ജസ്ന തിരോധാനക്കേസില്‍ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്താൻ സിബിഐ. ജസ്നയും യുവാവും താൻ ജോലി ചെയ്തിരുന്ന ലോഡ്ജില്‍ എത്തിയിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം യുവതിയുടെ വെളിപ്പെടുത്തല്‍. മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തലും ജസ്നയുടെ തിരോധാനവും തമ്മിലുള്ള ബന്ധമാണ് സിബിഐ അന്വേഷിക്കുന്നത്.
ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി സിബിഐ സംഘം ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കും. ഇതിന് മുന്നോടിയായി തിരുവനന്തപുരത്തുളള സിബിഐ സംഘം കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഓഫീസ് വഴി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. കാണാതാകുന്നതിന് മുൻപ് മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയത് ജസ്ന തന്നെയാണോ,ജസ്നയുടെ തിരോധാനത്തിന് ലോഡ്ജുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുക. ലോഡ്ജിനെപ്പറ്റി നേരത്തെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
ആറ് വർഷങ്ങള്‍ക്ക് മുൻപ് പത്തനംതിട്ടയില്‍ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയിരുന്നുവെന്നാണ് മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞത്. ജസ്നയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലായിരുന്നു.
‘പത്രത്തില്‍ പടം വന്നതു കൊണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്. പെണ്‍കൊച്ചിൻറെ രൂപം മെലിഞ്ഞതാണ്, വെളുത്തതാണ്. എന്നെക്കാള്‍ മുടിയുണ്ട്. ക്ലിപ്പാണോ എന്ന് ഉറപ്പില്ല, തലമുടിയില്‍ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നോട് പറഞ്ഞു, എവിടെയോ ടെസ്റ്റ് എഴുതാൻ പോകുവാണെന്ന്. കൂട്ടുകാരൻ വരാനുണ്ട്. അതിനാണ് അവിടെ നില്‍ക്കുന്നതെന്ന് പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പയ്യൻ വന്നു, മുറിയെടുത്തു. രണ്ട് പേരും 4 മണി കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. പയ്യനെ ഞാൻ കണ്ടു, വെളുത്ത് മെലിഞ്ഞ പയ്യനാ.102ആം നമ്പർ മുറിയാണെടുത്തത്. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.’
സംസ്ഥാനത്ത് നടക്കുന്ന വാഹനാപകടങ്ങളില്‍ അധികവും രാത്രിസമയത്ത്. ഇതില്‍ ഏറെയും വൈകുന്നേരം ആറിനും രാത്രി 10 നുമിടയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് നടക്കുന്ന അപകടങ്ങളുടെ 30 ശതമാനത്തോളം ഈ സമയത്താണെന്നാണു കേരള പോലീസിന്‍റെ വെബ്സെറ്റില്‍നിന്നുള്ള വിവരം.
വർഷംതോറും അപകടങ്ങളുടെ എണ്ണവും മരണസംഖ്യയും വർധിച്ചുവരികയാണ്. അപകടങ്ങളില്‍ ഏറെയും മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലമാണെന്ന് അന്വേഷണ റിപ്പോർട്ടുകളില്‍നിന്നു വ്യക്തമാകുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ വർഷം നടന്ന അപകടങ്ങളില്‍ ജീവൻ പൊലിഞ്ഞത് 4010 പേർക്കായിരുന്നുവെങ്കില്‍ 2019ല്‍ 4440 പേരുടേയും 2022ല്‍ 4317 പേരുടേയും ജീവൻ പൊലിഞ്ഞു. ഇതില്‍ സർക്കാർ വാഹനങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2020 ല്‍ ആണ് ഏറ്റവും കുറവ് അപകടമരണം. 2979 പേരാണ് ആ വർഷം അപകടത്തില്‍പെട്ടു മരിച്ചത്.
വൈകുന്നേരം ആറിനും രാത്രി പത്തിനും ഇടയില്‍ ജീവൻ നഷ്ടപ്പെട്ടവർ 2019ല്‍ 898, 2020ല്‍ 651, 2021ല്‍ 789,2022ല്‍ 923, 2023 ല്‍ 901 എന്നിങ്ങനെയാണ്. റോഡ് അപകടങ്ങള്‍ ഏറെയും നടന്നത് 2023ലാണ്. 48141 അപകടങ്ങള്‍. 2020 ല്‍ അപകടങ്ങള്‍ കുറയാൻകാരണം കോവിഡ് കാലമായതിനാല്‍ മദ്യലഭ്യത കുറഞ്ഞതാണെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് വരുന്നത് അതിശക്തമായ മഴ. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കി. വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം നാളെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് മുന്നറിയിപ്പും പിൻവലിച്ചു.24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്നാടിനു മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിൽ അതിശക്ത മഴ തുടരാൻ കാരണം.
കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെയുള്ള മലബാറിലെ ജില്ലകളില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ സ്വദേശി പൂക്കാട്ട് വീട്ടില്‍ നവനീത്(25), കാരപ്പറമ്പ് സ്വദേശി പട്ടോത്ത് വീട്ടില്‍ അക്ഷയ്(29) എന്നിവരെയാണ് വാക്കാട് വെച്ച് 12.64 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടികൂടിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും തിരൂര്‍ പോലീസും ശനിയാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ മയക്കുമരുന്നുമായി വാക്കാട് ഭാഗത്ത് വെച്ച് മോട്ടോര്‍സൈക്കിളില്‍ പിടിയിലായത്. തിരൂര്‍ -താനൂര്‍ ഭാഗങ്ങളില്‍ വിതരണത്തിന് കൊണ്ടുവന്നതാണ് മയക്കു മരുന്നെന്ന് പ്രതികളില്‍ നിന്നും വിവരം ലഭിച്ചു. ഈ ഭാഗങ്ങളില്‍ നിന്നുള്ള പ്രതികളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
തിരൂര്‍ ഡി.വൈ.എസ്.പി കെ.എം ബിജു, ഇന്‍സ്‌പെക്ടര്‍ കെ.ജെ ജിനേഷ്, എസ്.ഐ സുജിത്ത് ആര്‍.പി, എ.എസ്.ഐ ദിനേശന്‍, സി.പി.ഓ മാരായ വിവേക്, അരുണ്‍, ധനീഷ് കുമാര്‍, നിതീഷ് എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കണ്ണൂർ കേളകത്ത് ബീവറേജ് ഔട്ട്ലെറ്റിൽ വൻ മോഷണം. ബീവറേജ് ഔട്ട്ലെറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് 23 മദ്യക്കുപ്പികളാണ് കള്ളൻ കൊണ്ടുപോയത്. മോഷ്ടാവിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കേളകം പൊലീസിന്റെ പട്രോളിംങിനിടെയാണ് മോഷണ വിവരം ശ്രദ്ധയിൽപെട്ടത്. ബീവറേജ് ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ജനൽചില്ല് തകർത്തായിരുന്നു മോഷണം. ജനലിന് സമീപത്തായി പെട്ടിയിൽ സൂക്ഷിച്ച അര ലിറ്ററിന്റെ 23 മദ്യക്കുപ്പികളാണ് നഷ്ടപ്പെട്ടത്.
പിന്നീടുള്ള തെരച്ചിലിലാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 17 മദ്യക്കുപ്പികൾ കണ്ടെത്തിയത്. ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തെ കടകളിലെയടക്കം സി സി ടി വി ക്യാമറകൾ കടലാസ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം ചട്ടുകം ഉപയോഗിച്ച് അടിച്ചു തകര്‍ത്ത് യുവതി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവമുണ്ടായത്. അനില്‍ സത്യനാരായണന്‍ എന്ന മുപ്പതുകാരനാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്. വീടിന് സമീപത്ത് താമസിക്കുന്ന യുവതിയുടെ വീട്ടില്‍ കയറിയാ ഇയാള്‍ അതിക്രമത്തിന് ശ്രമിച്ചത്.
വീട്ടിനുള്ളില്‍ കടന്ന് യുവതിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയുമായിരുന്നു. യുവതി ഇതിനെ എതിര്‍ത്തതോടെ ബലമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇവിടെ നിന്നും രക്ഷിപ്പെട്ട് ആടുക്കള ഭാഗത്തേക്ക് ഓടിയ യുവതിയെ പിന്‍തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് കൈയ്യില്‍കിട്ടിയ ചട്ടുകം ഉപയോഗിച്ച് യുവതി പ്രതിരോധിച്ചത്.
ജനനേന്ദ്രിയത്തില്‍ സാരമായി പരിക്കേറ്റ അനില്‍ സത്യനാരായണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം.
