എടത്വാ: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ.റാം നാഥ് കോവിന്ദിന്റെ തിളക്കമാര്‍ന്ന വിജയത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ പ്രോഗ്രസീവ് ഫോറം അഭിനന്ദിക്കുകയും ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ഇ – മെയില്‍ അയച്ചു. റാം നാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ വന്‍ വിവാദങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നത്. എന്നാല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എന്‍.ഡി.എ പ്രഖ്യാപിച്ചത് തികച്ചും യോഗ്യനായ വ്യക്തിത്വത്തിനുടമയാണെന്ന് അദ്ദേഹത്തിന് ലഭിച്ച വന്‍ പിന്തുണ വ്യക്തമാക്കുന്നു.
പ്രഥമ പൗരന്‍ എന്ന നിലയില്‍ ഭരണഘടനയുടെ അന്തസത്ത കാത്ത സൂക്ഷിച്ച് മതേതരത്വം സംരംക്ഷിച്ച് ഇന്ത്യയുടെ യശസ്സ് ലോക രാഷ്ട്രങ്ങളുടെ നെറുകയില്‍ ഉയര്‍ത്തുവാന്‍ കഴിയണമെന്നും ആശംസിച്ചു. ഭരണകൂടങ്ങളുടെ കണ്ണുകള്‍ തുറക്കുവാനും അയല്‍ രാജ്യങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദത്തിലൂടെ സമാധാനം ഉണ്ടാക്കുവാനും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും അടിയന്തിര നടപടി ഉണ്ടാകണമെന്നും ആശംസാ സന്ദേശത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
തിരുവനന്തപുരം: നടി ആക്രമണത്തിന് ഇരയായ കേസില്‍ ദിലീപിനെ കുടുക്കിയതിനു പിന്നില്‍ പിണറായി വിജയനെതിരെ കോടിയേരി ബാലകൃഷ്ണന്‍ കളിച്ച കളിയാണെന്ന് പി.സി.ജോര്‍ജ്. കോടിയേരിയടക്കം മൂന്ന് പേരാണ് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ചാരക്കേസില്‍ കെ കരുണാകരനെതിരെ നടത്തിയത് പോലെ ആണ് ഇവിടെയും നടന്നതെന്നും ജോര്‍ജ് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍, എഡിജിപി ബി. സന്ധ്യ, ഒരു തിയേറ്റര്‍ ഉടമ എന്നിവരാണ് ഗൂഢാലോചന നടത്തിയതെന്ന് ജോര്‍ജ് ആരോപിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയേണ്ടി വരുമെന്നും പിസി ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതാണെന്നും അതിനു ശേഷം ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായമെന്ന് നേരത്തേ പിസി ജോര്‍ജ് ചോദിച്ചിരുന്നു.
പിണറായി വിജയനും നടനെ ഉപേക്ഷിച്ചുപോയ സ്ത്രീയും വേദി പങ്കിട്ടതിനു ശേഷമാണ് ഗൂഢാലോചന ഉയര്‍ന്നുവന്നതെന്നും ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുന്നുണ്ട്. അപ്പോഴൊന്നും ആരെയും സിന്ദാബാദ് വിളിക്കാന്‍ കണ്ടിട്ടില്ല. സിനിമാ നടിയെ ബലാല്‍സംഗം ചെയ്തപ്പോള്‍ മാത്രമാണ് സിന്ദാബാദ് വിളിക്കാന്‍ ആളുണ്ടായതെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയതിന് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിലേക്കടക്കം എത്തുന്നതിന് സഹായിച്ച ആ പാലക്കാട്ടുകാരന്‍ ഇപ്പോഴും കാണാമറയത്ത്. പൊലീസ് പേര് വെളിപ്പെടുത്താത്ത ആ പാലക്കാട്ടുകാരനാണ് പ്രധാനപ്പെട്ട പല വിവരങ്ങളും നല്‍കിയത്.
