ജോസ് ജെ. വെടികാട്ട്
ഒരു വീടുചുറ്റുവട്ടത്തിന്റെ പരിധികൾക്കപ്പുറത്തേക്ക് മതിലിനപ്പുറത്തേക്ക്
ചാഞ്ഞിരിക്കുമ്പോളും നിന്നിൽ മധു നിറയുന്നില്ല , ഭ്രമരങ്ങൾ നിന്നെ
പുണരുന്നില്ല എന്ന് ഞാൻ നിനക്കുന്നു !
ഭ്രമരങ്ങൾ നിന്നെ പുണരണമെന്ന് നീ കാംക്ഷിക്കാത്തതിനാലാകാം
മതിലിനപ്പുറത്തേക്ക് ചാഞ്ഞിരിക്കുമ്പോളും നീയൊരു വിരസതയാർന്ന
കടലാസ്സു പുഷ്പം പോലെ മധു നിറയാതെ പൂകാതെ തുടരുന്നതായ് ഞാൻ
നിനക്കുന്നത് ! വിശ്വസിക്കുന്നത് !
വീടുചുറ്റുവട്ടത്തിലെ നിന്റെ കെട്ടുപാടുകൾ, ബന്ധങ്ങളുടെ കടപാടുകളും
ബാധ്യതകളും അവ മറക്കാൻ നീ ഒരുക്കമല്ലാത്തതിനാലാകാം നീയൊരു
കടലാസ്സ് പുഷ്പം പോൽ മധു നിറയാതെ പൂകാതെ തുടരുന്നതായ് ഞാൻ
നിനക്കുന്നത്! വിശ്വസിക്കുന്നത്!
മറ്റു പുഷ്പങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു നീ, എന്നും തനിച്ചാവാൻ
കാംക്ഷിക്കുന്നു !ആരും നിന്നോടടുക്കരുതെന്ന് നിനച്ച് നീയാകും പൂക്കൾക്ക്
ചുറ്റും നീ കൂർത്ത മുള്ളുകൾ പാകുന്നു !
നീയൊരു തൊട്ടാവാടിയാണ് ബോഗൻവില്ല ! അതു കൊണ്ടല്ലേ നീ
എല്ലാവരിൽ നിന്നും അകന്നു നിൽക്കുന്നത് !നിന്റെ സ്വൈര്യം
ഹനിക്കാതിരിക്കാൻ !
പക്ഷേ വീടുചുറ്റുവട്ടത്തിലും മതിലിന് അപ്പുറത്തേക്കും നീ ഒരേ പോലേ
വിരാജിക്കുമ്പോൾ നീ എന്നെയും മതിലിന് പുറത്തുള്ളവരെയും
കബളിപ്പിക്കുകയല്ലേ ബോഗൻവില്ല !
ഓ ബോഗൻവില്ല! നീയൊരു പ്രണയിനിയോ ! ആയതിനാൽ തന്നെ നീയൊരു
വിരഹിണിയോ വിരഹിണിയായതിനാലോ നിന്നിൽ മധുവില്ലെന്ന് ഞാൻ
നിനക്കുന്നത് വിശ്വസിക്കുന്നത് ! അതോ നീയൊരു യോഗിനിയോ ?!
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
ഡോ. ഐഷ വി
ചിറക്കര നിന്നും കൊല്ലത്തേയ്ക്കുള്ള യാത്രയിൽ വഴിയരികിലായി ഒരു തടിപ്പെട്ടിയുടെ മുകളിൽ മുളച്ച് രണ്ടോല വന്ന തെങ്ങിൻ തൈകൾ അടുക്കി വച്ചിട്ടുണ്ട്. ഒരറ്റത്ത് പൊതിച്ച് ഉടച്ച തേങ്ങാമുറികൾ ഞൊങ്ങോടെ വച്ചിട്ടുണ്ട്. വില്പന കാരനിരിയ്ക്കാൻ ഒരു പ്ലാസ്റ്റിക് കസേര പിന്നെ നിവർത്തിയ ഒരു കൂട. അടുത്ത് ഒരു കാർഡ് ബോർഡിൽ എഴുതി തൂക്കിയിട്ടുണ്ട് “പൊങ്ങ് വിൽപനയ്ക്ക് ”
.
ഈ കാഴ്ച കണ്ട യാത്രക്കാരിയുടെ ചിന്തകൾ 45 വർഷം പഴക്കമുള്ള ഒരു സംഭവ കഥയിലേയ്ക്ക് പറന്നു.
പടിഞ്ഞാറ്റതിലെ നാത്തൂൻ മക്കളെ അയൽപക്കത്തെ കുട്ടികളോടൊപ്പം കളിക്കാൻ വിട്ട ശേഷം പ്രായമായ അച്ഛനേയും കൂട്ടി ആശുപത്രിയിലേയ്ക്ക് പോയി. പറമ്പിലൊക്കെ അലഞ്ഞ് തിരിഞ്ഞ് കളിച്ചു നടന്ന ശേഷം കുട്ടികൾ നാത്തൂന്റെ വീട്ടു മുറ്റത്തെത്തി. നിര നിരയായും വരിവരിയായും തേങ്ങാ പാകിയത് കിളിർത്തു നിൽക്കുന്നു. അതിൽ മുളയ്ക്കാത്തവ തലേന്ന് നാത്തൂൻ കിളച്ചെടുത്ത് പൊതിച്ചുടച്ച് ഞൊങ്ങു( പൊങ്ങ്) ള്ള വയിൽ നിന്നും ഞൊ ങ്ങെടുത്ത് കുട്ടികൾക്ക്( അയലത്തെ കുട്ടികൾക്കുൾപ്പടെ) തിന്നാനായി നൽകിയിരുന്നു. പൊതിച്ച തേങ്ങകളിൽ അഴുകിയവ കളഞ്ഞ് നല്ലവയും ഞൊങ്ങെടുത്തവയും വൃത്തിയാക്കി ആട്ടാനായി ഉടച്ച് വെയിലത്ത് വച്ച തേങ്ങായോടൊപ്പം ഉണങ്ങാനിട്ടു. ബാക്കി നിൽക്കുന്ന തെങ്ങിൻ തൈകളെ നോക്കി മനസ്സിൽ കണക്കു കൂട്ടി. 10-15 എണ്ണം പത്താമുദയത്തിന് നടാം. ബാക്കി വിൽക്കാം. വട്ടച്ചിലവിനുള്ള കാശാകും,
കളിച്ച് തളർന്ന് വന്ന കുട്ടികളിൽ ഒരുവൾക്ക് ഞൊങ്ങ് തിന്നാനൊരാഗ്രഹം. മറ്റു കുട്ടികൾ ആ ആഗ്രഹം സാധിച്ചു കൊടുത്തു. ഒരാൾ കുന്താലിയെടുത്തു. മറ്റൊരാൾ കോടാലിയും. കുട്ടികൾ മാറി മാറി കിളച്ച് അഞ്ചാറ് തെങ്ങിൻ തൈകൾ എടുത്തു. കുട്ടികളായതിനാലാകണം കൂന്താലി വച്ച് കിളയ്ക്കുന്നത് അവർക്കിത്തിരി ആയാസകരമായിരുന്നു. എന്നാലും ഞൊങ്ങു തിന്നാനുള്ള ആവേശം അവരെ പിന്മാറാൻ അനുവദിച്ചില്ല. പിഴുതെടുത്ത തെങ്ങിൻ തൈകളുടെ ഇലകൾ വെട്ടിക്കളഞ്ഞ് മറ്റുള്ളവർ അത് കോടാലി വച്ച് പൊതിച്ചെടുത്തു. കൊടുവാൾ വച്ച് തേങ്ങയുടച്ച് ഞൊങ്ങ് കുട്ടികൾ പങ്കുവച്ചു. മിച്ചമുള്ള തേങ്ങ പനമ്പിൽ ഉണങ്ങാൻ വച്ചവയ്ക്ക് അരികിലായി വച്ചു.
നാത്തൂൻ തിരികെ വന്നപ്പോൾ ആകെ അലങ്കോലമായി കിടക്കുന്ന മുറ്റവും ” വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിയ്യോ ശിവ ശിവ” എന്ന മട്ടിൽ കിടക്കുന്ന തന്റെ തെങ്ങിൽ തൈയ്യുടെ അവശിഷ്ടങ്ങൾ കണ്ടപ്പോൾ അവർ നെഞ്ചത്തു കൈ വച്ചു. പിന്നെ, അവരുടെ നിരാശയൊക്കെ മനസ്സിലൊതുക്കി പറമ്പിൽ നിൽക്കുന്ന വലിയൊരു തെങ്ങിനെ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞു: ” ഇതുപോലെ വലിയ തെങ്ങാകേണ്ട തൈകളല്ലേയിത്? ഇങ്ങനെ ചെയ്യാൻ പാടുണ്ടായിരുന്നോ?”
ഈ സംഭവം പതിയെ മറ്റു ബന്ധുക്കളും അറിഞ്ഞു . ഒരു വീട്ടിലെ മുത്തശ്ശിയ്ക്ക് തന്റെ കൊച്ചുമകളുടെ പൊങ്ങിനോടുള്ള ഇഷ്ടം അറിയാമായിരുന്നതിനാൽ അവർ അപ്പോൾ തന്നെ പത്ത് പതിനഞ്ച് ഉണക്ക തേങ്ങകൾ എടുത്തു പാകി. കൊച്ചു മകൾക്ക് അയലത്തെ വീട്ടിൽ പോകാതെ പൊങ്ങ് തിന്നാമല്ലോ?
കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ തേങ്ങയ്ക്ക് വിലയില്ലാതായി. ധാരാളമായി തേങ്ങാ വെട്ടാനുള്ള വീട്ടുമുറ്റത്തും കൊപ്ര പുരയുടെ മുറ്റത്തും മഴ നനഞ്ഞു കിടന്ന തേങ്ങകൾ മുളകൾ വന്നു കിടന്നു. പൊങ്ങ് പച്ചയ്ക്കും കറിവച്ചു കഴിച്ചിട്ടും മിച്ചം വന്നു.
തെങ്ങുകൃഷിയിൽ നിന്നുള്ള വരുമാനം കുറയുകയും കൂലി ചിലവ് കൂടുകയും ചെയ്തപ്പോൾ തെങ്ങുകൃഷി ലാഭകരമല്ലാതായി. കാറ്റു വീഴ്ചയും മണ്ഡരിയും ചെല്ലിയും മൂലം വലഞ്ഞപ്പോൾ പിന്നെ ആരും തെങ്ങു കൃഷി ഗൗനിക്കാതായി.
