Latest News

കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനുള്ള സമ്മര്‍ദ്ദം തനിക്കുമേല്‍ ഉണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ നിയമോപദേശകനും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമാണ് വിദ്യാഭ്യാസമന്ത്രിയുടെ കത്ത് തനിക്ക് നല്‍കിയത്. ആദ്യ അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പുവെക്കാത്ത നിയമോപദേശവും പിന്നീട് വിദ്യാഭ്യാസമന്ത്രിയുടെ ശുപാര്‍ശകത്തിനൊപ്പം ഒപ്പുവെച്ച നിയമോപദേശവും കൊണ്ടുതന്നു. നിയമവിരുദ്ധമായത് ചെയ്യാനാണ് തന്നെ നിര്‍ബന്ധിക്കുന്നതെന്ന് ഇരുവരോടും അപ്പോള്‍ തന്നെ അറിയിച്ചിരുന്നതായും പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിയമോപദേശകനും ഒ.എസ്.ഡിയും വരുന്നതിന് മുമ്പ് മുഖ്യമന്ത്രി നേരിട്ടുവന്നു. കണ്ണൂര്‍ തന്റെ മാതൃജില്ലയാണെന്ന് പറഞ്ഞു. നടപടിക്രമങ്ങള്‍ അവസാനിക്കട്ടേയെന്നും പാനല്‍ വന്നാല്‍ താങ്കളുമായി ഉറപ്പായും കൂടിയാലോചിക്കുമെന്നും മറുപടി നല്‍കി. വി.സി. സ്ഥാനത്തേക്ക് 12 പേരുടെ അപേക്ഷ ലഭിച്ചതിന് ശേഷമാണ് നിയമോപദേശകനും ഒ.എസ്.ഡിയും തന്നെവന്നുകാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂര്‍ വി.സി. നിയമനത്തില്‍ മാത്രമല്ല, മറ്റുകാര്യങ്ങളിലും തന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മുഖ്യമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി. അതിനാല്‍ ചാന്‍സലറായി തുടരാന്‍ ആഗ്രഹമില്ലെന്നും മറ്റൊരുമാര്‍ഗം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. സ്ഥാനത്ത് തുടര്‍ന്നാല്‍ ഇനിയും നിയമവിരുദ്ധമായത് ചെയ്യാന്‍ താങ്കള്‍ നിര്‍ബന്ധിക്കുമെന്ന് പറഞ്ഞു. ഗവര്‍ണറാണ് വി.സി നിയമന അതോറിറ്റി. അത് അവര്‍ക്ക് എടുത്തുകളയണം. ഞാന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ബില്ലുകളില്‍ ഇതാണ് ആവശ്യമുള്ളത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്നത് അവര്‍ക്ക് സ്ഥാപനവത്കരിക്കണം. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയും എ.ജിയും രാജിവെക്കണോ എന്നത് അവര്‍ തീരുമാനിക്കേണ്ട ധാര്‍മിക ചോദ്യമാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. ‘ഞാന്‍ ആരുടേയും രാജി ചോദിക്കുന്നില്ല. കര്‍മത്തിന്‍റെ അനന്തരഫലങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല’, ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ജോസ് സൈമൻമുള വേലിപ്പുറത്ത്

വ്യത്യസ്ഥമായ സംസ്കാരങ്ങളുടെയും വ്യത്യസ്തരായ വിവിധ രാജ്യക്കാരുടെയും കുടിയേറ്റത്തിലുടെ വൈവിധ്യം പുലർത്തുന്ന നാടാണ് സ്കോട്ട്ലാൻ്റ് ബിലാത്തി നാടിൻ്റെ നെറുകയിൽ തിലകകുറിയായി സ്കോട്ട് ലൻഡിൻ്റെ തലസ്ഥാന നഗരിയായ എഡിൻബറോ തല ഉയർത്തി നിലകൊള്ളൂന്നു പ്രാചീനമായ നഗര ഭംഗി സ്കോട്ട്ലൻ്റിൻ്റെ മാത്രം പ്രത്യേകതയാണ് ഇവിടേയ്ക്ക് 1999 കാലഘട്ടത്തിലാണ് മലയാളികളുടെ കുടിയേറ്റം ആരംഭിക്കുന്നത് എഡിൻബറോയുടെ വിവിധ പ്രാന്തപ്രദേശങ്ങളിൽ കുടിയേറിയ മലയാളി സമൂഹം തങ്ങളുടെ പ്രാചീന കലകളും സംസ്കാരങ്ങളും ആഘോഷങ്ങളും അടുത്ത തലമുറയ്ക്ക് പകർന്ന് നൽകുന്നതിനായി എകദേശം ഇരുപത്തി അഞ്ച് കുടുംബങ്ങൾ ഒത്ത് ചേർന്ന് സ്ഥാപിതമായ സംഘടനയാണ് എഡിൻബറോ മലയാളി സമാജം .

