Latest News

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റോക്ക് ഓൺ ട്രെന്റ്: കേരള രാഷ്ട്രീയത്തിലെ മഹാരഥന്മാരായിരുന്ന ഉമ്മൻ ചാണ്ടിയുടെയും, പി റ്റി തോമസിന്റെയും സ്മരണാർത്ഥം ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച പ്രഥമ ഷട്ടിൽ ബാഡ്മിന്റൻ ഡബിൾസ്
ടൂർണമെന്റ് ആവേശോജ്ജ്വലമായി. സ്റ്റോക് ഓൺ ട്രെന്റിൽ വച്ച് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം ചെയ്തു.


ഷട്ടിൽ കളിച്ചുകൊണ്ട് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ വലിയ ആരവത്തോടെയാണ് കാണികൾ ഏറ്റെടുത്തത്. രാഷ്ട്രീയ വേദികളിലും ജനസമൂഹത്തിലും തിളങ്ങുന്ന രാഹുൽ തനിക്ക് കായിക രംഗത്തും ആവേശം വിതറാൻ കഴിയുമെന്ന പ്രകടനമാണ് പുറത്തെടുത്തത്. നേരത്തെ, യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി വലിയ ആവേശത്തോടെയാണ് രാഹുലിനെ സ്വീകരിച്ചത്.

ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നീതു ജസ്റ്റിന്റെ ഈശ്വര പ്രാർത്ഥനയോടെ നാന്ദി കുറിച്ച ചടങ്ങുകൾക്ക് നാഷണൽ വക്താവ് റോമി കുര്യാക്കോസ് ആമുഖ പ്രസംഗവും,ജോയിന്റ് സെക്രട്ടറിയും ടൂർണമെന്റ് ചീഫ് കോർഡിനേറ്ററുമായ വിജീ കെ പി സ്വാഗതവും ആശംസിച്ചു. വർക്കിങ് പ്രസിഡന്റ്‌ ബേബിക്കുട്ടി ജോർജ് ആശംസയും, സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റ് പ്രസിഡന്റ്‌ ജോഷി വർഗീസ് നന്ദിയും അർപ്പിച്ചു സംസാരിച്ചു.


ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഐന അബിൻ, എയ്ഞ്ചൽ ഷെബിൻ, എയ്ഞ്ചൽ നെബു, ഒലിവിയ സന്തോഷ്‌, ലൗറ ഷെബിൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച ‘വെൽക്കം ഡാൻസ്’ നയന മനോഹരമായി.

ഇന്റർമീഡിയേറ്റ് കാറ്റഗറിയിൽ നടത്തിയ മെൻസ് ഡബിൾസിൽ ഉമ്മൻ‌ചാണ്ടി മെമ്മോറിയൽ കപ്പുയർത്തിയത് ജെറമി – അക്ഷയ് കൂട്ടുകെട്ടാണ്. വാശിയേറിയ ഇഞ്ചോടിച്ചു പോരാട്ടത്തിൽ രണ്ടാം സ്ഥാനം: സുദീപ് – അംഗത് കൂട്ടുകെട്ടും, മൂന്നാം സ്ഥാനം പ്രിൻസ് – ഷിന്റോ ജോഡിയും നേടിക്കൊണ്ട് ട്രോഫികളും, കാഷ് പ്രൈസുകളും കരസ്ഥമാക്കി.


40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി നടത്തിയ ബാഡ്മിന്റൺ ഡബിൾസ് ടൂർണ്ണമെന്റിൽ സുരേഷ് – ഡോൺ ടീം ചാമ്പ്യൻന്മാരായി പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കി. അത്യന്തം വാശിയേറിയ മത്സരത്തിൽ രണ്ടാം സ്ഥാനം പ്രകാശ് – സുഷിൽ കൂട്ടുകെട്ടും, മൂന്നാം സ്ഥാനം ഹെർലിൻ – വിക്രാന്ത് ടീമും കരസ്ഥമാക്കി. 6 കോർട്ടുകളിൽ ആയി നടത്തിയ മത്സരങ്ങളിൽ ഇരു കാറ്റഗറിയിലുമായി 60 ഓളം ടീമുകൾ മാറ്റുരച്ചു. വീറും വാശിയും ഇടകലർന്ന മത്സരങ്ങൾക്ക് സാക്ഷിയാകാൻ വലിയ ജനാവലിയാണ് സ്റ്റോക് ഓൺ ട്രെന്റിൽ എത്തിച്ചേർന്നത്.


