ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിങ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യെയാണ് പോലീസ് പിടികൂടിയത്.
ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഹാസനിലാണ് കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ചമുന്‍പാണ് ഇവര്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഹാസനിലെ ഒരു ഫാം ഹൗസില്‍ വെച്ച് ഇരുവരും കാണാന്‍ തീരുമാനിച്ചു. ശനിയാഴ്ച ഫാം ഹൗസിലെത്തിയ ഇവര്‍തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഗൗഡയുടെ മര്‍ദനത്തില്‍ പ്രീതി കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട്, ഗൗഡ യുവതിയുടെ മൃതദേഹം കാറില്‍ കൊണ്ടുപോയി കെആര്‍ പേട്ടിലെ കട്ടരഘട്ടയിലെ മറ്റൊരു ഫാമില്‍ കുഴിച്ചിട്ടു. പ്രീതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് തിങ്കളാഴ്ച പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഫാം ഹൗസിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രീതിയുടെ കോള്‍ റെക്കോഡ് പരിശോധിച്ച പോലീസ് ബുധനാഴ്ച വൈകിട്ടുതന്നെ പുനീതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആര്‍.എസ്.എസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പാര്‍ട്ടിയില്‍ വിമര്‍ശനം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീമും പി. രാജീവുമാണ് വിമര്‍ശനമുന്നയിച്ചത്.
വര്‍ഗീയ ശക്തികളുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന തരത്തിലുളള പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും അത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്നുമാണ് ഇരുവരും നിര്‍ദേശിച്ചത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെക്കുറിച്ച് വിശദമായി പഠിക്കണമെന്ന് നേതൃയോഗത്തില്‍ ധാരണയായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കണക്കുക്കൂട്ടല്‍ പിഴച്ചെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ട് ചോര്‍ച്ചയില്‍ ഗൗരവകരമായ അന്വേഷണം വേണമെന്നാണ് തീരുമാനം. എം.വി ഗോവിന്ദന്റെ ആര്‍.എസ്.എസ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അടിയന്തരാവസ്ഥക്കാലത്തെ ആര്‍.എസ്.എസ് ബന്ധത്തെപ്പറ്റി താന്‍ നടത്തിയ പരാമര്‍ശം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു എം.വി ഗോവിന്ദന്റെ നിലപാട്. ഗുണം ചെയ്യാനോ, ദോഷം ചെയ്യാനോ അല്ല, ചരിത്രം പറഞ്ഞതാണെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകള്‍ അംഗീകരിച്ച് മുന്നോട്ട് പോകും. തിരുത്തല്‍ ആവശ്യമെങ്കില്‍ തിരുത്തും. സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല. പിണറായിസം എന്നൊന്നില്ല. എല്‍ഡിഎഫിന്റെ രാഷ്ട്രീയ അടിസ്ഥാനം ഭദ്രമാണ്. തുടര്‍ ഭരണത്തിനുള്ള സാധ്യത ഇപ്പോഴുമുണ്ട്. ഇടത് മുന്നണിക്ക് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂരെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ലോകമെങ്ങും പുകഴ്പ്പറ്റ കുടിയേറ്റ പാരമ്പര്യം നെഞ്ചേറ്റും ക്നാനായ മക്കളുടെ യൂറോപ്യൻ മണ്ണിലെ എട്ടാമത് സംഗമം എന്ന മഹത്തായ സ്വപ്നം നെഞ്ചേറ്റി ,പ്രതിസന്ധികളിൽ പതറാതെ ലെസ്റ്റർ നഗരത്തിന്റെ സാഫല്യ തീരത്തേക്ക് മെല്ലെ അടുക്കുകയായി ഒരുമയുടെ പായ്ക്കപ്പൽ.
യൂറോപ്പിൽ എങ്ങും ഉള്ള ക്നാനായ മക്കളുടെ ഹൃദയ ധമനികളിൽ മാറ്റത്തിന്റെ ഭേരി മുഴക്കി , ഒരു നവോത്ഥാന ആശയം എന്നപോലെ യൂറോപ്പിലുള്ള എല്ലാ ക്നാനായ ദേവാലയങ്ങളുടെയും, പ്രത്യേകം തിരഞ്ഞെടുത്ത സംഗമം നിർവാഹക സമിതിയുടെയും, യൂറോപ്പ്യൻ ക്നാനായ കമ്മിറ്റി പ്രതിനിധികളുടെയും, അതതു ദേവാലയ വികാരിമാരുടെയും ഭരണസമിതി അംഗങ്ങളുടെയും, പ്രോഗ്രാം കോഡിനേറ്റേഴ്സിന്റെയും, ഒത്തിണക്കത്തോടെയുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങളുടെ അകത്തുകയാണ് നാം എത്തിനിൽക്കുന്ന ഒരുമയുടെ പ്രൗഡി വിളിച്ചോതുന്ന *എട്ടാമത് ക്നാനായ സംഗമം .
പ്രായഭേദമന്യേ യൂറോപ്പിലുള്ള ആബാലവൃത്തം ക്നാനായ ജനതയും ഒരു മനസ്സോടെ , ഏറെ സന്തോഷത്തിൽ തങ്ങളുടെ ബന്ധുമിത്രാദികളെ വീണ്ടും കാണുവാനും , തനിമയിൽ ഒത്തുചേരുവാനുമായി യൂറോപ്പിന്റെ നാനാ ദേശത്തു നിന്നും ലെസ്റ്ററിലേക്കുള്ള യാത്ര ഇതിനോടകം തന്നെ തുടങ്ങിയിരിക്കുന്നു.
ജൂൺ 28 ശനിയാഴ്ചയുടെ പൊൻപുലരി ലെസ്റ്റർ മെഹർ സെന്ററിനായി കാത്തു വച്ചിരിക്കുന്നത് ആയിരങ്ങൾ ആനന്ദചിത്തരായി ഒഴുകിയെത്തി നാളെയുടെ ചരിത്രമായി മാറാൻ പോകുന്ന ക്നാനായ ജനതയാൽ തീർക്കപ്പെടുന്ന അതിരുകളില്ലാത്ത മഹാ മനുഷ്യസമുദ്രത്തിനായിരിക്കും.
അന്നേ ദിവസം രാവിലെ 8 30 നോട് കൂടി പ്രഭാത പ്രാർത്ഥനയും, ക്നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ കുറിയാക്കോസ് മോർ സേവേർസിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയും, തുടർന്ന് യൂറോപ്പിലെ എല്ലാ ക്നാനായ ദേവാലയ അംഗങ്ങളെയും അണിനിരത്തിയുള്ള മഹാ ഘോഷയാത്രയും, വിശിഷ്ട വ്യക്തികളുടെ മഹത് സാന്നിധ്യത്തിൽ പൊതുസമ്മേളനവും തുടർന്ന് , വിവിധ ദേവാലയങ്ങൾ നേതൃത്വം നൽകുന്ന വർണ്ണാഭമായ കലാപരിപാടികളും നടത്തപ്പെടുന്നതാണ്.
ഇതിനോടകം തന്നെ നവമാധ്യമങ്ങളിലൂടെ ശ്രദ്ധയോർജിച്ച ലോകമെമ്പാടുമുള്ള ക്നാനായ മക്കൾ ഉദ്വേഗത്തിൽ കാത്തിരിക്കുന്ന ഫാദർ ജോമോൻ പുന്നൂസ് രചിച് ഈണം നൽകിയ എട്ടാമത് ക്നാനായ സംഗമത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തോടെയാണ് കലാപരിപാടികൾക്ക് തുടക്കം കുറിക്കുന്നത്..
സംഗമ വേദിയിലേക്കുള്ള പ്രവേശനം മുൻപ് ഇടവകകളിൽ വിതരണം ചെയ്തതോ, അന്ന് വേദിയിൽ ലഭ്യമാകുന്നതോ ആയ പ്രവേശന ടിക്കറ്റ് അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്, പ്രത്യേകം തയ്യാറാക്കിയ റിസ്റ്റ് ബാൻഡ് അതതു ദേവാലയത്തിന്റെ നിയുക്ത പ്രതിനിധികളിൽ നിന്നും , മുൻപ് വാങ്ങിയിരിക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കൈപ്പറ്റേണ്ടതാണ്.
കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി വേദിയിലേക്കുള്ള പ്രവേശനവും മറ്റു ക്രമസമാധാന കാര്യങ്ങളും പ്രത്യേക അധികാരമുള്ള സെക്യൂരിറ്റി സർവീസിനെയാണ് സംഗമം കമ്മിറ്റി ചുമതലപ്പെടുത്തിയിരിക്കുന്നത്.
സംഗമവേദിയിൽ പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ്, ഫുഡ് സ്റ്റാൾ, അഡീഷണൽ ടോയ്ലറ്റ് സൗകര്യങ്ങൾ, സെക്യൂരിറ്റി സർവീസ്, മറ്റു വിവിധങ്ങളായ സൗകര്യങ്ങളും അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സംഗമം കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്
എക്കാലവും ഓർമ്മയിൽ തങ്ങിനിൽക്കാവുന്ന, വരുംതലമുറയുടെ മനോമണ്ഡലങ്ങളിൽ ക്നാനായ പൈതൃകത്തിന്റെ പെരുമയും അഭിമാനവും എന്നും വിളിച്ചോതാൻ ഉതകുന്ന, ഇതര മതക്കാർ തിങ്ങിപ്പാർക്കുന്ന യൂറോപ്യൻ നാടുകളിൽ ഏറെ തലയെടുപ്പോടെ എന്നും ക്നാനായ ജനതയ്ക്ക് എടുത്തു പറയാൻ പറ്റുന്ന വ്യത്യസ്തമായ സ്നേഹ സമാഗമനത്തിനായി നിങ്ങൾ ഏവരെയും ഒരിക്കൽക്കൂടി ഹാർദ്ദവമായി സംഗമം വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു..
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
എറണാകുളം: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതിശക്തമായ മഴ തുടരുന്നതിനാല്‍ ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും ജൂണ്‍ 30 വരെ നിരോധിച്ചിട്ടുണ്ട്.
തൃശ്ശൂര്‍: ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്സി, ഐസിഎസ് സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. അംഗനവാടികള്‍, സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാലയങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, എല്ലാ കോളേജുകളും (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) അവധിയായിരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇടുക്കി ജില്ലയിലെ തോപ്രാൻകുടി,മേരിഗിരി, ഉദയഗിരി പ്രദേശങ്ങളിലെ ആദ്യകാല സാമൂഹിക വികസന മുന്നേറ്റങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കാരക്കാട്ട് കുര്യൻ തോമസ് (കുട്ടിച്ചൻ ) 78 നിര്യാതനായി. മേരിഗിരിയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായ കുട്ടിച്ചൻ ചേട്ടൻ ഇടുക്കി ജില്ലയിലെ ആദ്യകാല സാമൂഹിക വികസനത്തിന് പ്രത്യേകിച്ച് റോഡുകൾ ഉൾപ്പെടെ ഉളള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ മുൻകൈയ്യെടുത്ത വ്യക്തിത്വമായിരുന്നു.
മേരിഗിരി മേഖലയിൽ വൈദുതി, ടെലിഫോൺ സൗകര്യങ്ങൾ എത്തിക്കുന്നതിൽ വളരെ അധികം പ്രയത്നിച്ച വക്തിയാണ് വിടവാങ്ങിയത്. പൊതുജനങ്ങളുടെ ഇടയിൽ കുട്ടി സാർ എന്ന ഓമന പേരിൽ അറിയപ്പെട്ടിരുന്ന കുട്ടിച്ചൻ കാരക്കാട്ട് ദീർഘകാലം കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഒരു മികച്ച സഹകാരി ആയിരുന്ന കുട്ടിച്ചൻ, ഉദയഗിരി സർവീസ് ബാങ്ക് മുൻ ബോർഡ് മെമ്പർ ആണ്.
മൃത സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (27/06/2025) രാവിലെ 11 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് ഉദയഗിരി സെൻ്റ് മേരീസ് ചർച്ചിൽ നടത്തപ്പെടുന്നതാണ്.
ഭാര്യ: മേരിക്കുട്ടി പെരുവന്താനം പൗവ്വത്ത് കുടുംബാംഗമാണ് . മക്കൾ: അനീഷ്, അനിത. മരുമക്കൾ: ബോബി ചെൻമരപ്പള്ളി, സിനി പറക്കുളങ്ങര.
കുട്ടിച്ചൻ മുണ്ടക്കയം കരിനിലത്ത് കാരക്കാട്ട് പരേതരായ കെ.കെ. തോമസിൻെറയും ഏലിയാമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: പരേതനായ കെ. ടി ജോസഫ് (പാറത്തോട്), കെ. ടി തോമസ് (കരിനിലം), പരേതനായ ആന്റണി തോമസ് (കരിനിലം), മേരിക്കുട്ടി തോമസ് കരിപ്പാപ്പറമ്പിൽ, മോളി ജോസഫ് കല്ലറയ്ക്കൽ (ആലക്കോട്).
മലയാളം യുകെ ന്യൂസ് ഡയറക്ടർ ബോർഡ് മെമ്പർ ജോജി തോമസ് സഹോദര പുത്രനാണ്.
പരേതൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൃശൂർ എംജി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ ആണ് യുവാവ് ബസിനടിയിൽപ്പെട്ടത്. ഉദയനഗർ സ്വദേശി വിഷ്‌ണുദത്ത് (22) ആണ് മരിച്ചത്. തൃശൂർ സീതാഖാം ഫാർമസിയിലെ ജീവനക്കാരനായിരുന്നു വിഷ്‌ണുദത്ത്.
വിഷ്‌ണുദത്തിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന അമ്മ പത്മിനി (60) ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ പിന്നിൽ നിന്നുവന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്‌ണുദത്തിനെ രക്ഷിക്കാനായില്ല. ഇരുവരും വടക്കുന്നാഥ ക്ഷേത്ര ദർശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വിഷ്‌ണുദത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ ജനരോഷം ശക്തമാവുകയാണ്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവും കൗൺസിലർമാരും ഉൾപ്പെടെ റോഡിലെ കുഴിയിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിടിച്ചുമാറ്റാൻ പൊലീസ് ശ്രമിച്ചിട്ടും നടന്നില്ല. ഇവർ മേയർക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. കോർപ്പറേഷന്റെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിന് കാരണമെന്നാണ് കോൺഗ്രസിന്റെ ആരോപണം. പൂർണമായും റോഡ് തടഞ്ഞുകൊണ്ടാണ് പ്രതിഷേധം. ഒടുവിൽ ഏറെ പണിപെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും മാറ്റിയത്. ബിജെപിയും സംഭവത്തിൽ പ്രതിഷേധവുമായെത്തി.
കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്നുമായി യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ സ്വദേശികളായ മിഥുന്‍ രാജ്, അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയില്‍നിന്നും എല്‍എസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആനിഹാള്‍ റോഡില്‍ നിന്നാണ് യുവാക്കളെ ഡാന്‍സഫ് സംഘം പിടികൂടിയത്. ഗോവയില്‍ നിന്നും എത്തിച്ച 105 എല്‍എസ്ഡി സ്റ്റാമ്പും രണ്ട് ഗ്രാം ഹാഷിഷ് ഓയിലും ഇവരില്‍ നിന്നും കണ്ടെടുത്തു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 3-യുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ആശിർവാദ് സിനിമാസ് പുറത്തുവിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് നിർമ്മാതാക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ദൃശ്യം ആദ്യഭാഗത്തിലെ ജോർജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടില്‍ തുടങ്ങുന്ന ഒരു റീല്‍ പങ്കുവെച്ചുകൊണ്ടാണ് ആശിർവാദ് സിനിമാസ് ഈ വാർത്ത പുറത്തുവിട്ടത്. ‘ദൃശ്യം 3 ഉടൻ വരുന്നു’ എന്ന് റീലില്‍ വ്യക്തമാക്കുന്നുണ്ട്. സംവിധായകൻ ജീത്തു ജോസഫ്, നായകൻ മോഹൻലാല്‍, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ പരസ്പരം കൈകൊടുത്തും ആലിംഗനം ചെയ്തും അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ‘ലൈറ്റ്, ക്യാമറ, ഒക്ടോബർ’ എന്നും വീഡിയോയില്‍ ചേർത്തിട്ടുണ്ട്.2025 ഒക്ടോബറില്‍ ക്യാമറ ജോർജുകുട്ടിക്കുനേരെ തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ആകാംഷ ഉണർത്തുന്ന അടിക്കുറിപ്പോടെയാണ് അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ സെപ്റ്റംബറില്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന പ്രചാരണങ്ങളെ തള്ളിക്കളയുന്നതാണ് ഈ പുതിയ പ്രഖ്യാപനം. കഴിഞ്ഞ ദിവസം ജീത്തു ജോസഫ് ചിത്രത്തിന്റെ തിരക്കഥയില്‍ നിന്നുള്ള ഒരു ഭാഗം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
അതേസമയം, അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി ദൃശ്യം 3-ന്റെ ഷൂട്ടിംഗും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഗാന്ധി ജയന്തി ദിനത്തില്‍ ഷൂട്ടിംഗ് ആരംഭിച്ച് അടുത്ത വർഷം ഗാന്ധി ജയന്തി ദിനത്തില്‍ ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് ഹിന്ദി അണിയറപ്രവർത്തകരുടെ പദ്ധതി.
2013-ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് മോഹൻലാലും മീനയും പ്രധാന വേഷങ്ങളിലെത്തിയ മലയാളം ക്രൈം ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും, അത് മറച്ചു വെക്കാനുള്ള നായക കഥാപാത്രത്തിന്റെയും കുടുംബത്തിന്റെയും ശ്രമങ്ങളും പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിർത്തി. 2021-ലാണ് ‘ദൃശ്യം 2: ദി റെസംപ്ഷൻ’ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു മാസം മുമ്പ് മാത്രം വിവാഹിതനായ നവവരൻ കാർ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. പാലാ രാമപുരം കൊണ്ടാട് അറയാനിക്കവല മാളിയേക്കല്‍ പേണ്ടാനത്ത് ജോസഫിന്റെ മകന്‍ ഡോണറ്റ് (36) ആണ് മരിച്ചത്. പരുക്കേറ്റ ഭാര്യ അമര്‍ലിയ (34) ചികിത്സയിലാണ്. ഡോണറ്റ് ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്.
