നാലുവർഷ ബിരുദം 75 ശതമാനം മാർക്കോടെ ജയിച്ചവർക്ക് ഇനിമുതൽ നെറ്റ് പരീക്ഷയ്ക്കും പിഎച്ച്.ഡി.ക്കും അപേക്ഷിക്കാം. ഇവർക്ക് ജെ.ആർ.എഫ്. ഇല്ലാതെതന്നെ പിഎച്ച്.ഡി. നേടാനാകുമെന്നും യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു.

നിലവിൽ നെറ്റ് പരീക്ഷയ്ക്ക് 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദമായിരുന്നു യോഗ്യത. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുപകരം ഓഫ്‌ലൈൻ മോഡിലാണ് ഈവർഷത്തെ പരീക്ഷ നടത്തുന്നത്. എല്ലാ വിഷയങ്ങൾക്കുമുള്ള പരീക്ഷ ജൂൺ 16-ന് നടത്തും.

സംവരണവിഭാഗത്തിലെ വിദ്യാർഥികൾക്ക് മാർക്കിൽ അഞ്ചുശതമാനത്തിന്റെ ഇളവ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നെറ്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച തുടങ്ങി. മേയ് പത്താണ് അവസാന തീയതി.