മിന്നു സൽജിത്ത്
ഒരു ചിന്താശകലം തിളങ്ങുന്നു
വീണ്ടുമകലെ
തരിമ്പുമാശ്വാസമേകാതെ
ഒരു വ്യഥയായ്…
പണ്ട് പണ്ട് ,
നിറയെ പൂത്തുലഞ്ഞ
വാകമരച്ചോട്ടിൽ,
ഒത്തിരി തുമ്പപ്പൂക്കളാൽ തീർത്തൊരു പൂക്കളത്തിന്നരികെയായിരുന്നു
നിന്റെ നിഴലും
എന്റെ നിലാവും
പ്രണയത്തിലായത്…
നിന്റെ കണ്ണുകളിൽ വിരിഞ്ഞ കവിതകളുടെ അർത്ഥ-നിരർത്ഥതീരങ്ങളിൽ
തിരയെണ്ണാനാകാതെ
പിന്നെയെപ്പോഴോ
എന്റെ നിലാവ് ,
ചില ദിവാസ്വപ്നങ്ങളുടെ നുറുങ്ങുവെട്ടത്തിലകപ്പെട്ട് മാഞ്ഞുപോയ്…
എങ്കിലും ,
വീണ്ടുമൊരു ഓണനിലാവും,
തൊടിയിലെ വാടാമുല്ലച്ചെടിയും, അവളുടെ ഒരുപറ്റം തുമ്പികിടാങ്ങളും, പൂവിളികളും കാത്ത്,
ഇന്നുമെന്റെ ആളൊഴിഞ്ഞ ഹൃദയശിഖിരങ്ങളുടെ നിഴലിൽ ക്ലാവുപിടിച്ച ഒരു ഊഞ്ഞാൽ അവശേഷിക്കുന്നു
വെറുതെയാണെങ്കിലും…
മിന്നു സൽജിത്ത്

ഡോക്ടർ എ. സി. രാജീവ് കുമാർ
ഓണം പോന്നോണം തുടങ്ങുക അത്തം മുതൽ ആണല്ലോ. വീടും പരിസരവും വീട്ടുപകരണങ്ങളും ഒക്കെ വൃത്തിയാക്കൽ ഓരോ ദിവസവും ആയി ചെയ്തു വരും. പിന്നീടുള്ള ഓരോ ദിവസവും ഓരോ ഇനം വറ ആണ്. കടല മാവ് കൊണ്ടുള്ള പക്കാവട ഒരു ദിവസം. അടുത്തത് അരി അരച്ചുള്ള കളിയടക്ക കുഴലപ്പം ഒറോട്ടി ഇനങ്ങൾ. ഉപ്പേരി ആണ് അടുത്തത്. ഏത്തക്ക ഉപ്പേരി പല ഇനം. വട്ടം അരിഞ്ഞത്, കനം കുറച്ച് വട്ടം അരിഞ്ഞത്, വട്ടം നടുവെ മുറിച്ചത്, നാലൊന്ന്, ചക്കര വരട്ടിക്ക് കനം ഉള്ളത് ഇങ്ങനെ പല തരം.
അച്ചപ്പം, ഗോതമ്പ് ഡയമാൺ കട്ട്, അത് തന്നെ പഞ്ചസാര വഴറ്റിയത്. വറ ഇനങ്ങൾ ഓരോന്ന് ബിസ്‌ക്കറ്റ് പാട്ടകളിൽ ആക്കി മറ്റുകയാണ് ചെയ്ക.
ഓരോ ദിവസവും ഓണ പരീക്ഷ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ വറ മണം അടിച്ചു അടുക്കളയിൽ ചെല്ലുമ്പോൾ മുറത്തിൽ അതാതു ദിവസം വറക്കുന്നവ ചൂട് ആറാൻ വെച്ചിരിക്കുന്നുണ്ടാവും. അതിൽ കുറേ എടുത്ത് നിക്കറിന്റെ പോക്കറ്റിൽ ഇട്ട് കൊണ്ട് നടന്നുള്ള തീറ്റി ആയിരുന്നു രസം. ഉത്രാട നാളിൽ ചന്തയിൽ നിന്നും ഒത്തിരി പച്ചക്കറികളുമായി അച്ഛൻ വരുന്നത് ഓർക്കുന്നു. തിരുവോണ സദ്യ ഒരുക്കങ്ങൾ ഉച്ചക്കേ തുടങ്ങും.
