സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽപ്പെട്ട് മനുഷ്യജീവനുകൾ പൊലിയുന്നത് തുടർക്കഥയാകുന്നു. 2024 ആരംഭിച്ച് രണ്ടുമാസം മാത്രം തികയുമ്പോൾ ഒമ്പത് പേർക്കാണ് വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായത്. ഇനിയുമെത്ര മരണങ്ങളുണ്ടായാലാണ് സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുക എന്ന ചോദ്യമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. പല സ്ഥലങ്ങളിലും വന്യജീവികൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടു എന്ന വിമർശനവും ഉയരുന്നു. പ്രതിഷേധിക്കുന്നവരെ കൈയ്യൂക്കുപയോ​ഗിച്ച് നേരിടുന്ന സർക്കാർ സംവിധാനങ്ങൾ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിലും ഇതേ ഉത്തരവാദിത്വം കാണിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മാസങ്ങളായി തുടരുന്ന കാട്ടാന ആക്രമണങ്ങളിൽ വിറങ്ങലിച്ചിരിക്കുകയാണ് മൂന്നാർ മേഖല. ആനക്കലിയിൽ ഇക്കൊല്ലം മാത്രം മേഖലയിൽ പൊലിഞ്ഞത് നാല് ജീവനുകളാണ്. അരിക്കൊമ്പൻ പോയിട്ടും ഇടുക്കിയിലെ ജനങ്ങൾക്ക് സമാധാനമില്ല. അവരുടെ ജീവനും കൃഷിയടക്കമുള്ള ജീവിതമാർ​ഗങ്ങളും ഇന്നും അരക്ഷിതമായി തന്നെ തുടരുകയാണ്.

സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ പലതും പാലിക്കാതെ പോകുന്നുവെന്ന ആരോപണവും പ്രദേശത്തെ ജനങ്ങൾക്കുണ്ട്. ജനങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ സ്വാഭാവികമായി പ്രേതിഷേധമുണ്ടാകും. ഇതിന് പിന്നാലെ സർക്കാർ നഷ്ടപരിഹാരവും പ്രഖ്യാപിക്കും. എന്നാൽ, അന്ത്യകർമങ്ങൾക്ക് ആവശ്യമായ ചെറിയ തുമാത്രം നൽകി സർക്കാർ സംവിധാനങ്ങൾ പതുക്കെ പ്രശ്‌നത്തിൽനിന്ന് തലയൂരുകയാണ് പതിവെന്ന ആരോപണവും പ്രദേശവാസികൾക്കുണ്ട്.

ഞെട്ടിക്കുന്നതാണ് കഴിഞ്ഞ നാളുകളിൽ വന്യജീവികളുടെ ആക്രമണങ്ങളിൽ ​ഗുരുതരമായി പരിക്കേറ്റവരുടെ കണക്ക്. കൃഷിനാശം വേറെയും. കടം വാങ്ങി ചെയ്യുന്ന കൃഷിയെല്ലാം നശിപ്പിക്കും. തുച്ഛമായ നഷ്ടപരിഹാരം വല്ലതും സർക്കാറിൽ നിന്ന് ലഭിച്ചാലായി. മൂന്നാർ പോലുള്ള വിനോദസഞ്ചാരമേഖലകളിൽ പോലും കാട്ടാനയുടെ വിളയാട്ടമാണ്. ജനവാസമേഖലയിലേക്ക് കടക്കാനുള്ള ഇവയുടെ ശ്രമങ്ങൾ തടയാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

ജനുവരി എട്ടിനാണ് പ്രദേശത്ത് ഇക്കൊല്ലത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്. തോട്ടംതൊഴിലാളിയായ പരിമളത്തെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. തേയില തോട്ടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന പരിമളത്തെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ഒരുവർഷം മുമ്പ് ഇതേസ്ഥലത്തുവെച്ച് വനംവകുപ്പ് വാച്ചർ ശക്തിവേലും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് ശക്തിവേലിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് കാടുകടത്തുന്നതടക്കമുള്ള നടപടികളിലേക്ക് നയിച്ചത്.

ജനുവരി 23-ന് തെന്മലയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ പാൽരാജ് കൊല്ലപ്പെട്ടു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം മൂന്നാറിലെത്തിയതായിരുന്നു വയോധികനായ അദ്ദേഹം. രാത്രിയിൽ കാന്റീനിൽ പോയി മടങ്ങുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഇദ്ദേഹത്തെ ആന അടിച്ചുവീഴ്ത്തിയതിനുശേഷം ചവിട്ടുകയായിരുന്നു. ജനുവരി 22-ന് ചിന്നക്കനാൽ ബി.എൽ.റാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വെള്ളക്കല്ലിൽ സൗന്ദർരാജ് പിന്നീട് ആശുപത്രിയിൽ മരിച്ചു.

2024 ഫെബ്രുവരി 26-ന് മൂന്നാർ കന്നിമല ടോപ് ഡിവിഷൻ സ്വദേശി സുരേഷ്‌കുമാർ (മണി-45) കൂടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ജനരോഷം അണപൊട്ടി. ഓട്ടോ ഡ്രൈവറായ മണി കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജോലികഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ, തെറിച്ചുവീണ മണിയെ തുമ്പിക്കൈയിൽ ചുഴറ്റി എറിയുകയായിരുന്നു.

ഫെബ്രുവരി പത്തിനാണ് വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി കാട്ടാന പടമല ചാലിഗദ്ദയിൽ പനച്ചിയിൽ അജീഷിനെ (അജി-47) ആക്രമിച്ച് കൊലപ്പെടുത്തിയത്. കർണാടകയിൽ ജനവാസമേഖലയിൽനിന്ന് വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട മോഴയാന ബേലൂർ മഖ്നയാണ് അജിയെ ആക്രമിച്ചത്. ഇദ്ദേഹത്തെ പിന്തുടർന്നെത്തിയ ആന അജിയെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.

മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിഷേധത്തിനായിരുന്നു അന്ന് വയനാട് സാക്ഷ്യം വഹിച്ചത്. കൂട്ടത്തോടെ ജനങ്ങൾ ന​ഗരത്തിലേക്കിറങ്ങി. ജില്ലാ പോലീസ് മേധാവി മുതൽ കളക്ടർ വരെയുള്ളവർ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. അജിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറാൻ തീരുമാനമായി. ഭാര്യക്ക്‌ സ്ഥിരം സർക്കാർ ജോലി നൽകുമെന്നും മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം കൂടെ വന്നതോടെയാണ് ഒരു പകൽ നീണ്ട ജനകീയപ്രതിഷേധത്തിന് അറുതിയായത്.

അജിയുടെ മരണത്തിന് ഒരാഴ്ച തികയുംമുമ്പേ ഫെബ്രുവരി 16-ന് കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരു മരണംകൂടി റിപ്പോർട്ട് ചെയ്തു. പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ (55) ആണ് മരിച്ചത്. സഞ്ചാരികളെ വഴിയിൽ തടഞ്ഞ് തിരിച്ചയക്കുന്ന ജോലിയായിരുന്നു പോളിന്. വനത്തിൽനിന്ന് കാട്ടാനക്കൂട്ടം ഇറങ്ങുന്നതുകണ്ട് റോഡരികിൽ നിൽക്കുകയായിരുന്ന പോൾ ഓടിമാറിയെങ്കിലും ആന പിന്തുടർന്ന് ആക്രമിച്ചു. നിലത്തുവീണ പോൾ എഴുന്നേറ്റ് ഓടിയെങ്കിലും ആന ചവിട്ടുകയായിരുന്നു. പോളിന്റെ ഭാര്യക്ക്‌ ജോലിയും 10 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു.

ഇതോടെ പൊറുതിമുട്ടിയ ജനം നിലനിൽപ്പിനായി തെരുവിലേക്കിറങ്ങി. ആളിക്കത്തിയ ജനരോഷത്തിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുംവരെ പാത്രമായി. പോലീസും നാട്ടുകാരും തെരുവിൽ പലതവണ നേർക്കുനേർ ഏറ്റുമുട്ടി. വനംവകുപ്പിന്റെ വാഹനം തകർത്ത നാട്ടുകാർ, വാഹനത്തിലുണ്ടായിരുന്ന വനപാലകരെ കൈയേറ്റംചെയ്തു. ഒത്തുതീർപ്പ് ചർച്ചകൾക്ക് നേതൃത്വംനൽകാനെത്തിയ എം.എൽ.എ.മാരടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു.

രണ്ട് സംഭവങ്ങളിലും സർവകക്ഷിയോ​ഗം ചേർന്ന് തീരുമാനങ്ങൾ വേ​ഗത്തിലാക്കാൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. തിരുവനന്തപുരത്തുനിന്ന് നിർദേശം നൽകുന്നതല്ലാതെ രണ്ട് മരണങ്ങളുണ്ടായിട്ടും ജില്ലയിൽ കാലുകുത്താൻ മന്ത്രി തയ്യാറായില്ല. ഏത് വിധേനയായിരിക്കും ജനങ്ങൾ പ്രതികരിക്കുകയെന്ന ആശങ്കയും ഇതിന് കാരണമായി.

മാർച്ച് ആരംഭിച്ച് അഞ്ചാംദിനം വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. മാർച്ച് നാലിന് നേര്യമംഗലം കാഞ്ഞിരവേലിയിൽ മുണ്ടോൻകണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിരയെ (71) യാണ് കാട്ടാന ചവിട്ടിക്കൊന്നത്. കാട്ടാന ഇറങ്ങിയവിവരം വനംവകുപ്പ് മുൻകൂട്ടി അറിയിക്കാത്തതിനാലാണ് ദുരന്തമുണ്ടായതെന്ന് ആരോപിച്ച് നാട്ടുകാർ രം​ഗത്തെത്തി. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ കൈമാറി.

പൊരിവെയിലിൽ ജനരോഷവും സംഘർഷവും തെരുവിൽ അരങ്ങേറിയ പകലിന് കോതമം​ഗലവും സാക്ഷിയായി. മരിച്ച ഇന്ദിരയുടെ കുടുംബാം​ഗങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രം​ഗത്തെത്തി. സമരവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എയേയും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനേയും പോലീസ് അറസ്റ്റ് ചെയ്തു.

സമരപ്പന്തലിന് നടുവിൽ മൃതദേഹവും സമീപത്ത് നേതാക്കളും ചുറ്റും പ്രവർത്തകരും അണിനിരന്നതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയായിരുന്നു പ്രദേശത്ത്. പോലീസ് സമരപ്പന്തലിലേക്ക് നീങ്ങി. പ്രവർത്തകരുമായി ഉന്തുംതള്ളും ഉണ്ടായി. പ്രതിഷേധം കടുത്തതോടെ പോലീസ് ലാത്തി വീശി. പ്രവർത്തകർ ചിതറിയോടി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരെ പലരെയും വലിച്ചിഴച്ച് കൊണ്ടുപോയ പോലീസ്, സമരപ്പന്തൽ വളഞ്ഞ് പൊളിച്ചുനീക്കി. പിന്നാലെ, മൃതദേഹത്തിന് അരികിലുണ്ടായിരുന്ന ഡീൻ കുര്യാക്കോസ് എം.പി. അടക്കമുള്ള നേതാക്കളെ ബലംപ്രയോഗിച്ച് നീക്കിയാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയത്.

മാർച്ച് അഞ്ചിനാണ് മറ്റ് രണ്ട് മരങ്ങൾ കൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോഴിക്കോട്ടും വാഴച്ചാലിലുമാണ്‌ വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂർ വാഴച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു. ഇതോടെ ഈ വർഷം മാത്രം മരിച്ചവരുടെ എണ്ണം ഒമ്പതായി. തൃശ്ശൂരും കോഴിക്കോട്ടും വലിയ പ്രതിഷേധങ്ങളും അരങ്ങേറി. സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകി പ്രതിഷേധക്കാരെയും കുടുംബാംഗങ്ങളെയും തൽക്കാലം തണുപ്പിക്കുന്നത് മാത്രമാണ് സർക്കാർ സ്വീകരിക്കുന്ന നടപടി. ശാശ്വത പരിഹാരം കാണാനുള്ള ശക്തമായ നീക്കം സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തപക്ഷം മലയോരമേഖലയുടെ സമാധാന ജീവിതത്തിന് വലിയ ഭീഷണിയായി വന്യജീവി ആക്രമണങ്ങൾ മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.