Latest News

വിഷം ഉള്ളില്‍ച്ചെന്ന് അച്ഛനും മകളും മരിച്ചനിലയില്‍. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൃഹനാഥന്‍ മറ്റുള്ളവര്‍ക്ക് അവരറിയാതെ ഗുളികയിലൂടെ വിഷം നല്‍കിയതാണെന്ന് പോലീസ് കരുതുന്നു.

വെങ്ങാനൂര്‍ പുല്ലാനിമുക്ക് സത്യന്‍ മെമ്മോറിയല്‍ റോഡ് ശിവബിന്ദുവില്‍ ശിവരാജന്‍(56), മകള്‍ അഭിരാമി(22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു(50), മകന്‍ അര്‍ജുന്‍(19) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കടബാധ്യതയാണ് ശിവരാജനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ താത്കാലിക ജീവനക്കാരിയാണ് ബിന്ദു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ ബി കോംപ്ലക്‌സ് എന്ന പേരില്‍ ശിവരാജന്‍ എല്ലാവര്‍ക്കും ഗുളിക നല്‍കുമായിരുന്നു. വ്യാഴാഴ്ച രാത്രി ഇങ്ങനെ നല്‍കിയ ഗുളികയില്‍ സയനൈഡ് കലര്‍ത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പുലര്‍ച്ചെ മൂന്നോടെ ഛര്‍ദിച്ചവശനായ മകന്‍ അര്‍ജുന്‍, അച്ഛന്റെയും അമ്മയുടെയും മുറിയിലെത്തി അവരെ വിളിച്ചിരുന്നു. പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് കല്ലുവെട്ടാന്‍കുഴിയില്‍ താമസിക്കുന്ന ഇളയച്ഛന്‍ സതീഷിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. സതീഷെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സിലെ നഴ്സ് പരിശോധിച്ചപ്പോള്‍ത്തന്നെ ശിവരാജന്റെയും അഭിരാമിയുടെയും മരണം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പോലീസില്‍ വിവരം നല്‍കി. അവശനിലയിലായ ബിന്ദുവിനും മകന്‍ അര്‍ജുനും ആംബുലന്‍സ് ജീവനക്കാര്‍ അടിയന്തരചികിത്സ നല്‍കി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അര്‍ജുന്റെ നില ഉച്ചയോടെ മെച്ചപ്പെട്ടു. ബിന്ദു അപകടനില തരണംചെയ്തിട്ടില്ല.

സ്വര്‍ണപ്പണിക്കാരനായ ശിവരാജന്‍ പുളിങ്കുടിയില്‍ കട വാടകയ്‌ക്കെടുത്ത് സ്വര്‍ണാഭരണങ്ങള്‍ പണിതുനല്‍കിയാണ് കഴിഞ്ഞിരുന്നത്. പുല്ലാനിമുക്കിലുള്ള വീടുവയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ.യുടെ കാഞ്ഞിരംകുളം, കരമന ശാഖകളില്‍നിന്നും വെങ്ങാനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും വായ്പ എടുത്തിരുന്നു. കോവിഡ് കാലത്ത് ഇവയുടെ തിരിച്ചടവ് മുടങ്ങി. തിരിച്ചടവിനു പലപ്പോഴായി സുഹൃത്തുക്കളില്‍നിന്നു പലിശയ്ക്ക് പണംവാങ്ങിയത് കൂടുതല്‍ കടത്തിലാക്കി.

ഒടുവില്‍ കെ.എസ്.എഫ്.ഇ.യും ബാങ്കും നോട്ടീസ് അയച്ചപ്പോള്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചു. പക്ഷേ, ആ തുകയില്‍ കടംവീട്ടിയശേഷം മറ്റൊരു വീട് വാങ്ങാനുള്ള പണം തികയുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാവാം ശിവരാജന്‍ ഭാര്യക്കും മക്കള്‍ക്കും വിഷംനല്‍കി ആത്മഹത്യക്കു ശ്രമിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നു. അതേസമയം ഒരുമാസം മുമ്പ് വീട്ടില്‍ താമസത്തിനെത്തിയ ബിന്ദുവിന്റെ 85 വയസ്സുള്ള അമ്മ കനിയമ്മ രാവിലെയാണ് സംഭവം അറിഞ്ഞത്.

മരിച്ചവരുടെയുള്ളില്‍ സയനൈഡിനു സമാനമായ ദ്രാവകമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതായി വിഴിഞ്ഞം പോലീസ് പറഞ്ഞു. അര്‍ജുന്‍ ഗുളികകള്‍ ഛര്‍ദിച്ചതിനാലാണ് അപകടനില തരണംചെയ്തതെന്നും പോലീസ് പറഞ്ഞു. ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അഭിരാമി. കാര്യവട്ടത്ത് ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് അര്‍ജുന്‍.

വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ ഹര്‍ഷകുമാര്‍, ജി.വിനോദ്, സീനിയര്‍ സി.പി.ഒ. വിനിത കുമാരി എന്നിവര്‍ പുല്ലാനിമുക്കിലെ വീട്ടിലെത്തി ശിവരാജന്റെയും അഭിരാമിയുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് അടക്കമുള്ള പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കല്ലുവെട്ടാന്‍കുഴിയിലെ സമുദായ ശ്മശാനത്തില്‍ വൈകീട്ട് ആറോടെ സംസ്‌കാരം നടത്തി.

യു കെയിൽ ചിത്രീകരണം പൂർത്തിയായ ബിഹൈൻഡിലെ ഇംഗ്ലീഷ് ഗാനം ആലപിക്കുന്നത് യു കെ മലയാളികൾക്ക് പ്രിയങ്കരിയായ യുവ ഗായിക ഡെന ആൻ ജോമോനാണ് . ഇംഗ്ലീഷ് ഗാനത്തിന്‍റെ വരികൾ എഴുതിരിക്കുന്നത്‌ യു കെയിൽ താമസിക്കുന്ന പ്രശസ്ത പ്രവാസി എഴുത്തുകാരി ബീന റോയിയാണ് . രശ്മി പ്രകാശ് രാജേഷ് എഴുതിയ , ഇതിനോടകം റീലീസായ ബിഹൈൻഡിലെ ഗാനത്തിന് സംഗീതം നിർവഹിച്ചത് മലയാളത്തിന്റെ പ്രിയ ഗായകൻ ജി വേണുഗോപാലായിരുന്നു. ജി വേണുഗോപാൽ ആദ്യമായി സംഗീത സംവിധായകനാകുന്ന സിനിമയാണ് ബിഹൈൻഡ്. ഉടൻ റീലീസാകുന്ന ചിത്രത്തിലെ ഇംഗ്ലീഷ് ഗാനത്തിന് സംഗീതം നിർവഹിക്കുന്നത് യുവ ഇംഗ്ലീഷ് സംഗീത സംവിധായകൻ ആൻഡ്രൂ ഹബാർഡാണ് .

