ഡോ. ഐഷ വി

ചിറക്കര നിന്നും കൊല്ലത്തേയ്ക്കുള്ള യാത്രയിൽ വഴിയരികിലായി ഒരു തടിപ്പെട്ടിയുടെ മുകളിൽ മുളച്ച് രണ്ടോല വന്ന തെങ്ങിൻ തൈകൾ അടുക്കി വച്ചിട്ടുണ്ട്. ഒരറ്റത്ത് പൊതിച്ച് ഉടച്ച തേങ്ങാമുറികൾ ഞൊങ്ങോടെ വച്ചിട്ടുണ്ട്. വില്പന കാരനിരിയ്ക്കാൻ ഒരു പ്ലാസ്റ്റിക് കസേര പിന്നെ നിവർത്തിയ ഒരു കൂട. അടുത്ത് ഒരു കാർഡ് ബോർഡിൽ എഴുതി തൂക്കിയിട്ടുണ്ട് “പൊങ്ങ് വിൽപനയ്ക്ക് ”
.
ഈ കാഴ്ച കണ്ട യാത്രക്കാരിയുടെ ചിന്തകൾ 45 വർഷം പഴക്കമുള്ള ഒരു സംഭവ കഥയിലേയ്ക്ക് പറന്നു.

പടിഞ്ഞാറ്റതിലെ നാത്തൂൻ മക്കളെ അയൽപക്കത്തെ കുട്ടികളോടൊപ്പം കളിക്കാൻ വിട്ട ശേഷം പ്രായമായ അച്ഛനേയും കൂട്ടി ആശുപത്രിയിലേയ്ക്ക് പോയി. പറമ്പിലൊക്കെ അലഞ്ഞ് തിരിഞ്ഞ് കളിച്ചു നടന്ന ശേഷം കുട്ടികൾ നാത്തൂന്റെ വീട്ടു മുറ്റത്തെത്തി. നിര നിരയായും വരിവരിയായും തേങ്ങാ പാകിയത് കിളിർത്തു നിൽക്കുന്നു. അതിൽ മുളയ്ക്കാത്തവ തലേന്ന് നാത്തൂൻ കിളച്ചെടുത്ത് പൊതിച്ചുടച്ച് ഞൊങ്ങു( പൊങ്ങ്) ള്ള വയിൽ നിന്നും ഞൊ ങ്ങെടുത്ത് കുട്ടികൾക്ക്( അയലത്തെ കുട്ടികൾക്കുൾപ്പടെ) തിന്നാനായി നൽകിയിരുന്നു. പൊതിച്ച തേങ്ങകളിൽ അഴുകിയവ കളഞ്ഞ് നല്ലവയും ഞൊങ്ങെടുത്തവയും വൃത്തിയാക്കി ആട്ടാനായി ഉടച്ച് വെയിലത്ത് വച്ച തേങ്ങായോടൊപ്പം ഉണങ്ങാനിട്ടു. ബാക്കി നിൽക്കുന്ന തെങ്ങിൻ തൈകളെ നോക്കി മനസ്സിൽ കണക്കു കൂട്ടി. 10-15 എണ്ണം പത്താമുദയത്തിന് നടാം. ബാക്കി വിൽക്കാം. വട്ടച്ചിലവിനുള്ള കാശാകും,

കളിച്ച് തളർന്ന് വന്ന കുട്ടികളിൽ ഒരുവൾക്ക് ഞൊങ്ങ് തിന്നാനൊരാഗ്രഹം. മറ്റു കുട്ടികൾ ആ ആഗ്രഹം സാധിച്ചു കൊടുത്തു. ഒരാൾ കുന്താലിയെടുത്തു. മറ്റൊരാൾ കോടാലിയും. കുട്ടികൾ മാറി മാറി കിളച്ച് അഞ്ചാറ് തെങ്ങിൻ തൈകൾ എടുത്തു. കുട്ടികളായതിനാലാകണം കൂന്താലി വച്ച് കിളയ്ക്കുന്നത് അവർക്കിത്തിരി ആയാസകരമായിരുന്നു. എന്നാലും ഞൊങ്ങു തിന്നാനുള്ള ആവേശം അവരെ പിന്മാറാൻ അനുവദിച്ചില്ല. പിഴുതെടുത്ത തെങ്ങിൻ തൈകളുടെ ഇലകൾ വെട്ടിക്കളഞ്ഞ് മറ്റുള്ളവർ അത് കോടാലി വച്ച് പൊതിച്ചെടുത്തു. കൊടുവാൾ വച്ച് തേങ്ങയുടച്ച് ഞൊങ്ങ് കുട്ടികൾ പങ്കുവച്ചു. മിച്ചമുള്ള തേങ്ങ പനമ്പിൽ ഉണങ്ങാൻ വച്ചവയ്ക്ക് അരികിലായി വച്ചു.

നാത്തൂൻ തിരികെ വന്നപ്പോൾ ആകെ അലങ്കോലമായി കിടക്കുന്ന മുറ്റവും ” വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിയ്യോ ശിവ ശിവ” എന്ന മട്ടിൽ കിടക്കുന്ന തന്റെ തെങ്ങിൽ തൈയ്യുടെ അവശിഷ്ടങ്ങൾ കണ്ടപ്പോൾ അവർ നെഞ്ചത്തു കൈ വച്ചു. പിന്നെ, അവരുടെ നിരാശയൊക്കെ മനസ്സിലൊതുക്കി പറമ്പിൽ നിൽക്കുന്ന വലിയൊരു തെങ്ങിനെ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞു: ” ഇതുപോലെ വലിയ തെങ്ങാകേണ്ട തൈകളല്ലേയിത്? ഇങ്ങനെ ചെയ്യാൻ പാടുണ്ടായിരുന്നോ?”

ഈ സംഭവം പതിയെ മറ്റു ബന്ധുക്കളും അറിഞ്ഞു . ഒരു വീട്ടിലെ മുത്തശ്ശിയ്ക്ക് തന്റെ കൊച്ചുമകളുടെ പൊങ്ങിനോടുള്ള ഇഷ്ടം അറിയാമായിരുന്നതിനാൽ അവർ അപ്പോൾ തന്നെ പത്ത് പതിനഞ്ച് ഉണക്ക തേങ്ങകൾ എടുത്തു പാകി. കൊച്ചു മകൾക്ക് അയലത്തെ വീട്ടിൽ പോകാതെ പൊങ്ങ് തിന്നാമല്ലോ?

കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ തേങ്ങയ്ക്ക് വിലയില്ലാതായി. ധാരാളമായി തേങ്ങാ വെട്ടാനുള്ള വീട്ടുമുറ്റത്തും കൊപ്ര പുരയുടെ മുറ്റത്തും മഴ നനഞ്ഞു കിടന്ന തേങ്ങകൾ മുളകൾ വന്നു കിടന്നു. പൊങ്ങ് പച്ചയ്ക്കും കറിവച്ചു കഴിച്ചിട്ടും മിച്ചം വന്നു.

തെങ്ങുകൃഷിയിൽ നിന്നുള്ള വരുമാനം കുറയുകയും കൂലി ചിലവ് കൂടുകയും ചെയ്തപ്പോൾ തെങ്ങുകൃഷി ലാഭകരമല്ലാതായി. കാറ്റു വീഴ്ചയും മണ്ഡരിയും ചെല്ലിയും മൂലം വലഞ്ഞപ്പോൾ പിന്നെ ആരും തെങ്ങു കൃഷി ഗൗനിക്കാതായി.

നാട്ടിൽ തേങ്ങയില്ലാതായപ്പോൾ തേങ്ങയ്ക്ക് വില കൂടി. തെങ്ങു കർഷകർക്ക് ഫലമില്ലെന്ന് മാത്രം. ഇക്കണോമിസ്ററുകൾക്ക് സപ്ലൈയും ഡിമാന്റും തമ്മിലുള്ള ബന്ധം വിവരിക്കാൻ ഒരുദാഹരണം കൂടിയായി.

നാട്ടിൽ തേങ്ങ കിട്ടാക്കനിയായപ്പോൾ തേങ്ങയും കൊപ്രയുമൊക്കെ തമിഴ് നാട്ടിൽ നിന്നും ലക്ഷദ്വീപിൽ നിന്നും കുറ്റ്യാടിയിൽ നിന്നും കൊല്ലത്തേയ്ക്കെത്തി മാർക്കറ്റ് കൈയ്യടക്കി.

വീട്ടമ്മമാർ മനസ്സില്ലാമനസ്സോടെ തേങ്ങ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. എല്ലാ ആഴ്ചയും ചാരമിട്ട് വളർത്തിയെടുത്ത തെങ്ങിലെ തേങ്ങയുടെ ഉൾക്കട്ടി വരവു തേങ്ങയ്ക്കില്ലായിരുന്നു. കയർ വ്യവസായം സ്തംഭിച്ചു

പല സർക്കാർ പദ്ധതികളും വന്നു. തേങ്ങയിൽ നിന്നും പതിനഞ്ചോളം സീറോ വേസ്റ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ കുടുംബശ്രീകാർക്ക് കായംകുളം കെ വി കെയിൽ ട്രെയിനിംഗ് നൽകി. ചിലർ തേങ്ങയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വ്യവസായം ആരംഭിച്ചു. വളവും തൈകളും പഞ്ചായത്തും കൃഷിഭവനും ചേർന്ന് സൗജന്യ നിരക്കിൽ നൽകി. എന്നാൽ തെങ്ങുകൃഷി മാത്രം അത്ര പച്ച പിടിച്ചില്ല. പതിറ്റാണ്ടുകൾ ആളുകളുടെ മനസ്സിൽ വരുത്തിയ പരിവർത്തനം കാർഷിക സംസ്ക്കാരത്തിൽ നിന്നും അവരെ അകറ്റി കഴിഞ്ഞിരുന്നു. കൃഷി ഒരു തുടർ പ്രക്രിയയാണ്. അത് ഒരു സംസ്കാരമാണ് അത് മുടക്കമില്ലാതെ തുടരണം. എന്നാലേ തേങ്ങയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നാട്ടിൽ തന്നെ ഉത്പാദിപ്പിക്കാൻ കഴിയുകയുള്ളൂ.

ഡോ.ഐഷ . വി.

പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..