ഷാഫി പറമ്പില്‍ എംപിക്ക് യുഡിഎഫ് പ്രതിക്ഷേധ പ്രകടനത്തിനിടയില്‍ പരിക്കേറ്റു. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടിയതായി ഡോക്ടർമാർ അറിയിച്ചു; രാത്രി തന്നെ ശസ്ത്രക്രിയ നടത്തി. സംഭവത്തില്‍ പത്തോളം നേതാക്കൾക്കും പ്രവര്‍ത്തകർക്കും എട്ടോളം പോലീസുകാർക്കും പരിക്കേറ്റു.
എംപിക്ക് ലാത്തിച്ചാർജിനിടെയല്ല പരിക്കേറ്റതെന്ന് റൂറൽ എസ്പി കെ.ഇ. ബൈജു വ്യക്തമാക്കി. വടകര ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ കൈയിലുണ്ടായ ഗ്രനേഡ് താഴെ വീണ് പൊട്ടി പരിക്കേറ്റുവെന്നും, പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാറിനും പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്.
സികെജിഎം ഗവ. കോളേജ് തെരഞ്ഞെടുപ്പിനുശേഷമുള്ള പ്രശ്‌നങ്ങളെ തുടർന്ന് പേരാമ്പ്രയില്‍ നടന്ന ഹര്‍ത്താലിനിടെയാണ് സംഭവം. യൂഡിഎഫ് പ്രവർത്തകർ ബസ് സ്റ്റാൻഡിലേക്ക് എത്താൻ ശ്രമിക്കുമ്പോൾ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും ഉപയോഗിച്ചു, തുടർന്ന് ലാത്തിച്ചാർജ് നടന്നു. പിന്നീട് ജില്ലയിലെ പല സ്ഥലങ്ങളിലും യൂഡിഎഫ് പ്രവർത്തകർ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു.
കാമുകൻ വിവാഹിതനാണെന്ന അറിഞ്ഞ കാമുകി കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകി. മലേഷ്യയിലെ ജോഹോറിലെ കംപുങ് ലോകെന്‍ പ്രദേശത്താണ് ‘22 ഫീമെയില്‍ കോട്ടയം’എന്ന മലയാള സിനിമയെ അനുസ്മരിക്കുന്ന സംഭവമുണ്ടായത്.
തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ബംഗ്ലാദേശി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം എട്ടാം തീയതിയാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിയായ കാമുകന്‍ നാട്ടിലുള്ള ഭാര്യയുമായി വിവാഹബന്ധം തുടരുകയാണെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നും യുവതി കണ്ടെത്തിയതാണ് ഈ ക്രൂരകൃത്യത്തിലേക്കു നയിച്ചത്.
മലേഷ്യയില്‍ വെച്ചാണ് ബംഗ്ലാദേശുകാരനായ യുവാവും യുവതിയും അടുപ്പത്തിലാകുന്നത്. എന്നാൽ യുവാവ് വിവാഹിതനാണെന്ന വിവരം യുവതി വൈകിയാണ് അറിയുന്നത്. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായി.
തർക്കത്തിനിടെ കത്തി ഉപയോഗിച്ച് 34 വയസുള്ള യുവതി മുപ്പത്തിമൂന്നുകാരനായ കാമുകനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ജനനേന്ദ്രിയം പൂര്‍ണ്ണമായും മുറിഞ്ഞുപോകുകയും ഇടതു കൈക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റയാള്‍ ജോഹോര്‍ ബഹ്‌റുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറ്റകൃത്യം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കത്തി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
യുവതി നേരത്തെ കേസുകളിലൊന്നും അകപ്പെട്ടിട്ടില്ലെന്നും, ലഹരിമരുന്നോ മദ്യമോ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. പരിശോധനയിൽ യുവതിക്ക് കൃത്യമായ ഇമിഗ്രേഷന്‍ രേഖകളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി റിമാന്‍ഡ് ചെയ്തു.
ടെൽ അവീവ്: ഗാസയിൽ യുഎസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമായി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു. കരാറിന്റെ ഭാഗമായി ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം ഭാഗികമായി പിന്മാറിയതായും അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ ഹമാസ് തങ്ങളുടെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കേണ്ട 72 മണിക്കൂർ സമയപരിധിക്ക് തുടക്കമായി.
ചില പ്രദേശങ്ങളിൽ പീരങ്കിയും വ്യോമാക്രമണങ്ങൾക്കുമൊടുവിൽ മാത്രമാണ് സൈനികർ പിന്മാറിയതെന്ന് ഇസ്രയേൽ ഉറപ്പിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ഹമാസ് സ്‌നൈപ്പറിന്റെ വെടിയേറ്റ് ഒരു ഐഡിഎഫ് സൈനികൻ കൊല്ലപ്പെട്ടതോടെ സംഘർഷാവസ്ഥ നിലനിന്നിരുന്നു. കരാറനുസരിച്ച് 72 മണിക്കൂറിനുള്ളിൽ ജീവിച്ചിരിക്കുന്നതും മരിച്ചതുമായ ബന്ദികളെയെല്ലാം ഹമാസ് കൈമാറേണ്ടതുണ്ട്, എന്നാൽ അതിന് പകരമായി മോചിപ്പിക്കേണ്ട പലസ്തീൻ തടവുകാരുടെ പട്ടികയിൽ ധാരണയില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
മധ്യസ്ഥർ അംഗീകരിച്ച പേരുകൾ ഇസ്രയേൽ പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നാരോപിച്ച് ഹമാസ് ആശങ്ക പ്രകടിപ്പിച്ചു. കരാറിലെ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത പക്ഷം വീണ്ടും യുദ്ധത്തിലേയ്ക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. “തങ്ങളുടെ കഴുത്തിൽ വാൾ മുറുകുമ്പോഴാണ് ഹമാസ് കരാറിന് സമ്മതിച്ചത്; ആ വാൾ ഇപ്പോഴും അവിടെ തന്നെയുണ്ട്,” എന്നും അദ്ദേഹം വ്യക്തമാക്കി.
ലഖ്‌നൗ: കോടികളുടെ തായ് കഞ്ചാവുമായി മലയാളി യുവാക്കൾ ഉത്തരപ്രദേശ് കസ്റ്റംസ് അധികൃതരുടെ പിടിയിൽ. വയനാട് പുതുപ്പാടി കൊട്ടാരക്കോത്ത് പാറക്കൽ മുഹമ്മദ് റാഷിദ് (24), മലപ്പുറം വാലുമ്പരം പൊക്കോട്ടൂരിലെ മുഹമ്മദ് എഹ്തിഷാം (26) എന്നിവരെയാണ് യുപി-നേപ്പാൾ അതിർത്തിയിൽ വച്ച് കസ്റ്റംസ് സംഘം പിടികൂടിയത്. കിലോയ്ക്ക് ഏകദേശം ഒരു കോടി രൂപ വിലവരുന്ന 14 കിലോ തായ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ഇവർ യാത്ര ചെയ്തിരുന്ന നേപ്പാളി ബസിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് ഗീസറുകളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പതിവ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഗീസറുകൾ തുറന്നപ്പോഴാണ് പാക്കറ്റുകൾ കണ്ടെത്തിയത്. വളരെ നൂതനവും തന്ത്രപരവുമായ രീതിയിലാണ് കള്ളക്കടത്ത് നടത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരും ഏറെക്കാലമായി തായ്‌ലൻഡിൽ ജോലി ചെയ്യുകയായിരുന്നുവെന്നും, അവിടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് കോടികളുടെ കഞ്ചാവ് കടത്ത് പദ്ധതി പരാജയപ്പെടുത്തിയത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വീട്ടുപകരണങ്ങളിലൂടെ മയക്കുമരുന്ന് കടത്താനുള്ള പുതിയ പ്രവണതയെ തുടർന്ന് ഇന്ത്യ–നേപ്പാൾ അതിർത്തിയിൽ പരിശോധനകളും സുരക്ഷാ നടപടികളും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു.
കണ്ണൂർ: തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 50 കടകൾ കത്തി നശിച്ചു. 100 ഓളം കടകളുള്ള കെട്ടിടത്തിൽ പ്രധാനമായും തീ പിടിച്ചതായാണ് വിവരം. സമീപത്തെ രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നു. തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ല്ക്സിലുണ്ടായ തീപിടുത്തത്തിൽ തീ നിയന്ത്രണ വിധേയമായെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്‌കർ. കെട്ടിടത്തിനകത്ത് ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ദൗത്യസംഘം കെട്ടിടത്തിനകത്തേക്ക് കടന്ന് പരിശോധന നടത്തി.
ക്രെയിൻ എത്തിച്ചാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ദേശീയപാത നിർമ്മാണ കമ്പനിയുടെയും നാട്ടുകാരുടെയും സഹായത്തോടെ കൂടുതൽ വെള്ളം എത്തിച്ചാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. ജില്ലാ ഫയർഫോഴ്സ് ഓഫീസർ അരുൺ ഭാസ്കർ, കണ്ണൂർ റൂറൽ എസ് പി അനൂജ് പലിവാൽ എന്നിവർ ദൗത്യത്തിന് നേതൃത്വം നൽകി. 100 ഓളം കടകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് പ്രധാനമായും തീ പിടിച്ചത്. സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്കും തീ പടർന്നിരുന്നു.
