ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഉറക്കത്തിനിടെ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി മാളിയേക്കല്‍ റിന്റു മോള്‍ (28) ആണ് മരിച്ചത്. ഹഫര്‍ അല്‍ബാത്തിനിലെ മറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ നേഴ്‌സായി ജോലിചെയ്തുവരികയായിരുന്നു.
മാളിയേക്കല്‍ ജോസ് വര്‍ഗീസ്-മേരിക്കുട്ടി ദമ്പതികളുടെ മകളാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയ റിന്റു മോള്‍ നവംബര്‍ 13 -നാണ് തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്.
ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് കൂടെയുള്ളവര്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. റോബിന്‍ ജോസ് ഏക സഹോദരനാണ്.
റിന്റു മോളുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടൻ: ലണ്ടൻ റീജിയൻ നൈറ്റ് വിജിൽ, പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററും, സെന്റ് മോണിക്കാ മിഷൻ പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.ജോസഫ് മുക്കാട്ടും, തിരുവചന ശുശ്രൂഷകളിലൂടെയും, ഫാമിലി കൗൺസിലിങ്ങിലൂടെയും പ്രശസ്തയും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ ലണ്ടനിൽ നടത്തുന്ന നൈറ്റ് വിജിൽ, ഹോൺചർച്ചിലെ സെന്റ് മോണിക്കാ മിഷന്റെ നേതൃത്വത്തിൽ ജനുവരി 26 വെള്ളിയാഴ്ച സെന്റ് ആൽബൻസ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച്, രാത്രിയാമങ്ങളിൽ ത്യാഗപൂർവ്വം ഉണർന്നിരുന്ന് നീതി വിധി ലക്‌ഷ്യം വെച്ച് നടത്തുന്ന പ്രാർത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവിൽ അനുരഞ്ജനവും, കൃപകളും, കരുണയും പ്രാപ്തമാകുവാൻ അനുഗ്രഹദായകമാണ്.
നൈറ്റ് വിജിലിൽ വിശുദ്ധ കുർബ്ബാനയും, തിരുവചന ശുശ്രുഷയും, ആരാധനയും, ജപമാലയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുമ്പസാരത്തിനും, കൗൺസിലിംഗിനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പുതുവർഷത്തെ ക്രിസ്തുവിൽ സമർപ്പിച്ച്, പരിശുദ്ധ മാതാവിന്റെയും, വിശുദ്ധരുടെയും മാധ്യസ്ഥത്തിൽ ഒരുക്കുന്ന അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
മാത്തച്ചൻ വിലങ്ങാടൻ- 07915602258
നൈറ്റ് വിജിൽ സമയം: ജനുവരി 26, വെള്ളിയാഴ്ച, രാത്രി 8:00 മുതൽ 12:00 വരെ.
പള്ളിയുടെ വിലാസം:
St. Albans Church, Langadel Gardens, Hornchurch, RM12 5JX
നാലില്‍ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ജനവിധി ഞങ്ങള്‍ വിനയപൂര്‍വ്വം അംഗീകരിക്കുന്നു. പ്രത്യശാസ്ത്രപരമായ പോരാട്ടം തുടരും.’ -രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതിന് തെലങ്കാനയിലെ ജനങ്ങളോട് നന്ദി പറഞ്ഞ രാഹുല്‍ ഗാന്ധി, ‘പ്രജാലു തെലങ്കാന’ (ജനങ്ങളുടെ തെലങ്കാന) യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന ഉറപ്പും നല്‍കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി അധ്വാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റത് താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്നായിരുന്നു ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. പാര്‍ട്ടി ഇതിനെ അതിജീവിക്കുമെന്നും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിനോയ് എം. ജെ.
അറിവ് ജീവിതത്തിന്റെ അടിസ്ഥാനമാകുന്നു. നാം സദാ അറിവിൽ വളർന്നുകൊണ്ടേയിരിക്കുന്നു. ഒരാളുടെ ജീവിതം അറിവു സമ്പാദിക്കുവാൻ വേണ്ടി മാത്രം മാറ്റിവയ്ക്കുമ്പോൾ അയാൾ ‘ജ്ഞാനയോഗി’ ആകുന്നു. ജ്ഞാനയോഗി സദാ പഠിച്ചു കൊണ്ടേയിരിക്കുന്നു. നിരീക്ഷണമാകുന്നു അയാളുടെ ഏക കർമ്മം. അയാൾ ബാഹ്യലോകത്തെയും ആന്തരിക ലോകത്തെയും ഒരു കാഴ്ചക്കാരനെ പോലെ നോക്കി കാണുന്നു. കർമ്മം ചെയ്യാത്തതിനാൽ അയാളിൽ സ്വാർത്ഥതയോ അഹമോ ഉണ്ടാകുകയില്ല. യാഥാർഥ്യത്തെ മാറ്റുവാനുള്ള പരിശ്രമമാകുന്നു ഓരോ കർമ്മവും. അതിനാൽ തന്നെ കർമ്മം ചെയ്യുന്നവർക്ക് യാഥാർഥ്യത്തെ അതായിരിക്കുന്ന നിലയിൽ സ്വീകരിക്കുവാനാകുന്നില്ല. ആഗ്രഹത്താൽ പ്രചോദിതനായാണ് മനുഷ്യൻ കർമ്മം ചെയ്യുന്നത്. ഉദാഹരണത്തിന് മാർക്സിസത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരാൾ എല്ലായിടത്തും വർഗ്ഗസമരത്തെ(അങ്ങനെ ഒന്ന് ഇല്ലെങ്കിൽ പോലും) കാണുന്നു. അല്ലെങ്കിൽ പണമുണ്ടാക്കുവാൻ ശ്രമിക്കുന്ന ഒരാൾ എല്ലായിടത്തും പണത്തെയും ലാഭത്തെയും കാണുന്നു. യാഥാർഥ്യം അപ്രകാരം ആകണമെന്നില്ല. ഒരു രാഷ്ട്രീയക്കാരന്റെ ചിന്താഗതി അയാൾ പ്രവർത്തിക്കുന്ന പാർട്ടിക്ക് അനുകൂലമായി മാത്രം പോകുന്നു. അതിനു വിരുദ്ധമായി ചിന്തിക്കുവാൻ അയാളെ കൊണ്ടാകുന്നില്ല. പുരുഷൻമാർ നോക്കുമ്പോൾ തങ്ങൾ സ്ത്രീകളേക്കാൾ ശ്രേഷ്ഠർ. സ്ത്രീകൾ നോക്കുമ്പോൾ തങ്ങൾ പുരുഷൻമാരേക്കാൾ ശ്രേഷ്ഠർ. മുതലാളികൾ നോക്കുമ്പോൾ തൊഴിലാളികൾ അധമൻമാർ. തൊഴിലാളികൾ നോക്കുമ്പോൾ മുതലാളികൾ ചൂഷകർ. നാം എന്തിലെങ്കിലും പങ്കെടുത്താൽ അതിനനുകൂലമായി മാത്രം ചിന്തിക്കുന്നു. ഇവിടെ യാഥാർഥ്യം വളച്ചൊടിക്കപ്പെടുന്നു.
അതിനാൽ തന്നെ സത്യം അറിയണമെങ്കിൽ യാതൊന്നിലും പങ്കെടുക്കാതെയിരിക്കുവിൻ. നിങ്ങൾ ഒരു കാഴ്ചക്കാരനാകുവിൻ. അപ്പോൾ നിങ്ങൾക്ക് യാതൊന്നിനെയും വളച്ചൊടിക്കേണ്ട ആവശ്യമില്ല. എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിക്കുവിൻ. ജീവിതം ഒരു നിരീക്ഷണമായി മാറട്ടെ. ബാഹ്യലോകത്തെയും ആന്തരിക ലോകത്തെയും ഒരുപോലെ നിരീക്ഷിക്കുവിൻ. സാധന (അതൊരുതരം കർമ്മമാകുന്നു) യുടെ ആവശ്യം വാസ്തവത്തിൽ ഇല്ല. അറിവ് മാത്രമാണ് ശാശ്വതമായിട്ടുള്ളത്. നേട്ടങ്ങൾ ഒന്നും തന്നെ ശാശ്വതമല്ല. വിജയവും അപ്രകാരം തന്നെ. ജയാപജയങ്ങൾക്ക് നടുവിലും വർദ്ധിച്ചുവരുന്ന ഒന്നുണ്ട്. അതറിവാണ്. നിങ്ങൾ സമ്പാദിച്ച പണം നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം. സത്പേര് തിരോഭവിച്ചേക്കാം. വിജയം പരാജയത്തിന് വഴിമാറിയേക്കാം. എന്നാൽ അറിവാകട്ടെ സദാ വർദ്ധിച്ചുവരുന്നു. അതൊരിക്കലും പുറകോട്ടടിക്കില്ല. നേട്ടങ്ങളും, വിജയങ്ങളും, ഭോഗങ്ങളും നിങ്ങളുടെ മനസ്സിന്റെ മാത്രം സൃഷ്ടിയാണ്. അത് വസ്തുതകളോടുള്ള നിങ്ങളുടെ സമീപനത്തിന്റെ പരിണതഫലം മാത്രം. പണത്തെ സ്നേഹിക്കുന്നവന് മാത്രമേ അത് നേട്ടമായി അനുഭവപ്പെടൂ. ഈ ജഗത് മുഴുവൻ ഭോഗാത്മകമാണ്. അറിവാകട്ടെ അതിനുമപ്പുറത്താണ്. അറിവിനെ സ്നേഹിക്കുന്നവന് സുഖദു:ഖങ്ങളില്ല. അയാൾ എല്ലാറ്റിൽനിന്നും എന്തെങ്കിലും ഒക്കെ പഠിക്കുന്നു. ആ പഠനം ഒരാനന്ദമാണ്. വിജയിക്കുമ്പോൾ അയാൾ ചില കാര്യങ്ങൾ പഠിക്കുന്നു. പരാജയപ്പെടുമ്പോൾ വേറെ ചില കാര്യങ്ങളും. ആ അർത്ഥത്തിൽ വിജയവും പരാജയവും തമ്മിൽ വ്യത്യാസമില്ല. രണ്ടും അറിവ് സമ്പാദിക്കുവാനുള്ള ഉപാധികൾ മാത്രം. വിജയിക്കുമ്പോൾ ആനന്ദിച്ചുന്മാദിക്കേണ്ട കാര്യമില്ല; പരാജയപ്പെടുമ്പോൾ നിരാശയുടെ പടുകുഴിയിലേക്കു വീഴേണ്ടതുമില്ല. രണ്ടിൽ നിന്നും എന്തെങ്കിലും ഒക്കെ പഠിക്കുവിൻ! ആ അറിവാകട്ടെ നമ്മുടെ ഏക ആസ്വാദനം. സുഖത്തിൽ നിന്നും നിങ്ങൾ പഠിക്കുന്നു; ദുഃഖത്തിൽ നിന്നും നിങ്ങൾ പഠിക്കുന്നു. അറിവ് സമ്മാനിക്കുന്ന കാര്യത്തിൽ അവ രണ്ടും സമം സമം. സുഖദു:ഖങ്ങളിലെ ഈ സമത നിങ്ങളെ നിർവ്വാണത്തിലേക്ക് നയിക്കും.
നമ്മുടെ മുന്നിൽ പ്രത്യേകിച്ച് ആഗ്രഹമോ ലക്ഷ്യമോ ഉണ്ടാകേണ്ട ആവശ്യമില്ല. അവ ലൗകികമാകുന്നു. അറിവാകട്ടെ ലൗകികതക്കും അപ്പുറത്താണ്. യാഥാർഥ്യത്തെ അതായിരിക്കുന്നതുപോലെ തന്നെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ നിങ്ങളുടെ അറിവും ബുദ്ധിയും എല്ലാ പരിമിതികളും ലംഘിക്കുകയും അനന്തതയിലേക്ക് പ്രവേശിക്കുകയും ചെയ്യും. അപ്പോൾ നിങ്ങൾ എല്ലാം അറിയുന്നു. നിങ്ങൾ ഈശ്വരനിൽ ലയിക്കുന്നു. പിന്നീട് നിങ്ങൾക്ക്അവിടുത്തെ ഇഷ്ടം നിറവേറട്ടെ എന്നല്ലാതെ മറ്റൊരു പ്രർത്ഥനയോ ആഗ്രഹമോ ഉണ്ടായിരിക്കുകയില്ല. കാരണം നിങ്ങളുടെ പരിമിതമായ ഇഷ്ടാനിഷ്ടങ്ങളെയും മനസ്സിനെയും നിങ്ങൾ ഉപേക്ഷിച്ചുകഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് ഈശ്വരൻ അനന്താനന്ദസ്വരൂപിയാണെന്ന് നിങ്ങൾ അറിയുന്നത്. സ്വാർത്ഥമോഹങ്ങളുടെ പിറകേ പോകുന്നത് മഠയത്തരമാണെന്ന് അപ്പോൾ മാത്രമേ നമുക്ക് മനസ്സിലാകൂ. സ്വാർത്ഥത പരിമിതിയെ സൂചിപ്പിക്കുന്നു. അവിടെ മനസ്സും, അറിവും, ബുദ്ധിയും പരിമിതപ്പെടുന്നു. ആശയക്കുഴപ്പങ്ങളും, മനോസംഘർഷങ്ങളും, അൽപത്തവും നിങ്ങളെ വിട്ടു പിരിയുകയില്ല. മരണഭയം നിങ്ങളെ വേട്ടയാടും. ഈ ലൗകികമായ കാര്യങ്ങളിൽ മനസ്സ് ഉടക്കി പോകാതെയിരിക്കുവാൻ അതിനുമപ്പുറത്തുള്ള അറിവിൽ നിങ്ങളുടെ മനസ്സിനെ പ്രതിഷ്ഠിക്കുവിൻ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
വിനോദ് വൈശാഖി
ഓരോ പെണ്ണിലും
ഓരോ സൂര്യോ ദയമുണ്ട്.
പുരികക്കളിയാൽ
ഹൃദയത്തെ ഒടിച്ചു മടക്കി
ഓരോ ആണിനെയും
ചുരുട്ടിയെറിയുന്ന
പുരികങ്ങൾക്കിടയിലെ
സൂര്യോദയം.
രണ്ടു ചുരിക പോലെ
വാൽ കൂർപ്പിച്ച്
നടുവിൽ പരിച പോലെ
പയറ്റുന്ന സൂര്യൻ
പുരിക വില്ലുകളാൽ
എയ്തെയ്ത്
അശോകവും
അരവിന്ദവും ചൂതവും
നവമാലികയും
മേലാകെ
കൊതിച്ചു വിടരാതെ
തടുത്തു
രണ്ടു കുന്നുകൾ പോലെ
പുരികങ്ങൾ
രാത്രിയിലെ മങ്ങലിൽ നിന്നും
പ്രഭാതത്തിലേക്കൊരു
വിടരൽ.
കാർമേഘങ്ങളുടെ
മണം കൊഴിഞ്ഞ
കടലിൽ നിന്നും
ചാടിയെഴുന്നേറ്റ്
സ്ഫടികത്തുള്ളികളാൽ
ഉടലെഴുതി
കാർമേഘക്കുതിരകളെ
ചുരുട്ടിക്കെട്ടി
പുരികക്കുന്നിലേക്ക്
വലം കയ്യാലൊരു
സൂര്യനെ വച്ച്
നെടുനീളത്തിലവൾ
ചുവന്നു
ചോറ്റുപാത്രത്തിലേക്കും
മകൻ കിളിയായ് പറക്കും
പാഠശാലയിലേക്കും
ഊളിയിട്ട്
അവൾ സൂര്യനെ ഉയർത്തി
ഒറ്റപ്പുരികം പോലെ
മേൽക്കൂര
മഴക്കൂരയായ
കലികയറിയ
പ്രഭാതത്തിൽ
പുരികക്കൂനകളിലേക്ക്
പനി പിടിച്ച സൂര്യൻ
ഓരോ പെണ്ണിലും
ഓരോ സൂര്യാസ്തമയമുണ്ട്
അവളുടെ
ജലപ്പൂവുകൾക്കിടയിൽ
സൂര്യൻ
അസ്തമിക്കുന്ന ഒരു ദിവസം
ഉള്ളഴിഞ്ഞ്പടപടാന്ന്
പിഴിഞ്ഞ് ചുവന്ന്
കടലാഴത്തിലേക്കെടുത്തു ചാടി
തണുക്കുന്ന അസ്തമയം
പുരികങ്ങൾക്കിടയിലേക്ക്
ഏന്തി വലിഞ്ഞ്
നാളെയും
ഒന്നുദിക്കണം.
വിനോദ് വൈശാഖി
മലയാളം മിഷൻ രജിസ്ട്രാർ . ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിൽ കരുംകുളത്ത് ജനനം. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും നേടിയ ശേഷം ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. കവി, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനായും കേരളസർവകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സാംസ്കാരികവകുപ്പിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
കൃതികൾ : മഴയെരിയും കാലം(കവിതാ സമാഹാരം) , കൈതമേൽപ്പച്ച (കവിതാ സമാഹാരം) ,
ഇലകൾവെള്ളപൂക്കൾപച്ച (ബാല കവിതകൾ, സമാഹരണം) , ഓലപ്പൂക്കൾ (ബാലസാഹിത്യ കാവ്യം)
പുരികങ്ങൾക്കിടയിലെ സൂര്യോദയം (കവിതാ സമാഹാരം) , ചായക്കടപ്പുഴ
പുരസ്കാരങ്ങൾ : കുളത്തൂർ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി കവിതാ പുരസ്കാരം(1997) ,
കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998) , പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003) , വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി കവിതാപുരസ്കാരം (2008) ,
യുവധാര അവാർഡ് (2009) , പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017) , തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017) , അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു(2018) , അക്ഷര മനസ്സ് ആർ പി പുരസ്കാരം(2018) , പുനലൂർ ബാലൻ കവിതാ പുരസ്കാരം (2018) , കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം “ഓലപ്പൂക്കൾ “(2019) , ആവള ടി മാനവ പുരസ്കാരം(2019) , മൂലൂർ പുരസ്കാരം(2020) , അധ്യാപകലോകം അവാർഡ്(2021) , എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (2021 ) , ചുനക്കര രാമൻകുട്ടി പ്രഥമകവിതാ പുരസ്കാരം (2021) , ശൂരനാട് രക്തസാക്ഷി സ്മരണ പുരസ്കാരം(2021)
ഫാ. ഹാപ്പി ജേക്കബ്ബ്
” ഐക്യത്തിന്റെ സന്ദേശം; പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും സിംഫണി ” .
ആഹ്ളാദത്തിന്റെയും സന്തോഷത്തിന്റെയും സുമനസ്സുകളുടേയും സമയമായ ക്രിസ്തുമസ് കടന്നു വന്നിരിക്കുന്നു. യുഗങ്ങളിലൂടെ പ്രതിധ്വനിയായി മാറിയ മോഹിപ്പിക്കുന്ന ഈണങ്ങളുമായി ഇഴചേർന്നിരിക്കുന്ന വലിയ പെരുന്നാൾ . ഈ സ്വർഗ്ഗീയമായ ആഘോഷത്തിന്റെ അഭിവാജ്യ ഘടകമാണ് സംഗീതം. രക്ഷകനായ യേശുക്രിസ്തുവിന്റെ ജനനത്തിൽ പ്രകടമാക്കപ്പെട്ട പ്രത്യാശയുടെയും സന്തോഷത്തിന്റെയും അഗാധമായ സന്ദേശത്തെയാണ് ക്രിസ്തുമസ് കാലം പ്രതിധ്വനിപ്പിക്കുന്നത്.
1) ബൈബിൾ വിവരണത്തിലെ സംഗീതം.
ദൈവിക സാന്നിധ്യത്തെ പ്രതിധ്വനിപ്പിക്കുകയും ക്രിസ്തുമസ്സിന്റെ സത്വത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന സംഗീതത്തിന്റെ സ്വരച്ചേർച്ചയെ വി. വേദപുസ്തകം പ്രതിധ്വനിപ്പിക്കുന്നു. സങ്കീർത്തനങ്ങളും ; സ്തുതിയും ആരാധനയും, കരാൾ ഗാനങ്ങളും ഒരു ആധ്യാത്മിക സിംഫണിയായി ഈ കാലത്തിൻറെ സന്തോഷകരമായ ചൈതന്യം നമുക്ക് തരുന്നു. 1 ദിനവൃത്താന്തം 16: 23 -24 സർവ്വഭൂവാസികളുമേ യഹോവയ്ക്ക് പാടുവിൻ, നാൾക്കുനാൾ അവൻറെ രക്ഷയെ പ്രസ്താവിപ്പിൻ. ജാതികളുടെ നടുവിൽ അവൻറെ മഹത്വവും സർവ്വ വംശങ്ങളുടെയും മധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിൻ. വാക്കുകളിലൂടെ മാത്രമല്ല ജീവിതത്തിലൂടെയും അവൻറെ മഹത്വത്തെ അറിയിക്കുവാൻ നമുക്ക് കഴിയുമോ .
2) ക്രിസ്തുമസിന്റെ മെലഡികൾ
ക്രിസ്തുമസ് രാവുകൾ സജീവമാക്കുന്ന സംഗീത നിരയിൽ അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവപ്രീതിയുള്ള മനുഷ്യർക്ക് സമാധാനം എന്ന് അന്ന് പാടിയ മാലാഖമാരുടെ ഗാനങ്ങൾ മുതൽ 1 താഴ്മയുള്ളവരുടെ അർപ്പിത സ്തുതി ഗീതങ്ങളും തിരുവെഴുത്തിലെ മർമ്മങ്ങളെ ഈ കാലഘട്ടത്തിൽ സജീവമാക്കുന്നു. ദൈവിക ഇടപെടലുകളുടെയും മാനുഷിക പ്രതികരണങ്ങളുടെയും ഊടും പാവും നെയ്തിട്ടുള്ള ആത്മീക തലങ്ങളുടെ നൈതീക പ്രതിധ്വനിയായി നമുക്ക് ഗ്രഹിക്കാം. ഇടയന്മാരുടെ സ്വർഗീയ സംഗീതവും രാത്രിയുടെ അന്ധകാരത്തെ നീക്കിയ പ്രകാശിപ്പിക്കുന്ന സ്വർഗ്ഗീയ തേജസിൽ നിന്ന് നമുക്കും പാടാം ; ” അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രീതിയുള്ള മനുഷ്യർക്ക് സമാധാനം ” . ലൂക്കോസ് 2: 14
3) ക്രിസ്തുമസ് സംഗീതത്തിന്റെ പ്രസക്തിയും സ്വാധീനവും .
ക്രിസ്തുമസ് . സംഗീതത്തിൻറെ അതീന്ദ്രിയമായ ശക്തി കേവലം കുറിപ്പുകൾക്കും , വരികൾക്കും , ഈണങ്ങൾക്കും വ്യക്തികൾക്കും അപ്പുറമാണ്. ആത്മാക്കളെ ഉണർത്തുവാനും , സമൂഹങ്ങളെ ഒന്നിപ്പിക്കുവാനും , സമാധാനത്തിനായി കൊതിക്കുന്ന മാനുഷിക മനസ്സുകൾക്ക് പ്രത്യാശ നൽകുവാനും ഈ ചിന്തകൾ ധാരാളമാണ്. കാരൾ ഗാനങ്ങളിലൂടെയും , സ്തുതി ഗീതങ്ങളിലൂടെയും, ഇമാനുവേലിന്റെ ദൈവം നമ്മോടുള്ള – സ്നേഹത്തിൻറെ ശാശ്വതമായ ജ്വാലയെ പുനർജീവിപ്പിക്കുന്നതിന്റെ പഴക്കമില്ലാത്ത കഥ നാം ഇന്നും പാടുന്നു .ദൂതൻ അവരോട് പറഞ്ഞു; ഭയപ്പെടേണ്ട, സർവ്വജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാ സന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്ക് അടയാളമോ, ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും . ലൂക്കോസ് 2: 10, 11 .
4) സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ക്രിസ്തുമസ് സിംഫണി .
ക്രിസ്തുമസ് ഗാനങ്ങളും ചിന്തകളും , രീതികളും പാലിക്കുവാനും പാലിക്കപ്പെടുവാനും ഉള്ളതാണ്. കേൾവിക്കാരും കാഴ്ചക്കാരും മാത്രമായി നാം കഴിഞ്ഞ നാളുകൾ ചിലവാക്കി. നന്മയുടെയും , അനുകമ്പയുടെയും സ്നേഹത്തിന്റെയും കരുണയുടെയും ശ്രുതിമധുരമായ ഇഴയടുപ്പം ഉള്ള അനുഭവം ആയി നമ്മുടെ ജീവിതത്തോട് ചേർത്ത് വയ്ക്കാം. അനുകരണവും ആർഭാടവും ജഡികതയുംമാറി ഈ കാലഘട്ടത്തിൻറെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ക്രിസ്തുമസ് സിംഫണിയിൽ നമുക്കും പങ്കുകാരാകാം. “വാക്കിനാലോ പ്രവർത്തിയിലോ എന്ത് ചെയ്താലും സകലവും കർത്താവിൻറെ നാമത്തിൽ ചെയ്യും അവൻ മുഖാന്തിരം പിതാവായ ദൈവത്തിനു സ്തോത്രം പറയുവിൻ. കൊലോസ്യർ 3: 17.
നമ്മുടെ ഗാനങ്ങളും , ശുശ്രൂഷകളും, അലങ്കരിച്ച ക്രിസ്തുമസ് ഇടങ്ങളും പ്രതീക്ഷയുടെയും , സ്നേഹത്തിന്റെയും , സമാധാനത്തിന്റെയും ശാശ്വതമായ ദൈവകൃപയ്ക്ക് നമ്മുടെ ജീവിതം മുഖാന്തരം ആകട്ടെ എന്ന് ആശംസിക്കുന്നു.
ക്രിസ്തുമസ് ആശംസകളോടെ — ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
കവൻട്രി: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടത്തിവരുന്ന ക്രിസ്‌മസ് കരോൾ ഗാനമത്സരത്തിന്റെ ആറാം പതിപ്പ് 2023 ഡിസംബർ 9 ശനിയാഴ്ച കവൻട്രിയിൽ വച്ചു നടത്തപ്പെടുന്നു. കവെൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളബിൽ ഉച്ചയ്ക്ക് 12 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെയും ഗായകസംഘങ്ങളുടേയും ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും. യുകെയിലെ പ്രശസ്ത ഗായകരും സംഗീതജ്ഞരും പരിപാടിയിൽ പങ്കെടുക്കും.
മുൻവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക.
കൂടുതൽ ക്വയർ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. കരോൾ സന്ധ്യയോടനുബന്ധിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും, രുചികരമായ കേക്ക്, ഫുഡ് സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരം കണ്ടാസ്വദിക്കുന്നതിനായി എല്ലാ സംഗീതപ്രേമികളെയും കവൻട്രിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Venue Address: Willenhall Social Club, Robinhood Road, Coventry, CV3 3BB
Contact numbers: 07958236786 / 07828456564 / 07720260194
മലയാളിയായ നേഴ്സിംഗ് വിദ്യാർത്ഥിനിയെ ചെന്നൈയിൽ ആൺ സുഹൃത്ത് കഴുത്തു ഞെരിച്ചു കൊന്നു. കൊല്ലം തെന്മല സ്വദേശിനി ഫൗസിയ ( 20 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ (20) പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിനുശേഷം മൃതദേഹത്തിന്റെ ചിത്രം ആഷിഖ് സ്റ്റാറ്റസിട്ടു . ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോൻസാമ്മയുടെ കബറിടത്തില്‍ നടി മോഹിനി അടുത്തിടെ എത്തിയിരുന്നു.ഇവിടെ വെച്ച് തന്റെ ജീവിതത്തെക്കുറിച്ച് മോഹിനി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,
‘എന്റെയും അല്‍ഫോൻസാമ്മയുടെയും ബന്ധം തുടങ്ങുന്നത് മാമോദീസയ്ക്ക് മുമ്പാണ്. അപ്പോള്‍ ഇവര്‍ വിശുദ്ധരല്ല. ഇവിടെ അടുത്തൊരു ഷൂട്ടിംഗിന് വന്നതായിരുന്നു ഞാൻ. അപ്പോഴേക്കും ജീസസിനെ എന്റെ സ്വപ്നത്തില്‍ കണ്ട് കഴിഞ്ഞിട്ടുണ്ട്. അന്നെനിക്കൊരു വിഷൻ കിട്ടി. മിസ്റ്ററീസ് ഓഫ് ലൈറ്റില്‍ വരുന്ന ട്രാൻസ് ഫിഗറേഷൻ. അത് എന്താണെന്ന് എനിക്കൊരു പിടിയുമില്ല. അന്ന് ഇവിടെ അടുത്തൊരു സ്റ്റാള്‍ ഉണ്ട്. അടുത്ത ഷോട്ടിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു സിസ്റ്ററിനോട് ഇതേക്കുറിച്ച് ചോദിച്ചു. ജീസസിനെ ലൈറ്റിട്ടത് പോലെ കണ്ടു എന്ന് പറഞ്ഞു. മിസ്റ്ററീസ് ഓഫ് ലൈറ്റ് ആണെന്ന് സിസ്റ്റര്‍ മറുപടി നല്‍കി. പിന്നീട് അവര്‍ വന്ന് നിനക്ക് ജീസസിനെ ഇഷ്ടമാണോ എന്ന് ചോദിച്ചു. അന്ന് എന്നെ എല്ലാവരും അറിയുന്നത് ഒരു പട്ടത്തിയായിട്ടും നടിയായുമായാണ്.
ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അല്‍ഫോൻസാമ്മയുടെ കബറില്‍ പോയി പ്രാര്‍ത്ഥിക്കാൻ പറഞ്ഞു. കബര്‍ എന്ന് പറഞ്ഞതോടെ എനിക്ക് പേടിയായി. ബ്രാഹ്മണ സംസ്കാരത്തില്‍ കബറിലൊന്നും സ്ത്രീകള്‍ പോകാറില്ല. പക്ഷെ ക്രിസ്റ്റ്യാനിറ്റിയില്‍ കബര്‍ സ്വര്‍ഗവും ഭൂമിയും ഒന്നിക്കുന്ന സ്ഥലമാണ്. പക്ഷെ അന്ന് കബറില്‍ പോകുന്നില്ലെന്നാണ് പറഞ്ഞത്. മകന് അസുഖം വന്നപ്പോഴാണ് പിന്നീട് അല്‍ഫോൻസാമ്മയുടെ കബറില്‍ എത്തുന്നത്.
എന്റെ രണ്ടാമത്തെ മകൻ ജനിച്ചപ്പോള്‍ അവന് ഫെബ്രെെല്‍ സൈഷേര്‍സ് എന്ന കണ്ടീഷൻ ഉണ്ടായിരുന്നു. എന്തായാലും ഹോളിഡേയ്ക്ക് കൊച്ചിയില്‍ പോകുന്നുണ്ട്. എനിക്ക് അല്‍ഫോൻസാമ്മയെ കാണണമെന്ന് ഞാൻ ഭര്‍ത്താവിനോട് പറഞ്ഞു. അങ്ങനെ ഞങ്ങളിവിടെ വന്നു. അന്ന് ഞാൻ മകനെ ഈ കബറിന് മുകളില്‍ വെച്ചു. അപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. അവന് അന്ന് ആറ് മാസമേ ആയിട്ടുള്ളൂ.
അല്‍ഫോൻസാമ്മ. ഇന്ന് മുതല്‍ ഇവൻ എന്റെ മകനല്ല, നിങ്ങളുടെ മകനാണ്. ഈ അസുഖം അവന് തിരിച്ച് വരാൻ പാടില്ല. അത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് ഞാൻ പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ അവന് 13 വയസ് ആകുന്നു. ഇന്ന് വരെ ഒരു പ്രാവശ്യം പോലും അവന് അങ്ങനെയൊരു അസുഖം വന്നിട്ടില്ല’- മോഹിനി പറയുന്നു.
ന്യൂസ് ഡെസ്ക് . മലയാളം യുകെ
കെട്ടിലും മട്ടിലും ഘടനയിലും ഉള്ളടക്കത്തിലും തികച്ചും വ്യത്യസ്തമായ ഒരു ആധ്യാത്മികാനുഭവത്തിനാണ് ചങ്ങനാശ്ശേരി അതിരൂപതയിലെ താഴത്തു വടകര ലൂർദ് മാതാ ദേവാലയം സാക്ഷ്യം വഹിച്ചത്.
അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നൂറുമേനി രണ്ടാംഘട്ടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞ ഞായറാഴ്ച്ച ഇടവക വികാരി റവ. ഫാ. ജോൺസൺ തുണ്ടിയിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക് ശേഷം സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ വിമൻസ് ഫോറം സ്ഥാപക പ്രസിഡന്റും പാസ്റ്ററൽ കൗൺസിൽ ജോയിൻറ് സെക്രട്ടറിയുമായ മിസ്സിസ് ജോളി മാത്യു നിർവ്വഹിച്ചു .
മതബോധന അധ്യാപകരും സിസ്റ്റേഴ്സുമുൾപ്പെടെ നൂറ് കണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു.
ക്രിസ്തുരാജാ തിരുന്നാളിനോട് അനുബന്ധിച്ച് ഇടവകയിലെ 180 ഓളം വരുന്ന 1 മുതൽ 12 വരെയുള്ള മതബോധന ക്ലാസിലെ കൗമാരക്കാരുടെ ഒരു ദിവസം തന്നെയായിരുന്നു കഴിഞ്ഞ ഞായറാഴ്ചയിലേത്. ചട്ടയും മുണ്ടും നേര്യതും കൊന്തയും വെന്തിങ്ങായും ധരിച്ച പെൺകുട്ടികളും വെള്ള ഷർട്ടും മുണ്ടും ധരിച്ച ആൺകുട്ടികളുടെയും വസ്ത്രധാരണരീതി നസ്രാണി പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു. അന്നേ ദിവസം ദേവാലയത്തിൽ നടന്ന എല്ലാ തിരുക്കർമ്മങ്ങൾക്കും നേതൃത്വം നൽകിയത് ഈ കൗമാരക്കാർ ആയിരുന്നു എന്നത് വേറിട്ട അനുഭവമായിരുന്നു. ഭക്തിസാന്ദ്രമായ ദിവ്യബലിക്കും ആഘോഷപൂർണ്ണമായ പ്രദിക്ഷണത്തിനും ശേഷം പള്ളിയങ്കണത്തിൽ വച്ച് കാലിക പ്രസക്തിയേറെയുള്ള ഒരു വിഷയത്തെ ആസ്പദമാക്കി ഒരു പഠന കളരിയും നടത്തുകയുണ്ടായി.
കൗമാരക്കാർ ഇന്ന് നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും എങ്ങനെ ബുദ്ധിയുടെയും ആധ്യാത്മികതയുടെയും വൈകാരികതയുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ നേരിടാൻ കഴിയും എന്ന വിഷയത്തെ സമഗ്രമായി അവതരിപ്പിച്ചത് ജോളി മാത്യു കുട്ടികൾക്ക് ക്ലാസെടുത്തു .
രൂഢമൂലമായ വിശ്വാസത്തിന്റെയും ആ വിശ്വാസത്തിൻറെ അടിത്തറയായ ദൈവവചനത്തിന്റെയും ശക്തിയാൽ ഒരു ജീവിതചര്യ ക്രമപ്പെടുത്തുന്നതിന്റെ ആവശ്യകത അവർ വ്യക്തമാക്കി. കുടുംബവും സഭയും സമൂഹവും ഒന്നുചേർന്ന് വിശ്വാസത്തിന്റെയും വചനത്തിന്റെയും പിൻബലത്തിൽ കരു പിടിപ്പിച്ചെടുത്ത് പരിപോഷിപ്പിക്കുന്ന ഒരു യുവതലമുറയ്ക്ക് ഏത് വെല്ലുവിളിയെയും പ്രതിസന്ധികളെയും നേരിടാൻ കഴിയും എന്ന് അടിവരയിട്ട് സൂചിപ്പിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികളോടെ ചടങ്ങുകൾ അവസാനിച്ചു.