Latest News

ബിനോയ് എം. ജെ.

എന്തു ചെയ്താലും അതിന് പ്രതിഫലം കൊടുക്കുന്നു എന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു പ്രത്യേകത ആണ്. പ്രഥമ ദൃഷ്ട്യാ ഇതൊരു നല്ല കാര്യമായി തോന്നാമെങ്കിലും ആഴത്തിൽ പഠിക്കുമ്പോൾ നമ്മുടെ സമൂഹത്തിലെ മിക്കവാറും എല്ലാ പ്രശ്നങ്ങളുടെയും ബീജം ഈ പ്രതിഫലത്തിലാണ് കിടക്കുന്നതെന്ന് കാണാം. കർമ്മം ചെയ്യുന്നതിനുള്ള ഒരു പ്രചോദനമായി പ്രതിഫലത്തെ എല്ലാവരും തന്നെ വ്യാഖ്യാനിക്കുന്നു. എന്താണ് കർമ്മം? ക്ലേശം സഹിച്ചും, ബുദ്ധിമുട്ടിയും, സമ്മർദ്ദം ചെലുത്തിയും എന്തെങ്കിലും ഒക്കെ ചെയ്താലേ അത് കർമ്മമാകൂ എന്നാണ് പരക്കെയുള്ള ധാരണ. ഇതെത്രമാത്രം ശരിയാണ്? ക്ലേശിക്കാതെയും വിശ്രാന്തിയിലും ചെയ്യപ്പെടുന്ന കർമ്മമാണ് ഏറ്റവും ശ്രേഷ്ഠമായ കർമ്മം. ഭാരതീയർ അതിനെ നിഷ്കാമകർമ്മം എന്ന് വിളിക്കുന്നു. കർമ്മം ചെയ്യാതെ ഒരു നിമിഷം പോലും ജീവിക്കുവാൻ ആർക്കും കഴിയുകയില്ല. ജീവിതം തന്നെ ഒരു കർമ്മാനുഷ്ഠാനമാണ്. അപ്പോൾ പിന്നെ എന്തിനുവേണ്ടിയാണീ പ്രതിഫലം? കുത്തക ശക്തികളുടെ സ്ഥാപിത താത്പര്യാർത്ഥം നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നിങ്ങളെകൊണ്ട് ചെയ്യിപ്പിക്കുവാൻ വേണ്ടിയുള്ള ഒരു തന്ത്രമാണിത്. ഇപ്രകാരം ഇഷ്ടമില്ലാത്ത കാര്യങ്ങളുടെ പിറകേ പോകുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള സമയം നിങ്ങൾക്ക് ലഭിക്കാതെ പോകുന്നു. നിങ്ങൾ കബളിപ്പിക്കപ്പെടുന്നു.

വിനോദങ്ങളിൽ ഏർപ്പെടുവാൻ പ്രതിഫലത്തിന്റെ ആവശ്യമുണ്ടോ? ഫാക്ടറികളിലും, ഓഫീസിലും വിദ്യാലയങ്ങളിലും പോകുവാൻ പ്രതിഫലം വേണ്ടി വന്നേക്കാം. ക്ലേശങ്ങൾ നിറഞ്ഞ ഇത്തരം കർമ്മങ്ങളിലല്ല നമ്മുടെ സമ്പത് വ്യവസ്ഥയുടെ അടിത്തറയെന്ന് ആദ്യമേ മനസ്സിലാക്കുക. അവിടേക്ക് പോകാതെയിരുന്നാൽ നമ്മുടെ സമ്പത് വ്യവസ്ഥ കൂടുതൽ ഊക്കോടെ മുമ്പോട്ടു കുതിക്കും. ആളുകൾ അവർക്കിഷ്ടമുള്ളത് ചെയ്യട്ടെ! ചിലർ ക്രിക്കറ്റ് കളിക്കുവാനും, ചിലർ ടെലിവിഷൻ കാണുവാനും, ചിലർ ചുറ്റിക്കറങ്ങുവാനും, ചിലർ വായിക്കുവാനും, ചിലർ സംഭാഷണങ്ങളിൽ ഏർപ്പെടുവാനും, ചിലർ ആലോചിക്കുവാനും, ചിലർ ധ്യാനിക്കുവാനും, ചിലർ എഴുതുവാനും, ചിലർ ഫുട്ബോൾ കളിക്കുവാനും, ചിലർ സംഗീതം ആഭ്യസിക്കുവാനും, ചിലർ പാചകം ചെയ്യുവാനും, ചിലർ വ്യായാമം ചെയ്യുവാനും, ചിലർ ശുചീകരണത്തിനും, ചിലർ കട്ടിപ്പണികൾ ചെയ്യുവാനും, ചിലർ സൗന്ദര്യം ആസ്വദിക്കുവാനും, ചിലർ വരക്കുവാനും, ചിലർ അഭിനയിക്കുവാനും – അങ്ങനെ എല്ലാവരും തന്നെ അവർക്കിഷ്ടമുള്ള കാര്യങ്ങളിൽ മുഴുകുമ്പോൾ സമ്പത് വ്യവസ്ഥ ഉണരുകയല്ലേ ചെയ്യുക? മറിച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്തുകൊണ്ട് കഷ്ടപ്പാടുകളിലൂടെ നാം നമ്മുടെ ജീവിതത്തെ വലിച്ചിഴച്ചാൽ സമ്പത് വ്യവസ്ഥ കൂപ്പുകുത്തുകയേ ഉള്ളൂ.

