Latest News

അടുത്ത  ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തി നടന്‍ മോഹന്‍ലാലിനെ ലക്ഷ്യമിട്ട് ബിജെപി പ്രത്യക്ഷത്തില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലാത്ത ലാലിനെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉപയോഗപ്പെടുത്താനാണ് ആലോചന. തിരുവനന്തപുരമടക്കം ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന ഏതാനും മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രചരണത്തിനിറക്കാന്‍ പറ്റുമോ എന്നതാണ് പ്രധാന ആലോചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരിച്ച കെ ബി ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പരസ്യമായി രംഗത്തിറങ്ങിയതിനാല്‍ ലാല്‍ ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിക്കു വേണ്ടി രംഗത്തിറങ്ങിയാല്‍ ഭരണപക്ഷത്തിനു പോലും എതിര്‍ക്കാന്‍ കഴിയില്ലന്നാണ് കണക്കു കൂട്ടല്‍. ഗണേഷ് കുമാര്‍ സഹ പ്രവര്‍ത്തകന്‍ എന്നതിലുപരി സുഹൃത്തായതിനാലാണ് താന്‍ പ്രചരണത്തിന് വന്നതെന്ന് പത്തനാപുരത്ത് ലാല്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് മത്സരിക്കുന്ന ബിജെപി മുന്നണി സ്ഥാനാര്‍ത്ഥിയും ലാലിന്റെ ‘സുഹൃത്തു’ തന്നെയാണെങ്കില്‍ കാര്യങ്ങള്‍ ബിജെപിക്ക് എളുപ്പമായേക്കും. നോട്ട് അസാധുവാക്കല്‍ സംബന്ധമായി കേന്ദ്ര സര്‍ക്കാര്‍ വെല്ലുവിളി നേരിട്ട ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടിയെ പരസ്യമായി പിന്തുണച്ച് മോഹന്‍ലാല്‍ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്ത് നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടും ഇക്കാര്യത്തില്‍ ലാല്‍ തന്റെ നിലപാട് മാറ്റാന്‍ തയ്യാറായിരുന്നില്ല. ലാലിനെ പ്രധാനമന്ത്രിക്കൊപ്പം ഒരു പ്രചരണ യോഗത്തില്‍ ലഭിച്ചാല്‍ പോലും അത് സംസ്ഥാനത്ത് തരംഗമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനായി ബിജെപി അനുഭാവിയായ ലാലിന്റെ അടുത്ത സുഹൃത്തിനെ മുന്‍നിര്‍ത്തിയാണ് ചരടുവലി. ലാല്‍ താല്‍പര്യപ്പെട്ടാല്‍ രാജ്യസഭാ അംഗത്വം നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോള്‍ തന്നെ തയ്യാറാണ്. ചെറിയ ഒരു സഹകരണമാണ് നിലവില്‍ ബിജെപി നേതൃത്വം ലാലിന്റെ ഭാഗത്ത് നിന്നും ആഗ്രഹിക്കുന്നതെങ്കിലും ലാല്‍ അഭിനയത്തോട് വിട പറയുന്ന ഘട്ടത്തില്‍ അവരുടെ പ്രതീക്ഷകള്‍ വലുതാണ്. ദക്ഷിണേന്ത്യയില്‍ തമിഴകത്ത് രജനികാന്തും കേരളത്തില്‍ മോഹന്‍ലാലും സഹകരിച്ചാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. കര്‍ണ്ണാടക, തെലങ്കാന സംസ്ഥാനങ്ങളിലും സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ട് ബിജെപി നീക്കം തുടങ്ങി കഴിഞ്ഞു. ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെങ്കിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ അട്ടിമറി വിജയവും പാര്‍ട്ടി നേതൃത്വം മുന്നില്‍ കാണുന്നുണ്ട്. രജനികാന്തിന് തമിഴകത്തും ലാലിന് കേരളത്തിലും ഉള്ള ജനപിന്തുണ അവര്‍ക്ക് മുഖ്യമന്ത്രിമാരാവാന്‍ യോഗ്യത നല്‍കുന്നതാണെന്നാണ് ബിജെപിയുടെ ഒരു പ്രമുഖ നേതാവിന്റെ കമന്റ്. തമിഴകത്ത് രജനികാന്ത് കോണ്‍ഗ്രസ്സുമായല്ല ബിജെപിയുമായി തന്നെയാണ് സഹകരിക്കുക എന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. കഴിഞ്ഞ ദിവസം മഹിള കോണ്‍ഗ്രസ്സ് നേതാവു കൂടിയായ നടി നഗ്മ രജനിയെ സന്ദര്‍ശിച്ചത് അദ്ദേഹത്തിന്റെ കോണ്‍ഗ്രസ്സ് സഹകരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.

ഗോരഖ്പുര്‍: ഉത്തര്‍ പ്രദേശില്‍ ബിജെപി എംഎല്‍എയുടെ ശകാരത്തെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥ പൊട്ടിക്കരഞ്ഞു. ഗൊരഖ്പുര്‍ എംഎല്‍എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാളിന്റെ ശകാരത്തെ തുടര്‍ന്ന് 2013 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗമാണ് പൊട്ടിക്കരഞ്ഞത്.

പ്രദേശത്ത് വ്യാജമദ്യ വില്‍പനയ്ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് ഒരു സംഘം സ്ത്രീകള്‍ റോഡ് ഉപരോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ഥലത്ത് പോലീസും സ്ത്രീകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ത്രീകളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായി എന്നാരോപിച്ച് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ചില സ്ത്രീകള്‍ക്ക് പരിക്കേറ്റു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എംഎല്‍എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗമിനോട് തട്ടിക്കയറുകയായുരുന്നു. “നിങ്ങള്‍ ഒന്നും പറയേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ പരിധി ലംഘിക്കരുത്.” –  ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ താനാണ് ചുമലയുള്ള ഉദ്യോഗസ്ഥയെന്നും എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ചാരു നിഗം മറുപടി നല്‍കി.

എം.എല്‍എയുടെ ശകാരം രൂക്ഷമായതോടെ സങ്കടം സഹിക്കാനാകാതെ ചാരു നിഗത്തിന്റെ കണ്ണ് നിറഞ്ഞു. ഇതിനിടയില്‍ തൂവാലയെടുത്ത ചാരു നിഗം കണ്ണു തുടച്ചു. ഈ ദ്യശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

എന്നാല്‍ താന്‍ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. സമാധാനപരമായി സമരം നടത്തിയ സ്ത്രീകളെ ഉദ്യോഗസ്ഥ ബലംപ്രയോഗിച്ച് നീക്കം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അവര്‍ സ്ത്രീകളെ അടിക്കുകയും വയോധികനെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇത് അംഗീകരിക്കാനാകില്ലെന്നും എംഎല്‍എ പറഞ്ഞു

അഹമ്മദാബാദ്: ഗുജറാത്തിലെ വൃദ്ധ ദമ്പതികള്‍ തങ്ങളുടെ ആജീവനാന്ത സമ്പാദ്യം മുഴുവന്‍ ദേശീയ പ്രതിരോധ നിധിയിലേക്ക് സംഭാവന ചെയ്തു. ഭാവ്‌നഗറില്‍ നിന്നുള്ള ജനാര്‍ദ്ദന്‍ഭായ് ഭട്ടും അദ്ദേഹത്തിന്റെ ഭാര്യയുമാണ് വേറിട്ട പ്രവൃത്തിയിലൂടെ ശ്രദ്ധാകേന്ദ്രമാകുന്നത്.

സൈനികരുടെയും അവരുടെ ബന്ധുക്കളുടെയും ക്ഷേമത്തിന് വേണ്ടി രൂപീകരിച്ചതാണ് ദേശീയ പ്രതിരോധ നിധി. പ്രധാനമന്ത്രി അധ്യക്ഷനായസമിതിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. പ്രതിരോധമന്ത്രി, ധനകാര്യ മന്ത്രി എന്നിവരാണ് അംഗങ്ങള്‍. പ്രതിരോധ നിധി ആര്‍ബിഐ ആണ് കൈകാര്യം ചെയ്യുന്നത്. പെതുജനങ്ങളില്‍ നിന്നുള്ള സംഭാവനയെ ആശ്രയിച്ചാണ് പ്രതിരോധ നിധി നിലനില്‍ക്കുന്നത്.

നേരത്തെ ഭാരത് കവിര്‍ എന്നപേരില്‍ പ്രത്യേക ആപ്പും വെബ്‌സൈറ്റും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇതിലൂടെ ജനങ്ങള്‍ക്ക് രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അന്തിമ തിരഞ്ഞെടുപ്പില്‍ എന്‍മാര്‍ഷെയുടെ ഇമ്മാനുവല്‍ മാക്രോണിന് വിജയം. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് പ്രചാരണ രഹസ്യങ്ങള്‍ ചോര്‍ന്നെങ്കിലും ഏവരും പ്രതീക്ഷിച്ചിരുന്ന വിജയം സ്വന്തമാക്കാന്‍ മാക്രോണിന് കഴിഞ്ഞു.  ഇതോടെ എലിസീ കൊട്ടാരത്തിലെ പ്രായം കുറഞ്ഞ പ്രസിഡന്റായി മാക്രോണ്‍ സ്ഥാനമേല്‍ക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം വ്യാഴായ്ചയുണ്ടാകും. തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 65.8 ശതമാനം വോട്ടുകള്‍ മാക്രോണ്‍ നേടി.

എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ മറീ ലിയു പെന്നിന് 34.2 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. തിരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകള്‍ വന്നപ്പോള്‍ തന്നെ ഫ്രാന്‍സില്‍ മാക്രോണ്‍ അനുയായികള്‍ ആഹ്ലാദ പ്രകടനം തുടങ്ങിയിട്ടുണ്ട്. തീവ്ര വലതുപക്ഷവും മിതവാദിപക്ഷവും തമ്മില്‍ നടന്ന തിരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്നു. ഫ്രാന്‍സിനു പുറമെ യൂറോപ്പിന്റെ കൂടി ഭാവിയില്‍ നിര്‍ണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അന്തിമവുമായ ഘട്ടം ആണ് ഇന്നു പൂര്‍ത്തിയായത്.

 

റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ആയിരം കോടി എന്ന ബ്രഹ്മാണ്ഡ നേട്ടവുമായി ബാഹുബലി2. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായാണ് 1000 കോടി കളക്ഷന്‍ ഒരു ചിത്രം നേടുന്നത്. അമര്‍ ഖാന്‍ ചിത്രം പികെ നേടിയ 792 കോടിയായിരുന്നു ഏറ്റവും ഉയര്‍ന്ന മുന്‍ കളക്ഷന്‍. ഈ റെക്കോര്‍ഡ് ആണ് വെറും 10 ദിവസം കൊണ്ട് ബാഹുബലി തകര്‍ത്തത്. അന്തരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാകപ്പെട്ട സിനിമ ഇന്ത്യന്‍ സിനിമയിലെ അത്ഭുതം എന്നതിലുപരി ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പുതിയ വാതിലാവുകയും ചെയ്തു.

രണ്ടാഴ്ചയ്ക്കകം 1500 കോടി നേട്ടം ചിത്രം സ്വന്തമാക്കുമെന്ന് നിരീക്ഷകര്‍പറയുന്നു.  121 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. ഉത്സവ സീസണ്‍ അല്ലാതിരുന്നിട്ടും റിലീസ് ചെയ്ത എല്ലായിടത്തു നിന്നും റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കുന്ന ഒരേയൊരു ചിത്രമാണ് ബാഹുബലി. അച്ഛന്‍ വിരേന്ദ്രപ്രസാദിന്റെ കഥയില്‍ മകന്‍ രാജമൗലി ഒരുക്കിയ ചിത്രം വിജയഗാഥ തുടരുകയാണ്.

 

തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റെ നേമത്തെ ഓഫിസിന് നേരെ ആക്രമണം. ഓഫിസിന്റെ ജനല്‍ ചില്ലുകളും ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം. രാജഗോപാല്‍ എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചു. സിപിഐഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് രാജഗോപാല്‍ ആരോപിച്ചു.

രാത്രി 12 മണിവരെ ബിജെപി പ്രവര്‍ത്തകര്‍ ഓഫീസില്‍ ഉണ്ടായിരുന്നു. അതിനു ശേഷം ഒന്നര മണിയോടെയാണ് ആക്രമണം ഉണ്ടായത് എന്നാണ് വിവരം. ഒരു സംഘം ആളുകള്‍ എത്തി കല്ലേറ് നടത്തി. പിന്നീട് ഒരുസംഘം കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു. വാഹനങ്ങളിലും കെട്ടിടത്തിലും വടിവാളുകൊണ്ട് വെട്ടിയ പാടുകള്‍ ഉണ്ടെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു.

തിരുവനന്തപുരത്തു തന്നെ പാപ്പനംകോട് ഭാഗത്ത് സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ബിജെപിയുടെ സംസ്ഥാന ഓഫിസിനുനേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തില്‍ ആര്‍ക്കെതിരെയും കേസില്ല. ഇതിന്റെ തുടര്‍ച്ചയാണോ പുതിയ സംഭവമെന്ന് അറിയില്ല. വിജയേട്ടന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം ഞങ്ങളില്‍ ഒരാള്‍ക്ക് നേരെയും നടപടിയുണ്ടാകില്ലെന്ന ഭാവത്തിലാണ് സിപിഐഎം പ്രവര്‍ത്തകരെന്നും അതാണ് അവര്‍ക്ക് പരസ്യമായി അക്രമത്തിന് ധൈര്യം പകരുന്നതെന്നും രാജഗോപാല്‍ ആരോപിച്ചു.

കോട്ടയം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന സിന്ധു ജോയ് വിവാഹിതയാകുന്നു. യുകെ മലയാളിയും മാദ്ധ്യമ പ്രവര്‍ത്തകനുമായ ശാന്തിമോന്‍ ജേക്കബ് ആണ് വരന്‍.

നാളെ എറണാകുളം സെന്റ്‌ മേരീസ് ബസലിക്കയില്‍ വച്ച് വിവാഹ നിശ്ചയം നടക്കും. ഈ മാസം 27ന് ഇവിടെ വച്ച് തന്നെ വിവാഹം നടക്കും. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വഴി മാറിയ സിന്ധു ജോയ് ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലാണ് ശാന്തിമോനുമായി പരിചയപ്പെടുന്നത്.

ദീപികയില്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ ജോലി രാജി വച്ച് യുകെയില്‍ എത്തിയ ശാന്തിമോന്‍ പതിനഞ്ച് വര്‍ഷങ്ങളായി ഇവിടെയാണ് താമസം. ഹ്യൂം ടെക്നോളജീസ്‌ സിഇഒ ആണ് ഇദ്ദേഹം. എറണാകുളം ചക്കുങ്കല്‍ കുടുംബാംഗമാണ് സിന്ധു ജോയ്. എടത്വ പുളിക്കപ്പറമ്പില്‍ കുടുംബാംഗമാണ് ശാന്തിമോന്‍ ജേക്കബ്.

 

മഹാരാജാസ് കോളേജിലെ ആയുധ ശേഖരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചതെന്ന് ആംആദ്മി പാര്‍ട്ടി. ക്യാമ്പസില്‍ മാരകായുധങ്ങള്‍ സൂക്ഷിച്ച എസ്എഫ്‌ഐ ഗുണ്ടകള്‍ കോളേജില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും വിദ്യാര്‍ഥികളെയും അധ്യാപകരെയും ശക്തമായ ആയുധ ഭീഷണിയിലൂടെ അടക്കി നിര്‍ത്തി ഭരിക്കുകയും പ്രിന്‍സിപ്പലിന്റെ കസേര വരെ കത്തിക്കുകയും ചെയ്ത വിധ്വംസക നയത്തിന് കൂട്ട് പിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി നിയമസഭയില്‍ പ്രസ്താവന നടത്തിയത് വളരെ അപകടരമായ ഒരു കീഴ്‌വഴക്കമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.

വളരെ മാരകമായ ആയുധങ്ങള്‍ ആണ് മഹാരാജ് കോളേജ് ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്തത് എന്ന് പൊലീസ് റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ, അതിനു വിരുദ്ധമായി അവിടെ അത്തരത്തില്‍ അപകടരമായ ആയുധങ്ങള്‍ ഒന്നുമില്ല എന്നും ചെറിയ ചില വസ്തുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നുമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്റെ നിലപാട് തിരുത്തണം. അല്ലാത്ത പക്ഷം അവകാശ ലംഘനത്തിന് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് എതിരെ നോട്ടീസ് നല്‍കണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

കേരളത്തിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അസാധ്യമാക്കി തീര്‍ത്തതില്‍ എസ്എഫ്‌ഐ യുടെ പങ്ക് പരിശോധിക്കാനുള്ള സമയമായി. തങ്ങള്‍ക്ക് ആധിപത്യം ഉള്ള സ്ഥലങ്ങളില്‍ മറ്റാര്‍ക്കും പ്രവേശിക്കാന്‍ അനുമതി നല്‍കാത്ത ഫാസിസ്റ്റ് നയമാണ് എസ്എഫ്‌ഐ പല സ്ഥലങ്ങളിലും പ്രയോഗിക്കുന്നത്. ഇതിനെ തുടര്‍ന്ന് പല കോളേജുകളിലും എബിവിപി പോലെയുള്ള പല സംഘടനകളും ഇതേ നിലപാട് തുടര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം എംജി കോളേജ് അതിനൊരുദാഹരണമാണ്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ യഥാര്‍ത്ഥ ജനാധിപത്യം അഭ്യസിപ്പിക്കുന്നതിനും നേരിന്റെ രാഷ്ട്രീയം ശരിയായ രീതിയില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയം അപകടകരമായ നിലയിലേക്ക് മാറ്റിയതില്‍ എസ്എഫ്‌ഐ, എബിവിപി, കെഎസ്യു പോലെയുള്ള സംഘടനകള്‍ക്ക് വളരെ വലിയ പങ്കുണ്ട്. അതിനു കൂട്ട് നില്‍ക്കുന്ന ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സ്വീകരിക്കുന്നത് ജനാധിപത്യത്തിന്റെ നിഷേധമാണ്. കലാലയ അന്തരീക്ഷം സമാധാനപരമായിരിക്കാനും ആശയ സമ്പുഷ്ടമായ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് ഇടമാക്കാനും ശ്രമിക്കണം എന്ന് എല്ലാ വിദ്യാര്‍ത്ഥികളോടും ആവശ്യപ്പെടുന്നു.

മോഹൻലാലിനെ നായകനാക്കി രാജ്യാന്തര ഭാഷകളിലുളള ആക്ഷൻ ചിത്രത്തിന്റെ പണിപ്പുരയിലാണെന്ന് സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ. പ്രമുഖ ന്യൂസ് ചാനലിന്  നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മോഹൻലാൽ നായകനായെത്തിയ പുലിമുരുകന്റെ ആക്ഷൻ രംഗങ്ങൾ ചെയ്‌തത് പീറ്റർ ഹെയ്നായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ആദ്യ ആക്ഷൻ കൊറിയോഗ്രാഫറാണ് പീ​റ്റർ ഹെയ്‌ൻ.

ഒരു രാജ്യാന്തര ചിത്രമൊരുക്കാനാണാഗ്രഹിക്കുന്നത്. അതിൽ മോഹൻലാലിനെ നായകനാക്കണമെന്നാണ് ആഗ്രഹം. ഇന്ത്യൻ ചിത്രമെന്നതിലുപരി ചൈനീസ്, ഇംഗ്ളീഷ് ഉൾപ്പെടെയുളള ഭാഷകളിലായിരിക്കും ചിത്രമൊരുങ്ങുക്കുകയെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

പുലിമുരുകന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയതിന് ദേശീയ പുരസ്കാരം നേടിയെങ്കിലും ചിത്രത്തിൽ പീറ്റർ ഹെയ്‌ൻ സംതൃപ്തനല്ല. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ”ഞാൻ പുലിമുരുകൻ സംവിധാനം ചെയ്തിരുന്നുവെങ്കിൽ മറ്റൊന്നാകുമായിരുന്നു. കേരളത്തിലെ ആസ്വാദകരെ മാത്രം ലക്ഷ്യമിട്ട് ചിത്രമൊരുക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു. എന്നാൽ അതിൽ കൂടുതൽ ഞാൻ പ്രതീക്ഷിച്ചിരുന്നു. ഒരുപക്ഷേ ഞാൻ പുലിമുരുകൻ മറ്റൊരു രൂപത്തിൽ പുനഃസൃഷ്ടിച്ചക്കും” പീ​റ്റർ ഹെയ്‌ൻ അഭിമുഖത്തിൽ പറഞ്ഞു

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന വില്ലൻ, രണ്ടാമൂഴം എന്നീ ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതും പീറ്റർ ഹെയ്‌നാണ്.

പുലിമുരുകനിൽ പുലിക്ക് പകരം കടുവയെ ഉപയോഗിച്ചത്തിന്റെ രഹസ്യം പീറ്റർ വെളിപ്പെടുത്തി, അതിനു കാരണം ഞാൻ തന്നെ. പുലി എന്ന് പറഞ്ഞാൽ ചിറ്റ അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഇരയുടെ പിറകെ പായുന്ന മൃഗം പുലി ആണ്, ലാൽ സാറിന്റെ പിറകിൽ പുലി ഓടുന്ന രംഗം എടുത്താൽ അത് ക്ലിക് ആകുമോ എന്നതുകൊണ്ടാണ് പുലിക്ക് പകരം കടുവ ആക്കിയത്

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ടീമിനെ ഉടന്‍ തന്നെ പ്രഖ്യാപിക്കണമെന്ന് ഇടക്കാല സമിതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടീം അംഗങ്ങളെ ഉടൻ തിരഞ്ഞെടുക്കാനുള്ള ബിസിസിഐ തീരുമാനം. ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി കഴിഞ്ഞ മാസം 25 ആയിരുന്നു.

എല്ലാരാജ്യങ്ങളും  15അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തിരുന്നില്ല. വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇക്കാര്യത്തില്‍ ബി.സി.സി.ഐ മെല്ലപ്പോക്ക് നയം സ്വീകരിക്കാന്‍ ഇടയാക്കിയത്. അടുത്ത ജൂൺ ഒന്ന് മുതല്‍ ഇംഗ്ലണ്ടിലാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടം അരങ്ങേറുന്നത്. നിലവിലെ ചാംപ്യന്‍മാരാണ് ഇന്ത്യ

RECENT POSTS
Copyright © . All rights reserved