Latest News

രാജ്യസ്നേഹത്തിന്റെ ഒരു ഉദാത്ത മാതൃകയാണ് ആദ്യത്തെ ഐറ്റം. ഇന്ത്യയില്‍ സംഘപരിവാറുകാരാണല്ലോ രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാര്‍.

അവരൊഴിച്ചുള്ളവരെല്ലാം ഒരുകണക്കിന് രാജ്യദ്രോഹികളാണ്. മാത്രമല്ല, അത്തരക്കാര്‍ക്ക് ഏത് നിമിഷവും പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാന്‍ ഒരു ഹെല്‍പ് ഡെസ്ക് വരെ രൂപീകരിക്കുന്ന ടീംസാണ് ഈ പരിവാറുകാര്‍.

 

Image may contain: 3 peopleമോദിയുടെ അച്ഛേ ദിന്‍ വരുന്നതിന്റെ ഭാഗമായിട്ടായിരുന്നല്ലോ നോട്ടുനിരോധനം . നാട്ടിലെ സകലമാന കള്ളപ്പണക്കാരേയും തുരത്താനുള്ള ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക്.

പക്ഷേ ഇതുകൊണ്ടൊക്കെ രാജ്യം എന്തുനേടി എന്ന ചോദ്യത്തിന് ഇതുവരെ ഒരുത്തരം പറയാന്‍ മോദിയും കൂട്ടരും തന്നിട്ടില്ല, റിസര്‍വ് ബാങ്ക് അടക്കം.

ഒടുവില്‍ തൃശൂരില്‍ നിന്ന് അതിനുള്ള ഒരുത്തരം വന്നിരിക്കുന്നു. മതിലകത്തുള്ള രാകേഷ് ഏരാശ്ശേരി എന്ന യുവമോര്‍ച്ച നേതാവാണ് നോട്ടുനിരോധനം കൊണ്ടുള്ള ഗുണഗണങ്ങള്‍ അനുഭവിക്കുന്ന രാജ്യസ്നേഹി.

Image may contain: 2 people, people smiling

ഇക്കണക്കിന് പോയാല്‍ കള്ളനോട്ടല്ല, അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും ഒറിജനല്‍ നോട്ടുകള്‍ അടിക്കുന്ന കരാര്‍ കൂടി സംഘപരിവാറിനെ ഏല്‍പ്പിക്കുന്നത് നന്നാവും. അതാവുമ്പോള്‍ രാജ്യസ്നേഹത്തിന്‍റെ അളവിന്റെ കാര്യത്തില്‍ ഒരുമുട്ടും ഉണ്ടാവില്ല. ഈ രാകേഷ് ചില്ലറക്കാരനല്ല.

കള്ളപ്പണവേട്ടമുന്നണികള്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രചരണ യാത്രയില്‍ വരെ പങ്കാളിയായ രാജ്യസ്നേഹിയാണ്. അതുകൊണ്ട് നോട്ടുനിരോധനത്തോടെ മാന്ദ്യത്തിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അദ്ദേഹം നല്‍കിയത് ഒരു കൈത്താങ് സഹായം കൂടിയാണ്.

Image may contain: 2 people, selfie and beard

ചുരുങ്ങിയ പലിശക്ക് പാവപ്പെട്ടവര്‍ക്ക് സ്വന്തം നിലയ്ക്ക് 500ഉം രണ്ടായിരവും അച്ചടിച്ച് വിതരണം ചെയ്യുകയെന്ന് വച്ചാല്‍ തന്നെ അതൊരു ദേശസ്നേഹിക്കേ സാധിക്കൂ. അല്ലാതെ ഈ യുവമോര്‍ച്ചക്കാരനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നൊന്നും പറയരുത്. അങ്ങനെ പറഞ്ഞാല്‍ അതൊരു രാജ്യദ്രോഹനടപടിയായിപ്പോവും.

Image may contain: 3 people, people smiling, people standing

ഫാല്‍കിര്‍ക്: എഡിന്‍ബറോ രൂപതയിലുള്ള ക്രിസ്റ്റോർഫിൻ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. മാര്‍ട്ടിന്‍ സേവ്യര്‍ എന്ന വൈദികനെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ ദിവ്യബലിക്കെത്തിയ വിശ്വാസികള്‍ വൈദികനെ കാണാത്തതിനെ തുടര്‍ന്നു പള്ളി മുറി പരിശോധിച്ചപ്പോള്‍ മുറി തുറന്ന്‍ കിടക്കുന്നതായാണ് കണ്ടത്.

