ഇസ്രയേല്‍ ഇറാന്‍ യുദ്ധം പുരോഗമിക്കവെ ഇസ്രയേലിന്റെ യുദ്ധതന്ത്രവും ശ്രദ്ധേയമാകുന്നു. ഇറാന്‍ പതിറ്റാണ്ടുകള്‍ കൊണ്ട് പശ്ചിമേഷ്യയില്‍ പടുത്തുയര്‍ത്തിയ സായുധ സഖ്യകക്ഷികളെയെല്ലാം ഇസ്രയേല്‍ യു.എസിന്റെ സഹായത്തോടെ തകര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ ഇസ്രയേല്‍ നേരിട്ട് ഇറാനെതിരെ ആയുധം പ്രയോഗിച്ച് തുടങ്ങിയപ്പോള്‍ സഖ്യകക്ഷികളില്ലാതെ മേഖലയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇറാന്‍.
ലെബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതികള്‍, ഇറാഖിലെ ഷിയ മിലിഷ്യകള്‍ എന്നിവരെയാണ് സുന്നി മേധാവിത്വമുള്ള പശ്ചിമേഷ്യയിലെമ്പാടുമായി ഇറാന്‍ പടുത്തുയര്‍ത്തിയ ശക്തികള്‍. പശ്ചിമേഷ്യയില്‍ ഇറാന് ശക്തമായി ഇടപെടാന്‍ കഴിയുന്ന തരത്തില്‍ സിറിയയില്‍ അസദ് ഭരണകൂടവുമുണ്ടായിരുന്നു. എന്നാലിന്ന് പശ്ചിമേഷ്യയില്‍ ഇറാന്‍ ഒറ്റയ്ക്കാണ്.
ഗാസയിലും പലസ്തീന്‍ മേഖലകളിലും സ്വാധീനമുണ്ടായിരുന്ന ഹമാസിനെ 2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന് ശേഷം ഇസ്രയേല്‍ രണ്ടുവര്‍ഷം കൊണ്ട് ഏതാണ്ട് നിശ്ചലമാക്കി. അതിന്റെ തലവന്മാരെയും നേതാക്കളെയും സാമ്പത്തിക ശേഷിയേയും നിര്‍മാര്‍ജനം ചെയ്തു. ഇതേ സമയത്ത് തന്നെ ഇസ്രയേലിനെതിരെ ആക്രമണം നടത്തിക്കൊണ്ടിരുന്ന ഹിസ്ബുള്ളയെയും ഇസ്രയേല്‍ നേതാക്കളെ തിരഞ്ഞുപിടിച്ച് വധിച്ച് തളര്‍ത്തി. യു.എസിന്റെ സഹായത്തോടെ യെമനിലെ ഹൂതി വിമതരെ വ്യോമാക്രമണങ്ങളിലൂടെ സാമ്പത്തികമായി തളര്‍ത്തി. ഇറാഖിലെ ഷിയ സായുധ സംഘങ്ങളെ ആഭ്യന്തര കുഴപ്പങ്ങളുണ്ടാക്കി ചിതറിച്ചു. ഇക്കൂട്ടത്തില്‍ പിടിച്ചുനില്‍ക്കുന്നത് യെമനിലെ ഹൂതികള്‍ മാത്രമാണ്.
ഈ അവസരത്തിലാണ് ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രയേല്‍ നേരിട്ട് ആക്രമണം തുടങ്ങിയത്. ഇറാനിലെ ആയത്തുള്ള അലി ഖമീനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലികിനെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇസ്രയേലിന്റെ ആത്യന്തിക ലക്ഷ്യം.
ലെബനനിലെ സായുധ ഷിയാ സംഘമാണ് ഹിസ്ബുള്ള. ഇറാന്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ ഏറ്റവും ശക്തരായ സായുധ സംഘടനകളിലൊന്ന്. എന്നാല്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇറാന്‍ ആകാശത്ത് നിര്‍ബാധം കയറിയിറങ്ങി ആക്രമിക്കുമ്പോഴും ഹിസ്ബുള്ള ഒരു വെടിയുണ്ടപോലും ഉതിര്‍ത്തിട്ടില്ല എന്നതാണ് ശ്രദ്ധേയം. 2023ന് മുമ്പാണ് ഇസ്രയേല്‍ ഇങ്ങനെയൊരു സാഹസം കാട്ടിയിരുന്നതെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു. എന്നാല്‍ ഇന്ന് ഹിസ്ബുള്ളയുടെ നേതൃനിര പൂര്‍ണമായും തകര്‍ന്നു. സംഘടനയെ മുന്നോട്ടുചലിപ്പിക്കാന്‍ സാധിക്കുന്ന പുതിയ നിര വളര്‍ന്നുവരുന്നതേയുള്ളു. സംഘടനയുടെ ദീര്‍ഘകാല നേതൃത്വമായിരുന്ന ഹസ്സന്‍ നസറള്ളയെ ഇസ്രയേല്‍ വധിച്ചതോടെയാണ് അവരുടെ പതനം തുടങ്ങിയത്. നിലവിലെ മേധാവിയായ നസീം ഖസീം ഇറാന്‍ ഭരണകൂടത്തിന്റെ നിഴലായി മാറുന്നതിന് പകരം ലെബനനില്‍ സ്വന്തമായി ഒരു അടിത്തറയുണ്ടാക്കണമെന്ന പക്ഷക്കാരനാണ്. ഇറാനുമായുള്ള ബന്ധത്തിന്റെ യാതൊരു സൂചനകളും പുറമേക്ക് കാണാനുമില്ല. സിറിയയിലെ ബാഷര്‍ അസദ് ഭരണകൂടം 2024ല്‍ താഴെവീണതിന് പിന്നാലെ ഹിസ്ബുള്ളയുമായുള്ള നേരിട്ടുള്ള ബന്ധം ഇറാന് നഷ്ടപ്പെട്ടു. സിറിയ വീണതോടെ ഹിസ്ബുള്ള സാമ്പത്തികമായി തകരുകയും ചെയ്തു.
ഇസ്രയേല്‍- പലസ്തീന്‍ വിഷയത്തില്‍ എപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന പേരിലൊന്നാണ് ഹമാസ്. പലസ്തീനികളുടെ ചെറുത്തുനില്‍പ്പിന്റെ ഭാഗമാണ് ഹമാസെന്ന് ഇസ്രയേലിന്റെ അടുപ്പക്കാര്‍ പോലും കരുതിയിരുന്ന കാലമുണ്ടായിരുന്നു. എല്ലാം തകിടം മറിഞ്ഞത് 2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തോടെയാണ്. അതുവരെ നിരന്തരം ഇസ്രയേലിലേക്ക് റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളുമടക്കം ഉപയോഗിച്ച് ആക്രമിച്ചുകൊണ്ടിരുന്ന ഹമാസ് ഇസ്രയേലിനുള്ളില്‍ കടന്ന് നിരവധി ആളുകളെ കൊല്ലുകയും ബന്ധികളാക്കുകയും ചെയ്തതോടെ പല രാജ്യങ്ങളില്‍ നിന്നുള്ള മാനസിക പിന്തുണ ഹമാസിന് നഷ്ടപ്പെട്ടു.
ഈ അവസരം പ്രയോജനപ്പെടുത്തി ഇസ്രയേല്‍ അനിശ്ചിതകാല യുദ്ധമാണ് ഹമാസുമായി തുടരുന്നത്. ഹമാസിനോടുള്ള യുദ്ധത്തില്‍ ഗാസ നരകത്തേക്കാള്‍ മോശമായി. ജനങ്ങളും കുട്ടികളും നിരാലംബരായി. എന്നാല്‍ ബന്ധികളെ മുഴുവന്‍ വിട്ടയയ്ക്കാതെ യുദ്ധം അവസാനിക്കില്ലെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഹമാസിന്റെ നേതൃനിരയിലുള്ളവരെ മുഴുവന്‍ ഇസ്രയേല്‍ വധിച്ചു. നിലവില്‍ ഇസ്രയേലിന്റെ സൈനിക നീക്കത്തെ ഗാസയ്ക്കുള്ളില്‍ പ്രതിരോധിക്കുന്നതില്‍ മാത്രമാണ് ഹമാസിന്റെ ശ്രദ്ധമുഴുവന്‍.
യെമനിലെ ഹൂതികളാണ് നിലവില്‍ അല്‍പം കരുത്തുകാണിക്കുന്ന ഇറാന്റെ സഖ്യകക്ഷി. അടുത്തിടെ ഇസ്രയേലിലേക്ക് അവര്‍ മിസൈലുകള്‍ വര്‍ഷിച്ചിരുന്നു. എന്നാല്‍ ഇസ്രയേലിന് അതിലും കവിഞ്ഞ് ആക്രമിക്കാനുള്ള സാമ്പത്തിക ശേഷിയിലല്ല ഹൂതികള്‍. ഇസ്രയേലും യു.എസും പലപ്പോഴായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നടത്തിയ വ്യോമാക്രമണങ്ങള്‍ അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളെയും അടിസ്ഥാന സൌകര്യങ്ങളെയുമാണ് തകര്‍ത്തത്.
കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലിലുമായി നിരവധി വ്യോമാക്രമണങ്ങളാണ് ഹൂതികള്‍ക്ക് നേരിടേണ്ടി വന്നത് ഇതേതുടര്‍ന്ന് നിരവധി മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിക്കപ്പെട്ടു. ഇറാനുമായി ബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും മറ്റ് സംഘടനകളേപ്പോലെ നേരിട്ടുള്ള നിയന്ത്രണം ഇറാന് ഇവരുടെ മേലില്ല എന്നാണ് വിലയിരുത്തല്‍.
ഇറാഖിലെ യു.എസ് ഇടപെടലിന് ശേഷമാണ് ഇറാന്‍ പ്രോക്‌സിവാര്‍ അവിടെ ശക്തമാക്കിയത്. ഇറാഖിലെ ഇറാന്‍ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇറാഖിലെ നിലവിലെ ഭരണകൂടത്തിന് മേല്‍ ചെറുതല്ലാത്ത സ്വാധീനമുണ്ടെങ്കിലും ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ അപലപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഒതുങ്ങി ഇവരുടെ പ്രവര്‍ത്തനം. നിലവിലെ യുദ്ധത്തില്‍ ഇടപെടാതിരിക്കുകയാണ് നല്ലതെന്ന് ഇറാഖ് പ്രധാനമന്ത്രി സംഘടനയെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.
പശ്ചിമേഷ്യയിലെ നേരിട്ടുള്ള സൈനിക ശക്തികളൊക്കെ നിര്‍വീര്യമായതോടെ ഇറാന് സഹായം ലഭിക്കേണ്ടത് റഷ്യയില്‍ നിന്നായിരുന്നു. പക്ഷെ യുക്രൈനുമായി വര്‍ഷങ്ങളായി തുടരുന്ന യുദ്ധം മറ്റൊരു സൈനിക ഇടപെടലില്‍ നിന്ന് അവരെ തടയുന്നുണ്ട്. മാത്രമല്ല ഇസ്രയേലുമായി റഷ്യ ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തുന്നത്. അതിനാല്‍ റഷ്യയുടെ നേരിട്ടുള്ള ഇടപെടല്‍ പ്രതീക്ഷിക്കേണ്ടതില്ല.
പിന്നെയുള്ളത് ചൈനയും ഉത്തരകൊറിയയുമാണ്. യുദ്ധത്തില്‍ ആയുധ സഹായം രഹസ്യമായി നല്‍കാന്‍ ചൈന തയ്യാറായേക്കും. എന്നാല്‍ നേരിട്ടുള്ള ഇടപെടല്‍ യു.എസിനെ മേഖലയില്‍ കൂടുതല്‍ ഇടപെടിക്കുന്നതിലേക്ക് നയിക്കുമെന്നതിനാല്‍ ചൈന അതിന് തയ്യാറായേക്കില്ല. ഉത്തരകൊറിയ വിദൂര കക്ഷിയാണ്. നേരിട്ടുള്ള സഹായത്തിന് അവര്‍ പ്രാപ്തരുമല്ല. മുമ്പ് ഇറാന്‍ മിസൈല്‍ പദ്ധതികള്‍ക്ക് ഉത്തരകൊറിയ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
മേഖലയിലെ പ്രധാനപ്പെട്ട രാജ്യമായ ഇന്ത്യ ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കാരണം ഇറാനും ഇസ്രയേലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായക രാജ്യങ്ങളാണ്. രാജ്യസുരക്ഷയുമായും ആഗോള താത്പര്യവുമായും ബന്ധപ്പെട്ടിരിക്കുന്ന ഈ രണ്ടുരാജ്യങ്ങളെയും യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പാക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ നടത്തിയിട്ടുള്ളു. ഇറാനില്‍ ഇന്ത്യയ്ക്ക് സാമ്പത്തിക താത്പര്യങ്ങളുണ്ട്. ഇറാനിലെ ഛബഹാര്‍ തുറമുഖം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇസ്രയേലാകട്ടെ ഇന്ത്യയുടെ പ്രതിരോധ പങ്കാളിയും. നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ ഇക്കാര്യത്തില്‍ സ്വയം പോരാടേണ്ടി വരും.
ഇതേസമയം തൊട്ടയല്‍പ്പക്കത്തെ ആണവ ശക്തിയായ പാകിസ്താനെ യു.എസ് വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. പാകിസ്താനിലെ സേനാ താവളങ്ങളില്‍ യു.എസിന് നേരിട്ട് പ്രവേശനമുറപ്പാക്കാനുള്ള തന്ത്രങ്ങളാണ് യു.എസ് നടത്തുന്നത്. ഇറാനെ നാലുചുറ്റും വളയുകയാണ് ഇസ്രയേലും യു.എസും.
ജൂൺ 21-നും ജൂലായ് 15-നും ഇടയിൽ ആഴ്ചയിൽ 38 അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശസർവീസുകൾ റദ്ദാക്കുമെന്നും എയർ ഇന്ത്യ. വൈഡ് ബോഡി (കൂടുതൽ യാത്രക്കാരെയും കാർഗോയും ഉൾക്കൊള്ളുന്ന) അന്താരാഷ്ട്ര വിമാനസർവീസുകൾ 15 ശതമാനം കുറയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഡൽഹി-നെയ്‌റോബി റൂട്ടിലെ നാലു സർവീസുകൾ, അമൃത്സർ-ലണ്ടൻ, ഗോവ-ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളുമാണ് റദ്ദാക്കിയത്.
നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടിലായ യാത്രക്കാരോട് ക്ഷമ ചോദിച്ച എയർ ഇന്ത്യ, ഇവർക്ക് ബദൽ വിമാനങ്ങളിൽ സൗകര്യമൊരുക്കുകയോ അല്ലെങ്കിൽ മുൻഗണന അനുസരിച്ച് മുഴുവൻ പണവും റീഫണ്ട് ചെയ്യാമെന്നോ അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാപരിശോധന കർശനമാക്കാൻ എയർ ഇന്ത്യ ഉടമകളായ ടാറ്റഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സർവീസുകൾ കുറയ്ക്കുന്നത്.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടണമെന്ന തങ്ങളുടെ ആവശ്യത്തിന് വഴങ്ങാത്ത ഇറാനെതിരെ സൈനിക നടപടികള്‍ക്ക് അമേരിക്ക ഒരുങ്ങുന്നതായി വരുന്ന വാര്‍ത്തകള്‍ക്കിടെ ലൂസിയാനയിലെ ബാര്‍ക്സ് ഡെയ്ല്‍ വ്യോമ സേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് യു.എസ് സൈനിക വിമാനമായ ‘ഡൂംസ്‌ഡേ പ്ലെയിന്‍’.
ആണവ ആക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന ‘E-4B നൈറ്റ് വാച്ച്’ എന്നറിയപ്പെടുന്ന ഈ സൈനിക വിമാനം നാല് മണിക്കൂറിലധികം ആകാശ നിരീക്ഷണം നടത്തിയ ശേഷം മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ലാന്‍ഡ് ചെയ്തു.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലുള്ള പുതിയ നീക്കം വലിയ തോതിലുള്ള ഒരു ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്ന വിലയിരുത്തല്‍ ശക്തമാക്കി. ഇതോടെ പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.
‘ഫ്‌ളയിങ് പെന്റഗണ്‍’ എന്നും അറിയപ്പെടുന്ന E-4B നൈറ്റ് വാച്ച് ആണവ ആക്രമണ സമയത്ത് പ്രതിരോധത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത അമേരിക്കയുടെ നിര്‍ണായക വിമാനമാണ്. ‘ORDER6’ എന്ന പതിവ് കോള്‍സൈന് പകരം ‘ORDER01’ എന്ന പുതിയ കോള്‍സൈന്‍ ഉപയോഗിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നു.
ഒരു ആണവ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യത്തിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററായി പ്രവര്‍ത്തിക്കാന്‍ E-4B നൈറ്റ് വാച്ച് വിമാനത്തിന് സാധിക്കും. ബ്രീഫിങ് റൂം, കോണ്‍ഫറന്‍സ് റൂം, ആശയവിനിമയ മേഖല, വിശ്രമത്തിനായി 18 ബങ്കുകള്‍ എന്നിവയുള്‍പ്പെടെ മൂന്ന് ഡെക്കുകളാണ് വിമാനത്തിലുള്ളത്.
പറന്നുകൊണ്ടിരിക്കുമ്പോള്‍ ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുള്ളതിനാല്‍ 35 മണിക്കൂറിലധികം സമയം ലാന്‍ഡിങ് നടത്താതെ ഈ വിമാനത്തിന് വായുവില്‍ തുടരാന്‍ സാധിക്കും എന്ന സവിശേഷതയുമുണ്ട്.
ഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതും ഇതിന്റെ സൂചനയാണ്. എന്നാല്‍, ഇറാന് നേരേ ആക്രമണം നടത്തണോ എന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യുഎസ് മാധ്യമമായ സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ട്രംപിന്റെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി തള്ളിക്കളഞ്ഞു.
ഇറാനിയന്‍ ജനത കീഴടങ്ങില്ലെന്നും അമേരിക്ക ഏതെങ്കിലും രീതിയില്‍ സൈനിക ഇടപെടല്‍ നടത്തിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ‘ഗുഡ് ലക്ക്’ എന്നായിരുന്നു ഖൊമേനിക്കുള്ള ട്രംപിന്റെ മറുപടി.
രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്യാനാഗ്രഹിച്ചവര്‍ക്ക് മുന്നില്‍ മഴ തടസ്സമായി നിന്നു. അതവഗണിച്ച് നിരവധിപേര്‍ പോളിങ് ബൂത്തിലേക്ക് വെച്ചുനടന്നു. ചിലര്‍ മടിച്ചുനിന്നു. മഴ മാറിയതോടെ അവരും എത്തി. തുടക്കത്തില്‍ വേഗതകുറഞ്ഞ പോളിങ് ശതമാനം ഉച്ചയോടെ കുതിച്ചുയര്‍ന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആവേശം നിലമ്പൂര്‍ ജനത വിധിയെഴുത്തിലും പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ചു മണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആറു മണിവരെയായിരുന്നു വോട്ടെടുപ്പ്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം ഇനിയും ഉയരും. 2021ല്‍ 75.23 ശതമാനമായിരുന്നു പോളിങ്.
1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം 23-ന് ഫല പ്രഖ്യാപനം. അതുവരെ പെട്ടിയിലായ വോട്ടുകള്‍ മുന്നണികള്‍ കൂട്ടിക്കിഴിക്കും. ഇനിയുള്ള ദിവസങ്ങള്‍ അവകാശവാദങ്ങളുടേതാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തുകളില്‍ നേര്‍ക്കുനേരെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആലിംഗനം ചെയ്യാനെത്തിയപ്പോള്‍ തിരിഞ്ഞു നടന്നതും തിരഞ്ഞെടുപ്പിനിടെ ശ്രദ്ധ നേടി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ ഭാര്യയും മക്കളും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി വീട്ടില്‍ വരാത്തതില്‍ പരാതിയില്ലെന്നും മരണംവരെ പാര്‍ട്ടിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.
രാഷ്ട്രീയകേരളം ഒന്നിച്ചൊന്നായ് തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിനായിരുന്നു നിലമ്പൂര്‍ കഴിഞ്ഞ നാലാഴ്ചയോളം സാക്ഷ്യംവഹിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടിരുന്നത്. 21 നാള്‍ നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനുവേദിയായി. മുഴുവന്‍ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തിയത്.
നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സെമി ഫൈനലായി കണക്കാക്കിയാണ് രാഷ്ട്രീയപ്പാർട്ടികൾ നിലമ്പൂരിൽ കളംനിറഞ്ഞത്. ആവേശം മാനംമുട്ടിയ പ്രചാരണയുദ്ധത്തിന് വിരാമം. വൈകീട്ട് ആറുവരെ വോട്ട് രേഖപ്പെടുത്തും.
പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം. സ്വരാജ് (എൽഡിഎഫ്) അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ) പി.വി. അൻവർ (സ്വതന്ത്രൻ) എൻ. ജയരാജൻ (സ്വത.) പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി. (സ്വത.)ഹരിനാരായണൻ (സ്വത.).
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആറാം ദിവസത്തിലേക്ക് എത്തുമ്പോള്‍ എണ്ണ വില കുതിച്ചുയരുന്നു.
ബ്രെന്റ് ക്രൂഡ് ഓയില്‍ വില 76 ഡോളറും കടന്നതോടെ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
ഇന്ന്, വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില 0.64 ശതമാനം വരെ ഉയര്‍ന്നു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്നത്തെ എണ്ണ വില. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ കഴിഞ്ഞ വ്യാപാര സെഷനില്‍ 4.4 ശതമാനം വര്‍ധിച്ച് ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
ഇറാനും ഇസ്രയേലും സൈനിക ആക്രമണങ്ങള്‍ തുടരുന്നതോടെ ആഗോള വിപണികളില്‍ ദീര്‍ഘകാല അനിശ്ചിതത്വത്തിന്റെ തുടക്കമായിരിക്കും ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇസ്രയേല്‍ ആക്രമണത്തിന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വഴി പ്രതികാരം ചെയ്താല്‍ പ്രതിസന്ധി രൂക്ഷമാകും.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം മുടങ്ങിയാല്‍ എണ്ണ വില നിയന്ത്രണാതീതമാകും. കാരണം, ഏകദേശം 20 ശതമാനം എണ്ണ കയറ്റുമതിയുടെയും ഒരു പ്രധാന മാര്‍ഗമാണ് ഹോര്‍മുസ് കടലിടുക്ക്.
ലോകത്തിലെ എല്‍എന്‍ജി വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ വലിയൊരു ഭാഗവും ഇറാന് വടക്കും അറേബ്യന്‍ ഉപദ്വീപിനു തെക്കുമായി സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്. ഹോര്‍മുസ് കടലിടുക്കിനു ചുറ്റുമുണ്ടാകുന്ന ഏതൊരു തടസവും ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഈ രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ്. ഈ പാതയിലെ ഏതൊരു തടസവും ഇന്ത്യയെയും ദോഷകരമായി ബാധിക്കും. ഈ പ്രധാന പാത തടയുമെന്ന് മുന്‍പ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പെട്രോള്‍ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
പമ്പുകളില്‍ പൊതുടോയ്‌ലറ്റ് ബോര്‍ഡ് വെച്ച നടപടിയ്‌ക്കെതിരേ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. നേരത്തേ, സ്വഛ് ഭാരത് മിഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളോട് കോടതി നിര്‍ദേശിച്ചിരുന്നു.
പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്‌ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കോടതി ഉത്തരവ് ദീര്‍ഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കും.
സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും ഹര്‍ജിക്കാരുടെ സ്ഥാപനങ്ങളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് നിര്‍ബന്ധിക്കരുത് എന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാകി. സ്വച്ഛ് ഭാരത് മിഷന്‍ പ്രകാരമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ കോടതി നേരത്തെ തിരുവനന്തപുരം നഗരസഭയോട് നിര്‍ദ്ദേശിച്ചിരുന്നു. ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി തങ്ങളുടെ സ്ഥാപനങ്ങളില്‍ പരിപാലിക്കുന്ന സ്വകാര്യ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ശുചിമുറികള്‍ പൊതു ശുചിമുറികളാണ് എന്ന ധാരണ നല്‍കുന്നതിന് തിരുവനന്തപുരം നഗരസഭയും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ചില പമ്പുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റിദ്ധാരണകള്‍ കാരണം ധാരാളം ആളുകള്‍ ടോയ്ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് പമ്പുകളിലേക്ക് വരുന്നു, ഇത് പെട്രോള്‍ പമ്പുകളുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള്‍ പമ്പ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമായിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസ്സുകളടക്കം പെട്രോള്‍ പമ്പുകളില്‍ എത്തുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാംക്ലാസില്‍ ചേര്‍ന്നകുട്ടികളുടെ എണ്ണത്തില്‍ കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണ ഉണ്ടായത്. ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 2,50,986 കുട്ടികളായിരുന്നു ഒന്നാംക്ലാസില്‍ ചേര്‍ന്നത്. ഇത്തവണ ഇത് 2,34,476 പേരായി കുറഞ്ഞു. ആറാം പ്രവൃത്തി ദിനത്തിലെ കണക്കുകള്‍ വിശദീകരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് കണക്കുകള്‍ പങ്കുവച്ചത്.
എന്നാല്‍ രണ്ട് മുതല്‍ 10 വരെ ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധനയും ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടി മാത്രമാണ് കൂടിയത്. സംസ്ഥാനത്ത് ഇത്തവണ അണ്‍എയ്ഡഡ് സ്‌കൂളില്‍ 47,863 കുട്ടികളാണ് പ്രവേശനം നേടിയത്. മുന്‍ വര്‍ഷം ഇത് 47,862 കുട്ടികളായിരുന്നു. 29 ലക്ഷം കുട്ടികളാണ് രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നത്.
സംസ്ഥാനത്തെ ജനന നിരക്കില്‍ വന്ന കുറവാണ് കണക്കുകളില്‍ പ്രതിഫലിക്കുന്നതെന്നാണ് മന്ത്രി ഉയര്‍ത്തുന്ന വാദം. ഈ അധ്യയന വര്‍ഷം ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത് 2020 ല്‍ ജനിച്ച കുട്ടികളാണ്. 12.77 ആണ് 2020 ലെ ജനന നിരക്ക്. 2025 ല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത് 2010 ല്‍ ജനിച്ച കുട്ടികളാണ്. 15.75 എന്നതാണ് 2010 ലെ ജനന നിരക്ക് എന്നും വ്യത്യാസം ചൂണ്ടിക്കാട്ടി മന്ത്രി അറിയിച്ചു.
വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആൻ്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഫുട്ബോൾ ടൂർണ്ണമെൻറ് ജൂൺ 28-ാം തീയതി ശനിയാഴ്ച ലീഡ്സ് വെസ്റ്റ് റൈഡിങ് കൗണ്ടി മൈതാനത്തു വെച്ചു നടത്തപ്പെടും. കഴിഞ്ഞ രണ്ടു വർഷങ്ങളായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ടൂർണ്ണമെൻറ് സംഘടനാ മികവുകൊണ്ടും, മികച്ച ടീമുകളുടെ സാന്നിധ്യം കൊണ്ടും യുകെയിലെ ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട മത്സരമായി മാറിയിട്ടുണ്ട്.
ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 1111 പൗണ്ടും, റണ്ണർ അപ്പിന് 555 പൗണ്ടും, മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും തുടങ്ങിയ ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഇതിനു പുറമെ മികച്ച കളിക്കാരനും, ഗോൾകീപ്പറിനും, കൂടുതൽ ഗോളുകൾ നേടുന്നവർക്കും സമ്മാനങ്ങൾ ഉണ്ടായിരിക്കും.
കഴിഞ്ഞ രണ്ടു വർഷവും യുകെയിലെ മികച്ച ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മത്സരങ്ങൾ പലപ്പോഴും പ്രവചനാതീതം ആയിരുന്നു. കഴിഞ്ഞവർഷം പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ട മത്സരത്തിൽ വിജയികളായത് ന്യൂകാസ്റ്റിൽ എഫ്സിയും ആദ്യവർഷത്തെ വിജയകിരീടം ചൂടിയത് നോർത്തേൺ എഫ്സിയും ആണ്. ഈ വർഷത്തെ മത്സരങ്ങൾ ആസ്വദിക്കാനായി യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള ഫുട്ബോൾ പ്രേമികളെ ഹാർദ്ദവമായി ക്ഷണിക്കുന്നതായി പ്രസിഡൻറ് ടോണി പാറയടി അറിയിച്ചു.
വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.
അപ്പച്ചൻ കണ്ണഞ്ചിറ
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ജൂലൈ 5 ന് ശനിയാഴ്ച നോർത്താംപ്ടണിൽ വെച്ച് ഓക്സ്ഫോർഡ് മേഖലാ ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു, സന്ദേശം നൽകും.
കോഴിക്കോട് മേരിമാതാ പ്രോവിന്സിന്റെ വികാർ പ്രൊവിൻഷ്യലും, അഭിഷിക്ത ധ്യാന ഗുരുവുമായ സിസ്റ്റർ എൽസീസ് മാത്യു (MSMI) നോർത്താംപ്ടണിൽ നടക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്. നോർത്താംപ്ടൺ സീറോമലബാർ ഇടവകയുടെ പ്രീസ്റ്റും, റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ CMF സഹകാർമികത്വം വഹിച്ചു, ശുശ്രുഷകൾ നയിക്കും.
“ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു; എന്റെ സമാധാനം നിങ്ങൾക്കു ഞാൻ തരുന്നു” ജോൺ 14:27
ആഗോള കത്തോലിക്കാ സഭ തിരുരക്ത വണക്കമാസമായി ആചരിക്കുന്ന ജൂലൈയിൽ നടത്തപ്പെടുന്ന വിശേഷാൽ തിരുവചന ശുശ്രുഷ മാനസാന്തരത്തിനും, വിശുദ്ധീകരണത്തിനും, നവീകരണത്തിനും ഏറെ അനുഗ്രഹദായകമാവും. നോർത്താംപ്ടണിലെ സെന്റ് ഗ്രിഗറി ദി ഗ്രെയ്റ്റ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ രാവിലെ പത്തുമണിയോടെ ആരംഭിക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലുമണിയോടെ സമാപിക്കും. കുമ്പസാരത്തിനും, സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും.
തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്‌നേഹപൂര്‍വ്വം കൺവെൻഷനിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Fr. Sebastian Pottananiyil – 07918266277
Venue: St.Gregory the Great Church, 22 Park Avenue, Northampton, NN3 2HS