ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ പ്രസിഡൻറ് ജിജോ ചുമ്മാറിൻ്റെ മാതാവ് പൊൻകുന്നം നെയ്യാട്ടുശ്ശേരി നടുവത്താനിയിൽ മാണി ചുമ്മാറിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. പരേത ഭരണങ്ങാനം ആർക്കാട്ട് കുടുംബാംഗമാണ്. മൃത സംസ്കാര ശുശ്രൂഷകൾ ആഗസ്റ്റ് 26 , തിങ്കളാഴ്ച രാവിലെ 10 . 30 ന് സ്വഭവനത്തിൽ ആരംഭിച്ച് നെയ്യാട്ടുശ്ശേരി സെൻറ് ജോർജ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും. മക്കൾ : അലക്സാണ്ടർ, ടോമി, ജിജോ . മരുമക്കൾ: ഗ്രേസിക്കുട്ടി, ബെറ്റി , സിനി (യുകെ ).
ജിജോ ചുമ്മാറിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. ഭർത്താവുമായി ജീവിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കൈയ്യിൽ നിന്നും 15 പവൻ സ്വർണ്ണാഭരണങ്ങളാണ് പ്രതികൾ അടിച്ച് മാറ്റിയത്.
കേസിൽ ചാവക്കാട് തിരുവത്ര രായമ്മരക്കാരു വീട്ടിൽ നാസർ മകൻ ജംഷീർ (34) വയസ്സ്, പുന്ന മുണ്ടോക്കിൽ മുസ്തഫയുടെ മകൻ ഫാറൂഖ്.കെപി (34) വയസ്സ് എന്നിവരെയാണ് ചാവക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രീത ബാബു അറസ്റ്റ് ചെയ്തത്.
പലസമയത്തായാണ് പ്രതികൾ പൂജയുടെ പേര് പറഞ്ഞ് യുവതിയിൽ നിന്നും സ്വർണ്ണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാൾ കഴിഞ്ഞ് സ്വർണം തിരികെ ചോദിച്ചപ്പോഴാണ് യുവതിക്ക് ചതി മനസിലായത്. തന്‍റെ കൈയ്യിൽ നിന്നും വാങ്ങിയ സ്വർണ്ണം തിരികെ ചോദിച്ച സമയം പരാതിക്കാരിക്ക് റോൾഡ് ഗോൾഡിന്റെ ആഭരണങ്ങൾ തിരികെ നൽകി വിശ്വാസവഞ്ചന ചെയ്യുകയും ചെയ്തു പ്രതികളെന്ന് പൊലീസ് പറഞ്ഞു.
സ്വർണ്ണം വിറ്റു കിട്ടിയ പൈസ ഉപയോഗിച്ച് തമിഴ്നാട് കേന്ദ്രീകരിച്ചുളള ദർഗ്ഗകളിൽ ചുറ്റിക്കറങ്ങുകയും ആഢംബര ജീവിതം നയിക്കുകയുമാണ് പ്രതികളുടെ രീതി. സിവിൽ പൊലീസ് ഓഫീസർമാരായ രജനീഷ്, അനസ്, വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
സിനിമാരംഗത്ത് കാസ്റ്റിങ് കൗച്ച് ചിലർക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അമ്മ വൈസ് പ്രസിഡന്റ് നടൻ ജഗദീഷ്. ഹേമ കമ്മിറ്റിക്കുമുന്നിൽ വനിതകൾ നൽകിയ മൊഴികൾ അപ്രസക്തമാണെന്നു താൻ പറയില്ല. ആരോപണവിധേയർ അഗ്നിശുദ്ധി തെളിയിക്കട്ടെ. അവരുടെ പേരിൽ കോടതി കേസെടുക്കാൻ നിർദേശിച്ചാൽ അമ്മ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജഗദീഷ് പറഞ്ഞു.
ഇരയായവരുടെ പേര് റിപ്പോർട്ടിൽനിന്ന് ഒഴിവാക്കാം. എന്നാൽ, വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നവർ അക്കാര്യം പറയുമ്പോൾ അന്ന് പറയാത്തതെന്താ എന്ന് ചോദിക്കാനാകില്ല. എത്ര കൊല്ലം മുൻപ് നടന്നതായാലും ലൈംഗികചൂഷണവും ലൈംഗികാതിക്രമങ്ങളും ഒരിക്കലും സ്വാഗതം ചെയ്യാനാകില്ല.
അതേസമയം, റിപ്പോർട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. വിജയിച്ച നടിയോ നടനോ വഴിവിട്ട പാതയിലൂടെ വന്നവരാണെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല.
അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ചേംബറിനോ ഈ വിഷയങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. റിപ്പോർട്ടിന്റെ പൂർണരൂപത്തിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം. പേരുകൾ പുറത്തുവിടാൻ കോടതി അനുവദിക്കുമെങ്കിൽ അതു നടക്കട്ടെ. കോടതി എന്തു തീരുമാനമെടുത്താലും പൂർണ്ണമായും സഹകരിക്കും.
റിപ്പോർട്ട് അന്നുതന്നെ പുറത്തുവിട്ടിരുന്നെങ്കിൽ ഇക്കാലത്തിനിടെ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടായേനെയെന്നും ജഗദീഷ് പറഞ്ഞു.
താര സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ഇടവേള ബാബുവിന്റെ പേര് പറഞ്ഞ് മലയാള ചലച്ചിത്ര നടി പീഡനശ്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി രംഗത്ത്.
2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ശ്രീലേഖ മിത്ര ഒരു മലയാള വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും ആ രാത്രി ജീവിതത്തില്‍ മറക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ ‘അകലെ’ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷന്‍ എല്ലാം കഴിഞ്ഞതായിരുന്നു.
രാവിലെ സംവിധായകന്‍ രഞ്ജിത്തിനെ കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് കണ്ടു. മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു താന്‍. മമ്മൂട്ടിക്കെപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അതില്‍ വളരെ സന്തോഷമുണ്ടായിരുന്നുവെന്നും പറയുന്നു.
വൈകിട്ട് അണിയറ പ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോള്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന്‍ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്നാണ് ഞാന്‍ കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയില്‍ തൊട്ട് വളകളില്‍ പിടിച്ചു.
അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടെന്ന് പ്രതികരിക്കാനായില്ല. പിന്നീട് രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ താന്‍ ശരിക്കും ഞെട്ടി. ഉടനെ തന്നെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞതെന്നും ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ പറഞ്ഞു.
ഭര്‍ത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങള്‍ പറയാന്‍ പറ്റിയില്ല. താന്‍ കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആര്‍ക്കും മനസിലാക്കാനാവില്ലെന്നും നടി വ്യക്തമാക്കി. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷിയോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല, ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് തന്നെ ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങിയെന്നും അവര്‍ പറഞ്ഞു.
അതിക്രമം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ട് വരണം. കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം. ഹേമ കമ്മറ്റി പോലുള്ള സംവിധാനങ്ങള്‍ മറ്റ് ഭാഷകളിലും വേണമെന്നും നടി ശ്രീലേഖ മിത്ര പറഞ്ഞു.
മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാളെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വിളക്കോട് സ്വദേശി സഫീര്‍ ആണ് അറസ്റ്റിലായത്. തലശ്ശേരിയില്‍ നിന്നാണ് ഇയാളെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്.
കേസിലെ മുഖ്യപ്രതി അശമന്നൂര്‍ സവാദിന് മട്ടന്നൂരില്‍ ഒളിത്താവളം ഒരുക്കിയത് സഫീറാണെന്നാണ് എന്‍.ഐ.എ കണ്ടെത്തിതിന് പിന്നാലെ അയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സഫീറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ ഈ മാസം 29 ന് കോടതി പരിഗണിക്കും.
2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യ പേപ്പറില്‍ മതനിന്ദ ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസര്‍ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ സവാദിനെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ സംഘം പിടികൂടിയത്. കണ്ണൂരില്‍ നിന്നാണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോർട്ടിൽ നിന്നും അപർണ നായർ – 5 ഡബിൾ A സ്റ്റാറുകളും 4 A സ്റ്റാറുകളും 1 – A യും കരസ്ഥമാക്കി. ജി.സി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടി. ആൾട്രിഞ്ചാം ഗ്രാമർ സ്കൂൾ ഫോർ ഗേൾസിലെ വിദ്യാർത്ഥിനിയാണ്. പഠിത്തത്തിൽ എന്നത് പോലെ യുകെ കലാരംഗത്തും പ്രശസ്തയാണ്. ഹരീഷ് നായരുടെയും ജെമിനി നായരുടെയും മകളാണ്.
സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും വിളിച്ചുവരുത്തി പരിശോധിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം റിപ്പോർട്ടിൽ അന്വേഷണം എന്ന നിർണായകമായ തീരുമാനത്തിലേക്കുള്ള ആദ്യചുവടുവെപ്പാകുമോയെന്നത് ചർച്ചയാകുന്നു. അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി വ്യാഴാഴ്ച പരിഗണിക്കവേ മൊഴിനൽകിയവർക്ക് പോലീസിനെ സമീപിക്കാമല്ലോ എന്നായിരുന്നു കോടതിയുടെ ആദ്യപ്രതികരണം. അതല്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയിലും പരാതിനൽകാം -ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജിക്കാരനോട് പറഞ്ഞു.
അന്വേഷണം എന്ന ആവശ്യം റിപ്പോർട്ടിൽ ഇല്ലാത്തത് സർക്കാരും ചൂണ്ടിക്കാട്ടി. സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ശുപാർശകളടങ്ങിയ റിപ്പോർട്ട് നൽകാനാണ് ഹേമ കമ്മിറ്റിയെ നിയമിച്ചതെന്നും വാദിച്ചു. ഈ വാദം തള്ളിക്കൊണ്ടാണ് റിപ്പോർട്ട് പൂർണമായും പരിശോധിക്കാൻ കോടതി തീരുമാനിച്ചത്.
സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമവും ചൂഷണവും നടന്നുവെന്ന് റിപ്പോർട്ടിലുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോഴും അന്വേഷണം എന്ന ആവശ്യം ഹൈക്കോടതി മുൻ ജഡ്ജികൂടിയായ കെ. ഹേമ റിപ്പോർട്ടിൽ ഉന്നയിച്ചിട്ടില്ലെന്നതായിരുന്നു അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടിയത്. ഇതിനായി റിപ്പോർട്ടിലെ ചില പേജുകളും പ്രത്യേകം പരാമർശിച്ചു. അന്വേഷണമടക്കമുള്ള ആവശ്യം ഇല്ലാത്തതിനാലാണ് ജുഡീഷ്യൽ കമ്മിഷനുപകരം കമ്മിറ്റിയെ നിയോഗിച്ചത് എന്നും വിശദീകരിച്ചു.
290 പേജുകൾ അടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇതിൽ 233 പേജുകളാണ് വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പുറത്തുവിട്ടത്. പുറത്തുവിടാത്ത 57 പേജുകളിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരൽചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്ന പേരിലാണ് നൽകാതിരുന്നത്. ഇതടക്കം മുദ്രവെച്ച കവറിൽ ഹാജരാക്കാനാണ് കോടതി നിർദേശം.
അപ്പോഴും റിപ്പോർട്ടിന്റെ അനുബന്ധമായ വാട്സാപ്പ് ചാറ്റുകളും ഒാഡിയോ, വീഡിയോ ദൃശ്യങ്ങളും ഒന്നും കോടതിയിൽ എത്തില്ല. കമ്മിറ്റി അവ സർക്കാരിന് കൈമാറിയിട്ടില്ല എന്നാണ് എ.ജി. കോടതിയിൽ പറഞ്ഞത്. റിപ്പോർട്ട്് പരിശോധിച്ചശേഷം കോടതി ഇവയും വിളിച്ചുവരുത്തി പരിശോധിക്കുമോ എന്നൊന്നും ഇപ്പോൾ വ്യക്തമല്ല.
വയനാട് ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച് ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്ത മേഖലയിലെ അപകട സാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളും സംബന്ധിച്ച് രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കിയത്. ജോണ്‍ മത്തായി നല്‍കിയ റിപ്പോര്‍ട്ട് വിലയിരുത്തുന്ന അഞ്ചംഗ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സന്ദര്‍ശനം നടത്തിയാണ് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധ സംഘം ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മൂന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടതില്‍ പുനരധിവാസം സംബന്ധിച്ചും അപകട മേഖലകള്‍ സംബന്ധിച്ചുള്ളതുമാണ് സമര്‍പ്പിച്ചത്. പുനരധിവാസത്തിന് 24 സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നതില്‍ 12 ഇടത്ത് വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. ഇതില്‍ അഞ്ച് സ്ഥലങ്ങള്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പുഞ്ചിരിമട്ടം താമസ യോഗ്യമല്ലെന്ന് കണ്ടെത്തിയ സംഘം പുഞ്ചിരിമട്ടം, മുണ്ടക്കൈ, പടവെട്ടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ അപകട മേഖലകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
പുഴയില്‍ നിന്നുള്ള ദൂരം, ഭൂമിയുടെ ചെരിവ്, നീര്‍ച്ചാല്‍ ഒഴുക്ക് തുടങ്ങിയവ പരിഗണിച്ചാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ അപകട മേഖലകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ചിലയിടങ്ങളില്‍ പുഴയില്‍ നിന്ന് 350 മീറ്റര്‍ വരെ അപകട മേഖലയായി തരം തിരിച്ചിട്ടുണ്ട്. അന്‍പത് മീറ്റര്‍ ഉണ്ടായിരുന്ന പുഴ ഉരുള്‍പ്പൊട്ടലോടെ നൂറോ നൂറ്റമ്പതോ മീറ്ററായി പരിണമിച്ചിട്ടുണ്ട്.
പുഴയുടെ പുതിയ വക്ക് കണ്ടെത്തി തിരിച്ചറിഞ്ഞ സംഘം അവിടെ നിന്നാണ് അപകട മേഖല കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമെയുള്ളതെല്ലാം സുരക്ഷിത സ്ഥലമായും കണക്കാക്കും. എങ്ങനെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായെന്നുള്ള റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇനിയും നല്‍കിയിട്ടില്ല. ഇത് പ്രഭവകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമേ തയ്യാറാക്കൂ.
ഡോ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് അതിന് മുകളിലുള്ള ഉന്നതാധികാര സമിതി ഇനി പഠിക്കും. അവര്‍ ഈ ആഴ്ച അവസാനത്തോടെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് നല്‍കുകയാകും ചെയ്യുക.
എന്നാല്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നിലവില്‍ തുടരുകയാണ്. 119 പേരെയാണ് നിലവില്‍ കണ്ടെത്താനുള്ളത്. തിരച്ചില്‍ സംഘത്തില്‍ ആളുകളെ വെട്ടിക്കുറച്ചത് വിമര്‍ശനത്തിന് വഴി വച്ചിരുന്നു. വയനാട്ടില്‍ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ജാഗ്രത തുടരുന്നുണ്ട്. അതേസമയം ക്യാമ്പുകളില്‍ 97 കുടുംബങ്ങള്‍ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
സണ്ണിമോൻ മത്തായി
നിരവധി പ്രാദേശിക സംഗമങ്ങൾ യുകെയിലെ മലയാളികൾ വീജയകരമായി നടത്തി കൊണ്ട് പോകുന്നുണ്ടെങ്കിലും അവയെയെല്ലാം വെല്ലുന്ന മലയാളി സംഗമം ഒരുക്കാൻ ബ്രിട്ടനിലെ പുതുപ്പള്ളിക്കാർ തയ്യാർ എടുക്കുന്നു. 11-ാംമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായപ്പോൾ തന്നെ നിരവധി കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. രാവിലെ 9മണി മുതൽ വൈകിട്ട് 7മണിവരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഒക്ടോബർ 12ന് ബ്രിസ്റ്റോളിലെ സെൻ്റ് ജോൺസ് ഹാളിൽ ഒത്തുചേരുന്നതാണ്.
ഇത് വരെ നടന്നവയിൽ നിന്നെല്ലാം വൃതൃസ്തമായി യുകെയിലെ മുഴുവൻ പുതുപ്പള്ളി മണ്ഡലക്കാരെയും ഒന്നിച്ച് സംഗമ വേദിയിൽ എത്തിക്കാനായി കഠിന പ്രയ്ത്നത്തിലാണ് സംഘാടകർ. വാകത്താനം, മണർകാട്, പുതുപ്പളളി, മീനടം, പാമ്പാടി, തിരുവഞ്ചുർ, പനച്ചികാട്, കുറിച്ചി, അകലക്കുന്നം ,കങ്ങഴഎന്നിവിടങ്ങളിൽ നിന്നെല്ലാം ഒന്ന് ചേർന്ന് ആണ് പുതുപ്പള്ളി സംഗമം ആഘോഷമാക്കാൻ ഒരുങ്ങുന്നത്.
നാടിന്റെ സ്മൃതി ഉണർത്തുന്ന വാശിയേറിയ പകിടകളി,നാടൻ പന്തുകളി,വടംവലി മത്സരവും,ഗാനമേളയും മേളത്തിന് അകമ്പടി സേവിക്കും. മുൻവർഷങ്ങളിലെപ്പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുബാംഗങ്ങൾക്കും നൽകുവാനായി പ്രഭാത ഭക്ഷണവും ,ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനു പുറമേ വൈകുന്നേരം ലൈവ് നാടൻ തട്ടുകടയും ഒരുക്കി വൃതൃസ്തതയാർന്ന രൂചിക്കുട്ടിലുളള ഭക്ഷണവും തയ്യാറാക്കി നൽകുന്നതാണ്. പ്രകൃതി രമണീയത കൊണ്ട് പ്രവാസികളുടെ നമ്മയും സൗഹൃദവും പങ്ക് വയ്ക്കപ്പെടുന്ന വേദിയായി ഓക്ടോബർ 12 ന് ബ്രിസ്റ്റോൾ മാറും എന്നതിന് തെല്ലും സംശയമില്ല.
കാർഷിക വിളകളുടെയും,നാണൃവിളകളുടെയും ഈറ്റില്ലം,ജോർജിയൻ തിർത്ഥാടാന കേന്ദമായ പുതുപ്പള്ളി പള്ളി,മരിയൻ തിർത്ഥാടന കേന്ദമായ മണർകാട് പള്ളി,പനച്ചികാട് മുകാമ്പിക ദേവി ക്ഷേത്രം,ലോക പ്രസിദ്ധമായ വാകത്താനം വരിക്ക ചക്കയുടെ പ്രഭാവ കേന്ദം ,യശശരിരനായ മുൻ മുഖൃമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലം എന്നിവ കൊണ്ട് ലോക പ്രസിദ്ധംമാണ് നമ്മുടെ പുതുപ്പള്ളി മണ്ഡലം.
കൂടുതൽ വിവരങ്ങൾക്ക്
ലിസാ 07528236705,റോണി07886997251.
Venue St Johns Hall,Lodge Causeway,Fishpond Bristol,Uk. BS16 3QG
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്. സിനിമാ കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്ന് മന്ത്രി ചോദിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ക്ലേവ് കൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ സര്‍ക്കാര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നും പാര്‍വതി തിരുവോത്ത് നേരത്തേ ചോദിച്ചിരുന്നു. ഇതിനാണ് മന്ത്രി എം.ബി. രാജേഷ് പാര്‍വതിയുടെ പേരെടുത്ത് പറയാതെ മറുപടി നല്‍കിയത്.
‘ഇന്ത്യയില്‍ ഒരൊറ്റ സംസ്ഥാനത്ത് മാത്രമേ സിനിമാ മേഖലയിലെ ഇത്തരം പ്രവണതകളെ കുറിച്ചുള്ള സമഗ്രമായ, വിശദമായ പഠനം നടത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളൂ എന്നതാണ് പ്രധാനകാര്യം. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയാണ് ഇത്. സര്‍ക്കാരിന്റെ സമീപനം വളരെ വ്യക്തമാണ്. മറ്റൊരു സംസ്ഥാനത്തും സ്വീകരിച്ചിട്ടില്ലാത്ത ആര്‍ജവത്തോടെയുള്ള ധീരമായ നിലപാടാണ് അത്. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.’ -എം.ബി. രാജേഷ് പറഞ്ഞു.
‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവത്തിന്റെ ഉറപ്പിലാണ് പലരും കമ്മിറ്റിയുടെ മുന്നില്‍വന്ന് കാര്യങ്ങള്‍ വിശദീകരിച്ചത് എന്ന് ജസ്റ്റിസ് ഹേമ തന്നെ ചൂണ്ടിക്കാണിച്ചതാണ്.’
‘ഇപ്പോള്‍ ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയം പ്രവര്‍ത്തിച്ചുതുടങ്ങി. കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ എന്തെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ? ഒന്നും പ്രഖ്യാപിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ഇരകളും വേട്ടക്കാരും ഒന്നിച്ചാണിരിക്കുന്നത് എന്ന വ്യാഖ്യാനമുണ്ടാകുന്നത്? സിനിമാ മേഖലയെ സംബന്ധിച്ച് സമഗ്രമായ നയം ഉണ്ടാകണം എന്ന ഒറ്റ ഉദ്ദേശമേ സര്‍ക്കാരിന് മുന്നിലുള്ളൂവെന്നാണ് സാംസ്‌കാരികമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളത്. ആ നയം ആവിഷ്‌കരിക്കുന്നതിന് അതുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെട്ട കോണ്‍ക്ലേവ് എന്നേ പറഞ്ഞിട്ടുള്ളൂ. അതില്‍ വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കും എന്നതൊക്കെ തെറ്റായ വ്യാഖ്യാനങ്ങളാണ്.’ -മന്ത്രി പറഞ്ഞു.