ജോസ്‌ന സാബു സെബാസ്റ്റ്യൻ

അയ്യേ ജോസ്ന ആർത്തവത്തെകുറിച്ചൊക്കെ ഇങ്ങനെ എഴുതാവോയെന്ന് ചുരുക്കം ചിലർ ഇപ്പൊ മനസ്സിൽ ഓർത്തിട്ടുണ്ടാവണം . പക്ഷെ ചില ആകാംക്ഷയുണർത്തുന്ന കാര്യങ്ങൾ അറിയുമ്പോൾ ഒന്ന് കോറിയിടാതെ പോയാലെങ്ങനാ..
അറിയാത്തവർക്ക് അറിയാനൊരു വാക്ക് …

ആർത്തവം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലരുടേയുമുള്ളിൽ എന്തോ ഒരു അശുദ്ധത ഓടിയെത്തും. അവളെ മാറ്റിനിർത്താനുള്ള ചില തിടുക്കങ്ങൾ.. അവൾ അശുദ്ധയാണ് അവൾതൊടുന്നതെല്ലാം അശുദ്ധമാണ് എന്നൊക്കെയുള്ള ചില അപവാദങ്ങൾ കുറ്റപ്പെടുത്തലുകൾക്കൊക്കെ ഇരയാക്കപ്പെടുന്ന അവളുടെ ആ ഇരുണ്ട ഒരാഴ്ച കാലം വളരെ ദയനീയമാണുട്ടോ…

സത്യത്തിൽ ആ ആർത്തവദിവസങ്ങളിൽ പൂർവികർ അവളെ പുറന്തള്ളിയതാരുന്നോ, അതോ അവളെ മാറ്റിപാർപ്പിച്ചതൊരു സംരക്ഷണ മുദ്ര ആയിട്ടാരുന്നോ ?

നമുക്കൊന്ന് കുറച്ച് നൂറ്റാണ്ടുകൾക്ക് പിന്നിലേയ്ക്ക് പോയി നോക്കാം…..
ആ ഒരുകാലഘട്ടത്തിലെ പെണ്ണുങ്ങൾക്ക് ഇന്നത്തെപോലെ സ്വിച്ചിട്ടാൽ കറങ്ങുന്ന മിക്സിയോ അലക്കിത്തരാൻ മെഷീനുകളോ ഒന്നുമില്ലാതിരുന്ന ഒരു കാലം..

അരകല്ലുകളോടും അലക്കുകല്ലുകളോടും ഉരലിനോടും പത്തിലേറെ മക്കളോടുമൊക്കെ രാപകലില്ലാതെ യുദ്ധം ചെയ്തു….യാതൊരുവിധ അവധി ദിവസത്തിനായും കാത്തുനിൽക്കാതെ മണിക്കൂറുകളോ ദിവസങ്ങളോ ഒക്കെ തന്റെ ശരീര ക്ഷീണമോ തളർച്ചയോ ഒന്നും നോക്കാതെ കുടുംബത്തിനായി പൊരുതിനിന്നിരുന്ന കുറെ നിശ്ശബ്ദരായ സ്ത്രീജന്മങ്ങളുണ്ടായിരുന്ന ആ ഒരു കാലം….

അങ്ങനെയുള്ള അവരുടെ ജീവിത ശൈലിയിൽ പ്രത്യേകിച്ചും പെണ്ണുങ്ങൾക്ക് അവർ ശാരീരികമായി ദുർബലരാകുന്ന ആ ഒരാഴ്ച കാലം അവരുടെ കഷ്ടപ്പാടിനൊരു വിശ്രമം ആവശ്യമാണെന്ന് മനസിലാക്കിയ നല്ലൊരുപറ്റം ജനനേതാക്കൾ…അവരെ ആ ദിവസങ്ങളിൽ പണികൾ ചെയ്യുന്നതിൽ നിന്നും വിലക്കുകൽപിച്ചു മാറ്റിനിർത്തി…..

ആ ദിവസങ്ങളിൽ അമിത അധ്വാനത്തിലൂടെ രക്തസ്രാവം കൂടാതിരിക്കാൻ ആ നാളുകളിൽ അവർ ചെയ്യുന്ന പണികൾക്ക് ഒരു നിയന്ത്രണം വേണമെന്നും….അവർക്കു ശാരീരികമായും മാനസികമായും വിശ്രമം ആവശ്യമാണെന്നുമുള്ള ഒരു നിയമം നടപ്പിലാക്കി ചില ജനനേതാക്കൾ അവരെ സംരക്ഷിച്ചു വന്നൊരു കാലത്തിന്റെ പരിശുദ്ധിയെ…പിന്നീട് പലർ പലവിധത്തിൽ കൂട്ടിയും കുറച്ചും പറഞ്ഞു അവളുടെ യാതനകാലത്തേ കൂടുതൽ കടുപ്പിച്ചു വെറുക്കപ്പെട്ടവളാക്കി ചിത്രീകരിച്ചു .

അതുകൂടാതെ അന്ന് ഒരാൾക്കൊരു മുറിയെന്നു അവകാശവാദങ്ങൾ ഇല്ലാതിരുന്ന ആ കാലത്തു, ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരുമൊരുമിച്ചു വല്യ ബലമുള്ള വാതിലുകളോ ഉറപ്പുള്ള ചുവരുകളോ ഒന്നുമില്ലാതെ വെറും ചായ്പ്പുകളിൽ താമസിക്കുമ്പോൾ ദുർബലതയുടെ ആ നാളുകളിൽ അവൾക്കു നേരിടേണ്ടിവന്നിട്ടുള്ള പലവിധ അസ്വസ്ഥതകൾ.. ആരുമറിയാതെ പോയ എത്ര എത്ര പീഡനങ്ങൾ..
കഥന കഥകൾ ……ആരുമറിയാതെ അവളുടെ കണ്ണീരിൽ തന്നെ ഒഴുകി മണ്ണടിഞ്ഞു പോയിട്ടുണ്ടാകാം .

കൂടാതെ കാട്ടുമൃഗങ്ങൾ നിറഞ്ഞ വനതുല്യമായ പ്രദേശത്തുള്ള അവരുടെ അന്നത്തെ ജീവിത സാഹചര്യങ്ങളിൽ താമസിക്കുമ്പോൾ …..ഇന്നത്തെപോലെ സാനിറ്ററി പാടുകളോ തുണികളോ പോലും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ, മനുഷ്യന്റെ ചോരമണം പിടിച്ചെടുത്തു ആക്രമിക്കാൻ വരുന്ന മൃഗങ്ങളിൽ നിന്നുമൊരു രക്ഷാ കവചമായി അവളെ പ്രത്യേക പ്രൊട്ടക്ഷൻ കൊടുക്കാനായി മാറ്റി താമസിപ്പിച്ചു….. മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും സുരക്ഷയുണ്ടാക്കി കതകടച്ചു കുറ്റിയിട്ട് നേരം വെളുപ്പിച്ചതും ഇരുട്ടിപ്പിച്ചതുമായ എത്ര എത്ര കഥകളുണ്ടായിരുന്നിരിക്കാം നമ്മുടെ പൂർവികരുടെ ഏടുകളിൽ .

അങ്ങനെ നമ്മുടെ പൂർവികർ പലവിധത്തിൽ സുരക്ഷ കൊടുത്തു കാത്തുപോന്ന അവരുടെ ദേവിയെ, പിന്നീട് ചിലർ പലവിധത്തിൽ നിറങ്ങൾ കൊടുത്തും മായിച്ചും പറഞ്ഞറിഞ്ഞതിൻ ഫലമായി നമ്മളറിഞ്ഞത് അവളെ അശുദ്ധയെന്നു മുദ്രകുത്തി വീടിനു പുറത്താക്കി അവഹേളിച്ചതായാണ് …..

അങ്ങനെ കാലങ്ങൾ പോകവേ മാറിവന്ന വായ്മൊഴിയിലൂടെ ആർത്തവമെന്ന പ്രക്രിയ എങ്ങനോ അശുദ്ധമായി.. അവളോടൊപ്പം അവൾ തൊട്ടതും പിടിച്ചതുമെല്ലാം അശുദ്ധമായി മനുഷ്യ മനസുകളിലെങ്ങനോ ചിത്രം പിടിച്ചു കൊഴുത്തു നിന്നു .

ആർത്തവം സ്ത്രീകൾക്ക് പ്രകൃതി നൽകിയിരിക്കുന്ന ഒരു ഫിസിക്കൽ പ്രോസസ്‌ മാത്രമാണ്. ചിലർക്ക് ചില ഫിസിക്കൽ പ്രോസസ്‌ ശരിയായ രീതിയിൽ മാനേജ് ചെയ്തില്ലെങ്കിൽ സൈക്കോളജിക്കൽ പ്രോബ്ലത്തിനും കാരണമാകാറുണ്ട്. പക്ഷെ ആർത്തവം ഒരു സ്പിരിച്വൽ പ്രോബ്ലമായ്‌ നമുക്കൊരിക്കലും കാണാനാവില്ല .

ചില ആരാധനാലയങ്ങൾ ഒരു ഏജ് കാറ്റഗറിയിൽ പെട്ട പെണ്ണുങ്ങൾക്ക് വിലക്കുകൽപിച്ചതിലും അവളോടുള്ള സംരക്ഷണ നിയമം തന്നാണ് എന്നാണ് വെളിവാകുന്നത്. കാരണം എത്രയൊക്കെ ആൺ പെൺ സമത്വം കൊട്ടിഘോഷിച്ചാലും ആണുങ്ങളുടെ ഫിസിക്കൽ സ്റ്റാമിനക്കൊപ്പമെത്താൻ പെണ്ണുങ്ങളുടെ ശരീര ഘടന അനുവദിക്കില്ല …..

അപ്പോൾ അന്നത്തെ കാലത്തെ ഇന്നത്തെപോലെ നിരപ്പായ റോഡുകളോ യാത്ര സൗകര്യങ്ങളോ ഇല്ലാതെയുള്ള ….ഉയർച്ച താഴ്ചയുള്ള വനങ്ങളും കാടുകളും മേടുകളും വന്യമൃഗങ്ങളുമെല്ലാം വിഹരിക്കുന്ന ഭൂപ്രകൃതിയിലൂടെയുള്ള അവളുടെ അന്നത്തെ വിഹാരം ഒരു പെണ്ണിന് അവളുടെ നീറലുകൾക്കാഴം കൂട്ടാനേയുതകൂ …..അവളുടെ ആ വിഷമം മനസിലാക്കിയ അന്നത്തെ ജനനേതാക്കന്മാർ അവൾക്കുള്ള ആരാധനാലയങ്ങൾ …അവൾക്കു പോകാൻ പാകത്തിനായി പണിതുണ്ടാക്കി ……

അങ്ങനെയുള്ള നമ്മുടെ പൂർവ്വികരുടെ നല്ല രീതികളെ വളച്ചൊടിച്ചു നാമെല്ലാം പലതരത്തിൽ ആർത്തവമെന്ന ശാരീരീരിക പ്രോസസ്സിനെ വാർത്താമാധ്യമങ്ങളിൽ കുത്തിവലിച്ചു വികൃതമാക്കുന്നതെന്തിന് ?