രാത്രി എട്ടു മണിവരെ നീണ്ടു നിന്ന മത്സരത്തിനൊടുവിൽ നടന്ന സമാപന സമ്മേളനവും സമ്മാനദാനവും ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, കമ്മിറ്റി അംഗം ബേബി ലൂക്കോസ്, കോവൻട്രി യൂണിറ്റ് പ്രസിഡന്റ്‌ ജോഷി വർഗീസ്, സംഘാടക സമിതി അംഗം അജി എന്നിവരും ക്യാഷ് പ്രൈസുകൾ നാഷണൽ ജോയിന്റ് സെക്രട്ടറി വിജീ കെ പി, സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റ് ഭാരവാഹികളായ തോമസ് ജോസ്, തോമസ് പോൾ, മുരളീ ഗോപാലൻ, സിബി ജോസ്, ഷിജോ മാത്യു തുടങ്ങിയവരും വിതരണം ചെയ്തു..

ടൂർണമെന്റ് ചീഫ് കോർഡിനേറ്റർ വിജീ കെ പി, സംഘാടക സമിതി അംഗം അജി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി തോമസ് പോൾ നന്ദി പ്രകാശിപ്പിച്ചു. ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു. ഒ ഐ സി സിയുടെ നേതൃത്വത്തിൽ ഇത് നടാടെയാണ് കായിക രംഗത്ത് സംഘടന ചുവടുവെക്കുന്നത്.

സജി ജോൺ

സ്കോട്ട് ലൻഡിലെ ഫാൽകിർക് മലയാളികളുടെ കൂട്ടായ്മയായ എഫ് എം കെയുടെ 18-മത് വർഷത്തിൽ 2025-26 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സജി ജോൺ (പ്രസിഡന്റ്‌), ഷീലാ ജെറി (വൈസ് പ്രസിഡന്റ്‌ ), ഷൈൻ ആന്റോ (സെക്രട്ടറി), സോമി ഫ്രാൻസിസ് (ജോയിന്റ് സെക്രട്ടറി), സിജു അഗസ്റ്റിൻ (ട്രഷറർ), നൈജോ പൗലോസ് (ജോയിന്റ് ട്രഷറർ). കൂടാതെ ആക്ടിവിറ്റി കോർഡിനേറ്റർസ് ആയി ജിജോ ജോസ്, ഷൈലമ്മ റോബിൻസ്, കവിത രജിത്, ഷെഹനാസ് ഷാജി, പി ആർ ഓ മാരായി ഷിബു സേവിയർ, ജിസിൻ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

മുൻഭാരവാഹികളായ റോബിൻ തോമസ്, ലിൻസി അജി, മെൽവിൻ ആന്റണി, ജീമോൾ സിജു, ജെറി ജോസ്, ജോർജ് വർഗീസ്, ജിജോ ജോസ്, സതീഷ് സഹദേവൻ, മേരീസ് ഷൈൻ, സിമി ഹട്സൻ എന്നിവരുടെ പ്രവർത്തനങ്ങളെ യോഗം പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തു.

2025-26 വർഷത്തിലേക്കുള്ള വിവിധ കർമ്മപരിപാടികൾക്ക് രൂപം കൊടുത്തുകൊണ്ട് കലാകായിക സാംസ്‌കാരിക സാമൂഹിക രംഗത്തു മാതൃകപരമായ പ്രവർത്തനം കാഴ്ച വെക്കുമെന്നും എഫ് എം കെ യെ സ്കോട്ടലൻഡ് മലയാളികളുടെ അഭിമാനമായി ഉയർത്തുമെന്നും, അതിനായി എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പ്രസിഡന്റ്‌ സജി ജോൺ അഭ്യർത്ഥിച്ചു.

ഇന്നലെ വൈകിട്ട് എളമക്കരയില്‍ നിന്ന് കാണാതായ കുട്ടിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി. കെവശമുണ്ടായിരുന്ന ഫോണ്‍ സ്‌കൂളില്‍ പിടിച്ചുവെച്ചത് കുട്ടിയെ മാനസിക വിഷമത്തിലാക്കി. ഇക്കാര്യം വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടി മാറി നിന്നത്. 7 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്.

അമ്മയുടെ ഫോണുമായിട്ടാണ് കുട്ടി സ്‌കൂളില്‍ പോയത്. ഇത് സ്‌കൂള്‍ അധികൃതര്‍ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി മാറിനിന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പൊലീസ് അന്വേഷണം നടത്തിയത്.

വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി നഗരത്തില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.

ലേഖന വിവാദത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തി. സോണിയാ ഗാന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുലിനൊപ്പം ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടു.

അതേസമയം മാധ്യമങ്ങളെ കാണാന്‍ നില്‍ക്കാതെ ജന്‍പഥ് വസതിയുടെ പിന്‍വശത്തെ ഗേറ്റ് വഴിയാണ് തരൂര്‍ മടങ്ങിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് രാഹുല്‍-തരൂര്‍ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമായി. കൂടിക്കാഴ്ചയില്‍ തരൂര്‍ ദേശീയ നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചു. പരാമര്‍ശങ്ങളില്‍ തെറ്റായ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ നേതാക്കളെ അറിയിച്ചു.

കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് തരൂരിനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. ശശി തരൂരിന്റെ നിലപാടിനെതിരേയുള്ള അതൃപ്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദേശീയ നേത്യത്വത്തിന്റെ ഇടപെടല്‍.

സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്. 2024 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ച് മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ ബസിനടിയിലേക്ക് തെറിച്ചു വീണ യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് വിജേഷിനെ (28) പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്ക് എതിരെ വന്ന ബസിന്റെ ഒരു വശത്ത് തട്ടിയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിനിടെ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചു. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

കേരളത്തിൽ നിന്നുള്ള വ്യാപക പരാതിയെ തുടർന്ന് ശശി തരൂരിനെ ചർച്ചയ്ക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചു. കേരളത്തിലെ കോൺഗ്രസിൽ ശശി തരൂരിന്റെ വളർച്ച പല മുഖ്യമന്ത്രി സ്ഥാന മോഹികളിലും അസംതൃപ്തി സൃഷ്ടിച്ചിരുന്നതായുള്ള സൂചനകളും പുറത്തുവന്നിരുന്നു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചത്. ഉടൻ തന്നെ സോണിയാ ഗാന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ എത്താനായിരുന്നു നിർദേശം. കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡ് ഇപ്പോൾ തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്.

ശശി തരൂരിന്റെ നിലപാടിനെതിരേ അതൃപ്തി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദേശീയ നേതൃത്വം ഇടപെടൽ നടത്തിയിരിക്കുന്നത്. രാഹുലും സോണിയയും തരൂരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും തരൂരും തമ്മിലായിരിക്കും കൂടിക്കാഴ്ച. അൽപസമയത്തിനുള്ളിൽ തരൂർ സോണിയാ ഗാന്ധിയുടെ വസതിയിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിനു കീഴില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ശശി തരൂര്‍ പുകഴ്ത്തിയത്. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ ലേഖനമെഴുതിയ തരൂരിനെതിരെ വലിയ വിമര്‍ശനമാണ് പിന്നാലെ ഉയര്‍ന്നത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്.

2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും ഭരണത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് എം.പി.യുടെ പുകഴ്ത്തല്‍ എന്നതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്.

തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്ത തരൂർ ആദ്യഘട്ടത്തിലുണ്ടായ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്. ഇതിനൊപ്പം ഉമ്മൻ ചാണ്ടി സർക്കാരിന്റെ പങ്ക് വ്യവസായിക മുന്നേറ്റവുമായി പറഞ്ഞുപോയി എന്നത് മാത്രമാണ് തരൂർ ചെയ്തത്. തരൂർ നിലപാട് പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ ആവശ്യം.

