Latest News

കണ്ണൂര്‍: കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാഗമായുള്ള ഹൃദയാലയയില്‍ പ്രവേശിപ്പിച്ചു. നേരത്തെ പരിയാരം ഹൃദയാലയയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അതിന്റെ തുടര്‍ചികിത്സകളുടെ ഭാഗമായാണ് വീണ്ടും ജയരാജനെ ഹൃദയാലയയില്‍ പ്രവേശിപ്പിച്ചത്.
കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയാക്കി കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പിന്നാലെയാണ് പി ജയരാജനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച ഹര്‍ജി മൂന്നാം തവണയും കോടതി തള്ളിയതിനു പിന്നാലെ ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത് അറസ്റ്റില്‍ നിന്നു രക്ഷപ്പെടുത്താനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം : തനിക്കെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസന്‍. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാര്‍ തന്നെ മര്‍ദ്ദിച്ചത്. താന്‍ പ്രകോപനപരമായ യാതൊരു പരാമര്‍ശങ്ങളും നടത്തിയിട്ടില്ല. മര്‍ദ്ദനമേറ്റശേഷവും താന്‍ അവരോട് സ്‌നേഹപൂര്‍വമാണ് പെരുമാറിയത്. ഇപ്പോഴത്തെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശ്രീനിവാസന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന് എത്തിയ ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് കരണത്തടിച്ചു വീഴ്ത്തിയ സംഭവമാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. സമരം ചെയ്യുന്ന പ്രവര്‍ത്തകരെ മോശം വാക്കുകള്‍ ഉപയോഗിച്ച് ശ്രീനിവാസന്‍ അഭിസംബോധന ചെയ്തുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ഇത്തരത്തിലൊരു വാദം ഉയര്‍ന്നത്. ശ്രീനിവാസനെ കരണത്തടിച്ചു വീഴ്ത്തിയ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ശരതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കോവളത്തു നടന്ന ആഗോള വിദ്യാഭ്യാഭ്യാസ സംഗമവേദിയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വിവിധ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ വെളിപ്പെടുത്തി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിഎസ് ശ്യാംലാല്‍. പോലീസുകാര്‍ നോക്കിനില്‍ക്കേ പ്രക്ഷോഭക്കാര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുചെല്ലുകയും പ്രകോപിതനായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ശ്രീനിവാസനെ മര്‍ദ്ദിക്കുകയും ചെയ്തതായിരുന്നു സംഭവം. തുടര്‍ന്ന് പ്രവര്‍ത്തകനെതിരെ സംഘടന നടപടിയും സ്വീകരിച്ചു. എന്നാല്‍ പ്രക്ഷോഭവേദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി പോലീസുകാര്‍ നോക്കിനില്‍ക്കേയാണ് സംഭവം എന്നത് വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കും കാരണമായിരുന്നു. ഈ അവസരത്തിലാണ് സംഭവങ്ങളുടെ യഥാര്‍ത്ഥകാരണങ്ങള്‍ വെളിപ്പെടുത്തി വിഎസ് ശ്യാംലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
താനടക്കമുള്ളവരെ ‘തന്തയില്ലാത്തവര്‍’ എന്നു വിശേഷിപ്പിക്കുന്നത് കേട്ട ഒരു ചെറുപ്പക്കാരന്‍ പ്രകോപിതനായത് സ്വാഭാവികമാണ്. എന്നാല്‍, ഒരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നയാള്‍ ഇത്തരത്തില്‍ പൊതുസ്ഥലത്ത് പെരുമാറാമോ എന്നത് വേറെ കാര്യം. ശ്രീനിവാസന്‍ പുലഭ്യം പറഞ്ഞുവെന്ന് സത്യമാണെങ്കില്‍ തല്ല് അര്‍ഹിക്കുന്നുണ്ടെന്നും ശ്യാംലാല്‍ പറയുന്നു.

ശ്യാംലാലിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

തന്തയില്ലാത്തവര്‍!!

