രണ്ട് ദിവസം മുമ്പാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശിയാണ് ദിവ്യ. വിവാഹ നിശ്ചയം ദിവ്യയുടെ വീട്ടിൽ വെച്ച് കഴിഞ്ഞു. ശബരിയുടെ അമ്മ ഡോ. എം ടി സുലേഖയും ജ്യേഷ്ഠനും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്.
ശബരിയുടെ പ്രൊപ്പോസൽ വന്നപ്പോൾ തന്നെ ദിവ്യയുടെ അച്ഛൻ ശേഷ അയ്യരും അമ്മ ഭഗവതി അമ്മാളും പോസിറ്റീവായാണ് പ്രതികരിച്ചതെന്ന് ഇരുവരുടെയും കുടുംബ സുഹൃത്ത് പറഞ്ഞു. ഇന്ന് രാവിലെ നിയമസഭയിൽ വച്ചാണ് ശരബി സഹ എംഎൽഎമാരോടും വിവാഹം കഴിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. വിവാഹിതനാകുന്ന വിവരം അറിയിച്ചു കൊണ്ട് ശബരിനാഥ് ഫേസ്‌ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ:
വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്‌നേഹം നിറഞ്ഞ ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറയായി. ഇന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്. സബ് കളക്ടർ ഡോ. ദിവ്യ.എസ്. അയ്യരെ ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി. ഇരു കുടുംബങ്ങളുടെയും സ്‌നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു… ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം, ഒന്നു മിന്നിച്ചേക്കണെ.