വൈദികന്റെ പേഴ്സും, പാസ്പോര്‍ട്ടും മൊബൈലും മറ്റു വസ്തുക്കളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു വിശ്വാസികള്‍ മടങ്ങുകയായിരിന്നു. ഉച്ചയ്ക്ക് വൈദികനെ അന്വേഷിച്ച് ആളുകള്‍ വീണ്ടും പള്ളിമുറിയില്‍ എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായിരിന്നു. ഈ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണ്. വൈദികന്റെ തിരോധാനത്തില്‍ ദുരൂഹത തുടരുകയാണ്.

സിഎം ഐ സഭാംഗമായ ഫാ. മാര്‍ട്ടിന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇടവകയില്‍ സേവനം ആരംഭിച്ചത്. എഡിന്‍ബറോ ബിഷപ് സി എം ഐ പ്രൊവിന്‍ഷ്യലിനെ വിളിച്ചു മാര്‍ട്ടിന്‍ അച്ചനെ കാണ്മാനില്ല എന്ന് അറിയിക്കുകയായിരുന്നു. ആശങ്കാകുലരായ കുടുംബാംഗങ്ങള്‍ യുകെ യിലെ എല്ലാ മലയാളികളോടും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി വൈദികന്റെ സഹോദരന്‍ ആന്റണി സേവ്യര്‍ പറഞ്ഞു.

യു കെയില്‍ തുടരെ തുടരെ ഉണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളുടെയും തട്ടിക്കൊണ്ടു പോകലുകളുടെയും വെളിച്ചത്തില്‍ അച്ചന്റെ തിരോധാനത്തെ ആശങ്കയോടെയാണ് കുടുംബാംഗങ്ങള്‍ നോക്കിക്കാണുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്. അച്ചനെ സംബന്ധിച്ച ഏതെങ്കിലും വിവരം ലഭ്യമായവര്‍ എത്രയും വേഗം അടുത്ത പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൊച്ചിയില്‍ നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ എഡിജിപി സന്ധ്യ നടയുടെ മൊഴിയെടുത്തു.  നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ആരാണ്, എന്തിനാണ് എന്ന് അറസ്റ്റിലായ പ്രതിയുടെ സഹതടവുകാരന്‍ പൊലീസിന് മൊഴി നല്‍കിയ സാഹചര്യത്തിലാണ് എഡിജിപി ബി.സന്ധ്യ വീണ്ടും നടിയുടെ മൊഴി രേഖപ്പെടുത്തിയത്.

സിനിമാ മേഖലയിലുള്ളവര്‍ക്ക് സംഭവവുമായി വ്യക്തമായ പങ്കുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റിന് മുമ്പാകെ ജിന്‍സന്റെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസില്‍ തുടരന്വേഷണത്തിന് പൊലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടും.നടിയെ അക്രമിച്ചത് എന്തിനാണെന്നും ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്നും കാക്കനാട് ജയിലില്‍ സഹതടവുകാരനായിരുന്ന ജിന്‍സനോട് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. മറ്റൊരു കേസില്‍ പിടിക്കപ്പെട്ട് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ജിന്‍സനെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ജിന്‍സന്‍ സുനില്‍കുമാര്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടനാണ് നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പള്‍സര്‍ സുനി ജിന്‍സനോട് പറഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം.

ജിന്‍സന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ അപേക്ഷ എറണാകുളം സിജെഎം കോടതി അംഗീകരിച്ചിരുന്നു. മജിസ്‌ട്രേറ്റിന് മുന്നിലും പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ജിന്‍സന്‍ ആവര്‍ത്തിച്ചാല്‍ കേസ് വഴിതിരിയും. ഇതോടെ പൊലീസിന് ഗൂഢാലോചന നടത്തിയ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അവസരം ലഭിക്കും. കോടതിയുടെ അനുമതിയോടെ ജയിലിലെത്തി സുനില്‍കുമാറിനേയും ചോദ്യം ചെയ്യാന്‍ സാധിക്കും. സുനില്‍കുമാര്‍ ഉള്‍പ്പെടെ എട്ടുപ്രതികള്‍ ഇപ്പോഴും കാക്കനാട് ജയിലിലാണുള്ളത്. ഫെബ്രുവരി 17ന് രാത്രിയാണ് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ചത്.

കാശ്മീർ താഴ്‌വരയിലെ നൊവാത്തയിൽ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഡിവൈഎസ്പി മൊഹമ്മദ് അയൂബ് പണ്ഡിത്തിനെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ 12 മണിക്കാണ് സംഭവം നടന്നത്. സ്ഥലത്ത് കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

ശ്രീനഗറിന് അടുത്തെ ജാമിയ മസ്ജിദ് പരിസരത്ത് വച്ചാണ് സംഭവം നടന്നത്. രാത്രി പെട്രോളിങ്ങ് നടത്തുകയായിരുന്ന ഡിവൈഎസ്പി മുഹമ്മദ് അയൂബിന്റെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചു, ഇതിനെ തുടർന്ന് അയൂബ് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പിൽ 3 പേർക്ക് പരിക്കേറ്റു എന്നും നാട്ടുകാർ പറയുന്നുണ്ട്. തുടർന്നാണ് ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.

എന്നാൽ ഇദ്ദേഹം യൂണിഫോമിൽ ആയിരുന്നില്ല എന്നും, വൻ പൊലീസ് സന്നാഹം എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചു വിട്ടത് എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥന്രെ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമായിരുന്നു എന്നും ഇദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് മുഹമ്മദ് അയൂബാണ് എന്ന് തിരിച്ചറിഞ്ഞത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൊല്ലപ്പെട്ട ഡിവൈഎസ്പിയുടെ മൃത്ദേഹം ഇന്ന് ഉച്ചയ്ക്ക് സംസ്കരിക്കും. നഗരത്തിലെ ഏഴ് സ്റ്റേഷൻ പരിധികളിൽ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്.

ബോളിവുഡ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മലയാളി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. വടുതല സ്വദേശിനിയായ പതിനഞ്ചുകാരിയെ ഉത്തര്‍പ്രദേശില്‍ കൊണ്ടുപോയാണ് പ്രതി മഹേഷ് ഉപാധ്യായ(ലക്കിശര്‍മ) ലൈംഗികമായി ചൂഷണം ചെയ്തത്. നോയിഡയില്‍ നിന്നാണ് ഇയാളെ കേരളാ പോലീസ് ഒടുവില്‍ ഇയാളെ  അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിലൂടെയാണ് മഹേഷ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് ജൂൺ പതിനഞ്ചിന് ഹിന്ദി സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നൽകി പെണ്‍കുട്ടിയെ നോയിഡയിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഇയാൾ മോചിപ്പിക്കാൻ രക്ഷിതാക്കളോട് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. മോചനദ്രവ്യം ജൂൺ 22 നു മുമ്പ് നൽകിയില്ലെങ്കിൽ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്നും പ്രതി കുടുംബത്തെ അറിയിച്ചു. രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ നോര്‍ത്ത്‌ പോലീസ്‌ അവിടെയെത്തി പ്രതിയെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

പ്രതിയെ ബിക്കാനിര്‍ എക്‌സ്‌പ്രസ്‌ ട്രെയിനില്‍ നാളെ കൊച്ചിയിലെത്തിക്കും. ഹിന്ദി സിനിമാ നിര്‍മാതാവാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിക്കൊണ്ടുപോയത്‌. പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശില്‍ എത്തിച്ച ശേഷമാണ്‌ മാതാപിതാക്കളെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്‌. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്‌ പ്രതിയെ പിടികൂടിയത്‌. ഇയാള്‍ കഴിഞ്ഞ ദിവസം മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ച്‌ പുഴയില്‍ തള്ളിയതായി പോലീസ്‌ പറഞ്ഞു.

പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് സൂപ്പര്‍താരത്തിന്റെ നിര്‍ദ്ദേശമനുസരിച്ചെന്ന പുതിയ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. ഇതില്‍ ഒരാള്‍ നടനും മറ്റെയാള്‍ സംവിധായകനുമാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊച്ചിയില്‍ സുഹൃത്തിനെ കാണാനായി വരുമ്പോഴാണ് നടിക്കെതിരെ ആക്രമണം ഉണ്ടായത്. ഈ യാത്രാ വിവരങ്ങള്‍ പള്‍സര്‍ സുനിക്ക് ലഭിച്ചത് ഇതേ സംവിധായകനില്‍ നിന്നാണെന്നും സൂപ്പര്‍താരം പള്‍സര്‍ സുനിയെ വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ജയിലില്‍ വെച്ച് സഹ തടവുകാരനോടാണ് പള്‍സര്‍ സുനി ഈ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് വിവരം. സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതിയായ ചാലക്കുടി സ്വദേശി ജിന്‍സനോടാണ് വിവരങ്ങള്‍ പങ്കുവച്ചത്. നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

ജയില്‍ അധികാരികള്‍ക്ക് വിവരം കിട്ടിയതോടെ ഈ കാര്യം അവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടുത്തു. നെടുമ്പാശ്ശേരിയില്‍ ഒരു തട്ടിപ്പുകേസുമായാണ് ജിന്‍സനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസ് അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ മൊഴി ഗൗരവത്തോടെ എടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം.

റിമാന്‍ഡ് പ്രതിയായ ജിന്‍സന്റെ അതേ മുറിയിലാണ് പള്‍സര്‍ സുനിയെയും പാര്‍പ്പിച്ചിരുന്നത്. ഇവര്‍ തമ്മില്‍ നല്ല സൗഹൃദത്തിലാവുകയും ഇതെത്തുടര്‍ന്ന് സുനി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജിന്‍സനുമായി പങ്കുവയ്ക്കുകയുമായിരുന്നു. കൂടുതല്‍ തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ തുടരന്വേഷണം നടത്താനായി വിചാരണ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാനുള്ള ശ്രമത്തിലാണ് പൊലീസെന്നാണ് സൂചന. ഇതിനെല്ലാം ജയിലില്‍ വിചാരണ തടവുകാരനായ ജിന്‍സന്റെ അഭിഭാഷകന്റെ ഇടപെടലും നിര്‍ണ്ണായകമായി. സത്യം പുറത്തു വരുന്നതില്‍ ഈ അഭിഭാഷകന്റെ പങ്കും വലുതാണ്.

പള്‍സര്‍ സുനി ജിന്‍സനോട് സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മിമിക്രി താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയുടെ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ബ്ലാക്ക്മെയിലിങ് ആണോ ലക്ഷ്യമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിര്‍ണായക വിവരങ്ങള്‍ പൊലീസിനോട് പങ്കുവെച്ച ജിന്‍സനും സംശയത്തിന്റെ നിഴലിലാണ്. പള്‍സര്‍ സുനിയും ജിന്‍സനും ചേര്‍ന്ന് പ്രമുഖരില്‍ നിന്നും പണം തട്ടാനുള്ള ഗൂഢാലോചന നടത്തിയതിന്റെ ഭാഗമാണോ പുതിയ നീക്കമെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഫെബ്രുവരി 17നായിരുന്നു തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന വഴി പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും സംഘം മൊബൈലില്‍ പകര്‍ത്തി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നെങ്കിലും അത് തള്ളിക്കളയുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ ജയിലിലെ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഈ കേസില്‍ നിര്‍ണായക വഴിത്തിരിവ് ആയിരിക്കുന്നത്.

തന്നെ പീഡനത്തിന് ഇരയാക്കിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട യുവതിയോട് തന്നോടൊപ്പം ലൈംഗീകബന്ധത്തിലേര്‍പ്പെടണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍. ഉത്തര്‍പ്രദേശിലെ റാംപൂരിലെ ഗഞ്ച് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് യുവതിയുടെ ആരോപണം.

തന്നെ പീഡിപ്പിച്ചവര്‍ സമൂഹത്തില്‍ സ്വതന്ത്രമായി നടക്കുന്നുവെന്നും, തന്റെ ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയതെന്ന് യുവതി പറയുന്നു. പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ ആദ്യം തനിക്കൊപ്പം ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടണമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ആവശ്യം.

യുവതി പൊലീസ് ഉദ്യോഗസ്ഥന്റെ ആവശ്യം നിഷേധിച്ചതോടെ യുവതി പീഡനത്തിന് ഇരയായ കേസിലെ അന്വേഷണം ഉദ്യോഗസ്ഥന്‍ അവസാനിപ്പിച്ചു. വീണ്ടും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നിലെത്തിയ യുവതി സംഭാഷണമെല്ലാം റെക്കോര്‍ഡ് ചെയ്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു.  സംഭവം വിവാദമായതോടെ ആരോപണവിധേയനായ എസ്‌ഐക്കെതിരെ എസ്പി അന്വേഷണം പ്രഖ്യാപിച്ചു. ഫെബ്രുവരി 12നായിരുന്നു രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇതില്‍ ഒരാളെ യുവതിക്ക് നേരത്തെ അറിയുന്നതായിരുന്നിട്ടും, പ്രതികള്‍ക്കെതിരെ ഒരു നടപടി സ്വീകരിക്കാനും പൊലീസ് തയ്യാറായില്ല.  തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

പുതുവൈപ്പിലെ ജനകീയസമരവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം കേരളത്തിലെ പോലീസ് നടത്തിയ നരനായാട്ടിനെ ഒന്നു അപലപിക്കാന്‍ പോലും ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ലെന്ന് ആംആദ്മി പാര്‍ട്ടി. ഭരണമുന്നിണിയിലെ കക്ഷിനേതാക്കളും, പല കക്ഷികളും, സി.പി.ഐ.എമ്മിന്റെ തന്നെ നേതാക്കളടക്കം കേരളീയ പൊതുസമൂഹം മുഴുവന്‍ ഹീനമായ അക്രമണം എന്നു വിശേഷിപ്പിച്ച ആ സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പോലീസ് ഭാഷ്യം അതുപോല്‍ അംഗീകരിക്കാനാണ് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമൊക്കെ തയ്യാറാവുന്നത് എന്നതില്‍ നിന്നു തന്നെ ജനകീയ സമരങ്ങളോടുള്ള ഈ സര്‍ക്കാരിന്റെ സമീപനം വ്യക്തമാകുന്നുവെന്നും ആംആദ്മി പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തില്‍ വളര്‍ന്നു വരുന്ന ഒട്ടനവധി ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്തി തങ്ങളുടെ സ്ഥാപിത കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നന്ദിഗ്രാം, സിംഗൂര്‍ മാതൃക കേരളത്തിലും ആവര്‍ത്തിക്കാനുള്ള ശ്രമം ഒരിക്കലും അംഗീകരിച്ചു കൊടുക്കാനാവില്ല. അതുകൊണ്ട് തന്നെ ഇതിനെതിരായി ശക്തമായ ജനാധിപത്യ പ്രക്ഷോഭം ഉയര്‍ന്നു വരികയാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ 22ന് രാവിലെ 10 മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ നിന്നും ഐ.ജി ഓഫീസിലേക്ക് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിക്കുന്നതായി പാര്‍ട്ടി അറിയിച്ചു. മാര്‍ച്ചില്‍ ആം ആദ്മി പാര്‍ട്ടിയുടെ വോളന്റിയര്‍മ്മാരും പങ്കെടുക്കുന്നതാണ്. ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എല്ലാവരും അണിചേരണമെന്ന് ആം ആദ്മി പാര്‍ട്ടി അഭ്യര്‍ത്ഥിക്കുന്നു

ഭക്ഷണക്ഷാമം നേരിടുന്ന കെനിയയ്ക്ക് സഹായവുമായി ചൈന. ഒരു ലക്ഷം ഭക്ഷണപ്പൊതികളാണ് ചൈന കെനിയയ്ക്കു നൽകിയത്. ഭക്ഷ്യക്ഷാമം നേരിടുന്ന ജനങ്ങളുടെ അവസ്ഥ കരളലിയിക്കുന്നതാണെന്ന് കെനിയയിലെ ചൈനീസ് അംബാസഡർ ലിയൂ ക്സിയാൻഫ പറഞ്ഞു.

പ്രതികൂല കാലാവസ്ഥയേത്തുടർന്നാണ് കെനിയ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലമർന്നത്. എന്നാൽ കെനിയൻ ജനത ഭക്ഷണത്തിനായി ഇനി അലയേണ്ടി വരില്ല. ചൈനയിലെ ജനങ്ങൾ ഇവർക്കൊപ്പമുണ്ട്. മുൻപും ചൈനയിലുള്ളവർ കെനിയയ്ക്ക് സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്- ലിയൂ വ്യക്തമാക്കി.

കൊച്ചി: പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനലിനെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ തീവ്രവാദികളുടെ ഇടപെടലുണ്ടായെന്ന നിലപാടിലുറച്ച് പോലീസ്. ഇത് സംബന്ധിച്ച് ഷാഡോപോലീസിന്റെ സഹായത്തോടെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്കു കൈമാറി.മംഗലാപുരത്തുനിന്നും തൃശ്ശൂരില്‍ നിന്നുമായി എത്തിയ പത്തംഗ സംഘമാണ് സമരത്തിന്റെ ഗതി നിയന്ത്രിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇവരില്‍ രണ്ടു പേര്‍ മൂന്നാര്‍ സമരത്തിലും ഉണ്ടായിരുന്നതായി  രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സമാധാനപരമായി നടന്നു വരികയായിരുന്ന സമരത്തിന്റെ സ്വഭാവം 119-ാം ദിവസം പൊടുന്നനെ മാറിയതിന്റെ പിന്നിലും ഇവരുടെ പങ്ക് നിര്‍ണ്ണായകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുവൈപ്പ് ഉള്‍പ്പടെയുള്ള തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുടെ പങ്കും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. മംഗലാപുരം സ്വദേശികളായി ആറുപേരെ പൊലീസ് ഞാറാഴ്ച വരെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതില്‍ ഏതാനം പേര്‍ മുടിയും താടിയും നീട്ടി വളര്‍ത്തിയവരാണ്. എന്നാല്‍ ഷാഡോ പൊലീസ് ഇവരോട് നേരിട്ട് സംസാരിച്ച് തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചപ്പോള്‍, രേഖകള്‍ വീട്ടിലാണെന്നും, സമരം നടക്കുന്നത് അറിഞ്ഞെത്തിയവരാണ് തങ്ങളെന്നും, പുതുവൈപ്പ് സ്വദേശികളുടെ ബന്ധുക്കളാണെന്നുമാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഞായറാഴ്ച വൈകിട്ടോടെ ഇവര്‍ സമരകേന്ദ്രത്തില്‍ നിന്നും അപ്രത്യക്ഷരായതോടെയാണ് സംശയമുണര്‍ന്നത്.

ഇവരില്‍ ഓരോരുത്തരെയും മൂന്ന് ഉദ്യോഗസ്ഥര്‍ വരെയാണ് നിരീക്ഷിച്ചത്. ഇവരിലൊരാളാണ് മാര്‍ച്ചിന് നേരെയുണ്ടായ കല്ലേറിന് തുടക്കമിട്ടതെന്നും സൂചനയുണ്ട്. ടെര്‍മിനല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഏറ്റവുമധികം നഷ്ടം ഉണ്ടാകുക മംഗലപുരത്ത് നിന്ന് കൊച്ചിയില്‍ ഗ്യാസ് എത്തിക്കുന്ന ടാങ്കര്‍ ലോറി ഉടമകള്‍ക്കായിരിക്കും. വര്‍ഷം കോടികളുടെ നേട്ടമാണ് ടാങ്കര്‍ ലോബിക്ക് ഇതിലൂടെ ലഭിച്ചുവരുന്നത്. എല്‍.പി.ജി ടെര്‍മിനല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഈ ഇനത്തില്‍ ലഭിക്കുന്ന വരുമാനം ടാങ്കര്‍ ലോബിക്ക് നഷ്ടമാകും.

ഇതിനാല്‍ തീവ്രവാദ സംഘടനകളുടെ പിന്നില്‍ ടാങ്കര്‍ ലോറി മാഫിയയാണോ എന്ന ന്യായമായ സംശയവുമുണരുന്നു. സമരക്കാര്‍ക്ക് ആവശ്യമായ അരിയുള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ഇവര്‍ സൗജന്യമായി എത്തിച്ച് നല്‍കിയിരുന്നു. സമര നേതാക്കളുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ച് വരുകയാണ്. എന്നാല്‍ പുറത്ത് നിന്ന എത്തിയ തീവ്ര സംഘടനകളുടെ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരുടെ കയ്യിലും മൊബൈല്‍ ഫോണ്‍ ഇല്ലെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. പത്താം തീയതിയോടെ പുതുവൈപ്പിലെത്തിയ സംഘം വീടുകള്‍ കയറി ക്യാമ്പയിന്‍ നടത്തി അനാവശ്യഭീതിയുണ്ടാക്കി. ഇതാണ് പതിനാലാം തിയതിയോടെ സമരത്തിന്റെ സ്വഭവം മാറിയത്. ഇതിനു മുമ്പ്് ഇവര്‍ ഇവിടെ എത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചു വരികയാണ്.

മറ്റൊരു കാര്യം പുതുവൈപ്പ് പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കഴിഞ്ഞ ഒരാഴ്ചക്കാലമായി ജോലിയ്‌ക്കൊന്നും പോകാതെ സമരത്തിലുണ്ട്. സര്‍ക്കാര്‍ പദ്ധതിയുമായി മുമ്പോട്ടു പോയാല്‍ ഇവിടെത്തന്നെ ജോലിയ്ക്കു കയറിപ്പറ്റാമെന്നും പലരും കണക്കുകൂട്ടുന്നു. പ്രദേശവാസികള്‍ക്ക് പദ്ധതിയില്‍ ജോലി നല്‍കണമെന്ന നിര്‍ദ്ദേശം ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന അനുരജ്ഞന ചര്‍ച്ചയില്‍ ഐ.ഒ.സി വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ ഉന്നയിക്കും. എന്നാല്‍ ഇത്തരം ആവശ്യത്തിന് വഴങ്ങേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം.

പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഹൈവേകള്‍ വഴിയുള്ള ടാങ്കര്‍ ലോറികളുടെ വരവ് അമ്പത് ശതമാനം എങ്കിലും കുറയുമെന്നാണ് ഐ.ഒ.സി വ്യക്തമാക്കുന്നത്. ദിവസേന ഏകദേശം നൂറ് ബുള്ളറ്റ് ട്രക്കുകളാണ് വീതി കുറഞ്ഞ രോഡുകളിലൂടെ കടന്നുപോകുന്നത്. കൊച്ചി റിഫൈനറിയില്‍ നിന്ന് നിര്‍ദ്ദിഷ്ട എല്‍പിജി ടെര്‍മിനിലേക്കും, ഉദയംപേരൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, എന്നിവടങ്ങളിലേക്കും പൈപ്പ് വഴി ബന്ധിപ്പിച്ചാല്‍ പാതകളില്‍ക്കൂടിയുള്ള ടാങ്കര്‍ ലോറികളുടെ വരവ് ഗണ്യമായി കുറയുമെന്നും ഐഒസി അധികൃതര്‍ പറയുന്നു. ഒരു ദിവസം നിര്‍മാണം നിര്‍ത്തിവെയ്ക്കുന്നത് മൂലം ഒരു കോടി രൂപയ്ക്കടുത്ത നഷ്ടമാണ് ഐഒസിക്ക് ഉണ്ടാകുന്നത്. ആഗോള നിലവാരത്തിലുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മോദി കൊച്ചിയിലെത്തുന്ന തലേ ദിവസമാണ് പുതുവൈപ്പ് സമരം സംഘര്‍ഷത്തിലെത്തിയത്. ഹൈക്കോടതിക്ക് അടുത്ത് വരെ സമരക്കാരെത്തി. ഇവരെ അതിശക്തമായി ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കൈകാര്യം ചെയ്തതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് യതീഷ് ചന്ദ്രയെ ന്യായീകരിച്ചുകൊണ്ട്് ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തുകയും ചെയ്തതോടെ സംഭവം ഇപ്പോള്‍ കത്തിപ്പടരുകയാണ്.

RECENT POSTS
Copyright © . All rights reserved