പിറ്റേന്ന് തിരുവോണം നാളിൽ തേങ്ങ തിരുമ്മുന്ന ശബ്ദം കേട്ട് ആയിരിക്കും ഉണരുക. പായസത്തിനുള്ള തേങ്ങാ പാൽ എടുക്കാൻ. പായസം ഉണ്ടാക്കി അച്ഛൻ കുളി കഴിഞ്ഞെത്തുമ്പോൾ ഞങ്ങൾ കുട്ടികൾക്ക്. നിലത്ത് പായ വിരിച്ചു തൂശൻ ഇലയിൽ ചോറ് വിളമ്പുന്നതോടെ സദ്യ തുടങ്ങി. ഊണ് കഴിഞ്ഞ് ഊഞ്ഞാൽ ആട്ടം, നിരകളി, തായം, പകിടകളി ഒക്കെ ആയി വൈകുന്നേരം ആക്കും. വൈകിട്ട് മുറ്റത്ത് എല്ലാരും കൂടി കഥകൾ പറഞ്ഞ് രാത്രി ഉറക്കത്തിലേക്ക് പോകുന്നതോടെ ഓണം കഴിഞ്ഞു.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
ഷിബി ചേപ്പനത്ത്
ലണ്ടൻ:- പരിശുദ്ധ സുറിയാനി സഭയുടെ യുകെ ഭദ്രാസന കുടുംബ സംഗമം 2024 സെപ്റ്റംബർ 28, 29 ശനി, ഞായർ തീയതികളിൽ ലെസ്റ്റർ സെന്റ് മേരീസ് ഇടവകയുടെ ആതിഥേയത്വത്തിൽ ലെസ്റ്ററിലുള്ള പ്രജാപതി ഹാളിൽ വച്ചു നടത്തപ്പെടുന്നു. യുകെ ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന കുടുംബ സംഗമത്തിന്റെ മുഴുവൻ ക്രമീകരണങ്ങളും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മേൽനോട്ടത്തിൽ വിവിധ കമ്മിറ്റികൾ ഏകോപിപ്പിച്ച് ഭംഗിയായി നടത്തിവരുന്നു.
28 ശനിയാഴ്ച രാവിലെ 8 മണി മുതൽ വിശ്വാസികളെ സ്വീകരിക്കുന്ന രീതിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്. മുഖ്യാതിഥിയായി എഴുന്നുള്ളി വന്ന് പ്രസ്തുത ചടങ്ങിന്റെ ഉൽഘാടനം നിർവഹിക്കുന്നത് മാർത്തോമ്മാ സഭയുടെ നിലക്കൽ ഭദ്രാസനാധിപൻ റിട്ട. റവ.ഡോ. ജോസഫ് മാർ ബർണാബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ആയിരിക്കും. ചടങ്ങിൽ ഇടവക മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കേരളത്തിൽ നിന്നും വരുന്ന ഡോ. സി ഡി വർഗീസ് സാർ നയിക്കുന്ന കുടുംബ നവീകരണ സെമിനാറുകളും, കുട്ടികൾക്കും, കൗമാരക്കാർക്കും പ്രത്യേകം ബൈബിൾ ക്ലാസുകളും അന്നേദിവസം നടത്തപ്പെടും. വെകിട്ട് സന്ധ്യാപ്രാത്ഥനക്കു ശേഷം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ളവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റു കൂട്ടും.
29 ഞായറാഴ്ച രാവിലെ 8.30 പ്രഭാത പ്രാത്ഥനയും മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഭദ്രാസനടിസ്ഥാനത്തിൽ ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ അഞ്ചിൻമേൽ കുർബാനയോടും കൂടി നടത്തപ്പെടും. തുടർന്ന് പ്രദക്ഷിണം ആശീർവാദം പൊതു സമ്മേളനം ഉച്ചഭക്ഷണം കൊടിയിറക്ക് എന്നിവയോടുകൂടി കുടുംബസംഗമത്തിന് തിരശ്ശീല വീഴും.
