റോമി കുര്യാക്കോസ്
ലണ്ടൻ: തെലങ്കാന മുഖ്യമന്ത്രി ശ്രീ. രേവന്ത് റെഡ്‌ഡി മുഖ്യാതിഥിയായി പങ്കെടുത്ത ‘ഹലോ ലണ്ടൻ’ പരിപാടിയിൽ ആവേശ തിരയിളക്കം. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ശ്രീ. രേവന്ത് റെഡ്‌ഡി വിദേശ വേദിയിൽ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ആദ്യ പൊതു പരിപാടിയിലേക്ക് യു കെയുടെ നാനാ ഭാഗത്തു നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ശ്രീ. രേവന്ത് റെഡ്‌ഡി വേദിയിൽ എത്തുന്നതിനു വളരെ മുൻപു തന്നെ പരിപാടി സംഘടിപ്പിക്കപ്പെട്ട ഹോൻസ്ലോവിലെ ‘ഹെസ്റ്റൺ ഹൈഡ് ഹോട്ടലി’ന്റെ പ്രധാന കാവടവും ഹാളും നിറഞ്ഞു കവിഞ്ഞിരുന്നു. ത്രസിപ്പിക്കുന്ന പിന്നണിയുടെ അകമ്പടിയിൽ ശ്രീ. രേവന്ത് വേദിയിലേക്ക് കടന്നു വരുമ്പോൾ, അത്യുച്ചത്തിലുള്ള കരഘോഷങ്ങളും കൊടി തോരണങ്ങളും കോൺഗ്രസ് പാർട്ടിക്കും രേവന്ത് റെഡ്‌ഡിക്കും അഭിവാദ്യമർപ്പിച്ചുള്ള മുദ്രാവാക്യം വിളികളുമായി സദസ്സ് അക്ഷരർദ്ധത്തിൽ ആവേശത്തിന്റെ പരകോടിയിൽ എത്തിയിരുന്നു.
യു കെയിലെ തെലങ്കാന ഡയസ്‌പോറ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയാണ് ‘ഹലോ ലണ്ടൻ’ സംഘടിപ്പിച്ചത്. ഐഓസി നാഷണൽ സെക്രട്ടറി ശ്രീ. ഗംബ വേണുഗോപാൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഐഓസി നാഷണൽ പ്രസിഡന്റ് ശ്രീ. കമൽ ദലിവാൽ, ഐഓസി വക്താവ് സുധാകരർ ഗൗഡ്, വിവിധ തെലങ്കാന പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
തിങ്ങി നിറഞ്ഞ സദസ്സിന് നന്ദി പറഞ്ഞുകൊണ്ട് വേദിയെ കയ്യിലെടുത്ത രേവന്ത് റെഡ്‌ഡിയുടെ ഓരോ വാക്കുകളും നിറഞ്ഞ കയ്യടികളോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. കഴിഞ്ഞ പത്തു വർഷക്കാലം ചന്ദ്രശേഖര റാവുവിന്റെ ജനദ്രോഹ ഭരണത്തിന് ജനങ്ങൾ ബാലറ്റിലൂടെ കൊടുത്ത ചുട്ട മറുപടിയാണ് ബിആർഎസിന്റെ അടിവേരറുത്തു കൊണ്ട് തെലങ്കാനയിൽ കോൺഗ്രസ് നേടിയ ഉജ്ജ്വലവും ഐതിഹാസികവുമായ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
ലോകസഭ തിരഞ്ഞെടുപ്പ് ബിആർഎസിന്റെ ശവപ്പറമ്പ് ആകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാനയുടെ ക്രിയാത്മകമായ വികസനത്തിന് കോൺഗ്രസ് പാർട്ടി അവതരിപ്പിച്ച ആറ് വാഗ്ദാനങ്ങൾ വിശദീകരിക്കുകയും, സംസ്ഥാനത്തെ പൂർണ തോതിൽ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു. വർഗീയ ശക്തികൾ ശിഥിലമാക്കിയ ഭാരതത്തെ കൂട്ടിച്ചേർത്തുകൊണ്ട്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ‘ഭാരത് ജോടോ യാത്ര’യിൽ അണിചേർന്നതിന്റെ സ്മരണകൾ ഓർത്തെടുത്ത രേവന്ത്, യാത്രയുടെ രണ്ടാം ഘട്ടമായ ‘ഭാരത് ജോടോ ന്യായ് യാത്ര’യിൽ എല്ലാ ഭാരതീയരും അണിചേർന്നു കൊണ്ട് 2024 ലോക് സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ എത്തിക്കേണ്ടതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തുവാനും ആഹ്വനം ചെയ്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആവേശത്തോടെ പങ്കെടുത്ത സമ്മേളനത്തിൽ, കേരള സമൂഹത്തിന്റെ പങ്കാളിത്തം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഐഓസി കേരള ചാപ്റ്റർ പ്രസിഡന്റ് ശ്രീ. സുജു ഡാനിയേൽ, വക്താവ് ശ്രീ. അജിത് മുതയിൽ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ ആസൂത്രണ ഘട്ടം മുതൽ യാതൊരു പഴുതുകൾക്കും ഇടനൽകാത്ത വിധം രജിസ്‌ട്രേഷൻ, മറ്റു ക്രമീകരണങ്ങൾ എന്നിവ ഒരുക്കുന്നതിൽ കേരള സമൂഹം നൽകിയ വലിയ പങ്ക് സംഘാടകർ എടുത്തു പറഞ്ഞു.
ഐഓസി മീഡിയ കോർഡിനേറ്റർ ശ്രീ. റോമി കുര്യാക്കോസ്, സീനിയർ ലീഡർ ശ്രീ. ബോബിൻ ഫിലിപ്പ്, ശ്രീ. ആഷിർ റഹ്മാൻ, ശ്രീ. എഫ്രേം സാം, ശ്രീ. ബിബിൻ ബോബച്ചൻ, ശ്രീ. അജി ജോർജ്, ശ്രീ. ജോർജ് മാത്യു, ശ്രീ. പ്രവീൺ കുര്യൻ ജോർജ് എന്നിവരും കേരള സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് സമ്മേളനത്തിൽ പങ്കെടുത്തു.
പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു എങ്കിലും, കേരള സമൂഹത്തിന് പ്രത്യേകമായ പരിഗണന നൽകികൊണ്ട് മുൻ നിരകളിൽ സംഘാടകർ ഇരിപ്പിടം ഒരുക്കിയിരുന്നു.
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസിൽ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 15 പ്രതികൾക്കെതിരെ കൊലക്കുറ്റവും തെളിഞ്ഞു. ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികളാണ് കൊലനടത്തിയത്. ഒമ്പത് മുതൽ 12വരെയുള്ള പ്രതികൾ കൊലനടത്തിയവർക്ക് സഹായവുമായി വീടിന് പുറത്തുകാത്തുനിന്നുവെന്നും 13 മുതൽ 15വരെയുള്ള പ്രതികൾ ഗൂഡാലോചന നടത്തിയവരാണെന്നും തെളിഞ്ഞു. ഇന്ന് പ്രൊസിക്യൂഷൻ വാദം പൂർത്തിയായി. കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. ശിക്ഷ സംബന്ധിച്ച് പ്രതിഭാഗത്തിൻറെ വാദം കൂടി തിങ്കളാഴ്ച കേട്ടശേഷം ശിക്ഷ വിധിക്കും.
നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദീൻ, മുൻഷാദ്, ജസീബ്, നവാസ്, സമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി, ഷെർനാസ് എന്നിവരാണ് കേസിലെ ഒന്ന് മുതൽ 15വരെയുള്ള പ്രതികൾ.കൊലക്കുറ്റത്തിന് പുറമെ 13, 14, 15 പ്രതികൾക്കെതിരെ ചുമത്തിയ ക്രിമിനൽ ഗൂഡാലോചന കേസും തെളിഞ്ഞു. കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ വിവിധ കേസുകളാണ് ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ തെളിഞ്ഞത്. കൊലക്കുറ്റത്തിന് പുറമെ ഒന്ന്, 2,7 പ്രതികൾക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിന് ചുമത്തിയ കേസും തെളിഞ്ഞു.
2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. ഇവർ 15 പേരും കുറ്റക്കാരാണെന്നാണ് കോടതിയിപ്പോൾ കണ്ടെത്തിയിരിക്കുന്നത്.നേരത്തെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു പ്രതികൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ആർഎസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
മണ്ണഞ്ചേരിയിൽ ഷാൻ കൊല്ലപ്പെട്ട 2021 ഡിസംബർ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാൻ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രതികൾ വീണ്ടും ഒത്തുകൂടിയെന്ന് പ്രൊസിക്യൂഷൻ പറഞ്ഞു.അർധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. തൊട്ടടുത്ത ദിവസം പുലർച്ചെ ആറിന് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആലപ്പുഴയിലെ ബിജെപി നേതാവും അഭിഭാഷകനുമായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ.
കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ ആലപ്പുഴ ബാറിലെ അഭിഭാഷകർ ആരും തയാറായിരുന്നില്ല. ഇത് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതേതുടർന്നാണ് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കൊലക്കേസ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല.
സ്റ്റീവനേജ്: കഴിഞ്ഞ ആറു വർഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കി യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച 7 ബീറ്റ്‌സ് സംഗീതോത്സവം അതിന്റെ സീസൺ 7 നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 7 ബീറ്റ്സിന്റെ ജൈത്ര യാത്രയിൽ സീസൺ 7 നു ആഥിതേയത്വം വഹിക്കുന്നത് പ്രമുഖ സാസ്കാരിക-സാമൂഹിക മലയാളി കൂട്ടായ്‌മയായ “സർഗ്ഗം സ്റ്റീവനേജ്” ആണ്.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി സംഗീതാദദരവും തദവസരത്തിൽ അർപ്പിക്കും. കലാസ്വാദകർക്ക് അദ്ദേഹത്തിന്റെ മധുരഗാനങ്ങൾ വീണ്ടും ശ്രവിക്കുവാനുള്ള വേദി കൂടിയയാവും സ്റ്റീവനേജിൽ ഉയരുക .
യു കെ യിൽ നിരവധി പുതുമുഖ ഗായകർക്കും കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും പ്രതിഭയും തെളിയിക്കുവാൻ അവസരം ഒരുക്കുന്നതോടൊപ്പം, കൂടുതൽ ശ്രദ്ധേയമാകുവാനും 7 ബീറ്റ്‌സിന്റെ വേദി ഉപകരിച്ചിട്ടുണ്ട്.
21 പേരടങ്ങുന്ന സ്റ്റീവനേജിന്റെ സ്വന്തം ശിങ്കാരി മേളം അടക്കം പുതുമയാർന്ന വിവിധ കലാവിസ്മയങ്ങൾ ഈ വർഷത്തെ സംഗീതോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തിനാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുന്നത്.
ജോൺസൺ കളപ്പുരക്കൽ
വർഷങ്ങളായി പ്രസ്റ്റൺ മലയാളികളുടെ ആഘോഷങ്ങൾക്ക് നിറവർണ്ണങ്ങളുടെ നിറമാല ചാർത്തുന്ന F O P ഈ വർഷവും പതിവ് തെറ്റിച്ചില്ല . F O P യുടെ. വർണ്ണാഭമായ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ 13/01/2024 ശനിയാഴ്ച 5 മണി മുതൽ പ്രസ്റ്റൺ ലോങ് ഗ്രിഡ്ജ് സിവിക്ഹാളിൽ നടത്തപ്പെട്ടു . F O P കോർഡിനേറ്റർ ശ്രീ സിന്നി ജേക്കബ് സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ കുര്യൻ ജോർജ് (കൊച്ചേട്ടൻ) പരിപാടികളുടെ ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു. ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ മലയാളി അസോസിയേഷൻ യൂക്‌മയിലെ മികച്ച അസോസിയേഷനുകളിൽ ഒന്നാണെന്ന് ശ്രീ കുര്യൻ ജോർജ്ജ് തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു .
പ്രസ്റ്റൺ മലയാളികൾക്ക് പുത്തൻ ഉണർവു നൽകി മികവുറ്റ കലാപരിപാടികളുടെ ഇടമുറിയാത്ത കലാ പ്രവാഹം ആരംഭിച്ചു . നേറ്റിവിറ്റി പ്രോഗ്രാം മാർഗ്ഗം കളി , നാടൻ ക്രിസ്മസ് കരോൾ, ബോളിവുഡ് ഡാൻസ്, ഫോക്ക് ഡാൻസ് , അനുഗ്രഹീത ഗായകരുടെ ഗാനങ്ങൾ,സ്കിറ്റ്’ , ഫ്യുഷൻ ഡാൻസ് , ഡി ജെ അങ്ങനെ നിരവധി കലാ ഉപഹാരങ്ങൾ , അൽവീന ബിനോയിയുടെയും നിതിൻ ജോസ് ആൻ്റണിയുടെയും ചുടുലമായ ആങ്കറിംഗ് കലാപരിപാടികൾ കൂടുതൽ ആസ്വാദ്യകരമാക്കി.
സമൂഹത്തിൽ ദുഃഖവും ദുരിതവും അവശതയും അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി എന്നും F O P കൂടെയുണ്ട്. കഴിഞ്ഞവർഷം ഫുഡ് ഫെസ്റ്റിലൂടെയും ‘F O P അംഗങ്ങളിലൂടെയും സംഭരിച്ച തുക ഒരു ക്യാൻസർ രോഗിക്ക് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ പ്രത്യശ ആയി മാറിയെന്ന് F O P കോർഡിനേറ്റർ സിന്നി ജേക്കബ് അറിയിച്ചു . മുൻകാലങ്ങളിൽ എന്നപോലെ വരും കാലങ്ങളിലും പ്രതിബദ്ധതയോടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് F O P എകസ്റ്റിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.
പ്പ്രസ്റ്റൻ ജോയ് സ് കിച്ചന്റെ ക്രിസ്മസ് ഡിന്നർ സ്വാദിഷ്ടവും ആസ്വാദകരവും ആയിരുന്നെന്നും റിസപ്ഷൻ, പ്രോഗ്രാം, സ്റ്റേജ് , ഫുഡ് കമ്മറ്റികളുടെ സജീവ പ്രവർത്തനം പരിപാടികളെ ഗംഭീര വിജയമാകുന്നതിൽ പങ്ക് വഹിച്ചു . ദ്രുദ താള നൃത്ത ചുവടുകളുമായി ഏവരും പങ്കെടുത്ത ഡിജെയോടുകുടി രാവോളം നീണ്ട് നിന്ന ആഘോഷങ്ങൾക്ക് ഹർഷാരവത്തോടെ പര്യവസാനമായി.
റോയ് തോമസ്
ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾ മനോഹരമാക്കി പ്ലിമത്തിലെ മലയാളികൾ. പ്ലിമത്തിലെ വൂൾവെൽ ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ പ്രസിഡൻറ് ഷൈജു തോമസിന്റെ നേതൃത്വത്തിൽ ദീപം തെളിച്ചതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. മീഡിയ കോഡിനേറ്റർ റോയ് തോമസ് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു . തുടർന്ന് കൊച്ചുകുട്ടികളുടെ നേറ്റിവിറ്റി പ്രോഗ്രാമും, കരോൾ സോങ്ങും അരങ്ങേറി.. ക്രിസ്മസ് രാവിന്റെ മനോഹാരിത നിറഞ്ഞ നേറ്റിവിറ്റിയെ കൊച്ചു മാലാഖമാർ സുന്ദരമാക്കി.. ശാന്തം, മനോഹരം എന്നേ പറയാൻ കഴിയൂ.. മിനി മനേഷ്, നിഷാ സിജു, സോജിയ റെന്നി തുടങ്ങിയവർ കുട്ടികളുടെ പ്രോഗ്രാമുകൾ മനോഹരമാക്കാൻ നേതൃത്വം നൽകി..പിന്നീടങ്ങോട്ട് പ്ലിമത്തിലെ മലയാളികൾക്കിടയിലുള്ള അനുഗ്രഹീത കലാകാരന്മാർ സ്റ്റേജിൽ നിറഞ്ഞാടി… പ്രസംഗം, കരോൾ സോങ്‌സ്, നൃത്തനൃത്ത്യങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം. മികച്ച രീതിയിലുള്ള സംഘാടന മികവുകൊണ്ട് സ്റ്റേജിൽ ഇടതടവില്ലാതെ പ്രോഗ്രാമുകൾ നടന്നുകൊണ്ടേയിരുന്നു …ഷൈജു തോമസും, സുമി ജിത്തുവും മനോഹരമായ അവതരണശൈലി കൊണ്ട് എല്ലാ പ്രോഗ്രാമുകൾക്കും മികച്ച തുടക്കം നൽകി. വൈവിധ്യമാർന്ന നൃത്ത ഇനങ്ങൾ സദസ്സിനെ ഇളക്കിമറിച്ചു.. നിലയ്ക്കാത്ത കയ്യടിയും ആർപ്പുവിളികളുമായാണ് സദസ്സ് പ്രതികരിച്ചത്..
ഇതിനിടയിൽ സരിത ഗോപകുമാർ,ജീമോൾ ഷിബിൻ, പോൾ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രിസ്മസ് ട്രീകൂപ്പണുകളും അവയ്ക്കുള്ള സമ്മാനവിതരണങ്ങളും നടന്നുകൊണ്ടിരുന്നു..
ബിനോയ്,സോണി എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണത്തിനുശേഷം നടന്ന ക്രിസ്മസ് പാപ്പാമാരുടെ പ്രൊസഷൻ വേറിട്ട ഒരനുഭവമായിരുന്നു. ജിത്തു ജോൺസൺ, ജോസ് ജോസഫ്, സിന്റോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സാന്ത പരേഡ് സംഘാടന മികവ് കൊണ്ട് വൈവിധ്യമായ ഒന്നായിരുന്നു. പാപ്പാമാർ ആളുകൾക്ക് ഇടയിലേക്ക് മിഠായികളും സമ്മാനപ്പൊതികൾ വിതരണം ചെയ്തുകൊണ്ട് പരിപാടിയെ കൂടുതൽ മനോഹരമാക്കി.
തുടർന്ന് ജെനി ജോസ് , ആഷ്‌ലി തോമസ് എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം കലാകാരന്മാരെ അണിനിരത്തിയ മെഗാ ഫ്യൂഷൻ ഡാൻസ് നടന്നു.
പഴയകാല ക്ലാസ്സിക്കുകളും പുതിയ തരംഗങ്ങളും നിറഞ്ഞ ഫ്യൂഷൻ ഡാൻസ് അക്ഷരാർത്ഥത്തിൽ സദസിനെ ഇളക്കിമറിച്ചു… കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ ഡാൻസിനൊപ്പം ചുവടുകൾ വച്ചു. സന്തോഷം, ആഹ്ളാദം,ആനന്ദം ഇതിൽപരം എന്തുവേണം.. അങ്ങനെ, ജന്മനാട് വിട്ട് മറ്റൊരു ദേശത്ത് താമസമുറപ്പിക്കുമ്പോഴും മലയാളത്തിന്റെ തനിമയുള്ള പരിപാടികളിലൂടെ ഒരുമയുടെ, സ്നേഹത്തിന്റെ,സമാധാനത്തിന്റെ പുതിയ പ്രതീക്ഷയായി പ്ലിമത്തിലെ മലയാളി സമൂഹം ഒന്നിച്ചു കൂടി. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച ക്രിസ്മസ്-ന്യൂഇയർ ആഘോഷം സെക്രട്ടറി മനോജ് ആൻറണിയുടെ നന്ദി പ്രകടനത്തോടെ സമാപിക്കുമ്പോൾ സമയം ഏതാണ്ട് പതിനൊന്ന് മണി ആയിരുന്നു..
ലണ്ടൻ: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിൽ പ്രമുഖമായ ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ, വെച്ച് ഫെബ്രുവരി 25 ന് ഞായറാഴ്ച, ആറ്റുകാൽ പൊങ്കാല അർപ്പിക്കുവാൻ വീണ്ടും അവസരമൊരുങ്ങുന്നു. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് ആറ്റുകാൽ ഭഗവതി ഭക്തർക്കായി സംഘടിപ്പിക്കുന്ന ലണ്ടനിലെ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത് തുടർച്ചയായ പതിനേഴാമത് അനുഗ്രാഹാവസരമാണ് ഒരുങ്ങുന്നത്.
ഫെബ്രുവരി 25 ന് ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നതാണ്. അവധി ദിവസമായതിനാലും, യു കെയിൽ നവാഗതരായ ധാരാളം ഭക്തജനങ്ങൾ എത്തിയിട്ടുണ്ടെന്നതിനാലും, ഇത്തവണ യു കെയുടെ നാനാ ഭാഗങ്ങളിൽ നിന്നുമായി ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
നിരവധിയായ അനുഭവ സാക്ഷ്യങ്ങൾക്കു ഓരോ വർഷവും ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നേതൃത്വം നൽകി പോരുന്നത്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.
കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ശ്രദ്ധേയമായിക്കഴിഞ്ഞു. ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി BAWN അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡോ.ഓമന ഗംഗാധരൻ-07766822360
Please come and join us on 25th February from 9AM,
at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF
കോട്ടയം ∙ മറന്നു വച്ച കണ്ണടയെടുക്കാൻ തിരിച്ചു കയറിയ ശേഷം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽനിന്നു വീണു വിദ്യാർഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കിയാണു (25) മരിച്ചത്. രാവിലെ ആറോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.
പുണെ–കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ട്രെയിനിലാണ് അപകടമുണ്ടായത്. പുണെയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ ദീപക് കോഴ്സ് പൂർത്തിയാക്കി തിരികെയെത്തുമ്പോഴായിരുന്നു സംഭവം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ദീപക് മറന്നുവച്ച കണ്ണട ട്രെയിനിൽനിന്ന് എടുക്കാനായി വീണ്ടും കയറിയതാണ് അപകട കാരണമെന്നു പൊലീസ് പറയുന്നു.
കണ്ണട എടുത്ത ശേഷം തിരികെ ഇറങ്ങാൻ ശ്രമിക്കുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി. ഇറങ്ങാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ പ്ലാറ്റ്ഫോം പിന്നിട്ടു. താഴേക്കു ചാടാൻ ശ്രമിച്ചപ്പോൾ ട്രെയിനിന്റെ അടിയിൽ പെടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോട്ടയം ഇടശേരിക്കുന്നേൽ വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കിയാണു പിതാവ്. മാതാവ് സോളി.
കോഴിക്കോട്: ഭാര്യയ്ക്ക് എതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ടി.സിദ്ദിഖ് എം.എല്‍.എ. സ്ഥാപനത്തില്‍നിന്ന് 2022-ല്‍ രാജിവെച്ച ആള്‍ക്കെതിരെ 2024-ല്‍ കേസെടുത്തത് ഗൂഢാലോചനയാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ശരിയല്ല എന്നുകണ്ടാണ് അവിടെനിന്ന് ഭാര്യ രാജിവെച്ചത്. ഇക്കാര്യം രാജിക്കത്തില്‍ കൃത്യമായി സൂചിപ്പിച്ചിരുന്നു. ഒരു ധനകാര്യസ്ഥാപനത്തിന്റെ ജാഗ്രതയും സാമ്പത്തിക അച്ചടക്കവും ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ നിന്ന് ഭാര്യ രാജിവെച്ചതെന്നും സിദ്ദിഖ് വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പുനടന്ന കാലയളവില്‍ ഭാര്യ അവിടെ പ്രവര്‍ത്തിച്ചുവെന്ന് തെളിയിക്കാന്‍ പോലീസിനെയും പരാതിക്കാരിയെയും സിദ്ദിഖ് വെല്ലുവിളിച്ചു. കേസിനാസ്പദമായ സംഭവം നടന്നെന്ന് എഫ്.ഐ.ആറില്‍ പറയുന്നത് 2023 മാര്‍ച്ച് 16-ഉം ഏപ്രില്‍ 19-ഉം ആണ്. എന്നാല്‍ 2022 ഡിസംബര്‍ എട്ടിന് ഭാര്യ ഔദ്യോഗികമായി രാജിവെച്ചിരുന്നു. ഇതിനുശേഷം അവിടേയ്ക്ക് തിരികെ പോയിട്ടുമില്ല. സ്ഥാപനത്തില്‍ സിസിടിവിയുണ്ടെന്നും എന്തും പോലീസ് പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കള്ളക്കേസെടുത്തും വ്യാജമായ പേരുകള്‍ എഴുതി ചേര്‍ത്തും രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഉപകരണമായി പോലീസ് മാറി. അങ്ങനെയൊന്നും കീഴടക്കാനും കരിവാരി തേക്കാനും ശ്രമിച്ചാല്‍ അത് വിലപോകില്ലെന്ന് കേരളത്തിന്റെ ഭരണകൂടത്തോടും പോലിസിനോടും സിപിഎമ്മിനോടും പറയാന്‍ ആഗ്രഹിക്കുന്നായും അദ്ദേഹം പറഞ്ഞു.
നിധി ലിമിറ്റഡിനു കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പില്‍ ടി.സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ നടക്കാവ് പൊലീസാണ് കേസെടുത്തത്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ ഷറഫുന്നീസ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. സിസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ വാസിം തൊണ്ടിക്കാടന്‍, ഭാര്യ റാഹില ബാനു, തൊണ്ടിക്കാട് മൊയ്തീന്‍കുട്ടി എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഷറഫുന്നീസ നാലാം പ്രതിയാണ്. ഷംനയാണ് അഞ്ചാം പ്രതി.
സാമ്പത്തിക നിക്ഷേപം സ്വീകരിച്ച്, വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച തുകയോ നല്‍കാതിരിക്കുകയും ചെയ്തെന്നാണ് പരാതി. രണ്ടുഘട്ടങ്ങളായി 5.65 ലക്ഷത്തിലേറെ നിക്ഷേപിച്ചിരുന്നു. നിക്ഷേപങ്ങള്‍ക്ക് പതിമൂന്നര ശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, പിന്നീട് കബളിപ്പിക്കപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ധനകാര്യ സ്ഥാപനത്തിനെതിരെ ഇന്നലെമാത്രം മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചത്.