റോമി കുര്യാക്കോസ്
ലണ്ടൻ: കെ പി സി സിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) – ന്റെ യു കെ നാഷണൽ പ്രസിഡന്റ് ആയി ശ്രീമതി. ഷൈനു ക്ലെയർ മാത്യുസ് നിയമിതയായി. കെ പി സി സി ജനറൽ സെക്രട്ടറി ശ്രീ. ടി യു രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച ഔദ്യോഗിക കത്ത് പുറത്തിറക്കിയത്. ഒ ഐ സി സിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയാണ് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ്. സംഘടനയുടെ സാന്നിധ്യം യു കെയിൽ ഉടനീളം വ്യാപിപ്പിക്കുക, സംഘടന സംവിധാനം ശക്തമാക്കുക എന്നീ പ്രധാന ദൗത്യങ്ങളാണ് കെ പി സി സി ശ്രീമതി. ഷൈനുവിന് നൽകിയിരിക്കുന്നത്.
ഒ ഐ സി സി (യു കെ) വർക്കിംഗ് പ്രസിഡന്റ്, യൂറോപ്പ് വനിതാ വിംഗ് കോർഡിനേറ്റർ എന്നീ പദവികൾ വഹിച്ചുവരവേയാണ് പുതിയ ചുമതല തേടിയെത്തിയത്. കേരളത്തിലും യു കെയിലും പൊതുരംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ ഷൈനു മാത്യൂസിന് അർഹതയ്ക്കുള്ള അംഗീകാരം കൂടി ആയാണ് കെ പി സി സി പുതിയ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്.
20 വർഷങ്ങൾക്ക് മുൻപ് നഴ്സ് ആയി യു കെയിലേക്ക് കുടിയേറിയ ഷൈനു മാത്യൂസ്, വിപരീതമായ ഒട്ടേറെ ജീവിത സാഹചര്യങ്ങളോടും പ്രതിബന്ധങ്ങളോടും പടവെട്ടിയാണ് മുന്നോട്ട് നീങ്ങിയത്. ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രം കൈമുതലാക്കി പടിപടി ആയി അവർ ഉയർത്തിയ ജീവിത സാഹചര്യം ഇന്ന് പലർക്കും പ്രചോദനമാണ്.
കേരളത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളുടെ പാഠനാവശ്യങ്ങൾക്കായുള്ള ധന ശേഖരണണാർത്ഥം, 2017, 2022 വർഷങ്ങളിൽ രണ്ടു തവണയായി മഞ്ചേസ്റ്ററിൽ വെച്ച് 150,00 അടി ഉയരത്തിൽ സാഹസികമായ സ്കൈ ഡ്രൈവിങ്ങ് നടത്തുകയും അതിലൂടെ സമാഹരിച്ച മുഴുവൻ തുകയും കുട്ടികളുടെ പഠന ചിലവിനായി നൽകുകയും ചെയ്തത്. രണ്ട് പ്രാവശ്യമായി പത്ത് ലക്ഷത്തോളം രൂപയാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇങ്ങനെ സമാഹരിക്കപ്പെട്ടത്. അതിന്റെയൊക്കെ തുടർ പ്രവർത്തനമായി സെപ്റ്റംബർ 8 – ന് വീണ്ടും സ്കൈ ഡൈവിങ് ചെയ്യാൻ തയ്യാറെടുത്തിരിക്കുകയാണ് ശ്രീമതി. ഷൈനു.
കെ പി സി സി തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഏൽപ്പിച്ച ദൗത്യം അങ്ങേയറ്റം ആത്മാർത്ഥതയുടെ നിറവേറ്റുമെന്നും അതിനായി എല്ലാവരുടെയും സഹകരണവും പിന്തുണയും തനിക്കുണ്ടാകണമെന്നുമായിരുന്നു ഒ ഐ സി സി (യു കെ) അധ്യക്ഷയായി നിയമിതായ വാർത്തയോട് ശ്രീമതി ഷൈനു ക്ലെയർ മാത്യൂസ് പ്രതികരിച്ചത്.
തുടക്ക കാലത്ത് കേരളത്തിലും മാഞ്ചസ്റ്ററിലെ പൊതു മണ്ഡലത്തിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഷൈനു മാത്യുസിന്റെ പൊതുപ്രവർത്തനവും ചാരിറ്റി സേവനങ്ങളും ഇന്ന് യു കെയുടെ മുക്കിലും മൂലയിലും എത്തിത്തിചേർന്നിട്ടുണ്ട്.
