മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശിൽ ജയിലില്‍ അടച്ചിരിക്കുന്നത് ഒരു കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവരെ. ഫാ. ഡൊമിനിക് പിന്റോ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച വാദം തുടര്‍ച്ചയായി മൂന്നാം തവണയും മാറ്റിവച്ചതിനെ തുടര്‍ന്ന് ഇവരുടെ മോചനത്തിനായി ലക്‌നൗ ബിഷപ്പ് ജെറാള്‍ഡ് ജോണ്‍ മത്യാസ് പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് അദേഹം പറഞ്ഞു.
ബരാബങ്കി ജില്ലയിലെ ദേവാ പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്ത് മത പരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരാണ് അറസ്റ്റിലായത്. 2021 ലെ ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
മുപ്പതിലധികം ക്രൈസ്തവരുടെ ജാമ്യാപേക്ഷ വിവിധ കോടതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ നിലനില്‍ക്കുകയാണെന്നും കാരണം കൂടാതെയാണ് കേസ് മാറ്റിവെയ്ക്കുന്നതെന്നും ആരോപണമുണ്ട്. ഫാ. ഡൊമിനിക് പിന്റോയുടെയും മറ്റ് പത്ത് പേരുടെയും ജാമ്യാപേക്ഷ ഇനി മാര്‍ച്ച് ഏഴിന് പരിഗണിക്കും.
ടോം ജോസ് തടിയമ്പാട്
രാവിലെ പത്തരയ്ക്ക് ജോമോളുടെ മൃതദേഹം വഹിച്ചുകൊണ്ട് ഫ്യൂണറൽ ഡിറക്ടറേറ്റിന്റെ വാഹനം പ്രീസ്സ്‌കോട്ട് ഹോസ്പിറ്റലിന് മുൻപിലൂടെ കടന്നു പോയപ്പോൾ ജോമോൾക്കു ആദരവറിയിച്ചുകൊണ്ട് ജോമോളുടെ സഹപ്രവർത്തകർ ഹോസ്പിറ്റലിന് മുൻപിൽ അണിനിരന്നു,.പിന്നീട് മൃതദേഹം സെന്റ് ലുക്‌സ് കത്തോലിക്ക പള്ളിയിൽ എത്തിയപ്പോൾ പള്ളിയും പരിസരവും ജനക്കൂട്ടംകൊണ്ട് നിറഞ്ഞിരുന്നു അമേരിക്ക , യൂറോപ്പ് ,ഓസ്‌ട്രേലിയ എന്നിടങ്ങളിൽ ആളുകൾ മൃതസംസ്ക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു .
കഴിഞ്ഞ 21 വർഷമായി ലിവർപൂൾ വിസ്‌റ്റോൺ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കുറുമുളൂർ പൂത്തറയിൽ പരേതനായ മാത്യുവിന്റെ മകളും ജോസ് അബ്രാഹത്തിന്റെ (പട്ടാളം ജോസ് ) ഭാര്യയുമായ ജോമോൾ ജോസ് കഴിഞ്ഞ മാസം ഇരുപതാം തിയതിയാണ് അന്തരിച്ചത്, പരേതയ്ക്ക് ഭർത്താവും മൂന്നു മക്കളുമുണ്ട്. രാവിലെ പത്തരയ്ക്ക് സെന്റ് ലുക്‌സ് കാത്തോലിക്കാ പള്ളിയിൽ ആരംഭിച്ച ജോമോളുടെ ശവസംസ്ക്കാര ശുശ്രൂഷയിൽ ഇംഗ്ലീഷ്, മലയാളി സമൂഹത്തിൽ നിന്നുള്ള 8 വൈദികർ പങ്കെടുത്തിരുന്നു.
ജോമോൾ കുറച്ചു മാസങ്ങളായി ക്യാൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു അടുത്ത ദിവസം നാട്ടിൽപോയി എല്ലാവരെയും കണ്ടതിനു ശേഷം യു കെയിൽ എത്തിയപ്പോഴാണ് രോഗം മൂർച്ഛിച്ചത് . മക്കൾ ‘അമ്മ അവർക്കു എന്തായിരുന്നു എന്ന് അവരുടെ അനുഭവത്തിലൂടെ വിവരിച്ചപ്പോൾ കേട്ടിരുന്നവരുടെ കണ്ണുനിറഞ്ഞു .
തികച്ചും വിനയവും ,സൗഹാർദ്ദപരമായ പെരുമാറ്റം കൊണ്ടുമാണ് ജോമോൾ നമ്മുടെ സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയതെന്നു പള്ളിയിൽ അനുശോചനം സമ്മേളനത്തിൽ സംസാരിച്ച എല്ലാവരും പറഞ്ഞു.
പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം നോസിലി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു മൃതദേഹത്തിൽ അന്ത്യ ചുംബനം നൽകി പട്ടളക്കാരനായിരുന്ന ഭർത്താവ് ജോസ് അബ്രഹാം നൽകിയ സലൂട്ട് കണ്ടുനിന്നവരുടെ മനസിൽ വേദനയുടെ നെരിപ്പോട് സൃഷ്ടിച്ചു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ,ലീമ ,ലിംകാ ,യുക്മ ,എൽ കെഎഫ്എഫ്, യുകെകെസിഎ ,വിസ്‌റ്റോൺ കുടുംബ കൂട്ടായ്മ ഉൾപ്പെടെ ധാരാളം സംഘടനകളും വ്യക്തികളും മൃതദേഹത്തിൽ റീത്തു സമർപ്പിച്ച് ആദരിച്ചു .
ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിള്‍സ് ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ വാശിയേറിയ റീജിയണല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ഇരുപത് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പോരാട്ടച്ചൂടേറുകയാണ്. കഴിഞ്ഞ ദിവസം നടന്ന വർത്തിംഗ് റീജിയണല്‍ മത്സരത്തില്‍ ബിനു- നവീൻ സഖ്യം വിജയികളായി. എബിൻ-എല്‍ദോസ് സഖ്യത്തിനാണ് രണ്ടാംസ്ഥാനം. ജിജോ-രമേഷ് സഖ്യം മൂന്നാം സ്ഥാനം സ്വന്തമാക്കി.
വിജയികള്‍ ഗ്രാൻഡ് ഫിനാലേയ്ക്ക് യോഗ്യത നേടി. ഒന്നാം സ്ഥാനക്കാർക്ക് മെരി ഹാൻഡ്സ് സ്പോൺസർ ചെയ്ത 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തിയവർക്ക് ഫൈൻ കെയർ 24/7 ലിമിറ്റഡ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് വാസ്ത്-ഇറ സ്പോൺസർ ചെയ്ത 51 പൗണ്ടും സമ്മാനം നല്‍കി. സജി പാലാക്കാരൻ, അബിൻ , പ്രമോദ്, അനുരാധ്, ഡാനി എന്നി…
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽപ്പെട്ട് മനുഷ്യജീവനുകൾ പൊലിയുന്നത് തുടർക്കഥയാകുന്നു. 2024 ആരംഭിച്ച് രണ്ടുമാസം മാത്രം തികയുമ്പോൾ ഒമ്പത് പേർക്കാണ് വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായത്. ഇനിയുമെത്ര മരണങ്ങളുണ്ടായാലാണ് സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുക എന്ന ചോദ്യമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. പല സ്ഥലങ്ങളിലും വന്യജീവികൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടു എന്ന വിമർശനവും ഉയരുന്നു. പ്രതിഷേധിക്കുന്നവരെ കൈയ്യൂക്കുപയോഗിച്ച് നേരിടുന്ന സർക്കാർ സംവിധാനങ്ങൾ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിലും ഇതേ ഉത്തരവാദിത്വം കാണിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
മാസങ്ങളായി തുടരുന്ന കാട്ടാന ആക്രമണങ്ങളിൽ വിറങ്ങലിച്ചിരിക്കുകയാണ് മൂന്നാർ മേഖല. ആനക്കലിയിൽ ഇക്കൊല്ലം മാത്രം മേഖലയിൽ പൊലിഞ്ഞത് നാല് ജീവനുകളാണ്. അരിക്കൊമ്പൻ പോയിട്ടും ഇടുക്കിയിലെ ജനങ്ങൾക്ക് സമാധാനമില്ല. അവരുടെ ജീവനും കൃഷിയടക്കമുള്ള ജീവിതമാർഗങ്ങളും ഇന്നും അരക്ഷിതമായി തന്നെ തുടരുകയാണ്.
സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ പലതും പാലിക്കാതെ പോകുന്നുവെന്ന ആരോപണവും പ്രദേശത്തെ ജനങ്ങൾക്കുണ്ട്. ജനങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ സ്വാഭാവികമായി പ്രേതിഷേധമുണ്ടാകും. ഇതിന് പിന്നാലെ സർക്കാർ നഷ്ടപരിഹാരവും പ്രഖ്യാപിക്കും. എന്നാൽ, അന്ത്യകർമങ്ങൾക്ക് ആവശ്യമായ ചെറിയ തുമാത്രം നൽകി സർക്കാർ സംവിധാനങ്ങൾ പതുക്കെ പ്രശ്‌നത്തിൽനിന്ന് തലയൂരുകയാണ് പതിവെന്ന ആരോപണവും പ്രദേശവാസികൾക്കുണ്ട്.
ഞെട്ടിക്കുന്നതാണ് കഴിഞ്ഞ നാളുകളിൽ വന്യജീവികളുടെ ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റവരുടെ കണക്ക്. കൃഷിനാശം വേറെയും. കടം വാങ്ങി ചെയ്യുന്ന കൃഷിയെല്ലാം നശിപ്പിക്കും. തുച്ഛമായ നഷ്ടപരിഹാരം വല്ലതും സർക്കാറിൽ നിന്ന് ലഭിച്ചാലായി. മൂന്നാർ പോലുള്ള വിനോദസഞ്ചാരമേഖലകളിൽ പോലും കാട്ടാനയുടെ വിളയാട്ടമാണ്. ജനവാസമേഖലയിലേക്ക് കടക്കാനുള്ള ഇവയുടെ ശ്രമങ്ങൾ തടയാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
ജനുവരി എട്ടിനാണ് പ്രദേശത്ത് ഇക്കൊല്ലത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്. തോട്ടംതൊഴിലാളിയായ പരിമളത്തെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. തേയില തോട്ടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന പരിമളത്തെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ഒരുവർഷം മുമ്പ് ഇതേസ്ഥലത്തുവെച്ച് വനംവകുപ്പ് വാച്ചർ ശക്തിവേലും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് ശക്തിവേലിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് കാടുകടത്തുന്നതടക്കമുള്ള നടപടികളിലേക്ക് നയിച്ചത്.
ജനുവരി 23-ന് തെന്മലയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ പാൽരാജ് കൊല്ലപ്പെട്ടു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം മൂന്നാറിലെത്തിയതായിരുന്നു വയോധികനായ അദ്ദേഹം. രാത്രിയിൽ കാന്റീനിൽ പോയി മടങ്ങുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഇദ്ദേഹത്തെ ആന അടിച്ചുവീഴ്ത്തിയതിനുശേഷം ചവിട്ടുകയായിരുന്നു. ജനുവരി 22-ന് ചിന്നക്കനാൽ ബി.എൽ.റാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വെള്ളക്കല്ലിൽ സൗന്ദർരാജ് പിന്നീട് ആശുപത്രിയിൽ മരിച്ചു.
2024 ഫെബ്രുവരി 26-ന് മൂന്നാർ കന്നിമല ടോപ് ഡിവിഷൻ സ്വദേശി സുരേഷ്‌കുമാർ (മണി-45) കൂടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ജനരോഷം അണപൊട്ടി. ഓട്ടോ ഡ്രൈവറായ മണി കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജോലികഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ, തെറിച്ചുവീണ മണിയെ തുമ്പിക്കൈയിൽ ചുഴറ്റി എറിയുകയായിരുന്നു.
ഫെബ്രുവരി പത്തിനാണ് വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി കാട്ടാന പടമല ചാലിഗദ്ദയിൽ പനച്ചിയിൽ അജീഷിനെ (അജി-47) ആക്രമിച്ച് കൊലപ്പെടുത്തിയത്. കർണാടകയിൽ ജനവാസമേഖലയിൽനിന്ന് വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട മോഴയാന ബേലൂർ മഖ്നയാണ് അജിയെ ആക്രമിച്ചത്. ഇദ്ദേഹത്തെ പിന്തുടർന്നെത്തിയ ആന അജിയെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.
മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിഷേധത്തിനായിരുന്നു അന്ന് വയനാട് സാക്ഷ്യം വഹിച്ചത്. കൂട്ടത്തോടെ ജനങ്ങൾ നഗരത്തിലേക്കിറങ്ങി. ജില്ലാ പോലീസ് മേധാവി മുതൽ കളക്ടർ വരെയുള്ളവർ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. അജിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറാൻ തീരുമാനമായി. ഭാര്യക്ക് സ്ഥിരം സർക്കാർ ജോലി നൽകുമെന്നും മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം കൂടെ വന്നതോടെയാണ് ഒരു പകൽ നീണ്ട ജനകീയപ്രതിഷേധത്തിന് അറുതിയായത്.
അജിയുടെ മരണത്തിന് ഒരാഴ്ച തികയുംമുമ്പേ ഫെബ്രുവരി 16-ന് കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരു മരണംകൂടി റിപ്പോർട്ട് ചെയ്തു. പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ (55) ആണ് മരിച്ചത്. സഞ്ചാരികളെ വഴിയിൽ തടഞ്ഞ് തിരിച്ചയക്കുന്ന ജോലിയായിരുന്നു പോളിന്. വനത്തിൽനിന്ന് കാട്ടാനക്കൂട്ടം ഇറങ്ങുന്നതുകണ്ട് റോഡരികിൽ നിൽക്കുകയായിരുന്ന പോൾ ഓടിമാറിയെങ്കിലും ആന പിന്തുടർന്ന് ആക്രമിച്ചു. നിലത്തുവീണ പോൾ എഴുന്നേറ്റ് ഓടിയെങ്കിലും ആന ചവിട്ടുകയായിരുന്നു. പോളിന്റെ ഭാര്യക്ക് ജോലിയും 10 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു.
ഇതോടെ പൊറുതിമുട്ടിയ ജനം നിലനിൽപ്പിനായി തെരുവിലേക്കിറങ്ങി. ആളിക്കത്തിയ ജനരോഷത്തിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുംവരെ പാത്രമായി. പോലീസും നാട്ടുകാരും തെരുവിൽ പലതവണ നേർക്കുനേർ ഏറ്റുമുട്ടി. വനംവകുപ്പിന്റെ വാഹനം തകർത്ത നാട്ടുകാർ, വാഹനത്തിലുണ്ടായിരുന്ന വനപാലകരെ കൈയേറ്റംചെയ്തു. ഒത്തുതീർപ്പ് ചർച്ചകൾക്ക് നേതൃത്വംനൽകാനെത്തിയ എം.എൽ.എ.മാരടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു.
രണ്ട് സംഭവങ്ങളിലും സർവകക്ഷിയോഗം ചേർന്ന് തീരുമാനങ്ങൾ വേഗത്തിലാക്കാൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. തിരുവനന്തപുരത്തുനിന്ന് നിർദേശം നൽകുന്നതല്ലാതെ രണ്ട് മരണങ്ങളുണ്ടായിട്ടും ജില്ലയിൽ കാലുകുത്താൻ മന്ത്രി തയ്യാറായില്ല. ഏത് വിധേനയായിരിക്കും ജനങ്ങൾ പ്രതികരിക്കുകയെന്ന ആശങ്കയും ഇതിന് കാരണമായി.
മാർച്ച് ആരംഭിച്ച് അഞ്ചാംദിനം വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. മാർച്ച് നാലിന് നേര്യമംഗലം കാഞ്ഞിരവേലിയിൽ മുണ്ടോൻകണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിരയെ (71) യാണ് കാട്ടാന ചവിട്ടിക്കൊന്നത്. കാട്ടാന ഇറങ്ങിയവിവരം വനംവകുപ്പ് മുൻകൂട്ടി അറിയിക്കാത്തതിനാലാണ് ദുരന്തമുണ്ടായതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ കൈമാറി.
പൊരിവെയിലിൽ ജനരോഷവും സംഘർഷവും തെരുവിൽ അരങ്ങേറിയ പകലിന് കോതമംഗലവും സാക്ഷിയായി. മരിച്ച ഇന്ദിരയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. സമരവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എയേയും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനേയും പോലീസ് അറസ്റ്റ് ചെയ്തു.
സമരപ്പന്തലിന് നടുവിൽ മൃതദേഹവും സമീപത്ത് നേതാക്കളും ചുറ്റും പ്രവർത്തകരും അണിനിരന്നതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയായിരുന്നു പ്രദേശത്ത്. പോലീസ് സമരപ്പന്തലിലേക്ക് നീങ്ങി. പ്രവർത്തകരുമായി ഉന്തുംതള്ളും ഉണ്ടായി. പ്രതിഷേധം കടുത്തതോടെ പോലീസ് ലാത്തി വീശി. പ്രവർത്തകർ ചിതറിയോടി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരെ പലരെയും വലിച്ചിഴച്ച് കൊണ്ടുപോയ പോലീസ്, സമരപ്പന്തൽ വളഞ്ഞ് പൊളിച്ചുനീക്കി. പിന്നാലെ, മൃതദേഹത്തിന് അരികിലുണ്ടായിരുന്ന ഡീൻ കുര്യാക്കോസ് എം.പി. അടക്കമുള്ള നേതാക്കളെ ബലംപ്രയോഗിച്ച് നീക്കിയാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയത്.
മാർച്ച് അഞ്ചിനാണ് മറ്റ് രണ്ട് മരങ്ങൾ കൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോഴിക്കോട്ടും വാഴച്ചാലിലുമാണ് വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂർ വാഴച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു. ഇതോടെ ഈ വർഷം മാത്രം മരിച്ചവരുടെ എണ്ണം ഒമ്പതായി. തൃശ്ശൂരും കോഴിക്കോട്ടും വലിയ പ്രതിഷേധങ്ങളും അരങ്ങേറി. സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകി പ്രതിഷേധക്കാരെയും കുടുംബാംഗങ്ങളെയും തൽക്കാലം തണുപ്പിക്കുന്നത് മാത്രമാണ് സർക്കാർ സ്വീകരിക്കുന്ന നടപടി. ശാശ്വത പരിഹാരം കാണാനുള്ള ശക്തമായ നീക്കം സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തപക്ഷം മലയോരമേഖലയുടെ സമാധാന ജീവിതത്തിന് വലിയ ഭീഷണിയായി വന്യജീവി ആക്രമണങ്ങൾ മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്, മെസൻജർ എന്നിവയടക്കമുള്ള വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഒരുമണിക്കൂറിലധികം പണിമുടക്കി.
ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ തകരാറുണ്ടായത്. ആദ്യം ഫെയ്സ്ബുക്ക് അക്കൗണ്ടുകളും പിന്നീട് മറ്റ് പ്ളാറ്റ്ഫോമുകളും വീണ്ടെടുത്തു.
ഉപയോക്താക്കളുടെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ തനിയെ ലോഗൗട്ട് ആകുകയായിരുന്നു. പിന്നീട് അക്കൗണ്ടിലേക്കു പ്രവേശിക്കാനുമായിരുന്നില്ല. എന്നാൽ, സെർവർ തകരാറായതിന് കാരണമെന്തെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.
സാമൂഹികമാധ്യമങ്ങളിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമായ ഡൗണ്‍ ഡിറ്റക്ടറില്‍ പതിനായിരക്കണക്കിന് പേരാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍സ്റ്റഗ്രാം ഡൗണ്‍, ഫേസ്ബുക്ക് ഡൗണ്‍, സക്കര്‍ബര്‍ഗ്, മെറ്റ എന്നീ ഹാഷ് ടാഗുകള്‍ ഇതിനകം എക്‌സില്‍ (ട്വിറ്റര്‍) ട്രെന്‍ഡിങ് ആയി.
ലിവർപൂളിൽ വിസ്റ്റൺ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മലയാളി നേഴ്സ് ശ്രീമതി ജോമോൾ ജോസിന് അന്ത്യപചാരം അർപ്പിക്കുന്നതിനു വേണ്ടി യുകെയിലെ അങ്ങോളം, ഇങ്ങോളം ഉള്ള മലയാളി സമൂഹം ലിവർപൂളിലേക്ക് ഒഴുകി എത്തി. ജോമോളുടെ കൂടെ പഠിച്ചവരും, കൂടെ ജോലിചെയ്യുന്നവരും, കൂട്ടുകാരും, നാട്ടുകാരും, ബന്ധുക്കളും അടക്കം ഒരു വൻ ജനാവലി ലിവർപൂളിലെ വിസ്റ്റൺ സെന്റ് ലൂക്ക് പള്ളിയിൽ ജോമോൾക്ക് വിട നൽകുവാൻ എത്തിയിരുന്നു.
പരേത വിസ്റ്റണിൽ താമസിക്കുന്ന ശ്രീ ജോസ് എബ്രഹത്തിന്റെ ഭാര്യയാണ്. ജോമോൾ ക്യാൻസർ ബാധിച്ചാണ് മരണമടഞ്ഞത്. പരേതയ്ക്ക് ഭർത്താവും, മൂന്നു മക്കളും ആണ് ഉള്ളത്. ജോമോൾ കുറുമുള്ളൂർ പൂത്തറയിൽ കുടുംബാംഗമാണ്. മക്കൾ. ജിതിൻ ജോസ്, ജെറിൻ ജോസ്, ജെൻസൻ ജോസ്.
പരേതക്ക് ലിവർപൂൾ മലയാളി അസോസിയേഷനു വേണ്ടി പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യൻ ജോസഫും, മറ്റ് ലിമ അംഗങ്ങളും ചേർന്ന് റീത്തു സമർപ്പിച്ചു. കൂടാതെ സമൂഹത്തിലെ നിരവധി സാമൂഹ്യ, സാംസ്‌കാരിക, മത, സമുദായ, സ്പോർട്സ് സംഘടനകളും ആദരാജ്ഞലികൾ അർപ്പിച്ചു.
മൂന്നു വർഷങ്ങൾക്കു മുമ്പ് കോവിഡ് മഹാമാരിയിൽ നേഴ്സുമാർക്ക് എജുക്കേഷൻ ഫ്ലാറ്റ്ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തിൽ പിറവിയെടുത്ത കേരള നേഴ്സസ് യു കെ എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നേഴ്‌സസ് ഡേ സെലിബ്രേഷനും കോൺഫറൻസും മെയ് 18 -ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ വൈതൻഷൗ ഫോറം സെൻ്ററിൽ വച്ച് നടത്തുന്നതാണ്. കോൺഫറൻസിൽ പങ്കെടുക്കുന്ന നേഴ്സ്മാർക്ക് അവരുടെ തൊഴിലിൽ മുന്നേറ്റം ഉണ്ടാകാൻ മുൻനിർത്തിയുള്ള സെക്ഷനുകളാണ് അന്നേദിവസം ക്രമീകരിച്ചിരിക്കുന്നത്. കോൺഫറൻസിൽ സ്പീക്കേഴ്‌സായി മുന്നോട്ട് എത്തിയിരിക്കുന്നത് ദി പ്രിൻസസ് ഗ്രേസ് ഹോസ്പിറ്റൽ ലണ്ടനിൽ ലീഡ് യൂറോളജി സിഎൻഎസ് ആയി ജോലിചെയ്യുന്ന ദീപ ലീലാമണി ,ഐറെഡേൽ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നേഴ്സായി ജോലിചെയ്യുന്ന സാജൻ സത്യൻ ,ബക്കിംഗ്ഹാംഷെയർ എൻഎച്ച്എസ് ട്രസ്റ്റിൽ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണറും ഹെമറ്റോളജി ലീഡ് ആയി ജോലിചെയ്യുന്ന ആശ മാത്യു ,കവൻട്രി & വാർവിക്ഷയർ പാർട്ണർഷിപ്പ് ട്രസ്റ്റിൽ മെന്റൽ ഹെൽത്ത് ആൻറ് ഡിമെൻഷ്യ പാത്ത്വേ ലീഡ് ആയി ജോലിചെയ്യുന്ന ലോമി പൗലോസ് ,യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മിൽട്ടൺ കെയ്ൻസിൽ അസോസിയേറ്റ് ചീഫ് നേഴ്സായി ജോലിചെയ്യുന്ന ദീപ ഓസ്റ്റിൻ ,യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ഡോർസെറ്റലിൽ ഇ ഡി ഐ ലീഡ് ആയ ദീപ സി പപ്പു എന്നിവരാണ് അന്നേ ദിവസം നഴ്സിംഗ് രംഗത്ത് വിവിധ വിഷയങ്ങൾ മുൻ നിർത്തി ക്ലാസുകൾ എടുക്കുന്നത്. നഴ്സിംഗ് മേഖലയിൽ ഇവരുടെ പ്രവർത്തി പരിചയവും വിജ്ഞാനവും എല്ലാം കോൺഫെറൻസുകളിൽ ഇവരുടെ ക്ലാസ്സുകളിൽ അന്നേ ദിവസം പങ്കെടുക്കുന്നവർക്ക് തങ്ങളുടെ മുന്നോട്ടുള്ള നഴ്സിംഗ് കരിയറിൽ മുതൽ കൂട്ടാകുമെന്ന് ഉറപ്പാണ് .
അനിറ്റാ ഫിലിപ്പും ജോയ്സി ജോർജിന്റെയും നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നേഴ്സിംഗ് കരിയർ സ്റ്റേഷനുകൾ അന്നേദിവസം അവിടെ സജ്ജീകരിച്ചിരിക്കുന്നുണ്ട് . കോൺഫറൻസിൽ പങ്കെടുക്കുന്ന ഓരോ നേഴ്സിനും തങ്ങളുടെ കരിയർ പ്രോഗ്രേഷന് വേണ്ട നിർദ്ദേശങ്ങൾ അല്ലെങ്കിൽ അവരുടെ വിവിധ സംശയങ്ങൾ അന്നേ ദിവസം ഈ നേഴ്സിംഗ് സ്റേഷനുകളിലൂടെ ദൂരീകരിക്കാൻ സഹായിക്കും . അതുകൊണ്ട് യു കെയിലെ എല്ലാ നേഴ്സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക.
കേരളത്തിൽ നേഴ്സായി എന്നാൽ ഇപ്പോൾ നിർഭാഗ്യവശാൽ യുകെയിൽ നേഴ്സ് ആയി തുടരാത്തവർക്കും മെയ് 18 ന് നടക്കുന്ന കോൺഫറൻസിൽ സംബന്ധിക്കാം . കാരണം അവർക്കും കൂടി പ്രയോജനങ്ങൾ കിട്ടുന്ന തരത്തിലാണ് കോൺഫറൻസ് ഓർഗനൈസ് ചെയ്തിരിക്കുന്നത്. അതുതന്നെയുമല്ല അവരുടെ ഉന്നമനത്തിനായി അവർക്ക് വേണ്ട ഗൈഡൻസ് കൊടുക്കുവാനും അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും കേരളത്തിൽ നേഴ്സ് ആയി യു കെയിലെ കെയർമാരായി ജോലി ചെയ്യുന്ന നേഴ്സുമാർക്ക് യുകെയിൽ നേഴ്സ് ആകുക എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ മുന്നോട്ടിറങ്ങി അതിൽ 100% വിജയം കൈവരിച്ച ഡോക്ടർ അജിമോളും പ്രദീപും ഡോക്ടർ ടില്ല ഡേവിസും അന്നേദിവസം നിങ്ങളെ കാത്ത് അന്ന് അവിടെ ഉണ്ടാകും. ഇനിയും യുകെയിൽ നേഴ്സ് ആകാത്തവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ അവർ അന്നേ ദിവസം നൽകുന്നതാണ്. അതോടൊപ്പം ഈ സിഫെ പാത്ത് വേയിൽ നേഴ്സ് ആയി മാറിയ എൽദോ എബ്രഹാമും നിങ്ങളുടെ ഏത് സംശയത്തിനും മറുപടിയായി മെയ് 18 -ന് മാഞ്ചസ്റ്ററിൽ ഉണ്ടാവും
ഇതിനോടകം വെയിൽസിന്റെ ചീഫ് നേഴ്സിങ് ഓഫീസർ സ്യൂ ട്രങ്ക കോൺഫറൻസിൽ പങ്കെടുക്കുന്നത് നേഴ്സുമാരിൽ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. സ്യൂ ട്രങ്കയെ കൂടാതെ നേഴ്സിങ് രംഗത്തുള്ളമറ്റു പ്രമുഖരും അന്നേദിവസം പങ്കെടുക്കും.നയന മനോഹരമായ കലാപരിപാടികൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ് . ബിർമിങ്ഹാമിൽ നേഴ്‌സായ ജോഷി പുലിക്കുട്ടിൽ രചിച്ച മനോഹരമായ തീം സോങ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ് ,
കോൺഫറൻസിലും നേഴ്‌സസ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവർക്ക് റീവാലിഡേഷന് വേണ്ട സി പി ഡി ഹവേഴ്സ് ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. യുകെയിലെ എല്ലാ നേഴ്സുമാരെയും നേരിൽ കാണുവാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി ഈ സമ്മേളനം മാറുമെന്നതിൽ സംശയമില്ല. അതോടൊപ്പം യു കെയിലുള്ള ഏറ്റവും സീനിയറായ മലയാളി നേഴ്സിനെ അന്നേദിവസം ആദരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :സിജി സലിംകുട്ടി( +44 7723 078671)ജോബി ഐത്തിൽ ( 07956616508), സ്പോൺസർ സംബന്ധമായ അന്വേഷണങ്ങൾക്ക് മാത്തുക്കുട്ടി ആനകുത്തിക്കൽ (07944668903) ,രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾക്ക് ജിനി അരുൺ (07841677115), venue സംബന്ധമായ അന്വേഷണങ്ങൾക്ക് സന്ധ്യ പോൾ (07442522871) കൾച്ചറൽ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക് സീമ സൈമൺ (07914693086) എന്നീ നമ്പറുകളിൽ ദയവായി കോൺടാക്ട് ചെയ്യുക.
യുകെ : നിങ്ങളുടെ കാർ മോഷണം പോയാൽ എങ്ങനെ കണ്ടെത്താമെന്നും , എന്തൊക്ക മുൻകരുതലുകൾ എടുക്കണമെന്നും വിശദീകരിക്കുന്ന വീഡിയോ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ യൂ ടൂബിലൂടെ പുറത്ത് വിട്ടു. തങ്ങൾക്ക് ഇഷ്‌ടപ്പെട്ട വിലപിടിപ്പുള്ള കാറുകൾ വാങ്ങുക എന്നത് ഇന്ന് യുകെ മലയാളികൾക്കിടയിൽ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ് . അത്തരം വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർ സ്വീകരിക്കേണ്ട ചില മുൻകരുതലുകളാണ് സുഭാഷ് ഈ വീഡിയോയിലൂടെ പങ്ക് വയ്ക്കുന്നത്. തന്റെ ജീവന് പോലും ഭീഷണി ഉണ്ടാകുന്ന സാഹചര്യമാണെന്നും , ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്ക് ഉണ്ടായാൽ അതിനെ തരണം ചെയ്യാൻ എന്തൊക്കെ ചെയ്യണമെന്നുള്ള വിശദമായ വിവരങ്ങൾ സുഭാഷ് നേരിട്ട് വിശദീകരിക്കുന്നുണ്ട് ഈ വീഡിയോയിൽ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകളും , ലഭ്യമായ സി സി ടി വി വിഷ്വൽസും വരും ദിവസങ്ങളിൽ യൂ ടൂബിലൂടെ പബ്ളിഷ് ചെയ്യുമെന്നാണ് സുഭാഷ് പറയുന്നത്.
കഴിഞ്ഞ ദിവസം തന്റെ വീട്ടിൽ നിന്ന് മോഷ്‌ടിക്കപ്പെട്ട കാറിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നപ്പോൾ അത് യുകെ മലയാളികൾക്ക് ഗുണകരമായി എന്ന് മനസ്സിലാക്കിയ സുഭാഷ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇന്ന് പബ്ളിഷ് ചെയ്ത വീഡിയോയിലൂടെ പുറത്ത് വിട്ടത്. വലിയ വിലയുള്ള വാഹനങ്ങൾ മോഷ്‌ടിച്ച് മറ്റ് രാജ്യങ്ങളിൽ എത്തിച്ച് കോടികൾ ഉണ്ടാക്കിയിരുന്ന വലിയൊരു അന്താരാഷ്‌ട്ര വാഹനമോഷണ സംഘമാണ് സുഭാഷിന്റെ ഇടപെടലിലൂടെ പോലീസിന്റെ വലയിലായത്.
പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം.
പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സണ്‍ തോമസ് ആണ് മരിച്ച ഗൃഹനാഥൻ. പൂവരണിയില്‍ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളില്‍ കട്ടിലില്‍ മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം.
ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ കുത്തിയോ കൊന്ന ശേഷം ജയ്സണ്‍ തൂങ്ങിമരിച്ചത് ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.എന്നാല്‍ എന്താണ് ഇത്രയും ദാരുണമായ നിലയിലേക്ക് ഇവരെ എത്തിച്ചത് എന്നത് വ്യക്തമല്ല.
ഒരു റബര്‍ ഫാക്ടറിയില്‍ ഡ്രൈവറാണ് ജയ്സണ്‍ തോമസ് എന്നാണ് സൂചന. ഇവര്‍ പൂവരണിയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ.
അതുകൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും പരിമിതമായ വിവരങ്ങളേ ഇവരെ കുറിച്ചുള്ളൂ. പൊലീസ് നടപടികള്‍ തുടരുകയാണ്.അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ ജയവുമായി മാഞ്ചസ്‌റ്റര്‍ സിറ്റി. അയല്‍ക്കാരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ 3-1 നാണു സിറ്റി തോല്‍പ്പിച്ചത്. സ്വന്തം തട്ടകമായ എതിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമാണു സിറ്റി മൂന്ന് ഗോളുകളുമടിച്ചത്.
ഫില്‍ ഫോഡന്‍ ഇരട്ട ഗോളുകളും ഏര്‍ലിങ് ഹാളണ്ട് ഒരു ഗോളുമടിച്ചു. മാര്‍കസ് റാഷ്‌ഫോഡാണു യുണൈറ്റഡിനായി ഗോളടിച്ചത്. 27 കളികളില്‍നിന്ന് 62 പോയിന്റ് നേടിയ സിറ്റി രണ്ടാം സ്‌ഥാനത്താണ്. ഒരു പോയിന്റിനു മുന്നിലുള്ള ലിവര്‍പൂളാണ് ഒന്നാമത്. 44 പോയിന്റുള്ള യുണൈറ്റഡ് ആറാം സ്‌ഥാനത്തു തുടര്‍ന്നു. എട്ടാം മിനിറ്റില്‍ എതിഹാദിനെ നിശബ്‌ദമാക്കി യുണൈറ്റഡ് ലീഡ് നേടി. ഗോള്‍ കീപ്പര്‍ ആന്ദ്രെ ഒനാന നല്‍കിയ ഒരു ലോംഗ് ബോള്‍ സ്വീകരിച്ച ബ്രൂണോ ഫെര്‍ണാണ്ടസ് റാഷ്‌ഫോഡിന് മറിച്ചു നല്‍കി. റാഷ്‌ഫോഡിന്റെ പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്നുള്ള ലോകോത്തര ഫിനിഷ് ഗോള്‍ കീപ്പര്‍ എഡേഴ്‌സണിനെ മറികടന്നു. ഗോള്‍ വീണതോടെ സിറ്റിയുടെ തുടരന്‍ ആക്രമണം കണ്ടു.
അവര്‍ ഒന്നാം പകുതിയില്‍ 17 ഷോട്ടുകള്‍ തൊടുത്തെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു. ഇഞ്ചുറി ടൈമില്‍ ഹാളണ്ടിനു സുവര്‍ണാവസാരം മുതലാക്കാനുമായില്ല. 56 -ാം മിനിറ്റില്‍ ഫില്‍ ഫോഡന്റെ മിന്നല്‍ ഷോട്ട് ഒനാനയെ മറികടന്നു വലയിലെത്തി. 80-ാം മിനിറ്റില്‍ ഫോഡന്‍ തന്നെ സിറ്റിക്ക് ലീഡും നല്‍കി. ഡാനി അല്‍വാരസിന്റെ അസിസ്‌റ്റിലായിരുന്നു ഫോഡന്റെ ഫിനിഷ്. 92-ാം മിനിറ്റില്‍ അബ്രത്തിന്റെ പിഴവ് മുതലെടുത്ത് ഹാളണ്ട് സിറ്റിയുടെ ജയം ഉറപ്പിച്ച മൂന്നാം ഗോളുമടിച്ചു. സിറ്റിയുമായി 18 പോയിന്റിന്റെ അകലമുണ്ടെങ്കിലും തങ്ങളുടെ കാലം കഴിഞ്ഞിട്ടില്ലെന്നു യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് പറഞ്ഞു. യുണൈറ്റഡിന്റെ അടുത്ത മത്സരം ശനിയാഴ്‌ച എവര്‍ടണിനെതിരേയാണ്.