മെയ് 26 -ന് ആയിരുന്നു ഇവരുടെ വിവാഹം. മെയ് 11 -നായിരുന്നു ഡോണറ്റ് വിവാഹത്തിനായി ഇറ്റലിയിൽ നിന്ന് നാട്ടിൽ എത്തിയത്. തിരിച്ചിറപള്ളിയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ജൂലൈ രണ്ടിന് ഡോണറ്റ് ഇറ്റലിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അമ്മ: ചിന്നമ്മ. സഹോദരങ്ങൾ: ജാന്‍സി, ജിന്‍സി (സൗദി). ഭാര്യ അമര്‍ലിയ കണ്ണൂര്‍ അലവില്‍ പൂവങ്കേരിയില്‍ കുടുംബാഗമാണ്. ഡോണറ്റിന്റെ അച്ഛന്‍ ജോസഫ് (അപ്പച്ചന്‍) അടിമാലി തോക്കുപാറ സ്വദേശിയാണ്.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്ന് പൊലീസ്. 40 കോടിയോളം രൂപയാണ് ഇവര്‍ തട്ടിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സിനിമ നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയ സിറാജ് വലിയതുറ നല്‍കിയ പരാതിയിലെടുത്ത കേസിലാണ് നടപടി.
സൗബിന് പുറമേ പറവ ഫിലിംസിന്റെ പാര്‍ട്ണര്‍മാരായ പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് കൊണ്ടാണ് പൊലീസ് കോടതിയില്‍ വിശദീകരിച്ചത്. സിനിമയുടെ ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി രൂപ വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് സിറാജിന്റെ പരാതിയില്‍ പറയുന്നത്.
2022 ഫെബ്രുവരി 22 ന് റിലീസായ സിനിമയില്‍ നിന്ന് 286 കോടി രൂപയോളം കളക്ട് ചെയ്തിട്ടുണ്ടെന്ന് മരട് പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍ രാജേഷ് ഫയല്‍ ചെയ്ത വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഈ വിവരം പരാതിക്കാരനില്‍ നിന്ന് മറച്ചുവെച്ചു. കരാര്‍ പ്രകാരം 2022 നവംബര്‍ 30 ന് 47 കോടി രൂപ നല്‍കേണ്ടതായിരുന്നു. സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്തതിന്റെ പണം മാത്രമെ വിതരണ കമ്പനിയായ ബിഗ് ഡ്രീംസിലൂടെ സമാഹരിച്ചിട്ടുള്ളൂ. ബാക്കി പ്രതികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിയിരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞെന്ന് പറഞ്ഞാണ് പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയത്. യഥാര്‍ഥത്തില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികളെ കഴിഞ്ഞിരുന്നുള്ളൂ. സിനിമ നിര്‍മ്മിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് പണമൊന്നും ചെലവായിട്ടില്ല. ആദ്യം 50 ലക്ഷം മാത്രമാണ് തിരികെ നല്‍കിയത്. ലാഭവിഹിതം കിട്ടാത്തതിനാലാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. മാജിക് ഡ്രീംസ് ഉടമ ലിസ്റ്റിന്‍ സ്റ്റീഫനില്‍ നിന്ന് അമിത പലിശയ്ക്ക് വാങ്ങിയെന്ന് പറയുന്നതിലും ഗൂഢാലോചനയുണ്ടെന്നും പൊലീസ് പറയുന്നു.
ഇത് തിരികെ നല്‍കുന്നതിന് 11 കോടി രൂപ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തില്‍ നിന്ന് പരാതിക്കാരനെ ഇടപെടുത്തി വാങ്ങി. ഇക്കാര്യത്തിലും വിശദമായ അന്വേഷണം വേണം. 22 കോടി രൂപ സിനിമയുടെ നിര്‍മ്മാണത്തിന് ചെലവായെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അന്വേഷണത്തില്‍ 18.5 കോടി രൂപയാണ് ചെലവായതെന്ന് കണ്ടെത്തി. കേസെടുത്തതിനെ തുടര്‍ന്നാണ് 5.90 കോടി രൂപയെങ്കിലും പരാതിക്കാരന് കൊടുക്കാന്‍ തയ്യാറായതെന്നും പൊലീസ് വിശദീകരിച്ചു.
പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും അവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പൊലീസ് രേഖാമൂലം കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. 27 ന് സൗബിനടക്കമുള്ളവരോട് ചോദ്യം ചെയ്യലിനായി മരട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.