Latest News

മദ്യലഹരിയിൽ ഇരുപതുകാരൻ്റെ വെട്ടേറ്റ് നാൽപ്പത്തിയഞ്ചുകാരൻ മരിച്ചു. കൊല്ലം മൺറോതുരുത്തിലാണ് കിടപ്രം സ്വദേശി സുരേഷ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ പ്രതി അമ്പാടിയെ പൊലീസ് പിടികൂടി. മൺറോതുരുത്ത് കിടപ്രംവടക്ക് ലക്ഷം വീട് കാട്ടുവരമ്പിൽ ഇരുപതുകാരനായ അമ്പാടി ആണ് നാട്ടുകാരനായ സുരേഷിനെ വെട്ടിയത്.

അമ്പാടിയുടെ വീടിന് മുന്നിൽ വച്ച് രാത്രിയായിരുന്നു കൊലപാതകം. മദ്യലഹരിയിൽ ആയിരുന്നു അമ്പാടി. പടിഞ്ഞാറേകല്ലട കല്ലുംമൂട്ടിൽ ചെമ്പകത്തുരുത്ത് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പറയെടുപ്പിനിടെ അമ്പാടി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് അമ്പാടിയെ നാട്ടുകാർ ക്ഷേത്രവളപ്പിൽ നിന്ന് ഓടിച്ചു വിടുകയായിരുന്നു.

തുടർന്ന് സമീപത്തെ റെയിൽവേ ട്രാക്കിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്പാടിയെ സുരേഷും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിച്ചു. സുരേഷും സുഹൃത്തുക്കളും ചേർന്ന് അമ്പാടിയെ രാത്രി വീട്ടിൽ എത്തിച്ചപ്പോഴാണ് കൊലപാതകം. വീട്ടിൽ കയറിയ അമ്പാടി വെട്ടുകത്തിയെടുത്ത് സുരേഷിനെ വെട്ടുകയായിരുന്നു.

കഴുത്തിന് വെട്ടേറ്റ സുരേഷ് സ്‌ഥലത്ത് വച്ചു തന്നെ മരിച്ചു. മോഷണവും ലഹരികടത്തും ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അമ്പാടി.

ട്യൂഷൻ സെന്ററിലെ യാത്രയയപ്പ്‌ പരിപാടിക്കിടെയുണ്ടായ തർക്കമാണ്‌ വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും ഒരു വിദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്‌. ഞായറാഴ്ചത്തെ യാത്രയയപ്പ്‌ പരിപാടിക്കിടെയുണ്ടായ തർക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും തമ്മിൽ വാക്കുകൾകൊണ്ട് പരസ്പരം പോരടിച്ചിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടർച്ചയായിരുന്നു ദിവസങ്ങൾക്കുശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം.

വ്യാഴാഴ്ചത്തെ ക്ലാസ് കഴിഞ്ഞതിനുശേഷം ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റിൽ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ സെന്ററിൽ പഠിക്കാത്ത വിദ്യാർഥികളും ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു. വൈകീട്ട് ആറരയോടെ താമരശ്ശേരി-വെഴുപ്പൂർ റോഡിലെ ചായക്കടയ്ക്കു സമീപത്തായിരുന്നു സംഘർഷം തുടങ്ങിയത്. തമ്മിൽത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെനിന്ന്‌ പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട്‌ റോഡിനു സമീപത്തുവെച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി.

സംഘർഷത്തിനിടെ മർദനമേറ്റ് മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. നഞ്ചക്കുപോലുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർഥികൾ പോലീസിനെ അറിയിച്ചത്. അതേസമയം, താമരശ്ശേരിയിലെ വിദ്യാർഥികൾകൂടാതെ പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി.

തലയ്ക്ക് ക്ഷതമേറ്റെങ്കിലും പുറമേ കാര്യമായ മുറിവോ മറ്റോ ഇല്ലാത്തതിനാൽ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ ഏതാനും സുഹൃത്തുക്കൾ ചേർന്ന് വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോൾ ഷഹബാസ് ഛർദിക്കുകയും തളരുകയും ചെയ്തു. ആരെങ്കിലും ലഹരിവസ്തുക്കൾ നൽകിയതാണോയെന്ന സംശയം തോന്നി വീട്ടുകാർ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോഴാണ് സംഘർഷത്തെപ്പറ്റി അറിഞ്ഞത്.