ഈ ഇംഗ്ലീഷ് ഗാനത്തിന്റെ വരികൾ എഴുതിരിക്കുന്ന എഴുത്തുകാരി ബീന റോയ്, ഇതിനോടകം നിരവധി മലയാള ഗാനങ്ങൾക്ക് രചന നിർവഹിച്ച എഴുത്തുകാരിയാണ് . നിരവധി കവിതകളും , കഥകളും നോവലും എഴുതിട്ടുള്ള ബീന റോയ് കലാ , സാഹിത്യ രംഗത്ത് സജീവമാണ് . ഇംഗ്ലീഷ് ഗാനം ആലപിച്ചിരിക്കുന്ന ഡെന ആൻ ജോമോൻ , ചെറിയ പ്രായത്തിൽ തന്നെ ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയ യുവ ഗായികയാണ് . ഡെന ആലപിച്ച ‘വൺസ് മി ‘ എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട ഇംഗ്ലീഷ് ഗാനത്തിന്റെ ആലാപനത്തിന് ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ ആദരവ് ഏറ്റു വാങ്ങുകയുണ്ടായി .

ഇപ്പോൾ ചിത്രികണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ബിഹൈൻഡിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആൻമരിയ , ഡിഫ്ന മാത്യു , മിഥുൻ കൃഷ്ണൻ , ജെയ്‌മോൻ ജോർജ് ,ടോനി ഹാർഡ്‌വിക്ക് ( ഇംഗ്ലീഷ് നടി ) തുടങ്ങിയവരാണ് . ഈ ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത് ഇംഗ്ലീഷ് നടൻ സ്റ്റീവ് പ്രൈസാണ് . ജിൻസൻ ഇരിട്ടി രചനയും സംവിധാന വും നിർവഹിക്കുന്ന , കാടും , അതിജീവനും , പ്രതികാരവും പശ്ചാത്തലമായി എത്തുന്ന ഈ മിസ്‌ട്രി ത്രില്ലർ ചിത്രം ഈ വർഷം അവസാനം പ്രേക്ഷകരിലേക്ക് എത്തും . ചിത്രത്തിലെ ഈ മനോഹര ഗാനം ഉടൻ നിങ്ങളിലേക്ക് എത്തും

ടോം ജോസ് തടിയംപാട്

തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരും ,പട്ടിണികിടക്കുന്നവരും ആരും സഹായത്തിനില്ലാത്ത മാതാപിതാക്കൾക്കും ,അനാഥരായ കുട്ടികൾക്കും ആശ്രയമായി കഴിഞ്ഞ 27 വർഷമായി ജീവിതം ഉഴിഞ്ഞുവച്ച ഇടുക്കി ,പടമുഖം,സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ വി സി രാജുവിനു ലിവർപൂൾ പൗരാവലിയുടെ നേതൃത്വത്തിൽ ലിവർപൂൾ സെന്റ് ജിൽസ് ഹാളിൽവച്ച് ജൂലൈ മാസം 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്വീകരണം നൽകുന്നു .സ്വികരണ സമ്മേളനത്തിൽ ലിവർപൂൾ മലയാളി സമൂഹത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവർ ആശംസകൾ അറിയിച്ചു സംസാരിക്കും. ഈ പരിപാടി ഒരു വിജയമാക്കിതീർക്കാൻ എല്ലാ മനുഷ്യ സ്നേഹികളെയും സ്വീകരണ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

ബ്രദർ രാജു യുണൈറ്റഡ് കിങ്‌ഡം ക്നാനായ കത്തോലിക്ക അസോസിയേഷന്റെ (UKKCA )യുടെ 20 മത് കൺവെഷനിൽ പങ്കെടുക്കാനും അവരുടെ ആദരവ് ഏറ്റുവാങ്ങാനുമാണ് യു കെ യിൽ എത്തിയത്.
സ്വീകരണ പരിപാടികൾക്ക് ,തമ്പി ജോസ് ,സാബു ഫിലിപ്പ് ,ലിമ പ്രസിഡണ്ട് ജോയ് ആഗസ്തി ,അനൂപ് അലക്സ് ,എബ്രഹാം നംബനത്തേൽ ,ആന്റോ ജോസ് , ടോം ജോസ് തടിയംപാട് എന്നിവർ നേതൃത്വം കൊടുക്കും
.
2016 നവംബർ മാസത്തിൽ യുകെയിലെ ബന്ധുക്കളുടെ ക്ഷണം സ്വീകരിച്ചു ബ്രദർ വി ,സി , രാജു യു കെ സന്ദർശിച്ചപ്പോൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അദ്ദേഹത്തിനു ലിവര്‍പൂള്‍ സെന്റ്റ്‌ പോള്‍ പള്ളിഹാളില്‍ വച്ച് സ്വീകരണം നൽകുകയും ഞങ്ങൾ ചാരിറ്റിയുടെ ശേഖരിച്ച ഏകദേശം 2 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിനു ബഹുമാന്യനായ തമ്പി ജോസ് കൈമാറുകയും ചെയ്തിരുന്നു ,.

പടമുഖത്തെ സ്നേഹമന്ദിരം എന്ന സ്ഥാപനം ഇന്ന് ലോകം മുഴുവനുള്ള മലയാളികളുടെ മനസിന്റെ ആഴങ്ങളിൽ എത്തിച്ചതിൽ വലിയ ത്യഗമാണ് ബ്രദർ രാജു സഹിച്ചത് . ഇന്ന് ഏകദേശം 400 ൽ പരം അനാഥരായ മനുഷ്യരും 40 പരം ഉപേക്ഷിക്കപ്പെട്ട കുട്ടികളും ഈ മനുഷ്യന്റെ പ്രവർത്തനഫലമായി ജീവിച്ചുപോകുന്നു ഇതുവരെ ആയിരങ്ങളാണ് ഇവിടെ ജീവിച്ചു സമാധാനപരമായി ഈ ലോകത്തോട് വിടപറഞ്ഞത് .

ഈ മഹത്തായ പ്രവര്‍ത്തനത്തിന് ബ്രദർ രാജുവിനു പ്രചോദനം ലഭിച്ചത് കോട്ടയം മേഡിക്കല്‍ കോളേജിലും ജില്ല ആശുപത്രിയിലും ഒരു പൈസ പോലും കൈലില്ലാതെ സൗജന്യമായി ഭക്ഷണം നല്‍കുന്ന പി യു തോമസ്‌ എന്ന മനുഷ്യനോടൊപ്പം നവജീവന്‍ എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാലത്താണെന്ന് . .
പടമുഖംകാരി ഷൈനിയെ വിവാഹം കഴിച്ചു ഒരു ചെറിയ പലചരക്ക് കടയുമായി പടമുഖത്തു ജീവിതം ആരംഭിച്ച രാജു, മേഡിക്കല്‍ കോളേജില്‍ നിന്നും രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാന്‍ ഇല്ലാത്ത മൂന്നു മനുഷ്യരെ ഏറ്റെടുത്തു തന്‍റെ വീട്ടില്‍ കൊണ്ടുവന്നു സംരക്ഷിച്ചാണ് ഈ നന്മ പ്രവര്‍ത്തിക്കു 27 വർഷം മുന്‍പ് തുടക്കമിട്ടത്.. . .മൂന്നു കുട്ടികളുമായി വിഷമിച്ചു കഴിഞ്ഞിരുന്ന ആ കുടുംബം ഈ അനാഥരായ മൂന്ന് മനുഷ്യരെകൂടി സംരക്ഷിക്കാന്‍ അന്ന് വളരെ ബുദ്ധിമുട്ടിയിരുന്നു എന്നാല്‍ നല്ലവരായ നാട്ടുകാർ ഭക്ഷണ സാധനങ്ങളും വസ്ത്രവും നല്‍കി സഹായിച്ചിരുന്നു .

ആ കാലത്ത് ഇറ്റലിയില്‍ ജോലി നേടി പോയ രാജുവിന്‍റെ സഹോദരി അയച്ചു കൊടുത്ത ആദൃശമ്പളമായ അന്‍പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ച സ്നേഹ മന്ദിരം ഇന്നു കടലുകള്‍ക്ക് അപ്പുറം അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറാന്‍ കാരണം രാജു എന്നു പറയുന്ന ഈ നല്ല മനുഷ്യനും അദ്ദേഹത്തെ സഹായിക്കാന്‍ ലാഭേച്ചലേശവും ഇല്ലാതെ ഇറങ്ങി പുറപ്പെട്ട കുറച്ചു നല്ല മനുഷൃരും , അവരുടെ അധ്വാനവും മാത്രമാണ് ..

കടുത്ത ഈശ്വരവിശ്വസി ആയ രാജു തനിക്കു കിട്ടുന്ന എല്ല അംഗീകാരത്തെയും ദൈവാനുഗ്രഹം ആയി കാണുന്നു അതോടൊപ്പം ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാന്‍ എന്നെ ദൈവം ഒരു ഉപകരണം ആക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു .

പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്

St Giles Centre
132 Aintree Lane
Aintree
Liverpool
L10 8LE

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ​പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ രണ്ടാംഘട്ട വിചാരണയില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക എന്‍ഐഎ കോടതിയുടെ വിധി. അഞ്ച് പ്രതികളെ വെറുതെ വിട്ടു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്ന് പ്രതികളുടെവിധിയാണ് ഇന്ന് പ്രസ്താവിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പരമാവധി കുറഞ്ഞ ​ശിക്ഷയെ നല്‍കാവൂവെന്ന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ അപേക്ഷിച്ചു. എന്നാല്‍ വേദന എല്ലാവര്‍ക്കും ഉള്ളതല്ലേഎന്നായിരുന്നു കോടതിയുടെ മറുപടി.

രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി എം.കെ നാസര്‍, അഞ്ചാം പ്രതി നജീബ്, ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍കുഞ്ഞ്, പന്ത്രണ്ടാം പ്ര്രതി അയൂബ് എന്നിവരാണ് കുറ്റക്കാര്‍. എന്നാല്‍ നൗഷാദ്, അയൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവര്‍ക്കെതിരെ യുഎപിഎ നിയമം നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തി.

നാലാം പ്രതി ഫെഷീഖ്, ആറാം പ്രതി അസീസ്, എട്ടാം പ്രതി സുബൈര്‍, ഏഴാം പ്രതി മുഹമ്മദ് റാഫി, ആറാം പ്രതി മന്‍സൂര്‍ എന്നിവരെ വെറുതെ വിട്ടു.

യുഎപിഎ നിയമത്തിലെ നാല് കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഭീകര സംഘങ്ങളില്‍ ചേരുക, ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുക, സ്‌ഫോടക വസ്തുക്കള്‍/ ആയുധങ്ങള്‍ ഉപയോഗിക്കുക, തീവ്രവാദ പ്രവര്‍ത്തനം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഭീകര പ്രവര്‍ത്തനം നടത്തിയ സമുഹത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നാണ് എന്‍ഐഎയുടെ കുറ്റപത്രം.

ആദ്യഘട്ടത്തില്‍ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനുശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.

തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എന്‍ ഐ എ കണ്ടെത്തല്‍. 2010 ജൂലായ് നാലിനായിരുന്നു സംഭവം.

കൊലപാതകക്കേസില്‍ ഒളിവില്‍പ്പോയ പ്രതി 28 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കോഴിക്കോട്‌ ചെറുവണ്ണൂര്‍ കൊല്ലേരിത്താഴം വീരാറ്റിത്തറയില്‍ (ശ്രീശൈലം) ശ്രീകുമാറിനെ(ചിങ്കു-51) യാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ചെട്ടികുളങ്ങര പേള ചേന്നത്തുവീട്ടില്‍ ജയപ്രകാശിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണിയാള്‍.

1995 ജനുവരി 12 നായിരുന്നു സംഭവം. അക്കാലത്ത്‌ ചെട്ടികുളങ്ങര സ്വദേശിയായിരുന്ന ശ്രീകുമാര്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്‌ കാട്ടുവള്ളില്‍ ക്ഷേത്രഗ്രൗണ്ടില്‍ വച്ച്‌ ജയപ്രകാശുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ജയപ്രകാശ്‌ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ വച്ച്‌ മരിച്ചു. ഇതോടെ ശ്രീകുമാര്‍ ഒളിവില്‍ പോകുകയായിരുന്നു. മാവേലിക്കര പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മറ്റു പ്രതികളായ പ്രദീപും ജയചന്ദ്രനും വിചാരണനടപടികളുമായി മുന്നോട്ടുപോയി. ഒളിവില്‍ പോയ ശ്രീകുമാറിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

27 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ഇയാളെ പിടികൂടാന്‍ ജില്ലാ പോലീസ്‌ മേധാവി ചൈത്ര തെരേസാ ജോണ്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ശ്രീകുമാറിന്റെ നാട്ടില്‍നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച്‌ മംഗലാപുരം, മൈസൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. ഈ പ്രദേശങ്ങളില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്‌തശേഷം ഇയാള്‍ കോഴിക്കോട്ടെത്തി ഹോട്ടല്‍ജോലിയും കല്‍പ്പണിയും ചെയ്യുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന്‌ ഹോട്ടലുകളും കല്‍പ്പണി കരാറുകാരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ്‌ ഇയാളെ കണ്ടെത്തിയത്‌. കോഴിക്കോട്‌ ഹോട്ടല്‍ ജോലി ചെയ്‌ത്‌ വരുന്നതിനിടയില്‍ വിവാഹം കഴിച്ച്‌ കുടുംബത്തോടൊപ്പം കോഴിക്കോട്‌ ചെറുവണ്ണൂരില്‍ കഴിയുകയായിരുന്നു ഇയാള്‍.

