ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചതാണ് മയക്കുവെടി വച്ചു പിടികൂടിയ തണ്ണീർക്കൊമ്പന്റെ മരണകാരണം എന്ന് കർണാടക വനംവകുപ്പ്. ആനയുടെ ഇടത് തുടയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്ന് വെറ്റിനറി സർജൻ വ്യക്തമാക്കി. ബന്ധിപ്പൂർ രാമപുരയിലെ ആന ക്യാമ്പിലായിരുന്നു തണ്ണീർക്കൊമ്പന്റെ പോസ്റ്റ്‌മോർട്ടം നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ അറിയിച്ചു.
വയനാട് മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീർക്കൊമ്പൻ ഇന്ന് രാവിലെയാണ് ചരിഞ്ഞത്. ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ വച്ചായിരുന്നു ആന ചരിഞ്ഞതെന്ന് കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഇന്നലെ 5.35 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. 6.20ന് ആദ്യ ബൂസ്റ്റർ നല്‍കി. പിന്നാലെ ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന് അടുത്തേക്ക് എത്തിച്ചു. രത്രി 10 മണിയോടെയാണ് തണ്ണീർക്കൊമ്പനെ അനിമൽ ആംബുലസിലേക്ക് കയറ്റി ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലേക്ക് കൊണ്ടുപോയത്.
ചെറിയ ഇടവേളയിൽ രണ്ടുതവണ മയക്കുവെടി ദൗത്യത്തിന് ഇരയായ ആനയാണ് തണ്ണീർക്കൊമ്പൻ. ആളും ബഹളവും കൂടിയത് ആനയെ ഭയപ്പെടുത്തിയിരിക്കാമെന്നാണ് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ പറയുന്നത്. ആനയുടെ ശരീരത്തിൽ കണ്ടെത്തിയ പഴക്കമുള്ള മുറിവിൽ നിന്ന് പഴുപ്പ് മട്ടിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു.
ആൾക്കൂട്ടത്തിനിടയിൽ ഏറെ നേരം നിന്നതും, ദൗത്യം നീണ്ടതും ആനയ്ക്ക് സമ്മർദം കൂട്ടിയെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ രണ്ട് മണിയോടെ രാമപുരത്തെ ക്യാമ്പിൽ എത്തിച്ചപ്പോൾ, ആന കുഴഞ്ഞ് വീഴുകയായിരുന്നു. രാമാപുരത്ത് കേരള – കർണാടക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ആനയുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കകം പുറത്തുവരും.
അവധി ആഘോഷിക്കാൻ മലയാളി കുടുബം ഒന്നിച്ച് യാത്ര ചെയ്ത വാഹനം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസക്ക് സമീപം മരുഭൂമിയിൽ മറിഞ്ഞ് എട്ടുവയസുകാരി മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട് ജംഷീര്‍ -റമീസ ദമ്പതികളുടെ മകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഐറിന്‍ ജാന്‍ (8) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം.
വൈകിട്ട് ജംഷീറിൻറ കുടുംബം ദമ്മാമില്‍ നിന്നും സുഹൃത്തുക്കളായ മറ്റു രണ്ടു കുടുംബങ്ങള്‍ക്കൊപ്പം അൽഹസയിലേക്ക് പോകുന്നതനിടെയാണ് അപകടം. വാരാന്ത്യ അവധി ആഘോഷിക്കാൻ പോകുകയായിരുന്നു സംഘം. രണ്ട് വാഹനങ്ങളിലായിരുന്നു യാത്ര. അല്‍ ഉഖൈര്‍ എന്ന സ്ഥലത്ത് വെച്ച് മരിച്ച കുട്ടിയടക്കം സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ മറിയുകയായിരുന്നു. പൊലീസ് എത്തി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഐറിന്‍ ജാെൻറ ജീവൻ രക്ഷിക്കാനായില്ല. അപകട കാരണം അറിവായിട്ടില്ല.