ആയിരത്തിൽ പരം വിശ്വാസികൾ സെപ്റ്റംബർ 15 ന് അവസാനിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ വഴിയായി ഇതിനോടകം പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന വിവരം ഭഭ്രാസന നേതൃത്വം അറിയിച്ചു കഴിഞ്ഞു. ഇനിയും കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവരും കൂടുതൽ വിവരങ്ങൾ ആഗ്രഹിക്കുന്നവരും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക
Fr. ABIN MARKOSE- (GENERAL CONVENOR)
07404240659
SHIBI CHEPPANATH
(MSOC UK TREASURER)
07825169330.

വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്പിൽ റെനീഷി(31)നെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ എ.ആർ. ക്യാമ്പിൽ കൺട്രോൾ റൂമിൽ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്.
മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഇരുപത്തിനാലുകാരിയായ ഭാര്യയെ മർദിച്ചതെന്നാണ് പരാതി. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്‌ചയോളം ചികിത്സയിലായിരുന്നു.
സാമൂഹികമാധ്യമങ്ങളിൽ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളിൽ സ്ഥിരം സാന്നിധ്യമാണ് റെനീഷ്. പെൺകുട്ടിയുടെ വീട്ടുകാർ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി അനുസരിച്ച് ഗാർഹികപീഡനനിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം അനുവദിച്ചു.
കരിപ്പൂർ വിമാനത്താവളത്തില്‍ പ്രവേശനഫീസ് ഈടാക്കുന്നത് അനധികൃമായിട്ടാണെന്ന പരാതി വ്യാപകം. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 11 മിനിറ്റ് വരെ പ്രവേശന ഫീസ് ഈടാക്കാൻ പാടില്ലെന്നിരിക്കെയാണ് ഈ കൊള്ള. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളില്‍ നിന്നും 40 രൂപയാണ് അനധികൃത പ്രവേശനഫീസായി പിരിക്കുന്നത്.
ഇത് വാങ്ങാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇത് കാരണം അകത്തേക്ക് പ്രവേശിക്കാതെ കവാടത്തിന് മുന്നില്‍ ആളെ ഇറക്കുകയാണ് പല വാഹനങ്ങളിലെയും ഡ്രൈവർമാർ ചെയ്യുന്നത്. എല്ലാ സ്വകാര്യ – ടാക്സി വാഹനങ്ങളില്‍ നിന്നും പ്രവേശനഫീസ് എന്ന പേരില്‍ കരാറുകാർ പണം പിരിക്കുകയാണ്. പ്രവേശനഫീസ് കൊടുത്ത് അകത്ത് കയറുന്ന വാഹനങ്ങള്‍ക്ക് രസീത് കൊടുക്കുന്നില്ല.
രസീത് ചോദിക്കുന്നവർക്ക് സ്വകാര്യമായി പണം തിരികെ നല്‍കുന്നുമുണ്ട്. യാത്രക്കാരും വിവിധ സംഘടനകളും ഈ അനധികൃത പണപ്പിരിവിനെതിരെ രംഗത്ത് വരുന്നുണ്ടെങ്കിലും എയർപോർട്ട് അതോറിറ്റി ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നേരത്തെ, കരിപ്പൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്കേർപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. പിഴ ചുമത്തുമെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ അധികൃതർ പിൻവാങ്ങി. കഴിഞ്ഞ ദിവസമാണ് ഇങ്ങനെയൊരു ബോർഡ് കരിപ്പൂർ വിമാനത്താവളത്തില്‍ സ്ഥാപിച്ചത്.
വിലക്ക് ലംഘിച്ച് അകത്ത് പ്രവേശിച്ചാല്‍ 500 രൂപ പിഴ ഇടാക്കുമെന്നും ബോർഡില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാഹനങ്ങള്‍ കടന്ന് പോകുന്ന പ്രധാന കവാടത്തിന് മുന്നിലായിരുന്നു ബോർഡ് സ്ഥാപിച്ചത്. ഓട്ടോറിക്ഷകളോടുള്ള അവഗണനയ്ക്കെതിരെ ഡ്രൈവർമാരും ജനപ്രതിനിധികളും യാത്രക്കാരും ഒരുപോലെ രംഗത്തെത്തിയതോടെയാണ് ബോര്‍ഡ് മാറ്റി പ്രശ്നം തീര്‍ത്തത്.
ജിമ്മി മൂലംകുന്നം
യുകെയിൽ അജപാലന സന്ദർശനം നടത്തുന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബർമിംഗ്ഹാം മിഷനായ സാറ്റിലി ഇടവകയിൽ സ്വീകരണം നൽകും. സെപ്റ്റംബർ 16-ാംതീയതിയാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഇവിടെ എത്തിച്ചേരുന്നത് .
അന്നേ ദിവസം വൈകിട്ട് 6 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയിൽ പരിശുദ്ധ പിതാവിനോടൊപ്പം രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും കാർമികത്വം വഹിക്കും. തദവസരത്തിൽ വിശുദ്ധ കുർബാനയിലും വിശുദ്ധ കർമ്മങ്ങളിലും ഇടവക ജനങ്ങൾ മുഴുവനും ഒന്നിച്ച് പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ എല്ലാ ഇടവക കുടുംബങ്ങളെയും വികാരി ഫാ. ടെറിൻ മുല്ലക്കര വളരെ സ്നേഹത്തോടെ ക്ഷണിച്ചു കൊള്ളുന്നു.

ശ്രീകുമാരി അശോകൻ
ഓണത്തുമ്പി പാടൂ നീ
ഓമൽ പാട്ടുകൾ പാടൂനീ
ഓണത്തപ്പനെ എതിരേൽക്കാൻ ഓണച്ചിന്തുകൾ പാടൂ നീ
പാണൻപാടിയ പഴംപാട്ടിൽ
പൂന്തേനൂറും പൊൻപാട്ടിൽ
നാവോറെല്ലാം പൊയ്പ്പോകും
നാട്ടിൽ ലസിക്കും ശ്രീയെല്ലാം.
താരകൾ പൂക്കും മാനത്ത്
താരുകൾ വിടരും താഴത്തു
തുമ്പിപ്പെണ്ണേ കുഞ്ഞോളേ
തുള്ളുത്തുള്ളി നീ വായോ.
ഓണത്തപ്പൻ വന്നാലോ
ഓണസദ്യ ഒരുക്കാലോ
ഓണസദ്യ കഴിച്ചിട്ട്
ഓണക്കോടിയുടുക്കാലോ.
ഓണക്കോടിയുടുത്തിട്ടു
ഓണപ്പാട്ടുകൾ പാടാലോ
ഓണപ്പാട്ടുകൾ പാടീട്ടു
ഓമൽക്കളികൾ തുടരാലോ
ശ്രീകുമാരി. പി
ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തെളിനീർ കവിതാലാപനത്തിനുള്ള 2023 ലെ പുരസ്‌കാരം, മികച്ച കവിതയ്ക്കുള്ള 2022,223 വർഷങ്ങളിൽ പുരസ്‌കാരം, മലയാള കാവ്യ സാഹിതി നേർക്കാഴ്ച 2021(കൊല്ലം ജില്ല )കവിത രചനയിൽ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. കാവ്യ കലികകൾ പ്രഥമ കവിതാ സമാഹാരം

ജേക്കബ് പ്ലാക്കൻ
ഓണപ്പൂവിനുൾപ്പൂവിനുള്ളിൽ ഓമൽകിനാവിൻ തേന് ..
ആവണിത്തണു
നീർമണി മുത്തിൽ
പൊന്നാവണി
പൊൻവെയില് ..
കാണാക്കിളിയുടെ പാട്ടിൽ ഓണത്തപ്പന്റെ തെയ്യാട്ടം..!
തോണിപ്പാട്ടിനീണത്തിൽ കരുമാടിക്കുട്ടന്റെ ഓണതോണി ..!
വെയിൽമഴ എഴുത്താണിവിരലാൽ
പുഴമാറത്തോത്തിരി
ഇക്കിളി വൃത്തങ്ങൾ വരച്ചുമാച്ചു ..!
നാണത്താലഴകെഴും
കുട്ടനാട്ടെ പെണ്ണിന്റെ കവിളിൽ കുങ്കുമപ്പൂ ഛായം തെളിഞ്ഞുനിറഞ്ഞു ..!
ഓണത്തുമ്പികൾ സ്വർണ്ണപൂക്കളായി തഞ്ചുമ്പോളോണത്തിനോർമ്മകൾ പൂത്തപോലെ ..!
അങ്ങേവീട്ടിലെ തുഞ്ചോല തുമ്പത്ത് ഓലെ ഞാലിക്കിളിയുമൊരു ഊഞ്ചോലിട്ടു ..!
മുറ്റത്തിനാരോ മൂക്കുത്തിയിട്ടപോൽ മിന്നിത്തിളങ്ങുന്നുപൂക്കളങ്ങൾ ..!
കാറ്റിനോടാരോ പ്രണയം പറഞ്ഞപോൽ തുള്ളികളിക്കുന്നിതാ പൂമരക്കൊമ്പേൽ ..!
പൊന്നാര്യൻപാടത്ത് പുന്നെല്ല് കൊയ്യാൻ
പയ്യാരം ചൊല്ലി പറക്കുന്നു മാടത്തകൾ ..!
ഓണം വന്നുണ്ണിയോണം ..മലയാള മണ്ണിലിന്നോണം വന്നു ..
കാണമറയെത്തെ വിണ്ണിലിരുന്നെന്റെ,യുണ്ണി ഓണപ്രകൃതി കണ്ടാഹ്ലാദിക്കുകയാവാം ..!
ഓണമായാലും ഓണനിലാവായാലും കാണുന്നതിലൊക്കെയീ,യമ്മക്കാണുന്നതെന്നുണ്ണിതൻ മുഖമല്ലോ ..!
കണ്ണിലെ കരിമുകിൽപൊയ്യാതെ …
തെല്ലും പൊഴിക്കാതെ …
കരളിലെ കദനകടലലകൾ കാട്ടാതെ ..ഒട്ടും മൊഴിയാതെ ..!
ഓണത്തിനുണ്ണാനമ്മ,യുണ്ണിക്കുംമൊരു കൂമ്പില ഓർത്തുവെച്ചു ..!
ഉണ്ണിവരില്ലിനി,യൊരിക്കലും ,
ഉണ്ണാനെന്നറിഞ്ഞിട്ടും..
ഉണ്ണിക്കൊരില,യമ്മ ഓർത്തുവെച്ചു ..!
മറക്കാനറിയാത്ത ഓർമ്മകളാ,ലമ്മ ഓണത്തി,നുണ്ണിക്കും കണ്ണീരുറഞ്ഞ മിഴികളാൽ
തുമ്പില,യൊന്നോർത്തുവെച്ചു !
മാമ്പൂ മാങ്കനിയായിവീണു …മുറ്റത്തെ തൈമാവ് മുത്തശ്ശിമാവായി.. എന്നിട്ടും ,അമ്മമനസ്സിലിന്നും ഉണ്ണിക്കന്നത്തെ പ്രായംമാത്രം ..!
അല്ലെങ്കിലുണ്ടോ …നക്ഷത്രങ്ങൾക്ക് പ്രായം …?
അവരെല്ലാം നമുക്കെന്നും വിണ്ണിലെ നമ്മുടെ കുഞ്ഞു മാലാഖമാരല്ലോ ..!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814

ശുഭ
പറയാതെ പോകുന്നതെന്തെ, എൻ
പ്രാണനിൽ നീ ചേർന്നൊഴുകുമ്പോൾ
തമ്മിലറിയാതെ പിരിയുവതെങ്ങനെ.
എൻ പ്രാണനകലാതെ പിരിയുവാനാകുമോ സഖി.
പോയിടാം വീണ്ടുമാം രാവിൻ്റെ മാറിൽ
കടലായ് സ്വപ്നങ്ങൾ നെയ്തെടുക്കാം.
തമ്മിൽ തിരയുന്ന സ്വപ്നങ്ങൾ നെയ്തെടുക്കാം.
ഓർമ്മകൾ മെല്ലെ പൂക്കുന്നു എന്നിൽ,
ഓരം ചേർന്നെന്നിൽ നീ ഒഴുകുന്ന പോലെ .
(പറയാതെ പോകുന്നതെന്തെ )
നീയില്ലാ രാവുകൾ തേങ്ങലായ് മാറി
നീയില്ലാ നിമിഷം തുലാവർഷമായി .
ഏതകലങ്ങളിൽ പോയ് മറഞ്ഞാലും,
നിൻ ഓർമ്മയിൽ ഞാൻ നിന്നോടലിഞ്ഞിടാം.
(പറയാതെ പോകുന്നതെന്തെ )
ശുഭ: കേരള ഹൈക്കോടതിയിൽ IT സെക്ഷനിൽ Software Technical Lead ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കി ളി,നിറക്കൂട്ട്
ഭർത്താവ് – അജേഷ്

വിശാഖ് എസ് രാജ്
വിഷക്കുപ്പിയും മരണക്കുറിപ്പും
പോക്കറ്റിലുണ്ട്.
കൈനോട്ടക്കാരനും
അയാളുടെ തത്തയും
അതറിഞ്ഞിട്ടില്ല.
മരണത്തിനു മുൻപ്
ഒരാളെയെങ്കിലും
വിഡ്ഢിയാക്കാനായല്ലോ.
മറിച്ചായിരുന്നു ഇതുവരെ.
കാലത്തിന്റെ വരകൾ ധാരാളമുള്ള
വൃദ്ധനാണ് കൈനോട്ടക്കാരൻ.
അമ്പലമുറ്റത്തെ ആൽമരം വീട്.
അലങ്കാരമില്ലാതെ ചുറ്റിയ
കാവി മാത്രമുടുപ്പ്.
കൂട്ടിലെ തത്ത പങ്കാളി.
തത്തച്ചുണ്ടിലെ ചീട്ടിൽ
മുൻപ് കാണാത്ത ദൈവം.
മുപ്പത്തിമുക്കോടി വലിയ
സംഖ്യ തന്നെ !
അടുത്തത് ,
സൂക്ഷ്മദർശിനിയുടെ ഊഴം.
കൈരേഖകൾ വലുതാക്കി
തലങ്ങും വിലങ്ങും അതങ്ങനെ..
നോക്കാതെതന്നെ
എനിക്കറിയാം,
ആയുർരേഖ
ദാ ഇത്രമാത്രം.
‘ സാറേ നല്ലതും കെട്ടതുമുണ്ട് ‘
പരിശോധന കഴിഞ്ഞു,
ഇനി പ്രവചനം.
‘ ആയുസ്സുണ്ട്, തൊണ്ണൂറ്റേഴ് വയസ്സ്.
എന്നാലാരോഗ്യം കുറയും.
രോഗങ്ങൾ തോളത്തു നിന്നിറങ്ങില്ല.
ആയിരം പുസ്തകശാലയെ
അറിവിനാൽ വെല്ലും.
പക്ഷേ മനസ്സ്,
കടുപ്പമേറിയ ചായപോലെ
കലങ്ങിക്കിടക്കും. ‘
പേഴ്സിൽ മിച്ചമുള്ള നോട്ടുകൾ
അയാൾക്കു നൽകി.
ചാകാനുറച്ചാണ് ഇറങ്ങിയത്.
എന്നാലിപ്പോൾ
മരണക്കുറിപ്പും വിഷക്കുപ്പിയും
കാണാനില്ല.
അയാളെടുത്തിരിക്കും, തീർച്ച.
വിശാഖ് എസ് രാജ്: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. മാതൃഭൂമി, സമകാലിക മലയാളം, മൂല്യശ്രുതി, കലാപൂർണ്ണ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.
സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ , മിസ്റ്ററി (mystery) , റിങ്ങ് (ring) എന്നീ പേരുകളിൽ രണ്ട് ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചു. രണ്ടിന്റെയും തിരക്കഥാ രചനയിൽ പങ്കാളിയായി. ചിത്രങ്ങൾ യുട്യൂബിൽ ലഭ്യമാണ്.
