മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്, മെസൻജർ എന്നിവയടക്കമുള്ള വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഒരുമണിക്കൂറിലധികം പണിമുടക്കി.

ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ തകരാറുണ്ടായത്. ആദ്യം ഫെയ്സ്ബുക്ക് അക്കൗണ്ടുകളും പിന്നീട് മറ്റ് പ്ളാറ്റ്ഫോമുകളും വീണ്ടെടുത്തു.

ഉപയോക്താക്കളുടെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ തനിയെ ലോഗൗട്ട് ആകുകയായിരുന്നു. പിന്നീട് അക്കൗണ്ടിലേക്കു പ്രവേശിക്കാനുമായിരുന്നില്ല. എന്നാൽ, സെർവർ തകരാറായതിന് കാരണമെന്തെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.

സാമൂഹികമാധ്യമങ്ങളിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമായ ഡൗണ്‍ ഡിറ്റക്ടറില്‍ പതിനായിരക്കണക്കിന് പേരാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍സ്റ്റഗ്രാം ഡൗണ്‍, ഫേസ്ബുക്ക് ഡൗണ്‍, സക്കര്‍ബര്‍ഗ്, മെറ്റ എന്നീ ഹാഷ് ടാഗുകള്‍ ഇതിനകം എക്‌സില്‍ (ട്വിറ്റര്‍) ട്രെന്‍ഡിങ് ആയി.