കൊച്ചിയിലെ സാധാരണ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ എറണാംകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യവേ ആണ് വിലപ്പെട്ട പല വിവരങ്ങളും ലഭിച്ചത്. എറണാംകുളത്ത് നിന്ന് കയറിയ ഒരു വനിതാ അഭിഭാഷക ഫോണിലൂടെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പല വിവരങ്ങളും ആരോടോ പറഞ്ഞത് കേട്ട ഇദ്ദേഹം ഉടന്‍ തന്നെ ഈ വിവരം ആലുവ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന് പൊലീസ് വനിതാ അഭിഭാഷകയെ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്യുകയുണ്ടായി. ഈ ചോദ്യം ചെയ്യലില്‍ നിന്നാണ് സുനിയെ കുറിച്ചും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ലഭിച്ചത്. പിന്നീടാണ് പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യുന്നത്. അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയും പാലക്കാട് സ്വദേശിയുടെ ഇടപെടലിനെ കുറിച്ച് പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയ്ക്ക് വേണ്ടി ആദ്യം ഹാജരായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ പോലീസിന് മൊഴി നല്‍കി.
മൊഴി നല്‍കാന്‍ നേരത്തെ ആലുവ പോലീസ് ക്ലബ്ബിലേക്ക് പ്രതീഷ് ചാക്കോയെ വിളിച്ചു വരുത്തിയിരുന്നു. പള്‍സര്‍ സുനി തന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചിരുന്നതായി പ്രതീഷ് ചാക്കോ പറഞ്ഞു.
അത് തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചു. അദ്ദേഹം അത് നശിപ്പിച്ചു കളഞ്ഞു എന്നാണ് പ്രതീഷ് ചാക്കോ പോലീസിനോട് പറഞ്ഞത്. കേസില്‍ സുപ്രധാന തെളിവ് നശിപ്പിച്ചുകളഞ്ഞതിനും അതിന് കൂട്ടുനിന്നതിനും പ്രതീഷ് ചാക്കോയ്ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ പുതിയ സാഹചര്യത്തില്‍ പോലീസ് ചുമത്തിയേക്കും.
തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ കൈവശം ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഏല്‍പ്പിച്ചുവെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. ഈ മൊബൈല്‍ ദിലീപിനെ ഏല്‍പ്പിക്കണമെന്നും താന്‍ അഭിഭാഷകനോട് പറഞ്ഞിരുന്നതായി സുനി മൊഴി നല്‍കിയിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നേരത്തെ പറഞ്ഞകേട്ട മാഡത്തിലേക്ക് അന്വേഷണം നീങ്ങുന്നതായി റിപ്പോര്‍ട്ട്.
ഒരു അഭിഭാഷകന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ മാഡത്തെക്കുറിച്ച് സൂചനയുണ്ട്. ഇത് സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ആണന്നാണ് സൂചന. ഈ മാഡത്തെക്കുറിച്ചാണ് അന്വേഷണം. ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ദിലീപിന്റെ അവിഹിത ഇടപാടുകളുടെ പണം കൈമാറ്റം ഇവരുടെ അക്കൗണ്ട് വഴിയാണെന്നാണ് സൂചന. കാക്കനാട്ട് താമസിക്കുന്ന നടിക്ക് ദിലീപുമായി അടുത്ത സൗഹൃദമുള്ളത് ഇവര്‍ തമ്മിലുള്ള പണമിടപാടുകളില്‍ നിര്‍ണായകമായെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദിലീപിന്റെ ഭാര്യ കാവ്യയുമായും ഈ നടിക്ക് അടുത്ത സൗഹൃദമുണ്ട്. ദിലീപിന്റെയും കാവ്യയുടെയും കല്യാണത്തില്‍ ഈ നടി ആദ്യാവസാനം സജീവമായുണ്ടായിരുന്നു.