നിങ്ങളെ ഒരാള്‍ ‘തന്തയില്ലാത്തവന്‍’ എന്നു വിളിച്ചാല്‍ എന്തു ചെയ്യും? ഞാനാണെങ്കില്‍ അങ്ങനെ വിളിക്കുന്നവന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കും. ഏതൊരാളും അതു തന്നെയാണ് ചെയ്യുക എന്നാണ് വിശ്വാസം.

സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവായ ജെഎസ് ശരത് മര്‍ദ്ദിച്ചു. ഇത് ടെലിവിഷന്‍ ചാനലുകളിലൂടെ ലോകത്തെല്ലാവരും കണ്ടു. വിദ്യാഭ്യാസരംഗത്ത് അരങ്ങേറുന്ന വലിയൊരു തട്ടിപ്പിനെ ചെറുക്കാനായി നടന്നത് എന്നു പറയപ്പെടുന്ന മഹാസമരത്തിന്റെ ലക്ഷ്യം ഇതില്‍ മുങ്ങിപ്പോയി. ഈ സംഭവത്തെത്തുടര്‍ന്ന് ശരത്തിനെ പോലീസ് പിടികൂടി. അച്ചടക്കലംഘനത്തിന് എസ്എഫ്‌ഐ. ശരത്തിനെതിരെ സംഘടനാനടപടി സ്വീകരിച്ചു.

എന്നാല്‍, ഒരു വിഷയം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമല്ലോ. ഒരു കൗതുകത്തിന്റെ പേരില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നു. ശ്രീനിവാസനെ മര്‍ദ്ദിച്ചതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു എന്ന പേരില്‍ എന്റെ നെഞ്ചില്‍ പൊങ്കാലയിടാന്‍ ആരും വരരുത് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

ശ്രീനിവാസന്‍ നല്ലൊരു നയതന്ത്രവിദഗ്ദ്ധനായിരിക്കാം, പക്ഷേ നല്ലൊരു വിദ്യാഭ്യാസ വിചക്ഷണനാണെന്ന് പറയരുത്. പിണറായി വിജയന്‍ അത് ഇപ്പോള്‍ മാത്രമേ പറഞ്ഞുള്ളൂവെങ്കില്‍ ഈയുള്ളവന്‍ നാലു വര്‍ഷം മുമ്പ് അതു പറഞ്ഞതാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മുന്നിലെത്തി എന്നത് വിദ്യാഭ്യാസ വിചക്ഷണനാവാനുള്ള യോഗ്യതയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതു ശരിവെയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

‘Why don’t you clear out these bastards and make way?’
‘ഈ തന്തയില്ലാക്കഴുവേറികളെ പൊക്കി മാറ്റി വഴിയൊരുക്കാന്‍ നിങ്ങളെന്താ തയ്യാറാവാത്തത്?’ എന്ന് മലയാള പരിഭാഷ.

ഇത് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുള്ളതാണ്. വാചകത്തിന്റെ കര്‍ത്താവ് നമ്മുടെ ബഹുമാന്യനായ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍. അടുത്തുനിന്ന പോലീസുദ്യോഗസ്ഥനോടാണ് അദ്ദേഹം ചോദിച്ചത്. താനടക്കമുള്ളവരെ ‘തന്തയില്ലാത്തവര്‍’ എന്നു വിശേഷിപ്പിക്കുന്നത് കേട്ട ഒരു ചെറുപ്പക്കാരന്‍ പ്രകോപിതനായത് സ്വാഭാവികം. എന്നാല്‍, ഒരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നയാള്‍ ഇത്തരത്തില്‍ പൊതുസ്ഥലത്ത് പെരുമാറാമോ എന്നത് വേറെ കാര്യം. ശ്രീനിവാസന്‍ പുലഭ്യം പറഞ്ഞുവെന്ന് സത്യമാണെങ്കില്‍ തല്ല് അര്‍ഹിക്കുന്നുണ്ടെന്ന് എന്റെ പക്ഷം. പ്രായമേറുന്നു എന്നത് ആരെയും പുലഭ്യം പറയാനുള്ള ലൈസന്‍സല്ല. ഇനി ‘bastard’ എന്നാല്‍ ‘പൗരബോധമുള്ളവന്‍’ എന്നോ മറ്റോ ആണോ അര്‍ത്ഥം?

കോവളത്ത് അദ്ദേഹം ചോദിച്ചുവാങ്ങിയ അടിയാണ് ഞാന്‍ പറയുന്നതല്ല, പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടാണ്. വിദ്യാഭ്യാസ സംഗമത്തിനെതിരെ പ്രക്ഷോഭം ശക്തമാണെന്നും സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും പോലീസ് ബന്ധപ്പെട്ടവരെ എല്ലാവരെയും അറിയിച്ചിരുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇത് മുഖവിലയ്‌ക്കെടുത്തു. എന്നാല്‍, ശ്രീനിവാസന്‍ മുന്നറിയിപ്പ് അവഗണിക്കുകയും സമരക്കാര്‍ക്കിടയില്‍ ചെന്നു കയറുകയും ചെയ്തു. ബോധപൂര്‍വ്വമായിരുന്നോ അദ്ദേഹത്തിന്റെ നടപടി എന്ന സംശയം പലരും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഞാന്‍ അത് വിശ്വസിക്കുന്നില്ല. സമരപോരാട്ടങ്ങളോടുള്ള പുച്ഛവും വിവരക്കേടും കാരണം ചെയ്തതാവാനേ വഴിയുള്ളൂ. സത്യം ഇതായതുകൊണ്ടാണ് പോലീസിനെതിരെ ശ്രീനിവാസനെപ്പോലൊരാള്‍ നേരിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ചു പരാതി പറഞ്ഞിട്ടും കാര്യമായ നടപടിയുണ്ടാവാത്തത്. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെയും മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും കേരളാ പോലീസ് അക്കാദമിയില്‍ റിഫ്രഷര്‍ ട്രെയിനിങ്ങിന് അയയ്ക്കുമത്രേ! എന്തൊരു വലിയ ശിക്ഷയാ!!!

തിരുവിതാംകൂറിന്റെ വികസനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയയാളാണ് സര്‍ ചെട്ട്പാട്ട പട്ടാഭിരാമ രാമസ്വാമി അയ്യര്‍. എന്നാല്‍ അടിച്ചമര്‍ത്തലായിരുന്നു മുഖമുദ്ര. ഇന്ന് സിപിയല്ല സ്മരിക്കപ്പെടുന്നത്, അദ്ദേഹത്തെ വെട്ടിയ കെസിഎസ് മണിയാണ്. ശ്രീനിവാസന്‍ മികച്ച അന്താരാഷ്ട്ര നയതന്ത്രജ്ഞനാണ്. എന്നാല്‍, സംസ്ഥാന വിദ്യാഭ്യാസ കൗണ്‍സില്‍ തലവനെന്ന നിലയില്‍ അദ്ദേഹം സ്വീകരിച്ച പല നടപടികളും സംശയാസ്പദമാണ്. ശ്രീനിവാസനെ തല്ലിയതിന്റെ പേരില്‍ ശരത് സ്മരിക്കപ്പെടുന്ന കാലം വരുമോ? വൈസ്രോയിക്കെതിരെ പ്രതിഷേധിക്കാന്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞ 23കാരനായ ഭഗത് സിങ് ഇന്നെല്ലാവര്‍ക്കും ധീരവിപ്ലവകാരിയാണ് എന്ന് സാന്ദര്‍ഭികമായി സ്മരിക്കുന്നു.

വാല്‍ക്കഷ്ണം: തങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ച മറച്ചുവെയ്ക്കാന്‍ പോലീസ് കെട്ടിച്ചമച്ച റിപ്പോര്‍ട്ടാണോ ഇതെന്ന് അറിയില്ല. അങ്ങനെയാണെങ്കില്‍ മാപ്പ്… മാപ്പ്…. മാപ്പ്….

ആറ്റിങ്ങല്‍: സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കാമുകന്റെ അറസ്റ്റ് രേഖപ്പെടുത്തി. വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ സൂര്യ എസ് നായരെ (23) കൊലപ്പെടുത്തിയ കേസില്‍ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനില്‍ പിഎസ് ഷിജുവിനെ (26) ശനിയഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മണിയോടെ ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള റോഡിലാണ് അരുംകൊല നടന്നത്. ചോദ്യം ചെയ്യലില്‍ ഷിജു കുറ്റമേറ്റതായി പോലീസ് പറഞ്ഞു.
കൊല്ലത്തെ ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെയാണ് ആശുപത്രിയല്‍ വച്ചു തന്നെ ചോദ്യം ചെയ്തശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ആറ്റിങ്ങല്‍ കോടതി 3 മജിസ്‌ട്രേട്ട് സുരേഷ് വണ്ടന്നൂര്‍ ആശുപത്രിയില്‍ എത്തി പ്രതിയെ റിമാന്‍ഡ് ചെയ്തതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രതികളെ പാര്‍പ്പിക്കുന്ന പ്രത്യേക സെല്ലിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്ന് വിട്ടയച്ച ശേഷമായിരിക്കും കൂടുതല്‍ തെളിവെടുപ്പു നടത്തുകയെന്ന് ഡിവൈഎസ്പി പ്രതാപന്‍ നായര്‍ പറഞ്ഞു. shiju

സൂര്യയുടെ സ്വഭാവശുദ്ധിയിലുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സൂര്യയെ കൊലപ്പെടുത്തിയത് താനാണെന്നും, പുരുഷന്മാരെ വഞ്ചിക്കാതിരിക്കാനാണ് കൊല നടത്തിയതെന്നും ഷിജു മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. അതേസമയം, ഷിജു പ്രണയിക്കുകയും തുടര്‍ന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്ത പെണ്‍കുട്ടിക്ക് മറ്റുപലരുമായി ബന്ധമുണ്ടെന്ന തോന്നലാണ് നിഷ്ഠൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

വെഞ്ഞാറമൂട് തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ സൂര്യ എസ് നായരും ഷിജുവും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഈ അടുപ്പം പിന്നീട് പ്രണയമായി മാറി. ആറുമാസം മുന്‍പ് ഷിജുവിന് ഒരപകടംപറ്റി സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി. ഈ സമയം അമ്മയോട് ഷിജു പ്രണയവിവരം അറിയിച്ചു. ഇരു വീട്ടുകാരും ഇവരുടെ വിവാഹത്തിന് സമ്മതം മൂളി. സൂര്യയെ പഠിപ്പിച്ചയിനത്തിലുള്ള രണ്ടു ലക്ഷം രൂപയുടെ കടം തീര്‍ത്തുകൊള്ളാമെന്നും ഷിജുവിന്റെ വീട്ടുകാര്‍ സമ്മതിച്ചിരുന്നു. സ്ത്രീധനമൊന്നും വേണ്ടെന്നും അറിയിച്ചു. ഫേസ്ബുക്കില്‍ സൂര്യയ്ക്ക് നിരവധി ആണ്‍ സുഹൃത്തുക്കളുണ്ടായിരുന്നു. ഇവരുടെ പേര് പറഞ്ഞ് ഷിജു സൂര്യയെ നിരന്തരം ആക്ഷേപിക്കുമായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ സ്വരചേര്‍ച്ചയില്ലാതായി.

സൂര്യ കുഴപ്പക്കാരിയാണെന്നും നിരവധി ബന്ധങ്ങള്‍ ഉണ്ടെന്നും ഷിജു വിശ്വസിക്കുകയും ചെയ്തു. ഇതോടെ സൂര്യ ഷിജുവിനെ ഫോണ്‍ ചെയ്യാതെയായി. തുടര്‍ന്ന് സൂര്യയെ വക വരുത്താന്‍ തീരുമാനിച്ചുവെന്നാണ് ഷിജു പോലീസിനോട് പറഞ്ഞത്. പിണങ്ങിയെങ്കിലും ക്ഷമ പറഞ്ഞ് സൂര്യയോട് ചങ്ങാത്തം പുനഃസ്ഥാപിച്ച ഇയാള്‍ വിശ്വാസം നേടിയെടുത്താണ് കൊല ചെയ്യാനായി ആറ്റിങ്ങലില്‍ എത്തിച്ചത്. സൂര്യയെ കൊല്ലാനുളള വെട്ടുകത്തിയും തന്റെ ഞരമ്പ് മുറിക്കാനുള്ള കത്തിയും കരുതിയിരുന്നു. ചൊവ്വാഴ്ച സൂര്യയെ വിളിച്ച ഷിജു തനിക്ക് കുറച്ച് വസ്ത്രങ്ങള്‍ വാങ്ങാനായി അടുത്തദിവസം ആറ്റിങ്ങലില്‍ പോകണമെന്നും ഒപ്പം ചെല്ലണമെന്നും ആവശ്യപ്പെട്ടു. സ്വന്തമായി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുന്നുവെന്ന് സൂര്യയുടെ പേരിലും കാമുകിയുടെ മരണത്തില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുന്നതായുള്ള മറ്റൊരു കത്തും തയ്യാറാക്കി ഷിജു ബാഗില്‍ സൂക്ഷിച്ചിരുന്നു. ഈ കത്തുകളാണ് ഷിജു ആത്മഹത്യയ്ക്കു ശ്രമിച്ച ലോഡ്ജില്‍ സൂര്യയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത്.

suryaബുധനാഴ്ച രാവിലെ സ്‌കൂട്ടറില്‍ വെഞ്ഞാറമൂട്ടിലെത്തിയ സൂര്യ സ്‌കൂട്ടര്‍ അവിടെ വച്ച ശേഷം ഷിജുവിനെ വിളിച്ചു. ഇരുവരും സ്വകാര്യബസില്‍ ആറ്റിങ്ങലിലെത്തി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ തുണിക്കടയിലേക്ക് പോകാനെന്നുപറഞ്ഞ് സൂര്യയെ കൂട്ടി നടന്നു. കടയ്ക്കു മുന്നിലെത്തിയപ്പോള്‍ ചില കാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞ് സൂര്യയെ കടയുടെ സമീപത്തെ ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

സംസാരത്തിനിടെ സൂര്യയ്ക്ക് അന്യ പുരുഷന്മാരുമായുള്ള ബന്ധത്തെക്കുറിച്ച് ഷിജു സംസാരിച്ചു. ഇത് കേള്‍ക്കാനിഷ്ടമില്ലെന്നു പറഞ്ഞ് സൂര്യ തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍ ഷിജു സൂര്യയുടെ മുടിക്കു കുത്തിപ്പിടിച്ച് ബാഗില്‍ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് കഴുത്തില്‍ തുരുതുരെ വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം വെട്ടുകത്തി സമീപത്തെ പുരയിടത്തിലേക്കെറിഞ്ഞ് കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തെത്തി ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ന്യൂഡല്‍ഹി: സ്‌കൂള്‍ വളപ്പിലെ സെപ്ടിക് ടാങ്കില്‍ വീണ് ആറുവയസുകാരന്‍ മരിച്ചു. ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണു ദാരുണ സംഭവം നടന്നത്.
റിയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവനേഷ് എന്ന ആറു വയസുകാരനാണ് മരിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ജിലാണ് സംഭവം.

എന്നാല്‍, സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയതായി പൊലീസ് പറഞ്ഞു. ഏറെ വൈകിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. സ്‌കൂളിനു സമീപത്തെ കുഴിയില്‍ വീഴുകയായിരുന്നു കുട്ടി എന്നാണ് വിശദീകരണം.

അപകടം നടന്നത് ഇന്ന് ഉച്ചയോടെയാണ്. സംഭവം പൊലീസ് അറിയുന്നത് ആശുപത്രി അധികൃതര്‍ വിളിച്ചറിയിച്ചപ്പോള്‍ മാത്രമാണ്. മരണകാരണം എന്താണെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.

Delhi-Student-die2

ഏഴാമത്തെ പീരിയഡ് മുതലാണ് കുട്ടിയെ കാണാതായത്. ഒരു പദ്യപാരായണ മത്സരം നടക്കുന്നതിനാലാണ് കുട്ടി സംഭവം നടന്ന സ്ഥലത്ത് എത്തിയത്. സംഭവത്തില്‍ നിയമനടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്. മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ മൃതദേഹം പൊലീസ് എയിംസിലേക്ക് മാറ്റി.

അതെ സമയം സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഒന്നും ഇല്ലെന്നും കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് മുന്‍പ് സ്കൂള്‍ മെഡിക്കല്‍ സ്റ്റാഫ് പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ സന്ധ്യ ബാബു പറഞ്ഞു. കുട്ടി ഇടയ്ക്ക് ക്ലാസ്സില്‍ നിന്നും ഓടി പോകുന്ന സ്വഭാവം കാണിക്കാറുണ്ടായിരുന്നു എന്നും ഇവര്‍ പറഞ്ഞു.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മജിസ്ട്രേട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെല്‍ബണ്‍: ലോക ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസിനെ അട്ടിമറിച്ച് ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. ആദ്യമായാണ് കെര്‍ബര്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്നത്. കെര്‍ബറിന്റെ ആദ്യത്തെ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. സ്‌കോര്‍ 6-4, 3-6, 6-4.
21 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സെറീന വില്യംസിന്റെ 22 ഗ്രാന്‍ഡ്സ്ലാം എന്ന സ്വപ്‌നമാണ് കെര്‍ബര്‍ തകര്‍ത്തത്. ജര്‍മനിയുടെ ഇതിഹാസ താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിനൊപ്പം എത്താമെന്ന സെറീനയുടെ മോഹവും ഇതോടെ പൊലിഞ്ഞു. ആദ്യം പതറിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ കെര്‍ബര്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

1994ല്‍ സ്റ്റെഫി ഗ്രാഫാണ് കെര്‍ബറിന് മുമ്പ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയ ജര്‍മന്‍ വനിതാ താരം.

ചെന്നൈ: ഇന്ത്യയുടെ ദേശീയ പതാക കത്തിക്കുന്ന ചിത്രം ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിച്ച യുവാവിനെതിരെ പ്രതിഷേധം പുകയുന്നു. തമിഴ്‌നാട് സ്വദേശിയാണ് ദേശീയ പതാക കത്തിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ചെന്നൈയില്‍ ഒരു കോളേജില്‍ പഠിക്കുന്ന ദിലീപന്‍ മഹേന്ദ്രന്‍ എന്ന യുവാവാണിതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നത് ആദ്യമായല്ലെന്നും സൂചനയുണ്ട്.

ദേശീയ പതാക കത്തിക്കുന്നതിനൊപ്പം ഇയാള്‍ എല്‍ടിടിഇ നേതാവ് പ്രഭാകരന്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രവും തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം എന്ന സംഘടനയുടെ പ്രകടനത്തില്‍ പങ്കെടുക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

യുവാവിനെതിരെ തമിഴ്‌നാട്ടില്‍ തന്നെ പ്രതിഷേധം വ്യാപകമാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ തമിഴ്‌നാട് പൊലീസിലും എന്‍ഐഎയിലും പരാതി ഉള്ളതായും അറിയുന്നു.

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ ആരോപണവുമായി രംഗത്ത് വന്ന തട്ടിപ്പുകേസ് പ്രതി സരിത എസ് നായര്‍ 6 മാസക്കാലം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായി കണ്ടെത്തി. ‘സ്‌കിസോഫ്രീനിയ’ എന്ന മനോരോഗത്തിനായിരുന്നു സരിത ചികിത്സ തേടിയിരുന്നത്.
ഒരു വ്യക്തിയുടെ സ്വഭാവത്തെയും വിചാര വികാരങ്ങളെയും മൊത്തത്തില്‍ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്‌കിസോഫ്രീനിയ. അതിനാല്‍ തന്നെ സരിതയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കാനോ, മാനനഷ്ടത്തിന് ഇവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളാനോ കഴിയില്ല.

ഇതോടെ വെളിപ്പെടുത്തലുകളുടെ പേരില്‍ സരിതയ്‌ക്കെതിരെ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്യാനുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവരുടെ നീക്കങ്ങള്‍ വിജയിക്കില്ല. ആര് കേസ് നല്‍കിയാലും ചികിത്സയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വച്ച് സരിതയ്ക്ക് കേസില്‍ നിന്നും രക്ഷനേടാനാകും. ചുരുക്കത്തില്‍ സരിതയ്ക്ക് ആര്‍ക്കെതിരെയും എന്തും വിളിച്ചുപറയാനുള്ള സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ട് (മനോരോഗി എന്ന് കണ്ടെത്തിയാല്‍ ശിക്ഷയില്‍ നിന്ന് നിയമപരമായ സംരക്ഷണം ലഭിക്കും).

അതിന്റെ പേരില്‍ അവര്‍ക്കെതിരെ യാതൊരു നിയമനടപടികളും എടുക്കാനാകില്ലെന്നതാണ് നിലവിലെ സാഹചര്യം. ക്രിമിനല്‍ ചിന്താഗതിയുള്ള സരിതയുടെ മാറ്റിയും തിരിച്ചുമുള്ള വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഈ രോഗമാണെന്ന സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെന്നുള്ള ധൈര്യമാണോ എന്നും സംശയിക്കുന്നുണ്ട്.

അബദ്ധത്തിലായിരിക്കാം മനോരമ ഓണ്‍ലൈനിന് നല്‍കിയ ഒരഭിമുഖത്തില്‍ സരിത തന്നെയാണ് താന്‍ മാനസിക രോഗത്തിന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു എന്ന കാര്യം വെളിപ്പെടുത്തിയത്. മനോരമ അഭിമുഖത്തില്‍ രോഗത്തിന്റെ പേര് ഉള്‍പ്പെടുന്ന ഈ ഭാഗം വിശദമായി പ്രതിപാദിക്കുന്നുണ്ട്. വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ചിന്തകള്‍ക്കും കടിഞ്ഞാണില്ലാത്ത അവസ്ഥ എന്നാണു ‘Schizophrenia’ രോഗത്തിന്റെ വിശേഷണം.

6 മാസത്തെ ചികിത്സ പൂര്‍ത്തിയാക്കി രോഗം ഭേദമാക്കി മടങ്ങി എന്നാണു സരിത അഭിമുഖത്തില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സരിത തന്നെ പേര് വ്യക്തമാക്കിയ ഈ അസുഖം പൂര്‍ണ്ണമായി ഭേദമാക്കാന്‍ പറ്റുന്ന ഒന്നല്ല. കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍, ജന്മനാ തലച്ചോറിനേറ്റ നാശം, ഗര്‍ഭാവസ്ഥയില്‍ ബാധിച്ച വൈറസ് രോഗങ്ങള്‍ എന്നിവയാണ്. ഈ രോഗത്തിന് കാരണമായി മാറുന്നതെന്ന് വൈദ്യശാസ്ത്രവും പറയുന്നു.certificate

ഈ രോഗമുള്ള വ്യക്തികള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനും യുക്തിപൂര്‍വ്വം ചിന്തിക്കാനും, ശരിയായ രീതിയില്‍ പെരുമാറാനും കഴിയില്ലെന്നാണ് വൈദ്യശാസ്ത്ര0 പറയുന്നത്. അങ്ങനെയെങ്കില്‍ ഇത്തരം ഒരാള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസെടുത്താല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ആ കേസ് നിലനില്‍ക്കില്ല. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ അത് ബാധകമാണ്.

അതിനാല്‍ സരിതക്കെതിരെ മാനനഷ്ടത്തിന് കേസ് എടുക്കാന്‍ ആലോചിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും നിരാശയായിരിക്കും ഫലം. പകരം സരിതയ്‌ക്കെതിരെ എതിര്‍പ്പുമായി നില്‍ക്കാന്‍ ശ്രമിക്കാതെ അവരുടെ മനോനില മനസിലാക്കി സഹാനുഭൂതിയോടെ അവരോട് പെരുമാറാനും പ്രവര്‍ത്തിക്കാനുമേ സര്‍ക്കാരിന് കഴിയൂ.

മാത്രമല്ല, ആദ്യ വിവാഹ മോചനത്തിന്റെ സമയത്ത് മരിക്കാനായി 106 ഉറക്കഗുളികകള്‍ താന്‍ ഒന്നിച്ചുകഴിച്ചതാണെന്നും അന്ന് 3 ദിവസം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നെന്നും സരിത തന്നെ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഈ രോഗമുള്ളവരില്‍ ആത്മഹത്യാ പ്രേരണ കൂടുതലായിരിക്കുമെന്ന് വൈദ്യ ശാസ്ത്രത്തില്‍ പറയുന്നുണ്ട് . മാത്രമല്ല മരുന്ന് നിര്‍ത്താന്‍ ഡോക്റ്ററുടെ അനുവാദം വേണമെന്നും പറയുന്നു . അങ്ങനൊരാള്‍ക്കെതിരെ കേസിനുപോയി ആവശ്യമില്ലാത്ത നൂലാമാലകള്‍ ഉണ്ടാക്കാന്‍ തിരുവഞ്ചൂരും ചാണ്ടി ഉമ്മനും ശ്രമിക്കാതിരിക്കുന്നതാകും ഉചിതം.

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍. ശ്രീലേഖ ഐപിഎസ്. ശ്രീലേഖയ്‌ക്കെതിരായ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിടാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് ടോമിന്‍ തച്ചങ്കരിയാണെന്നും, കഴിഞ്ഞ 29 വര്‍ഷമായി തച്ചങ്കരി തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്നും ഇനി തനിക്ക് മോചനം വേണമെന്നും ശ്രീലേഖ ഐപിഎസ്. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് ശ്രീലേഖ തച്ചങ്കരിയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
സ്‌കൂള്‍ ബസുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന ശ്രീലേഖ ഐപിഎസിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. താന്‍ നേരിട്ടു പങ്കാളിയല്ലാതിരുന്ന തന്നെ 2015ല്‍ പരാതിക്കാരന്‍ കേസില്‍ ഉള്‍പ്പെടുത്തി കോടതിയെ സമീപിച്ചതിനു പിന്നില്‍ ടോമിന്‍ തച്ചങ്കരിയെന്നാണ് ശ്രീലേഖ ആരോപിക്കുന്നു. 1987ലെ ഐപിഎസ് ട്രയിനിങ് കാലഘട്ടം മുതല്‍ ടോമിന്‍ തച്ചങ്കരി തന്നെ വേട്ടയാടുകയാണെന്നും ശ്രീലേഖ പറയുന്നു.

കൊട്ടാരക്കര: നിയന്ത്രണം വിട്ട കാര്‍ 20 അടിയോളംവരുന്ന താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ശാസ്ത്രീ റോഡില്‍ വാര്‍ഡിക് ആന്റ് ഫ്രൈഡ്‌സ് എന്ന ഹോട്ടല്‍ സ്ഥാപനം നടത്തിവന്ന ഷേബാസ് നൗഷാദ് (ടിനു 30), അരുണ്‍ പീതാംബരന്‍ (30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷൈജോ (26), അനു (25), സാവിയോ (25) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ എംസിറോഡില്‍ സദാനന്ദപുരം വളവിലായിരുന്നു അപകടം. കോട്ടയംഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍.
നിയന്ത്രണം വിട്ട് സദാനന്ദപുരം വളവിലുള്ള റോഡിന്റെ സംരക്ഷണവേലി തകര്‍ത്ത് 20 അടിയോളം താഴ്ചയിലേക്ക് നിരവധി കരണം മറിഞ്ഞ് കാര്‍ പതിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഷേബാസും അരുണും സംഭവസ്ഥലത്ത് മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇവരില്‍ ഒരാളുടെ കഴക്കൂട്ടത്തുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം. കൊട്ടാരക്കര പോലീസ് കേസെടുത്തു.

RECENT POSTS
Copyright © . All rights reserved