അമ്പതോളം കടകൾ കത്തിയെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്നെത്തിയിരുന്നു. തീപിടുത്തത്തിൻ്റെ കാരണം സംബന്ധിച്ച അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു. കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദില്ലി സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നിർണ്ണായക കൂടിക്കാഴ്ച നടക്കും. കേരളത്തിന്‍റെ വിവിധ ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ച് സാധിച്ചെടുക്കുകയാണ് സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യം. ദുരന്തം തകർത്ത വയനാടിന്‍റെ പുനർനിർമ്മാണത്തിനായി കൂടുതൽ കേന്ദ്ര സഹായം, സംസ്ഥാനത്തിന് എയിംസ് ലഭ്യമാക്കൽ തുടങ്ങിയ ആവശ്യങ്ങൾ ആണ് മുഖ്യമായി ഉന്നയിക്കുന്നത് . ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളെ തുടർന്നാണ് പ്രധാനമന്ത്രിയുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്ച.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്ന ചർച്ചയിൽ കേരളത്തിന്‍റെ ആഭ്യന്തര സുരക്ഷ, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ, അടിയന്തര സേവനങ്ങളുടെ നവീകരണം എന്നിവ പ്രധാന വിഷയങ്ങളായിരുന്നു . ധനമന്ത്രി നിര്‍മല സീതാരാമനുമായി നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, ക്ഷേമ പ്രവർത്തനങ്ങളുടെ തടസ്സരഹിത തുടർച്ച, ജി എസ് ടി വരുമാന നഷ്ട പരിഹാരം തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര മന്ത്രിയ്ക്ക് മുന്നോട്ടുവെച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടന്ന ചർച്ചയിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ വേഗത്തിലാക്കുന്നതിന് വേണ്ട സഹായവും, ദേശീയപാത-66 വികസനം ഉടൻ പൂർത്തിയാക്കാനുള്ള ആവശ്യവും ഉയർത്തി.
ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന് എയിംസ് അനുവദിക്കണമെന്നും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുൻപായി സംസ്ഥാനത്തിന്റെ എല്ലാ ആവശ്യങ്ങളും വിശദീകരിക്കുന്ന മെമ്മോറണ്ടം ഓരോ മന്ത്രിക്കും കൈമാറി. ഈ സന്ദർശനത്തിലൂടെ കേരളത്തിന്‍റെ വികസന പദ്ധതികൾക്ക് കേന്ദ്രസഹായം ലഭിക്കാനുള്ള സാധ്യത ശക്തമാക്കുകയാണ് പ്രധാനമന്ത്രി സാന്നിധ്യത്തോടെയുള്ള ലക്ഷ്യം.
കണ്ണൂര്‍ ∙ തളിപ്പറമ്പ് ബസ്‌സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്ന കെട്ടിടത്തില്‍ ഇന്ന് വൈകുന്നേരം വൻ അഗ്നിബാധ ഉണ്ടായി . കളിപ്പാട്ട കടയില്‍ നിന്നാണ് ആദ്യം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീ പെട്ടെന്ന് വ്യാപിച്ച് മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍പ്പെടെ അഞ്ചോളം കടകള്‍ പൂർണമായും കത്തി നശിച്ചു.
വൈകിട്ട് അഞ്ചരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളിക്കത്തുകയാണ്. കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചതോടെ വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചു.
തീയണയ്ക്കാനുള്ള നടപടികള്‍ സജീവമായി പുരോഗമിക്കുകയാണെന്ന് പ്രദേശത്തെ എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുവെന്നും കണ്ണൂര്‍ ജില്ലയിലെ എല്ലാ അഗ്നിശമന യൂണിറ്റുകളെയും സ്ഥലത്തേക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ അധികൃതര്‍ നിസ്സംഗത കാണിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം രേഖപ്പെടുത്തി.
നിയമസഭയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. സനീഷ് കുമാര്‍, എം വിന്‍സെന്റ്, റോജി എം ജോണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ശബരിമല വിഷയം ഉയര്‍ത്തി നാലാം ദിവസവും പ്രതിപക്ഷം സഭയില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഈ സംഭവവികാസത്തില്‍ വാച്ച് ആന്റ് വാഡ് ഇടപെടുകയും ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടാകുകയായിരുന്നു. നിയമസഭ ആരംഭിച്ചതു മുതല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ‘അയ്യപ്പന്റെ സ്വര്‍ണം ചെമ്ബാക്കിയ എല്‍ഡിഎഫ് രാസവിദ്യ’ എന്നെഴുതിയ ബാനറുകളും ഉയര്‍ത്തിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കടക്കാന്‍ ശ്രമിച്ച എംഎല്‍എമാരെ വാച്ച് ആന്റ് വാര്‍ഡ് പ്രതിരോധിച്ചതോടെയാണ് ഉന്തുംതള്ളുമുണ്ടായത്.
സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാരിഡിന് പരിക്കേറ്റു. പിന്നാലെ സ്പീക്കര്‍ സഭ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി. പിന്നീട് വീണ്ടും ആരംഭിച്ചെങ്കിലും സഭാ നടപടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. ഭരണപക്ഷം പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സഭയില്‍ ഗുണ്ടായിസമാണെന്ന് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തി. സസ്പെന്‍ഡ് ചെയ്യേണ്ട തരത്തിലുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് നടപടിക്കിരയായ എംഎല്‍എ മാരുടെ അഭിപ്രായം.
പൂള്‍: ആലാപന വൈഭവത്തിന്റെയും നൃത്ത ചാരുതയുടെയും വിസ്‌മയക്കാഴ്‌ചകളുമായി നീലാംബരി സീസണ്‍ 5 എത്തുകയായ്. വിമ്പോണിലെ അലന്‍ഡെയ്‌ല്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഈ മാസം 11 നാണ് നീലാംബരി അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം നീലാംബരിക്കു വേദിയ പൂള്‍ ലൈറ്റ് ഹൗസില്‍ ഇവന്റ് മാനേജ്‌മെന്റ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് പലര്‍ക്കും പ്രവേശനം ലഭിച്ചിരുന്നില്ല. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇക്കുറി നീലാംബരി സീസണ്‍ 5 അലന്‍ഡെയ്‌ല്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ ഘട്ടങ്ങളിലായ് നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി ഗായകരാണ് പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ക്കുക. ഇതിനു പുറമേ മെയ് വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും നീലാംബരി സീസണ്‍ 5ന്റെ മാറ്റു കൂട്ടാനെത്തുന്നു.

2021ല്‍ ഗിരീഷ് പുത്തഞ്ചേരി നൈറ്റ് എന്ന പേരില്‍ നടത്തിയ സ്റ്റേജ് പ്രോഗ്രാമിന് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് സംഘാടകര്‍ നീലാംബരി മെഗാഷോ പരമ്പര ആരംഭിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പുതുമുഖഗായകരും കുരുന്നു പ്രതിഭകളും നീലാംബരി സീസണ്‍ 5 ല്‍ പങ്കെടുക്കുമെന്ന് പരിപാടിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ പറഞ്ഞു. യുകെയിലെ സ്‌റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്‌ത ഗായകരും അരങ്ങിലെത്തും. തനി നാടന്‍ കേരള സ്‌റ്റൈല്‍ ഭക്ഷണ വിഭവങ്ങളുള്‍പ്പെടുത്തിയിട്ടുള്ള ഫുഡ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് പരിപാടി ആരംഭിക്കുക.
കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിൽ വൻ കവർച്ച. സ്റ്റീൽ വില്പന കേന്ദ്രത്തിൽ നിന്നാണ് മൂന്ന് പേരടങ്ങിയ സംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നത്. മുഖംമൂടി ധരിച്ച സംഘം പെപ്പർ സ്പ്രേ അടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനത്തോടെയാണ് സംഘം വല വീശിയത് .
പോലീസിന്റെ വിവരമനുസരിച്ച്, “ട്രേഡിങ് പ്രോഫിറ്റ് ഫണ്ട്” എന്ന പേരിലാണ് സംഘം എത്തിയതെന്ന് പറയുന്നു. 80 ലക്ഷം രൂപ ക്യാഷായി കൊടുത്താൽ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്ന് അവർ പറഞ്ഞിരുന്നു. സ്റ്റീൽ വ്യാപാരിയായ സുബിൻ എന്നയാളാണ് ഈ വാഗ്ദാനത്തിൽ വീണത്. പണം കൈമാറിയതിന് ശേഷം സംഘം പെപ്പർ സ്പ്രേ അടിച്ച് പണം പിടിച്ച് കാറിൽ കയറി രക്ഷപ്പെട്ടു.
സംഭവത്തിനു പിന്നാലെ പൊലീസ് വ്യാപകമായ അന്വേഷണം തുടങ്ങി. എറണാകുളം വടുതല സ്വദേശി സജി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ മറ്റു രണ്ട് പേരെയും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു. കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുകയാണ് .