നാട്ടിൽ തേങ്ങയില്ലാതായപ്പോൾ തേങ്ങയ്ക്ക് വില കൂടി. തെങ്ങു കർഷകർക്ക് ഫലമില്ലെന്ന് മാത്രം. ഇക്കണോമിസ്ററുകൾക്ക് സപ്ലൈയും ഡിമാന്റും തമ്മിലുള്ള ബന്ധം വിവരിക്കാൻ ഒരുദാഹരണം കൂടിയായി.
നാട്ടിൽ തേങ്ങ കിട്ടാക്കനിയായപ്പോൾ തേങ്ങയും കൊപ്രയുമൊക്കെ തമിഴ് നാട്ടിൽ നിന്നും ലക്ഷദ്വീപിൽ നിന്നും കുറ്റ്യാടിയിൽ നിന്നും കൊല്ലത്തേയ്ക്കെത്തി മാർക്കറ്റ് കൈയ്യടക്കി.
വീട്ടമ്മമാർ മനസ്സില്ലാമനസ്സോടെ തേങ്ങ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. എല്ലാ ആഴ്ചയും ചാരമിട്ട് വളർത്തിയെടുത്ത തെങ്ങിലെ തേങ്ങയുടെ ഉൾക്കട്ടി വരവു തേങ്ങയ്ക്കില്ലായിരുന്നു. കയർ വ്യവസായം സ്തംഭിച്ചു
പല സർക്കാർ പദ്ധതികളും വന്നു. തേങ്ങയിൽ നിന്നും പതിനഞ്ചോളം സീറോ വേസ്റ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ കുടുംബശ്രീകാർക്ക് കായംകുളം കെ വി കെയിൽ ട്രെയിനിംഗ് നൽകി. ചിലർ തേങ്ങയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വ്യവസായം ആരംഭിച്ചു. വളവും തൈകളും പഞ്ചായത്തും കൃഷിഭവനും ചേർന്ന് സൗജന്യ നിരക്കിൽ നൽകി. എന്നാൽ തെങ്ങുകൃഷി മാത്രം അത്ര പച്ച പിടിച്ചില്ല. പതിറ്റാണ്ടുകൾ ആളുകളുടെ മനസ്സിൽ വരുത്തിയ പരിവർത്തനം കാർഷിക സംസ്ക്കാരത്തിൽ നിന്നും അവരെ അകറ്റി കഴിഞ്ഞിരുന്നു. കൃഷി ഒരു തുടർ പ്രക്രിയയാണ്. അത് ഒരു സംസ്കാരമാണ് അത് മുടക്കമില്ലാതെ തുടരണം. എന്നാലേ തേങ്ങയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നാട്ടിൽ തന്നെ ഉത്പാദിപ്പിക്കാൻ കഴിയുകയുള്ളൂ.
ഡോ.ഐഷ . വി.
പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..
കളമശ്ശേരി ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 26 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം സിറ്റിയില്‍ 10 ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളും തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഒന്നു വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലും മറ്റും വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്ത നിരവധി വ്യാജ പ്രൊഫൈലുകളും പോലീസ് കണ്ടെത്തി. വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അവര്‍ ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്തി നല്‍കാന്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി എല്ലാ ജില്ലകളിലെയും സൈബര്‍ സെല്‍ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തി.
കളമശ്ശേരി സ്‌ഫോടനത്തെത്തുടര്‍ന്ന് വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും പ്രത്യേകനിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹികമാധ്യമങ്ങളിലെ സൈബര്‍ പട്രോളിങ്ങും മറ്റ് നിയമനടപടികളും തുടര്‍ന്നുവരികയാണ്.
യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ ശ്രദ്ധേയരായ ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെ പ്രഥമ ഇടവകാ ദിനവും കുടുംബ സംഗമവും നാളെ ഓക്ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറലായ ഫാ ജോര്‍ജ് ചേലക്കലാണ് മുഖ്യ അതിഥി. ഫാ ജിമ്മി പുളിക്കല്‍ സന്ദേശം നല്‍കും.
ഇടവകാ ദിനത്തിനായി വിപുലമായ ഒരുക്കമാണ് ഗ്ലോസ്റ്റര്‍ കമ്മറ്റി നടത്തുന്നത്. ബിനുമോന്‍, ബില്‍ജി ലോറന്‍സ്, പ്രിയ ബിനോയ്, ജോബി ഇട്ടിര എന്നിവരാണ് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്. ബൈബിള്‍ കലോത്സവത്തില്‍ എവര്‍ റോളിങ് ട്രോഫി കരസ്ഥമാക്കിയ ഗ്ലോസ്റ്റര്‍ യൂണിറ്റിലെ സമ്മാനാര്‍ഹമായ പ്രോഗ്രാമുകളും ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകളുടെ സ്‌കിറ്റുകളും ഡാന്‍സും മാര്‍ഗ്ഗം കളിയും ഒരുക്കി ആഘോഷ പൂര്‍വ്വമാണ് പരിപാടി നടത്തുന്നത്. സണ്‍ഡേ സ്‌കൂളില്‍ ഏറ്റവും അധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കും.
ഗ്ലോസ്റ്ററില്‍ ആദ്യമായിട്ടാണ് ഇടവകാ ദിനം കൊണ്ടാടുന്നത്. അതിനാല്‍ തന്നെ ഏവരും വളരെ ഉത്സാഹത്തിലാണ്. ഏവരേയും ഇടവകാ ദിനത്തിലേക്കും കുടുംബ സംഗമത്തിലേക്കും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍, കൈക്കാരന്മാരായ ബാബു അളിയത്ത്, ആന്റണി ജെയിംസ് തെക്കേമുറിയില്‍ എന്നിവര്‍ അറിയിക്കുന്നു.
ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ശുശ്രുഷകൾക്ക് പ്രധാന കാർമ്മികത്വം വഹിക്കാൻ എത്തിയ തുമ്പമൺ ഭദ്രാസന അധിപൻ എബ്രഹാം മാർ സറാഫിം തിരുമേനിക്ക് ഇടവകയുടെ വികാരിയായ റവ. ഫാദർ നിതിൻ പ്രസാദ് കോശി , ട്രസ്റ്റി ശ്രീ സിസാൻ ചാക്കോ , സെകട്ടറി. ശ്രീ ബിജു കൊച്ചുനുണ്ണി , പെരുന്നാൾ കോഡിനേറ്റർ ശ്രീ റോയ്‌സ് ഫിലിപ്പ് , മറ്റു ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ ഹീത്രൂ എയർപോർട്ടിൽ സ്വീകരിച്ചു ,
പ്രധാന പെരുന്നാള്‍ ദിവസങ്ങളില്‍ ഒന്നായ നവംബര്‍ 4 -ന് എല്ലാ വര്‍ഷവും നടത്തി വരാറുള്ള തീര്‍ത്ഥാടനവും നടക്കും. ലണ്ടനിലെ വിവിധ ഓര്‍ത്തഡോക്‌സ് ഇടവകളില്‍ നിന്നും പ്രാര്‍ത്ഥന കൂട്ടായ്മകളില്‍ നിന്നും തീര്‍ത്ഥാടകര്‍ പദയാത്രയായി പള്ളിയിലേക്ക് എത്തി ചേരും. ഉച്ചയ്ക്ക് 12 മണിക്ക് തീര്‍ത്ഥാടകകര്‍ക്കുള്ള സ്വീകരണവും ഉച്ച നമസ്‌കാരവും കഞ്ഞി നേര്‍ച്ചയും ഉണ്ടായിരിക്കും.
വൈകിട്ട് 5: 00 ന് സന്ധ്യ നമസ്‌കാരവും കൺവൻഷന്‍ പ്രസംഗവും അതേ തുടര്‍ന്ന് പുണ്യസ്മൃതിയും ശ്ലൈഹീക വാഴ്വും ഉണ്ടായിരിക്കും. പ്രധാന പെരുന്നാള്‍ ദിവസമായ നവംബര്‍ 5 -ന് രാവിലെ 8.30ന് പ്രഭാത നമസ്‌ക്കാരവും 9.30ന് വിശുദ്ധ കുര്‍ബാനയും നടക്കും. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ റാസയും ശ്ലൈഹീക വാഴ്വും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും. പെരുന്നാള്‍ ക്രമികരണങ്ങള്‍ക്ക് ഇടവക ട്രസ്റ്റി സിസന്‍ ചാക്കോ, സെക്രട്ടറി ബിജു കൊച്ചുണ്ണുണി, പെരുന്നാള്‍ കണ്‍വീനര്‍ റോയസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പെരുന്നാളിനോട് അനുബന്ധിച്ച് റാഫിള്‍ നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു. ഒന്നാം സമ്മാനമായി ഒരു പവന്‍ സ്വര്‍ണ്ണം, രണ്ടാം സമ്മാനമായി ആപ്പിള്‍ വാച്ച്, മൂന്നാം സമ്മാനമായി ആമസോണ്‍ ഫയര്‍ എച്ച് ഡി ടാബ്ലറ്റ് എന്നിവ നല്‍കും. നവംബര്‍ നാല്, അഞ്ച് തീയതികളില്‍ ജെക്യൂബ് മള്‍ട്ടിമീഡിയയിലൂടെ പെരുന്നാള്‍ ലൈവും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാൾ പരുപാടികളിലും പ്രാർത്ഥനകളിലും പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും നല്ല മനസുകളെയും ഇടവകകമ്മറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഇടവക കമ്മറ്റിക്കുവേണ്ടി സെക്കട്ടറി ശ്രീ ബിജു കൊച്ചുനുണ്ണി അറിയിച്ചു.
കേരള ഗവൺമെന്റിന്റെ മലയാളം മിഷന്‍ പദ്ധതിയുടെ ഭാഗമായി എവിടെയെല്ലാം മലയാളിയുണ്ടോ അവിടെല്ലാം മലയാളം എന്ന സന്ദേശവുമായി യുകെയിലെ നോര്‍ത്തംപ്റ്റോണില്‍ “കേരള അക്കാദമി നോര്‍ത്താന്റ്സ്” 2023-24 അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ക്ക് നവംബര്‍ 1 -ന് നോർത്താംപ്ടൺ സെന്റ് ആൽബൻസ്ഹാളില്‍ കേരള പിറവിദിനത്തില്‍ തുടക്കംകുറിച്ചു.
രജിസ്റ്റർ ചെയ്ത ഇരുപതോളം കുട്ടികള്‍ അവരുടെ രക്ഷിതാക്കളോട് ഒപ്പം വളരെയധികം ഭാഷാ തൃഷണയോടെയാണ് സ്കൂളില്‍ എത്തിയത്. ആദൃ ക്ലാസ്സ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറിയും, കവൻട്രി മലയാളം സ്കൂളിലെ പ്രധാന അദ്ധ്യാപകനും ആയ ശ്രീ. എബ്രഹാം കുര്യന്‍ നേത്യത്വം നല്‍കി. കുഞ്ഞുണ്ണി മാഷിന്റെ കവിതകളോടേ ആദ്യ ദിനം തന്നെ കുട്ടികള്‍ക്ക് ഭാഷാ പഠനം ആസ്വാദൃകരമാക്കി മാറ്റാന്‍ ശ്രീ. എബ്രഹാം കുര്യന് സാധിച്ചു.
ചടങ്ങില്‍ പങ്കെടുത്ത രക്ഷിതാക്കളും ക്ലാസുകള്‍ കേട്ടിരിക്കുകയും അവരുടെ സന്തോഷം അധ്യാപകരെ അറിയിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ ഒരു പഠനരീതിയാണ് മലയാളം മിഷന്‍ ഇതിനായി രൂപകല്പന ചെയ്തിട്ടുള്ളത്.
സ്കൂള്‍ ചെയര്‍മാനും ലോക കേരള സഭ അംഗവും ആയ അഡ്വ. ദിലീപ് കുമാര്‍ മാതാപിതാക്കളോടും വിദ്യാര്‍ത്ഥികളോടും ഈ അധ്യയന വര്‍ഷ ക്ലാസുകള്‍ സുഗമമായി നടത്തികൊണ്ടുപോകുവാന്‍ സഹകരണം അഭൃര്‍ത്ഥിച്ചു.
സ്കൂള്‍ മാനേജര്‍ ശ്രീ. ആന്റോ കുന്നിപറമ്പില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ചെയര്‍മാനും ലോക കേരള സഭാ അംഗവുമായ ശ്രീ ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സ്യൂള്‍ പ്രധാന അധ്യാപിക മിസ്സ് സൂസന്‍ ജാക്സണ്‍ കുട്ടിക്കളുമായി നടത്തിയ ഇന്ററാക്ടീവ് സെഷന്‍ വേറിട്ട അനുഭവം സമ്മാനിച്ചു. അധ്യാപകരായ ശ്രീ. രമേഷ് കോല്‍ക്കാട്ടില്‍ രത്നദാസന്‍, ശ്രീമതി. നിവി ദിലീപ് എന്നിവര്‍ ഇന്ററാക്ടീവ് സെഷന്‍ കൂടുതല്‍ സര്‍ഗ്ഗത്മകമാക്കി.
ഒന്നിടവിട്ടുള്ള ബുധനാഴ്ചകളില്‍ ആയിരിക്കും ക്ലാസുകള്‍ ഉണ്ടായിരിക്കുക. ഈ വര്‍ഷത്തെ അഡ്മിഷന്‍ നവംബര്‍ 31 ന് അവസാനിക്കും എന്ന് സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു . കൂടുതല്‍ വിവരണങ്ങള്‍ക്കു അഡ്വ. ദിലീപ് കുമാര്‍ (07551912890), ശ്രീ ഡോണ്‍ പോള്‍ (07411040440) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
അയ്യേ ജോസ്ന ആർത്തവത്തെകുറിച്ചൊക്കെ ഇങ്ങനെ എഴുതാവോയെന്ന് ചുരുക്കം ചിലർ ഇപ്പൊ മനസ്സിൽ ഓർത്തിട്ടുണ്ടാവണം . പക്ഷെ ചില ആകാംക്ഷയുണർത്തുന്ന കാര്യങ്ങൾ അറിയുമ്പോൾ ഒന്ന് കോറിയിടാതെ പോയാലെങ്ങനാ..
അറിയാത്തവർക്ക് അറിയാനൊരു വാക്ക് …
ആർത്തവം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലരുടേയുമുള്ളിൽ എന്തോ ഒരു അശുദ്ധത ഓടിയെത്തും. അവളെ മാറ്റിനിർത്താനുള്ള ചില തിടുക്കങ്ങൾ.. അവൾ അശുദ്ധയാണ് അവൾതൊടുന്നതെല്ലാം അശുദ്ധമാണ് എന്നൊക്കെയുള്ള ചില അപവാദങ്ങൾ കുറ്റപ്പെടുത്തലുകൾക്കൊക്കെ ഇരയാക്കപ്പെടുന്ന അവളുടെ ആ ഇരുണ്ട ഒരാഴ്ച കാലം വളരെ ദയനീയമാണുട്ടോ…
സത്യത്തിൽ ആ ആർത്തവദിവസങ്ങളിൽ പൂർവികർ അവളെ പുറന്തള്ളിയതാരുന്നോ, അതോ അവളെ മാറ്റിപാർപ്പിച്ചതൊരു സംരക്ഷണ മുദ്ര ആയിട്ടാരുന്നോ ?
നമുക്കൊന്ന് കുറച്ച് നൂറ്റാണ്ടുകൾക്ക് പിന്നിലേയ്ക്ക് പോയി നോക്കാം…..
ആ ഒരുകാലഘട്ടത്തിലെ പെണ്ണുങ്ങൾക്ക് ഇന്നത്തെപോലെ സ്വിച്ചിട്ടാൽ കറങ്ങുന്ന മിക്സിയോ അലക്കിത്തരാൻ മെഷീനുകളോ ഒന്നുമില്ലാതിരുന്ന ഒരു കാലം..
അരകല്ലുകളോടും അലക്കുകല്ലുകളോടും ഉരലിനോടും പത്തിലേറെ മക്കളോടുമൊക്കെ രാപകലില്ലാതെ യുദ്ധം ചെയ്തു….യാതൊരുവിധ അവധി ദിവസത്തിനായും കാത്തുനിൽക്കാതെ മണിക്കൂറുകളോ ദിവസങ്ങളോ ഒക്കെ തന്റെ ശരീര ക്ഷീണമോ തളർച്ചയോ ഒന്നും നോക്കാതെ കുടുംബത്തിനായി പൊരുതിനിന്നിരുന്ന കുറെ നിശ്ശബ്ദരായ സ്ത്രീജന്മങ്ങളുണ്ടായിരുന്ന ആ ഒരു കാലം….
അങ്ങനെയുള്ള അവരുടെ ജീവിത ശൈലിയിൽ പ്രത്യേകിച്ചും പെണ്ണുങ്ങൾക്ക് അവർ ശാരീരികമായി ദുർബലരാകുന്ന ആ ഒരാഴ്ച കാലം അവരുടെ കഷ്ടപ്പാടിനൊരു വിശ്രമം ആവശ്യമാണെന്ന് മനസിലാക്കിയ നല്ലൊരുപറ്റം ജനനേതാക്കൾ…അവരെ ആ ദിവസങ്ങളിൽ പണികൾ ചെയ്യുന്നതിൽ നിന്നും വിലക്കുകൽപിച്ചു മാറ്റിനിർത്തി…..
ആ ദിവസങ്ങളിൽ അമിത അധ്വാനത്തിലൂടെ രക്തസ്രാവം കൂടാതിരിക്കാൻ ആ നാളുകളിൽ അവർ ചെയ്യുന്ന പണികൾക്ക് ഒരു നിയന്ത്രണം വേണമെന്നും….അവർക്കു ശാരീരികമായും മാനസികമായും വിശ്രമം ആവശ്യമാണെന്നുമുള്ള ഒരു നിയമം നടപ്പിലാക്കി ചില ജനനേതാക്കൾ അവരെ സംരക്ഷിച്ചു വന്നൊരു കാലത്തിന്റെ പരിശുദ്ധിയെ…പിന്നീട് പലർ പലവിധത്തിൽ കൂട്ടിയും കുറച്ചും പറഞ്ഞു അവളുടെ യാതനകാലത്തേ കൂടുതൽ കടുപ്പിച്ചു വെറുക്കപ്പെട്ടവളാക്കി ചിത്രീകരിച്ചു .
അതുകൂടാതെ അന്ന് ഒരാൾക്കൊരു മുറിയെന്നു അവകാശവാദങ്ങൾ ഇല്ലാതിരുന്ന ആ കാലത്തു, ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരുമൊരുമിച്ചു വല്യ ബലമുള്ള വാതിലുകളോ ഉറപ്പുള്ള ചുവരുകളോ ഒന്നുമില്ലാതെ വെറും ചായ്പ്പുകളിൽ താമസിക്കുമ്പോൾ ദുർബലതയുടെ ആ നാളുകളിൽ അവൾക്കു നേരിടേണ്ടിവന്നിട്ടുള്ള പലവിധ അസ്വസ്ഥതകൾ.. ആരുമറിയാതെ പോയ എത്ര എത്ര പീഡനങ്ങൾ..
കഥന കഥകൾ ……ആരുമറിയാതെ അവളുടെ കണ്ണീരിൽ തന്നെ ഒഴുകി മണ്ണടിഞ്ഞു പോയിട്ടുണ്ടാകാം .
കൂടാതെ കാട്ടുമൃഗങ്ങൾ നിറഞ്ഞ വനതുല്യമായ പ്രദേശത്തുള്ള അവരുടെ അന്നത്തെ ജീവിത സാഹചര്യങ്ങളിൽ താമസിക്കുമ്പോൾ …..ഇന്നത്തെപോലെ സാനിറ്ററി പാടുകളോ തുണികളോ പോലും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ, മനുഷ്യന്റെ ചോരമണം പിടിച്ചെടുത്തു ആക്രമിക്കാൻ വരുന്ന മൃഗങ്ങളിൽ നിന്നുമൊരു രക്ഷാ കവചമായി അവളെ പ്രത്യേക പ്രൊട്ടക്ഷൻ കൊടുക്കാനായി മാറ്റി താമസിപ്പിച്ചു….. മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും സുരക്ഷയുണ്ടാക്കി കതകടച്ചു കുറ്റിയിട്ട് നേരം വെളുപ്പിച്ചതും ഇരുട്ടിപ്പിച്ചതുമായ എത്ര എത്ര കഥകളുണ്ടായിരുന്നിരിക്കാം നമ്മുടെ പൂർവികരുടെ ഏടുകളിൽ .
അങ്ങനെ നമ്മുടെ പൂർവികർ പലവിധത്തിൽ സുരക്ഷ കൊടുത്തു കാത്തുപോന്ന അവരുടെ ദേവിയെ, പിന്നീട് ചിലർ പലവിധത്തിൽ നിറങ്ങൾ കൊടുത്തും മായിച്ചും പറഞ്ഞറിഞ്ഞതിൻ ഫലമായി നമ്മളറിഞ്ഞത് അവളെ അശുദ്ധയെന്നു മുദ്രകുത്തി വീടിനു പുറത്താക്കി അവഹേളിച്ചതായാണ് …..
അങ്ങനെ കാലങ്ങൾ പോകവേ മാറിവന്ന വായ്മൊഴിയിലൂടെ ആർത്തവമെന്ന പ്രക്രിയ എങ്ങനോ അശുദ്ധമായി.. അവളോടൊപ്പം അവൾ തൊട്ടതും പിടിച്ചതുമെല്ലാം അശുദ്ധമായി മനുഷ്യ മനസുകളിലെങ്ങനോ ചിത്രം പിടിച്ചു കൊഴുത്തു നിന്നു .
ആർത്തവം സ്ത്രീകൾക്ക് പ്രകൃതി നൽകിയിരിക്കുന്ന ഒരു ഫിസിക്കൽ പ്രോസസ് മാത്രമാണ്. ചിലർക്ക് ചില ഫിസിക്കൽ പ്രോസസ് ശരിയായ രീതിയിൽ മാനേജ് ചെയ്തില്ലെങ്കിൽ സൈക്കോളജിക്കൽ പ്രോബ്ലത്തിനും കാരണമാകാറുണ്ട്. പക്ഷെ ആർത്തവം ഒരു സ്പിരിച്വൽ പ്രോബ്ലമായ് നമുക്കൊരിക്കലും കാണാനാവില്ല .
ചില ആരാധനാലയങ്ങൾ ഒരു ഏജ് കാറ്റഗറിയിൽ പെട്ട പെണ്ണുങ്ങൾക്ക് വിലക്കുകൽപിച്ചതിലും അവളോടുള്ള സംരക്ഷണ നിയമം തന്നാണ് എന്നാണ് വെളിവാകുന്നത്. കാരണം എത്രയൊക്കെ ആൺ പെൺ സമത്വം കൊട്ടിഘോഷിച്ചാലും ആണുങ്ങളുടെ ഫിസിക്കൽ സ്റ്റാമിനക്കൊപ്പമെത്താൻ പെണ്ണുങ്ങളുടെ ശരീര ഘടന അനുവദിക്കില്ല …..
അപ്പോൾ അന്നത്തെ കാലത്തെ ഇന്നത്തെപോലെ നിരപ്പായ റോഡുകളോ യാത്ര സൗകര്യങ്ങളോ ഇല്ലാതെയുള്ള ….ഉയർച്ച താഴ്ചയുള്ള വനങ്ങളും കാടുകളും മേടുകളും വന്യമൃഗങ്ങളുമെല്ലാം വിഹരിക്കുന്ന ഭൂപ്രകൃതിയിലൂടെയുള്ള അവളുടെ അന്നത്തെ വിഹാരം ഒരു പെണ്ണിന് അവളുടെ നീറലുകൾക്കാഴം കൂട്ടാനേയുതകൂ …..അവളുടെ ആ വിഷമം മനസിലാക്കിയ അന്നത്തെ ജനനേതാക്കന്മാർ അവൾക്കുള്ള ആരാധനാലയങ്ങൾ …അവൾക്കു പോകാൻ പാകത്തിനായി പണിതുണ്ടാക്കി ……
അങ്ങനെയുള്ള നമ്മുടെ പൂർവ്വികരുടെ നല്ല രീതികളെ വളച്ചൊടിച്ചു നാമെല്ലാം പലതരത്തിൽ ആർത്തവമെന്ന ശാരീരീരിക പ്രോസസ്സിനെ വാർത്താമാധ്യമങ്ങളിൽ കുത്തിവലിച്ചു വികൃതമാക്കുന്നതെന്തിന് ?
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്റ്റഫോർഡിൽ താമസിക്കുന്ന യുകെ മലയാളി സുനിൽ രാജന്റെ പിതാവ് അമ്പലത്തിങ്കൽ രാജൻ എ . കെ ( 66) നിര്യാതനായി. കേരളത്തിൽ മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള മണ്ണത്തൂർ ആണ് സുനിൽ രാജന്റെ സ്വദേശം . സംസ്കാരം നാളെ നവംബർ 3-ാം തീയതി വെള്ളിയാഴ്ച വീട്ടുവളപ്പിൽ വച്ച് നടത്തും .
യുകെ കലാമേളയുടെ ഓഫീസ് നിർവഹണത്തിന് പൂർണ്ണ ചുമതല വഹിക്കുന്ന രാജൻ യുകെ മലയാളികൾക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ നിർലോഭമായ പ്രവർത്തനങ്ങളാണ് കലാമേളയുടെ വിജയത്തിന് പിന്നിലെ ചാലകശക്തി .
സുനിൽ രാജന്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ഒരുക്കമായി റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള മലയാളികൾക്കായി ഏകദിന ധ്യാനം ഈ മാസം 23-ാo തിയതി വ്യാഴാഴ്ച രാവിലെ 9.30 മുതൽ 4.30 മണി വരെ റെക്സം സെന്റ്മേരീസ് കത്തീഡ്രലിൽ നടത്തപെടുന്നു. ധ്യാനം നയിക്കുന്നത് യുകെയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പന്ദാസഫ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും സുവിശേഷ വചനപ്രഘോഷകനുമായ ബഹുമാനപെട്ട ഫാദർ പോൾ പാറേകാട്ടിൽ വിൻസഷൻ ആണ്. ധ്യാനത്തോട് അനുബദ്ധിച്ച് ദിവ്യ കാരുണ്യ ആരാധന, ബൈബിൾ പ്രഘോഷണം, ഹീലിംഗ് പ്രയർ, ആഘോഷമായ സമൂഹബലിയും ഉണ്ടായിരിക്കുന്നതാണ്.
ആഘോഷമായ സമൂഹബലിയിൽ റെക്സം രൂപതാ വൈദികരായ ഫാദർ ജോൺസൺ കാട്ടി പറമ്പിൽ, ഫാദർ ജോർജ് സി.എം. ഐ, ഫാദർ അബ്രഹാം സി.എം.ഐ എന്നിവർ പങ്കുചേരുന്നതാണ്. ധ്യാനത്തിന്റെ സമാപന ആശീർവാദം നൽകുന്നത് ബഹുമാനപ്പെട്ട റെക്സം ബിഷപ്പ് റെവ. പീറ്റർ ബ്രിഗ്നൽ ആണ്. ധ്യാന ദിവസം കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന ധ്യാനത്തിൽ പങ്കുചേർന്ന് ആത്മീയ വിശുദ്ധിയിൽ നല്ലൊരു ക്രിസ്തുമസിനും പുതുവർഷത്തിനും ഒരുങ്ങുവാൻ റെക്സാമിലും പരിസര പ്രദേശത്തുമുള്ള എല്ലാവരേയും സ്നേഹത്തോടെ റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്യുന്നു. ധ്യാനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ റെക്സം രൂപതയുടെ വിവിധ ഭാഗത്തുള്ള കുർബാന സെന്റർ അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.
Fr. Johnson Katiparampil CMI – 07401441108
Timi Mathews Colwyn Bay – 07846339027.
Biju Rhyl – 07868395430.
Manoj Chacko Wrexham -07714282764.
Jorley Bangor – 07901648518
Jaison Raphael Ruthin -07723926806.
Ajo v Joseph – Welshpool /Newtown.07481097316.
Benny Thomas – Wrexham 07889971259
കത്തീഡ്രലിൽ കാർപാർക്ക് ഫ്രീ ആണ്. നിങ്ങളുടെ കാർ രജിസ്റ്റർ നമ്പർ പള്ളിയിൽ വച്ചിരിക്കുന്ന കമ്പ്യൂട്ടറിൽ എന്റർ ചെയ്യേണ്ടതാണ്. കൂടുതൽ പാർക്കിംഗ് പള്ളിയുടെ പുറകുവശത്തുള്ള റീറ്റൈൽ പാർക്കിൽ ഉണ്ട്. ചെറിയ പേയ്‌മെന്റ് കൊടുക്കണം. കാർ പാർക്ക് അഡ്രസ്.
Island Green Retail Park,
Wrexham. LL137LW.
പള്ളിയുടെ അഡ്രസ്
St. Mary’s Cathedral, Regent Street
LL11 1RB. Wrexham.
ഈസ്റ്റ്‌ഹാം: ആഗോള കത്തോലിക്കാ സഭ, മരിച്ചവിശ്വാസികളുടെ ഓർമ്മക്കും പ്രാർത്ഥനക്കുമായി പ്രത്യേകം നിയോഗിച്ചിരിക്കുന്ന നവംബർ മാസത്തിൽ ലണ്ടൻ റീജിയൻ സീറോ മലബാർ സഭ നൈറ്റ് വിജിൽ ശുശ്രുഷ ഒരുക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററും, ഫാമിലി കൗൺസിലറും, തിരുവചന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നൈറ്റ് വിജിലിന് നേതൃത്വം നൽകും.
ഈസ്റ്റ്ഹാം സെന്റ് ജോർജ്ജ്സ് സീറോമലബാർ മിഷൻ ആതിഥേയത്വം വഹിക്കുന്ന നൈറ്റ് വിജിൽ ഈസ്റ്റ്‌ഹാം സെന്റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നവംബർ 24 നു വെള്ളിയാഴ്ചയാണ് ക്രമീകരിച്ചിരിക്കുന്നത്.
രാത്രിയാമങ്ങളുടെ സുശാന്തതയിൽ മനസ്സും ഹൃദയവും ഏകോപിപ്പിച്ച് ദൈവസന്നിധിയോടു ചേർന്ന് നിൽക്കുവാനും, പ്രാർത്ഥനകളും യാചനകളും വേദനകളും അവിടുത്തെ സമക്ഷം ഭരമേല്പിക്കുവാനുമുള്ള അനുഗ്രഹീതവേളയാണ് ഒരുങ്ങുന്നത്. മനസ്സിന്റെ തുറവയിൽ അവിടുത്തെ സ്തുതിക്കുവാനും,
അനുഗ്രഹങ്ങൾക്കും, കൃപകൾക്കും നന്ദിയർപ്പിക്കുവാനും ഉള്ള അവസരമാണ് രാത്രി ആരാധനയിൽ ലഭിക്കുക
പരിശുദ്ധ കുർബ്ബാനയിലും തിരുവചന ശുശ്രുഷയിലും സൗഖ്യധ്യാനത്തിലും പങ്കുചേരുവാനും കൂടാതെ കുമ്പസാരത്തിനുള്ള അവസരവും നൈറ്റ് വിജിലിൽ ഉണ്ടായിരിക്കും.
ആരാധനയിലും സ്തുതിപ്പിലും പ്രാർത്ഥനകളിലും അവിടുത്തെ സാന്നിദ്ധ്യം തൊട്ടനുഭവിക്കുവാനും പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം തേടുവാനും അനുഗ്രഹവേദിയാവുന്ന നൈറ്റ് വിജിൽ ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
മാത്തച്ചൻ വിളങ്ങാടൻ: 07915602258
നൈറ്റ് വിജിൽ സമയം- നവംബർ 24 വെള്ളിയാഴ്ച: രാത്രി 8:00 മുതൽ 12:00 വരെ.
പള്ളിയുടെ വിലാസം:
St.Michael’s Catholic Church, Eastham,
E6 6ED