​​അപ്പച്ചൻ കണ്ണഞ്ചിറ

കേംബ്രിഡ്ജ്: കലാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ നൃത്ത-സംഗീത-ദൃശ്യ കലോത്സവം ശനിയാഴ്ച, ഫെബ്രുവരി 22 ന് ശനിയാഴ്ച കേംബ്രിഡ്ജിലെ നെതർഹാൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ശനിയാഴ്ച ഉച്ചക്ക് രണ്ടര മുതൽ രാത്രി പത്തര വരെ നീണ്ടു നിൽക്കുന്ന കലാമാമാങ്കത്തിൽ പ്രവേശനം തികച്ചും സൗജന്യമാണ്.

ജനമനസ്സുകളിൽ എന്നെന്നും കാത്തു സൂക്ഷിക്കുന്ന നിരവധി നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച പത്മശ്രീ ഓ എൻ വി കുറുപ്പ് മാഷിന് കലാഹൃദയങ്ങളോടു ചേർന്ന് പാവന അനുസ്മരണവും സംഗീതാദാരവും സംഗീതോത്സവ വേദിയിൽ അർപ്പിക്കും. കൂടാതെ മലയാളികളുടെ സ്വന്തം ഭാവഗായകൻ യശഃശ്ശശരീരനായ പി ജയചന്ദ്രന്റെ അനുസ്മരണവും ശ്രദ്ധാഞ്ജലിയും തഥവസരത്തിൽ സമർപ്പിക്കുന്നതാണ്. പ്രഗത്ഭരായ കലാകാരുടെ സർഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 ൽ പരം സംഗീത-നൃത്ത ഇനങ്ങൾ കൂടി ചേരുമ്പോൾ വർണ്ണാഭമായ മെഗാ കലാ വസന്തമാവും നെതർഹാൾ സ്‌കൂൾ വേദിയിൽ ശനിയാഴ്ച പൂവിടുക.

7 ബീറ്റ്സിന്റെ മുഖ്യ കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ, സണ്ണിമോൻ മത്തായി സ്വാഗതം ആശംസിക്കും. വിശിഷ്‌ട വ്യക്തിത്വങ്ങൾ അതിഥികളായെത്തുന്ന സംഗീതോത്സവത്തിനു ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷനാണ് ആതിഥേയത്വം വഹിക്കുക.

യു കെ മലയാളികളുടെ ചരിത്ര താളുകളിൽ ഇടംപിടിച്ച അതുല്യ വ്യക്തിത്വങ്ങളെ വേദിയിൽ ആദരിക്കുന്നതോടൊപ്പം, യു കെ യിൽ ഇദംപ്രദമായി അവതരിപ്പിക്കുന്ന പുരാതന കേരള നാടോടിക്കഥകളുടെ പൂതപ്പാട്ട് അവതരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. യു കെ യിലെ പ്രശസ്ത അവതാരകരായ രാജേഷ് നായർ ( ഡെർബി) അൻസി കൃഷ്ണൻ (സൗത്താംപ്ടൺ), ആൻ റോസ് സോണി( ലീഡ്സ്), ആന്റോ ബാബു (ബെഡ്ഫോർഡ്) എന്നിവർ സംഗീതോത്സവ പ്രോഗ്രാം കോർത്തിണക്കും. ടീം ജതി, പൂതപ്പാട്ട് ടീം, മാതംഗി ഡാൻസ് ഗ്രൂപ്പ്, കലാതിലകങ്ങളായ ആനി-ടോണി ടീം, ടീം ലിറ്റിൽ ഹാർട്ട്സ് അടക്കം പ്രശസ്ത ടീമുകൾ വേദിയിൽ കാലമാസ്മരികത വിരിയിക്കുമ്പോൾ വ്യക്തിമികവുകളുമായി ശ്രോതാക്കളെ കോരിത്തരിപ്പിക്കുവാൻ നിരവധി ഗായക നൃത്ത പ്രതിഭകളും അണിനിരക്കും.

സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്ത- നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന അരങ്ങിൽ, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണ്ണാവസരമാവും കേംബ്രിഡ്ജിലെ ദി നെതർഹാൾ സ്‌കൂൾ വേദി സമ്മാനിക്കുക.


ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക. ആകർഷകമായ സമ്മാനം വാഗ്ദാനം ചെയ്യുന്ന ‘ചാരിറ്റി റാഫിൾ ടിക്കറ്റ് ‘നറുക്കെടുപ്പും, ജീവകാരുണ്യ ധനശേഖരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട്, യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവം, തിരക്കിട്ട ജീവിതത്തിനിടയിൽ ശാന്തമായിരുന്ന് ഉള്ളു നിറയെ ആനന്ദിക്കുവാനും ആസ്വദിക്കുവാനും സുവർണ്ണാവസരം ഒരുക്കുമ്പോൾ, അതിന്റെ സീസൺ 8 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.


കേരളത്തനിമയിൽ ചൂടുള്ള രുചിക്കൂട്ടുകളുമായി ഫുഡ് സ്റ്റോളുകൾ ഉച്ചക്ക് രണ്ടു മണിമുതൽ ഹാളിനോടനുബന്ധിച്ചു തുറന്നു പ്രവർത്തിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Abraham Lukose: 07886262747
Sunnymon Mathai:07727993229
Jomon Mammoottil:
07930431445
Manoj Thomas:
07846475589
Appachan Kannanchira:
07737 956977

Venue: The Netherhall School , Queen Edith’s Way, Cambridge, CB1 8NN

കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ് നടന്നതായി വിദ്യാര്‍ഥിയുടെ പരാതി. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെയാണ് പരാതി.

സി.സി.ടി.വി. ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ 11-ാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പോലീസ് കേസെടുക്കുകയും ചെയ്തു.

സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വരാന്തയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാര്‍ത്ഥികള്‍ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കാലിന് ചെറിയതോതില്‍ പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി.

കാട്ടുപന്നിയെ പിടികൂടുന്നതിനായി വെച്ച സ്‌ഫോടക വസ്തു തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ട് വന്ന് സ്‌കൂള്‍ വളപ്പിലിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പഴയന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലവ് ജിഹാദ് കേസുകള്‍ക്കും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും എതിരായ നിയമ നിര്‍മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിന് മുന്നോടിയായി ഏഴ് അംഗ സമിതി രൂപീകരിച്ചു.

സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് വര്‍മയുടെ നേതൃത്വത്തിലുള്ള പാനലില്‍ സ്ത്രീ-ശിശുക്ഷേമം, ന്യൂനപക്ഷകാര്യം, നിയമം, ജുഡീഷ്യറി, സാമൂഹിക നീതി, പ്രത്യേക സഹായം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളാണ്.

വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച സര്‍ക്കാര്‍ പ്രമേയം അനുസരിച്ച് ലവ് ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കമ്മിറ്റി നിര്‍ദേശിക്കും. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങള്‍ അവലോകനം ചെയ്യുകയും നിയമ വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.

ശ്രദ്ധ വാക്കര്‍ കേസിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണസഖ്യം ലവ് ജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. 2022 ല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള 27 കാരിയായ വാക്കര്‍ എന്ന സ്ത്രീയെ കൊലപ്പെടുത്തി അവരുടെ ലിവ്-ഇന്‍ പങ്കാളിയായ അഫ്താബ് പൂനാവാല മൃതദേഹം പല കഷണങ്ങളായി വെട്ടിമുറിച്ചു.

കമ്മിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ‘വിവാഹം കഴിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നത് വ്യക്തിപരമായ തീരുമാനമാണ്’ എന്ന് എന്‍സിപി (ശരത് പവാര്‍) നേതാവ് സുപ്രിയ സുലെ പറഞ്ഞു.

ബിജെപിയെ വിമര്‍ശിച്ച സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മി, സര്‍ക്കാര്‍ മുസ്ലീങ്ങളെ ഉപദ്രവിക്കുന്നതിലും വര്‍ഗീയത പ്രചരിപ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞു.

എന്നാല്‍ രാജ്യത്തുടനീളം ലവ് ജിഹാദ് കേസുകള്‍ വര്‍ധിച്ചു വരികയാണെന്ന് സര്‍ക്കാരിന്റെ നീക്കത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ മംഗള്‍ ലോധ പറഞ്ഞു. ശ്രദ്ധ വാള്‍ക്കറിനെ എത്ര കഷണങ്ങളാക്കി മുറിച്ചെന്ന് നമ്മളെല്ലാം കണ്ടു. മഹാരാഷ്ട്രയില്‍ ഇത്തരം നിരവധി കേസുകളുണ്ടെന്നും ലോധ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved