ബദിയടുക്ക∙ കാസർകോട് ബദിയടുക്കയിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ, പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അൻവറിന് (24) എതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. ഇയാളുടെ നിരന്തര ശല്യം സഹിക്കാനാകാതെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്കൂളിൽ പോകുന്ന സമയത്ത് വഴിയിൽ തടഞ്ഞുനിർത്തി പെൺകുട്ടിയെ അൻവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.
പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അൻവറിനെയും സുഹൃത്ത് സാഹിലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി വിഷം കഴിച്ച വിവരമറിഞ്ഞ് നാടുവിട്ട അൻവറിനെ ബെംഗളൂരുവിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഒരു സുഹൃത്തിനെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി.
സമൂഹമാധ്യമത്തിലൂടെയാണ് അൻവറും പെൺകുട്ടിയും തമ്മിൽ പരിചയപ്പെട്ടതാണ് വിവരം. ഇരുവരും തമ്മിലുള്ള ബന്ധം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറി. സമൂഹമാധ്യമങ്ങളിലും അൻവറിനെ ബ്ലോക് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം ഉപേക്ഷിച്ചപ്പോഴാണ് അൻവർ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്.
ഇതോടെ ഇയാൾ നാട്ടിലെത്തിയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം, പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പെൺകുട്ടി വീട്ടിലെത്തി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
‘കുട്ടിയെ ഇയാൾ നിരന്തരമായി ശല്യം ചെയ്തിരുന്നു. ഒടുവിലായപ്പോഴേയ്ക്കും നാട്ടിൽ വന്നും ശല്യം ചെയ്യാൻ തുടങ്ങി. ഇതിൽ അവൾക്കു വലിയ മനഃപ്രയാസമുണ്ടായിരുന്നു. ഇങ്ങനെ ചെയ്യാൻ കാരണവും അതു തന്നെ. ഇയാളേക്കുറിച്ച് ജഡ്ജിക്കു തന്നെ മരണമൊഴിയും കൊടുത്തിരുന്നു. ഇനി ആരും ഇത്തരത്തിൽ പിന്നാലെ നടന്ന് ശല്യം ചെയ്യരുത്. അങ്ങനെയുള്ളവർക്ക് ഇതൊരു പാഠമായിരിക്കണം. പെൺമക്കളെയും പെങ്ങൻമാരെയും സ്കൂളിലേക്ക് അയക്കാൻ പോലും ഭയപ്പെടേണ്ട അവസ്ഥയാണ്.’’ – പെൺകുട്ടിയുടെ ഒരു ബന്ധു പറഞ്ഞു.
ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തു. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയ വിദ്യാർഥിനി, ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഡോക്ടർ പൊലീസിനെയും ചൈൽഡ് ഹെൽപ് ലൈനെയും വിവരമറിയിക്കുകയായിരുന്നു.
ഈ മാസം 17നാണ് പോക്സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തത്. അധ്യാപകന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു. പ്രതി ഒളിവിലാണെന്നാണണ് അവരുടെ വിശദീകരണം.
നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. രാജേഷ് മാധവന്‍ അഭിനയിച്ച ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ദീപ്തിക്കും രാജേഷിനും സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്. ‘അങ്ങനെ അത് ഔദ്യോഗികമായി ഉറപ്പിച്ചു’ എന്ന ക്യാപ്ഷനോടെയാണ് അധികപേരും ഇരുവരുടേയും ചിത്രങ്ങള്‍ പങ്കുവെച്ചത്. പെണ്ണുകാണല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നാണ് സൂചന. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവന്റെ നായികയായി അഭിനയിച്ച ചിത്ര നായരും ഇരുവര്‍ക്കും ആശംസ നേര്‍ന്നിട്ടുണ്ട്.
കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. പാലക്കാടാണ് ദീപ്തിയുടെ സ്വദേശം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സിനിമയില്‍ തുടക്കം കുറിച്ച രാജേഷ് മാധവന്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു. പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു.
കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഇനി പുറത്തിറങ്ങാനുള്ളത് ‘സുരേഷിന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രമാണ്. പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തില്‍കൂടിയാണ് രാജേഷ്.
ഇന്ത്യന്‍ പോലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറാണ് ദീപ്തി. ത്രിതീയ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചു.
ബെംഗളൂരു : കർണാടകയിലെ ബെൽത്തങ്ങാടി കുക്കേടി വില്ലേജിൽ പടക്ക നിർമാണ പ്ലാൻ്റിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്നു പേർ മരിച്ചു.
സ്വാമി(55) ,വർഗ്ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. ഹസൻ സ്വദേശി ചേതനാണ് (25)മരിച്ച മറ്റൊരാൾ. സ്‌ഫോടനത്തെ തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
വേനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ സോളിഡ് ഫയർ വർക്ക് എന്ന പടക്കനിർമ്മാണ ശാലയിലായിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവ സമയത്ത് ഒമ്പതുപേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്.
മലയാളികളായ പ്രേം, കേശവ്, ഹസൻ സ്വദേശികളായ ദിനേശ്, കിരൺ, അരസൈക്കര സ്വദേശി കുമാർ, ചിക്കമരഹള്ളി സ്വദേശി കല്ലേശ എന്നിവർക്കാണ് പരിക്കേറ്റത്.
നാലുകിലോമീറ്ററോളം ദൂരത്തോളം സ്ഫോടനത്തിന്റെ ആഘാതം ഉണ്ടായതായി ഗ്രാമവാസികൾ പറയുന്നു. ഒരാളുടെ മൃതദേഹം സ്ഫോടന സ്ഥലത്തു നിന്ന് തന്നെയാണ് കണ്ടെടുത്തത്. മറ്റു രണ്ടുപേരുടെ മൃതദേഹം നൂറൂമീറ്ററോളം ദൂരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ബെൽത്തങ്കാടി ഫയർഫോഴ്സ് സംഘം എത്തി രക്ഷാപ്രവർത്തനം നടത്തി. എം.എൽ.എ. ഹാരിസ് പൂഞ്ച, ഡിവൈഎസ്പി വിജയ പ്രസാദ് മറ്റു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വേണൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . അഗ്നിശമനസേനയും അത്യാഹിത വിഭാഗവും സ്ഥലത്തെത്തിയാണ് തീ അണച്ചത്. സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഫാം ഉടമ ബഷീറടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓൺലൈൻ ലോകം വളരുകയും വികസിക്കുകയും ചെയ്യുന്നതിനനുസരിച്ച്, അവയെ നിയന്ത്രിക്കാനാവശ്യമായ നിയമങ്ങളും പരിണമിക്കേണ്ടത് ആവശ്യമാണ്. അത്തരത്തിൽ ഒരു ചുവടുവെപ്പാണ് ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയിരിക്കുന്ന ഓൺലൈൻ സേഫ്റ്റി ആക്ട് 2023 എന്ന് യുകെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും മലയാളിയും കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറുമായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഈ ആക്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളും നിലവിൽ തന്നെ നടപ്പിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഏറ്റവും പ്രാധാന്യമുള്ള പത്താം സെക്ഷൻ 2024 ജനുവരി 31 മുതലാണ് നിലവിൽ വരുന്നത്. ഈ സെക്ഷനിൽ, സോഷ്യൽ മീഡിയയിൽ ഒരു വ്യക്തിയുടെ പ്രവർത്തികൾ എപ്പോൾ കുറ്റകൃത്യമായി മാറുന്നുവെന്ന് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. സോഷ്യൽ മീഡിയ മറ്റൊരു വ്യക്തിയെ ഏതെങ്കിലും തരത്തിൽ പരിഹസിക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ ഉള്ള മാർഗമായി സ്വീകരിക്കുന്നവർക്കെല്ലാം തന്നെ ഒരു മുന്നറിയിപ്പാണ് ഈ ആക്ട് നൽകുന്നത്.
യാതൊരു ന്യായീകരണവും ഇല്ലാതെ, പൂർണ്ണമായും തെറ്റായ സന്ദേശങ്ങൾ മറ്റൊരാളെ മാനസികമായും ശാരീരികമായും തളർത്തുന്നതിന് “അയക്കുന്നത് ” ഒരു ക്രിമിനൽ കുറ്റമായി ഈ ആക്ടിലൂടെ മാറിയിരിക്കുകയാണ്. ഇത് ടെക്സ്റ്റ് മെസ്സേജ്, ഓഡിയോ, വീഡിയോ തുടങ്ങി ഏത് തരത്തിലുള്ള സന്ദേശങ്ങളും ആകാം. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്ന മാനസിക, ശാരീരിക ആഘാതങ്ങൾക്ക് അവർ പോലീസിൽ പരാതിപ്പെട്ടാൽ, സന്ദേശം അയച്ച ആളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനുള്ള അനുവാദമാണ് ഈ ആക്ട് നൽകുന്നത്. ഇതോടൊപ്പം തന്നെ ശാരീരിക വൈകല്യമുള്ള വരെയോ രോഗങ്ങൾ ബാധിച്ചിരിക്കുന്നവരെയോ മനപ്പൂർവമായി ഉപദ്രവിക്കുന്ന തരത്തിലുള്ള വീഡിയോകളും സന്ദേശങ്ങളും അവർക്ക് അയക്കുന്നതും ഈ ആക്ട് പ്രകാരം കുറ്റകരമാണ്.
ഇതോടൊപ്പം തന്നെ മറ്റൊരാളെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നതും ഈ ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതാണ്. മറ്റൊരാളെ സ്വയം ഉപദ്രവിക്കുവാൻ പ്രേരണ നൽകുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നതും ഈ ആക്ടിന്റെ സെക്ഷനുകൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവയെല്ലാം തന്നെ ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നതിനാൽ ജയിൽ ശിക്ഷ വരെ കുറ്റവാളിക്ക് ലഭിക്കാം. അതിനാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ, മലയാളി സമൂഹം പ്രത്യേകമായും ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വാട്സാപ്പിലും ഫെയ്സ്ബുക്കിലും ലഭിക്കുന്ന സന്ദേശങ്ങൾ എല്ലാം തന്നെ പോസ്റ്റ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും നിങ്ങളെ അപകടത്തിലേക്ക് നയിച്ചേക്കാം. അതോടൊപ്പം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനും മറ്റുമുള്ള അവസരങ്ങളായി ഉപയോഗിക്കാതിരിക്കുക.
വിവരങ്ങൾക്ക് കടപ്പാട്:
Adv. Baiju Thittala
LLB (Hons),Grad. NALP, LPC,
PG Employment Law; PG Legal Practice,
Solicitor of the Senior Courts of England and Wales
[email protected]
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തൊഴിലാളികളെ കൂടുതൽ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി സ്ഥിരീകരിച്ച് ജോൺ ലൂയിസ്. റിപ്പോർട്ട് അനുസരിച്ച് ചില്ലറ വ്യാപാര പങ്കാളിത്തത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലികളാണ് ആദ്യം നഷ്‌ടമാവുക. പിരിച്ചുവിടലുകളോടൊപ്പം ഒഴിവ് സ്ഥാനങ്ങളിൽ ആളുകളെ സ്വീകരിക്കുകയും ഇല്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. ബിസിനസ്സിനെ ലാഭത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം. നിലവിൽ കമ്പനിയുടെ കീഴിലുള്ള സൂപ്പർമാർക്കറ്റുകൾ, ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറുകൾ, ഹെഡ് ഓഫീസുകൾ എന്നിവയിൽ 76,000 പേർ ജോലി ചെയ്യുന്നുണ്ട്.
തങ്ങളുടെ ഉപഭോക്തൃ ഓഫർ, സാങ്കേതികവിദ്യ, സ്റ്റോറുകൾ എന്നിവ കൂടുതൽ കാര്യക്ഷമമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി എന്ന് ജോൺ ലൂയിസിൻ്റെ വക്താവ് പറഞ്ഞു. എന്നാൽ ഇതിനായി തങ്ങൾക്ക് കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശദാംശങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും തങ്ങളുടെ പാർട്ട്ണർമാർ ആയിരിക്കും മാറ്റത്തെ പറ്റി ആദ്യം അറിയിക്കുക എന്നും അദ്ദേഹം തൻെറ പ്രസ്താവനയിൽ പറഞ്ഞു. സമീപ വർഷങ്ങളിൽ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലൂടെയാണ് ജോൺ ലൂയിസ് കടന്നുപോകുന്നത്.
2023 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 234 മില്യൺ പൗണ്ടിൻ്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ നഷ്ടത്തിന് പിന്നാലെ ഈ വർഷം ജീവനക്കാരുടെ ബോണസ് റദ്ദാക്കുകയും 16 ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറുകളും നിരവധി സൂപ്പർമാർക്കറ്റുകളും അടച്ചുപൂട്ടുകയും ഒഴിവുകൾ വെട്ടികുറയ്ക്കുകയും ചെയ്‌തു. ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ച തൊഴിലാളികളും ഊർജ്ജ, ചരക്ക് ചിലവുകളും ആണ് കമ്പനിയുടെ നഷ്ടത്തിന് കാരണമെന്ന് കമ്പനി പറയുന്നു.
പിരിച്ച് വിടൽ കത്തുകൾ ജീവനക്കാർക്ക് നൽകിയതിന് പിന്നാലെയാണ് വാർത്ത പുറത്തറിഞ്ഞത്. കമ്പനിയുടെ പുതിയ തീരുമാനം ജീവനക്കാരുടെ ഇടയിൽ വിമർശനത്തിന് കാരണമായിട്ടുണ്ട്. കമ്പനിയുടെ ഇൻ്റേർണൽ മെസ്സേജിങ് ബോർഡിൽ തൊഴിലാളികൾ വിമർശനവുമായി രംഗത്ത് വന്നു. പാർട്ട്ണർഷിപ്പ് കൗൺസിലിൻ്റെ അടിയന്തര യോഗം ഉടൻ ചേരുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇംപ്രേഷൻസ് ആന്റ് എക്സ്പ്രഷൻസ് എന്ന പേരിൽ കേരള ചിത്രകലാ പരിഷത്ത് കോട്ടയം ജില്ല സംഘടിപ്പിച്ച ചിത്ര പ്രദർശനം, തിരുവനന്തപുരം ഫൈനാർട്ട് സ് കോളേജ് പെയിൻറിംഗ് വിഭാഗം തലവൻ പ്രൊഫ. ഷിജോ ജേക്കബ്ബ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ പ്രശസ്ത കലാകാരൻ മോപ്പസാങ് വാലത്ത് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം കെ എസ് എസ് ആർട്ട്സ് സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റ്റി. എസ് ശങ്കറും കലാദ്ധ്യാപകൻ വി.എസ്. മധുവും ശ്രീമതി എം. ശിവശങ്കരിയും ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രസംഗിച്ചു. കേരള ചിത്രകലാ പരിഷത്ത് കോട്ടയം ജില്ലാ പ്രസിഡന്റ് റോയ് എം. തോട്ടം സ്വാഗതവും സെക്രട്ടറി പുഷ്പ പിള്ള മഠത്തിൽ കൃതജ്ഞതും പറഞ്ഞു. ജില്ലയിൽ നിന്നുള്ള 27 കലാകൃത്തുക്കൾ പങ്കെടുക്കുന്ന ചിത്ര പ്രദർശനം ഫെബ്രുവരി 3 ന് സമാപിക്കും. അക്രലിക്ക്, വാട്ടർ കളർ എന്നീ മാധ്യമങ്ങളിൽ രചിച്ചിട്ടുള്ള ചിത്രങ്ങൾ വാങ്ങുന്നതിനും അവസരമുണ്ടു്.
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള നിബന്ധനകളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. ഇതനുസരിച്ച് പ്രവാസികള്‍ക്ക് ആധാര്‍ എടുക്കാന്‍ ഇനി പ്രത്യേക ഫോറങ്ങളാണ് ഉപയോഗിക്കേണ്ടത്. സാധുതയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എല്ലാ വിദേശ ഇന്ത്യക്കാരും ആധാറിന് അര്‍ഹരാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇതില്‍ വ്യത്യാസമൊന്നുമില്ല. ഏത് ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ നിന്നും പ്രവാസികള്‍ക്ക് ആധാര്‍ എടുക്കാം. എന്നാല്‍ സാധുതയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മാത്രമാണ് ആധാര്‍ എടുക്കാന്‍ പ്രവാസികളില്‍ നിന്ന് സ്വീകരിക്കുന്ന ഒരേയൊരു തിരിച്ചറിയല്‍ രേഖ. 2023 ഒക്ടോബര്‍ ഒന്നിന് ശേഷം ജനിച്ചവ വിദേശ ഇന്ത്യക്കാരും അല്ലാത്തവരും ജനന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
പ്രവാസികള്‍ ആധാര്‍ എടുക്കുമ്പോള്‍ ഇ-മെയില്‍ വിലാസം നല്‍കണം. വിദേശ ഫോണ്‍ നമ്പറുകളിലേക്ക് ആധാര്‍ സേവനങ്ങളുടെ എസ്.എം.എസുകള്‍ ലഭിക്കില്ല. ഇതോടൊപ്പം ആധാര്‍ എന്റോള്‍മെന്റിനും മറ്റ് സേവനങ്ങള്‍ക്കുമായി വിവിധ പ്രായക്കാര്‍ക്ക് ഉപയോഗിക്കേണ്ട ഫോറങ്ങളുടെ വിവരങ്ങളും യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി പുറത്തിറക്കി. അവ ഇപ്രകാരമാണ്.
്18 വയസിന് മുകളില്‍ പ്രായമുള്ളവരും ഇന്ത്യയില്‍ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത് ഒന്നാം നമ്പര്‍ ഫോറമാണ്.
വിദേശത്തെ വിലാസം നല്‍കുന്ന, 18 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത് രണ്ടാം നമ്പര്‍ ഫോറം ആണ്.
ഫോറം നമ്പര്‍ മൂന്ന് ആണ് അഞ്ച് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ളവരും ഇന്ത്യയില്‍ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത്. ഇന്ത്യയ്ക്ക് പുറത്തുള്ള വിലാസം നല്‍കുന്ന, അഞ്ച് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള പ്രവാസികളായ കുട്ടികള്‍ക്ക് വേണ്ടി ഫോറം നമ്പര്‍ നാല് ആണ് ഉപയോഗിക്കേണ്ടത്.
അഞ്ച് വയസിന് താഴെ പ്രായമുള്ളവരും ഇന്ത്യയില്‍ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത് ഫോറം നമ്പര്‍ അഞ്ച് ആണ്.
ഫോം നമ്പര്‍ ആറ് ആണ് ഇന്ത്യയ്ക്ക് പുറത്തും വിലാസം നല്‍കുന്ന അഞ്ച് വയസില്‍ താഴെ പ്രായമുള്ള പ്രവാസികളായ കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടത്. 18 വയസിന് മുകളില്‍ പ്രായമുള്ളവരും വിദേശ പാസ്‌പോര്‍ട്ടുള്ള ഇന്ത്യയില്‍ സ്ഥിരമായി താമസിക്കുന്നവരുമായ ആളുകള്‍. ഇവര്‍ വിദേശ പാസ്‌പോര്‍ട്ട്, ഒസിഐ കാര്‍ഡ്, സാധുതയുള്ള ദീര്‍ഘകാല വിസ, ഇന്ത്യന്‍ വിസ, ഇ-മെയില്‍ വിലാസം എന്നിവ നല്‍കണം. ഇവര്‍ ഫോറം നമ്പര്‍ ഏഴ് ആണ് ആധാറിനായി ഉപയോഗിക്കേണ്ടത്.
ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ (എച്ച് ഐ എം എ ) – ൻ്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ അവതരണത്തിന്റെ പുതുമ കൊണ്ടും ഫുഡ് സ്റ്റാളുകളുടെ വൈവിധ്യം കൊണ്ടും യൂണിവേഴ്സിറ്റി സ്റ്റുഡന്റിനു വേണ്ടി ചെയ്ത വിവിധ ഇളവുകൾ കൊണ്ടും ശ്രദ്ധേയമായി.
വൈകുന്നേരം നാലുമണി മുതൽ രാത്രി എട്ടു മണി വരെ നീണ്ട പരിപാടികൾ അവസാനിച്ചപ്പോൾ ജനുവരിയിലെ തണുത്ത രാത്രിയിലും സാമൂഹിക ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും ഊഷ്മളത ഏവരും അനുഭവിച്ചറിഞ്ഞു.
എച്ച് ഐ എം എ കമ്മിറ്റി മെമ്പർ ശോഭിത് ജേക്കബ് സ്വാഗതം പറഞ്ഞു തുടങ്ങിയ ചടങ്ങിൽ കുഞ്ഞു കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. അമ്മയും മക്കളും, അച്ഛനും മക്കളും ഒക്കെ ഗ്രൂപ്പ് ഡാൻസിനായി വേദിയിലെത്തിയപ്പോൾ കാണികൾക്ക് കൗതുകമായി.
‘വെക്കടാ വെടി ‘ ടീമിൻറെ സ്കിറ്റ് ഏവരെയും ചിരിപ്പിച്ചു. മുണ്ടും ചട്ടയുമൊക്കെയിട്ട് സിനിമാറ്റിക് ഡാൻസ് കളിച്ച് ബാഡ്മിൻ്റോ വില്ലേജ് ഏവരെയും ആസ്വദിപ്പിച്ചു.സെൻറ് എഫ്രം കാറ്റക്കിസം കുട്ടികളുടെ നേറ്റിവിറ്റി പ്ലെയും കരോൾ സിങ്ങിങ്ങും ക്രിസ്തുമസിന്റെ ഓർമ്മകളുണർത്തി.
സർപ്രൈസ് പ്രൈസുകൾ, റാഫിൽ പ്രൈസസ് സ്റ്റുഡൻസ് ലക്കി ഡ്രോ എന്നിങ്ങനെ ധാരാളം സമ്മാനങ്ങൾ പങ്കെടുത്തവരെ കാത്തിരിക്കുകയുണ്ടായി.
റാഫിൾ ഫസ്റ്റ് പ്രൈസ് ആയ എയർ ഫയർ സ്പോൺസർ ചെയ്തത് എസ് ജെ ഫുഡ് ആൻറ് ലിങ്ക് ബ്രോഡ്ബാൻഡ് ആയിരുന്നു.
ബംബർ പ്രൈസ് സ്പോൺസർ ചെയ്തത് എൻഡെൻസ് സീഫുഡ് സപ്ലേഴ്സ് ആയിരുന്നു. കോഫി മെഷീൻ, ഡിന്നർ സെറ്റ് തുടങ്ങി നിരവധി സമ്മാനങ്ങൾ പിന്നെയുമുണ്ടായിരുന്നു.
സ്റ്റുഡൻസിനായി ഫ്രീ ഫുഡ് കൂപ്പൺസ്, രജിസ്ട്രേഷൻ ഫീസ് 2 പൗണ്ട് മാത്രം, 5 പേർക്ക് വീതം 20 പൗണ്ട് ക്യാഷ് പ്രൈസ് എന്നിവയും, കമ്മ്യൂണിറ്റിയിലെ സ്പോൺസേഴ്സ് വഴി എച്ച് ഐ എം എ ഒരുക്കിയിരുന്നു.
ഫുഡ് സ്റ്റാളുകളായിരുന്നു ഏറ്റവും വലിയ പ്രത്യേകത. വളരെ തുച്ഛമായ നിരക്കിൽ ഹോം മെയ്ഡ് ഫുഡ് ലഭ്യമാക്കുക എന്നതായിരുന്നു എച്ച് ഐ എം എ യുടെ പദ്ധതി. ആംഗ്ലോ ഇന്ത്യൻ അടുക്കള ,അമ്മിണീസ് കിച്ചൻ ,ബാഡ്മിൻറൺ വില്ലേജ് , കറി ചട്ടി, പൊളിപ്പൻ തട്ടുകട , സ്റ്റുഡൻസ് ഡെസേർട്ട് കോർണർ എന്നീ സ്റ്റാളുകൾ ഐസ്ക്രീം, പാനി പൂരി, മറ്റ് സ്നാക്സ് മുതൽ പൊതിച്ചോർ കപ്പ ബിരിയാണി , ദോശ ബീഫ്, ബിരിയാണി , ഗ്രിൽഡ് ചിക്കൻ കുബൂസ് തുടങ്ങിയവ വിളമ്പി വയറു മാത്രമല്ല മനസ്സും നിറച്ചു.
ഹൾ ആൻ്റ് ഈസ്റ്റ് റൈഡിങ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ തന്നെയിട്ട ഫുഡ് സ്റ്റാളുകൾ ബഡ്ഡിങ് എൻറർപ്രണറിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എച്ച് ഐ എം എ പ്ലാൻ ചെയ്തത്.
” നമ്മളുടെ കമ്മ്യൂണിറ്റിയിൽ ചിലവാകുന്ന കാശ് നമ്മളുടെ കമ്മ്യൂണിറ്റിയിലെ എൻറർപ്രണറിനു തന്നെ ലഭിക്കുക എന്നതും, ഫുഡ് ബിസിനസ് എത്ര വലുതൊ ചെറുതൊ ആയിക്കോട്ടെ , അത് ഒരു ഐഡിയയിൽ നിന്നും യാഥാർത്ഥ്യമാക്കുക എന്നതുമായിരുന്നു ലക്ഷ്യമെന്നും എച്ച്ഐഎംഎയുടെ പ്രസിഡൻറ് വിജോ മാത്യു പറഞ്ഞു .
എച്ച് ഐ എം എ കഴിഞ്ഞ വർഷം ചെയ്ത സർവേയിൽ നിന്നുമുള്ള അഭിപ്രായങ്ങൾ ആണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് മാർഗരേഖ എന്നും വിജോ മാത്യു പ്രസിഡൻഷ്യൽ അഡ്രസ്സിൽ പറഞ്ഞു.
യുക്മ ഭാരവാഹികളായ ജോസ് തോപ്പിൽ ഡോ. ദീപാ ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു.
എച്ച്ഐ എം എ സെക്രട്ടറി എൽദോസ് സ്കറിയ നന്ദി പ്രസംഗത്തിൽ, ആദ്യമായിട്ടാണ് പ്രോഗ്രാം പാർട്ടിസിപ്പേഷൻ , ഫുഡ് സ്റ്റാൾ സെറ്റപ്പ് ഇൻവിറ്റേഷൻ, രജിസ്ട്രേഷൻ എന്നിവ പറഞ്ഞ ഡേറ്റിനു മുമ്പ് ക്ലോസ് ചെയ്യേണ്ടതായി വന്നതെന്നും, എച്ച് ഐ എം എയുടെ എല്ലാ ഉദ്യമങ്ങളോടും ഹർഷാരവത്തോടെ സ്വീകരിക്കുന്ന ജനങ്ങൾക്ക് നന്ദിയും പറഞ്ഞു.
എച്ച് ഐ എം എ കമ്മിറ്റി മെമ്പേഴ്സ് ട്രഷറർ മാത്യു ജോസഫ് , ജൂലിയ ജോസഫ്, രാജി രാജൻ, സുഷീൽ കുമാർ എന്നിവരും പരിപാടികളുടെ വിജയത്തിനായി ചുക്കാൻ പിടിച്ചു.
ബെംഗളൂരു: ബെംഗളുരുവിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്നുവീണ് നാലു വയസുകാരി മരിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കിയും മറ്റൊരു ജീവനക്കാരനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തു. പ്രിൻസിപ്പൽ കോട്ടയം സ്വദേശി തോമസ് ചെറിയാൻ, കണ്ടാൽ അറിയുന്ന മറ്റൊരു ജീവനക്കാരൻ എന്നിവരെ പ്രതിയാക്കിയാണ് പ്രാഥമിക അനേഷണം ആരംഭിച്ചത്. പ്രിൻസിപ്പൽ കുട്ടി മരിക്കാനിടയാക്കിയ സംഭവത്തിന് ശേഷം ഒളിവിൽ പോയത് സംഭവം കൂടുതൽ ദുരൂഹമാക്കി.
മരണത്തിൽ സ്‌കൂളിലെ ഒരു ആയയ്ക്കു പങ്കുള്ളതായി സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടതിനു പിറകെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇന്നലെ രാത്രിയാണു കോട്ടയം മണിമല സ്വദേശി ജിറ്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിറ്റോ സ്‌കൂൾ കെട്ടിടത്തട്ടിൽ നിന്നും വീണു മരിച്ചത്. ഐടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫിന്റെയും ബിനീറ്റയുടെയും മകളാണ് മരണമടഞ്ഞ നാല് വയസ്സുകാരി.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹെന്നൂർ ചലിക്കരെ ഡൽഹി പ്രീ സ്‌കൂളിൽ കുട്ടിയെ വീണു പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ചുമരിൽ തലയിടിച്ചു വീണെന്നാണ് സ്‌കൂൾ അധികൃതർ ആദ്യം മാതാപിതാക്കളെ അറിയിച്ചത്. മൂന്ന് ആശുപത്രികൾ കയറി ഇറങ്ങിയ ശേഷമാണ് ഹെബ്ബാളിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തുന്നത്. അവിടെയെത്തിയപ്പോഴാണ് ഉയരത്തിൽ നിന്ന് വീണപ്പോഴുള്ള മാരകമായ പരുക്കുകളാണു ദേഹത്തുള്ളതെന്ന് കണ്ടെത്തുന്നത്. വൈകാതെ ബോധം നഷ്ടമായ ജിയന്നയെ വെന്റിലേറ്ററിലേക്ക് മാറ്റി.
അടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചു. തുടക്കത്തിൽ കൂടെയുണ്ടായിരുന്ന സ്‌കൂൾ പ്രിൻസിപ്പൽ കുട്ടി അബോധാവസ്ഥയിലായതോടെ മുങ്ങിയത് സംശയം ജനിപ്പിച്ചു. തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. സ്‌കൂൾ പ്രിൻസിപ്പൽ ചങ്ങനാശേരി സ്വദേശി തോമസിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സ്‌കൂളിലെ ആയമാരിൽ ഒരാൾ കുട്ടിയോടു മോശമായി പെരുമാറിയിരുന്നു. ഇവരും മാതാപിതാക്കളും തമ്മിലുള്ള പ്രശ്‌നത്തിൽ കുട്ടിയോട് പകവീട്ടിയെന്ന സംശയവും മാതാപിതാക്കൾ ഉയർത്തുന്നുണ്ട്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രിൻസിപ്പൽ തോമസ് ചെറിയാൻ നശിപ്പിച്ചതായും മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനു പിറകെ ഒളിവിൽ പോയ പ്രിൻസിപ്പലിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ കിട്ടിയാൽ മാത്രമേ കുട്ടി വീഴാൻ ഇടയായ സാഹചര്യം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ചെല്ലക്കര കല്യാൺ നഗറിലെ ഫ്‌ളാറ്റിൽ പൊതുദർശനത്തിനു വച്ച ശേഷം ജന്മനാടായ കോട്ടയം മണിമലയിലേക്ക് കൊണ്ടുപോയി. നാളെയാണ് സംസ്‌കാരം.