പിതാവിന്റെ അടുത്ത മിത്രവും കുടുംബ സുഹൃത്തുമായ ശ്രീ. ഉമ്മൻ ചാണ്ടിയെ തന്റെ ചെറുപ്പം മുതല്ക്കെ അടുത്ത് കണ്ടു അറിയാൻ സാധിച്ചത്, തന്റെ ജീവിതത്തിലെ വലിയ നാഴികകല്ലായി മാറി എന്ന് വിശ്വസിക്കുന്ന ഷൈനു മാത്യൂസ്, കക്ഷി – രാഷ്ട്രീയ – ജാതി – വർണ്ണത്തിനതീതമായുള്ള ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന് അദ്ദേഹത്തെയാണ് മാതൃക ആക്കിയത്.
ആതുര സേവന രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഷൈനു മാത്യൂസ് ഇന്ന് ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട്, സിയോൻ മൗണ്ട് എന്നീ മൂന്ന് നഴ്സ്‌സിംഗ് ഹോമുകളുടെ ഉടമയുമാണ്.
നഴ്സിംഗ് ഹോമുകൾക്ക് പുറമെ, മലയാളികൾക്ക് നാടൻ ഭക്ഷണം തനതു ശൈലിയിൽ ഗുണമേന്മയോടെ ചുവർച്ചിത്രങ്ങളുടെ ഓരം പറ്റി ആസ്വദിക്കുവാൻ ഉതകുന്ന അന്തരീക്ഷം നൽകിക്കണ്ട് ഗൾഫ് നാടുകളിലും യു കെയിലെ കവട്രിയിലും ഒരുക്കിയിരിക്കുന്ന ‘ടിഫിൻ ബോക്സ്’ ഹോട്ടൽ ശൃംഗലയും ഷൈനു മാത്യൂസിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.
മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ സ്ഥിരതാമസക്കാരിയായ ഷൈനു, പ്രവാസി ഭാരതി കേരള യുടെ ‘ദ് ലേഡി ഓഫ് എക്സലൻസ് പുരസ്‌കാരം’, ഒഐസിസി – ഇൻകാസ് ഷാർജ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറത്തിന്റെ ‘ബിസിനസ് വിമെൻ’ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്.
കുണ്ടറ പടപ്പക്കരയില്‍ വീട്ടിനുള്ളില്‍ വീട്ടമ്മയെ മരിച്ചനിലയിലും ഇവരുടെ അച്ഛനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയിലും കണ്ടെത്തി. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയാണ് മരിച്ചത്. പുഷ്പലതയുടെ അച്ഛന്‍ ആന്റണിയെ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പുഷ്പലതയുടെ മകന്‍ അഖിലിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
പുഷ്പലതയുടെ വീടിന് സമീപം താമസിക്കുന്ന ബന്ധുവാണ് ശനിയാഴ്ച രാവിലെ 11.30-ഓടെ വീട്ടിനുള്ളില്‍ ഇരുവരെയും പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. പുഷ്പലതയുടെ മകള്‍ അഖില കേരളത്തിന് പുറത്താണ് പഠിക്കുന്നത്. രാവിലെ അമ്മയെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. സംശയം തോന്നിയ മകള്‍ സമീപത്തെ വീട്ടില്‍ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് പുഷ്പലതയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കരുതുന്നു. തലയ്ക്ക് മുറിവേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്ന ആന്റണി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്.
പുഷ്പലതയുടെ മകൻ അഖിൽ ലഹരിക്കയ്‌യായിരുന്നുവെന്നും കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. മകന്റെ ആക്രമണത്തില്‍ സഹികെട്ട് ഇവര്‍ കുണ്ടറ പോലിസില്‍ പലതവണ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ചയും പുഷ്പലത പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി നല്‍കി. പോലിസ് എത്തി അഖിലിനെ താക്കീത് ചെയ്ത് വിട്ടയച്ചെന്നും പറയുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടി പ്രധാനവേഷത്തിലെത്തി ജിയോ ബേബി സംവിധാനം ചെയ്ത കാതലിന് നൽകിയതിനെതിരെ കെ.സി.ബി.സി. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിനാൽ കാതലിൻറെ പ്രമേയം സ്വീകാര്യമാകുമോ എന്ന ചോദ്യവുമായി ഫേസ്ബുക്കിലാണ് കെ.സി.ബി.സി ജാഗ്രത കമീഷൻ എതിർപ്പ് പ്രകടമാക്കിയിരിക്കുന്നത്. ‘കാതൽ ദ കോർ’ എന്ന ചലച്ചിത്രം പ്രൊപ്പഗാണ്ട സിനിമയാണെന്ന് വ്യക്തമാണെന്നും കുറിപ്പിൽ കെ.സി.ബി.സി പറയുന്നു. അവാർഡ് പ്രഖ്യാപിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞ വാക്കുകളെയും കെ.സി.ബി.സി വിമർശിച്ചിട്ടുണ്ട്.