മാറി മാറി വരുന്ന നേതൃത്വ നിരകളിലെ ശക്തമായ നേതൃത്വപാടവം അതോടൊപ്പം അവരെ ശക്തമായ ശരിയായ ദിശയിലുടെ മുമ്പോട്ട് നയിക്കുവാൻ 25 പേര് അടങ്ങുന്ന എക്സിക്യൂട്ടിവ് അംഗങ്ങളും നാല് ട്രസ്റ്റിയും അടങ്ങുന്ന ഈ സംഘടന ഇന്ന് സ്കോട്ട്ലൻ്റിലെ ഏറ്റവും ശക്തവും ജനകീയമായതും മായ സംഘടനയായി മാറിയിരിക്കുന്നു .ചാരിറ്റിയാണ് ഇ.എം.എസ് സംഘടനയുടെ മുഖമുദ്ര ഒരോവർഷത്തിലെ ഒരോ ആഘോഷങ്ങൾ നടത്തുമ്പോഴും ലഭിക്കുന്ന തുക അതാത് വർഷവും കേരളത്തിലെ അങ്ങുമിങ്ങു ഉള്ള തെരഞ്ഞെടുക്കുന്ന സന്നദ്ധ സംഘടകൾക്ക് അല്ലെങ്കിൽ കുട്ടികളുടെ ക്യാൻസർ ചികിൽസ കേന്ദ്രം ,അനാഥ അലയങ്ങൾ ,വ്യക്തികൾ ഇങ്ങനെ അവകാശപ്പെട്ട വരെ കണ്ടെത്തി അവർക്ക് കൈമാറുന്നു കയിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇ.എം.എസിന് ഒ എസ് സിആറിൽ നിന്നും ചാരിറ്റി രജിസ്ട്രേഷൻ നേടി എടുക്കുവാൻ സാധിച്ചത് ഈ സംഘടനയുടെ തലപ്പാവിലെ ഒരു പുതിയ പൊൻതുവലാണ് .

മലയാളികളുടെ ഇഷ്ടകായിക ഇനങ്ങൾ അയ വടംവലി ബാൻഡ്‌മിൻ്റൻ മത്സരങ്ങൾ എല്ലാ വർഷവും വളരെ ചിട്ടയോടു കൂടി നടത്തി വരുന്നു. ഇ.എം.എസ് വളർച്ചയുടെ ഒരോ പടവുകളും ചവിട്ടി കയറുമ്പോഴും എഡിൻബറോയിൽ ഉള്ള എല്ലാ മലയാളികളുടെയും അകമയിഞ്ഞ സപ്പോർട്ടിനും സഹകരണത്തിനും ഞങ്ങൾ ഒരു പാട് കടപ്പെട്ടിരിക്കുന്നു തുടർന്നുള്ള വർഷങ്ങളിലും നിങ്ങളുടെ സഹകരണം ഞങ്ങൾ പ്രതിക്ഷിച്ച് കൊള്ളുന്നു.

എഡിൻബറോ മലയാളി സമാജത്തിൻ്റെ 2023-25 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നവംബർ മാസം 12-ാം തീയതി നടത്തപ്പെടുകയുണ്ടായി 26 പേര് അടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മറ്റിയുടെ ഫാമിലി പൊതുയോഗത്തിൽ കഴിഞ്ഞ രണ്ട് വർഷത്തെ വാർഷിക കണക്കും റിപ്പോർട്ടും അവതരിക്കപ്പെട്ടു .തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ബിബു പുവപ്പളളി മOത്തിൽ പ്രസിഡൻ്റ് ആയും ബിന്ദു എബ്രാഹം വൈസ് പ്രസിഡൻ്റ് ആയും ജോസ് സൈമൺ മുളവേലിപ്പുറത്ത് ജനറൽ സെക്രട്ടറിയായും കുരിയൻ ഡാനിയേൽ ജോയിൻ്റ് സെക്രട്ടറിയായും എബി ജോസ് ട്രഷറർ ആയും ജിതിൻ സെബാസ്റ്റ്യൻ ജോയിൻ്റ് ട്രെഷറർ ആയും തിരഞ്ഞെടുത്തു.

സിബി ജോർജ് ,ചെറിയാൻ ജോൺ, നോയൽ ജോ മാത്യു, സാജൻ തോമസ് ചാണ്ടി എന്നിവരാണ് നിലവിൽ ഉള്ള സംഘടനയുടെ ട്രസ്റ്റിമാർ അടുത്ത രണ്ട് വർഷത്തേയ്ക്ക് ആണ് പുതിയ ഭരണസമതിയുടെ കാലാവധി വരുന്ന മാസം പത്താം തീയതി നടക്കുന്ന ആദ്യ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ വച്ച് പുതിയ ഭാരവാഹികൾ നാല് ട്രസ്‌റ്റികളുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം എറ്റെടുക്കും . എഡിൻബറോ മലയാളി സമാജത്തിൻ്റെ കിസ്തുമസ് ആൻ്റ് ന്യൂ ഇയർ ആഘോഷം 2024 ജനുവരി 6-ാം തീയതി വൈകുന്നേരം 4 മണി മുതൽ 10 മണി വരെ നടത്തപ്പെടുന്നതായിരിയ്ക്കും സ്കോട്ട്ലൻ്റിൽ ഉള്ള എല്ലാ മലയാളികളെയും സാദരം സ്വാഗതം ചെയ്യുന്നു.

ബ്ലാക്ക്ബെൺ മലയാളി കൂട്ടായ്മയുടെ ഭാഗമായ ബ്ലാക്ക്ബെൺ സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് കഴിഞ്ഞ ദിവസം നടത്തപ്പെടുകയുണ്ടായി. ആവേശത്തിലാറാടിച്ച ബാഡ്മിന്റൻ ടൂർണമെന്റിൽ ഇടിവെട്ടു സ്മാഷുകളുമായി വേദിയിൽ മിന്നൽപിണരായ വമ്പന്‍ താരങ്ങളുടെ പോരാട്ടം നേരിൽ കാണാനുള്ള അപൂർവ അവസരമാണ് കാണികളെ തേടിയെത്തിയത്. ഈ മത്സരത്തിൽ സഞ്ജു & ജിൻസ് ഒന്നാം സ്ഥാനം നേടിയപ്പോൾ അക്ഷയ് & അജിത് രണ്ടാം സ്ഥാനം കരസ്തമാക്കി മൂന്നാം സ്ഥാനം അനിൽ & അരുൺ ആണ് നേടിയത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും കൊടുക്കുകയുണ്ടായി.

ക്രിസ്വിൻ ലിമിറ്റഡ് കെയർ സൊല്യൂഷൻ, ദി ഡ്രീം ഹോംസ്, എസ്എസ് കേരള ഫുഡ്സ് എന്നിവർ ഒന്നും രണ്ടും മൂന്നും വിജയികൾക്ക് ക്യാഷ് അവാർഡ് നൽകിയപ്പോൾ ട്രിനിറ്റി ഇന്റീരിയേഴ്സ്, കെയർമാർക്ക്, ജോളിസ് കിച്ചൻ എന്നിവർ ട്രോഫിയും നൽകുകയുണ്ടായി. ടൂർണമെന്റിനു ശേഷം ക്ലബ്ബിന്റെ എജിഎം നടക്കുകയുണ്ടായി അതിൽ അടുത്ത ഒരു കൊല്ലത്തേക്ക് ഉള്ള ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. അനിൽ (പ്രസിഡന്റ്‌), സുരേഷ് (സെക്രട്ടറി), അനൂപ് (ട്രഷറർ) സഞ്ജു, ജിൻസ്, പ്രവീൺ, ഷൈൻ, ജസ്റ്റിൻ, അനീഷ്, അരുൺ എന്നിവരെ തിരഞ്ഞെടുത്തു. ബ്ലാക്ക്ബെൺ സ്പോർട്സ് ക്ലബ്ബിന്റെ ക്രിക്കറ്റ്‌ ടീമായ ബ്ലാക്ക്ബേൺ വൈബ്സിന്റെ സുഗമമായ നടത്തിപ്പിന് അജിൽ (ക്യാപ്റ്റൻ), സുരേഷ് (വൈസ് ക്യാപ്റ്റൻ) ഷിജോ (ടീം മാനേജർ) എന്നിവരെയും തിരഞ്ഞെടുക്കുകയുണ്ടായി.

