുണ്ട്.
പോസ്റ്റിന്റെ പൂര്ണ്ണ രൂപം വായിക്കാം
ഇന്നലെ ഉണ്ടായ ഒരു സംഭവമാണ് ഈ കുറിപ്പിനാധാരം . മാനുഷികതയുടെ നേർത്ത അതിർവരന്പ് പോലുമില്ലാതെ ഒരു മാധ്യമ പ്രവർത്തകൻ തങ്ങൾക്കു കിട്ടിയെന്നവകാശപ്പെടുന്ന ഒരു വാർത്ത അവതരിപ്പിക്കുന്നത് കണ്ടപ്പോഴാണ് ‘ ഇര ‘ എന്ന പദത്തിന് ഇത്രമാത്രം വേദനിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് . ഇതിനു മുൻപും അറിയപ്പെടുന്ന പല സംഘടനാപ്രതിനിധികളും ഈ പദത്തിനെ കേവലം ഒരു പദമായിമാത്രം കണ്ടുകൊണ്ട് സ്വതസിദ്ധമായ തന്റെ നർമ്മ ശൈലിയിൽ പല പ്രസ്താവനകളും ഇറക്കിയതും ഇവിടെ ഞാൻ ഓർത്തുപോവുകയാണ് . അഭിനയം ഒരു കലയാണ് . ആർക്കും എളുപ്പത്തിൽ ചെയ്യാൻ സാധിക്കാത്ത ഒന്ന് . അതുകൊണ്ടു തന്നെയാണ് വെള്ളിത്തിരയിലെ താരങ്ങൾ പകലിലും മിന്നും താരങ്ങളായത് . ഇര എന്ന പദം പണ്ടും എന്നെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു . ഒറ്റപ്പെടലും പരാജയവും കണ്ണീരും നീറ്റലുമെല്ലാം കൂടിച്ചേർന്ന് നിസ്സഹായതയുടെ ഒരു പരിവേഷമാണ് ആ പദം അന്നെന്നെ അനുഭവിപ്പിച്ചു തന്നിരുന്നത് . ഇപ്പോൾ സഹോദരിയുടെ മാനത്തിനുമേൽ ആ പദം കൂടുതൽ തീവ്രതയോടെ നിൽക്കുകയാണ് . മറ്റൊരുനാളും അനുഭവിക്കാത്ത വേദനയും ഇതിലൂടെ ഞങ്ങൾ ഇന്നനുഭവിക്കുന്നുണ്ടെന്നതും ഇവിടെ മറച്ചു വെക്കുന്നില്ല . എന്നാൽ ഒറ്റപ്പെടലിനും പരാജയത്തിനും കണ്ണീരിനും നീറ്റലിനുമെല്ലാം മീതെ ധൈര്യം ചങ്കൂറ്റം തന്റേടം അഭിമാനം എന്നീ അർത്ഥതലങ്ങൾ കൂടി ഈ വാക്കിനുണ്ടെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു . എന്നാൽ ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോകുന്ന ഒരു വ്യക്തിയേയും കുടുംബത്തേയും മുന്നെങ്ങുമില്ലാത്ത വിധം ഈ പദം വേട്ടയാടുമെന്നുള്ള തിരിച്ചറിവോടു കൂടിയുമാണ് ഇപ്പോൾ ഞാനിതെഴുതുന്നത് . അതുകൊണ്ടു പറയുകയാണ് ഈ പദത്തിന് ബദലായി ആരേയും വേദനിപ്പിക്കാത്തൊരു പദം മാധ്യമലോകത്തിന് കണ്ടെത്താനായാൽ ഒരുപാടുപേരെ അതാശ്വസിപ്പിക്കും . മാനുഷികതയും സാമൂഹ്യപ്രതിബദ്ധതയും ഉറപ്പു നൽകുന്നതാണ് മാധ്യമ പ്രവർത്തനം എന്ന് ഒരു മാധ്യമപ്രവർത്തകൻ കൂടിയായിരുന്ന ഞാൻ ഇന്നും വിശ്വസിക്കുന്നു . മാധ്യമ സുഹൃത്തുക്കളോട് ഞാനിത് പറയുവാനുള്ള കാരണം നിങ്ങൾക്കാണ് ഏറ്റവും എളുപ്പത്തിൽ ജനങ്ങളുടെ മനസ്സിലേക്ക് കയറിച്ചെല്ലാൻ സാധിക്കുന്നത് എന്നതു കൊണ്ടാണ് . വിശ്വാസപൂർവ്വം നിറുത്തട്ടെ .
കെഎസ്ആര്ടിസി ബസ് നിയന്ത്രണം വിട്ട് റാഡിരികിലെ ബിഎസ്എന്എല് പോസ്റ്റിലിടിച്ചതിനെ തുടര്ന്ന് പരസ്യബോര്ഡിന്റെ കമ്പി കഴുത്തില് തുളച്ചുകയറി യാത്രക്കാരി തല്ക്ഷണം മരിച്ചു.
ചെമ്പേരി കംബ്ലാരിയിലെ പരേതനായ ഇലവുങ്കല് മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ(58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50 ന് തളിപ്പറമ്പ് ആലക്കോട് റോഡില് ടാഗോര് വിദ്യാനികേതന് സമീപത്തായിരുന്നു അപകടം.
എതിരെ അമിതവേഗതയില് വന്ന നാഷണല്പെര്മിറ്റ് ലോറിയില് ഇടിക്കാതിരിക്കാന് ബസ് വെട്ടിച്ചപ്പോള് നിയന്ത്രണം വിട്ട് റോഡിരികിലെ ബിഎസ്എന്എല് പോസ്റ്റിലിടിക്കുകയായിരുന്നു.
ഇതിനടുത്ത കടയുടെ പരസ്യബോര്ഡ് പിടിപ്പിച്ച കമ്പി ബസിന്റെ ഷട്ടര് തുളച്ച് മുന്ഭാഗത്തെ സീറ്റിലിരിക്കുകയായിരുന്ന ത്രേസ്യാമ്മയുടെ കഴുത്തിലൂടെ തുളച്ചുകയറി മറുവശത്തേക്ക് കടന്നു. തല്ക്ഷണം മരണം സംഭവിച്ചു.
കരുവഞ്ചാല് സ്വദേശിനിയായ ത്രേ്യസ്യാമ്മ ചെമ്പേരി ലൂര്ദ്ദ് മാതാ ഫൊറോന ദേവാലയത്തിലെ ശുചീകരണ തൊഴിലാളിയാണ്. ഇടുക്കി നെടുങ്കണ്ടത്ത് അസുഖമായി കിടക്കുന്ന മൂത്ത സഹോദരിയെ കാണാന് പോകുകയായിരുന്നു.
ഇവരുടെ കൂടെ അനുജത്തി തങ്ക, സഹോദരങ്ങളായ സ്കറിയ, കുഞ്ഞൂഞ്ഞ് എന്നിവരും ഉണ്ടായിരുന്നു. ഇന്നലെ രാത്രി കരുവഞ്ചാലിലെ വീട്ടില് വന്ന് താമസിച്ച് കെഎസ്ആര്ടിസിയുടെ പൊന്കുന്നത്തേക്കുള്ള കെഎല്15 എ 1214 ബസിന് കയറിയതായിരുന്നു മരിച്ച ത്രേസ്യാമ്മ. മൃതദേഹം പരിയാരം മെഡിക്കല് കോളജ് മോര്ച്ചറിയില്
മലപ്പുറത്ത് മൃതദേഹം മൂന്ന് മാസം സംസ്കരിക്കാതെ വീട്ടില് സൂക്ഷിച്ചു. മലപ്പുറം കുളത്തൂരാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ജീവൻ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മയും മക്കളും ചേർന്ന് മൃതദേഹം ചാക്കിൽ കെട്ടി സൂക്ഷിച്ചതെന്നാണ് വിവരം. വാഴങ്ങള് സെയ്ദിന്റെ മൃതദേഹമാണ് ജീവൻ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഭാര്യയും മക്കളും സൂക്ഷിച്ചത്.
ദുര്മന്ത്രവാദത്തിന്റെ ഭാഗമായാണ് മൃതദേഹം സൂക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളും നാട്ടുകാരും ചേര്ന്ന് മൃതദേഹം സൂക്ഷിച്ചതായി സംശയം പ്രകടിപ്പിച്ചതിനെ തുടര്ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. പ്രായപൂര്ത്തിയായ രണ്ട് മക്കളും ഭാര്യയും അയല്ക്കാരുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
മാസങ്ങളായി സെയ്ദിനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. തുടര്ന്നാണ് അയല്ക്കാര് സംശയം പ്രകടിപ്പിച്ചു. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില് വീട്ടില് നിന്നും മൃതദേഹം കണ്ടെത്തിയത്. പുറത്തുളള ആര്ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച സംഭവത്തിൽ ഹാസ്യതാരം ധർമ്മജനെയും ദിലീപിന്റെ അനുജനെയും
പൊലീസ് വിളിച്ചു വരുത്തി. നടിയെ ആക്രമിച്ച കേസിൽ മൊഴി എടുക്കാനാണ് വിളിച്ചു വരുത്തിയത്. അന്വേഷണ സംഘം വിളിപ്പിച്ചിട്ടാണ് താൻ വന്നത് എന്ന് ധർമ്മജൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്ന ആലുവ പൊലീസ് ക്ലബിൽ വച്ചാണ് ധർമ്മജന്റെ മൊഴി എടുത്തത്.
ചോദ്യം ചെയ്യാന് വിളിച്ചതില് അസ്വഭാവികതയൊന്നുമില്ലെന്ന് നടന് ധര്മജന് ബോള്ഗാട്ടി പ്രതികരിച്ചു. പള്സര് സുനിയുടെ ഫോട്ടോ കാണിച്ച് പരിചയമുണ്ടോയെന്ന് ചോദിച്ചുവെന്നും ധര്മജന് പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. തനിക്ക് സുനിയെ പരിചയമില്ലെന്നും ഒരുപാട് പേര് തന്നോടൊപ്പം ഷൂട്ടിംഗ് സെറ്റുകളില് നിന്നടക്കം ഫോട്ടോ എടുക്കാറുണ്ടെന്നും ധര്മജന് പറഞ്ഞു. ചില ഫോട്ടോകള് കാണിച്ച് പരിചയമുണ്ടോയെന്നും തന്റെ ഷൂട്ടിംഗ് സെറ്റുകളില് സുനി വന്നിട്ടുണ്ടോയെന്നും ചോദിച്ചതായി ധര്മജന് പറഞ്ഞു.
ദിലീപിന്റെ അനുജനായ അനൂപിനെയും പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഇവരിൽ നിന്ന് മൊഴി എടുക്കുന്നുണ്ട്. ഇന്നലെ നടന്ന പൊലീസിന്റെ ഉന്നതതല യോഗത്തിന് ശേഷമാണ് ഇവരെ വിളിച്ച് വരുത്താൻ പൊലീസ് തീരുമാനിച്ചത്.
സിക്കിം അതിർത്തിയിലെ ദോക്ലാമിൽ നിന്ന് ഇന്ത്യൻ സൈന്യം പിന്മാറിയില്ലെങ്കിൽ ശക്തമായ സൈനിക നടപടിയുമായി ചൈന മുന്നോട്ട് പോകുമെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട്. ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ് ഇന്ത്യയെ ഏറ്റവും കയ്പേറിയ പാഠം പഠിപ്പിക്കണമെന്നും തങ്ങളുടെ എഡിറ്റോറിയലിൽ പറഞ്ഞിട്ടുണ്ട്.
സൈനിക നടപടിയുമായി ചൈന മുന്നോട്ട് പോയാൽ 1962 ലേതിനേക്കാൾ കനത്ത നഷ്ടം ഇന്ത്യയ്ക്കുണ്ടാകും. ഇത് ഒഴിവാക്കണമെങ്കിൽ ഇന്ത്യ അതിർത്തിയിൽ നിന്ന് പിന്മാറണമെന്നാണ് ചൈനയുടെ ആവശ്യം.
ഇന്ത്യ അതിർത്തി കടന്ന് നടത്തുന്ന അധിനിവേശത്തിൽ ചൈനയിലെ ജനങ്ങൾ രോഷാകുലരാണെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നുണ്ട്. “ചൈനയുടെ അതിർത്തിക്കകത്ത് നിന്ന് ഇന്ത്യൻ സൈന്യത്തെ പുറത്താക്കാൻ ചൈനീസ് സേനയ്ക്ക് കരുത്തുണ്ട്. മാന്യതയോടെ ഇന്ത്യൻ സൈന്യം ചൈനയിൽ നിന്ന് പിന്മാറണം. അല്ലെങ്കിൽ ചൈന അടിച്ച് പുറത്താക്കും” ഗ്ലോബൽ ടൈംസിന്റെ എഡിറ്റോറിയൽ പറയുന്നു.
“ഇന്ത്യയെ നേരിടുന്ന കാര്യത്തിൽ സൈന്യത്തിന് പൂർണ്ണ അധികാരം നൽകണം. ചൈനീസ് സമൂഹം ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. രാജ്യം ഒറ്റക്കെട്ടായി നിന്നാൽ അത് സൈന്യത്തിന് കൂടുതൽ ശക്തമായി ആക്രമിക്കാനുള്ള മനക്കരുത്ത് നൽകും. ഇത്തവണ ന്യൂഡൽഹിയ്ക്ക് ഏറ്റവും കയ്പേറിയ പാഠമായിരിക്കണം ചൈന നൽകേണ്ടത്” എഡിറ്റോറിയൽ വിശദീകരിച്ചു.
ഇന്ത്യ എത്ര ശക്തമായ യുദ്ധത്തിനും സജ്ജരാണ് എന്ന സൈനിക മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനയാണ് ഗ്ലോബൽ ടൈംസിന്റെ മറുപടിക്ക് പിന്നിൽ. നേരത്തേ ഇന്ത്യ ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന പ്രകോപനപരമായ പ്രസ്താവനയ്ക്ക് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി ശക്തമായ മറുപടി നൽകിയിരുന്നു.
ജൂൺ ആറിന് സിക്കിമിൽ ശക്തമായ തർക്കം ആരംഭിച്ചപ്പോൾ മുതൽ ചൈനീസ് മാധ്യമങ്ങൾ പ്രകോപനപരമായ പ്രസ്താവനകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. ഭൂട്ടാൻ-ചൈന അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ ചെറുക്കാൻ ഇന്ത്യയാണ് ഭൂട്ടാന് സൈനിക സഹായം നൽകുന്നത്.