പ്രതിഫലത്തെ മോഹിച്ചുകൊണ്ടും ശിക്ഷയെ ഭയന്നുകൊണ്ടും ക്ലേശപൂർണ്ണമായ കർമ്മാനുഷ്ഠാനം നടക്കുന്ന ഒരു സമൂഹത്തിൽ സ്വാതന്ത്ര്യവും ആസ്വാദനവും എന്നും ഒരു മരീചികയാണ്. ഏതാനും സ്വർണ്ണപന്തുകളുടെ പിറകേ എല്ലാവരും കൂടി ഓടുന്ന മാത്സര്യം നിറഞ്ഞ ഇത്തരം സമൂഹങ്ങളിൽ സ്വാർത്ഥതയാവും പ്രധാനപ്പെട്ട പ്രചോദനം (Motivation) എന്നു പറയേണ്ടതില്ലല്ലോ. അവിടെ സഹകരണവും, സഹവർത്തിത്വവും, പങ്കുവക്കലും, സൗഹാർദവും എങ്ങനെയാണ് ഉണ്ടാവുക? അത് സമൂഹമേയല്ല, മറിച്ച് നരകം തന്നെയാണ്. നമ്മുടെ സമൂഹത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഇവിടുത്തെ എല്ലാ പ്രശ്നങ്ങളുടെയും സംഘർഷങ്ങളുടെയും അടിസ്ഥാനപരമായ കാരണം ഈ മാത്സര്യം തന്നെയാണെന്ന് കാണാം. സമ്പത്തിനുവേണ്ടി മത്സരം, അധികാരത്തിനു വേണ്ടി മത്സരം, പദവികൾക്കുവേണ്ടി മത്സരം. പ്രതിഫലത്തിൽ നിന്നുമല്ലാതെ എവിടെ നിന്നുമാണ് മാത്സര്യം ജനിക്കുന്നത്? സമ്പത്തുള്ളവൻ അത് മറ്റുള്ളവരുമായി പങ്കുവക്കട്ടെ! കാര്യപ്രാപ്തിയുള്ളവൻ മറ്റുള്ളവരെ സഹായിക്കുവാൻ മുന്നോട്ട് വരട്ടെ! അറിവുള്ളവൻ അത് പങ്കുവക്കട്ടെ! ഇപ്രകാരം അർത്ഥവ്യത്തും ഭാവാത്മകവുമായ ഒരു സമൂഹസൃഷ്ടി നടക്കണമെങ്കിൽ അതിന് ഒന്നാമതായി ചെയ്യേണ്ടത് പ്രതിഫല വ്യവസ്ഥിതിയെ തകർക്കുക എന്നതാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

തുറവൂരില്‍ മുഖം മറച്ചെത്തിയ മോഷ്ടാക്കള്‍ വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവര്‍ന്നു. തുറവൂര്‍ ആലുന്തറ വീട്ടില്‍ ലീലയുടെ മാലയാണ് മോഷണം പോയത്. പ്രദേശത്തെ അഞ്ചുവീടുകളില്‍ മോഷണശ്രമവും നടന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് തുറവൂരില്‍ മോഷ്ടാക്കള്‍ ഭീതിപരത്തിയത്. ആലുന്തറ വീട്ടില്‍ ലീലയുടെ വീട്ടില്‍ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ കടന്നത്. കഴുത്തില്‍ കിടന്ന മലയില്‍ പിടിച്ചുവലിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്ന ലീല നിലവിളിച്ചു. നിലവിളിയും ബഹളവുംകേട്ട് ഉണര്‍ന്ന സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മറ്റുചില വീടുകളുടെ അടുക്കളവാതില്‍ പൊളിച്ചതും ചില വീടുകളുടെ വാതില്‍ പൊളിക്കാന്‍ ശ്രമം നടന്നതായും കണ്ടെത്തിയത്.

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്‌കൂൾ സിറ്റി പെരുക്കൻകവല പുത്തൻപുരയ്ക്കൽ കുഞ്ഞേട്ടിന്റെ ഇളയ മകൾ ഡീനു (35) ആണ് മരിച്ചത്. ഇവർ കഴിഞ്ഞ ദിവസം രാത്രി അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷമാണ് ജീവനൊടുക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഡീനുവിന്റെ ഭർത്താവ് ജസ്റ്റിൻ ജീവനൊടുക്കിയത്.

