കേരളത്തിലെ മികച്ച സ്കൂൾ ,കോളജ് മാഗസിന് പനമറ്റം ദേശീയ വായനശാല പുരസ്കാരം നൽകുന്നു. 2023 , 24 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച മാഗസിനുകളാണ് പരിഗണിക്കുക.
ഒന്നാം സമ്മാനാർഹമായ മാഗസിന് കടമ്മനിട്ട സ്മാരക പുരസ്കാരമായി പ്രശസ്തി പത്രവും 5000 രൂപയും .രണ്ടാം സ്ഥാനത്തിന് വി.രമേഷ് ചന്ദ്രൻ സ്മാരക പുരസ്കാരമായി 3000 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും.
മാഗസിനുകളുടെ 3 കോപ്പികൾ
2024 ഏപ്രിൽ 30 നു മുമ്പായി
സെക്രട്ടറി
ദേശീയ വായനശാല
പനമറ്റം പോസ്റ്റ്
കൂരാലി വഴി
കോട്ടയം ജില്ല
പിൻ 686522
എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.
വിശദ വിവരങ്ങൾക്ക്
9495395461
9495691616
എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും . മിഷനുകളിലും , പ്രൊപ്പോസഡ് മിഷനുകളിലും , വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു . ഓശാന ഞായറാഴ്ച തുടങ്ങി ഉയിർപ്പ് ഞായറാഴ്ച വരെ ഉള്ള വിശുദ്ധ വാരത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയ ക്രമവും , ദേവാലയങ്ങളുടെ മേൽവിലാസവും . കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ ഫോൺ നമ്പറും ഉൾപ്പടെ ഉള്ള വിശദ വിവരങ്ങൾ രൂപതാ വെബ്‌സൈറ്റിലും , ഔദ്യോഗിക സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് .താഴെ പറയുന്ന ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ് .
ലോക വൃക്ക ദിനത്തോട് അനുബന്ധിച്ച് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വൃക്ക ദിനാചരണം സംഘടിപ്പിച്ചു. ആശുപത്രിയിലെ നെഫ്രോളജി ഡിപ്പാർട്ട്മെന്റിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വൃക്ക ദിനാചരണത്തോട് അനുബന്ധിച്ചുള്ള വിവിധ പരിപാടികൾ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സോജി കന്നാലിൽ ഉദ്ഘാടനം ചെയ്തു .
വൃക്ക രോഗം തടയുക എന്ന ലക്ഷ്യത്തിൽ പുറത്തിറക്കിയ ലഘുലേഖ മെഡിക്കൽ ഓഫീസർ ഡോ. തോമസ് ചാണ്ടിയാണ് പ്രകാശനം ചെയ്തത്. ഡോ. ക്രിസ്റ്റി മറിയ വൃക്ക സംബന്ധമായ രോഗങ്ങൾ വരാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി. ഫാ. ദീപു പുത്തൻപുരയ്ക്കൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ എം മാത്യു എന്നിവർ പ്രസംഗിച്ചു.
ഫാ. ഹാപ്പി ജേക്കബ്ബ്
വലിയ നോമ്പിൻറെ അവസാന ആഴ്ചകളിലേക്ക് നാം വന്നിരിക്കുന്നു. ഓരോ ദിനവും സമർപ്പണവും തപനവും അനുതാപവും ശീലിച്ചവർക്ക് നോമ്പ് ജീവിതഭാഗമായി തീരുന്നു. കുറവുകൾ ഭവിക്കാം. ന്യൂനതകൾ വന്നേക്കാം. എന്നാലും ലക്ഷ്യവും മാർഗവും ശ്രേഷ്ഠമാണ് എന്ന ചിന്ത നമ്മെ മുന്നോട്ട് നയിക്കുന്നു. ഈ ആഴ്ച വേദചിന്തയായി ഭവിക്കുന്നത് കർത്താവ് പിറവി കുരുടന് കാഴ്ച നൽകുന്ന അനുഭവമാണ്. ഒരു മുഴുവൻ അധ്യായവും ഈ അത്ഭുതം വിവരിക്കുവാൻ മാറ്റി വച്ചിരിക്കുന്നു. വി. യോഹന്നാന്റെ സുവിശേഷം 9-ാം അധ്യായം 1 – 41 വരെയുള്ള വാക്യങ്ങൾ ഈ അത്ഭുതകരമായ പ്രവൃത്തിയിൽ യേശു ശാരീരിക കാഴ്ച പുനഃസ്ഥാപിക്കുക മാത്രമല്ല, അവനിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്നു. അഗാധമായ ആത്മീയ പ്രബുദ്ധതയെ പ്രതീകപ്പെടുത്തുകയും ചെയ്തു.
1. ആത്മീക അന്ധതയുടെ വെളിപ്പെടുത്തൽ
ഈ സൗഖ്യദാന ശുശ്രൂഷയിൽ നാം കാണുന്ന വ്യക്തി പ്രതിനിധീകരിക്കുന്നത് മനുഷ്യജാതിയെ തന്നെയാണ്. ഈ തലമുറയെ മുഴുവൻ ബാധിച്ചിരിക്കുന്ന ആത്മീക നിർജീവിത്വവും ആത്മീക ച്യുതിയും അത് ഉൾക്കൊള്ളുന്ന സമൂഹവും ചിന്തിച്ച് മാറ്റം ഉൾക്കൊള്ളേണ്ടതാണ്. ഈ മനുഷ്യന് ചുറ്റുമുള്ള ലോകം കാണാൻ കഴിയാത്തത് പോലെ നമ്മളിൽ പലരും അന്ധരാകുന്നു എന്ന ഓർമ്മപ്പെടുത്തലാണ്. പ്രകൃതി ഭംഗിയോ മാനുഷിക വികാരങ്ങളോ കാണാനോ തിരിച്ചറിയുവാനോ കഴിയാതെ അല്ലേ നാം ജീവിക്കുന്നത്. ദൈവവചനത്തെ കുറിച്ചുള്ള അന്ധത, മറ്റുള്ളവരുടെ ആവശ്യങ്ങളോടുള്ള നിസ്സംഗത , നമ്മുടെ പാപങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മ ഇതെല്ലാം നിഴലിക്കുന്നുവെങ്കിലും യേശു നമ്മുടെ അടുക്കലേക്ക് വരുന്നു. ന്യായവിധിക്കായി അവൻ വരുമ്പോൾ യോഹന്നാൻ 9 :33 അന്ധർ കാണുകയും കാഴ്ച ഉണ്ട് എന്ന് കരുതുന്നവർ അന്ധരാവുകയും ചെയ്യും.
2. വിശ്വാസത്തിൻറെ ശക്തി
സമൂഹം പല അവസരങ്ങളിലും പ്രചോദനം ആകാറുണ്ട് ഓരോ ജീവിതാനുഭവങ്ങളിലും. എന്നാൽ പല അവസരങ്ങളിലും വിഘാതവും വിലങ്ങുതടിയും ആകാറുമുണ്ട് . ആത്മീക തലങ്ങളിൽ ആധുനിക സമൂഹം ഉൾപ്പെട്ടിരിക്കുന്ന സമൂഹത്തിൻറെ മുൻപിൽ താഴ്ന്ന് പോകുന്നു. എന്നാൽ വ്യത്യസ്തനായ ഈ അന്ധൻ സമൂഹം എന്ത് പറയുന്നു എന്നല്ല തന്റെ വിശ്വാസം, തൻറെ ലക്ഷ്യം ഇതായിരുന്നു മുൻപിൽ വച്ചത്. കർത്താവ് തന്നോട് കൽപ്പിച്ചത് സംശയലേശമെന്യേ അനുസരിച്ചു. ശീലോഹാം കുളത്തിന്റെ കുറവുകൾ അല്ല കർത്താവായ തമ്പുരാൻറെ വാക്കിലുള്ള വിശ്വാസമാണ് അവനെ നയിച്ചത്. നാം കർത്താവിൽ അടിയുറച്ച് വിശ്വസിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ലഭിക്കുന്ന അത്ഭുതകരമായ പരിവർത്തനം ഈ സൗഖ്യം ലഭിച്ചവൻ നമ്മെ പഠിപ്പിക്കുന്നു.
3. ദൈവ മഹത്വത്തിൻറെ സാക്ഷ്യ വാഹകരാകുവിൻ
ഒരു സമൂഹത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ ഒരു മനുഷ്യൻ ദൈവത്തിൻറെ അത്ഭുത പ്രവർത്തനത്തിന്റെ സാക്ഷ്യമായി നിൽക്കുന്നു. ‘ഒരു കാര്യം എനിക്കറിയാം. ഞാൻ അന്ധനായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ കാണുന്നു. (9:25) അന്ധകാരവും , സംശയങ്ങളും നമ്മുടെ ആത്മീകതയിൽ നിഴലിക്കുമ്പോൾ ക്രിസ്തുവിൻറെ സാന്നിധ്യം വെളിച്ചമായി, സാക്ഷ്യമായി നാം തീരുക. ക്രിസ്തുവിൻറെ അനുയായികളായ നമുക്ക് നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും അവൻറെ വീണ്ടെടുപ്പ് ശക്തിയിലൂടെയുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെയും ദൈവത്തിൻറെ മഹത്വത്തിന് സാക്ഷ്യം വഹിക്കാം.
കാനായിലെ കല്യാണവിരുന്നിൽ പരിവർത്തനം അടയാളമായി നാം യാത്ര ആരംഭിച്ചു. 40 ദിവസം പിന്നിടുമ്പോൾ രുചിയും, ഗുണവും, കൃപയും , സൗഖ്യവും ഉള്ളവരായി നാം തീരുക. അനേകർക്ക് രുചികരമായ അനുഭവമായി നാം ആയി തീരുക.
ദൈവം അനുഗ്രഹിക്കട്ടെ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
പേരാമ്പ്ര സ്വദേശി അനുവിനെ വാളൂരിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍.
സംഭവ സമയത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിപ്പോള്‍ ബൈക്കില്‍ ഒരാള്‍ പ്രദേശത്ത് കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ അനുവിന്റെ മരണം മുങ്ങിമരിച്ചതാണെന്ന് കാണിക്കുന്നുണ്ടെങ്കിലും കൊലപാതകമാണെന്ന സംശയം പോലീസിന് നിലനിന്നിരുന്നു. ഇതിനിടയാണ് സിസിടിവിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഇയാളെ കാണാൻ ഇടയായത്. മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ തിങ്കാളാഴ്ച ഭർത്താവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ അനുവിനെ കാണാതാവുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ചയാണ് വാളൂരിലെ തോട്ടില്‍ അർദ്ധനഗ്നയായി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്ത സമയത്ത് അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം ശക്തമായത്.
നടി അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. സ്കൂട്ടറിൽ പോകുന്നതിനിടെ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീരിയൽ താരം ഗോപിക അനിലാണ് അപകടവാർത്ത പുറത്തുവിട്ടത്. ചികിത്സാ സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് കുറിപ്പ്.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ എന്റെ സുഹൃത്ത് അരുന്ധതി നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെന്റിലേറ്ററില്‍ ജീവന് വേണ്ടി പോരാടുകയാണ് അവള്‍. ആശുപത്രിയിലെ ദിവസേനയുള്ള ചിലവ് താങ്ങാവുന്നതിനും അപ്പുറമാണ്. ഞങ്ങള്‍ക്ക് പറ്റുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ നിലവിലെ ആശുപത്രി ചിലവിന് അത് തികയാത്ത അവസ്ഥയാണ്. നിങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കുടുംബത്തിന് ആശ്വാസമാകും.- ഗോപിക അനില്‍ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്.
തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്. 2018ൽ പുറത്തിറങ്ങിയ ഒറ്റക്കൊരു കാമുകൻ എന്ന സിനിമയിൽ ഷൈൻ ടോമിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആയിരം പോർകാസുകൾ ആണ് അവസാനമായി അഭിനയിച്ച ചിത്രം.
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത് ‘ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘കത്തനാരിൽ’ പ്രഭുദേവ ജോയിൻ ചെയ്തു. സെറ്റിലെത്തിയ താരത്തെ അണിയറ പ്രവർത്തകർ സഹൃദയം സ്വീകരിച്ചു. ബൈജു ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
“ഒരു മലയാള സിനിമാക്കായി പ്രഭുദേവ എത്തുന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഒട്ടനവധി സിനിമകളുടെ ഭാഗമായ അദ്ദേഹം നമ്മുടെ ഈ സിനിമയിൽ അഭിനയിക്കുന്നത് സന്തോഷത്തോടൊപ്പം അഭിമാനവും ആവേശവുമാണ്. 2011ൽ റിലീസ് ചെയ്ത ‘ഉറുമി’ക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രം കത്തനാരാണ്. അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമായ് ഞങ്ങൾ കരുതുന്നു. കത്തനാരിലൂടെ പ്രേക്ഷകർക്കായ് ഒരു ദൃശ്യവിരുന്നൊരുക്കാനുളള ശ്രമത്തിലാണ് ഞങ്ങളിപ്പോൾ. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമിതെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്.”ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.
അനുഷ്‌ക ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് ‘കത്തനാർ’. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലിംപ്സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പതിൽ അധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളത്തിൽ ഏപ്രിൽ 26 ന് വോട്ടെടുപ്പ്, പത്രിക സമർപ്പണം ഏപ്രിൽ 4 ന്, സൂഷ്മ പരിശോധ ഏപ്രിൽ 5 ന്,പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 8 വരെ , ഇലക്ഷൻ പെരുമാറ്റ ചട്ടം നിലവിൽ വന്നു.
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളാണ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. 97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ആകെയുള്ളത്. എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നും കമ്മിഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. 10.5 ലക്ഷം പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 1.5 കോടി പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് പ്രക്രിയയില്‍ പങ്കാളികളാകും.
പുരുഷ വോട്ടര്‍മാര്‍ 49.7 കോടിയും സ്ത്രീ വോട്ടര്‍മാര്‍ 47.1 കോടിയുമാണ്. യുവ വോട്ടര്‍മാര്‍ 19.74 കോടിയാണ് രാജ്യത്തുള്ളത്. നൂറ് വയസുള്ള 2.18 കോടി വോട്ടര്‍മാരും 1.8 കോടി വോട്ടര്‍മാരും രാജ്യത്തുണ്ട്. 48000പേരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍ നിന്നുള്ള വോട്ടര്‍മാര്‍. 82 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ 82 ലക്ഷമാണ്. 88.4ലക്ഷം ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. 55 ലക്ഷമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുള്ളത്.
85 വയസ് കഴിഞ്ഞ പൗരന്മാര്‍ക്ക് വോട്ട് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തും. ശൗചാലയും കുടിവെള്ളവും ഉറപ്പാക്കും. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വോട്ടറുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കും. ഇതിനായി മൊബൈല്‍ ആപ്പിലൂടെ വിവരങ്ങള്‍ ലഭ്യമാക്കും. പോളിങ് ബൂത്തില്‍ ശൗചാലയവും കുടിവെള്ളവും ഉറപ്പാക്കും. ബൂത്തുകളില്‍ മികച്ച സൗകര്യം ഉറപ്പാക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കരാര്‍ ജോലിക്കാരെ നിയോഗിക്കില്ല. ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ബൂത്തുകളില്‍ കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കുമെന്നും കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഷിബു മാത്യു
സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരെ കോർത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് 2024-25 ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുക. ഫെബ്രുവരി 25 ന് സ്കൻതോർപ്പിലെ ഓൾഡ് ബ്രംബി യുണെറ്റഡ് ചർച്ച് ഹാളിൽ വച്ച് നടന്ന അസോസിയേഷൻ യോഗമാണ് 18 അംഗ കമ്മിറ്റിയെ ഐകകണ്ഠേന തിരഞ്ഞെടുത്തത്.
വിദ്യാ സജീഷാണ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻറ്. സോണാ ക്ളൈറ്റസ് – വൈസ് പ്രസിഡൻ്റ്, ബിനോയി ജോസഫ് – സെക്രട്ടറി, ബിനു വർഗീസ് – ജോയിൻ്റ് സെക്രട്ടറി, ലിബിൻ ജോർജ് – ട്രഷറർ സ്ഥാനങ്ങൾ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി അക്ഷയ ജോൺസൺ, ബ്ലെസൺ ടോം വർഗീസ്, ജോബിൻ ഫിലിപ്സ്, ലിജി മാത്യു, സനിക ജിമ്മി എന്നിവരെയും തെരഞ്ഞെടുത്തു. ഏലിയാസ് യോഹന്നാൻ, ഡോ. പ്രീതി മനോജ്, വിപിൻ കുമാർ വേണുഗോപാൽ എന്നിവരെ കമ്യൂണിറ്റി റെപ്രസൻ്റേറ്റീവുകൾ ആയി നാമനിർദ്ദേശം ചെയ്തു. ഹേസൽ അന്നാ അജേഷ്, ബിൽഹ ഏലിയാസ്, കരോൾ ചിൻസ് ബ്ലെസൺ, ദേവസൂര്യ സജീഷ്, ലിയാ ബിനോയി എന്നിവർ യൂത്ത് റെപ്രസൻ്റേറ്റീവുമാരായി പ്രവർത്തിക്കും.
നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിൽ സജീവമായ പ്രവർത്തനങ്ങളാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടത്തി വരുന്നത്. സ്കൻതോർപ്പ്, ഗൂൾ ഹോസ്പിറ്റലുകളിലേയ്ക്ക് നോർക്ക വഴി എൻഎച്ച്എസ് റിക്രൂട്ട് ചെയ്യുന്ന സ്റ്റാഫുകൾക്ക് വേണ്ട മാർഗനിർദ്ദേശവും പിന്തുണയും നൽകാൻ അസോസിയേഷൻ രംഗത്തുണ്ട്. നോർത്തേൺ ലിങ്കൺഷയർ ആൻഡ് ഗൂൾ എൻഎച്ച്എസ് ട്രസ്റ്റിൻ്റെ അഭ്യർത്ഥന പ്രകാരം ഇതിനായുള്ള കോർഡിനേഷന് അസോസിയേഷൻ സെക്രട്ടറി ബിനോയി ജോസഫ് നേതൃത്വം നല്കുന്നു.
ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോർത്ത് ലിങ്കൺ ഷയർ കൗൺസിലിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് വേണ്ട പരിശ്രമങ്ങളും അസോസിയേഷൻ നടത്തി വരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും കുടുംബസമേതം പങ്കെടുക്കുവാനും മലയാളികൾക്കൊപ്പം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഒത്തുചേരുവാനും അനുയോജ്യമായ സാഹചര്യമൊരുക്കിയാണ് അസോസിയേഷൻ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
നോർത്ത് ലിങ്കൺ ഷയറിലേയ്ക്ക് നിരവധി മലയാളി കുടുംബങ്ങൾ കഴിഞ്ഞ മൂന്നു വർഷമായി കുടിയേറിയിട്ടുണ്ട്. അസോസിയേഷൻ്റെ അംഗങ്ങൾക്കായി യോഗ, ബാഡ്മിൻ്റൺ, ക്രിക്കറ്റ്, ബോളിവുഡ് ഡാൻസ് ക്ലാസ്, എഡ്യൂക്കേഷൻ സെമിനാർ എന്നിവ കഴിഞ്ഞ വർഷം അസോസിയേഷൻ നടത്തിയിരുന്നു. ഹൾ, ഗെയിൻസ്ബറോ, ഗൂൾ, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചാരിറ്റി ഫണ്ട് റെയിസിംഗും അവാർഡ് നൈറ്റും നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ പ്രശംസ നേടിയിരുന്നു.
അസോസിയേഷൻ്റെ ഈസ്റ്റർ/ വിഷു/ഈദ് ആഘോഷം ഏപ്രിൽ 13 ന് നടക്കും. മെയ് 11 ന് ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.
നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നാഗ് അശ്വന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങള്‍ ബച്ചന്‍ പങ്കുവച്ചത്. ഈ പ്രൊജക്റ്റിന് വേണ്ടി രാത്രി വൈകും വരെ താന്‍ ജോലി ചെയ്തുവെന്നും ബച്ചന്‍ പറഞ്ഞു. പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍, ദിഷാ പഠാണി, അന്ന ബെന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
”വീണ്ടും വൈകി. ഇന്നലെ രാത്രി ജോലിയില്‍നിന്ന് വൈകിയാണ് എത്തിയത്… കല്‍ക്കി പൂര്‍ത്തിയാകുകയാണ്. മെയ് 9-ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. അടുക്കിലും ചിട്ടയിലും എല്ലാം പൂര്‍ത്തിയാക്കാനുള്ള അവസാന ശ്രമങ്ങള്‍ നടക്കുകയാണ്. അണിയറക്കാരുടെ ഈ കാഴ്ചപ്പാട് സിനിമയ്ക്ക് മികച്ച അനുഭവം നല്‍കാന്‍ സഹായകരമാകും.”-ബച്ചന്‍ കുറിച്ചു.
ബച്ചന്റെ രോഗവിവരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പലതും പ്രചരിക്കുന്നുണ്ടെങ്കിലും ഇതിനൊന്നും സ്ഥിരീകരണമില്ല. പതിവു ചെക്കപ്പുകൾക്കായാണ് ബച്ചൻ ആശുപത്രിയിൽ എത്തിയതെന്നും പറയുന്നുണ്ട്. ബച്ചന്റെ കുടുംബമോ സുഹൃത്തുക്കളോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.