യുട്യൂബിൽ ശ്രദ്ധ നേടിയ ‘ദി നൈറ്റ്’ ഷോർട്ട് ഫിലിമിന് ശേഷം യുകെയിലെ സിനിമാപ്രേമികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന പുതിയ ഹൃസ്വചിത്രമായ ‘യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ജിഷ്ണു വെട്ടിയാർ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ, എഡിറ്റിങ് ശ്യാം കൈപ്പിള്ളി, സംഗീതം ഋതു രാജ്, വസ്ത്രാലങ്കാരം ചിപ്പി മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് മാത്തുക്കുട്ടി ജോൺ, ഷൈൻ അഗസ്റ്റിൻ, അനുരാജ് പെരുമ്പിള്ളി.
ടോം ജോസഫ്, ഡിസ്‌ന പോൾ, ശിൽപ ജിഷ്ണു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഈ ചിത്രം വരുന്ന വിഷുവിന് യുട്യൂബിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ടോം ജോസ് തടിയംപാട്
കഴിഞ്ഞ ദിവസം നാട്ടിൽ പോയപ്പോൾ നരകകാനത്തെ അളിയൻ തോമസ് കുട്ടിയുടെ വീട്ടിനു മുൻപിൽ ഇരിക്കുമ്പോൾ വഴിയേ നടന്നുപോകുന്ന സന്തോഷവാനായ ഒരു ഒരു വൃദ്ധനെ പരിചയപ്പെടാൻ ഇടയായി ,അദ്ദേഹ൦ അനുഭങ്ങളുടെ ഭണ്ഡാരം തുറന്നുവച്ചപ്പോൾ ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു ഇടുക്കിയുടെ കുടിയേറ്റത്തിന്റെയും കടുത്ത ജീവിത യാതനകളുടെയും അതിജീവനത്തിന്റെയും അംഗർഗ്ഗളമായ നിർഗമനമാണ് അദ്ദേഹത്തിന്റെ വായിലൂടെ പുറത്തേക്കു വന്നത് .
95 വയസു പിന്നിടുന്ന തോമസ് പീടികയിൽ എന്ന കുഞ്ഞുകുട്ടിച്ചേട്ടൻ ഇടുക്കി നരകകാനത്തെ ആദ്യ കുടിയേറ്റക്കാരനാണ്. 1958 നരകകാനത്തു കുഞ്ഞുകുട്ടിച്ചേട്ടനും നാലുപേരടങ്ങുന്ന സംഘവും എത്തുമ്പോൾ അവിടെ നിറയെ ആനകളും ഇടതൂർന്ന വനവും മാത്രമായിരുന്നു . അവർ ഏകദേശം 200 ഏക്കറോളം സ്ഥലം വെട്ടിയെടുത്തു അന്നത്തെ കുടിയേറ്റത്തിന്റെ അതിരുകൾ എന്നുപറയുന്നത് വെട്ടിയെടുക്കുന്ന സ്ഥലത്തിന്റെ ചുറ്റും നിൽക്കുന്ന മരങ്ങളുടെ തൊലി ചെത്തുക അതിനുള്ളിലിൽ വരുന്ന സ്ഥലം വെട്ടിയെടുക്കുന്ന ആളിന്റെ ഉടമസ്ഥതിയിലാണ് എന്നതായിരുന്നു. ഇവർ വെട്ടിയെടുത്ത സ്ഥലത്തു കൃഷി ഇറക്കിയെങ്കിലും ആനകൾ അതെല്ലാം നശിപ്പിച്ചു തുടർന്ന് മൂന്നു വർഷം കൃഷി നടത്തിയെങ്കിലും വിളവെടുക്കാൻ കാട്ടു മൃഗങ്ങൾ സമ്മതിച്ചില്ല .പിന്നീട് സ്ഥലം പുറകെ വന്ന കുടിയേറ്റക്കാർക്ക് പണം മേടിച്ചും വെറുതെയും നൽകി .
അതിനെ തുടർന്ന് കൂടുതൽ ആൾപാർപ്പ് ഉണ്ടായപ്പോൾ കൃഷി നശിപ്പിക്കാതെ മൃഗങ്ങളെ ഓടിക്കാൻ കഴിഞ്ഞു.