സ്വവർഗാനുരാഗം സ്വാഭാവിക പ്രതിഭാസമാണെന്നും ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നുമുള്ള ആശയമാണ് ‘കാതൽ’ സിനിമയുടെ കഥാ തന്തു. ലൈംഗികതക്ക് നൽകപ്പെടുന്ന അമിത പ്രാധാന്യം ഈ ചലച്ചിത്രത്തിൻറെ മറ്റൊരു സവിശേഷതയാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവർഗ്ഗ ലൈംഗികത എന്ന ‘പുരോഗമനപരമായ’ ആശയത്തെ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ടുപോകുന്നത്… ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ വഴിവിട്ടതും പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നതും ഇപ്പോൾ അവാർഡുകൾ ലഭിച്ചിരിക്കുന്നതും യാദൃശ്ചികമായിരിക്കാനിടയില്ല -കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
ധാർമ്മിക മൂല്യംകൂടി പരിഗണിച്ചാൽ മികച്ച സിനിമയായി പരിഗണിക്കാൻ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ ഉണ്ടായിരിക്കെ, സ്വവർഗ്ഗാനുരാഗത്തിനുവേണ്ടി വാദിക്കുന്ന ഒരു ചലച്ചിത്രത്തിന് മികച്ച ചലച്ചിത്രമെന്ന ബഹുമതി നൽകിയ സംസ്ഥാന സർക്കാർ സമൂഹത്തിന് നൽകുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും കെ.സി.ബി.സി പറഞ്ഞു
നിങ്ങളുടെ ഒരു നേരത്തെ ആഹാരം വയനാടിന്റെ പുനർനിർമ്മാണത്തിനു വേണ്ടി എന്ന ആഹ്വാനവുമായി യുകെയിലെ എല്ലാ പ്രധാന പട്ടണങ്ങളിലും കൈരളി യുകെ ബിരിയാണി ചലഞ്ചുകൾ സംഘടിപ്പിക്കുന്നു. കൈരളിയുടെ വിവിധ യൂണിറ്റുകൾ അവരുടെ പ്രദേശങ്ങളിൽ ബിരിയാണികൾ വീട്ടിൽ എത്തിച്ചാണു സംഭാവനകൾ സ്വീകരിക്കുന്നത്. ലണ്ടനിലെ വാറ്റ്ഫോഡ്, ഹീത്രു, ക്രോയ്ഡൺ കൂടാതെ മാഞ്ചസ്റ്റർ, എഡിൻബ്ര, ന്യൂബറി, റെഡ്ഡിംഗ്, ഓക്സ്ഫോഡ്, ചെംസ്ഫോഡ് എന്നീ സ്ഥലങ്ങളിൽ ഇതിനകം തന്നെ ബിരിയാണി ചലഞ്ചുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇതുവരെ മലയാളികളും അല്ലാത്തവരിൽ നിന്നും വലിയ പ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്, ബിരിയാണിയുടെ വിലയ്ക്ക് പുറമേ വലിയ തുകകൾ സംഭാവനകൾ ലഭിക്കുന്നത് യുകെയിലെ പ്രവാസ സമൂഹത്തിന്റെ കരുതലിന്റെ സാക്ഷ്യമാണെന്ന് കൈരളി യുകെ വിലയിരുത്തി.

ഇതു വരെ കൈരളിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഓൺലൈൻ ധനശേഖരണത്തിൽ പന്ത്രണ്ട് ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. ഇതിനു പുറമെ ബിരിയാണി ചലഞ്ച് വഴി ലഭിക്കുന്ന തുക വീടുകൾ പണിയുവാനും കേരള സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും വിനയോഗിക്കുമെന്ന് കൈരളി യുകെ അറിയിച്ചു. വയനാടിനു വേണ്ടി കൈകോർത്ത എല്ലാവർക്കും നന്ദിയും, തുടർന്ന് വരുന്ന ബിരിയാണി ചലഞ്ച് ഉൾപ്പെടെയുള്ള ധനസമാഹരണം വിജയിപ്പിക്കണമെന്നും കൈരളി യുകെ ദേശീയ കമ്മറ്റി അഭ്യർത്ഥിച്ചു.