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആരാധനാക്രമ ബൈബിൾ ക്വിസ് മത്സരത്തിന് ഉജ്വല പരിസമാപ്തി . രൂപതയുടെ എല്ലാ ഇടവകകളിലും മിഷനുകളിലും , പിന്നീട് റീജിയണൽ തലങ്ങളിലും വിജയികളായ നാല്പത്തി മൂന്നു ടീമുകളെ പങ്കെടുപ്പിച്ച് ലിവർപൂൾ സമാധാന രാജ്ഞി ദേവാലയ ഹാളിൽ ലൈവ് ആയി നടന്ന മത്സരത്തിൽ ഹേവാർഡ്‌സ് ഹീത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ നിന്നുള്ള ജോമോൻ ജോൺ , ബിബിത കെ ബേബി ദമ്പതികൾ അടങ്ങിയ ടീം മൂവായിരം പൗണ്ടും , ട്രോഫിയും , സർട്ടിഫിക്കറ്റും അടങ്ങിയ ഒന്നാം സമ്മാനത്തിന് അർഹരായി .മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ അംഗമായ ഷാജി കൊച്ചുപുരയിൽ , ജെൻസി ഷാജി ദമ്പതികൾക്ക് രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും , ട്രോഫിയും , സർട്ടിഫിക്കറ്റും , ന്യൂ കാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ അംഗങ്ങളായ ജിസ് സണ്ണി , ജിന മരിയ സണ്ണി മാറാട്ടുകളം സഹോദരങ്ങൾ എന്നിവർ മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും , സർട്ടിഫിക്കേറ്റിനും യഥാക്രമം അർഹരായി .

ആരാധന ക്രമ വർഷത്തിൽ രൂപതയയിലെ മുഴുവൻ കുടുംബങ്ങളെയും പങ്കെടുപ്പിച്ചു നടത്തിയ ക്വിസ് മത്സരം കുടുംബങ്ങളുടെ പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി . ഫൈനലിസ്റ്റുകളായ 44 ടീമുകൾക്കും , വിജയികൾക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു . റീജിയണൽ തലത്തിൽ എൺപതു ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയവർക്കുള്ള സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു . ആരാധന ക്രമ ക്വിസ് മത്സരത്തിൽ മുന്നിലെത്തിയവർ ആരാധനാക്രമ ബദ്ധമായ ജീവിതം നയിക്കുവാൻ എല്ലാവർക്കും മാതൃക ആകണമെന്ന് ആരാധനക്രമ വർഷ സമാപന സമാപന സന്ദേശം നൽകികൊണ്ട് അഭി വന്ദ്യ പിതാവ് ഉത്‌ബോധിപ്പിച്ചു .

സമാപന സമ്മേളനത്തിൽ ആരാധന ക്രമ കമ്മീഷൻ ചെയർമാൻ റെവ. ഡോ ബാബു പുത്തൻപുരക്കൽ സ്വാഗതം ആശംസിക്കുകയും , കമ്മീഷൻ അംഗം ഡോ . മാർട്ടിൻ ആന്റണി കൃതജ്ഞത പ്രകാശനവും
നടത്തി . ചങ്ങനാശ്ശേരി അതിരൂപത അംഗവും ബാരോ ഇൻ ഫെർനെസ് ഇടവക സഹ വികാരിയും ആയ റെവ ഫാ . നിതിൻ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റർ .പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യുവിന്റെ നേതൃത്വത്തിൽ ആരാധന ക്രമ കമ്മീഷൻ അംഗങ്ങൾ ആയ ഫാ. ജിനു മുണ്ടുനടക്കൽ , റെവ. ഡീക്കൻ ജോയ്‌സ് പള്ളിക്യമ്യാലിൽ , ശ്രീമതി ജെയ്‌സമ്മ , ഷാജുമോൻ ജോസഫ് , സുദീപ് ,എന്നിവർ ക്വിസ് മത്സരങ്ങൾഏകോപിപ്പിച്ചു .ലിവർപൂൾ സമാധാന രാജ്ഞി ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ , കൈക്കാരൻമാർ , വോളണ്ടീയർ ടീം അംഗങ്ങൾ എന്നിവർ സമാപന പരിപാടികൾക്ക് നേതൃത്വം നൽകി .

ന്യൂസ് ഡെസ്ക് മലയാളം യുകെ

അവര്‍ ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക്. ഉത്തരാഖണ്ഡിലെ സില്‍ക്‌യാരയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7.05-ഓടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങിയത്. ഒന്നരമണിക്കൂറ് കൊണ്ടാണ് ദൗത്യം സമ്പൂര്‍ണവിജയം കണ്ടത്. തുരങ്കത്തിലേക്ക് ആംബുലന്‍സ് എത്തിച്ച് ഓരോരുത്തരെ വീതം ഓരോ ആംബുലന്‍സിലേക്ക് മാറ്റിയാണ് പുറത്തേക്ക് കൊണ്ടുവന്നത്. തൊഴിലാളികളെ പുറത്തെത്തിച്ചതിന് പിന്നാലെ പ്രദേശവാസികള്‍ മധുരവിതരണം നടത്തി.

അപകടം നടന്ന് 17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. നവംബര്‍ 12-ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ ഒരുനിമിഷം ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് 41 പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.

രക്ഷാദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ യന്ത്രങ്ങളില്ലാതെ മനുഷ്യര്‍ നടത്തിയ തുരക്കലിലൂടെയാണ് തൊഴിലാളികള്‍ക്ക് സമീപത്തേക്ക് എത്താനായത്. റാറ്റ് ഹോള്‍ മൈനിങ് എന്ന രീതിയാണ് ഇതിനായി അവലംബിച്ചത്. ഇതിനൊപ്പം തുരങ്കത്തിന് മുകളില്‍ നിന്ന് കുത്തനെ തുരന്ന് മറ്റൊരു രക്ഷാമാര്‍ഗവും തുറന്നിരുന്നു. പുറത്തെത്തിച്ച തൊഴിലാളികളെ സ്ഥലത്ത് സജ്ജമാക്കിയിരുന്ന ആംബുലന്‍സുകളില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും. ആശുപത്രിയില്‍ കട്ടിലുകള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും നേരത്തേ തന്നെ ഒരുക്കിയിരുന്നു.

അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചാണ് അതീവ ദുഷ്‌കരമായിരുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ഓഗര്‍ മെഷീന്‍ തകരാറായി. ഇതോടെയാണ് യന്ത്രസഹായത്തോടെയുള്ള ഡ്രില്ലിങ്ങിന് പുറമെ റാറ്റ് ഹോള്‍ മൈനിങ് സ്വീകരിച്ചത്. ഇത് കൂടാതെയാണ് വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങും നടത്തിയത്. തൊഴിലാളികള്‍ കുടുങ്ങിയ ഉടന്‍ തന്നെ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, ഓക്‌സിജന്‍ എന്നിവ എത്തിക്കാന്‍ ആരംഭിച്ചിരുന്നു. ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് അകത്ത് കടത്തിയാണ് ഇവ എത്തിച്ചത്. കൂടാതെ ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തകരും കുടുബാംഗങ്ങളുമായി സംസാരിക്കാനുള്ള സംവിധാനങ്ങളടക്കം ഈ പൈപ്പ് വഴി ഒരുക്കിയിരുന്നു.

എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, ബി.ആര്‍.ഒ, ചാര്‍ധാം പദ്ധതി നടപ്പാക്കുന്ന എന്‍.എച്ച്.ഐ.ഡി.സി.എല്‍, ഐ.ടി.ബി.പി, സൈന്യം തുടങ്ങി നിരവധി പേര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ചാര്‍ധാം പദ്ധതിയുടെ ഭാഗമായി ദേശീയപാത 134-ല്‍ നിര്‍മ്മിക്കുന്ന 4.531 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് സില്‍കാരയിലെത്. 1119.69 കോടി രൂപയാണ് തുരങ്കത്തിന്റെ നിര്‍മ്മാണ ചെലവ്. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ ആകെ ചെലവ് 1383.78 കോടി രൂപയാകും. നാല് വര്‍ഷമാണ് നിര്‍മ്മാണ കാലാവധി.

ബാബുരാജ് കളമ്പൂർ

കടലൊരെണ്ണം ഞാൻ കുടിച്ചു തീർത്തിട്ടും
കരളിലെയഗ്നിയണഞ്ഞതേയില്ല..
ഒരു തുലാവർഷം നനഞ്ഞു തീർത്തിട്ടും
ഹൃദയത്തിൻ താപം കുറഞ്ഞതേയില്ല..

കനൽ പുകയുന്ന മൊഴികൾ കേട്ടുകേ-
ട്ടുരുകിപ്പോയൊരെൻ ചെവിപ്പടിക്കൽ നിൻ
നനുത്ത വാക്കുകൾ പിടഞ്ഞു വീണതും..
മരിച്ച മോഹത്തിൻ ചുടലച്ചാമ്പലും
വഹിച്ചൊരു കാറ്റു കിതച്ചണഞ്ഞെന്റെ
മനസ്സിൻ വാതില്ക്കൽ കരഞ്ഞു നിന്നതും…
തുരുമ്പു കേറിയ മണിച്ചിത്രത്താഴു
തുറക്കാനാവാതെ തിരിച്ചു പോയതും..
അറിഞ്ഞതില്ല ഞാൻ.. ഉണർന്നതില്ല ഞാൻ.
കനത്ത ഖേദത്തിലുറഞ്ഞുപോകയാൽ..

കരയുവാൻ പോലുമരുതാതെ മൗന
ച്ചിതല്പുറ്റിന്നുള്ളിലൊളിച്ചിരിക്കുമ്പോൾ..
ഒഴുകിപ്പോയൊരപ്പഴമ്പുഴതന്റെ
സ്മരണകൾ തേടിപ്പറക്കും ഹൃത്തിലെ
ക്കിളികളൊക്കെയുമുറക്കെക്കേഴുമ്പോൾ..
കനവുകൾ വറ്റിക്കവിതയും വറ്റി
പ്പുതിയകാലത്തെപ്പുതിയ രീതിക-
ളറിയാതങ്ങനെ തളർന്നിരിക്കുമ്പോൾ..

മരിക്കും ഹൃത്തിന്റെ മിടിക്കും കോണിൽനി-
ന്നൊരു ചെറുകിളി ചിറകടിക്കുന്നു.
ഇരുണ്ട രാവിലെച്ചെറു മിന്നാമ്മിന്നി
ത്തിളക്കംപോലെ വന്നടുത്തു കൂടുന്നു.
കരൾ കൊത്തിത്തുറന്നകത്തു കേറിയ-
ക്കിളി പ്രതീക്ഷതൻ വചനമോതുന്നു.
ഇരുളു മാ,ഞ്ഞിറ്റു വെളിച്ചം വീശുന്ന
പുതുപ്രഭാതത്തിൻ പടം വരയ്ക്കുന്നു.

അതു കാണാൻ മനം കൊതിച്ചു ഞാനെന്റെ
തെളിയാക്കണ്ണുകൾ തിരുമ്മിനോക്കുന്നു..
അഴലിൻ പാടകൾ വലിച്ചുനീക്കി ഞാൻ
തിമിരം മാറ്റുവാൻ ശ്രമം നടത്തുന്നു..

ബാബുരാജ് കളമ്പൂർ

കവി / നോവലിസ്റ്റ് / പരിഭാഷകൻ.

തമിഴ്, മലയാളം എന്നീ ഭാഷകളിൽ എഴുതുന്നു.

മഹാഭാരതം,വാല്മീകിരാമായണം എന്നിവയുടെ സമ്പൂർണ്ണ പുനരാഖ്യാനങ്ങൾ..

കല്ക്കിയുടെ ശിവകാമിയിൻ ശപഥം, പെരുമാൾ മുരുകന്റെ അർദ്ധനാരീശ്വരൻ,
തമിഴ്നാട് മുൻ മുഖ്യമന്ത്രി,എം കരുണാനിധിയുടെ തിരുക്കുറൾ വ്യാഖ്യാനം എന്നീ കൃതികളുടെ മലയാള പരിഭാഷ.. വാരണാവതം, തീമഴക്കാലം , പശ്ചിമായനം എന്നീ നോവലുകൾ, ഇവയുൾപ്പടെ ഇരുഭാഷകളിലുമായി അമ്പത്തി ഏഴു കൃതികളുടെ രചയിതാവ്.

എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂരിൽ താമസം.

ജോഷി ചിത്രം ‘ആന്റണി’ ഡിസംബർ ഒന്നിന് യുകെ തിയേറ്ററുകളിൽ; പ്രീമിയർ നവംബർ 30ന്

മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ആൻ്റണി യുകെ തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ യുകെ മലയാളിയായ ഐൻസ്റ്റീൻ സാക് പോൾ ആണ്, ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രത്തിലെ കോംബോ ജോജു ജോർജ്ജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർക്ക് ഒപ്പം കല്ല്യാണി പ്രിയദർശനെയും അണിനിരത്തി “ആൻ്റണി” നിർമ്മിച്ചിരിക്കുന്നത്.

ഡിസംബർ ഒന്നിന് വേൾഡ് വൈഡ് റിലീസ് ആയി തീയറ്ററുകളിൽ എത്തുന്ന ചിത്രം, ബർമിംഹാമിൽ നവംബർ 30ന് പ്രീമിയർ ഷോയോട് കൂടി ആരംഭിക്കുന്നു. യുകെ മലയാളികളായ ഷിജോ ജോസഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ചിത്രത്തിൽ ഗോകുൽ വർമ, കൃഷ്ണരാജ് രാജൻ എന്നിവർ സഹ നിർമ്മാതാക്കൾ ആകുന്ന ആൻ്റണിയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

സിനിവേൾഡ്, ഒഡിയോൺ, വ്യൂ എന്നീ തീയറ്റർ ശ്രുംഘലകളിൽ ആർ.എഫ്.ടി ആണ് പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിൻ്റെ പ്രമോയുടെ ഭാഗമായി ജോജുവും കല്യാണിയും ചെമ്പനും വേൾഡ് മലയാളി കൗൺസിലിൻ്റെ വള്ളം കളിയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നത് യുകെ യിൽ ഈ ചിത്രത്തിന് ഏറെ ജനപ്രീതി നൽകിയിരുന്നു.

ജോഷിയുടെ മുൻ ചിത്രങ്ങളിലെ പോലെ മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന ചിത്രമായിരിക്കും ആൻ്റണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ട്രെയിലർ, പാട്ടുകൾ എന്നിവ ആരാധർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

പൊറിഞ്ചു മറിയം ടീമിന് പുറമെ വിജയരാഘവൻ, ആശ ശരത്ത്, ബിനു പപ്പു, ജിനു ജോസഫ്, ഹരിശന്ത്, അപ്പാനി ശരത്ത്, സുധീർ കരമന തുടങ്ങി വൻ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

തിരക്കഥ: രാജേഷ് വർമ്മ, ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്,lപ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ എന്നിവരാണ് മറ്റു അണിയറ ശില്പികൾ.