ഐറിന്‍ ജാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മറ്റു കുട്ടികളടക്കം ആ വാഹനത്തിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ദമ്മാമിലെ ദാഇം എക്യുപ്മെൻറ് റെൻറല്‍ കമ്പനിയില്‍ ഡയറക്ടറായ ജംഷീറിെൻറ മൂത്തമകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ എമിന്‍ ജാനും ഇതേ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നു. അൽഹസ ഉംറാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി ജനസേവന വിഭാഗം ചുമതലയുള്ള സുൽഫിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
ഇപ്സ്വിച് മലയാളി അസോസിയേഷന്‍, (ഐ എം എ )യുടെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ബാബു മത്തായി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജിനീഷ് ലൂക്ക റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രെഷറർ ബാബു ടി സി 2023-2024 കാലഘട്ടത്തിലെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
ഐക്യം കൊണ്ടും സംഘാടന മികവുകൊണ്ടും അതിലേറെ ജന പങ്കാളിത്തം കൊണ്ടും മികച്ച ഭരണം കാഴ്ച വെച്ച ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗം ഒന്നടങ്കം അഭിനന്ദിച്ചു. പ്രസിഡന്റ് ബാബു മത്തായി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു,കമ്മിറ്റി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. തുടർന്നു ബാബു മങ്കുഴിയിൽ വരണാധികാരിയായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഐ എം എ യുടെ സ്ഥാപക നേതാവും ഏവർക്കും പ്രിയങ്കരനുമായ ജോജോ തോമസ് പേട്രൻ ആയിട്ടുള്ള പുതിയ കമ്മിറ്റി യുടെ നേതൃത്വം സേവനത്തിന്റെ 17വര്‍ഷം പിന്നിടുന്ന ഐ എം എ യുടെ പ്രവർത്തനത്തിന് ആക്കം കൂട്ടും എന്നതില്‍ സംശയമില്ല.
അദ്ദേഹത്തോടൊപ്പം നെവിൻ മാനുവൽ പ്രസിഡന്റ്, അരുൺ പൗലോസ് വൈസ് പ്രസിഡന്റ് ഷിബി വൈറ്റസ് സെക്രട്ടറി, അഖില പ്രവീൺ ജോയിന്റ് സെക്രട്ടറി, ബാബു റ്റി സി ട്രഷറര്‍, ബാബു മങ്കുഴിയിൽ പി ആര്‍ ഒ, എന്നിവരെയും , ആർട്സ് കോർഡിനേറ്റർസ് ആയി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്, യഥാക്രമം ജയരാജ് കെ ജി, ധന്യ രാജേഷ്, ആൻസി ജെലിൻ ,ബിനീഷ്,ജിഷ സിബി,എന്നിവരെ തിരഞ്ഞെടുത്തു. സ്പോർസ് കോർഡിനേറ്റർസ് ആയി ജെയിൻ കുര്യാക്കോസിനെയും, ഷെറൂൺ തോമസിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഐ റ്റി കൺസൾട്ടന്റ് ആയി സിനോ തോമസിനെയും, ഓഡിറ്റർ ആയി ജോജോ തോമസിനെയുമാണ് യോഗം തിരഞ്ഞെടുത്തത്. ബിപിൻ അഗസ്‌തി, നിഷ ജെനിഷ്, ജെയിൻ കുര്യാക്കോസ് എന്നിവരെ യുക്മ കോർഡിനേറ്റർസ് ആയി യോഗം നില നിർത്തി.
കൂടാതെ ബാബു മത്തായി, ജിനീഷ് ലൂക്ക, അപ്പു തോമസ്, ജിൻസ് വർഗീസ്, തങ്കച്ചൻ മത്തായി, ജെയ്സൺ സെബാസ്റ്റ്യൻ, രാജേഷ് നായർ, ജയ ജോർജി, സിജോ പള്ളിക്കര, ജോർജ് മുത്തേടൻ, ജയ്മോൻ ജോസ്, ആഷാ ജസ്റ്റിൻ, ജെയിംസ് പാലോടം, ജോമോൻ ജോസ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും പുതിയ കമ്മറ്റിയിലേക്ക് തെരഞ്ഞടുത്തു.
ഐ എം എ യുടെ ഈ വര്‍ഷത്തെ ആദ്യ പ്രോഗ്രാം,ഈസ്റ്റര്‍,വിഷു ,ഈദ് ആഘോഷം ഏപ്രില്‍ 6നു ഇപ്സ്വിച്ചിലെ സെന്റ്ആൽബൻസ് ഹൈസ്കൂളിൽ വിവിധ കലാപരിപാടികളോടെ ഗംഭീരമായി നടത്തപ്പെടുമെന്ന് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അറിയിച്ചു.
ഏവരെയും പ്രസ്തുത പരിപാടിയിലേക്ക് ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം പരിപാടി ഒരു വൻ വിജയമാക്കി തീർക്കുവാൻ ഏവരുടെയും സാന്നിധ്യ സഹകരണം ഉറപ്പാക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു കൊള്ളുന്നു.
യുഎസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. 19കാരനായ ശ്രേയസ് റെഡ്ഡി ബെനിഗര്‍ ആണ് മരിച്ചത്. ഒഹായോയിലെ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥിയായിരുന്നു.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഈ വര്‍ഷം ഇത് നാലാമത്തെയും ഒരാഴ്ചക്കിടെ മൂന്നാമത്തെയും സംഭവമാണിത്.
ശ്രേയസിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ബെനിഗറിന്റെ മരണകാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ മിഷന്‍ അറിയിച്ചു.സംഭവത്തില്‍ എന്തെങ്കിലും ദുരൂഹത ഉള്ളതായി കരുതുന്നില്ലെന്ന് അധികൃതര്‍ പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള വിദ്വേഷ സാധ്യത സംശയിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഒഹായോയിലെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ശ്രേയസ് റെഡ്ഡി ബെനിഗറിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. ഈ ഘട്ടത്തില്‍, ഏതെങ്കിലും തരത്തിലുള്ള ദുരൂഹത സംശയിക്കുന്നില്ല. കോണ്‍സുലേറ്റ് ശ്രേയസിന്റെ കുടുംബവുമായുള്ള സമ്ബര്‍ക്കം തുടരുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്നു,’ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം യുഎസിലെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്ബ്, ജോര്‍ജിയയിലെ ലിത്തോണിയയിലെ ഒരു കടയ്ക്കുള്ളില്‍വെച്ച് അക്രമിയുടെ അടിയേറ്റ് മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയും കൊല്ലപ്പെട്ടിരുന്നു.
ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ ലേലത്തിന് വെച്ചു. 2016 മുതല്‍ 2017 വരെ രാജകുടുംബത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാര്‍ ആണ് ലേലത്തിന് വെച്ചിരിക്കുന്നത്. ബ്രാംലി ഓക്ഷണേഴ്‌സിന്റെ കൈവശമുള്ള കാറിന് ഏകദേശം നാല് കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാറിന്റെ വിവിധ ചിത്രങ്ങള്‍ ബ്രാംലി ഓക്ഷണേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും ബ്രിട്ടന്‍ സന്ദര്‍ശവേളയില്‍ ഇരുവരും ഈ കാറില്‍ യാത്ര ചെയ്യുന്ന ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. ഫിലിപ്പ് രാജകുമാരന്‍ വണ്ടിയോടിക്കുകയും എലിസബത്ത് രാജ്ഞിക്കൊപ്പം മിഷേല്‍ ഒബാമ വണ്ടിയുടെ പിറകിലെ സീറ്റില്‍ ഇരിക്കുന്നതും ചിത്രത്തില്‍ കാണാം. ഏറെ ചരിത്രപ്രധാന്യമുള്ള ഈ വാഹനം വലിയ തുകയ്ക്ക് തന്നെ ലേലം കൊള്ളുമെന്നാണ് കരുതപ്പെടുന്നത്.
എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന അതേ വാഹനനമ്ബര്‍ തന്നെയാണ് ഇപ്പോഴും ഇതിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ബ്രാംലി മോട്ടോര്‍ കാര്‍സിലെ സെയില്‍സ്മാനായ ജാക്ക് മോര്‍ഗന്‍ ജോനസ് പറഞ്ഞു. സാധാരണഗതിയില്‍ രാജകൊട്ടാരത്തില്‍ ഉപയോഗിച്ചിരുന്ന വണ്ടിയുടെ നമ്ബര്‍ മാറ്റാറുണ്ട്. എന്നാല്‍, അതേ നമ്ബര്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്നതിനാല്‍ അത് രാജ്ഞി ഉപയോഗിച്ചതാണോയെന്നതില്‍ ആര്‍ക്കും സംശയം തോന്നേണ്ടതില്ല, മോര്‍ഗന്‍ ജോനസ് പറഞ്ഞു.
രാജ്ഞിയുടെ ഉപയോഗത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ റേഞ്ച് റോവറില്‍ രഹസ്യ ലൈറ്റ് സംവിധാനം, പോലീസ് എമര്‍ജന്‍സി ലൈറ്റിങ്, വാഹനത്തിലേക്ക് കയറുന്നത് എളുപ്പമാക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഉണ്ട്.
സസ്‌പെന്‍സുകള്‍ക്ക് ഒടുവില്‍ തമിഴ് സൂപ്പര്‍ താരം വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴക്കം എന്നാണ് പാര്‍ട്ടിയുടെ പേര്. ലോക്‌സഭാ തെരെഞ്ഞടുപ്പിന് തൊട്ടുമുന്‍പായാണ് വിജയ് യുടെ ആരാധന സംഘടനയായ വിജയ് മക്കള്‍ ഇയക്കം പാര്‍ട്ടി രൂപീകരിച്ചത്.
വിജയ് തന്നെ തന്റെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് വാര്‍ത്താക്കുറിപ്പ് പങ്കുവെച്ചത്. വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്. തെരെഞ്ഞടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് പാര്‍ട്ടിയുടെ പേരും മറ്റും വിവരങ്ങളും പുറത്തുവിട്ടത്.
കൂടാതെ ഈ മാസം ആദ്യ ആഴ്ച തന്നെ പാര്‍ട്ടിയുടെ ഔദ്യോഗിക പതാകയും പുറത്തിറക്കും. തമിഴ്‌നാട്ടില്‍ വന്‍ ആരാധക വൃന്ദമുളള താരമാണ് വിജയ്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലും താരത്തിന്റെ ആരാധന സംഘടനയായ വിജയ് മക്കള്‍ ഇയക്കം പങ്കെടുക്കാറുണ്ട്.
”രാഷ്ട്രീയം എനിക്ക് മറ്റൊരു കരിയര്‍ മാത്രമല്ല. അതൊരു പവിത്രമായ ജനങ്ങളുടെ പ്രവൃത്തിയാണ്. വളരെക്കാലമായി ഞാന്‍ അതിനായി സ്വയം തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം എനിക്കൊരു ഹോബിയല്ല. അതാണ് എന്റെ അഗാധമായ ആഗ്രഹം. അതില്‍ പൂര്‍ണ്ണമായി ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിജയ് പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ മുന്നോടിയായിട്ടുളള പ്രവര്‍ത്തനമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. തൂത്തുക്കുടി സന്ദര്‍ശനത്തിനുശേഷം തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറിന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം വിവിധ രാഷ്ട്രീയ പരിപാടികളില്‍ സജീവമാണ്. കൂടാതെ തമിഴ്‌നാട് തദ്ദേശ തെരെഞ്ഞടുപ്പിലും ഈ സംഘടന മത്സരിച്ചിരുന്നു.
കേംബ്രിഡ്ജിലെ യാക്കോബായ സുറിയാനി ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവയുടെ (മഞ്ഞനിക്കര ബാവ) ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും (വെള്ളി, ശനി) ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ ഫാ. അഖില്‍ ജോയി മുഖ്യകാര്‍മികനാകും. വിശുദ്ധ കുര്‍ബാനയിലും പെരുന്നാള്‍ ചടങ്ങുകളിലും സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ ജെബിൻ ഐപ്പ്: 07438550585
സെക്രട്ടറി ബിജു ബേബി : 07484751431
ട്രഷറര്‍ ഷെബു കുര്യാക്കോസ് : 07814899693
ദേവാലയത്തിന്റെ വിലാസം
Christ the redeemer Church, Newmarket road, Cambridge, CB5 8RS
ചൂടിൻ്റെ കൊടുമുടിയിൽ കേരളം; ജനുവരിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കേരളത്തിലെ സ്ഥലങ്ങളിൽ; ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കോട്ടയം ഉൾപ്പെടെയുള്ള മൂന്ന് ജില്ലകളിൽ
15 മുതൽ 19 വരെയും 21, 22, 24, 30, 31 തീയതികളിലും പുനലൂരിലാണ് ഏറ്റവും ചൂട് രേഖപ്പെടുത്തിയത്. കണ്ണൂർ, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളാണ് മറ്റു സ്ഥലങ്ങൾ.
കഴിഞ്ഞ മാസം രാജ്യത്തെ റെക്കോർഡ് ചൂടായ 37.6 ഡിഗ്രി സെൽഷ്യസും പുനലൂരിൽത്തന്നെ.
ജനുവരി ആദ്യവാരങ്ങളിൽ സംസ്ഥാനത്ത് മഴ ലഭിച്ചെങ്കിലും പിന്നീട് മിക്ക ജില്ലകളിലും ശരാശരി താപനില 33 ഡിഗ്രിക്കു മുകളിലെത്തിയിരുന്നു.
ഈ മാസവും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാധാരണ ഫെബ്രുവരിയിൽ ലഭിക്കേണ്ടതിലും കുറവു മഴയേ ഇത്തവണ ലഭിക്കൂ. ജനുവരിയിൽ പതിവിലും ഏഴിരട്ടി കൂടുതൽ മഴ ലഭിച്ചു. കൊല്ലത്തു മാത്രമാണു കുറവുണ്ടായത്.
സാലിസ്ബറിയിലെ ആദ്യകാല മലയാളികളിൽ ഒരാളും സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന ബീന വിന്നി (54)യ്ക്ക് നാളെ അന്ത്യയാത്രയേകാന്‍ ഒരുങ്ങി യുകെ മലയാളി സമൂഹം. ഫെബ്രുവരി മൂന്ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ സാലിസ്ബറിയിലെ ഹോളി റെഡീമര്‍ ചര്‍ച്ചില്‍ ആണ് പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും നടക്കുക. സംസ്കാര ചടങ്ങുകൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാത്ത ബന്ധു മിത്രാദികൾക്ക് വേണ്ടി സംസ്കാര ശുശ്രൂഷകൾ തത്സമയ സംപ്രേഷണം ചെയ്യുന്നതായിരിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ആർക്കും സംസ്കാര ശുശ്രൂഷകൾ ലൈവ് ആയി കാണാവുന്നതാണ്.
Website: https://eventsmedia.uk/beenavinny/
Facebook: https://www.facebook.com/eventsmedialive
YouTube: https://www.youtube.com/watch?v=cYxJLWRJSgU
ബീനയുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളടക്കം നൂറുകണക്കിന് പേരാണ് ചടങ്ങില്‍ പങ്കെടുക്കുവാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് പാര്‍ക്ക് ആന്റ് റൈഡ് ബിഷപ്പ്ഡൗണില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 23-ാം തീയതി രാത്രിയാണ് സാലിസ്ബറി ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് ബീന വിന്നി മരണത്തിനു കീഴടങ്ങിയത്. ഏതാനും നാളുകളായി ചികിത്സയിലായിരുന്നുവെങ്കിലും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിക്കുകയും അവിടെ വച്ച് മരണം സംഭവിക്കുകയും ആയിരുന്നു.
സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന വിന്നി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സൗത്താംപ്ടണ്‍ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷന്‍ അംഗവും കൂടിയാണ്. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബീന വിന്നി സാലിസ്ബറിയിലെ മതാധ്യാപിക കൂടിയായിരുന്നു. റോസ്‌മോള്‍ വിന്നി, റിച്ചാര്‍ഡ് വിന്നി എന്നിവര്‍ മക്കളും വിന്നി ജോണ്‍ ഭര്‍ത്താവുമാണ്.
ലണ്ടൻ : സെന്റ് ജോൺ സീറോ മലബാർ മിഷൺ ചെസ്റ്റർഫീൽഡിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ വാർഷിക ധ്യാനം ചെസ്റ്റർഫീൽഡ് അനൻസിയേഷൻ പള്ളിയിൽ വച്ച് ഫെബ്രുവരി 9,10,11 വെള്ളി, ശനി, ഞായർ വൈകുന്നേരം 4 മുതൽ 9വരെ ഫാദർ സക്കറിയാസ് എടാട്ട് വി. സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
നമ്മുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ദൈവത്തിന്റെ കരുതലും, കൃപയും, ധാരാളം ഉണ്ടാകുവാൻ തീർച്ചയായും എല്ലാവരും വന്ന് ധ്യാനത്തിൽ പങ്കെടുക്കണമെന്ന് അപേഷിക്കുന്നു. ജീവിതത്തിൽ ഒരു മാറ്റം എന്നും അനിവാര്യമാണ്, നമ്മുടെ ആദ്ധ്യത്മിക വളർച്ചയിൽ അതിലുപരിയായി നമ്മുടെ ബുദ്ധിമുട്ട്കൾ, പ്രയാസങ്ങൾ, എല്ലാം ദൈവ സന്നിധിയിൽ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും, ദൈവത്തിന്റെ കരുണയും, അനുഗ്രഹവും, നമ്മുടെ കുടുംബങ്ങളിൽ നിറയുവാൻ, അസ്വസ്ഥതകൾ മാറി സമാധാനത്തിൽ ജീവിക്കുവാൻ ഈ ധ്യാനവും, ആരാധനയും, ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള ആഴത്തിലുള്ള പ്രാർത്ഥനയും ഉപകരിക്കും.
ഏവരെയും സ്വാഗതം ചെയ്യുന്നതോടൊപ്പം ഒരു പുതു ജിവൻ ഉണർവ്വ് നൽകാൻ ഉതകുന്ന ദൈവീക ചൈതന്യം നമ്മളിൽ നിറയുവാൻ ഈ ധ്യാനം വഴി സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ധ്യാനം നടക്കുന്ന എല്ലാ ദിവസങ്ങളിലും വിശുദ്ധ കുർബാനയും, കുമ്പസാരവും ഉണ്ടായിരിക്കുന്നതാണ്. പ്രാർത്ഥനയോടെ ഫാദർ ജോബി ഇടവഴിക്കൽ & കമ്മിറ്റി അംഗങ്ങൾ.
Venue
Annunciation Church
2, Spencer Street,
Chesterfield, S40 4SD