Latest News

കാറില്‍ മയക്കുമരുന്നുവെച്ച് മുന്‍ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം വിജയിച്ചില്ല. ബത്തേരി പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് ദമ്പതിമാരെ രക്ഷിച്ചത്. പതിനായിരം രൂപ പ്രതിഫലംവാങ്ങി കാറില്‍ എം.ഡി.എം.എ. വെച്ച യുവാവിന്റെ സുഹൃത്തിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് പിടികൂടി.

ചീരാല്‍ കുടുക്കി പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30)യെയാണ് ബത്തേരി എസ്.ഐ. സാബുചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. വിവരമറിഞ്ഞ് ഒളിവില്‍പ്പോയ യുവതിയുടെ മുന്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26)യ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

വില്‍പ്പനയ്ക്കായി ഓണ്‍ലൈന്‍ ആപ്പില്‍ പോസ്റ്റ്‌ചെയ്ത കാര്‍, ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്നപേരില്‍ വാങ്ങിയശേഷം ഡ്രൈവര്‍സീറ്റിന്റെ റൂഫില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെച്ച് പോലീസിന് രഹസ്യവിവരം നല്‍കുകയായിരുന്നു. പുല്‍പ്പള്ളി ഭാഗത്തുനിന്ന് വരുന്ന കാറില്‍ എം.ഡി.എം.എ. കടത്തുന്നുണ്ടെന്നാണ് പോലീസ് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞത്. വിവരമറിഞ്ഞയുടന്‍ ബത്തേരി പോലീസ് കോട്ടക്കുന്ന് ജങ്ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതിമാര്‍ സഞ്ചരിച്ച കാറില്‍നിന്ന് 11.13 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പോലീസിന് ബോധ്യപ്പെട്ടു.

ഓണ്‍ലൈന്‍ ആപ്പില്‍ വില്‍പ്പനയ്ക്കിട്ട ഇവരുടെ വാഹനം ടെസ്റ്റ് ഡ്രൈവിനായി ശ്രാവണ്‍ എന്നൊരാള്‍ക്ക് കൊടുക്കാന്‍ പോയതാണെന്നാണ് ദമ്പതിമാര്‍ പോലീസിനോട് പറഞ്ഞത്. ഇക്കാര്യം ഉറപ്പുവരുത്താനായി ശ്രാവണിന്റെ ഫോണ്‍നമ്പര്‍ വാങ്ങി പോലീസ് വിളിച്ചുനോക്കിയപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയംതോന്നിയ പോലീസ് മൊബൈല്‍ നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. ശ്രാവണ്‍ എന്നത് മോന്‍സിയുടെ കള്ളപ്പേരാണെന്ന് പോലീസ് മനസ്സിലാക്കി.

യുവതിയുടെ മുന്‍ഭര്‍ത്താവിന് ദമ്പതിമാരോടുള്ള വിരോധംകാരണം ഇരുവരെയും കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്തായ മോന്‍സിക്ക് 10,000 രൂപ നല്‍കി, കാറില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എസ്.സി.പി.ഒ. നൗഫല്‍, സി.പി.ഒ.മാരായ അജ്മല്‍, പി.ബി. അജിത്ത്, നിയാദ്, സീത എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒക്ടോബർ ഒന്നു മുതല്‍ ആരംഭിക്കും. കേസില്‍ ഹൈക്കോടതി ജാമ്യത്തില്‍ കഴിയുന്ന പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമല്‍കുമാർ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി കുറ്റപത്രം വായിപ്പിച്ച്‌ കേള്‍പ്പിച്ചത്.

അതേസമയം കുറ്റപത്രം വായിച്ചുകേട്ട പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസിലെ ഒന്നാം പ്രതിയും ഷാരോണിന്റെ പെണ്‍സുഹൃത്തുമായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമല്‍കുമാർ നായർ എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതികള്‍ നിലവില്‍ ഹൈക്കോടതിയുടെ ജാമ്യത്തിലാണ്.

62 പേജുകളും ആയിരത്തി അഞ്ഞൂറോളം രേഖകളും മറ്റനുബന്ധ തെളിവുകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.ടി.രാശിത്തായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.

കുറ്റപത്രപ്രകാരം കൊലപാതകം (302), കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകല്‍ (364), വിഷം നല്‍കി കൊലപ്പെടുത്തല്‍ (328), തെളിവ് നശിപ്പിക്കല്‍ (201), കുറ്റം ചെയ്തത് മറച്ചുവെയ്ക്കല്‍ (203) എന്നീ വകുപ്പുകളാണ് പ്രതികളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം വായിച്ചു കേട്ട പ്രതികള്‍ ഇത് നിഷേധിച്ചു. കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി സിന്ധുവും അമ്മാവൻ നിർമല്‍കുമാർ നായരും നേരത്തെ ജാമ്യം നേടിയിരുന്നു.

വർക്കല മണമ്പൂരിൽ ഭർതൃഗൃഹത്തിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല പേരേറ്റിൽ കാട്ടിൽ വീട്ടിൽ ലക്ഷ്മി (അമ്മു–19) ആണ് മരിച്ചത്. മണമ്പൂർ ശങ്കരൻമുക്കിൽ ഭർത്താവിനോടെപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയിരുന്നു സംഭവം.

ഭർത്താവ് കിരണിന്റെ കുടുംബാംഗങ്ങളും ആ വീട്ടിൽ താമസമുണ്ടായിരുന്നു. കിരൺ ഓട്ടോ ഡ്രൈവറാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 11 മാസമായി. പ്രണയവിവാഹമായിരുന്നു. ലക്ഷ്മി ഒന്നരമാസം ഗർഭിണിയായിരുന്നു. ബിഎ ലിറ്ററേച്ചർ അവസാനവർഷ വിദ്യാർഥിനിയായിരുന്നു.

തുടർപഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവും വീട്ടുകാരുമായി തർക്കം ഉണ്ടായിരുന്നതായും അതിലുണ്ടായ മനോവിഷമത്തെ തുടർന്ന് ലക്ഷ്മി ജീവനൊടുക്കിയതാണെന്നുമാണ് പ്രാഥമിക വിവരം. എഎസ്പി ദീപക് ധൻകറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കടയ്ക്കാവൂർ പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

സാഹിത്യത്തിനുള്ള സരസ്വതി സമ്മാന്‍ പുരസ്‌കാരം കവി പ്രഭാ വര്‍മയ്ക്ക്. ‘രൗദ്ര സാത്വികം’ എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം. 15 ലക്ഷം രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

12 വര്‍ഷത്തിന് ശേഷമാണ് മലയാള സാഹിത്യരംഗത്തുള്ള ഒരാള്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. കെ.കെ. ബിര്‍ല ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‌കാരമാണ്.

ഷൈമോൻ തോട്ടുങ്കൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ സുവാറ 2024 , കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും . വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരത്തിൽ രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക . ഫൈനൽ മത്സരങ്ങൾ ജൂൺ 8 ന് നടത്തപ്പെടും . കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത് . മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പി ഒ സി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക .മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത് .

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2025 ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ . “പ്രതീക്ഷയുടെ തീർത്ഥാടകർ” എന്ന മുദ്രാവാക്യവുമായി രൂപത മുഴുവൻ ”ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു” (സങ്കീ 119 : 114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുമ്പോൾ ഈ വർഷത്തെ സുവാറ മത്സരങ്ങൾക്ക് പ്രാധാന്യമേറുന്നു . നമ്മുടെ രൂപതയിലെ എല്ലാകുട്ടികളെയും മത്സരത്തിൽ പങ്കെടിപ്പിച്ചുകൊണ്ട് വചനത്തിൽ ഉറപ്പുള്ളവരാക്കാം . സുവാറ ബൈബിൾ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുവാനും മത്സരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
https://smegbbiblekalotsavam.com/?page_id=1562

 

ഗൾഫിൽ നിന്ന് മടങ്ങി എത്തുന്ന പ്രവാസികൾക്ക് ആശ്വാസമായി പെൻഷൻ മുതല്‍ മെഡിക്കല്‍ സഹായം വരെ. ഇതിനായി കേരള പ്രവാസി വെല്‍ഫെയർ ബോർഡ് ഇത്തരത്തിലുള്ള വാർധക്യ പെൻഷൻ നല്‍കുന്നുണ്ട്. ഒപ്പം നിരവധി ആനുകൂല്യങ്ങളും.

വിദേശത്ത് അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കായി കേരള സർക്കാർ ആരംഭിച്ച റിട്ടയർമെന്റ് സേവിംഗ്സ് പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതി. വിദേശത്ത് ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും താഴ്ന്നതോ ഇടത്തരം വരുമാനക്കാരോ ആണ് കേരള പ്രവാസി വെല്‍ഫെയർ ബോർഡ് വഴി ഇവർക്ക് പെൻഷൻ ഉറപ്പാക്കാം. കുടുംബാംഗങ്ങള്‍ക്കുള്ള പെൻഷൻ, അംഗവൈകല്യമുള്ളവർക്കുള്ള പെൻഷൻ, വൈദ്യസഹായം എന്നിങ്ങനെയുള്ള പദ്ധതികളും ബോർഡ് നടപ്പാക്കുന്നുണ്ട്.

കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ജോലി ചെയ്യുന്നവർക്കാണ് പെൻഷന് അർഹത. 19 നും 60 നും ഇടയില്‍ പ്രായമുള്ള പ്രവാസി മലയാളികള്‍ക്ക് പെൻഷനായി എൻറോള്‍ ചെയ്യാം.

പെൻഷൻ ലഭിക്കുന്നതിന് പ്രതിമാസ വിഹിതം അടയ്ക്കേണ്ടതുണ്ട്.വിദേശത്തുള്ള പ്രവാസി മലയാളികളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ സംഭാവന 300 രൂപയാണ്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന മലയാളികള്‍ക്ക് 100 രൂപ മാസത്തില്‍ വിഹിതം അടയ്ക്കണം. ഒരു വർഷത്തേക്ക് സംഭാവന നല്‍കിയില്ലെങ്കില്‍ അംഗത്വം റദ്ദാക്കപ്പെടും

മൂന്ന് ഫോമുകള്‍ പൂരിപ്പിച്ച്‌ പ്രവാസികള്‍ക്ക് പെൻഷൻ പദ്ധതിയുടെ ഭാഗമാകാം. ഫോറം 1 എ വിദേശത്ത് ജോലി ചെയ്യുന്ന എൻആർകെകള്‍ക്കുള്ളതാണ്. കുറഞ്ഞത് 2 വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തിലുള്ള എൻആർകെ കള്‍ ഫോറം 1 ബി ഉപയോഗിക്കണം. സംസ്ഥാനത്തിന് പുറത്ത് ഇന്ത്യയില്‍ ജോലി ചെയ്യുന്ന എൻആർകെ ഫോം 2 എ ഉപയോഗിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് കേരള പ്രവാസി വെല്‍ഫെയർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താം.

‘സേവനം’ എന്ന ഭാഗത്ത് രജിസ്ട്രേഷൻ മെനുവില്‍ ‘ഓണ്‍ലൈൻ അപ്ലെെ’ തിരഞ്ഞെടുക്കുക. തുടർന്ന് ഫോം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഫോമില്‍ ആവശ്യമായ എല്ലാ വിവരങ്ങളും രേഖപ്പെടുത്തി ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം അപേക്ഷ സബ്മിറ്റ് ചെയ്യാം.

പ്രവാസി പെൻഷന് രജിസ്റ്റർ ചെയ്യുന്നതോടെ പെൻഷൻ കൂടാതെ മറ്റ് നിരവധി സേവനങ്ങളും ബോർഡില്‍ നിന്ന് പ്രവാസി മലയാളികള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതിലൊന്നാണ് പ്രവാസി കുടുംബ പെൻഷൻ. വരിക്കാരനായ അംഗം മരണപ്പെട്ടാല്‍ വരിക്കാരന്റെ മരണകാരണം, പെൻഷൻ പേയ്മെന്റ് മോഡ്, രജിസ്ട്രേഷൻ തരം എന്നിവ പരിശോധിച്ച ശേഷം നോമിനിക്ക് പെൻഷന് ലഭിക്കും.

അംഗത്തിന് ഗുരുതരമായ അസുഖമുണ്ടെന്ന് കണ്ടെത്തിയാല്‍ മറ്റ് സർക്കാർ പദ്ധതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ 50,000 രൂപ വരെ ആരോഗ്യ ചെലവുകള്‍ക്കുള്ള സഹായം ലഭിക്കും.

തുടർച്ചയായി മൂന്നോ അതിലധികമോ വർഷം പെൻഷൻ സ്കീമിലേക്ക് സംഭാവന ചെയ്ത വ്യക്തിക്ക് മക്കളുടെ വിവാഹ ചെലവുകള്‍ക്കായി 10,000 രൂപ വരെ സാമ്ബത്തിക സഹായമായി ലഭിക്കും. കുറഞ്ഞത് രണ്ട് വർഷമെങ്കിലും സംഭാവന ചെയ്യുന്ന ഒരു വനിതാ അംഗത്തിന് പ്രസവത്തിനും ഗർഭച്ഛിദ്രത്തിനും സാമ്ബത്തിക സഹായം ലഭിക്കും.

ആനുകൂല്യങ്ങള്‍

*പ്രവാസിക്ക് പ്രതിമാസ പെൻഷൻ

*മരിച്ചാല്‍ നോമിനിക്ക് പെൻഷൻ

*ഗുരുതരമായ അസുഖങ്ങള്‍ക്ക് 50,000 രൂപ വരെ പ്രത്യേക സഹായം

*മക്കളുടെ വിവാഹ ചെലവുകള്‍ക്കായി 10,000 രൂപ വരെ പ്രത്യേക സാമ്ബത്തിക സഹായം

*വനിതാ അംഗത്തിന് പ്രസവത്തിനും ഗർഭച്ഛിദ്രത്തിനും സാമ്ബത്തിക സഹായം

* അടയ്ക്കേണ്ടത് പ്രതിമാസം വെറും 300 രൂപ മാത്രം!

രക്ഷിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോവളം സ്വദേശി അനിൽകുമാർ ( 40) ആണ് പിടിയിലായത്.

വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ ഇയാൾ കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് കോവളം പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പേരാമ്പ്ര വാളൂരിൽ അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി മുജീബ് റഹ്‌മാന് പിന്നാലെ കൂട്ടുപ്രതിയും പിടിയിൽ. കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങൾ വിൽക്കാൻ ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പൊലീസിന്റെ പിടിയിലായത്.

അനുവിനെ കൊലപ്പെടുത്തിയ ശേഷം മുജീബ് റഹ്‍മാൻ അവരുടെ ആഭരണങ്ങൾ വിൽക്കാനായി അബൂബക്കറെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ ആഭരണം വിൽക്കാൻ സമീപിച്ച ജ്വല്ലറിയിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. മുജീബിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ഭർത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ശനിയാഴ്ച വൈകിട്ടോടെയാണ് മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാന് (49) പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മോഷ്ടിച്ച ബൈക്കുമായി എത്തിയ മുജീബ് അന്നേ ദിവസം തന്നെ അനുവിനെയും കൊലപ്പെടുത്തുകയായിരുന്നു.

കേരളത്തിലെ മികച്ച സ്കൂൾ ,കോളജ് മാഗസിന് പനമറ്റം ദേശീയ വായനശാല പുരസ്കാരം നൽകുന്നു. 2023 , 24 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച മാഗസിനുകളാണ് പരിഗണിക്കുക.

ഒന്നാം സമ്മാനാർഹമായ മാഗസിന് കടമ്മനിട്ട സ്മാരക പുരസ്കാരമായി പ്രശസ്തി പത്രവും 5000 രൂപയും .രണ്ടാം സ്ഥാനത്തിന് വി.രമേഷ് ചന്ദ്രൻ സ്മാരക പുരസ്കാരമായി 3000 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും.
മാഗസിനുകളുടെ 3 കോപ്പികൾ
2024 ഏപ്രിൽ 30 നു മുമ്പായി

സെക്രട്ടറി
ദേശീയ വായനശാല
പനമറ്റം പോസ്റ്റ്
കൂരാലി വഴി
കോട്ടയം ജില്ല
പിൻ 686522
എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

വിശദ വിവരങ്ങൾക്ക്
9495395461
9495691616
എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും . മിഷനുകളിലും , പ്രൊപ്പോസഡ്‌ മിഷനുകളിലും , വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു . ഓശാന ഞായറാഴ്ച തുടങ്ങി ഉയിർപ്പ് ഞായറാഴ്ച വരെ ഉള്ള വിശുദ്ധ വാരത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയ ക്രമവും , ദേവാലയങ്ങളുടെ മേൽവിലാസവും . കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ ഫോൺ നമ്പറും ഉൾപ്പടെ ഉള്ള വിശദ വിവരങ്ങൾ രൂപതാ വെബ്‌സൈറ്റിലും , ഔദ്യോഗിക സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് .താഴെ പറയുന്ന ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ് .

https://eparchyofgreatbritain.org/%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%ba-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8b-%e0%b4%ae-2/

 

RECENT POSTS
Copyright © . All rights reserved