ഇന്ന് രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അബോധാവസ്ഥയിൽ കണ്ടെത്തിയ ബന്ധുക്കൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഡീനുവിന് മാനസികമായി വെല്ലുവിളികളുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയ ഇവരുടെ ഭർത്താവിനും മാനസികമായ പ്രശ്നങ്ങൾ നേരിട്ടിരുന്നു. അമ്മയുടെയും മകളുടെയും മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ ലിമക്ക് ശക്തമായ നവ നേതൃത്വം. ഈ കഴിഞ്ഞ ( 27-01-2024) ന് ലിവർപൂളിൽ വച്ചു നടത്തപെട്ട ലിമയുടെ വാർഷിക പൊതുയോഗത്തിൽ വച്ചു ലിവർപൂളിലെ ജനകിയനായ ശ്രീ സെബാസ്റ്റ്യൻ ജോസഫിനെ പ്രസിഡന്റ്‌ ആയും, ശ്രീമതി ആതിര ശ്രീജിത്തിനെ സെക്രട്ടറി ആയും ലിമ പൊതുയോഗം തെരഞ്ഞെടുത്തു.

ട്രസ്റ്റി ആയി ശ്രീമാൻ ജോയിമോൻ തോമസും, പി.ആർ.ഒ ആയി ശ്രീ എൽദോസ് സണ്ണിയും തുടരും. പുതിയ തലമുറക്കാർക്കും, പഴയ തലമുറക്കാർക്കും, വനിതകൾക്കും അർഹിക്കുന്ന പ്രധാന്യം നൽകിയാണ് ഇരുപത്തി നാലാമത്തെ വർഷത്തിലെ ലിമയുടെ പുതിയ കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തത്.

ലിമയുടെ പുതിയ വൈസ് പ്രസിഡന്റ്‌ ശ്രീ ബ്ലെസ്സൻ രാജനും, ജോയിന്റ് സെക്രട്ടറി ശ്രീ അനിൽ ഹരിയും ആണ്. ആർട്സ് ക്ലബ്‌ കോഓഡിനേറ്റർസ് ശ്രീ രജിത് രാജൻ, ശ്രീമതി ആതിര രാമകൃഷ്ണൻ, ശ്രീമതി ജിൻസി മോൾ ചാക്കോ. സ്പോർട്സ് കോഓഡിനേറ്റർ ശ്രീ ജോബി ദേവസ്യ. ഓഡിറ്റർ ശ്രീ ജോസ് മാത്യു.

തിരഞ്ഞെടുക്കപെട്ട മറ്റ് കമ്മിറ്റി മെംബേർസ്. പൊന്നു രാഹുൽ, അഖിൽ റോബർട്ട്‌, അഭിലാഷ് നായർ, മനോജ്‌ ജോസഫ്, റോണി വർഗീസ്, ജോയി അഗസ്തി, ജിനോയ് മാടൻ,മാത്യു അലക്സാണ്ടർ, ഹരികുമാർ ഗോപാലൻ,സോജൻ തോമസ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന യുവതിക്കു മറ്റൊരു പോക്സോ കേസിൽ വീണ്ടും ഒൻപതരവർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷിച്ചു.

വീരണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യ(31)യെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്‌കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴുമാസം അധികതടവ് പ്രതി അനുഭവിക്കണം. 2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സമാനമായ മറ്റൊരു കേസിൽ നാലു ദിവസം മുൻപ്‌ പ്രതിക്ക്‌ ഇതേ കോടതി 13 വർഷം കഠിനതടവും 59000 രൂപ പിഴയും ശിക്ഷിച്ചിരുന്നു. മറ്റൊരു കേസിൽ ആലപ്പുഴ ജില്ലാ കോടതി വിധി അനുസരിച്ച് ജയിൽശിക്ഷ അനുഭവിച്ചുവരികയാണ് യുവതി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ.പ്രമോദ് ഹാജരായി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യു.കെയിലേക്ക്‌ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ്‌ അറസ്‌റ്റില്‍. കോട്ടയം ഗാന്ധിനഗര്‍ അതിരമ്പുഴ പൈങ്കില്‍ വീട്ടില്‍ നിന്നും ഏറ്റുമാനൂര്‍ പേരൂരില്‍ താമസിക്കുന്ന ബെയ്‌സില്‍ലിജു(24)വാണ്‌ അറസ്‌റ്റിലായത്‌. മാവേലിക്കര പൂവിത്തറയില്‍ വീട്ടില്‍ മുരളീധരന്റെ മകന്‍ മിഥുന്‍മുരളി നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

ഇയാള്‍ക്കെതിരെ കുണ്ടറ പോലീസ്‌ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ വിസ തട്ടിപ്പ്‌ കേസുകളുള്ളതായി പോലീസ്‌ പറഞ്ഞു. നിരവധി പേരില്‍ നിന്നായി 15 ലക്ഷത്തോളം രൂപയാണ്‌ തട്ടിയെടുത്തത്‌. വിസ വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങി തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ കൊണ്ട്‌ പോയ ഉദ്യോഗാര്‍ഥികളെ മെഡിക്കല്‍ പരിശോധന നടത്തിച്ച ശേഷം വിസ ഓണ്‍ലൈനായി മൊബൈല്‍ ഫോണില്‍ എത്തുമെന്ന്‌ പറഞ്ഞ്‌ വിമാന ടിക്കറ്റിന്റെ പകര്‍പ്പും നല്‍കും. പിന്നീട്‌ തട്ടിപ്പിന്‌ ഇരയായവര്‍ ഇയാളെ സമീപിക്കുമ്പോള്‍ ഒഴിഞ്ഞു മാറിയും ഫോണ്‍ എടുക്കാതെയും ഒഴിഞ്ഞു മാറി നടക്കുകയുമാണ്‌ ഇയാളുടെ രീതി. ആളുകളില്‍ നിന്ന്‌ വിസ വാഗ്‌ദാനം നല്‍കി വാങ്ങുന്ന പണം ഗോവ, ബംഗളുരു ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ പോയി ധൂര്‍ത്തടിച്ചു തീര്‍ക്കുകയും വീണ്ടും നവമാധ്യമങ്ങളിലൂടെ പരസ്യം നല്‍കുകയുമാണ്‌ ചെയ്യുന്നത്‌.

ഉണ്ണികൃഷ്ണൻ ബാലൻ

യു.കെ. യുടെ കലാ-സാംസ്കാരിക രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പുരോഗമന കലാ-സാംസ്കാരിക സംഘടനായായ സമീക്ഷ യു.കെ. കഴിഞ്ഞ വർഷം തുടക്കം കുറിച്ച ദേശീയ ബാഡ്മിൻ്റൺ മത്സരം രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ഈ കായികമാമാങ്കത്തിൻ്റെ പ്രചരണാർത്ഥം രൂപകല്പന ചെയ്തിട്ടുള്ള ‘ലോഗോ’ കേരളത്തിന്റെ ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ. വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്യ്തു. ഇതോടു കൂടി രണ്ടാം സീസണിന് ഔദ്യോഗികമായി തുടക്കമായി.

ഈ സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 3 ന് കെറ്ററിങ്ങിൽ അരങ്ങേറും. മാർച്ച് 24ന് കൊവൻട്രിയിലാണ് ഗ്രാൻറ് ഫിനാലെ. UKയിലെ 20 ഓളം റീജിയണലുകളിൽ ഈ വർഷം മത്സരങ്ങൾ നടക്കും. വിവിധ റീജിയണുകളിൽ നിന്നായി മുന്നൂറോളം ടീമുകളും മത്സരത്തിൽ പങ്കെടുക്കും. റീജിയണൽ മത്സര വിജയികൾ മാർച്ച് 24ന് നടക്കുന്ന ഗ്രാൻറ് ഫിനാലയിൽ ഏറ്റുമുട്ടും. ആകർഷകമായ സമ്മാനങ്ങളാണ് ഗ്രാൻറ്ഫിനാലയിലെ വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 1001 പൗണ്ടും സമീക്ഷUK എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൗണ്ടും ഗ്രോഫിയും, മൂന്നും നാലും സ്ഥാനകാർക്ക് യഥാക്രമം 201 പൗണ്ടും ട്രോഫിയും 101 പൗണ്ടും ട്രോഫിയും ആണ് ലഭിക്കുക. കൂടുതെ റീജിയണൽ മത്സരവിജയികൾക്ക് അതാതു റീജിയണലുകളും സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 7000 പൗണ്ടോളം സമ്മാനം നൽകുന്ന 2 മാസക്കാലം നീണ്ടു നിൽക്കുന്ന 600ൽ അധികം കായികതാരങ്ങൾ പങ്കെടുക്കുന്ന യുകെ യിലെ ഏറ്റവും വലിയ അമേച്വർ ബാഡ്മിന്റെൺ ടൂർണ്ണമെൻറ് കൂടിയാണ് ഇത്.

കഴിഞ്ഞ വർഷം 12 റീജീയണലുകളിലായി 210 ടീമുകളാണ് ടൂർണ്ണമെൻറിൽ പങ്കെടുത്തത്. ഈ വർഷം ഇതിനോടകം തന്നെ 16 റീജിയണലുകളിൽ കോർട്ട് ബുക്കിങ്ങ് അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വ്യക്തമായ ആസൂത്രണവും വിപുലമായ തയ്യാറെടുപ്പുകളുമായി ടൂർണ്ണമെൻറിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയാണ് എന്ന് സംഘാടകസമിതിക്ക് നേതൃത്വം നൽകുന്ന ശ്രീ. ജിജു സൈമൺ, ശ്രീ. അരവിന്ദ് സതീഷ് എന്നിവർ അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. Www.sameekshauk.org/badminton

ലണ്ടൻ: കെപിസിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുടെ യു കെ നാഷണൽ കമ്മിറ്റി വർക്കിംഗ്‌ പ്രസിഡന്റ്‌ ആയി ഷൈനു മാത്യുസിനെ നിയമിച്ചു. ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയാണ്‌ പുതിയ ഭാരവാഹിയെ നിയമിച്ചത്.

യു കെയിലും കേരളത്തിലും ഒരു പോലെ പൊതുപ്രവർത്തന രംഗത്ത് നിറ സാന്നിധ്യമായി നിൽക്കുന്ന ഷൈനു മാത്യൂസ് അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകയും സംരംഭകയും കൂടെ ആണ്.

രണ്ട് പതിറ്റാണ്ടു മുൻപ് തന്റെ ചിരകാല സ്വപ്നമ സാങ്കേതമായിരുന്ന യു കെയിൽ, ആരോഗ്യ സേവന രംഗത്ത് ജോലി സ്വന്തമാക്കി എത്തി ചേർന്നതാണ് ഷൈനു മാത്യൂസ്. കെയറർ ആയി ജോലിക്ക്‌ തുടക്കമിട്ട ഷൈനു മാത്യൂസ് തന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളിൽ രജിസ്റ്റേഴ്ഡ് നേഴ്‌സായും പിന്നീട് കെയർ ഹോം മാനേജരായും നിയമിതയായി.

ആതുര സേവന രംഗത്ത് തന്റെതായി വ്യക്തി മുദ്ര പതിപ്പിച്ച ഷൈനു മാത്യൂസ് ഇന്ന് ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട് എന്നീ രണ്ട് നേഴ്സിംഗ് ഹോമുകളുടെ ഉടമസ്ഥ പദം അലങ്കരിക്കുന്നു.

നേഴ്സിംഗ് ഹോമുകൾക്ക് പുറമെ, മലയാളികൾക്ക് നാടൻ ഭക്ഷണം തനതു ശൈലിയിൽ ഗുണമേന്മയോടെ ചുവർച്ചിത്രങ്ങളുടെ ഓരം പറ്റി ആസ്വദിക്കുവാൻ ഉതകുന്ന അന്തരീക്ഷം നൽകിക്കണ്ട് ദുബായിലും യു കെയിലെ കവൻട്രിയിലും ഒരുക്കിയിരിക്കുന്ന ‘ടിഫിൻ ബോക്സ്‌’ ഹോട്ടൽ ശൃംഗലയും ഷൈനു മാത്യൂസിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.

തുടക്ക കാലത്ത് കേരളത്തിലും മാഞ്ചസ്റ്ററിലെ പൊതു മണ്ഡലത്തിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഷൈനു മാത്യുസിന്റെ പൊതുപ്രവർത്തനവും ചാരിറ്റി സേവനങ്ങളും ഇന്ന് യു കെയുടെ മുക്കിലും മൂലയിലും എത്തിത്തിചേർന്നിട്ടുണ്ട്.

2017 – ൽ കേരളത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളുടെ പാഠനാവശ്യങ്ങൾക്കായുള്ള ധന ശേഖരണണാർത്ഥം, മാഞ്ചസ്റ്ററിൽ വെച്ച് 150,00 അടി ഉയരത്തിൽ സാഹസികമായ സ്കൈ ഡ്രൈവിങ്ങ് നടത്തുകയും അതിലൂടെ സമാഹരിച്ച മുഴുവൻ തുകയും കുട്ടികളുടെ പഠന ചിലവിനായി നൽകുകയും ചെയ്തിരുന്നു.

2022 – ലും സമാന രീതിയിൽ സ്കൈ ഡ്രൈവിങ്ങ് നടത്തുകയുണ്ടായി. രണ്ട് പ്രാവശ്യമായി പത്ത് ലക്ഷത്തോളം രൂപയാണ്‌ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇങ്ങനെ സമാഹരിച്ചത്. “ഈ പ്രായത്തിലും ഷൈനു മാത്യൂസ് പ്രകടിപ്പിച്ച ആത്‍മവിശ്വാസവും, ധൈര്യവും, അർപ്പണബോധവും എന്നെ അത്ഭുതപ്പെടുത്തുന്നു” എന്നായിരുന്നു ഷൈനു മാത്യൂസിന്റെ സ്കൈ ഡ്രൈവിങ്ങ് ഇൻസ്‌ട്രക്ടറുടെ വാക്കുകൾ.

പൊതുജന ശ്രദ്ധയും വലിയ വാർത്ത പ്രാധാന്യവും നേടിയ പ്രവർത്തനങ്ങളായിരുന്നു ഇവയെങ്കിലും, ജനനന്മയെ ലക്ഷ്യമാക്കി ചെറുതും വലുതുമായ ഒട്ടനവധി ക്ഷേമപ്രവർത്തനങ്ങൾ കേരളത്തിലും യു കെയിലുമായി ഷൈനു മാത്യൂസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

പുതുപ്പള്ളിയുടെ സ്വന്തം ‘കുഞ്ഞൂഞ്ഞി’ന്റെ സ്മരണർത്ഥം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചു പോരുന്ന ‘ആശ്രയ പദ്ധതി’യുടെ ഭാഗമായിക്കൊണ്ട് നൽകപ്പെട്ട ആംബുലൻസിന്റെ, ഡ്രൈവറുടെ പ്രതി മാസശമ്പളവും ഓഫീസ് നടത്തിപ്പിനായുള്ള തുകയും ഷൈനു മാത്യൂസ് നൽകാമെന്നേൽക്കുകയും, ആയതിന്റെ ആദ്യ ഗഡു കോട്ടയത്തെ സ്വാന്തനം ട്രസ്റ്റിൽ വെച്ച് കൈമാറുകയും ചെയ്യുകയുണ്ടായി.

പിതാവിന്റെ അടുത്ത മിത്രമായിരുന്ന ഉമ്മൻ ചാണ്ടിയെ തന്റെ ചെറുപ്പം മുതൽക്കെ അടുത്ത് കണ്ടു അറിയാൻ സാധിച്ചത്, തന്റെ ജീവിതത്തിലെ വലിയ നാഴികകല്ലായി മാറി എന്ന് വിശ്വസിക്കുന്ന ഷൈനു മാത്യൂസ്, കക്ഷി – രാഷ്ട്രീയ – ജാതി – വർണ്ണത്തിനതീതമായുള്ള ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന് അദ്ദേഹത്തെയാണ് മാതൃക ആക്കിയത്.

ഷൈനുവിന്റെ പ്രൊഫഷനലിസവും പ്രഫഷണൽ അറിവുകളും പൊതുപ്രവർത്തന പരിചയവും സമാന രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുത്തി മുന്നോട്ട് കൊണ്ട് പോകണമെന്ന്‌ 2023 – ജൂൺ മാസം 24 – ആം തിയതി ക്രോയ്ഡനിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ മുഖ്യഥിതിയും ഉൽഘാടകാനുമായി പങ്കെടുത്ത ലേബർ പാർട്ടിയുടെ നേതാവും എലിങ് സൗതാൾ എംപിയുമായ വീരേന്ദ്ര ശർമയുടെ വാക്കുകൾ ഷൈനു മാത്യൂസിന്റെ ബഹുമുഖ പ്രതിഭക്ക്‌ അടിവരയിടുന്നു.

നിലവിൽ ഒഐസിസി യൂറോപ്പ് വനിതാ വിംഗ് കോർഡിനേറ്റർ എന്ന പദവി വഹിക്കുന്ന ഷൈനു മാത്യൂസിന് അർഹയത്യ്ക്കുള്ള അംഗീകാരം കൂടി ആയാണ് പുതിയ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്.

ഇപ്പോൾ മാഞ്ചസ്റ്ററിൽ സ്ഥിരതാമസക്കാരിയായ ഷൈനു പ്രവാസി ഭാരതി കേരള യുടെ ‘ദ് ലേഡി ഓഫ് എക്സലൻസ് പുരസ്‌കാരം’, ഒഐസിസി – ഇൻകാസ് ഷാർജ അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾക്കും അർഹയായിട്ടുണ്ട്.

ജോളി എം.പടയാട്ടിൽ

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ജെയിംസ് പാത്തിക്കലിന്റെ വന്ദേമാതരം എന്നു തുടങ്ങുന്ന പ്രാർത്ഥനാഗാനത്തിലൂടെയാണ് പരിപാടികൾ തുടങ്ങിയത്.

ജനുവരി 27-ാം തീയതി വൈകിട്ട് നാലു മണിയോടെ ഇന്ത്യൻ സമയം രാത്രി 08.30 ന് വെർച്ച്വൽ പ്ളാറ്റ്ഫോമിലുടെ നടന്ന റിപ്പബ്ലിക് ദിനാഘോഷം ഗോവ ഗവർണർ ശ്രീധരൻ പിള്ള ഉൽഘാടനം ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് എല്ലാ പ്രവാസി ഭാരതീയർക്കും പ്രത്യേകിച്ചു പ്രവാസി മലയാളികൾക്ക് 75-ാം റിപ്പബ്ലിക് ദിനത്തിൻ്റെ ആശംസകൾ നേരുന്നതായി അദ്ദേഹം പറഞ്ഞു.

പ്രവാസികൾ രാജ്യത്തിനുവേണ്ടി ചെയ്‌തുകൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രത്യേകം എടുത്തു പറഞ്ഞു കൊണ്ട് കേരളത്തിന്റെ സാമ്പത്തിക ഭദ്രതതന്നെ നിലനിൽക്കുന്നത് പ്രവാസി മലയാളികളുടെ വരുമാനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിജി പറഞ്ഞിരിക്കുന്നതുപോലെ 2027 ആകുമ്പോഴേക്കും നമ്മൾ ലോകത്തെ മൂന്നാം സാമ്പത്തികശക്തിയായി മാറുമെന്നും, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിൽപോലും ഇന്ന് നമ്മൾ നാലാമത്തെ സാമ്പത്തിക ശക്തിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആഗോളതലത്തിലുള്ള സാമ്പത്തിക വിദഗ്‌ദ്ധമാർ പറയുന്നത് 2047 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തെ ഒന്നാമത്തെയോ, രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി മാറുമെന്നാണ്.

അതെ നമ്മുടെ രാജ്യം വൈകാതെ തന്നെ ലോകത്തിന് മാത്യകയായി മാറും. നമ്മുടെ അയൽരാജ്യമായ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വളർച്ചാനിരക്ക് പുറകോട്ടു പോകുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്നും, നിങ്ങളുടെ ചിന്തകളിൽ നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയും, ഭദ്രതയും ശക്തിയാർജിച്ചു നിൽക്കുന്നുണ്ടെന്നറിഞ്ഞതിൽ തനിക്ക് ഒത്തിരി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡൻ്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്‌തു. ജോലിതിരക്കുകൾക്കിടയിലും ഗവർണർ നമുക്കായി സമയം കണ്ടെത്തിയത് പ്രവാസി മലയാളികളായ നമ്മളോടുള്ള സ്നേഹവും അംഗീകാരവുമായിട്ടാണ് അതിനെ കാണുന്നതെന്നും ജോളി എം. പടയാട്ടിൽ പറഞ്ഞു.

ഗവർണർ ശ്രീധരൻ പിള്ളയോടുള്ള വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ്റെ നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരികവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 25 നാണെന്നും അദ്ദേഹം പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാല പിള്ള, ഗ്ളോബൽ പ്രസിഡന്റ് ജോൺ മത്തായി, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ എന്നിവർ റിപ്പബ്ലിക്ദിന സന്ദേശം നൽകി.

പ്രമുഖ അഭിഭാഷകനായ അഡ്വ. റസൽ ജോയി, മനഃശാസ്ത്രജ്ഞനായ ഡോ. ജോർജ് കാളിയാടൻ, മാധ്യമ പ്രവർത്തകനും, സാഹിത്യകാരനുമായ കാരൂർ സോമൻ, ജർമനിയിലെ ബോണിലുള്ള ഐക്യരാഷ്ട്രസഭയുടെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സോമരാജ് പിള്ള, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി പിൻ്റോ കന്നംമ്പള്ളി, ഗ്ലോബൽ വൈസ് ചെയർപേഴ്‌സൻ മേഴ്സി തടത്തിൽ, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, ഗ്ലോബൽ വൈസ് പ്രസിഡൻ്റ് തോമസ് അറമ്പൻകുടി, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡൻ്റ് പ്രൊഫസർ ഡോ. ലളിത മാത്യു, അജ്‌മൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി സ്വപ്‌ന ഡേവിഡ്, ഗ്ലോബൽ ആർട്‌സ് ആൻ്റ് കൾച്ചറൽ ഫോറം പ്രസി ഡൻ്റ് ചെറിയാൻ ടി കീക്കാട്, ദുബായി പ്രൊവിൻസ് പ്രസിഡൻ്റ് കെ.എ. പോൾസൻ, ഇന്ത്യ റീജിയൻ ജനറൽ സെക്രട്ടറി ഡോ. അജി അബ്‌ദുള്ള, പ്രൊഫസർ അന്നക്കുട്ടി ഫിൻഡെ, രാജു കുന്നാട്ട്, യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, ജോൺ മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി മലയാളി കലാകാരന്മാർ ഒരുക്കിയ കലാ സാംസ്‌കാരിക വിരുന്ന് പ്രൗഡഗംഭീരമായി. സ്വര, രാഗ, താള, ലയങ്ങളാൽ, നൃത്ത നൃത്ത്യങ്ങളാൽ വേദിയെ ധന്യമാക്കി.

ജോസുകുട്ടി കവലച്ചിറ, സോബിച്ചൻ ചേന്നങ്കര, ലിതീഷ് രാജ് പി. തോമസ് (ഗായകർ- യൂറോപ്പ്), ടിയാന, സ്‌മിത ഷാൻ മാത്യു (ഗായികമാർ – അമേരിക്ക), ബിജൊ കളിക്കൽ, അനൂപ് തോമസ്, ബൈജു കിരൺ, ഡേവിഡ് ഗീവർഗീസ്, രാഗേഷ് കുറുപ്പ്, അനുഗ്രഹ ഡേവീഡ്, ബാവ റാകേൽ സാമുവൽ, ജോവാൻ ബിജോ, സൂസൻ ചെറിയാൻ (സംഘഗാനം – അജ്‌മൻ പ്രൊവിൻസ്), അപർണ അനൂപ് (ഡാന്‍സ്- അജ്‌മൻ പ്രൊവിൻസ്), ഫിജി സാവിയോ, എയ്‌ഞ്ചൽ ജോഫിൻ, ജെയ്‌സി ബിജു, മൻജു റിൻ്റോ, ലീനാ ജോണി (ഗ്രൂപ്പ് ഡാന്‍സ് – അയർലണ്ട് പ്രൊവിൻസ്), ഷിക്ക പ്രവീൺ (ഡാന്‍സ് – അജ്‌മൽ പ്രൊവിൻസ്), അന്ന മേരി സെബാസ്റ്റ്യൻ, ഹെവൻസ് ഷൈജു, എയ്ഞ്ചൽ തോമസ്, അനിറ്റ സൈജോ, അൽഗ ജിന്നി, അലീന ജോയ്, അനഘ പ്രസാദ് (ഗ്രൂപ്പ് ഡാന്‍സ് – സർഗം സ്റ്റാർസ് ഇന്ത്യ) തുടങ്ങിയ വരുടെ ഗാനങ്ങളും നൃത്തനൃത്ത്യങ്ങളും റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് വർണപകിട്ടേകി.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും, കലാസാംസ്‌കാരികരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഗ്രിഗറി മേടയിലും, ഇംഗ്ലണ്ടിൽ പഠിച്ചുകൊണ്ടിരിക്കുന്ന പ്രാസംഗികയും, നർത്തകിയുമായ അന്ന ടോമും ചേർന്നാണ് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ മോഡറേറ്റ് ചെയ്‌തത്‌. ഈ ആഘോഷ പരിപാടികൾക്ക് ടെക്‌നിക്കൽ സപ്പോർട്ട് നല്‌കിയത് കമ്പ്യൂട്ടർ എഞ്ചിനീയറായ നിതീഷാണ്.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കൃതജ്ഞത പറഞ്ഞു. ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റു്റും, ഗായകനും, കലാകാരനുമായ ജെയിംസ് പാത്തിക്കൽ ആലപിച്ച ദേശീയഗാനത്തോടെ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ 75-ാം റിപ്പബ്ലിക് ദിനാഘോഷം സമാപിച്ചു.

എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച്‌ച നടക്കുന്ന ഈ കലാസാംസ്‌കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും, അവർ താമസിക്കുന്ന രാജ്യങ്ങളിൽനിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടു ക്കുവാനും, അവരുടെ കലാസൃഷ്‌ടികൾ അവതരിപ്പിക്കുവാനും, (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ പ്രവാസി മലയാളികളേയും വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഈ കലാ സാംസ്ക‌ാരിക കൂട്ടായ്‌മയിലേക്ക് സ്വാഗതം ചെയ്യുന്നു.

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനു കീഴടങ്ങി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മനു കീഴടങ്ങിയത്. ചോദ്യംചെയ്യല്‍ ബുധനാഴ്ച തന്നെ പൂര്‍ത്തിയാക്കി മനുവിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

ബുധനാഴ്ച രാവിലെ പുത്തന്‍കുരിശ് ഡിവൈ.എസ്.പി. ഓഫീസില്‍ എത്തിയാണ് മനു കീഴടങ്ങിയത്. യുവതിയുടെ പരാതിയില്‍ ചോറ്റാനിക്കര പോലീസാണ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് കേസിന്റെ അന്വേഷണച്ചുമതല പുത്തന്‍കുരിശ് ഡിവൈ.എസ്.പിയ്ക്ക് കൈമാറുകയായിരുന്നു.

പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയപ്പോഴാണ് മനു, യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച് കൊച്ചിയിലെ ഓഫീസിലും യുവതിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നും സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാളില്‍നിന്ന് അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂട്ടറായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും മനു പ്രവര്‍ത്തിച്ചിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആദ്യം ഹൈക്കോടതിയെയാണ് മനു സമീപിച്ചത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ കീഴടങ്ങിയില്ല. പകരം സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ പുത്തന്‍കുരിശ് ഡിവൈ.എസ്.പി. മനുവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved