Latest News

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ 11005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.

മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പതിനയ്യായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യൻ സ്ഥാനാർഥിയിലൂടെ പരീക്ഷണം നടത്തിയ ബി.ജെ.പി. നാലാം സ്ഥാനത്തായി.

കണ്ണുനട്ടുള്ള കാത്തിരിപ്പിന് വിരാമം. ഇനിയുള്ള പത്തുമാസം നിലമ്പൂരിനെ നിയമസഭയില്‍ പ്രതിനിധാനംചെയ്യുന്നത് ആരെന്ന് ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ ആ രഹസ്യം ഘട്ടംഘട്ടമായി വെളിപ്പെടും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങും. ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.

19 റൗണ്ടായാണ് വോട്ടെണ്ണുക. ഓരോ റൗണ്ടിലും 14 വീതം പോളിങ്ബൂത്തുകള്‍ ഉണ്ടാകും. മൊത്തം 263 പോളിങ് സ്റ്റേഷനുകള്‍. ആദ്യഘട്ട ലീഡ് അരമണിക്കൂറിനുള്ളില്‍ത്തന്നെ അറിയാം. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ 11 മണിക്കുള്ളില്‍ ഫലപ്രഖ്യാപനം നടക്കും.

1,76,070 പേരാണ് വോട്ടുചെയ്തത്. ഇതില്‍ 1403 പോസ്റ്റല്‍വോട്ടുകളാണ്. ഇതാദ്യം എണ്ണും. പിന്നെ സര്‍വീസ് വോട്ടുകള്‍. അതിനുശേഷം ഇവിഎം യന്ത്രത്തിലെ വോട്ടെണ്ണും. വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അവസാനം അമരമ്പലം പഞ്ചായത്തുമാണ് എണ്ണുക.

പി.വി. അന്‍വറിന്റെ വിജയത്തിനിടയിലും യുഡിഎഫിന് ഭൂരിപക്ഷം നല്‍കുകയും അവര്‍ ഭരിക്കുകയും ചെയ്യുന്ന പഞ്ചായത്താണ് വഴിക്കടവ്. ആദ്യമെണ്ണുന്നത് ഇവിടത്തെ തണ്ണിക്കടവ് ബൂത്തിലെ വോട്ടാണ്. ഉയര്‍ന്ന വോട്ടിങ് ശതമാനമാണ് മുന്നണികളെ ആശയിലും ഒപ്പം ആശങ്കയിലുമാക്കുന്നത്.

അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കില്‍ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എം. സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാല്‍ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി. അന്‍വര്‍ കരുതുന്നത്. കഴിഞ്ഞതവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ ശ്രമം.

സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഡമാസ്‌കസിന് സമീപത്തെ ഡൈ്വലയിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ആണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പള്ളിയിലേക്ക് പ്രവേശിച്ച ഐഎസ് അംഗം ആദ്യം പള്ളിയിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും പിന്നാലെ സ്വയം പൊട്ടിത്തെറിച്ചെന്നുമാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. അതേസമയം, ചാവേര്‍ ആക്രമണം നടത്തിയ ആള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബാഷര്‍ അല്‍ അസദിനെ വിമത കലാപത്തിലൂടെ അട്ടിമറിച്ചശേഷം സിറിയയില്‍ നടക്കുന്ന ആദ്യത്തെ ചാവേര്‍ ആക്രമണമാണിത്. ആക്രമണം നടന്ന പള്ളിയില്‍നിന്നുള്ള ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.

മനോജ് ജോസഫ്

ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) തിളക്കമാർന്ന വിജയം നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ആവേശകരമായ പ്രകടനങ്ങളിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലിമ ഈ അത്യുജ്ജ്വല നേട്ടം കൈവരിച്ചത്. ലിമയുടെ ആഭിമുഖ്യത്തിൽ ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ കായികമാമാങ്കം അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് വൻ വിജയമായി മാറി.

രാവിലെ പത്തുമണി മുതൽ വൈകിട്ട് എട്ട് മണി വരെ നടന്ന കായികമേളയിൽ യുകെയിലെ നോർത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കാണികളും പങ്കെടുത്തു. രാവിലെ 9.30 മണിക്ക് ലിമയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. യുക്മ നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടന വേളയിൽ സന്നിഹിതനായിരുന്നു. ട്രാക്കിലും ഫീൽഡിലുമായി ഒരേ സമയം ഇടവേളകളില്ലാതെ നടന്ന മത്സരങ്ങൾ കായികപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.

ലിവർപൂൾ മലയാളി അസോസിഷേനിൽ നിന്നുമുള്ള രൺവീർ മിലാൻഡ് ആനപ്പറമ്പിൽ, ഷീൻ മാത്യു, അനസ് അലി എന്നിവർ വ്യക്തിഗത ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.

റീജിയനൽ ഓവറോൾ ചാമ്പ്യൻ പട്ടം ആതിഥേയ അസോസിയേഷനായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) കരസ്ഥമാക്കിയപ്പോൾ വിഗൻ മലയാളി അസോസിഷേൻ രണ്ടാം സ്ഥാനവും, ബേർൻലി മലയാളി അസോസിഷേൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഓരോ മത്സരവും നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. താരങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ കായികമേളയ്ക്ക് മാറ്റുകൂട്ടി. ലിമയുടെ സംഘാടന മികവ് പരിപാടിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. സമയബന്ധിതമായ മത്സരക്രമീകരണങ്ങളും മികച്ച സൗകര്യങ്ങളും പങ്കെടുത്തവരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. ഇത് ഒരു കായികമേള എന്നതിലുപരി മലയാളി സമൂഹത്തിന്റെ ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറി.

കായികമേളയുടെ ഹൈലൈറ്റുകളിലൊന്നായ ആവേശകരമായ വടംവലി മത്സരത്തിൽ വിജയികളായ ടീമിന് “ലൗ റ്റു കെയർ” സ്പോൺസർ ചെയ്ത ഉജ്ജ്വലമായ ക്യാഷ് അവാർഡും, യുക്മ എവർ റോളിങ്ങ് ട്രോഫിയും സമ്മാനിച്ചു.

കായിക മത്സരങ്ങൾക്ക് പുറമെ ഒരു ദിവസത്തെ ദിനചര്യകളിൽ നിന്ന് മാറിനിൽക്കാനും, പ്രിയപ്പെട്ടവരുമായി ഒത്തുചേർന്ന് ആഘോഷിക്കാനുമുള്ള അവസരം ലഭിച്ചതിൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള വൻ വിജയമാക്കി തീർത്തതിന്, പങ്കെടുത്ത കായികതാരങ്ങൾക്കും, കാണികൾക്കും, നിസ്വാർത്ഥമായി പ്രവർത്തിച്ച സംഘാടകർക്കും, എല്ലാ പിന്തുണയും നൽകിയ സ്പോൺസർമാർക്കും ലിമ ഭാരവാഹികൾ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്ര ചര്‍ച്ചയിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന് മോഡി പറഞ്ഞു.

ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തതായും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുന്നതിനായി സംഭാഷണങ്ങളും നയതന്ത്ര ചര്‍ച്ചകളും തുടരണമെന്ന് അഭ്യര്‍ഥിച്ചതായും മോഡി എക്സില്‍ കുറിച്ചു.

അതേസമയം അമേരിക്കന്‍ ആക്രമണങ്ങളെ സര്‍വ്വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് ഇറാന്‍ അറിയിച്ചു. ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിലൂടെ അപകടകരമായ യുദ്ധമാണ് അമേരിക്ക തുടങ്ങി വെച്ചതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. നയതന്ത്ര പ്രക്രിയ തുടരുന്നതിനിടെ, നയതന്ത്രത്തെ വഞ്ചിച്ചത് അമേരിക്കയാണെന്ന് ലോകം മറക്കരുത്. അവര്‍ക്ക് ധാര്‍മികതയില്ലെന്നും ഒരു നിയമങ്ങളും പാലിക്കുന്നില്ലെന്നും ഇറാന്‍ ആരോപിച്ചു.

‘അമേരിക്കയുടെ സൈനിക ആക്രമണത്തിനെതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് നിലകൊള്ളാനും രാജ്യത്തിന്റെ സുരക്ഷയും ദേശീയ താല്‍പര്യങ്ങളും സംരക്ഷിക്കാനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് അവകാശമുണ്ട്’- ഇറാന്‍ സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു.

അമേരിക്കയുടെ ആക്രമണങ്ങള്‍ യു.എന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണ്. ‘ഈ ഹീനമായ കൃത്യത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ഭയാനകമായ ഭവിഷ്യത്തുക്കള്‍ക്കും യു.എസ് സര്‍ക്കാരിനാണ് പൂര്‍ണ ഉത്തരവാദിത്വമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

മലപ്പുറം കൊണ്ടോട്ടിയിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. മലപ്പുറം കൊണ്ടോട്ടിയിലെ മദ്രസയിൽ വെച്ച് 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് പിടിയിലായത്. ഏഴുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് അഷ്റഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. മഞ്ചേരി സബ് ജയിലിൽ റിമാന്‍ഡ് ചെയ്തു.

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് കൊണ്ടോട്ടി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പികെ സന്തോഷിന്‍റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡന പരാതി നൽകിയതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയതായിരുന്നു. ദില്ലി, അജ്മീര്‍, ഹൈദരാബാദ്, ഏര്‍വാടി, മംഗളൂരു തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചുവരുകയായിരുന്നു.

ഒടുവിൽ ട്രെയിനിൽ മംഗലാപുരത്തേക്ക് പോകുന്നതിനിടിയിലാണ് പ്രതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിലായത്. സമാന രീതിയിൽ കുട്ടികളെ പീഡിപ്പിച്ചതിന് മുൻപ് കണ്ണൂരിൽ രണ്ടും തിരുരിൽ ഒരു കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ മലയാളികൾക്കിടയിലെ സാമൂഹിക പ്രവർത്തകനും വിൽഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ പ്രിൻസ്‌മോൻ മാത്യുവിന്റെ ജേഷ്ഠസഹോദരനും തൊടുപുഴ കരിംകുന്നം ഏലംതാനത്ത് എ എം മത്തായിയുടെയും ലീലാമ്മ മത്തായിയുടെയും മകനുമായ ബിനു മാത്യു ജൂൺ 22 ന് നിര്യാതനായി. ചുങ്കം ഇടവക മരുതൂർ വീട്ടിൽ ഷൈനിയാണ് ഭാര്യ. അലക്സ്, അലക്സി, ആഷ്‌ലി എന്നിവർ മക്കളാണ്. സംസ്കാരം ജൂൺ 24 ചൊവ്വാഴ്ച 3 മണിക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്നാനായ ചർച്ചിൽ നടത്തപ്പെടും.

ബിനു മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനാരിക്കെ വിജയ പ്രതീക്ഷയില്‍ മുന്നണികള്‍.
12,000 ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയുള്ള വിജയം നിലമ്പൂരില്‍ ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. അതേസമയം ഭൂരിപക്ഷം അല്‍പം കുറഞ്ഞാലും നിലമ്പൂർ തങ്ങള്‍ തന്നെ പിടിക്കുമെന്നാണ് ഇടത് മുന്നണി ഉറച്ച്‌ വിശ്വസിക്കുന്നത്.

അതെ സമയം 75000ന് മുകളില്‍ വോട്ട് ലഭിക്കുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വർ നേരത്തെ പറഞ്ഞിരുന്നു.

കരുത്തു കാട്ടുമെന്ന് പി.വി അൻവർ പറയുമ്പോള്‍ ഇരു മുന്നണിക്കും നെഞ്ചിടിപ്പ് ഏറുന്നുണ്ട്. നില മെച്ചപ്പെടുത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എൻഡിഎക്കുള്ളത്.

എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ല്‍ നിന്ന് 25% വോട്ടും, യുഡിഎഫില്‍ നിന്ന് 35 % വോട്ടും തനിക്ക് തന്നെ ലഭിക്കും എന്നാണ് പിവി അൻവർ പറഞ്ഞത്.

അതെ സമയം വോട്ടെണ്ണലിനു വേണ്ട ഒരുക്കങ്ങള്‍ ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളില്‍ പൂർത്തിയായി. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്.

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. തന്ത്രപ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ വ്യക്തമാക്കി.

ആണവ കേന്ദ്രങ്ങളില്‍ ബോംബര്‍ വിമാനങ്ങള്‍ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമ മേഖലയില്‍ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് സ്ഥിരീകരിച്ചു. യു.എസിന് അല്ലാതെ ലോകത്ത് ഒരു സൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിന്റെ വിശദാംശങ്ങള്‍ യു.എസ് പുറത്തുവിട്ടിട്ടില്ല. ഫോര്‍ഡോയില്‍ ആക്രമണം നടത്തണമെങ്കില്‍ ശക്തിയേറിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യമാണ്. ഇതിനെ വഹിക്കാന്‍ കഴിയുന്ന യുദ്ധവിമാനങ്ങളെ യു.എസ് ഗുവാമിലെ സൈനിക കേന്ദ്രങ്ങളിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. എത്ര വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും നാശനഷ്ടങ്ങള്‍ എത്രത്തോളം ഉണ്ടെന്നും വ്യക്തമായിട്ടില്ല. സംഘര്‍ഷം തുടങ്ങി പത്താം ദിവസമാണ് അമേരിക്കന്‍ സൈനിക നടപടി ഉണ്ടാകുന്നത്. ആക്രമണത്തില്‍ പങ്കുചേരുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കം തീരുമാനം എടുക്കുമെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നത്. പെട്ടെന്നുള്ള ആക്രമണത്തിന് പിന്നില്‍ എന്താണെന്നും വ്യക്തമായിട്ടില്ല.

അതേസമയം ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാനാണ് നീക്കമെങ്കില്‍ ചെങ്കടലില്‍ യു.എസ് ചരക്ക് കപ്പലുകളും യുദ്ധക്കപ്പലുകളും ആക്രമിക്കുമെന്ന് യമനിലെ ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി. റെക്കോഡ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് ഹൂതികള്‍ ഭീഷണിമുഴക്കിയത്. സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സാരീയാണ് യുഎസിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്.

ഇസ്രയേലിന് സൈനിക സാമഗ്രികള്‍ നല്‍കി സഹായിക്കുന്നവരെ യുദ്ധത്തില്‍ കക്ഷിയായി കണക്കാക്കുമെന്ന് മറ്റ് രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പും ഉണ്ടായിരുന്നു. ഇസ്രയേലിന് സൈനിക സാമഗ്രികള്‍ നല്‍കുന്നവര്‍ ഇറാന്റെ ലക്ഷ്യമായി മാറുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കാഞ്ഞിരപ്പള്ളി ∙പങ്ങപ്പാട്ട് പരേതനായ പ്രഫ. പി.ആർ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പത്മ ജി. പിള്ള (85) അന്തരിച്ചു. തിങ്കൾ രാവിലെ 9 ന് വീട്ടിൽ എത്തിച്ച്‌ 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം. കോഴിക്കോട് വെള്ളാവൂർ നെരമണ്ണിൽ കുടുംബാംഗമാണ്. പൊൻകുന്നം ഗവ. ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. മക്കൾ: സുചിത്ര, ശ്രീജിത്ത്, സ്വപ്ന, ശ്രീകാന്ത് പങ്ങപ്പാട്ട്. മരുമക്കൾ: തൊടുപുഴ തയ്യിൽ ടി.എൻ. അജിത് കുമാർ (റിട്ട. എയർ വൈസ് മാർഷൽ), ആലുവ ഗോപീപത്മത്തിൽ രേഖ ശ്രീജിത്ത് (എൻജിനീയർ) , തൊടുപുഴ എടാട്ട് സുധീന്ദ്രനാഥ് (റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ, ഹിന്ദുസ്ഥാൻ പെട്രോളിയം), ചോറ്റി കവിതാ നിവാസിൽ കവിത ശ്രീകാന്ത് ( എൻജിനീയർ).

Copyright © . All rights reserved