ഇതെല്ലാം കണക്കിലെടുത്താണ് ഇവരെക്കുറിച്ച് കൂടുതലന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചത്. അന്വേഷണം പുരോഗമിച്ചതോടെയാണ് ദിലീപും നടിയും തമ്മിലുള്ള ഒരുപാട് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
ഫേസ്ബുക്കില്‍ പരിചയപ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടി താമസിച്ചവരികയായിരുന്ന യുവതി മരിച്ച നിലയില്‍. തേവലക്കര പടിഞ്ഞാറ്റിന്‍കര അനില ഭവനില്‍ അനില (27) ആണ് മരലിച്ചത്.
ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അനില പേരയം ഷീബാ കോട്ടേജില്‍ ജൂബിന്റെ (42) വീട്ടില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ പൊള്ളലേറ്റാണ് മരിച്ചത്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കരച്ചില്‍കേട്ട് നാട്ടുകാരാണ് കതക് ചവുട്ടിപ്പൊളിച്ച് അകത്തുകടന്നത്. മൃതദേഹം കത്തിക്കരിഞ്ഞനിലയിലായിരുന്നു.
വിദേശ ജോലിക്കാരനായ മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വര്‍ഷം മുന്‍പാണ് അനില വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രണയത്തോടെ ഒരു വര്‍ഷം മുമ്പ് അനില ജൂബിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരില്‍ ശാസ്താംകോട്ട പൊലീസിലും കുടുംബകോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്. അനില രണ്ടുമാസം ഗര്‍ഭിണിയായിരുന്നെന്നും പറയുന്നു.
കൊല്ലം തഹസില്‍ദാര്‍, കൊട്ടാരക്കര ഡിവൈ.എസ്.പി. കൃഷ്ണകുമാര്‍, കുണ്ടറ പോലീസ് ഇന്‍സ്പെക്ടര്‍ ജയകുമാര്‍, എസ്.ഐ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹപരിശോധനയ്ക്കായി കൊണ്ടുപോയി.
ശക്തമായ ഭൂകന്പത്തെ തുടർന്നു ഗ്രീക്ക് ദ്വീപായ കോസിൽ കുറഞ്ഞത് 100ഓളം പേര് മരിച്ചതായാണ് സൂചന. ഈജിയൻ കടലിലുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 6.7 തീവ്രതയുണ്ടായി. ഭൂകന്പത്തെ തുടർന്നു സുനാമിയുമുണ്ടായി. നഗരത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
കോസിന്‍റെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് 12 അകലെ തുർക്കിഷ് തീരത്തോട് ചേർന്നു ഭൂനിരപ്പിൽനിന്നു പത്തുകിലോമീറ്റർ ആഴത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുനാമിയുണ്ടായ പശ്ചാത്തലത്തിൽ തീരദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഐതിഹാസികം…ലോകചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നിഷ്കരുണം തകർത്ത് വിട്ട് ഇന്ത്യയുടെ പെൺപുലികൾ കിരീടപോരാട്ടത്തിന് അങ്കം കുറിച്ചു. 7 തവണ ലോകകപ്പ് കിരീടം ഉയർത്തിയിട്ടുള്ള കങ്കാരുപ്പടെയെ 36 റൺസിന് മുട്ടുകുത്തിച്ചാണ് മിഥാലിയും സംഘവും ഫൈനലിലേക്ക് മാർച്ച് ചെയ്തത്. വനിത ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ്ങ് പ്രകടനം പുറത്തെടുത്ത ഹർമ്മൻപ്രീത് സിങ്ങാണ് കങ്കാരുക്കളെ തരിപ്പണം ആക്കിയത്.
മഴമൂലം 42 ഓവറായി വെട്ടിച്ചുരിക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പേരുകേട്ട ഓസീസ് ബാറ്റിങ്ങ് നിരയെ 245 റൺസിന് എറഞ്ഞിട്ട് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ടീം വനിത ലോകകപ്പിന് യോഗ്യത നേടുന്നത്. 115 പന്തിൽ 171 റൺസ് എടുത്ത ഹർമ്മൻപ്രീത് സിങ്ങാണ് കളിയിലെ താരം.115 പന്തുകളിൽ നിന്ന് 171 റൺസാണ് ഹർമ്മൻപ്രീത് നേടിയത്. 20 ഫോറുകളും 7 കൂറ്റൻ സിക്സും അടങ്ങുന്നതായിരുന്നു ഹർമ്മൻപ്രീതിന്റെ തകർപ്പൻ ഇന്നിങ്ങ്സ്
ബാണാസുര സാഗർ അണക്കെട്ടിൽ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. ചെമ്പുകടവ് സ്വദേശി വട്ടച്ചോട് ബിനു (42)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ലഭിച്ചത്. കാണാതായ മറ്റു മൂന്നു പേരുടെതയും മൃതദേഹം കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയിരുന്നു.
ഇന്ന് രാവിലെ പടിഞ്ഞാറത്തറ എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ തീരത്തടിഞ്ഞ നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. പന്ത്രണ്ടാം മൈൽ പടിഞ്ഞാറേക്കുടിയിൽ വിൽസൺ (50), മണിത്തൊട്ടിൽ മെൽബിൻ (34),കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ കാട്ടിലടത്ത് സചിൻ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയിൽ നേരത്തെ കണ്ടെത്തിയത്. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹം ലഭിച്ചു.
ദിവസങ്ങളായി ഇവർക്കുവേണ്ടി നടത്തിയ തെരച്ചിലിനാണ് അവസാനമായത്. ഞായറാഴ്ച രാത്രിയിലാണ് ബാണാസുര സാഗർ ഡാമിന്റെ മഞ്ഞൂറ പന്ത്രണ്ടാം മൈലിലെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു പേർ നീന്തിരക്ഷപ്പെട്ടിരുന്നു.
2011 ല്‍ നിര്‍മ്മാതാവിന്റെ ഭാര്യയായ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം സുനി ഒറ്റയ്ക്കാണ് പദ്ധതിയിട്ടതെന്ന് പോലീസ്. നഗ്നദൃശ്യം പകര്‍ത്തി അതുപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യം. ഇതിന് പിന്നില്‍ ഒരു ക്വട്ടേഷനുമില്ല എന്നും പോലീസ്.
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടെംബോ ട്രാവലറില്‍ നടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് പണം തട്ടാനായിരുന്നു പള്‍സര്‍ സുനി പദ്ധതി തയാറാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച യുവനടി ട്രെയിനില്‍ ആ ദിവസം എത്തിയില്ല. അതേസമയം ട്രെയിനില്‍ വന്നിറങ്ങിയ പഴയകാല നടിയെ ഹോട്ടലിലേക്ക് എത്തിക്കുന്നതിനായി പുറപ്പെടുകയും വഴിതിരിച്ചുവിട്ടത് കണ്ട് നടി ഭര്‍ത്താവിനെ വിളിച്ചതോടെ പദ്ധതി പാളുകയായിരുന്നു.
പൊന്നുരുന്നിയിലെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ ഗൂഢാലോചന നടന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൊന്നുരുന്നിയിലെ ഡ്രൈവേഴ്‌സ് ക്ലബിലെ അംഗങ്ങളെയാണ് സുനി ഇതിനായി കൂട്ടുപിടിച്ചത്. ഈ കേസില്‍ അറസ്റ്റിലായ നാല് പ്രതികളേയും സുനിയേയും ഒന്നിച്ചിരുത്തി പോലീസ് അടുത്ത ദിവസം വിശദമായി ചോദ്യം ചെയ്യും.
കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സുനിയെ ചോദ്യം ചെയ്തു വരികയാണ്. നേരത്തേ റെയില്‍വേ സ്‌റ്റേഷന്‍, പൊന്നുരുന്നി, വൈറ്റില, റമദ റിസോര്‍ട്ട് എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഇവര്‍ ഇതിനായി ഉപയോഗിച്ച വാഹനം തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വിറ്റതായിട്ടാണ് വിവരം. അതേസമയം സുനി മുമ്പും ഇത് ചെയ്തിട്ടുണ്ടെന്നും ചിലരെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്‌ളാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബിജെപി നേതാക്കളുടെ അഴിമതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയയാറാകണമെന്ന് ആംആദ്മി പാര്‍ട്ടി. ഒരു മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിന് വേണ്ടി താന്‍ ബി.ജെ.പിയിലെ സമുന്നത നേതാവിന് 5കോടി 60 ലക്ഷം രൂപ കൊടുത്തു എന്ന് മെഡിക്കല്‍ കോളേജ് ഉടമ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അഴിമതി പണം ഒഴുകിയത് സംസ്ഥാന നേതാവായ എം.ടി രമേശിലൂടെയാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ അഴിമതി സംബന്ധിച്ച് ഉടന്‍ തന്നെ അനേഷണം ആരംഭിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് കള്ളപ്പണം കണ്ടുകെട്ടും എന്ന് വീമ്പടിച്ച് നോട്ട്പിന്‍വലിച്ചു കൊണ്ട് ഇന്ത്യക്കാരെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ നരേന്ദ്ര മോദിയുടെ ബി.ജെ.പി സര്‍ക്കാര്‍ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു. ഭരണം ഇല്ലാതിരുന്നിട്ടും കേരളത്തില്‍ അഞ്ച് കോടി അറുപത് ലക്ഷം രൂപയുടെ അഴിമതി ഒരു മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിന് വേണ്ടി നടത്തി എന്ന വിവരം പുറത്ത് വന്നതോടുകൂടി ബി.ജെ.പിയുടെ അഴിമതി വിരുദ്ധ മുഖമൂടി അഴിഞ്ഞു വീണിരിക്കുന്നു. ഇത്തരത്തില്‍ എത്ര അധികം അഴിമതികള്‍ കേരളത്തില്‍ നടന്നിട്ടുണ്ട് എന്ന് ഇനിയും തെളിയിക്കപ്പെടേണ്ടതാണുള്ളത്.
പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന അഴിമതി പാര്‍ട്ടിക്കകത്ത് മാത്രം അന്വേഷിച്ച് തീര്‍പ്പാക്കേണ്ടതാണെന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല. സി.പി.എം പോലുള്ള പാര്‍ട്ടികള്‍ പലപ്പോഴും അത്തരം നിലപാടാണ് എടുത്തത് എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പി ശശിയുടെ കാര്യത്തിലും ഏറ്റവും ഒടുവില്‍ എം.എം മണിയുടെ കാര്യത്തിലും പൊതു സമൂഹത്തോട് ചെയ്ത അനീതിക്ക് പാര്‍ട്ടി തലത്തില്‍ ശാസനയോ നടപടിയോ എടുത്തു എന്നത് കൊണ്ടു് കാര്യം അവസാനിക്കുന്നില്ല. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇടപെട്ട ആളുകളെ അത്തരത്തില്‍ കേവലം പാര്‍ട്ടി നടപടിയില്‍ ഒതുക്കാനാണ് സി.പി.എം ശ്രമിച്ചത്.ഈ സാഹചര്യത്തില്‍ അതേ വാദം ഉന്നയിക്കുകയാണ് ബി.ജെ.പി എന്നോര്‍ക്കുക.
അഴിമതി സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. അതിന് ഇന്ത്യന്‍ ശിക്ഷ നിയമം പ്രകാരവും അഴിമതി നിരോധനനിയമ പ്രകാരവും രാഷ്ട്രിയ നേതാക്കള്‍ ശിക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ ആര്‍ജവം കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
അല്ലാത്തപക്ഷം ശക്തമായ സമരത്തിന് ആം ആദ്മി പാര്‍ട്ടി തയ്യാറാകുന്നതാണ്.