ആ കാലത്തേ ജീവിതം വളരെ കഷ്ടപ്പാടായിരുന്നു കൈയിൽ ഒരു പൈസപോലും ഇല്ല എന്തെങ്കിലും സാധനം വേണമെങ്കിൽ നാട്ടിൽ പോയി തലച്ചുമടായി കാട്ടിൽകൂടി വേണം കൊണ്ടുവരാൻ . അന്ന് പണം ലഭിക്കുന്നതിനു വേണ്ടി വണ്ടിപ്പെരിയാർ ,വള്ളിക്കടവ് എന്നിവിടങ്ങളിൽ ഒരാഴ്ച യൂക്കാലിപ്സ് തടിവെട്ടാൻ പോകും അതിൽനിന്നും ലഭിക്കുന്ന കൂലികൊണ്ടു കട്ടപ്പനയിൽ നിന്നും ഭക്ഷണ സാധനങ്ങൾ വാങ്ങി തിരിച്ചു നടന്നു വന്നു ഒരാഴ്ച പറമ്പിൽ പണിചെയ്യും അങ്ങനെയാണ് കൃഷി വളർത്തിയെടുത്തത് ,ആ കാലത്തു പണി ആരംഭിച്ച ഇടുക്കി ചെറുതോണി റോഡ് പണിക്കും കുഞ്ഞുകുട്ടി ചേട്ടൻ പങ്കെടുത്തിട്ടുണ്ട് ..നാരകക്കാനം പള്ളി സ്ഥാപിക്കുന്നതിനും മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും കുഞ്ഞുകുട്ടിച്ചേട്ടൻ സജീവിവമായിരുന്നു .
അറക്കുളം മൈലാടിയിലാണ് കുഞ്ഞുകുട്ടി ചേട്ടന്റെ വീട് .കാഞ്ഞാർ സെന്റ് തോമസ് സ്കൂളിൽ മൂന്നാം ക്ലാസിൽ പഠനം നിർത്തി വീട്ടിൽ ഉണ്ടായിരുന്ന 70 സെന്റ് സ്ഥലത്തു പണിയെടുക്കുകായായിരുന്നു 19 മത്തെ വയസിൽ വിവാഹിതനായി പത്തുമക്കളുടെ പിതാവാണ് ഇദ്ദേഹം. 1973 ലാണ് കുടുംബത്തെ അറക്കുളത്തുനിന്നും നരകകാനത്തേക്കു പറിച്ചു നട്ടത്.
അറക്കുളത്തു നിന്നും 1957 ൽ നടന്ന വിമോചന സമരത്തിൽ പങ്കെടുക്കാൻ തൊടുപുഴയിൽ നടന്നു പോയതും താലൂക്ക് ഓഫീസിൽ പിക്കറ്റ് ചെയ്തതും അവിടെവച്ചു സമര നേതാക്കളായ പി ടി ചാക്കോയേയും ,മന്നത്തു പാൽമനാഭനെയും ,കെ എം ജോർജ് ,മത്തായി മാഞ്ഞൂരാൻ എന്നിവരെകണ്ടതും കുഞ്ഞുകുട്ടിച്ചേട്ടൻ ഓർത്തെടുത്തു .
95 വയസിലും ആരോഗ്യ൦ സംരക്ഷിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ എന്നും രാവിലെ ചായക്കടയിൽ നടന്നുപോകും അവിടെ ആളുകളുമായി സംസാരിക്കും തിരിച്ചു വരുമ്പോൾ വഴിയിൽ കാണുന്ന പച്ചമരുന്നും കറിവയ്ക്കാൻ കഴിയുന്ന മരക്കറികളുമായി തിരിച്ചുവന്നു അതൊക്കെ പാകപ്പെടുത്തി കഴിക്കും പിന്നെ ഈ പ്രായത്തിലും പാട്ടുപാടും ഇതൊക്കെയാണ് ജീവിത രീതി.
എപ്പോൾ നോക്കിയാലും സന്തോഷവാനായി കാണുന്ന കുഞ്ഞുകുട്ടിച്ചേട്ടന്റെ ഒരു ദുഃഖം വൈദികനായായിരുന്ന ഒരു മകൻ ക്യൻസർ മൂലം മരിച്ചുപോയി എന്നതാണ് ബാക്കി 9 മക്കളും സുഖമായി ജീവിക്കുന്നു. ഇപ്പോൾ സാമ്പത്തികമായി ഒരു വിധം നല്ലനിലയിലാണ് ജീവിതം എന്നാണ് അദ്ദേഹം പറഞ്ഞത് എന്താണെങ്കിലും കുഞ്ഞുകുട്ടി ചേട്ടനോട് സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല .