ലണ്ടൻ : യുകെ യിലെ സുമനസുകളുടെ മറ്റൊരു ലക്ഷ്യം കൂടി അതിന്റെ പരിസമാപ്‌തിയിൽ ആയിരിക്കുന്നു. കഴിഞ്ഞ 4 വർഷങ്ങളായി കേരളത്തിലെ ഭവനമില്ലാതെ ഉഴറിയിരുന്ന കുടുംബങ്ങൾക്ക് ഒരു സ്വപ്നസാക്ഷക്കാരത്തിനു കൈത്താങ്ങു നൽകി പണിതു തീർത്ത നാലാമത്തെ വീടിന്റെ താക്കോൽ ജനുവരി മാസം 14-ാം തീയതി കണ്ണൂർ ചെമ്പേരിയിലുള്ള അനാഥനായ സോണി എന്ന കുഞ്ഞിന് കൈമാറിയപ്പോൾ പുൽകൂട് അംഗങ്ങൾക്ക് ഇത് അഭിമാന നിമിഷം. 50 ഓളം വരുന്ന യുകെയിലെ നാനാ ജാതി മതസ്ഥർ ഒന്ന് ചേർന്ന് ഒരുമയോടെ ചേർന്ന് ഭവന നിർമാണം പൂർത്തീകരിച്ചപ്പോൾ, പിറന്നത് മറ്റൊരു സുന്ദര സുരഭില നിമിഷം കൂടിയാണ്.
2018 മുതൽ ശ്രീ റോജിമോൻ വറുഗീസിന്റെ മനസ്സിൽ ഉരുവായ ആശയമാണ് “പുൽക്കൂട് ” എന്ന സ്വപ്നസമാനമായ കൂട്ടായ്മ. എല്ലാ
വർഷവും ക്രിസ്തുമസിനോടനുബന്ധിച്ച് നാട്ടിൽ ഭവനമില്ലാത്തവർക്ക് വീട് വച്ച് നൽകുന്ന ഒരു വാട്സാപ്പ് കൂട്ടായ്മയാണ് പുൽക്കൂട് .
2020 ൽ ആദ്യത്തെ വീട് തൃശൂരിൽ ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ നൽകിയപ്പോൾ 2021 lഇടുക്കിയിലും 2022 ൽ കോട്ടയത്തും യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും വീടുകൾ വച്ച് നൽകി. നാളിതുവരെ വരെ ഈ ഉദ്യമത്തിന് കൂടെ നിൽക്കുന്ന എല്ലാ പുൽകൂട് അംഗങ്ങൾക്ക് മേലും ഇത്തരം സാമൂഹിക പ്രതിപദ്ധത ഉള്ള കാര്യങ്ങൾ നടത്തികൊടുക്കുവാൻ സാധിക്കട്ടെ എന്ന അകമഴിഞ്ഞ ആശംസയോടെ മലയാളം യുകെ വാർത്ത
അനുജ സജീവ്
ജനലഴികളിൽ കൂടി പാറിപ്പറന്നെത്തുന്ന മഴത്തുളളികൾ ……. രാവിലെ തന്നെ മഴകനക്കുകയാണ്. തണുപ്പുമുണ്ട്. അനുപമ അച്ഛൻ കൊടുത്ത കമ്പിളി ഷാളിനുളളിലേക്കു തിരക്കുപിടിച്ചു കയറി. അപ്പോളാണ് ജനൽപ്പടിയിലിരിക്കുന്ന രുദ്രാക്ഷങ്ങൾ ശ്രദ്ധയിൽപെടുന്നത്. നേപ്പാളിലെ ഏതോ വീട്ടുമുറ്റത്തെ രുദ്രാക്ഷമരത്തിൽ നിന്നും വീണ രുദ്രാക്ഷങ്ങൾ എന്റെ ജനൽപടിയിൽ മഴത്തുളളികളുടെ നനവേറ്റ് വിറുങ്ങലിച്ചു കിടക്കുന്നു. അനുപമ കുറ്റബോധത്തോടെ ജനലിനടുത്തേക്കു നടന്നു. ഉണങ്ങാനായി വച്ച രുദ്രാക്ഷളാണ്. അദ്ദേഹം അവസാനമായി തന്ന മറക്കാൻ പറ്റാത്ത സമ്മാനം. ഫ്ളാറ്റിൽ ജോലിക്കുവരുന്ന ഏതോ ഒരു നേപ്പാളി പയ്യൻ കൊടുത്തതാണ്. അവന്റെ വീട്ടിലെ രുദ്രാക്ഷമരത്തിൽ നിന്നും കിട്ടിയതാണ് ഇൗ കണ്ണുനീർ മുത്തുകൾ. “മാലക്കൊരുക്കാം …..” എന്നൊരു അഭിപ്രായവും കേട്ടു.
ആർക്കുമാലകൊരുക്കാൻ…. ? എന്നൊരുചോദ്യം അനുപമയുടെ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ട് രുദ്രാക്ഷം എടുത്ത് ഒരുപാത്രത്തിലാക്കി അവൾ അടച്ചുവച്ചു. വർഷങ്ങൾക്കുശേഷം അലമാരിയിൽ എന്തോ തിരക്കി ചെന്നപ്പോളാണ് പാത്രം വീണ്ടും ശ്രദ്ധയിൽ പെട്ടത്. പാത്രം തുറന്നപ്പോൾ രുദ്രാക്ഷങ്ങൾ മുഴുവൻ വെളുത്ത പൂപ്പലുകൾ പിടിച്ചിരിക്കുന്നു. അതെടുത്ത് കഴുകി വൃത്തിയാക്കി ഉണങ്ങാൻ വച്ചതാണ് ജനൽപ്പടിയിൽ. പിന്നീട് അക്കാര്യമേ മറന്നു… മഴത്തുള്ളികൾ വീണ രുദ്രാക്ഷങ്ങൾ സാരിത്തലപ്പുകൊണ്ട് തുടയ്ക്കുമ്പോൾ കണ്ണിൽ നിന്നും പെയ്യുന്ന വെളുത്തമുത്തുകൾക്ക് അവസാനമില്ലാതാകുന്നു… നെറ്റിയിൽ തൊട്ട ചന്ദനക്കുറി നോക്കി “നീയെന്താ സന്യാസിനിയാവുകയാണോ…. ? ” എന്ന ചോദ്യത്തിന് ഇൗ രുദ്രാക്ഷവുമായി എന്തെങ്കിലും ബന്ധമുണ്ടോ ?
കാവി വസ്ത്രവും രുദ്രാക്ഷവും ജടപിടിച്ച മുടിയുമുള്ള ഞാൻ…അനുപമ ഞെട്ടലോടെ സ്വപ്നത്തിൽനിന്നുണർന്നു. ശിവഭഗവാന്റെ കണ്ണുനീരിന് മറ്റൊരാളുടെ കണ്ണുനനയ്ക്കാനൊക്കുമോ…അനുപമ വീണ്ടും ചിന്തയിലാണ്ടു. ആരൊക്കെയോ ചെലുത്തുന്ന ബലാബലങ്ങൾക്കു താൻ അടിമപ്പെടണമെന്നാണോ… കയ്യിലിരിക്കുന്ന രുദ്രാക്ഷങ്ങൾ ഒന്നൊന്നായി താഴേയ്ക്ക് വീണു കൊണ്ടിരുന്നു…
അനുജ സജീവ് : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
കൊച്ചി: കുർബാന തർക്കത്തിൽ മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്ന് പറഞ്ഞ മാർ റാഫേൽ തട്ടിൽ കുർബാന അർപ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നും ചൂണ്ടിക്കാണിച്ചു. അതുപോലെ വൈദികരുടെ സൗകര്യമനുസരിച്ച് സമയം തീരുമാനിക്കുന്ന ശീലവും മാറ്റണം. കുർബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കുദാശ കർമ്മത്തിനിടെയാണ് മാർ റാഫേൽ തട്ടിൽ കുർബാന വിഷയത്തിലെ പരാമർശം നടത്തിയത്.
കൂടാതെ വിമത വിഭാഗത്തിനെ വിമർശിച്ചും മാർ റാഫേൽ തട്ടിൽ സംസാരിച്ചു. സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധനക്രമമെന്നും സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുകൾ ഉണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഇപ്പോൾ കടന്നു പോകുന്നത്, വലിയ പ്രതിസന്ധിയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്ന് സിനഡ് നിർദേശം പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയോടടക്കം സർക്കുലർ ആവശ്യപ്പെട്ടിരിക്കുന്നത്. മേജർ ആർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്‍റേതാണ് തീരുമാനം.
1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പ്രാർത്ഥനകൾ എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.
കൊച്ചി:എറണാകുളം മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെയും കെഎസ്‍യു പ്രവര്‍ത്തകനെയും ആംബുലന്‍സില്‍ കയറി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സില്‍ കയറി പരിക്കേറ്റവരെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണം നടത്തിയത് എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ആംബുലന്‍സില്‍ കയറി മര്‍ദിക്കുന്നത്. പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനായ ബിലാലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സിലേക്ക് രണ്ടുപേര്‍ അതിക്രമിച്ച് കയറുന്നതും പിന്നീട് ക്രൂരമായി മര്‍ദിക്കുന്നതിന്‍റെയും നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ആക്രമണത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന കെഎസ്‍യു പ്രവര്‍ത്തകന്‍ അമലിനും മര്‍ദനമേറ്റു.
ആംബുലന്‍സിനുള്ളില്‍ വെച്ച് പൊലീസുകാരന്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആക്രമണം തുടരുകയായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനായ നന്ദകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള ബിലാല്‍ ആരോപിച്ചു. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ഫ്രറ്റേണിറ്റി,കെഎസ്‍യു പ്രവര്‍ത്തകര്‍ ആരോപിച്ചു.രാത്രിയിലെ ആക്രമണ സംഭവത്തിന് പിന്നാലെ കോളേജില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വലിയരീതിയിലുള്ള സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയിലാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാലിനും കെഎസ്‍യു പ്രവര്‍ത്തകന്‍ അമലിനും പരിക്കേല്‍ക്കുന്നത്. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അവിടെനിന്നും ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സിലേക്ക് അതിക്രമിച്ച് കയറി മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആശുപത്രിയുടെ ചില്ല് അടിച്ചുപൊളിച്ച സംഭവം അടക്കം ഉണ്ടായെന്നും ആരോപണമുണ്ട്.ഇതിനിടെ, എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെയുണ്ടായ കൊലപാതക ശ്രമത്തിന് പിന്നാലെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
അതേസമയം, എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഒരു വനിതാ വിദ്യാർത്ഥി അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ പ്രതികളായവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കുത്തേറ്റ നാസര്‍ അബ്ദുള്‍ റഹ്മാന്‍ നാടകോത്സവത്തിന്‍റെ ചുമതലക്കാരനാണ്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘര്‍ഷമുണ്ടായതും നാസറിന് കുത്തേല്‍ക്കുകയും ചെയ്തത്. വടി വാളും ബിയർ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം.അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലുളളത്. 14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്മാന്‍ പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകനായ അമല്‍ ടോമി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ്എഫ്‌ഐ ആരോപിച്ചു.
ഇസ്ലാമാബാദ് : ഇറാനുള്ളിൽ മിസൈൽ ആക്രമണം നടത്തി പാകിസ്ഥാൻ. കഴിഞ്ഞ ദിവസം ബലൂചിസ്ഥാൻ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി. ഇരു രാജ്യങ്ങളും അതിർത്തി കടന്ന് ആക്രമണം നടത്തിയതോടെ സംഘർഷം വ്യാപിക്കുമെന്ന ആശങ്ക ശക്തമായി. പാകിസ്താന്റെ ബലൂച് മേഖലയിൽ അപ്രതീക്ഷിതമായി ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെയാണ് പാകിസ്ഥാൻ- ഇറാൻ ബന്ധം വഷളായത്.
ജയ്ഷെ അൽ അദ്‌ൽ എന്ന ഭീകരസംഘടനയുടെതാവളങ്ങൾ തകർത്തുവെന്നായിരുന്നു ഇറാന്റെ അവകാശവാദം. ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയാണ് പാകിസ്ഥാൻ പ്രതികരിച്ചത്. പിന്നാലെയാണ് തിരിച്ചടിയായി. ഇറാനിൽ ഏഴിടത്ത് പാക് സൈന്യം മിസൈൽ ആക്രമണം നടത്തിയത്. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ലിബറേഷൻ ആർമി എന്നീ വിഘടനവാദി ഗ്രൂപ്പുകളുടെ താവളം തകർത്തു എന്നാണു പാക് അവകാശവാദം. എന്നാൽ, ആക്രമണത്തിൽ സ്ത്രീകൾ അടക്കം നിരപരാധികൾ കൊല്ലപ്പെട്ടെന്ന് ഇറാൻ പറയുന്നു.
ദേശ താല്പര്യം സംരക്ഷിക്കാനായി ഏതറ്റംവരെയും പോകുമെന്ന് ഇറാൻ പ്രതിരോധ മന്ത്രിമുഹമ്മദ് റേസ വ്യക്തമാക്കിയതോടെ സംഘർഷം പടരുമോയെന്ന ആശങ്ക ശക്തമാണ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.പ്രശ്നത്തിൽ കരുതലുളള പ്രതികരണമാണ് ഇന്ത്യ നടത്തിയത്. ഇത് ഇറാനും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുളളത്. സ്വയം പ്രതിരോധത്തിനായി രാജ്യങ്ങൾസ്വീകരിക്കുന്ന നടപടികൾ ഞങ്ങൾ മനസ്സിലാക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു
കൊച്ചി: എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കു നേരെ വധശ്രമമുണ്ടായതിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്‌മാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു വിദ്യാർത്ഥിനി അടക്കം പതിനഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക് ആണ് ഒന്നാം പ്രതി. വധശ്രമം അടക്കം ഒൻപതുവകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കെഎസ്‌യു – ഫ്രട്ടേണിറ്റി പ്രവർത്തകരാണ് പ്രതികൾ.
ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകർക്കെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് എഫ്‌ഐആറിലുള്ളത്. സാരമായി പരിക്കേറ്റ അബ്ദുൾ റഹ്‌മാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച അർധ രാത്രിയോടെയായിരുന്നു സംഭവം. നാസർ അബ്ദുൽ റഹ്‌മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞ് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുന്നതിനെയാണ് ആക്രമണമുണ്ടായത്. വടിവാളും ബിയറ് കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം.ആക്രമണത്തിൽ അബ്ദുൾ റഹ്‌മാന്റെ വയറിനും കൈകാലുകൾക്കും കുത്തേറ്റു. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവ മറ്റുള്ളവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചത്.
അറബിക് വിഭാഗത്തിലെ അദ്ധ്യാപകനും നിലമ്പൂർ സ്വദേശിയുമായ ഡോ. കെ.എം. നിസാമുദ്ദീനാണ് മർദ്ദനമേറ്റത്. അറബിക് മൂന്നാം വർഷ വിദ്യാർത്ഥിയും ഫ്രട്ടേണിറ്റി പ്രവർത്തകനുമായ മുഹമ്മദ് റാഷിദാണ് അദ്ധ്യാപകനെ മർദ്ദിച്ചത്. സംഭവശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. അദ്ധ്യാപകന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. സുഹൃത്തിനെ സസ്പൻഡ് ചെയ്ത സംഭവത്തിന് കാരണക്കാരനെന്ന് ആരോപിച്ചാണ് ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ കത്തി പോലുള്ള ആയുധം കാട്ടി കൊല്ലുമെന്ന് വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയത്. ശേഷം പ്രിൻസിപ്പലിന്റെ മുറിയിലേക്ക് നീങ്ങിയ അദ്ധ്യാപകന്റെ പുറകെയെത്തി ആയുധത്തിന്റെ പിൻഭാഗം ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ മർദ്ദിക്കുകയും ചെയ്തു.
എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരടങ്ങുന്ന അക്രമി സംഘമെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്‌മാൻ ആരോപിച്ചു. കെഎസ് യു- ഫ്രട്ടേണിറ്റി പ്രവർത്തകനാണ് പിന്നിലെന്നും തമീം ആരോപിച്ചു.
ഡോ.ഉഷാറാണി.പി.
പ്രശാന്തമായ പകൽ. വെയിൽ, ഇനി ഉറയ്ക്കുകയേയുള്ളൂ. നിർവ്വേദത്തിൽനിന്നു സർവ്വശക്തയായ ദേവി പെട്ടെന്നുഞെട്ടിയുണർന്നു.
ശ്രീകോവിലകം! കുന്തിരിക്കത്തിൻ്റെയും ചന്ദനത്തിരിയുടെയും അഭൗമഗന്ധം.എല്ലായിടവും പൂക്കൾ. കർപ്പൂരമെരിയുന്നതു ശ്വസിക്കാൻതന്നെ എന്തുസുഖം. ഓട്ടുമണികൾ കിലുങ്ങുന്ന ആനന്ദകരമായ ശബ്ദമുണ്ട്.നിലവിളക്കുകളിലെ തിരിനാളങ്ങളുടെ ജ്വാലകൾക്കു തെല്ലും മങ്ങലില്ല.
പോറ്റിയും പരിചാരകരുമുണ്ട്. ഭക്തജനങ്ങളുമുണ്ട്. ഭൂമിയിലാണെങ്കിലും സ്വർഗീയമായ ഈ അന്തരീക്ഷത്തിൽ താൻ വല്ലാതെ ഞെട്ടിത്തെറിക്കാനുണ്ടായ കാരണം മഹാമായയുടെ മനോമുകുരത്തിലപ്പോൾ തെളിഞ്ഞു.
തൻ്റെ ഒരു ചിലമ്പ് കാലിലില്ല. മറ്റേച്ചിലമ്പ് മാത്രമേ ഇപ്പോഴുള്ളൂ!
“അമ്മേ…” എന്ന് ഉള്ളുനിറഞ്ഞ് തന്നെ വിളിച്ച് കൈകൾ രണ്ടും മുന്നോട്ടുനീട്ടിയവളെ ഓർമ്മവരുന്നു. അവളും ദേവിയായിരുന്നു. ഒരു ഹൃദയക്ഷേത്രത്തിലെ ദേവി.
ആ സമയം തന്നിലർപ്പിതമായ അവളുടെ മനസു വായിച്ചറിഞ്ഞു.വരദായിനിയല്ലേ താൻ. പിന്നെ ഒന്നുമോർത്തില്ല. അഭയംയാചിച്ച ആ കൈകളിലേക്ക് തൻ്റെയൊരു പൊൻചിലമ്പ് കാരുണ്യത്തോടെ വച്ചുകൊടുത്തു.
അതീവഭക്തിയോടെ അവളുടെ മനസുനിറയുന്നതു താൻ കണ്ടു. അതിലേറെ ഭക്തിയോടെ ആ ചിലമ്പ് രണ്ടു കണ്ണുകളിലും അവൾ ചേർത്തു. കണ്ണടയണിഞ്ഞവൾ. എന്നിട്ടും എത്ര പവിത്രമായാണ് ആ ചിലമ്പിനെ അവൾ കണ്ണുകളിൽ ചേർത്തത്.പാത്രമറിഞ്ഞുള്ള ദാനംതന്നെ.
പിന്നെയൊന്നും ഓർമ്മയില്ല. താൻ നിർവ്വേദത്തിലാണ്ടു. അപ്പോൾ ,അവൾ തൻ്റെ ചിലമ്പും കൊണ്ടുപോയിരിക്കും. ഭഗവതിയൊന്നു ഞെട്ടി.അവളെ പിന്തുടർന്നേപറ്റൂ.
അകക്കണ്ണു തുറന്നു. ഒന്നും കാണാൻ പറ്റുന്നില്ല. ജഗദംബിക വീണ്ടും ഞെട്ടി. സർവ്വചരാചരങ്ങളുടെയുംമേൽ നിയന്ത്രണാധികാരമുള്ള തന്നെ ഏതൊന്നാണു നിയന്ത്രിക്കുന്നത്?
“ഭഗവാനേ, ” അറിയാതെ ദേവി വിളിച്ചുപോയി. “എന്തൊരു പരീക്ഷണമാണിത്!പരമേശ്വരിയായ താൻ വെറുമൊരു നാരിയാൽ പരാജയമറിയുകയോ. ഉം… ” അവിടുന്ന് അമർത്തിമൂളി.
തിരക്കിയിറങ്ങുകതന്നെ.ചിലമ്പ് തിരികെക്കിട്ടിയേതീരൂ. ചെയ്തുപോയ ബുദ്ധിശൂന്യത തിരുത്തണം.
ദേവി, വിഗ്രഹത്തിൽ നിന്നുമിറങ്ങാൻ തുനിഞ്ഞു. അപ്പോഴാണ് കണ്ടത്, ശ്രീകോവിലിൻ്റെ വാതിലുകൾ അടച്ചിരിക്കുന്നു. ദീപാരാധനയ്ക്കായി നടയടച്ചതാണ്. താൻ ബോധത്തിലേക്കുണർന്നു ചിന്തകളിൽ മുഴുകിയപ്പോൾ പൂജാരി ശ്രീകോവിൽനട അടച്ചതാണ്. പുറത്തു ഭക്തർ വാതിൽ തുറക്കുന്നതും കാത്തുനിൽക്കുകയാവും. ദീപാരാധനകഴിഞ്ഞാലും നടയടയ്ക്കാൻ വളരെനേരം കഴിയും. അവശേഷിക്കുന്ന ഭക്തരുടെ ഇടയിലൂടെ തനിക്കു പുറത്തിറങ്ങാൻ കഴിയില്ല. ദീപാരാധന കഴിയുമ്പോൾ സ്വസ്ഥമായി പ്രാർത്ഥനചെയ്യാൻ കാത്തുനിൽക്കുന്നവരുമുണ്ടാകും. വിളിച്ചാൽ വിളിപ്പുറത്തെത്തേണ്ടവളാണു താൻ.
ഉടനെയൊന്നും ക്ഷേത്രനട താണ്ടാൻപറ്റില്ലെന്ന് ദേവിക്കുറപ്പായി. മനസിൽ നിരാശനിറഞ്ഞു. അതിനെക്കാളേറെ ആകാംക്ഷയായിരുന്നു, തൻ്റെ ചിലമ്പെവിടെയെന്ന്.
സമയം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആദ്യമായിത്തോന്നി. സമയചക്രത്തെ തിരിക്കുന്നവളുടെ നിസ്സഹായത !
യുഗങ്ങൾതന്നെ കഴിഞ്ഞുവെന്നു തോന്നി. ശ്രീകോവിൽനട മലർക്കെ തുറക്കപ്പെട്ടു.
പ്രധാനമണി ഉച്ചത്തിലടിക്കുന്നു. പോറ്റി തൻ്റെ കയ്യിലെ ചെറുമണികിലുക്കുന്നു. മറുകയ്യാലെ ദീപങ്ങൾകൊണ്ടു തന്നെ ഉഴിയുന്നു. ചന്ദനത്തിരികളും കർപ്പൂരവും ഉയർത്തുന്ന ഗന്ധവും ധൂമവും നിറഞ്ഞുകവിയുന്നു.എന്തൊരു പുകച്ചിലാണു തനിക്കിപ്പോളനുഭവപ്പെടുന്നത്. ശ്വാസംമുട്ടുന്നു. കണ്ണുകൾ പുകയുന്നു.പുറത്തിറങ്ങി ഓടാൻതോന്നുന്നു.
ശ്രീകോവിലിനു പുറവും മുഖരിതമാണ്. കുരവയിടൽ ശബ്ദം കാതുകളെ തുളച്ചുകയറുന്നു. ഭാഗ്യം, പ്രധാനമണി മുഴക്കിക്കൊണ്ടിരുന്നതു നിർത്തി.അത്രയും കർണങ്ങൾക്കാശ്വാസമെന്നു കരുതി. പോറ്റിയുടെ കൈമണികിലുക്കലും നിർത്തി.
” ദേവീ അംബികേ, മഹാമായേ ,ഭഗവതീ, അമ്മേ…” എന്നൊക്കെയുള്ള വിളികൾ ഇപ്പോൾ വ്യക്തമായിക്കേൾക്കാം. അമ്മേ എന്നുള്ള വിളി വല്ലാതെ അസഹനീയമായി. കാതുകൾ ഇറുകെപ്പൊത്തി.
“ഭഗവാനേ ഇനിയും ഞാൻ എത്രനേരം കാക്കണം.” ദേവി ഞെളിപിരികൊണ്ടു. ഭക്തവത്സലയായ ഭഗവതിക്കൊടുവിൽ ആശ്വാസത്തിൻ്റെ മുഹൂർത്തമണഞ്ഞു. ദേവീപ്രതിഷ്ഠയിൽനിന്നു താൽക്കാലികമോചനം.എന്നാൽ അന്വേഷണത്തിൻ്റെ ബന്ധനവും.
ക്ഷേത്രനടയും പ്രധാനവാതിലും പിന്നിട്ടു റോഡിലിറങ്ങി .ഏതു ദിക്കിലേക്കാണവൾ പോയത്. മനസ്സിലേക്ക് ആ ചിത്രംതെളിഞ്ഞുവന്നു.പടിഞ്ഞാറേക്കുനടന്നു. പാദുകങ്ങളണിഞ്ഞിരുന്നതാണെങ്കിലും അവളുടെ കാലടികൾ തിരിച്ചറിഞ്ഞു.
റോഡിനിരുവശവുമുള്ള ഭവനങ്ങൾതാണ്ടി. ചെറിയ മുക്കവലയും അതിനെക്കാൾ ചെറിയ നാൽക്കവലയും പിന്നിട്ടു. എന്നാൽ തുടർന്ന് കാലുകൾ മുന്നോട്ടു നീങ്ങുന്നില്ലെന്ന് അതിശയത്തോടെ ദേവി മനസിലാക്കി.
ഇടതു വശത്തുള്ള ഇരുനിലക്കെട്ടിടത്തിലേക്ക് തൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. അവളുടെ വീട് ഇതല്ല. പക്ഷേ അവൾ ഈ വീട്ടിൽ കയറിയിരിക്കുന്നു.
വിവരങ്ങളെല്ലാം മനസിൽത്തെളിഞ്ഞു. ഇതവളുടെ സഹപാഠിയുടെ വീടാണ്. അവളവിടെ കയറാനുണ്ടായ വസ്തുതതയും ദേവിയുടെ ബോധത്തിലേക്കു കടന്നുവന്നു. അവൻ്റെ പ്രായമായ അമ്മ മരണപ്പെട്ടിട്ടിന്നു രണ്ടാം ദിവസം. മരണത്തിൽ അനുശോചനമറിയിക്കാനാണ് നാട്ടാചാരപ്രകാരം അവളവിടെക്കയറിയത്.മറ്റൊന്നുകൂടി ദേവിയുടെ ബോധത്തിൽ ആഞ്ഞടിച്ചു.അവൾ തൻ്റെ ചിലമ്പ് അവിടെ മറന്നുവച്ചിട്ടാണു തിരികെപ്പോയത്!
എന്തൊരു പരീക്ഷണമാണിത്.
താനെങ്ങനെ ആ വീട്ടിൽക്കയറും, തൻ്റെ കാലുകൾ മുന്നോട്ടു ചലിക്കാത്തതും മറ്റൊന്നും കൊണ്ടല്ല, മരണവീട്ടിലോ പരിസരത്തോ പതിനാറു ദിവസം ദേവിയായ തനിക്കു പ്രവേശനമില്ല!
മടങ്ങുകയേ നിവൃത്തിയുള്ളൂ. തൻ്റെ ചിലമ്പ്, അതൊന്നു കാണുകയെങ്കിലും ചെയ്യാൻ ജ്ഞാനദൃഷ്ടിയിലൂടെ ദേവി ഉദ്യമിച്ചു. നടക്കുന്നില്ല. പുലയുള്ള വീട്ടിലെ കാഴ്ചകൾപോലും ദേവിമാർക്ക് പ്രാപ്യമല്ലല്ലോ.
ഒരു സാധാരണ മനുഷ്യസ്ത്രീയെപ്പോലെ തനിക്ക് വല്ലാതെ തലകറങ്ങുന്നതായി ഈശ്വരിക്കനുഭവപ്പെട്ടു. വിയർക്കുന്നുണ്ടോ? ഇല്ല. വിയർക്കില്ല. ദൈവങ്ങൾക്കു വിയർപ്പില്ല.
ക്ഷേത്രത്തിനകത്ത് വിഗ്രഹത്തിൽ തിരികെക്കയറിയിരുന്നു ദേവി. “ഭഗവാനേ….. ” എന്നു മാത്രം മനസു കേണു. പതിനാറു ദിവസം നീണ്ടുനിൽക്കുന്ന പുലയാചാരം.മരണവീട്ടിലെ ദു:ഖം പങ്കുവയ്ക്കാനെത്തുന്ന അസംഖ്യം ബന്ധുമിത്രാദികൾ,അഞ്ചാം നാളിലെ സഞ്ചയനം. ഇതിനിടയിൽ ആ പൊൻചിലമ്പിൻ്റെ സുരക്ഷിതത്വം എങ്ങനെയായിരിക്കും?
സുദേവൻ എന്ന അവളുടെ കൂട്ടുകാരൻ സ്വന്തം ഭവനത്തിൽനടന്ന ഇക്കാര്യം അറിഞ്ഞിട്ടേയില്ല. ഇടയ്ക്കിടെ അവനുമായി ഫോൺസന്ദേശങ്ങൾ കൈമാറുന്ന അവൾ ഇതുവരെ അവനെ അറിയിച്ചതുമില്ല.
അവളുടെ വീടും ചലനങ്ങളും തൻ്റെ കൺമുമ്പിലുണ്ട്.എന്തുകൊണ്ടാണവൾ തൻ്റെ മറവിയാൽ കൈമോശംവന്ന ഈ വലിയ സംഗതി അവനെ അറിയിക്കാതിരിക്കുന്നത്?
അവൾക്ക് ഇതിത്ര നിസ്സാരകാര്യമാണോ? അതോ മറ്റുവല്ല ഉദ്ദേശ്യവുമാണോ?
കാത്തിരിക്കുകതന്നെ.
കാത്തിരിപ്പിൻ്റെ പതിനാലു ദിവസങ്ങൾ കഴിഞ്ഞു ;പതിനാലു യുഗങ്ങളെപ്പോലെ. നിർണ്ണായകമായവ.
ഇന്ന് സുദേവൻ്റെ അമ്മയുടെ മരണാനന്തര പതിനാറാംദിനചടങ്ങുനടക്കുകയാണ്. അടുത്ത ബന്ധുക്കൾമാത്രം പങ്കെടുക്കുന്ന ആചാരം. എന്നാൽ ഉറ്റകൂട്ടുകാരിയായ അവളെയും അവൻ ക്ഷണിച്ചിരിക്കുന്നു. സസന്തോഷം ആ ക്ഷണം അവൾ കൈപ്പറ്റി.
നല്ല സൗഹൃദങ്ങൾ നിലനിൽക്കട്ടെ ; അവയിലെ സഹകരണവും വിശ്വാസവും.അതുകൊണ്ടാണല്ലോ അവൻ തൻ്റെ ജീവിതത്തിലെ നിലയില്ലാക്കയങ്ങൾ അവളെ തുറന്നുകാണിച്ചത്.
ഇടയ്ക്കിടെ കൈമാറിയിരുന്ന തമാശകൾ നിറഞ്ഞ ഫോൺസന്ദേശങ്ങൾ സുദേവൻ്റെ അമ്മയുടെ മരണത്തോടെ അവളൊന്നുനിർത്തി. അവളുടെ ചിന്തകളിൽ താൻ അവൻ്റെ വീട്ടിൽ മറന്നുവച്ച പൊൻചിലമ്പു കടന്നുവന്നതു പിന്നെയും വൈകിയാണ്.
” പ്രായമായിത്തുടങ്ങി ” എന്ന് മാത്രമാണ് ഈയിടെ സാധാരണമായ തൻ്റെ മറവിക്കു കാരണമായി അവൾ പറയാറുള്ളത്.
തനിക്കു ചിലമ്പിൻ്റെ രൂപത്തിൽക്കിട്ടിയ ഭഗവതീകടാക്ഷം സുദേവൻ്റെ വീട്ടിൽ കൈമോശം വന്നുവെന്നോർത്ത നിമിഷം അവൾ ഞെട്ടിത്തെറിച്ചു. അക്ഷന്തവ്യമായപാപം.
തന്നോടു പൊറുക്കാൻ വിളിച്ചപേക്ഷിച്ചു മഹാമായയോട്. താൻ സ്വപ്നത്തിലാണോ യാഥാർത്ഥ്യത്തിലാണോ ആ ചിലമ്പ് കൈപ്പറ്റിയതെന്നവൾ ശങ്കിച്ചു. ഉത്തരം നൽകാൻ ദേവിയോടു കേണു.
ഒടുവിൽ സുദേവനു തൻ്റെ വിരൽ കൊണ്ടെഴുതി, അതു സന്ദേശമാക്കി ഫോണിലൂടെ അയച്ചു. സാമ്പത്തികമായുള്ള തൻ്റെ പരാധീനതകൾ സുദേവൻ അവളോടു തുറന്നുപറയാൻ തുടങ്ങിയതായിടയ്ക്കാണ്. രാത്രികളിൽ ചിലമ്പിനെക്കുറിച്ചുമാത്രം സന്ദേശങ്ങളിലൂടെ അവൾ ചോദിച്ചുകൊണ്ടേയിരുന്നു. അവൻ്റെ വീട്ടിലെ പതിനാറുകഴിയാൻ അവളും കാത്തിരുന്നു.
രണ്ടു ദേവിമാർ, ഇഹത്തിലെയും പരത്തിലെയും. ഇരുവരും ഒരുമിച്ചാണന്ന് സുദേവൻ്റെ ഗേറ്റിങ്കൽച്ചെന്നത്. താൻ ഒറ്റയ്ക്കാണെന്നേ അവൾക്കറിയാവൂ.ദൃഢനിശ്ചയം ഇരുവരുടെയും മുഖത്തുണ്ടായിരുന്നു.
അപ്പോഴേക്കും ചടങ്ങുകളെല്ലാം കഴിഞ്ഞിരുന്നു. കണ്ണുകൾകൊണ്ടുമാത്രം സുദേവനും അവളും സംസാരിച്ചു.സുദേവൻ്റെ ഭാര്യ അവളെക്കണ്ട് വന്നുകൂട്ടിക്കൊണ്ടുപോയി. ഗേറ്റിനു പുറത്തുനിന്നിരുന്ന സർവ്വാഭരണവിഭൂഷിതയായ സാക്ഷാൽ ഭഗവതിയെ ആരും കണ്ടില്ല.അതിനാൽ ദേവി ക്ഷണിക്കപ്പെട്ടതുമില്ല.
ഇപ്പോഴും കാര്യങ്ങൾ തനിക്കു വ്യക്തമായിക്കാണാൻ തുടങ്ങിയില്ലെന്നു ദേവിക്കു ബോധ്യമായി.തൻ്റെ വ്യഗ്രത. ഇന്നു ഗേറ്റു വരെ എത്താൻ തനിക്കു കഴിഞ്ഞല്ലോ.
പുകപടലം ക്രമേണ നീങ്ങുന്ന അന്തരീക്ഷം; തൻ്റെ ദൃഷ്ടിപഥംപോലെ. ഇനിയും തീ കെട്ടുതീരാത്ത താൽക്കാലിക അടുപ്പിലെ കൊതുമ്പിൻ്റെ കനലുകൾ തിളങ്ങുന്നു ;തൻ്റെ ചിന്തകൾപോലെ.ഇക്കഴിഞ്ഞ പതിനാലു ദിവസവും ഉച്ചയ്ക്കു ക്ഷേത്രനടയടച്ചു കഴിയുമ്പോൾ ഈ വീടിൻ്റെ കണ്ണെത്തുംദൂരെവരെ താൻ മറ്റൊരനുഷ്ഠാനംപോലെ വരുമായിരുന്നല്ലോ.
ഇനി രാത്രിയിലെയൊരു ചടങ്ങു കൂടിയുണ്ട്.പരേതാത്മാവിന് ഇഷ്ടഭോജനങ്ങളെല്ലാമുണ്ടാക്കി വച്ചുകൊടുക്കൽ ചടങ്ങ്. ഏറ്റവുമടുത്ത ബന്ധുക്കൾമാത്രം സന്ധിക്കുന്നത്.
തൻ്റെ മുന്നിലൂടെ ഭക്ഷണവും കഴിഞ്ഞ് ഇറങ്ങിപ്പോകുന്നവരിൽ ഒടുവിൽ അവളുമുൾപ്പെട്ടു. പടിവരെ അവളെ അനുഗമിച്ച സുദേവനെ ഗേറ്റിൽനിന്ന് അവസാനമെന്നതുപോലെ അവൾ നോക്കി.ഗേറ്റിനു പുറത്ത് റോഡിലിറങ്ങി.
അവളുടെ മനസിലെ വിങ്ങലുകൾ ഭഗവതി വായിച്ചെടുത്തു.ദേവി അനുഗ്രഹമായിത്തന്ന പൊൻചിലമ്പിൻ്റെ കൈമോശം വരുത്തിവച്ച നൊമ്പരമായിരുന്നു അവൾക്ക്. പ്രായവും പാരമ്പര്യവും തനിക്കു കനിഞ്ഞുതന്ന രണ്ടു വൈകല്യങ്ങളെ അവൾ മനസാ ശപിക്കുന്നതും കേട്ടു .
ഓർമ്മക്കേടും കേൾവിക്കുറവും.
സുദേവനധികം ഒച്ചയെടുത്തില്ലെങ്കിലും ഇപ്പോൾ തൻ്റെയടുത്തുനിന്നു പറഞ്ഞതുപോലും തനിക്കു കേൾക്കാൻപറ്റാതെപോയതവളോർമ്മിച്ചു.
ആദ്യമായാണ് പൈതൃകമായിക്കിട്ടിയ ഈ സ്വഭാവവിശേഷങ്ങളെ താൻ ശപിക്കുന്നത്. അച്ഛനും അപ്പച്ചിമാർക്കും കൊച്ചച്ഛനും ചേച്ചിക്കും ഇപ്പോൾ തനിക്കും. അനുഗ്രഹമായേ ഇതുവരെ കരുതിയിട്ടുള്ളൂ, അച്ഛനെ ഇടയ്ക്കിടയ്ക്കോർമ്മിക്കാൻ അച്ഛൻ തന്ന സൗഭാഗ്യങ്ങൾക്കിടയിൽ ഇതൊരു കുറവേയല്ലായിരുന്നുതാനും.
ഇപ്പോൾ അവൻ പറഞ്ഞ ഒരുകാര്യംമാത്രം വ്യക്തമായി. സാമ്പത്തികപരാധീനത.അതിനാൽ അവൻ്റെ വീട്ടിലെവിടെയോ താൻ മറന്നുവച്ച ചിലമ്പു കണ്ടുപിടിക്കാനായെങ്കിൽ, എന്നും.
“സുദേവാ ….” എന്ന് താൻ ഒച്ചയില്ലാതെ അലറി. “ഈശ്വരാ….” ഇപ്പോഴവൾ നെടുവീർപ്പിട്ടു.
രാത്രിയിലെ ചടങ്ങിനും പ്രിയകൂട്ടുകാരൻ വിളിച്ചിട്ടുണ്ട്. താൻ പോകില്ല. ചടങ്ങുകളെല്ലാം കഴിയുമ്പോൾ അവൻ ഫോണിൽ സന്ദേശമയയ്ക്കും.ഉറപ്പ്. കാത്തിരുന്നതുപോലെ രാത്രി ഒരുപാട് വൈകിയപ്പോൾ അവൻ്റെ സന്ദേശംവന്നു. ഒരു കടമ നിർവ്വഹിച്ചുകഴിഞ്ഞ ആശ്വാസം അവൻ പങ്കുവച്ചിരിക്കുന്നു. ഒപ്പം തൻ്റെ വീട്ടിലെവിടെയോ ഒളിഞ്ഞിരിക്കുന്ന ചിലമ്പു കണ്ടെത്തിക്കഴിഞ്ഞാലുണ്ടാവുന്ന നേട്ടവും ആവർത്തിച്ചിരിക്കുന്നു.
തൻ്റെ അസ്വസ്ഥകൾക്കറുതിയില്ലെന്നവൾ തീർച്ചപ്പെടുത്തി; തുടങ്ങിയതേയുളളുവല്ലോ.ഒന്നു കൂടെ നെഞ്ചുരുകി വിളിച്ചു “ഭഗവാനേ…. ”
ഉറക്കത്തിലാണെങ്കിലും താൻ ഉണർവ്വിലാണെന്നവൾ ഉറച്ചു വിശ്വസിച്ചു. ഒഴുകുകയാണ്, സാക്ഷാൽ മഹാമായയോടൊപ്പം .ദേവിയെ കണ്ണിമചിമ്മാതെ നോക്കി. ജ്വലിക്കുന്ന സൗന്ദര്യമെന്നെല്ലാം വായിച്ചിട്ടുള്ളത് നേരിൽക്കണ്ടു. എന്തൊക്കെ ആഭരണങ്ങളാണ് അവിടുന്നണിഞ്ഞിരിക്കുന്നത്.
ചുറ്റും ധൂമം പൊങ്ങുന്നു.ചലച്ചിത്രങ്ങളിൽ കാണുന്നതുപോലെ. എന്തൊരു സുഗന്ധമാണതിന്.ദേവിയെ തൊടാൻ പറ്റുന്നില്ല. രാത്രിയോ പകലോ എന്നു തിരിച്ചറിയാനും വയ്യ. പെട്ടെന്ന് യാത്ര അവസാനിച്ചു.
സുദേവൻ്റെ വീട്ടിലാണ് എത്തിയിരിക്കുന്നത്. അല്പംപോലും സംശയമില്ലാതെ നിൽക്കുകയാണവൻ.
“സുദേവാ, ഇവളെക്കൂട്ടിക്കൊണ്ടുവന്ന് നേരിട്ടു ബോധ്യപ്പെടുത്തിയില്ലെങ്കിൽ വിശ്വസിക്കില്ലിവൾ .എന്നും നീറിനീറിക്കഴിയും. ” ദേവിയുടെ ശബ്ദംകേട്ട് മുത്തുമണികൾ പൊഴിയുന്നതാണോ എന്നവൾ സംശയിച്ചു.
സുദേവൻ ചിരിച്ചു. അവളോടായി പറഞ്ഞു. ” കല ടെൻഷനടിക്കണ്ട. ചിലമ്പിൻ്റെ കാര്യം സോൾവു ചെയ്തു.”
ഭൂഗോളമൊന്നു കുലുങ്ങിയോയെന്ന് ചിന്തിച്ചതേയുള്ളൂ.സുദേവൻ്റെ ശബ്ദം ഓങ്കാരംപോലെ മുഴങ്ങുന്നതായവൾക്കു തോന്നി. “എടേയ്, ആ ചിലമ്പ് ഈ വീട്ടിലുണ്ട്. കണ്ടെത്തി ഞാൻ സ്വന്തമാവശ്യങ്ങൾക്കുപയോഗിച്ചുകൊള്ളാൻ ദേവിതന്നെ സമ്മതിച്ചു. എൻ്റെ അമ്മയുടെ അനുഗ്രഹം.” അവസാനത്തെ വാചകം പറഞ്ഞപ്പോൾ സുദേവൻ്റെ സ്വരം ഇടറിയെന്നവൾക്കു വ്യക്തമായി .
ദേവിയുടെ പുഞ്ചിരി അവിടെയെല്ലാം പ്രഭപരത്തി. അവൾ നിലവിളിച്ചു.” അമ്മേ, എൻ്റെ അമ്മേ, സർവ്വാപരാധങ്ങളും പൊറുക്കണേ. ” കുങ്കുമ വർണ്ണമുള്ള ഭഗവതിയുടെ തൃപ്പാദങ്ങളിൽ അവൾ മുഖംചേർത്തു കണ്ണടച്ചു.
ശ്രീകോവിലിനുള്ളിലെ ദേവീവിഗ്രഹം അന്ന് പാതിരാത്രികഴിഞ്ഞനേരത്ത് കെടാവിളക്കിൻ്റെ മങ്ങിയപ്രഭയിൽ നിർവ്വേദത്തിലാണ്ടു ;കല തൻ്റെ കിടക്കയിലും.
രണ്ടു ദേവിമാർ!
ഡോ.ഉഷാറാണി .പി
തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.
വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959
ബിനോയ് എം. ജെ.
സമൂഹത്തിന്റെ മോക്ഷം (Social Nirvana) ഒരു പക്ഷേ പുതിയ ഒരു ആശയമായിരിക്കാം. കാരണം ലോകത്തെ തിന്മയുടെ പര്യായമായാണ് നാളിതുവരെ കണ്ടുപോന്നിരുന്നത്. ലോകത്തിന്റെ പിറകേ പോകുന്നത് (ലൗകികത) വെറുക്കപ്പെടേണ്ട കാര്യമായി പരിഗണിക്കപ്പെട്ടു പോന്നിരുന്നു. പുരാതന കാലങ്ങളിൽ സമൂഹം ഒട്ടും തന്നെ വികസിതമോ സംഘടിതമോ ആയിരുന്നില്ല. ജനസംഖ്യാവിസ്ഫോടനവും ,സാങ്കേതികവിദ്യകളുടെയും വാർത്താവിനിമയ സൗകര്യങ്ങളുടെയും ഗതാഗത സൗകര്യങ്ങളുടെയും പുരോഗതിയും, സാമ്പത്തികരംഗത്തുണ്ടായ കുതിച്ചു ചാട്ടവും, സോഷ്യലിസ്റ്റ്-കമ്മ്യൂസ്റ്റ് ആശയങ്ങൾക്ക് സിദ്ധിച്ച പ്രചാരവും, സാമൂഹിക ശാസ്ത്രങ്ങളിൽ സംഭവിച്ച പുതിയ പുതിയ കണ്ടെത്തലുകളും മനുഷ്യന്റെ സാമൂഹിക സങ്കൽപങ്ങളെ മാറ്റിമറിച്ചിരിക്കുന്നു. ഇന്ന് സമൂഹത്തിന്റെ പിറകേ പോകുന്നത് ഒരു തിന്മയാണെന്ന് ആർക്കും പറയാനാവില്ലെന്ന് മാത്രമല്ല അതിൽ വളരെയധികം നന്മ ഒളിഞ്ഞുകിടക്കുന്നതായി സമ്മതിക്കേണ്ടതായും വരും. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നും സാമൂഹിക ജീവിതത്തിലൂടെ മാത്രമേ അവന് പൂർണ്ണതയിലേക്ക് വരുവാനാവൂ എന്നും ഇന്ന് പരക്കെ വാദിക്കപ്പെടുന്നു.
ഇപ്രകാരം സാമൂഹിക സംവിധാനത്തിലും സമൂഹത്തോടുള്ള വ്യക്തികളുടെ സമീപനത്തിലും ഉണ്ടായ വിപ്ളവകരമായ മാറ്റം പൗരാണിക ആദ്ധ്യാത്മിക സങ്കൽപങ്ങളെ തിരുത്തിയെഴുതുവാൻ പോന്നവയാണ്. വ്യക്തിയുടെ കാര്യത്തിൽ ശരിയായതെന്തോ അത് സമൂഹത്തിന്റെ കാര്യത്തിലും ശരിയാണ് എന്ന് ആധുനിക സമൂഹശാസ്ത്രജ്ഞന്മാർ വാദിക്കുന്നു. വ്യക്തിക്ക് മോക്ഷമുണ്ടെങ്കിൽ സമൂഹത്തിനും മോക്ഷമുണ്ട്. ആന്തരിക ജീവിതത്തിലൂടെ മോക്ഷത്തിലേക്ക് വരുവാൻ കഴിയുമെങ്കിൽ ബാഹ്യ (സാമൂഹിക) ജീവിതത്തിലൂടെയും മോക്ഷത്തിലേക്ക് വരുവാൻ കഴിയും. ഭൂമി സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമായ ഒരിടമാണെന്ന പൗരാണിക ഭാരതീയ ആചാര്യന്മാരുടെ വാദം ഇവിടെ ഒരിക്കൽ കൂടി അടിവരയിട്ട് കാട്ടേണ്ടിയിരിക്കുന്നു. കാരണം സ്വർഗ്ഗത്തിൽ മോക്ഷപ്രാപ്തിക്ക് സാധ്യതയില്ല. ഈ ഭൂമിയിൽ മിത്രമേ അതിന് സാധ്യതയുള്ളൂ. ശാസ്ത്രീയവും ആദർശപരവുമായ (Ideal) ഒരു സാമൂഹ സൃഷ്ടിയിലൂടെ സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമായ ഒരു അന്തരീക്ഷം ഭൂമിയിൽ കൊണ്ടുവരുവാൻ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. പ്രകാശത്തിലേക്ക് പറന്നടുക്കുന്ന നിശാശലഭങ്ങളെപ്പോലെ ജീവിതത്തിന് അർത്ഥം കണ്ടെത്തുവാനായി സമൂഹത്തിലേക്ക് ഓടിയടുക്കുന്ന ആധുനിക മനുഷ്യനെ സംതൃപ്തിപ്പെടുത്തുവാനും അവന്റെ ജീവിതത്തിന് ദിശാബോധം കൊടുക്കുവാനും ആധുനിക സമൂഹം വിജയിക്കുന്നുണ്ടോ? അവൻ ഈശ്വരനായി – അല്ല! അതിനേക്കാൾ വലിയ എന്തോ ആയി – ആരാധിക്കുന്ന സമൂഹത്തിന്, അതിലെ അംഗങ്ങളെ ഒരീശ്വരനെപോലെ വാരിപ്പുണരുവാനും സാന്ത്വനപ്പെടുത്തുവാനും കഴിയുന്നുണ്ടോ?
വ്യക്തിയിലും, സമൂഹത്തിലും, പ്രപഞ്ചത്തിലും സന്നിഹിതനായിരിക്കുന്ന സർവ്വവ്യാപിയായ ഈശ്വരൻ എല്ലായിടത്തും പ്രകൃതിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നതായി കാണുവാൻ സാധിക്കും. എപ്രകാരമാണോ വ്യക്തിയിൽ ഒളിഞ്ഞുകിടക്കുന്ന ഈശ്വരൻ സാധനയിലൂടെ സ്വയം പ്രകാശിക്കുന്നത്, അതേ പ്രകാരം തന്നെ സമൂഹത്തിൽ ഒളിഞ്ഞുകിടക്കുന്ന ഈശ്വരൻ സാമൂഹിക നവീകരണത്തിലൂടെ സ്വയം പ്രകാശിക്കേണ്ടിയിരിക്കുന്നു. അപ്പോൾ നന്മയുടെയും തിന്മയുടെയും മിശ്രിതമായ സമൂഹം അതിലെ തിന്മകളെ ജയിച്ച് കേവലനനമസ്വരൂപിയായി പരിണമിക്കുന്നു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലൂടെ സമൂഹത്തിൽ സംഭവിച്ച ഗംഭീരമായ പുരോഗതിയെ കുറിച്ച് നമുക്ക് അറിവുള്ളതാണല്ലോ. വരും നൂറ്റാണ്ടുകളിൽ ഇതേ പുരോഗതി തുടർന്നുപോയാൽ ഏതാനും സഹസ്രാബ്ദങ്ങൾ കൊണ്ട് മനുഷ്യസമൂഹം ഏറെക്കുറെ പൂർണ്ണതയോടടുക്കുമെന്ന് സാമാന്യമായി ഊഹിക്കുവാൻ കഴിയും. ഇടക്കിടെ ഉണ്ടാവുന്ന ധർമ്മച്യുതിയും മൂല്യശോഷണവുമൊക്കെ കൂടുതൽ ശക്തമായ പുരോഗതിയുടെ മുന്നോടിയും ഒരു പരിധിവരെ ആ പുരോഗതിയുടെ കാരണവുമാണെന്ന് കരുതേണ്ടിയിരിക്കുന്നു.
അതിനാൽ സാമൂഹിക നവീകരണ പ്രക്രിയ അതിദ്രുതം പുരോഗമിക്കേണ്ടിയിരിക്കുന്നു. അപ്രകാരം സമൂഹത്തിൽ വ്യക്തികൾ പൂർണ്ണതയും മോക്ഷവും കണ്ടെത്തട്ടെ. രോഗഗ്രസ്തമായ സമൂഹത്തെ സദാ മാറ്റിമറിച്ചുകൊണ്ട് ചലനാത്മകമായ ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം സമൂഹം വ്യക്തികളുടെ സർവ്വവിധവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിനുള്ള നന്മയും കഴിവും ആർജ്ജിച്ചെടുക്കട്ടെ. മോക്ഷവും കൈവല്യവും ഏതാനും പേർക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല, മറിച്ച് അത് സമൂഹത്തിലെ സകലർക്കും അവകാശപ്പെട്ടതാണെന്ന സത്യം നാമിനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു . വ്യക്തികളെ ഉപദേശിക്കുവാനും അവരെ ആന്തരികമായി നന്നാക്കുവാനും മാത്രമേ ആചാര്യന്മാർ നാളിതുവരെ പരിശ്രമിച്ചിട്ടുള്ളൂ. എന്നാൽ വരും കാലങ്ങളിൽ സമൂഹത്തെ തിരുത്തിക്കൊണ്ട് വ്യക്തികളെ ഒന്നടങ്കം നല്ലവരും, ശ്രേഷ്ഠരും, മഹാന്മാരുമാക്കി തീർക്കുവാനുള്ള പരിശ്രമങ്ങൾ നടന്നു തുടങ്ങും. കുറ്റമറ്റതും പരിപൂർണ്ണവുമായ ഒരു സാമൂഹികവ്യവസ്ഥിതിയിൽ, വ്യക്തികൾക്കുണ്ടാകാവുന്ന ബാഹ്യവും ആന്തരികവുമായ സംഘട്ടനങ്ങൾ (Conflicts) തിരോഭവിക്കുകയും അവരിലെ ആന്തരിക ശക്തികൾ ഉണർന്നു തുടങ്ങുകയും ചെയ്യും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
തിരുവനന്തപുരം: 8 ദിവസത്തെ ജയിൽവാസത്തിന് ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. അറസ്റ്റിലായി 8 ദിവസത്തിന് ശേഷമാണ് രാഹുല്‍ ജയില്‍ മോചിതനാകുന്നത്. 4 കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. പൂജപ്പുര ജയിലിലാണ് രാഹുൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്നത്. ജയിലിന് മുന്നിൽ സ്വീകരിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു.
രാഹുലിനെതിരെ ചുമത്തിയ എല്ലാ കേസുകളിലും ഇന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത, സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് സംഘർഷ കേസിലും ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു.
ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. നേരത്തെ രണ്ടു കേസുകളില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.ഏറ്റവും ഒടുവിലായി ഇന്ന് വൈകിട്ട് സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയും ഡിജിപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിന്‍റെ പേരിലുള്ള കേസില്‍ സിജിഎം കോടതിയുമാണ് രാഹുലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്.
ഇസ്‍ലാമാബാദ് ∙ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് കടുത്ത നീക്കവുമായി പാക്കിസ്ഥാൻ. ഇറാനിലെ പാക്ക് അംബാസഡറെ തിരിച്ചുവിളിച്ചു. സ്വന്തം രാജ്യത്തേക്കു പോയ ഇറാൻ അംബാസഡറോടു പാക്കിസ്ഥാനിലേക്കു തിരിച്ചുവരേണ്ടെന്നും ആവശ്യപ്പെട്ടു.
മിസൈൽ– ഡ്രോൺ ആക്രമണത്തിന്റെ പിറ്റേന്നാണു നടപടി. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലേക്കു ചൊവ്വാഴ്ച രാത്രിയിലായിരുന്നു ഇറാന്റെ ആക്രമണം. സംഭവത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായും മൂന്നു പേർക്കു പരുക്കേറ്റതായും പാക്ക് അധികൃതർ പറഞ്ഞു. അതിർത്തിയിലെ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇറാന്റെ ആക്രമണം.
ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും പ്രകോപനമില്ലാതെ വ്യോമാതിർത്തിയിൽ കടന്നുകയറിയതിനു ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകി. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ വഴി പാക്കിസ്ഥാന്റെ ശക്തമായ പ്രതിഷേധം ഇറാനെ അറിയിച്ചു.
ബലൂച് മേഖലയിലെ ഭീകര സംഘടനയുടെ രണ്ട് കേന്ദ്രങ്ങൾ ഉന്നമിട്ടായിരുന്നു ഇറാന്റെ ആക്രമണം. ഈ ഭീകര സംഘടന ഇറാന്റെ സുരക്ഷാ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തിയിരുന്നെന്നാണു വിവരം.