Latest News

നാലുവർഷ ബിരുദം 75 ശതമാനം മാർക്കോടെ ജയിച്ചവർക്ക് ഇനിമുതൽ നെറ്റ് പരീക്ഷയ്ക്കും പിഎച്ച്.ഡി.ക്കും അപേക്ഷിക്കാം. ഇവർക്ക് ജെ.ആർ.എഫ്. ഇല്ലാതെതന്നെ പിഎച്ച്.ഡി. നേടാനാകുമെന്നും യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു.

നിലവിൽ നെറ്റ് പരീക്ഷയ്ക്ക് 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദമായിരുന്നു യോഗ്യത. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുപകരം ഓഫ്‌ലൈൻ മോഡിലാണ് ഈവർഷത്തെ പരീക്ഷ നടത്തുന്നത്. എല്ലാ വിഷയങ്ങൾക്കുമുള്ള പരീക്ഷ ജൂൺ 16-ന് നടത്തും.

സംവരണവിഭാഗത്തിലെ വിദ്യാർഥികൾക്ക് മാർക്കിൽ അഞ്ചുശതമാനത്തിന്റെ ഇളവ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നെറ്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച തുടങ്ങി. മേയ് പത്താണ് അവസാന തീയതി.

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തിജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. കേരളത്തോടുചേർന്നുള്ള കോയമ്പത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാർ ഉൾപ്പെടെ 12 ചെക്പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും നിരീക്ഷണം ശക്തമാക്കിയത്. വാഹനങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പു വൃത്തങ്ങൾ അറിയിച്ചു. പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ട ആറന്മുള നിയോജക മണ്ഡലത്തില്‍ കള്ളവോട്ടു നടന്നെന്ന എല്‍ഡിഎഫിന്റെ പരാതിയില്‍ മൂന്ന് പോളിംങ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് പോളിങ് ഓഫിസര്‍മാരെയും ബിഎല്‍ഒയെയുമാണ് സസ്‌പെന്‍ഡു ചെയ്തത്. ബിഎല്‍ഒ അമ്പിളി ദേവി, പോളിങ് ഓഫിസര്‍മാരായ ദീപ, കല എസ്. തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

മരിച്ചയാളുടെ വോട്ട് മരുമകള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. കള്ളവോട്ട് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഈ വോട്ട് അസാധുവായി കണക്കാക്കും. ആറു വര്‍ഷം മുന്‍പ് മരിച്ചുപോയ അന്നമ്മ എന്നയാളുടെ വോട്ട് മരുമകള്‍ അന്നമ്മ രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ട് അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടര്‍ വ്യക്തമാക്കി. എന്നാല്‍ സീരിയല്‍ നമ്പര്‍ മാറിപ്പോയതാണെന്നും അബദ്ധവശാല്‍ വോട്ടു മാറി ചെയ്തതാണെന്നുമാണ് അന്നമ്മയുടെ വീട്ടുകാരും യുഡിഎഫും പ്രതികരിക്കുന്നത്.

തൃശ്ശൂർ പോലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി. പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയത്തുടർന്നാണ് നടപടി. തിര‍ഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക. അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്.

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ വിശദമായി അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആൾവരവിനും തടസ്സമാകുംവിധം റോഡ് തടഞ്ഞപ്പോൾ പൂരം ചടങ്ങുമാത്രമാക്കാൻ ദേവസ്വം തീരുമാനിച്ചിരുന്നു. പോലീസിന്റെ നിലപാടിനെതിരേ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് കടുത്ത തീരുമാനമെടുത്തത്.

പോലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ വെടിക്കെട്ടുസ്ഥലത്തുനിന്ന്‌ ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തർക്കത്തിനിടയാക്കിയിരുന്നു. പൂരത്തിന് ആനകൾക്ക് നൽകാൻ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണർ അങ്കിത് അശോകൻ തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ‘എടുത്തു കൊണ്ട് പോടാ പട്ട’ എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം ഇറങ്ങാൻ കഴിയാതെ കരിപ്പൂരിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കരിപ്പൂരിൽ തിരിച്ചെത്തിയത്. ദുബായിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടർന്ന് വിമാനത്താവളത്തിൽ വെള്ളം കയറിയതാണ് പ്രശ്നമായത്.

കരിപ്പൂരിൽനിന്ന് വ്യാഴാഴ്ച രാത്രി എട്ടിനാണ് വിമാനം പുറപ്പെട്ടത്. ദുബായിൽ ഇറക്കുക അസാധ്യമായതിനാൽ മസ്കറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. അവിടെനിന്ന് ഇന്ധനം നിറച്ച് തിരിച്ചുപറത്തിയ വിമാനം വെള്ളിയാഴ്ച പുലർച്ചെ 4.45-ന് കരിപ്പൂരിലെത്തി. 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ പിന്നീട് വീടുകളിലേക്കുതന്നെ മടങ്ങി.

യാത്രക്കാരെ റാസൽഖൈമയിലെത്തിക്കാൻ സൗകര്യമൊരുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചെങ്കിലും ഇപ്പോഴും യാത്ര അനിശ്ചിതത്വത്തിലാണ്. ടിക്കറ്റ് റീഫണ്ട് നൽകാൻ തയ്യാറാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ അത്യാവശ്യമായി യു.എ.ഇ.യിൽ എത്തേണ്ടവർ പ്രതിസന്ധിയിലാണ്.

കനത്ത മഴയെത്തുടർന്ന് റൺവേയിൽ വെള്ളംകയറി ദുബായ് വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 1244 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 41 വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടു.

കഴക്കൂട്ടത്ത് ജന്മദിനാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നിലഗുരുതരമാണ്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ദേശീയപാതയിൽ ടെക്നോ പാർക്കിന് എതിർവശത്ത് ബി. സിക്സ് ബിയർ പാർലറിൽ കഴിഞ്ഞ ദിവസം 11.30ഓടെയായിരുന്നു സംഘർഷം ഉണ്ടായത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.

ഒരു സംഘം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ബി. സിക്സ് പാർലറിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് മറ്റൊരു സംഘം ഇവിടെ എത്തിച്ചേരുകയും ഇരുസംഘങ്ങളും തമ്മിൽ പരസ്പരം തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. അഞ്ചുപേരിൽ ഒരാളുടെ പരിക്ക് അത്ര സാരമുള്ളതല്ല. രണ്ടു പേരുടെ നില ഗുരുതരമാണ്. കുത്തേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിഷയത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ചെറിയ വാക്കുതർക്കത്തിൽ രൂപപ്പെട്ട സംഘർഷം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് പോലീസ് എത്തുന്നതിന് മുമ്പേ അക്രമി സംഘം ഇവിടെ നിന്ന് ഓടിപ്പോയിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ആയിരങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ലണ്ടൻ മിനി മാരത്തോണിലെ മലയാളികളായ മിന്നും താരങ്ങളാണ് ഈ സഹോദരിമാർ. സ്പോർട്സിൽ തല്പരരായ ഇവരുടെ തുടർച്ചയായ മൂന്നാമത്തെ മാരത്തോൺ ആണിത്. ലണ്ടണിലെ മെയിൻ ലാൻഡ് മാർക്കായ ലണ്ടൻ ഐ, ബിങ്കു ബെൻ, പാർലിമെന്റ്, ബക്കിങ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്ററിലാണ് എല്ലവർഷവും ഈ മാരത്തോൺ നടക്കുന്നത്.

ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരായ ഇവരുടെ മതാപിതാക്കൾ ആരോഗ്യ മേഖലയിൽ ജീവനക്കാരായ ചാലക്കുടി സ്വദേശികളായ ഷീജോ മൽപ്പാനും, സിനി ഷീജോയും ആണ്. ഷീജോ മൽപ്പാൻ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്‌മയായ ചാലക്കുടി ചങ്ങാത്തം മുൻ പ്രസിഡന്റും, സിനി ലണ്ടൻ ബാർട്ട്സ് എൻ എച്ച് എസ് ട്രസ്റ്റിലെ ഡയബടീസ് ക്ലിനിക്കൽ നേഴ്സ് സ്പെഷ്യലിസ്റ്റ് ആണ്.

വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്മയിൽ ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് വെട്ടേറ്റു. ഇവരിൽ 2 പേരുടെ നില ​ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് പത്ത് മണിയോടെ സജ്‌നയുടെ വീട്ടിലെത്തി. ആദ്യം വെട്ടുകത്തി കൊണ്ട് സജ്‌നയെ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഈ സമയം പിതാവ് റാഷുദീനും സഹോദരീഭര്‍ത്താവ് ബിനുവും ഓടിയെത്തി കത്തി പിടിച്ചുമാറ്റി. പ്രതിയുടെ കയ്യില്‍ മൂര്‍ച്ചയേറിയ മറ്റൊരു ആയുധം കൂടിയുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് സജ്നയുടെ മാതാവ് നിർമലയുൾപ്പെടെ നാല് പേരെയും രഞ്ജിത്ത് ആക്രമിച്ചത്.

ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കാരാഴ്മ സ്വദേശികളായ റാഷുദീൻ മകൾ, സജ്ന, മാതാവ് നിർമല എന്നിവരടക്കം അഞ്ച് പേർക്കാണ് പരുക്കേറ്റത്. സജ്‌നയുടെ ഭര്‍ത്താവ് മരിച്ചതിന് ശേഷം പുനര്‍ വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബം പ്രതി രഞ്ജിത്തിനെ പരിചയപ്പെടുന്നത്. എന്നാല്‍ ഇയാളുടെ സ്വഭാവദൂഷ്യം മനസിലായതോടെ റാഷുദീനും മകളും വിവാഹത്തില്‍ നിന്ന് പിന്മാറി.

അതേസമയം പ്രതി ഇവരുടെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശനം പതിവായിരുന്നു. ഇതിനിടെ സജ്‌ന കുവൈറ്റില്‍ നഴ്‌സിങ് ജോലിക്കായി പോയി. രണ്ട് വര്‍ഷത്തിന് ശേഷം ഇന്നലെ സജ്‌ന നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ താനുമായുള്ള വിവാഹത്തിന് സജ്നയും വീട്ടുകാരും തയ്യാറല്ലെന്ന് അറിഞ്ഞതോടെ പ്രതി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രി ബി.ജെ.പി.ക്കൊപ്പം നിന്ന് രാഹുലിനെ ആക്രമിക്കുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

രാഹുൽ ​ഗാന്ധി അനീതിക്കെതിരെ ശബ്ദമുയർത്തുന്നു. ജനാധിപത്യത്തിന് വേണ്ടി അദ്ദേഹം നിലകൊള്ളുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി മാത്രം രാഹുലിനെ ലക്ഷ്യംവയ്ക്കുന്നു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവർ ടീമിലുണ്ടെങ്കിൽ മത്സരങ്ങൾ ജയിക്കാനാവില്ല. കേരളത്തിലെ മുഖ്യമന്ത്രി സമാനമായ രീതിയിൽ ഒളിച്ചുകളിക്കുന്ന വ്യക്തിയാണ്. അദ്ദേഹം കോൺ​ഗ്രസിനെതിരേയും രാഹുലിനെതിരേയും ആഞ്ഞടിക്കും. ഒരിക്കലും ബി.ജെ.പിയെ കുറ്റപ്പെടുത്തില്ല.

ലൈഫ് മിഷൻ മുതൽ സ്വർണക്കടത്ത് വരെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ പിണറായി വിജയനെതിരെ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, ഒരിക്കൽ പോലും മോദി സർക്കാർ അദ്ദേഹത്തിനെതിരേ നടപടിയെടുത്തിട്ടില്ല. കൊടകര കള്ളപ്പണക്കേസും പ്രിയങ്കാ ​ഗാന്ധി ചൂണ്ടിക്കാട്ടി. ‘കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കോടിക്കണക്കിന് രൂപയുമായി പിടികൂടി. വിഷയത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല’ -അവർ ആരോപിച്ചു.

രാജ്യത്ത് സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്ന സാഹചര്യങ്ങളിൽ കുറ്റവാളികളെ സംരക്ഷിക്കാനാണ് കേന്ദ്രവും കേരളവും ശ്രമിക്കുന്നുത്. വാളയാറിലും, വണ്ടിപ്പെരിയാറിലും നാം ഇത് കണ്ടതാണ്. മണിപ്പുരിൽ ജവാന്റെ ഭാര്യ അപമാനിക്കപ്പെട്ടപ്പോൾ സർക്കാർ അവരോടൊപ്പം നിന്നില്ല. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ മാലയിട്ട് സ്വീകരിക്കാനാണ് ബി.ജെ.പി തയ്യാറായതെന്നും പ്രിയങ്ക ആരോപിച്ചു.

പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാല് മണിക്കൂർ വൈകി ആരംഭിച്ചു. ആദ്യം പാറമേക്കാവിന്‍റെയും തുടർന്ന് തിരുവമ്പാടിയുടെയും വെടിക്കെട്ടാണ് നടന്നത്. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്.

പോലീസിന്‍റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടെന്നും എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപി അടക്കമുള്ളവർ രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലെത്തിയിരുന്നു.

വെടിക്കെട്ടിന് 40 പണിക്കാരെ മാത്രമേ ഉപയോഗിക്കാനാകൂവെന്ന നിർദേശം പ്രതിഷേധത്തിനിടയാക്കി. കമ്മിറ്റിക്കാരെ ഇവിടേക്ക് കടത്തിവിടില്ലെന്നും പോലീസ് അറിയിച്ചിരുന്നു. പ്രതിഷേധ സൂചകമായി തിരുവമ്പാടിയുടെ നായ്ക്കനാൽ, നടുവിലാൽ കാഴ്ചപ്പന്തലുകളുടെ ലൈറ്റ് അണച്ചു.

വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ റോഡ് അടച്ച് പോലീസ് ആളുകളെ തടഞ്ഞതും തര്‍ക്കത്തിനിടയാക്കി. ഇത് സംബന്ധിച്ച് പോലീസ് കമ്മീഷണർ അങ്കിത് അശോകും ദേശക്കാരും തമ്മിൽ തർക്കമുണ്ടായി.

വെടിക്കെട്ടിന് പോലീസ് രാജെന്ന് തിരുവമ്പാടി വിഭാഗം ആരോപിച്ച് രാത്രിപൂരത്തിന്റെ പഞ്ചവാദ്യവും നിർത്തിവെച്ചു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെയാണ് രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടര്‍ന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു.

RECENT POSTS
Copyright © . All rights reserved