തുടർന്ന് വീട്ടുകാർ ഷഹബാസിനെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അതിതീവ്ര പരിചരണവിഭാഗത്തിലേക്ക്‌ മാറ്റുകയായിരുന്നു. ഷഹബാസിന് തലച്ചോറിൽ ആന്തരികരക്തസ്രാവവും ചെവിക്കു സമീപം എല്ലിന് പൊട്ടലുമുണ്ടായിരുന്നു. ഒരുദിവസത്തിലേറെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ വിദ്യാർഥി ഒടുവിൽ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.

പത്താം ക്ലാസ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാൻ ലഹരി പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍. സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ചാണ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷിച്ചത്.

സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ കളനാട് സ്വദേശി കെ.കെ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞെട്ടിക്കുന്ന സംഭവമാണ് കാസര്‍കോട് നിന്നും പുറത്തുവന്നത്. കാസര്‍കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. സ്കൂളിന്‍റെ പേരുവിവരങ്ങളടക്കമുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. കുട്ടികളുടെ കയ്യിൽ നിന്ന് കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് കഞ്ചാവ് നൽകിയത് ആരാണെന്ന് കുട്ടികള്‍ വെളിപ്പെടുത്തിയത്. പൊലീസ് അന്വേഷണത്തിലാണ് കളനാട് സ്വദേശി കെകെ സമീറിനെ പിടികൂടിയത്.

സമീറിനെ പിടികൂടാൻ പോയപ്പോള്‍ പൊലീസുകാര്‍ക്കുനേരെയും ആക്രമണം ഉണ്ടായി. കഞ്ചാവ് കേസിന് പുറമെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. പാലാ പുലിയന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

ഉത്സവശേഷം സമീപപ്രദേശങ്ങളിലുള്ളവർ ക്ഷേത്രപരിസരത്തായിരുന്നു കിടന്നുറങ്ങിയത്. രക്ഷിതാക്കൾക്കും സഹോദരനുമൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.

നൂറ് മീറ്റർ അകലെയുളള സ്ഥലത്തുകൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ കുഞ്ഞ് നിലവിളിച്ചതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

പോക്സോ വകുപ്പുകൾ ഉൾപ്പടെ ചുമത്തി പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം നാട്ടിലെത്തി. ഏഴ് വർഷത്തിന് ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് വരുന്നത്. സൗദിയിലെ ദമ്മാമിൽ നിന്ന് തിരിച്ച അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ രാവിലെ എട്ട് മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലിലൂടെയാണ് നാട്ടിലെത്താൻ സാധിച്ചത്.

ഏഴ് വർഷത്തിന് ശേഷം നാട്ടിലേക്കെത്തുമ്പോൾ പ്രിയപ്പെട്ടവരൊന്നും വീട്ടിലില്ല. ഉമ്മയും മകനും സഹോദരനും സഹോദരിയെയും മൂത്ത മകൻ കൊല്ലപ്പെടുത്തി. ഭാര്യ മകന്റെ ക്രൂരതക്കിരയായി ആശുപത്രിയിലും. തണലാകേണ്ട മൂത്ത മകൻ കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിലാണ്. അടക്കാനാവാത്ത ദുഃഖത്തിലാണ് അബ്ദുൾ റഹീം.

റിയാദിലെ കട നഷ്ടം വന്ന് പൂട്ടേണ്ടിവന്നതോടെ അബ്ദുൾ റഹീമിന് വലിയ സാമ്പത്തിക ബാദ്ധ്യത വന്നിരുന്നു. രണ്ടര വർഷമായി ഇഖാമയും പുതുക്കാൻ കഴിഞ്ഞില്ല. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കമാണ് ഇപ്പോൾ അബ്ദുൾ റഹീമിന്റെ രക്ഷയ്‌ക്കെത്തിയത്. പൊലീസ് കേസില്ലെന്ന് പാസ്പോർട്ട് വിഭാഗത്തിൽ നിന്നും സ്ഥിരീകരിച്ചതോടെ നാട്ടിലേക്കുള്ള വഴിയൊരുക്കിയതും ഇദ്ദേഹമാണ്.

വിഖ്യാത നടന്‍ ജീന്‍ ഹക്ക്മാന്‍, ഭാര്യ പിയാനിസ്റ്റ് ബെറ്റ്സി അരക്കാവ എന്നിവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂ മെക്സിക്കോയിലെ സാന്റ ഫെയിലുള്ള വീട്ടിലാണ് ഇരുവരെയും വളര്‍ത്തു നായയ്‌ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് തവണ ഓസ്‌കാര്‍ നേടിയ ഹക്ക്മാന് 95 വയസും അരക്കാവയ്ക്ക് 63 വയസുമായിരുന്നു. മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്ന് സാന്റ ഫെ കൗണ്ടി ഷെരീഫ് അദാന്‍ മോന്റോസ പറഞ്ഞു. മരണത്തിന്റെ യഥാര്‍ത്ഥ കാരണവും സമയവും പുറത്തു വിട്ടിട്ടില്ല.

യുജീന്‍ അല്ലന്‍ ഹക്ക്മാന്‍ എന്ന ജീന്‍ ഹക്ക്മാന്‍ 1930 ല്‍ കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാര്‍ഡിനോയിലാണ് ജനിച്ചത്. 16 വയസ് മുതല്‍ മൂന്ന് വര്‍ഷം നാവിക സേനയില്‍ പ്രവര്‍ത്തിച്ചു. 1967 ല്‍ പുറത്തിറങ്ങിയ ബോണി ആന്റ് ക്‌ളൈഡ് എന്ന സിനിമയിലെ കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പട്ടത്. 1968 ല്‍ ഇന്‍സെന്‍ഡിയറി എന്ന സിനിമയിലൂടെ ആദ്യത്തെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു.

1970 ല്‍ ഐ നെവര്‍ സാങ് ഫോര്‍ മൈ ഫാദര്‍ എന്ന സിനിമയിലെ കഥാപാത്രത്തിനും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. 1972 ല്‍ ദി ഫ്രഞ്ച് കണക്ഷന്‍ എന്ന സിനിമയാണ് താരത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ നേടികൊടുത്തത്. 1993 ല്‍ അണ്‍ഫോര്‍ഗീവണ്‍ എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ ഓസ്‌കാറും സ്വന്തമാക്കി. 2004 ല്‍ സിനിമാലോകത്ത് നിന്ന് വിരമിച്ചു.

സൂപ്പര്‍മാന്‍, ഫ്രഞ്ച് കണക്ഷന്‍, അണ്‍ഫോര്‍ഗീവണ്‍, മിസിസിപ്പി ബേണിങ്, ബോണി ആന്‍ഡ് ക്ലൈഡ്, റണ്‍ എവേ ജൂറി തുടങ്ങിയവയാണ് ജീനിന്റെ പ്രശസ്ത സിനിമകള്‍. പേ ബാക്ക് അറ്റ് മോര്‍ണിങ് പീക്ക്, പര്‍സ്യൂട്ട് തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദി അണ്‍നോണ്‍ ഫ്‌ളാഗ് റെയ്സര്‍ ഓഫ് ഇവോ ജിം, വീ ദി മറൈന്‍സ് എന്നീ സിനിമകളുടെ ആഖ്യാനവും നിര്‍വഹിച്ചിട്ടുണ്ട്.

നടന്‍ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ പങ്കാളി എലിസബത്ത് ഉദയന്‍ രംഗത്ത്. 41 മിനിറ്റോളം ദൈര്‍ഘ്യമുള്ള യുട്യൂബില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ബാലയുടെ കൂടെ ജീവിച്ച സമയത്ത് നേരിട്ട പീഡനങ്ങളെ കുറിച്ച് എലിസബത്ത് പറയുന്നത്. യുട്യൂബ് ചാനലുകള്‍ക്ക് താഴെ കസ്തൂരി എന്ന പ്രൊഫൈലില്‍ നിന്ന് വരുന്ന തനിക്കെതിരേയുള്ള കമന്റുകള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് എലിസബത്ത്.

കസ്തൂരി എന്നത് ഫേക്ക് പ്രൊഫൈല്‍ ആണെങ്കിലും അത് ചെയ്യുന്നത് ആരാണെന്ന് വ്യക്തമായി മനസിലായെന്നും അതുകൊണ്ടാണ് അവര്‍ പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ താന്‍ ചൂണ്ടിക്കാണിക്കുന്നതെന്നു എലിസബത്ത് വീഡിയോയില്‍ പറയുന്നു. എലിസബത്ത് ഗര്‍ഭിണിയാകാന്‍ റിസ്‌ക്ക് ഉണ്ടെന്നാണ് ഒരു കമന്റില്‍ കസ്തൂരി പറയുന്നത്. എന്നാല്‍ ഇത്രയും കാലം താന്‍ ഗര്‍ഭിണിയാവില്ലെന്നാണ് ബാല പറഞ്ഞിരുന്നതെന്നും പല അഭിമുഖങ്ങളിലും ഇത് പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു. അതുകൊണ്ടാണ് തന്നെ വിവാഹം ചെയ്തത് എന്നുപോലും ബാല നേരിട്ടല്ലാതെ പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് കൂട്ടിച്ചേര്‍ക്കുന്നു.

അമൃതയും എലിസബത്തും ബാലയുടെ സ്വത്തുക്കള്‍ ലക്ഷ്യമിട്ടാണ് ഇതെല്ലാം ചെയ്യുന്നത് എന്ന കമന്റിനും എലിസബത്ത് മറുപടി നല്‍കുന്നുണ്ട്. ‘ഞാന്‍ നിയമപരമായി ഭാര്യ അല്ലെന്നും വെറുതേ കിടക്കാന്‍ പോയതാണെന്നും നിങ്ങള്‍ നേരത്തെ കമന്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ പറയുന്നു സ്വത്തിന് വേണ്ടിയാണ് ഞാനിതൊക്കെ ചെയ്യുന്നതെന്ന്. അങ്ങനെ ആയിരുന്നെങ്കില്‍ ആദ്യമേ തന്നെ ഞാന്‍ വിവാഹം രജിസ്റ്റര്‍ ചെയ്യിപ്പിക്കില്ലേ.’-എലിസബത്ത് വീഡിയോയില്‍ വിശദീകരിക്കുന്നു.

ബാലയുടെ ഇപ്പോഴത്തെ സന്തോഷജീവിതം കണ്ടിട്ട് അസൂയ തോന്നുന്നുണ്ടോ എന്നാണ് മറ്റൊരു ചോദ്യം. ‘അതൊരു സന്തോഷ ജീവിതമാണെന്ന് തോന്നുന്നുണ്ടോ?. ഞാനും അതുപോലൊരു ജീവിതത്തില്‍ നിന്നുമാണ് പുറത്തുകടന്നത്.’ എലിസബത്ത് മറുപടി നല്‍കുന്നു.

തനിക്ക് വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും ഡോക്ടറായി ജീവിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ അതേ ആളുകള്‍ തന്നോട് നല്ലൊരു പങ്കാളിയെ കണ്ടെത്തി ജീവിക്കാനാണ് ഇപ്പോള്‍ പറയുന്നത്. ഇത്തരത്തില്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ചിലര്‍ സംസാരിക്കുന്നത്- എലിസബത്ത് കൂട്ടിച്ചേര്‍ക്കുന്നു.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തുരുത്തിക്കാട് ഭാഗത്ത് അപ്പക്കോട്ടമുറിയിൽ വീട്ടിൽ പ്രീതി മാത്യു (51), ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം ചിനിക്കടുപ്പിൽ വീട്ടിൽ സഞ്ജയ്‌ സി.റ്റി (47) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രീതി മാത്യു നടത്തിയിരുന്ന Can Assure Consultancy എന്ന സ്ഥാപനം മുഖേന തലപ്പുലം സ്വദേശിയായ മധ്യവയസ്കയുടെ മകൾക്ക് UK യിൽ Care Giver ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 8,60,000 (എട്ടു ലക്ഷത്തി ആറുപതിനായിരം) രൂപ പലതവണയായി വാങ്ങിയെടുക്കുകയായിരുന്നു. ഇതിനുശേഷം കൊടുത്ത പണം തിരികെ നല്‍കാതെയും , മകൾക്ക് ജോലി ലഭിക്കാതിരുന്നതിനെയും തുടര്‍ന്ന് പോലീസിൽ പരാതി നല്‍കുകയായിരുന്നു.

