കോൺ​ഗ്രസുമായി പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിൽ ഒപ്പിട്ടു തയ്യാറാക്കിയ ധാരണയുണ്ടായിരുന്നെന്നും എന്നാൽ പാർട്ടിയുമായി അവസാനിക്കാതെ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നുവെന്നും അ​ഗസ്തി വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി അം​ഗങ്ങൾക്കു വോട്ട് ചെയ്യാനുള്ള വിപ്പ് തയ്യാറായിരുന്നു. എന്നാൽ അവസാന നിമിഷമാണ് ഈ ധാരണ വേണ്ടെന്നു വയ്ക്കുന്നത്. ഇതിന്റെ കാരണമെന്തെന്നു തനിക്കറിയില്ലെന്നും അ​ഗസ്തി പറഞ്ഞു. അതേസമയം, പ്രസിഡന്റ് സ്ഥാനത്ത് 25 വർഷം പൂർത്തിയാക്കിയതിനാലാണ് രാജിയെന്നാണ് അ​ഗസ്തിയുടെ വാദമെങ്കിലും സിപിഐഎം സഹകരണത്തിലുള്ള എതിർപ്പു മൂലമാണെന്നാണ് സൂചന.

അതേസമയം, സിപിഐഎമ്മുമായി കൂട്ടുകൂടാനുള്ള കേരളാ കോൺ​ഗ്രസ് നീക്കത്തിൽ പാർട്ടിയിലെ പ്രബല കക്ഷിയായ ജോസഫ് വിഭാ​ഗത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് -എമ്മിന്റെ നീക്കം നിർഭാഗ്യകരമായി പോയെന്നായിരുന്നു പാർട്ടി വർക്കിങ് ചെയർമാൻ കൂടിയായ പി ജെ ജോസഫിന്റെ പ്രതികരണം.

പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾ സംബന്ധിച്ച് പാർട്ടിയിൽ ഇതുവരെ ചർച്ചയൊന്നും ഉണ്ടായിട്ടില്ല. പ്രാദേശിക തലത്തിൽ യുഡിഎഫുമായി യോജിച്ചുപോകാനായിരുന്നു ചരൽക്കുന്ന് ക്യാപിലെടുത്ത തീരുമാനമെന്നും പി ജെ ജോസഫ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാട് പാർട്ടിയിൽ ചർച്ച ചെയ്തിരുന്നില്ല. എൽഡിഎഫിൽ ചേരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടിലെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.

നേരത്തെ, മോന്‍സ് ജോസഫ് എംഎൽഎയും പാർട്ടിയുടെ നിലപാടിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കേരളാ കോൺ​ഗ്രസ് രാഷ്ട്രീയമായി വഞ്ചിച്ചെന്നു കോൺ​ഗ്രസ് പറയുന്നതിൽ തെറ്റില്ലെന്നായിരുന്നു മോൻസിന്റെ പ്രതികരണം. എംഎൽഎമാർ ഇക്കാര്യത്തിൽ തങ്ങളുടെ തീരുമാനം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നു പറഞ്ഞ മോൻസ് ജോസഫ് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യാതെയാണ് സിപിഐഎമ്മിന്റെ പിന്തുണ സ്വീകരിക്കാൻ തീരുമാനം എടുത്തതെന്നും വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കങ്ങളിൽ തനിക്കും മകൻ ജോസ് കെ മാണിക്കും പങ്കില്ലെന്നായിരുന്നു ഇന്നലെ കെ എം മാണിയുടെ പ്രതികരണം. കേരളാ കോൺഗ്രസിനെ നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയും ദുർബലമായ പാർട്ടിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുകയാണ് കോട്ടയം ഡിസിസി. ഇതിൽ മനം മടുത്ത കോട്ടയം ജില്ലാപഞ്ചായത്തിലെ അംഗങ്ങൾ സ്വയം ചിന്തിച്ചെടുത്ത തീരുമാണ് ഇതെന്നും മാണി അവകാശപ്പെട്ടിരുന്നു.

‌മാണിയെ കോഴമാണിയെന്നും ബജറ്റ് കള്ളനെന്നും വിളിച്ചവരിൽ നിന്നുതന്നെ കേരളാ കോൺ​ഗ്രസ് പിന്തുണ സ്വീകരിച്ചതാണ് പാർട്ടിയം​ഗങ്ങൾക്കിടയിലും നേതാക്കൾക്കിടയിലും അതൃപ്തിയുണ്ടാക്കിയത്. മാത്രമല്ല, ബാർക്കോഴ കേസിലും ബജറ്റ് വിൽപ്പന ആരോപിച്ചും മാണിക്കെതിരെ നിരന്തരം നിയമസഭയ്ക്കകത്തും പുറത്തും വൻ പ്രക്ഷോഭങ്ങൾ നടത്തിയിരുന്ന സിപിഐഎം പഴയ നിലപാടിൽ നിന്നും പുറകോട്ടുപോയതിൽ എൽഡിഎഫിനുള്ളിലും അഭിപ്രായഭിന്നതയും വിമർശനവും രൂക്ഷ​മാണ്.

കോട്ടയം ജില്ലാ പഞ്ചായത്തിലെ സിപിഐ അം​ഗവും പാർട്ടി ജില്ലാ ഘടകവും സിപിഐഎം നീക്കത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. സിപിഐഎമ്മിന്റേത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നായിരുന്നു സിപിഐയുടെ കുറ്റപ്പെടുത്തൽ. ഇതുകൂടാതെ, സിപിഐ മുഖപ്പത്രമായ ജനയു​ഗവും സിപിഐഎമ്മിനെതിരെ ​രൂക്ഷ​ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. സിപിഐഎം അംഗങ്ങള്‍ കേരള കോണ്‍ഗ്രസിനെ വിജയിപ്പിക്കാനായി വോട്ട് ചെയ്തത് സാമാന്യ ജനങ്ങള്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിയാത്ത രാഷ്ട്രീയ അധാര്‍മികതയും അവസരവാദവുമായെ വിലയിരുത്താനാവൂ എന്നായിരുന്നു ജനയു​ഗം മുഖപ്രസം​ഗത്തിലെ കൊട്ട്.

മാണി ബജറ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന പ്രതിഷേധം കേരളീയരുടെ മനസ്സില്‍ മായാത്ത ചിത്രമായി ഇന്നും നിലനില്‍ക്കുന്നുണ്ടെന്നു മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. അത്തരമൊരു രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ ഘടകകക്ഷി തയ്യാറാവുമെന്ന് ജനാധിപത്യത്തിലും രാഷ്ട്രീയ ധാര്‍മികതയിലും വിശ്വസിക്കുന്ന കേരള ജനത സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ലെന്നും, കഴിഞ്ഞദിവസം കോട്ടയത്തു നടന്ന നീക്കങ്ങള്‍ എല്‍ഡിഎഫില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് വിശ്വസിക്കാനാവാത്ത ഇരുട്ടടിയും തികഞ്ഞ അവസരവാദപരവുമായ നീക്കവുമായേ  കാണാനാവൂയെന്നും മുഖപ്രസംഗം പറയുന്നു.

കേരളാ കോൺ​ഗ്രസിനു നൽകിയ പിന്തുണയിൽ യാതൊരു അധാർമികതയും ഇല്ലെന്നായിരുന്നു ഇന്നലെ സിപിഐഎം ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ അഭിപ്രായം. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ സംസ്ഥാന നേതൃത്വങ്ങൾ ആരും പ്രതികരിച്ചിട്ടില്ല. എന്തായാലും വരുംനിമിഷങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്കും ഭിന്നതകൾക്കും കേരളാ കോൺ​ഗ്രസ് (എം)-സിപിഐഎം സഖ്യം വഴി വയ്ക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്.