ഡി.വൈ.എസ്‌.പി: എം.കെ.ബിനുകുമാര്‍, എസ്‌.എച്ച്‌.ഒ: സി.ശ്രീജിത്ത്‌, എ.എസ്‌.ഐ: റിയാസ്‌.പി.കെ, സി.പി.ഒമാരായ ഉണ്ണിക്കൃഷ്‌ണപിള്ള, മുഹമ്മദ്‌ഷഫീക്ക്‌, അരുണ്‍ഭാസ്‌കര്‍, സിയാദ്‌. എസ്‌ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇന്ന്‌ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഒന്നില്‍ ഹാജരാക്കും.

കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. പാലക്കാട് പുതുശേരി കുരുടിക്കാട് വച്ചാണ് അപകടമുണ്ടായത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാമണ് (20) മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ (32) പരിക്ക് ഗുരുതമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിന് ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവച്ചു തന്നെ അനീഷ മരിച്ചു.

ഇന്ന് രാവിലെ പതിനൊന്ന് ‌മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കിൽ അതേ ദിശയിൽ പോകുന്ന കണ്ടെയ്നർ ഇടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഷക്കീറിന് ​ഗുരുരമായി പരിക്കേറ്റു. അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്നർ കയറിയിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിർത്തിയിട്ട കണ്ടെയ്നർ എടുക്കുന്ന സമയം ദമ്പതികൾ ഇടതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കസബ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്.

ടോം ജോസ് തടിയംപാട്

ചരിത്രത്തിൽ ഇന്നോളം കാണാത്ത ജനപ്രവാഹമാണ് കഴിഞ്ഞ ശനിയാഴ്ച യുണൈറ്റഡ് കിങ്‌ഡം
ക്നാനായ കാത്തലിക് അസോസിയേഷൻ യു.കെ.കെ.സി.എ നടത്തിയ ഇരുപതാമത് കൺവെൻഷനിൽ പങ്കെടുക്കാൻ വാർവിക്ക്ക്ഷയറിലെ സ്റ്റോൺലി പാർക്കിലേക്ക് ഒഴുകിയെത്തിയത് .


ഏകദേശം ആറായിരത്തിനും ഏഴായിരത്തിനും ഇടയിൽ ഉള്ള ജനസമൂഹമാണ് കോച്ചുകളും സ്വകാര്യ വാഹനങ്ങളിലുമായി യൂ കെ യുടെ വിവിധഭാഗങ്ങളിൽ നിന്നും സമ്മേളന നഗറിൽ എത്തിയത്. ..ചടങ്ങിന്റെ ഉൽഘാടനം കൺസെർവേറ്റിവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനും എം പി യുമായ, മിസ്റ്റർ ,ലീ, ആൻഡേഴ്സൺ മെനോറ വിളക്കുകൊളുത്തി സെട്രൽ കമ്മറ്റി അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട വിശിഷ്ടവ്യക്തികൾക്കും ഒപ്പം നിർവഹിച്ചു .ഉത്ഘാടന പ്രസംഗത്തിൽ കൺസെർവേറ്റിവ് പാർട്ടിയും പ്രധാനമന്ത്രി ഋഷി സുനക്കും ന്യൂന പക്ഷങ്ങൾക്കൊപ്പം നിലകൊള്ളുമെന്നു പറഞ്ഞു ..യോഗത്തിനു യു.കെ.കെ.സി.എ പ്രസിഡണ്ട് സിബി കണ്ടത്തിൽ അധ്യക്ഷം വഹിച്ചു .അധ്യക്ഷപ്രസംഗത്തിൽ ക്നാനായ സമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ യു.കെ.കെ.സി.എ ശക്തമായ നിലപാടെടുക്കുമെന്നു ഉറക്കെ പ്രഖ്യപിച്ചു .

പ്രധാന അതിഥിയായി അമേരിക്കയിൽ നിന്നും എത്തിയ ഫാദർ ജോബി പാറക്കൽചെരുവിൽ ഇന്ന് ലോകത്തിലെ മുഴുവൻ ക്നാനായക്കാരുടെയും തലപ്പള്ളിയായി യു.കെ.കെ.സി.എ എന്ന പ്രസ്ഥാനം വളർന്നുകഴിഞ്ഞെന്നു പറഞ്ഞു . ലോകത്തിനു മുഴുവൻ മാതൃകയായ പ്രവർത്തനമാണ് യു.കെ.കെ.സി.എ യുടേത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .ദൈവം അൽമായനായ മോശയെയാണ് തന്റെ ജനത്തെ നയിക്കാൻ തെരെഞ്ഞെടുത്തതെന്നും അല്ലാതെ എന്നെപ്പോലെ കുപ്പായമിട്ട അഹറോനെയല്ല എന്നും പറഞ്ഞപ്പോൾ ദിഗന്തംഭേദിക്കുന്ന ഹർഷാരവമാണ് ഹാളിൽ മുഴങ്ങിയത് .

ഇടുക്കി , പടംമുഖ൦ സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ വി സി രാജുവിനെ യു.കെ.കെ.സി.എ ആദരിച്ചു രണ്ടരലക്ഷം രൂപയുടെ ചെക്കും അദ്ദേഹത്തിനു കൈമാറി .യു.കെ.കെ.സി.എ സെക്രട്ടറി സിറിൽ പനങ്കാല യോഗത്തിനു സ്വാഗതം ആശംസിച്ചു . സമ്മേളനന്തരം നടന്ന വിവിധ കലാപരിപാടികൾ ഉന്നതമായ കലാമൂല്യങ്ങൾ ഉയർത്തുന്നവയായിരുന്നു യു.കെ.കെ.സി.എ യുടെ 51 യൂണിറ്റുകളിൽ നിന്നായി ഒഴുക്കിയെത്തിയ അബാലവൃത്തം ജനങ്ങൾ അതിമനോഹരമായ വസ്ത്ര ധാരണത്തിലും വിവിധങ്ങളായ കാല സൃഷ്ട്ടികൾ ഒരുക്കികൊണ്ടും നടത്തിയ റാലി കണ്ടുനിന്ന എല്ലാവരുടെയും കണ്ണഞ്ചിപ്പിച്ചു .കുടിയേറ്റ ചരിത്രത്തിന്റെ സ്മരണകൾ അയവിറക്കികൊണ്ടു നിർമിച്ച കലാസൃഷ്ട്ടികളും ക്നായി തോമയുടെ രൂപവും കൃസ്തുവിന്റെ പീഡാനുഭവറും കൂറ്റൻ പായ്കപ്പലും റാലിക്കു കൊഴുപ്പേകി മുൻവർഷങ്ങളിൽ കണ്ടിരുന്നതുപോലെ അഭിവന്ദ്യരുടെ ഒരു തിരക്കും സമ്മേളനവേദിയിൽ കാണാനില്ലായിരുന്നു ..പ്രതിസന്ധി ഘട്ടത്തിൽ ധീരമായ യു.കെ.കെ.സി.എ യെ നയിച്ച ബിജു ജോർജ് മാങ്കൂട്ടത്തിൽ സമ്മേളത്തിൽ ശ്രദേയമായ സാന്നിധ്യമായിരുന്നു . ഇത്രവലിയ ഒരു ജനക്കൂട്ടത്തിനു ഭക്ഷണം ഒരുക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടു കാരണം അവരുടെ പ്രതീക്ഷക്കും അതീതമായിരുന്നു ജനപ്രവാഹം എന്ന് പറയേണ്ടിയിരിക്കുന്നു.

ലിവർപൂളിൽ നിന്നും ഒരു വലിയ ജനസമൂഹമാണ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയത് ലിവർപൂൾ അവതരിപ്പിച്ച റാലിയിൽ മലയാളികളുടെ തനിമയാർന്ന എല്ലാ സാംസ്‌കാരിക പൈതൃകങ്ങളും ഒരുക്കിയിരുന്നു .

കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും അവരുടെ ബന്ധുക്കളെയും നാട്ടുകാരെയും സുഹൃത്തുക്കളെയും നേരിൽ കണക്കുന്നതിനും സൗഹൃദങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള വേദിയായി സമ്മേളനഹാളും പരിസരവും മാറി.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക മലയാളി കൂട്ടായ്‌മ്മയായ സർഗ്ഗം സ്റ്റീവനേജ് കായിക രംഗത്തും ചുവടുവെക്കുന്നു. കാൽപന്തുകളിയുടെ മുഴുവൻ ചാതുര്യവും മാസ്മരികതയും വിരിയുന്ന 7s ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുക്കികൊണ്ടാണ് സർഗ്ഗം സ്റ്റീവനേജ് കായികരംഗത്തേക്കു കടന്നു വരുന്നത്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന പതിനാറു മലയാളി ടീമുകൾക്ക് അവസരം നൽകുന്ന പ്രഥമ സർഗ്ഗം 7s ഫുട്ബോൾ ഫുടബോൾ മാമാങ്കത്തിൽ ഫുട്‍ബോൾ കളിയുടെ ഈറ്റില്ലമായ യു കെ യിൽ കാല്പന്തുകൊണ്ട് മാന്ത്രികജാലം കാണിക്കുന്ന പടക്കുതിരകളെ അണിനിരത്തി യു കെ യുടെ നാനാ ഭാഗങ്ങളിൽ വിജയക്കൊടി പാറിച്ച മലയാളി ടീമുകൾ അണിനിരക്കുമ്പോൾ, അവർക്ക് ഫുൾ സ്റ്റോപ്പിടുന്ന പ്രതിരോധ നിരകളുടെ വൻ താര നിരയും, ഗോൾവലയത്തിലേക്കു ഏതു നിമിഷവും വെടി ഉതിർക്കുവാൻ കഴിയുന്ന കളിക്കാരെയും അണി നിരത്തി കിരീടം ചൂടാനൊരുങ്ങി എത്തുന്ന ടീമുകൾ മറുവശത്തും അണിനിരക്കുമ്പോൾ മത്സര വേദിയെ പ്രകമ്പനം കൊള്ളിച്ചു ആവേശ ഭരിതമാക്കും.

ഒന്നാം സമ്മാനം 1111 പൗണ്ടും,രണ്ടാം സമ്മാനം 555 പൗണ്ടും വിജയികൾക്ക് നൽകുമ്പോൾ മൂന്നാം സമ്മാനമായി ട്രോഫിയും സമ്മാനിക്കുന്ന വാശിയേറിയ ടൂർണമെന്റിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ 250 പൗണ്ട് നൽകി ടീം രെജിസ്റ്റർ ചെയ്യുവാൻ സംഘാടകർ അഭ്യർത്ഥിച്ചു.

നൂറു കണക്കിന് കായിക പ്രേമികളും,കാൽപന്തുകളിയുടെ ജ്വരം പിടിച്ച കാണികളും തിങ്ങി നിറയുന്ന
ഹാർട്ട്ഫോർഡ്ഷയറിൽ മികച്ച ഫുട്ബോൾ ടർഫ് ഗ്രൗണ്ടിൽ ഒരുക്കുന്ന സർഗ്ഗം 7s ഫുട്‍ബോൾ മാമാങ്കത്തിൽ സ്പോൺസേർസാകാൻ ആഗ്രഹിക്കുന്നവരും, മത്സരത്തിൽ മാറ്റുരക്കുവാൻ ആഗ്രഹിക്കുന്ന ടീമുകളും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

ലൈജോൺ കാവുങ്കൽ: 07883226679
ജിന്റോ മാവറ: 07741972600
ജോയി ഇരിമ്പൻ: 07809877980

പുരാതനകാലത്ത് ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്ന കോതമംഗലം …. യാക്കോബായ സുറിയാനി സഭയുടെ പുണ്യ പുരുഷൻ പരിശുദ്ധ മാർ ബസേലിയോസ് ബാവാ കബറടങ്ങിയ കോതമംഗലം… പരശുരാമൻ കേരളത്തിൽ ഏറ്റവും അവസാനം സ്ഥാപിച്ച തൃക്കാരിയൂർ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്ന കോതമംഗലം…..എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ഥാപിതമായ ആദ്യ മുസ്ലിം ദേവാലയമായ മേതല മൂഹിയുദ്ധീൻ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന കോതമംഗലം …. ഭൂതങ്ങൾ ചിറകെട്ടിയ ഭൂതത്താൻകെട്ടു സ്ഥിതി ചെയ്യുന്ന കോതമംഗലം… ലാലേട്ടൻ പുലി മുരുകനായി നിറഞ്ഞാടിയ പൂയകുട്ടി വനപ്രദേശം സ്ഥിതിചെയ്യുന്ന കോതമംഗലം…

സുഗന്ധവ്യഞ്ജനങ്ങളുടെയും മലയോര ഉൽപന്നങ്ങളുടെയും വളരെ പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രമായിരുന്ന പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഹൈറേഞ്ചിന്റെ പ്രവേശന കവാടവുമായ കോതമംഗലം ….

എൽദോസ്, ബേസിൽ നാമധാരികളുടെ സ്വന്തം കോതമംഗലം… കേരള സ്കൂൾ കായിക മേളകളിൽ ഒട്ടനവധി ചരിത്ര മുഘുർത്തങ്ങൾ എഴുതി ചേർത്ത സ്പോർട്സ് ചാമ്പ്യന്മാരുടെ സെന്റ് ജോർജ്, മാർ ബേസിൽ, മാതിരപിള്ളി സ്കൂളുകളുടെ കോതമംഗലം. ഒരു പക്ഷെ, ലോകത്തിൽ ഒരു ചെറിയ പ്രദേശത്ത് ഏറ്റവും അധികം ഫർണിച്ചർ കടകളുള്ള നെല്ലികുഴി സ്ഥിതിചെയ്യുന്ന കോതമംഗലം..

ഇന്ത്യയിലെ ആദ്യ സാക്ഷരതാ പഞ്ചായത്തായ പോത്താനിക്കാട് സ്ഥിതി ചെയ്യുന്ന കോതമംഗലം.. കേരളത്തിലെ ആദ്യകാലത്തെ ആറു എൻജിനീയർ കോളേജുകളിൽ ഒന്നായ മാർ അത്തനേഷ്യസ് എൻജിനിയറിങ്ങ് കോളേജ് സ്ഥിതി ചെയ്യുന്ന കോതമംഗലം..

തട്ടേക്കാട് പക്ഷി സങ്കേതം, എറണാകുളത്തിന് കറന്റ് നൽകുന്ന ഇടമലയാർ ഡാം, എറണാകുളത്തിന് കുടി വെള്ളം കൊടുക്കുന്ന ഭൂതാത്താൻ കെട്ട് ഡാം, കേരളത്തിലെ ഏറ്റവും ഉയരമുള്ള തുക്കുപാലങ്ങളിൽ ഒന്നായ ഇഞ്ചത്തൊട്ടി തൂക്കുപ്പാലം … ഇടുക്കിയുടെ മലമടക്കുകളിൽ നിന്നു കുത്തിയൊലിച്ചെത്തുന്ന പെരിയാർ സ്വച്ഛതയിൽ അലിയുന്നയിടം, അങ്ങനെ ചരിത്രപരവും ആത്മീയവും സാസ്കാരികവും കായികവും വിദ്യഭ്യാസപരവും സുന്ദരവുമായ അനവധി സവിശേഷതകൾ നിറഞ്ഞ നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന, വാരപ്പെട്ടി, പല്ലാരിമംഗലം, പോത്താനിക്കാട്, പൈങ്ങോട്ടൂർ, കവളങ്ങാട്, കീരംപാറ, വടാട്ടുപാറ, കുട്ടമ്പുഴ, ഇടമലക്കുടി പഞ്ചയത്തുകൾ ചേർന്ന കോതമംഗലം എന്ന ദേശം… ആ ദേശത്തു നിന്ന് യൂറോപ്പിലേക്ക് കുടിയേറിയവർ ജൂലൈ മാസം എട്ടാം തീയതി ബർമ്മിങ്ങാമിൽ ഒത്തു ചേരുന്നു… പരസ്പരം അറിയാത്തവർക്ക് തമ്മിൽ തമ്മിൽ അറിയുവാനും… പരസ്പരം അറിയുന്നവർക്ക് ബന്ധങ്ങൾ കൂടുതൽ ദൃഡമാക്കാനും ഒരു സ്നേഹ കൂട്ടായ്മ… ഒരോ കോതമഗലംകാർക്കും സ്വാഗതം.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഒരു മിൽക്കി ബാറു പോലും വലിയൊരു സമ്മാനമാണെന്നും , പഠിക്കാനായി ബുക്ക് കെട്ടുകൾ കൂടെ കൊണ്ടുപോകേണ്ട കാര്യമില്ല എന്നുമൊക്കെ പഠിപ്പിച്ചത് ഈ ഇംഗ്ലീഷുകാരാണ് …
ഇതൊക്കെ തന്നെയാണ് യുകെയിലേക്ക് കുടിയേറി പാർത്ത കാലത്തു കഷ്ടപ്പാടും ദുരിതവുമൊക്കെ ഉണ്ടായിരുന്നിട്ടും ഇവിടെ പിടിച്ചു നിൽക്കാൻ പ്രേരിപ്പിച്ച പലകാരണങ്ങളിൽ ചിലത് .

പിന്നെ സമ്പന്നത , ജോലിയുടെ വേതന കനം , ഇരിക്കുന്ന കസേരയുടെ ചക്രത്തിന്റെ എണ്ണം , സമൂഹത്തിലുള്ള സ്ഥാനം , മനുഷ്യരുടെ നിറങ്ങൾ , ഇവയൊക്കെ നോക്കി ആളുകളെ വേർതിരിക്കാതെ ജീവിക്കാൻ പഠിപ്പിച്ചു തന്ന ഇംഗ്ലീഷുകാരോട് എന്തോ മനസുനിറയെ സ്നേഹമായിരുന്നു അല്ല ആണ് . അതിന്നും അങ്ങനെതന്നെയാണ് .

ഇന്നും ലണ്ടൻ സിറ്റിയിലേക്കിറങ്ങിയാൽ ആരാണ് കേമൻ ആരാണ് പിച്ച എന്ന് മനസിലാക്കിയെടുക്കാൻ പാടാണ് . അത് വസ്ത്രത്തിലും , നടപ്പിലും , എടുപ്പിലും എല്ലാം അങ്ങനെതന്നെ . ഒറ്റനോട്ടത്തിൽ കണ്ടാൽ എല്ലാവരും തുല്യർ .

ഇവിടുത്തെ വീടുകളുടെ കാര്യവും അങ്ങനൊക്കെത്തന്നെയാണ് … പുറമെനിന്ന് നിന്ന് നോക്കിയാൽ ആരാണ് കോടീശ്വരൻ ആരാണ് പിച്ചക്കാരൻ എന്നൊക്കെ മനസിലാക്കിയെടുക്കാൻ നല്ല പാടാണ് . കാരണം സമ്പന്നതയെല്ലാം ഉള്ളിലാണ് . വീടിനുള്ളിൽ നിങ്ങൾക്ക് സിനിമാ കൊട്ടക കെട്ടാം , സ്വർണം കൊണ്ട് തുലാഭാരം നടത്താം,മഴപെയ്യിക്കാം , മഞ്ഞു പറപ്പിച്ചു കളിക്കാം …അങ്ങനെ അങ്ങനെ വീടിനുള്ളിൽ നിങ്ങൾക്ക് എന്ത് കുത്സിത കോപ്രായവും കാട്ടിക്കൂട്ടാം . പക്ഷെ വീടിന് പുറമെ….എന്ത് ചെയ്യണമെങ്കിലും അതിന് കൗൺസിലിൽ നിന്ന് പെർമിഷൻ വേണം .

കാരണം അയൽക്കാരന്റെ സമ്പന്നതക്കൊപ്പം പിടിച്ചു നിൽക്കാൻ ജോലി ചെയ്തു തളരേണ്ടതല്ല മനുഷ്യ ജീവിതമെന്നും അതിനു മാത്രം സമയം ജീവിക്കാനായി നമുക്കില്ലായെന്നും അവർക്കറിയാം .സമ്പന്നതയുടെ നിഗളിപ്പ് അത് നിങ്ങളിൽ ഒതുങ്ങട്ടെയെന്ന് അവർ പറയാതെ പറയുന്നു ….

എങ്കിലും കോമ്പറ്റീഷൻ ഒരു ഐറ്റമായി തന്നെ കൊണ്ടുനടക്കുന്ന മലയാളിക്ക് അതില്ലെങ്കിൽ ഒരു സമാധാനമില്ല . ഇവിടെ സാധിക്കാൻ പറ്റാത്ത ആഗ്രഹം അവൻ നാട്ടിൽ വീട് പണിതു വീടിൻ പുറം അലങ്കരിച്ചു മറ്റുള്ളവരെ കാണിച്ചു സമാധാനം നേടും .

ഇവിടുത്തെ ടാക്സിന്റെ കട്ടിങ് തന്നെ പല സ്കേലിൽ ഒതുക്കിയിരിക്കുന്നതും നമുക്ക് ജീവിക്കാൻ കൂടുതൽ സമയം തരുവാനായിട്ടാണ് . എത്ര കുറച്ചു ജോലിചെയ്യുന്നുവോ , എത്ര കുറച്ചു ശമ്പളം കിട്ടുന്നുവോ അത്രയും നല്ലത് കാരണം അവർക്ക് ടാക്‌സ് കൂടുതൽ അടച്ചു മുടിയേണ്ട .ശമ്പളം കൂടുന്നതിനനുസരിച്ചു അടയ് ക്കേണ്ട ടാക്സ് 40 ശതമാനവും അതിന് മേലിലുമാകുന്നു . ഇതും ഒരു പരുധിവരെ കോമ്പറ്റീഷൻ സ്പിരിറ്റ് കുറയ്ക്കാൻ സഹായിക്കും . പക്ഷെ ഇതും നമുക്ക് പറ്റില്ല കാരണം നമ്മൾ നാട്ടിൽ പണിതിട്ട, ആരും താമസിക്കാനില്ലാത്ത വീടിന്റെ ലോൺ അടയ് ക്കേണ്ടെ ? ഇവിടെ മേടിച്ച ഒന്നിലധികം വീടുകളുടെ മോർട്ട്ഗേജടക്കേണ്ടേ ? കാറുകളുടെ ടാക്സ് അടക്കേണ്ടെ ? അപ്പോൾ നമ്മൾ പിന്നെയും പിന്നെയും കൂര കൂരാ പണിയെടുത്തു മുടിയും . ജീവിക്കാൻ മറന്നു പോകുന്നു ….

ജോലീം കൂലീം ഇല്ലാതെ നിന്റെ അയൽക്കാരന്റെ അത്രേം ഉയരാൻ പറ്റണില്ലേ ? അതിനും ഇവിടെ പോംവഴിയുണ്ട് , ചാരിറ്റി ഷോപ്പിൽ പോയി വളരെ വിലക്കുറവിൽ ഫർണീച്ചേഴ്സ് , തുണി , മണി എല്ലാം മേടിച്ചു ഒരു പരുധിവരെ സമാധാനം നേടാം …ഒരു മനുഷ്യന് വീട്ടിലേക്ക് ബേസിക്കായി ആവശ്യമുള്ള പല സാധാനങ്ങളും വളരെ വിലകുറവിൽ ചിലപ്പോൾ ഫ്രീ ആയും ചാരിറ്റി ഷോപ്പുകളിൽ കിട്ടും.

ഇന്നിതെല്ലാം മാറ്റിമറിക്കാൻ മത്സര സ്വഭാവം മാത്രം അറിയാവുന്ന നമ്മളുടെ ആളുകൾ ആഞ്ഞു ആഞ്ഞു ശ്രമിക്കുന്നു …. അവരുടെ കൂടെ പുതിയ കുറെപ്പേരും കൂടെ കൂടി ആഞ്ഞ്‌ ആഞ്ഞ്‌ പയറ്റുന്നു ….ഇതെല്ലം കണ്ടു ഇംഗ്ലീഷുകാർ എവിടോ ഓടിയൊളിക്കുന്നു ….

ഈയിടെ ഒരു ഇംഗ്ലീഷുകാരി എന്നോട് ചോദിച്ചു ജോസ്‌ന നിങ്ങെളെന്തിനാണ് നിങ്ങളുടെ കുട്ടികളെ ഇത്രയധികം പണം മുടക്കി ട്യൂഷന് വിടുന്നത്. കുട്ടികൾ മടുക്കില്ലേ ? . ഞാൻ പറഞ്ഞു “ഇത് ഞങ്ങൾ പരമ്പരാഗതമായി തുടർന്ന് വരുന്ന ഒരു കലാരൂപമാണ് നിർത്താനിച്ചിരി പാടാണ് ” .

തന്റെ കുട്ടി ഗ്രാമർ സ്‌കൂളിൽ പഠിച്ചില്ലെങ്കിൽ അവന്റെ ജീവിതമല്ല എന്റെ ജീവിതം തീർന്നുവെന്നു കരുതുന്ന മലയാളി ….
എന്റെ മക്കൾ ഡോക്ടർ ആയില്ലെങ്കിൽ ജീവിതം തന്നെ തീർന്നുവെന്ന് കരുതുന്ന മലയാളി ….

ഓരോ ഇലയും വ്യത്യസ്തമായതുപോലെ , മക്കളെല്ലാം ഒരേപോലല്ല, പലർക്കും പല കഴിവുകളാണ് , പഠിക്കാൻ കഴിവുള്ളവരെ അവർപോലും അറിയാതെ ക്ലാസുകളിൽ ഗ്രേഡിംഗ് കൊടുത്തു അവരുടെ കഴിവുകളെ നാച്വറലായി ഉയർത്തിക്കൊണ്ടു വരുന്നു . ഹൈസ്കൂളാകുമ്പോഴേക്കും അവർപോലുമറിയാതെ അവരിൽ വളർന്ന അവരുടെ പഠനമികവ് മനസിലാക്കാൻ 11+ എക്സാം ഇടുന്നു . ജയിക്കുന്നവരെ അവരുടെ കഴിവുകൾ കൂടുതൽ വികസിപ്പിക്കാൻ ഗ്രാമർ സ്‌കൂളുകളിലേയ്ക്ക് ആക്കുന്നു .

ഗ്രാമർ സ്‌കൂളുകളിൽ പോകാൻ പറ്റാത്ത കുട്ടികൾ പിറകിൽ ആണെന്നോ മറ്റുള്ളവർ മുന്നിൽ ആണെന്നോ അല്ല അതിനർഥമെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കി അവരിലെ കഴിവുകളെ കണ്ടെത്തി അതിനെ വികസിപ്പിക്കാൻ കുട്ടികളെ സഹായിക്കുന്നു . തുളസിയുടെ ഗുണമല്ല കറ്റാർ വാഴയുടേത് ….രണ്ടും രണ്ടുതരത്തിൽ ഗുണമേന്മയുള്ളത് തന്നെയാണ് എന്ന് പറഞ്ഞു മനസിലാക്കി പരസ്പരം റെസ്‌പെക്ട് ചെയ്യാൻ പഠിപ്പിക്കുന്നു …….

ഡോക്ടറാകാൻ വേണ്ടി മാത്രം മക്കളെ വളർത്തുന്ന ചില മാതാപിതാക്കൾ ….. അവർക്ക് മക്കളുടെ താല്പര്യം ഒരു പ്രശ്നമല്ല …
പക്ഷെ സത്യമാണ് ചിലർക്ക് ഡോക്ടറാകാൻ വളരെ ഇഷ്ടമുള്ളവരുണ്ട് , അത് പണം പ്രതീക്ഷിച്ചല്ല മറിച്ചു മനുഷ്യ സിസ്റ്റത്തെ കുറിച്ചറിയാൻ താല്പര്യമുള്ളവർ , പണം എന്ന ചിന്ത മാറ്റിവച്ചു സേവനം ചെയ്യാൻ താല്പര്യമുള്ളവർ . അങ്ങനെ ഡോക്ടറാകുന്നവർ തെറ്റില്ല . പക്ഷെ ചിലർ ഒരു കൊള്ള ലാഭം അല്ലെങ്കിൽ പണം വാരിക്കൂട്ടുക എന്നുള്ള ഉദ്ദേശത്തിൽ ഡോക്ടറാകുമ്പോൾ It is
quite disturbing that someone’s
sickness is a lucrative business for us..

അസുഖം ഒരു ലാഭകരമായ ബിസിനസ്സാണെന്ന് കരുതി ഡോക്ടറാകുന്നവർ ഡോക്ടർ അല്ല മറിച്ചു ബിസിനസുകാരാണ് .
കാരണം ഒരു നല്ല ഡോക്ടർ എല്ലാവരെയും ആരോഗ്യമുള്ളതായി കാണാൻ ആഗ്രഹിക്കുന്നു ….മറിച്ചു ഉന്തിമരംകേറ്റി ഡോക്ടർ ആകുന്നവർ രോഗികളെ പ്രതീക്ഷിച്ചു ജീവിക്കുന്നു . അത് മനുഷ്യകുലത്തിന് അത്ര നല്ലതല്ല …

ഇനി വേറൊരു കൂട്ടം ആളുകളാണ് പണം പോയി പവർ വരട്ടെയെന്ന് കരുതുന്നവർ :
ഇവിടെ സ്‌കൂളുകളിൽ സമ്മർ ക്യാമ്പ് നടത്തുന്നതിന്റെ പ്രധാന ഉദ്ദേശ്യം പണം വാരിക്കൂട്ടുക എന്നതല്ല . മറിച്ച് അവർക്കിതൊരു ഉത്സവമാണ്. വിരളമായി മാത്രം സൂര്യനുദിക്കുന്ന ചില നല്ല നാളുകളിൽ വീട്ടിലെ ടെൻഷനിൽനിന്നും പഠനത്തിൽ നിന്നുമെല്ലാം മാറ്റിനിർത്തി ,കുട്ടികളെയും കൂട്ടുകാരെയും മാതാപിതാക്കളെയും സങ്കടിപ്പിച്ചു ഒരു ഫൺ അറ്റ് മോസ്ഫിയർ സ്‌കൂളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം . അവിടെ ഭക്ഷണം കൊണ്ടുവരുന്നു , ഡാൻസ് കളിക്കുന്നു , ഐസ്ക്രീം വിൽക്കുന്നു , ബലൂണുകൾ പറപ്പിക്കുന്നു .അതിലൂടെയെല്ലാം ഉരിതിരിഞ്ഞു വരുന്ന/ വന്നെങ്കിൽ ആ തുക സ്‌കൂളിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുന്നു .

പക്ഷെ പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ല് കേട്ട് വളർന്ന നമുക്കവിടേയും ഇരിക്കപ്പൊറുതി കിട്ടുന്നില്ല . അതിനായി മലയാളി മലയാളികളോട് ഓടിനടന്ന് കാശു പിരിക്കുന്നു , മലയാളികൾ ഒരാൾക്ക് മേലെ ഒരാൾ എന്ന കണക്കിൽ പണമെറിയുന്നു . ഓടിനടന്ന് പിരിച്ച കാശുമായി ചെല്ലുമ്പോൾ സ്‌കൂളുകൾ അധികാരികൾ അത് തിരസ്കരിച്ചോടിക്കുന്നു ….എന്തൊരു നാണക്കേടാണ് നമ്മൾ നമുക്ക് തന്നെ ഉണ്ടാക്കി വെക്കുന്നത് ?….

അതിനാൽ നമ്മളോടാണ് ….ഞങ്ങളാണ് നിങ്ങളിലും കേമന്മാർ എന്ന് കാണിക്കാൻ നമ്മുടെ കുട്ടികളെ കൂടെ കരുവാക്കരുത് …..
അവരെങ്കിലും മനുഷ്യരായി ഇവിടെ ജീവിക്കട്ടെ ….

ഇനി അതും പറ്റുന്നില്ലെങ്കിൽ
സമ്പന്നതയും സ്ഥാനവും ഒന്നും ആഗ്രഹിക്കാതെ ജീവിക്കാനായി മാത്രം ഈ നാട് തിരഞ്ഞെടുത്ത ചിലർ ഉണ്ട് അവരുടെ സ്വപനങ്ങൾ നിങ്ങൾ തല്ലികെടുത്തരുത് …..

 

RECENT POSTS
Copyright © . All rights reserved