പാട്ടഴകിന്റെ വിസ്മയ നിമിഷങ്ങള്‍ പകരാന്‍ നീലാംബരി സീസണ്‍ 4 എത്തുകയായ്. ഓരോ വര്‍ഷവും നീലാംബരിയിലേക്കുള്ള ജനപ്രവാഹം കൂടുന്നത് പരിഗണിച്ച് ഇക്കുറി കൂടുതല്‍ മികവുറ്റ സൗകര്യങ്ങളും വിപുലമായ സന്നാഹങ്ങളുമുള്ള പൂള്‍ ലൈറ്റ് ഹൗസിലാണ് പരിപാടി നടത്തുന്നത്. കൂടുതല്‍ ഇരിപ്പിടങ്ങളുള്ള ലൈറ്റ് ഹൗസിലെ അത്യാധുനിക വേദിയില്‍ 2024 ഒക്ടോബര്‍ 26 ന് നീലാംബരി കലാകാരന്‍മാര്‍ സംഗീത -നൃത്ത ചാരുതയുടെ ഭാവതലങ്ങള്‍ പകരുമ്പോള്‍ ആസ്വാദകാനുഭവം ആനന്ദമയമാകുമെന്ന് ഉറപ്പിക്കാം.

കലയുടെ ലയപൂര്‍ണിമ നുകരാന്‍ താങ്കളെയും കുടുംബത്തെയും ഏറെ സ്‌നേഹത്തോടെ നീലാംബരി സീസണ്‍ 4 ലേക്ക് സ്വാഗതം ചെയ്യുകയാണ്. മനസില്‍ മായാതെ കുറിച്ചിടാന്‍ തീയതി ചുവടെ ചേര്‍ക്കുന്നു.

2024 ഒക്ടോബര്‍ 26
Lighthouse
21 kingland Road, poole
BH15 1UG4

 

രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. ഇതോടെ നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകള്‍ക്ക് അവസാനമായി.

കുട്ടിയെ പോലീസ് ഏറ്റെടുത്ത് കൊല്ലം എ.ആര്‍. ക്യാംപിലെത്തിച്ചു. വൈദ്യപരിശോധനകള്‍ക്ക് ശേഷം ഉടന്‍തന്നെ കുട്ടിയെ വീട്ടിലെത്തിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറും.

ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യം തിരക്കിയത്. തുടര്‍ന്ന് പേരുംവിവരങ്ങളും ചോദിച്ചപ്പോള്‍ അബിഗേല്‍ സാറാ റെജിയെന്ന് മറുപടിനല്‍കുകയും നാട്ടുകാര്‍ ഫോണില്‍ കാണിച്ചുനല്‍കിയ രക്ഷിതാക്കളുടെ ചിത്രങ്ങള്‍ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുടിക്കാന്‍ വെള്ളംനല്‍കി. ഉടന്‍തന്നെ പോലീസിലും വിവരമറിയിച്ചു.

തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്.

നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകളാണ് അബിഗേല്‍ സാറാ റെജി. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ(9)യും കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു. കാലുകള്‍ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്.

കൊല്ലത്തു നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തട്ടിക്കൊണ്ടു പോയ കുട്ടിയുടെ അച്ഛനും അമ്മയും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരാണ്. അച്ഛൻ റെജി ജോൺ കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിലും അമ്മ സിജി റെജി  കൊട്ടിയം കിംസ് ആശുപത്രിയിലും നേഴ്സുമാരാണ്.യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ആണ് റെജി ജോൺ .

17 മണിക്കൂർ പിന്നിട്ടിട്ടും കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ആറുവയസ്സുകാരി അബിഗേൽ സാറ റെജിയേക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. പാരിപ്പള്ളി, പള്ളിക്കൽ പ്രദേശങ്ങൾക്ക് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചുമാണ് ആദ്യഘട്ടത്തിൽ പോലീസ് അന്വേഷണം നടത്തിയതെങ്കിലും, ഇപ്പോൾ മറ്റു ജില്ലകളിലേക്കുകൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനിടെ, തിരുവനന്തപുരത്തെ ശ്രീകാര്യം, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തുകയും മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരിൽനിന്ന് കാര്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തിങ്കളാഴ്ച വൈകീട്ട് 4.20-നാണ് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന്‌ പുറത്തേക്കു തള്ളിയിടുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയർ കാറിലാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി മോചനദ്രവ്യം ആവശ്യപ്പെട്ട് പാരിപ്പള്ളിയിലെ കടയിൽ നിന്ന് ഫോൺ വിളിച്ച സ്ത്രീയോടൊപ്പം കടയിലെത്തിയ വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കടയുടമയുടെ ഭാര്യ ​ഗിരിജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം ഒരുക്കിയത്. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 9946923282, 9495578999 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

Copyright © . All rights reserved