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രീതി മാത്യുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ കേസിൽ ഇവരെ കൂടാതെ മാറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലാണ് സഞ്ജയ് കൂടി ഈ കേസിൽ ഉൾപ്പെട്ടതായി പോലീസ് കണ്ടെത്തുന്നത്. പ്രീതി മാത്യുവിന്റെ അക്കൗണ്ടിൽ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും, കൂടാതെ ഇയാൾ പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രീതി മാത്യുവിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒമ്പത് കേസുകളും, ജില്ലയിലെ മറ്റു പല സ്റ്റേഷനുകളിലുമായി അഞ്ചു കേസുകളും ഉൾപ്പെടെ 14 കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഈ കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ് പറഞ്ഞു.

ശശി തരൂർ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും അദ്ദേഹം യുഡിഎഫിന്റെ നല്ല പ്രചാരകനെന്നും മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. തരൂരിനെ പ്രയോജനപ്പെടുത്താൻ പറ്റും. ക്രൗഡ് പുള്ളർ ആയ രാഷ്ട്രീയ നേതാവാണ് തരൂർ.

മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണം. തെരെഞ്ഞെടുപ്പിന് ഇനി അധികം സമയം ഇല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. എല്ലാ പാർട്ടികളും മുന്നണിയെ ശക്തിപ്പെടുത്താൻ തയ്യാറാകണം. ഖാസി ഫൗണ്ടേഷൻ യോഗത്തിൽ സമസ്തക്ക് എതിരെ വിമർശനം ഉയർന്നോ എന്നറിയില്ല.

പല തരത്തിൽ ഉള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ടാകും. ഖാസി ഫൗണ്ടേഷൻ സമസ്തയെ ശക്തിപ്പെടുത്താൻ ഉള്ളതാണ്. സമസ്തയെ ദുർബലപ്പെടുത്താൻ ഉള്ളതല്ല. സമസ്തക്കെതിരെ ഒന്നും ഉണ്ടാവില്ലെന്നും സാദിഖലി തങ്ങൾ പറ‍ഞ്ഞു.

ആശ പ്രവർത്തകർക്ക് സർക്കാർ നീതി ഉറപ്പാക്കണം. അവരെ അവഗണിക്കുന്നത് ഖേദകരമാണ്. അവർ സമരം ചെയ്യാൻ കാരണങ്ങൾ ഉണ്ട്. ഈ സമരത്തിലേക്ക് അവരെ എത്തിച്ച പല കാരണങ്ങൾ ഉണ്ടല്ലൊ. അത് പരിഹരിക്കേണ്ടതാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

കേരളത്തിലെ കോണ്‍ഗ്രസില്‍ പുനസംഘടന ഉടന്‍ ഉണ്ടാകും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരന് സ്ഥാനചലനമുണ്ടായേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം

അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകും. കേരളത്തിലെ സംഘടനയില്‍ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ് അംഗം സുനില്‍ കനുഗോലു ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. നേരത്തേ കെ.സുധാകരനടക്കം മുതിര്‍ന്ന നേതാക്കളെ നിലനിര്‍ത്തിയുള്ള പുനസംഘടനയാണ് ഹൈക്കമാന്‍ഡ് ഉദേശിച്ചിരുന്നത്.

കെ.സുധാകരനെ ബോധ്യപ്പെടുത്തി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ കനഗോലു ചൂണ്ടിക്കാട്ടി. ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഐക്യത്തിന് ഹൈക്കമാന്‍ഡ് ആവശ്യപ്പെടും.

RECENT POSTS
Copyright © . All rights reserved