Latest News

താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കും. കൂടാതെ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണവുമുണ്ടാകും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും. തിരൂരിൽ എത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ശേഷം താനൂരിൽ അവലോകന യോഗം ചേർന്നു. ഇതിനുശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. സംസ്കാരം നടക്കുന്ന മദ്രസയിലും എത്തി. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടിയിൽ പൊതുദർശനത്തിനുവച്ചു. ഇതിനുശേഷമാകും സംസ്കാരചടങ്ങുകൾ. 22 പേരാണ് ദുരന്തത്തിൽ മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 11 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. അതിൽ 8 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 2 പേർ ആശുപത്രി വിട്ടു. 5 പേർ നീന്തി രക്ഷപ്പെട്ടു.

പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. ബോട്ട് അപകടത്തിനിടെ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തിയതായി കുടുംബം. പരുക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതിനാലാണ് കാണാനില്ലെന്ന അഭ്യൂഹം പരന്നത്. ഇതോടെ ബോട്ടിലുണ്ടായിരുന്ന ആരെയും കാണാനില്ലെന്ന പരാതിയില്ല. രക്ഷാസംഘത്തിന്റെ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് ഫയര്‍ഫോഴ്സ് ഡിജിപി ബി.സന്ധ്യ അറിയിച്ചു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിനോദ സഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

കേരളത്തിൽ നടക്കുന്നത് അഴിമതി മാത്രമെന്ന് ജഗതിയുടെ മകളും ഷോൺ ജോർജിന്റെ ഭാര്യയുമായ പാർവതി ഷോൺ. വളരെ മോശം ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും ഇവിടെ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുകയാണെന്നും പാർവതി ഷോൺ പറയുന്നു. താനൂർ തൂവൽത്തീരം ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാർവതിയുടെ പ്രതികരണം.

‘‘നിങ്ങളെയെല്ലാവരെയും പോലെ ആ വാർത്ത കേട്ട് ഞാനും ഞെട്ടി. മലപ്പുറം താനൂർ കുട്ടുപുറം തൂവൽത്തീരത്ത് നടന്ന ബോട്ടപകടം. 21 മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓർക്കാൻപോലും വയ്യ. ഞാൻ അധികം നേരം ആ വാർത്ത വായിച്ചില്ല. ഒന്നുമാത്രം വായിച്ചു മരിച്ചുപോയവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപാ വീതം കൊടുക്കുന്നു എന്ന്. ഭയങ്കര കേമം ആയിപോയി. രണ്ടുലക്ഷം രൂപയെ ഉള്ളോ കൊടുക്കാൻ? എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വില വരില്ല.

നാട്ടിൽ നടക്കുന്നത് മുഴുവൻ അഴിമതിയാണ്. അവിടെയും ഇവിടെയുമൊക്കെ ക്യാമറ പിടിപ്പിച്ചതിനു എത്രയോ കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് കേട്ടു. എന്തൊരു നാറിയ ഭരണമാണിത്? ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ ? ആ മനുഷ്യന് ചുറ്റും നടക്കുന്ന ഈ അഴിമതികളെക്കുറിച്ച് ആ മനുഷ്യന് ഒന്നും പറയാനില്ലേ? ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ. ഈ അഴിമതി നടക്കുന്ന സമയത്ത് ടൂറിസം ഉള്ള സ്ഥലത്ത് എന്തെങ്കിലുമൊക്കെ പൈസ അതിൽ നിക്ഷേപിച്ച് കുറച്ചു സുരക്ഷിതമായി ആൾക്കാർക്ക് നടക്കാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ ചെയ്തുകൂടെ?

ഈ അഴിമതിയൊക്കെ കാണിച്ച് തിന്നുകുടിച്ചു നടക്കുന്നത് ആർക്ക് ഗുണം ചെയ്യും? കഷ്ടം തോന്നുന്നു. സത്യം പറഞ്ഞാൽ സങ്കടം വന്നു. ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സിൽ വരുന്നത്. അഴിമതി മാത്രമേയുള്ളൂ ചുറ്റും. നാറിയ ഭരണം. ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്.’’–പാർവതി ഷോൺ പറയുന്നു.

താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ താനൂർ സ്വദേശി നാസർ ഒളിവിൽ തുടരുന്നു. അതേസമയം, നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ മൊബൈൽ ഫോണും വാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുന്നു.

നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീര്‍ഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്.

അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണമുണ്ട്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽ‌കിയതായും സൂചനയുണ്ട്. ബോട്ടിന് ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം.

റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിരുന്നില്ല. ഇതിനു മുൻപാണ് ബോട്ട് സർവീസിനിറങ്ങിയതെന്നും മത്സ്യത്തൊഴിലാളികൾ പറ‍ഞ്ഞു. മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്.

ഈ ബോട്ട് സർവീസ് ആരംഭിക്കുമ്പോൾ തന്നെ ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികൾ, ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് രണ്ട് നില ബോട്ടായിരുന്നു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്‌ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്. കൂടുതൽ ആളുകൾ കയറിയാൽ, ഇത് ഒരു ഭാഗത്തേക്ക് ചരിഞ്ഞുപോകും. ഇതാണ് അപകടത്തിനിടയാക്കിയത്.

പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങി വൻ ദുരന്തം. 21 പേർ മരിച്ചതായി പ്രാഥമിക വിവരം. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 35- ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. തീരത്തിന് 300 മീറ്റർ അകലെയാണ് ബോട്ട് മുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ സ്ഥലത്തെത്തും.

ഇതുവരെ 12-ാളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7), ഷംന (17), ഹുസ്ന (18), മലപ്പുറം മുണ്ടുപറമ്പ് നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), ആവിൽ ബീച്ച് കുന്നുമ്മൽ കുഞ്ഞമ്പി (38), താനൂർ ഓലപ്പീടിക കാട്ടിൽ പീടിയേക്കൽ സിദ്ദീഖ് (35), മകൾ ഫാത്തിമ മിൻഹ (12), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ ജാബിർ (40), മകൻ ജരീർ (12), പരപ്പനങ്ങാടി കുന്നുമ്മൽ സീനത്ത് (38), ഒട്ടുമ്മൽ കുന്നുമ്മൽ വീട്ടിൽ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സാറ, പരപ്പനങ്ങാടി കുന്നുമ്മൽ റസീല, പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫ്‍ലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (9), പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ സബറുദ്ദീൻ (38) എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞവർ.

പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂർണ്ണമായും മുങ്ങി. ബോട്ടിന്റെ വാതിൽ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ബോട്ടിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലായിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

അവധി ദിനമായതിനാൽ തീരത്ത് സന്ദർശകർ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷൻ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കൽ,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു.

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഷെഫ് ജോമോൻ കുര്യാക്കോസ്

ആലപ്പി ചിക്കൻ കറി

ചേരുവകൾ

ചിക്കൻ -500 ഗ്രാം
വെളിച്ചെണ്ണ -250 മില്ലി
കടുക് -1 ടീസ്പൂൺ
സബോള – 2 എണ്ണം നന്നായി ചോപ്പ് ചെയ്തത്
വറ്റൽ മുളക് – 3 എണ്ണം നടുവേ മുറിച്ചത്
ഇഞ്ചി -1 1 / 2 ടേബിൾസ്പൂൺ
വെളുത്തുള്ളി –1 1 / 2 ടേബിൾസ്പൂൺ
കറി വേപ്പില -1 തണ്ട്
മല്ലിപ്പൊടി -2 ടീസ്പൂൺ
മഞ്ഞൾ പൊടി -1 / 2 ടീസ്പൂൺ
തേങ്ങാപ്പാൽ – 1/ 2 കപ്പ് (ഒന്നാം പാൽ )
തേങ്ങാപ്പാൽ – 1 കപ്പ് (രണ്ടാം പാൽ )
സ്‌പൈസ് മിക്സ്
ഒരു ടേബിൾസ്പൂൺ കുരുളക്, ഒരു ടീസ്പൂൺ ജീരകം ,5 ഏലക്ക ,1 ടീസ്പൂൺ ഗ്രാമ്പൂ , ഒരു തണ്ടു കറിവേപ്പില, 2 കറുവപ്പട്ട എന്നിവ പൊടിച്ചെടുത്തത് .

പാചകം ചെയ്യുന്ന വിധം

ഒരു നോൺ സ്റ്റിക് പാനിൽ വെളിച്ചെണ്ണ മൂപ്പിച്ചു കടുക് പൊട്ടിച്ചു ഒപ്പം വറ്റൽ മുളക് കൂടി ചേർക്കുക .അരിഞ്ഞു വച്ചിരിക്കുന്ന സബോള കൂടി ചേർത്ത് നന്നായി വഴറ്റി എടുക്കുക .ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി ,കറിവേപ്പില കൂടി ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക .ഇതിലേയ്ക്ക് മല്ലിപൊടി ,മഞ്ഞൾപൊടി ,സ്‌പൈസ് മിക്സ് ചേർത്തിളക്കി നന്നായി മിക്സ് ചെയ്യുക മസാല കുക്ക് ആയിക്കഴിയുമ്പോൾ റെഡി ആക്കി വച്ചിരിക്കുന്ന ചിക്കനും ചേർത്ത് ഇളക്കി കവർ ചെയ്തു ചെറുതീയിൽ 5 മിനിറ്റ് കുക്ക് ചെയ്യുക .ഇതിലേയ്ക്ക് രണ്ടാം പാൽ ചേർത്ത് ചിക്കൻ മുഴുവനായി കുക്ക് ചെയ്തെടുക്കുക /(ഏകദേശം 20 മിനിറ്റ് എടുക്കും ). ചിക്കൻ നന്നായി കുക്ക് ആയിക്കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക .ചൂടോടെ വിളമ്പുക.

ഷെഫ് ജോമോൻ കുര്യാക്കോസ്

കോളജ് വിദ്യാർഥിനുമായുള്ള സെക്സ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെ 72 വയസ്സുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. അസമിലെ ജോർഹട്ട് ജില്ലയിലാണ് സംഭവം. ദർശന ഭരാലി എന്ന പെൺകുട്ടിയാണ് വയോധികനെ ഹണിട്രാപ്പിൽ കുടുക്കിയത്. പെൺകുട്ടിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വയോധികൻ അറിയാതെ പെൺകുട്ടി വിഡിയോ പകർത്തുകയും പിന്നീട് പോൺ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ജോർഹട്ടിലെ ആളുകൾക്കിടയിൽ വിഡിയോ പ്രചരിച്ചതോടെ നാണക്കേടും അപമാനവും സഹിക്കാനാകാതെ വയോധികൻ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രതി ദർശനയ്ക്കെതിരെ കർശന നടപടി വേണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. മുൻപും ദർശന പുരുഷന്മാരുടെ അശ്ലീല വിഡിയോ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ദർശനയെയും മറ്റ് രണ്ട് വിദ്യാർഥികളെയും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഷെറിൻ പി യോഹന്നാൻ

നമ്മൾ അതിജീവിച്ച ദുരിതനാളുകളെ അതേ തീവ്രതയോടെ, ഹൃദ്യമായി അവതരിപ്പിക്കുകയാണ് ജൂഡ് ആന്തണി. ഒരോരുത്തരും നായകരായ നാളുകളെ പുനരാവിഷ്കരിക്കുമ്പോൾ വന്നുപോയേക്കാവുന്ന തെറ്റുകളെയെല്ലാം അപ്പാടെ ഇല്ലാതാക്കി ഹൃദയത്തോട് ചേർത്തുനിൽക്കുന്ന ചിത്രം – 2018. മലയാളത്തിലെ മികച്ച സർവൈവൽ ത്രില്ലർ ഡ്രാമകളിൽ ഒന്ന്.

മഴ പേടിസ്വപ്നമായി മാറിയ നാളുകളായിരുന്നു 2018 ആഗസ്റ്റ് മാസം. ദുരിതപെയ്ത്തിൽ മണ്ണോടുചേർന്നവർ അനേകരമാണ്. മണ്ണിൽ നിന്ന് കയറിയവരും കൈപിടിച്ചുകയറ്റിയവരും അനേകരാണ്. അത്തരം ആളുകളെയെല്ലാം ഈ സിനിമയിൽ കാണാം. നമ്മൾ എവിടെയോ കണ്ടുമറന്നവരെന്നപ്പോലെ…

വിമുക്തഭടനായ അനൂപ്, മത്സ്യത്തൊഴിലാളികളായ വിൻസ്റ്റൺ, മത്തായിച്ചൻ, നിക്സ്റ്റൺ, പ്രവാസിയായ രമേശ്, ഡ്രൈവർ ജേക്കബ് കോശി, തമിഴ്നാട്ടിലെ ഒരു ലോറി ‍ഡ്രൈവർ, സർക്കാരുദ്യോഗസ്ഥനായ ഷാജി.. ഇങ്ങനെ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞുതുടങ്ങുന്നത്. എല്ലാവരെയും കൃത്യമായി അടയാളപ്പെടുത്തി അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയ പ്രളയനാളുകളെ എങ്ങനെ നേരിട്ടുവെന്ന് പറയുകയാണ് സംവിധായകൻ. പല നാടുകളുടെ കഥ പറയാതെ ഒരു ഗ്രാമത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവിടെ കേരളത്തെ മുഴുവനായും പ്രതിഷ്ഠിക്കുകയാണ് സംവിധായകനും അണിയറപ്രവർത്തകരും.

വളരെ ലളിതമായ സ്ക്രിപ്റ്റിൽ അതിഗംഭീര മേക്കിങ്ങാണ് സിനിമയുടെ പ്രധാന പോസിറ്റീവ്. പ്രധാന കഥാപാത്രങ്ങളെയും അവരുടെ ജീവിതസാഹചര്യങ്ങളെയും കൃത്യമായി അടയാളപ്പെടുത്തി തുടങ്ങുന്ന ചിത്രം രണ്ടാം പകുതിയിലാണ് ഗംഭീര മേക്കിങ്ങിന്റെ ഉത്തമ ഉദ്ദാഹരണമായി മാറുന്നത്. പ്രളയരംഗങ്ങൾ ചിത്രീകരിച്ച രീതി, CGI, രംഗങ്ങളെ ചിട്ടപ്പെടുത്തിയ വിധം… അങ്ങനെയെല്ലാം പെർഫെക്ട്. പ്രഡിക്ടബിളായ സീനുകളാണ് ഏറെയും. ആരെ ആരൊക്കെ രക്ഷിക്കുമെന്ന് നമ്മുക്കറിയാം. എന്നാൽ ആ രംഗം സ്ക്രീനിൽ കണ്ടുകഴിയുമ്പോൾ കൈയ്യടിക്കാൻ തോന്നും, ആർപ്പുവിളിക്കാൻ തോന്നും. കാരണം അത്രമേലുണ്ട് ആ രംഗങ്ങളുടെ വ്യാപ്തി. സുന്ദരമായ മഴ ഭീകരമാകുന്ന ട്രാൻസ്ഫോർമേഷൻ സീനുകളൊക്കെ പ്രേക്ഷകരുടെ നെഞ്ചുലയ്ക്കും.

ടോവിനോ, നരേൻ, ആസിഫ് അലി, കുഞ്ചാക്കോ, വിനീത് ശ്രീനിവാസൻ, ലാൽ, കലൈയരസൻ, റോണി ഡേവിഡ് രാജ്, രമേഷ് തിലക്, അജു വർഗീസ്, ജോയ് മാത്യൂ, ഇന്ദ്രൻസ്, സുധീഷ്, തൻവി റാം, വിനീത കോശി തുടങ്ങിയവരുടെ കഥാപാത്രങ്ങളെല്ലാം മനസിൽ ഇടം നേടും. രണ്ടാം പകുതിയിലെ സുധീഷിന്റെ പ്രകടനം ഗംഭീരമാണ്. നോബിൻ പോളിന്റെ സംഗീതം, പശ്ചാത്തലസംഗീതം, അഖിൽ ജോർജിന്റെ ഛായാഗ്രഹണം എന്നിവയും സിനിമയുടെ മൂഡിനെ സ്വാധീനിച്ചിട്ടുണ്ട്.

Last Word – നമ്മൾ കടന്നുപോയ മഹാപ്രളയത്തിന്റെ നാളുകളാണ് സ്ക്രീനിൽ. നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന സീനുകളാണ് അവിടെ. ചിലത് വല്ലാതെ വിഷമിപ്പിക്കും. മറ്റു ചിലത് കണ്ടു കൈയ്യടിക്കും. ചിലത് അഭിമാനം പകരും. മലയാള സിനിമയുടെ തിരിച്ചുവരവ് കാത്തിരുന്നവർക്കുള്ള സിനിമയാണിത്. ഒരു ടോട്ടൽ പാക്കേജ്. മികച്ച തിയേറ്ററിൽ നിറഞ്ഞ ഓഡിയൻസിനൊപ്പം ആസ്വദിക്കുക. കാരണം, മികച്ച ടെക്നിക്കൽ സൈഡുള്ള ഈ ചിത്രം അതർഹിക്കുന്നുണ്ട്.

 

 

സ്വന്തം ലേഖകൻ 

ബാൻബറി : ജീവിത പ്രാരാബ്‌ധങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ 2020 ൽ യുകെയിലെത്തിയ ബാൻബറിക്കാരിയായ മലയാളിയായ നേഴ്‌സിന് തന്റെ നേഴ്‌സിങ്ഹോം മാനേജരായ ഇംഗ്ളീഷുകാരിയിൽ നിന്ന് നേരിട്ടത് സമാനതകളില്ലാത്ത വംശീയ അധിക്ഷേപങ്ങളും , പീഡനങ്ങളും . തന്റെ ജോലി നഷ്‌ടപ്പെടാതിരിക്കാൻ എല്ലാവരെയും പോലെ സഹിച്ചും പൊറുത്തും മുന്നോട്ട് പോയ ഈ ബാൻബറിക്കാരിയായ മലയാളി നേഴ്‌സിന്  ഇതേ മാനേജർ കാരണം അവസാനം സ്വന്തം ജോലിയും പോയി , തന്റെ പിൻ നമ്പർ നഷ്‌ടപ്പെടുന്ന സാഹചര്യവും ഉണ്ടായി , അതോടൊപ്പം മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ പറ്റാത്ത ഗതികേടിലുമായി . ജീവിതം വഴി മുട്ടി നിന്ന സാഹചര്യത്തിൽ സധൈര്യം നിയമ പോരാട്ടത്തിലേയ്ക്ക് നീങ്ങിയ ഈ മലയാളി നേഴ്‌സിന് താങ്ങായത് യുകെയിലെ പ്രമുഖ വക്കീലായ അഡ്വ ബൈജു തിട്ടാലയാണ്.

 

ഏഷ്യൻ വംശജരുടെ നിറത്തോട് തോന്നിയ വെറുപ്പായിരുന്നു തുടക്കമെങ്കിൽ തുടർന്ന് എല്ലാ ജോലി കാര്യങ്ങളിലും കുറ്റം കണ്ടെത്തുന്ന രീതിയിലേയ്ക്ക് സാഹചര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു ഈ ഇംഗ്ളീഷുകാരിയായ മാനേജർ. തനിക്ക് ട്രെയിനിംഗ് നൽകണം എന്ന് പലതവണ ആവശ്യപ്പെട്ട ഈ നേഴ്സിനോട് ഞങ്ങൾ പറയുന്നതുപോലെ ജോലി ചെയ്തില്ലെങ്കിൽ നിന്റെ വർക് പെർമിറ്റ് റദ്ദാക്കി നാട്ടിലേയ്ക്ക് കയറ്റി വിടുമെന്ന് പലതവണ ഈ മാനേജർ ഭീക്ഷിണിപ്പെടുത്തിയിരുന്നു. ശരിയായ ട്രെയിനിംഗ്‌ പോലും നൽകാതെ കടുത്ത പിരിമുറക്കത്തിൽ ജോലി ചെയ്ത മലയാളി നേഴ്സിന് ജോലി സമയത്ത് സംഭവിച്ച ചെറിയ പിഴവിനെ പർവ്വതീകരിച്ച് എൻ എം സിക്ക് റിപ്പോർട്ട് ചെയ്ത മാനേജർ ഈ മലയാളി നേഴ്‌സിനെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. ഈ കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞുകൊണ്ട് പുതിയ സ്ഥലത്ത് ജോലിക്ക് ശ്രമിച്ച ഈ നേഴ്‌സിനെ ജോലിക്ക് എടുക്കരുതെന്നും , ഞങ്ങൾ പിരിച്ച് വിട്ടതാണെന്നും അറിയിച്ച് പുതിയ ഹോമിൽ ജോലി ലഭിക്കാതിരിക്കാനുള്ള ഹീന ശ്രമവും ഈ ഇംഗ്ളീഷുകാരി നടത്തി.

 

തനിക്ക് ഈ രാജ്യത്ത് നില നിൽക്കുവാനുള്ള എല്ലാ വഴികളും അടഞ്ഞ ഈ നേഴ്സ് അവസാനം യുകെയിലെ പ്രമുഖ ക്രിമിനൽ വക്കീലായ അഡ്വ ബൈജു തിട്ടാലയെ സമീപിക്കുകയായിരുന്നു. എന്നാൽ താൻ ക്രിമിനൽ കേസ്സുകൾ മാത്രമേ പരിഗണിക്കുകയുളളൂ എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് തുടക്കത്തിൽ അഡ്വ ബൈജു തിട്ടാല ഈ കേസ്സ് എടുക്കാൻ തയ്യാറായില്ല . പക്ഷേ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കിയതിനുശേഷം  തീരുമാനമെടുത്തുകൊള്ളൂ എന്ന് ആവശ്യപ്പെട്ട മലയാളി നേഴ്സിന്റെ ദയനീയ സാഹചര്യം തിരിച്ചറിഞ്ഞ അഡ്വ ബൈജു തിട്ടാല ഈ നേഴ്‌സിനായി എൻ എം സിയിൽ ഹാജരാകുകയായിരുന്നു . എൻ എം സിയുടെ ഏഴ് ദിവസം നീണ്ടു നടന്ന വിചാരണ വേളയിൽ തെളിവെടുപ്പിനായി ഹാജരാകാൻ വിസമ്മതിച്ച ഇംഗ്ളീഷുകാരി മാനേജരെ ഹൈകോർട്ട് സമൻസിന്റെ സഹായത്തോടയാണ് അഡ്വ ബൈജു തിട്ടാല എൻ എം സിയിൽ എത്തിച്ചത്.

 

തുടർന്ന് എൻ എം സിയുമായി നടത്തിയ ഏഴ് ദിവസത്തെ വാദത്തിനൊടുവിൽ നിരപരാധിയെന്ന് കണ്ടെത്തിയ മലയാളി നേഴ്‌സിനെ കുറ്റവിമുക്തയാക്കുകയും , ഈ നേഴ്‌സിനെതിരെ പരാതി നൽകിയ ഇംഗ്ളീഷുകാരി മനേജർക്കെതിരെ എൻ എം സി നിയമ നടപടി ആരംഭിക്കുകയും ചെയ്തു . തന്റെ ജോലിസ്ഥലത്ത് വംശീയ വെറി കാട്ടി എന്ന കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട ഇംഗ്ളീഷുകാരി മാനേജർക്ക് അവരുടെ ജോലിയും പോയി , അവസാനം മലയാളി നേഴ്‌സിനെ കുടുക്കാൻ പോയ അവർ പ്രതിയായ അവസ്ഥയിലുമാണ് ഇപ്പോൾ.

 

ഇംഗ്ളീഷുകാരി മാനേജർക്കെതിരെ എൻ എം സി സ്വമേധയാൽ എടുത്ത കേസിൽ ഈ മലയാളി നേഴ്സ് സാക്ഷിയായതിനാലും , ഒരുപക്ഷേ ഹൈക്കോടതി ഇടപെടാൻ സാധ്യത ഉള്ളതിനാലും അവർ ആവശ്യപ്പെട്ടതുകൊണ്ടാണ് ഞങ്ങൾ ഈ മലയാളി നേഴ്‌സിന്റെ പേര് വിവരങ്ങൾ നിങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താത്തത് .

ഇപ്പോൾ ഈ നേഴ്സ് സീനിയർ നേഴ്സായി ജോലി ചെയ്യുന്ന ബാൻബറിയിലെ ഗ്ലിബ് ഫീൽഡ് നേഴ്‌സിംഗ് ഹോമിന്റെ മാനേജരായ നിഷാ ഷാജി എന്ന മലയാളി മാനേജർ നൽകിയ പിന്തുണ ഈ കേസിന്റെ വിജയത്തിൽ വളരെയധികം നിർണ്ണായകമായി. ഈ കേസ്സിന്റെ വിജയം യുകെയിൽ മാനേജർമാരായി ജോലി ചെയ്യുന്ന ഓരോ മലയാളി മാനേജർമാർക്കും ഒരു പാഠവും , അതോടൊപ്പം മറ്റ് മലയാളി നേഴ്‌സുമാർക്ക് പ്രചോദനവുമാകട്ടെ..

ഈ വാർത്തയുമായി ബന്ധപ്പെട്ട് മലയാളംയുകെ ന്യൂസിന് ലഭിച്ചിരിക്കുന്ന തെളിവുകൾ ഹൈക്കോടതിയിൽ ഇപ്പോൾ  നിലവിലുള്ള കേസ്സിന്റെ പുരോഗതിക്ക് അനുസരിച്ച് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പെണ്ണായി ജനിച്ചു , പെണ്ണുങ്ങളുടെ ഇടയിൽ ആണായി വളരാനും, ഇതാ ഇതാണ് ഞാനെന്നു പറയാനും ധൈര്യം ഉണ്ടായിരുന്ന ഒരുവൻ ……

പെണ്ണായി ജനിച്ചു മീശവെക്കാനും, മാറു കാണിക്കാനും ധൈര്യം ഉണ്ടായിരുന്ന ഒരുവൻ …..

സോഫ്റ്റ് മസിലിനെ കരിങ്കല്ലാക്കി എടുക്കാൻ ത്രാണിയുണ്ടായിരുന്ന ഒരുവൻ ….

ആണിനെ പെണ്ണായി കണ്ടു സ്വന്തം ഇണയായി കൂട്ടാൻ ധൈര്യമുണ്ടായിരുന്ന ഒരുവൻ ….

സ്വയമൂതി കനലാക്കിയെടുത്ത അവന്റെ ജീവിതത്തെ അവൻ തന്നെ അവസാനിപ്പിക്കണമെങ്കിൽ, നമ്മുടെ ചൂടുപറ്റി വളർന്നു വരുന്ന ഓരോ കുഞ്ഞിന്റെയും മാനസിക സംഘർഷങ്ങൾ നമ്മൾ അറിയുന്നില്ല ….മുന്നിൽ മാത്രമെത്താൻ ഓടുന്ന അവർ പിന്നീട് തോറ്റു പിന്മാറുന്നത് നമ്മൾ അറിയുന്നില്ല എന്നത് തന്നെ കാരണം….

അതിനാൽ അവർ വീഴുന്നതിന് മുമ്പേ നമ്മൾ കൈകോർത്തു പിടിക്കേണ്ടതുണ്ട് . അതിന് നമ്മുടെ വിദ്യാഭ്യാസ രീതികൾ മാറേണ്ടതുണ്ട് …..

അതിന് സ്കൂളുകളെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല .
നമ്മൾ ചോദിക്കുന്ന ഭക്ഷണമാണ് അവർ നമ്മുടെ കുട്ടികൾക്ക് വിളമ്പുന്നത് .
നമുക്കാകെ വേണ്ടത് അവന് എത്ര രൂപ ഫീസടച്ചിട്ടായാലും 100 ശതമാനം മേടിച്ചെടുക്കുക എന്നത് മാത്രമാണ് . അപ്പോൾ സ്കൂളുകൾ അത്. കൊടുക്കും . കാരണം നമ്മളവർക്ക് പണം നൽകുന്നു. അവർ അവരുടെ ജോലി ചെയ്യുന്നു . അതിനാൽ നമ്മുടെ മനോഭാവം മാറേണ്ടതുണ്ട് , അങ്ങനെയെങ്കിൽ സ്കൂളുകൾ അവരുടെയും മനോഭാവം മാറ്റും .

പഠിച്ചില്ലെങ്കിൽ നമ്മുടെ കുട്ടികൾ തെണ്ടിനടന്നാലോ എന്നോർത്തുള്ള അങ്കലാപ്പാണ് നമുക്കിന്ന് . എന്നാൽ ഒന്ന് മനസിലാക്കുക, ഒരു 20 വർഷം മുമ്പുണ്ടായിരുന്ന സമ്പദ്‌വ്യവസ്ഥ അല്ല ഇന്ന് നമ്മുടേത് . നമ്മുടെ ജീവിത സാഹചര്യങ്ങൾ ആകെ മാറി. അതിനാൽ എങ്ങനെ ഉപജീവനം നേടാം , എങ്ങനെ പണമുണ്ടാക്കാം എന്ന ചിന്ത
മാറ്റി എങ്ങനെ ജീവിക്കാം എന്ന് നമ്മൾ നമ്മുടെ മക്കളെ പഠിപ്പിക്കേണ്ടതുണ്ട് .അതിനായി നമ്മുടെ സ്‌കൂളുകൾ അവരുടെ സബ്ജെക്റ്റുകൾ മാറ്റേണ്ട കാലം അതിക്രമിച്ചു . എന്ത് ചികഞ്ഞാലും ഇന്റർനെറ്റിൽ ഉത്തരം കിട്ടുമ്പോൾ അവരെന്തിന് അവരുടെ ജീവിതം മുഴുവൻ ഇങ്ങനെ ശർദ്ദിച്ചത് തന്നെ വാരി വാരി തിന്ന് വയറു നിറയ്ക്കണം ?

ഡെല്ലിന്റെയോ ആപ്പിളിന്റെയോ കമ്പ്യൂട്ടറുകൾ അല്ല, മറിച്ചു നമ്മുടെ മനുഷ്യ ശരീരമാണ് ഏറ്റവും സങ്കീർണമായ കോംപ്ലിക്കേറ്റഡായ കമ്പ്യൂട്ടർ എന്ന തിരിച്ചറിവ് അവർക്കുണ്ടാകണം. അതിന്റെ ഉപയോഗം അവർ പഠിക്കണം . അതിന്റെ കീ ബോർഡുകൾ അവർക്കറിയില്ല . അതിനാൽ സ്‌കൂളുകളിൽ നമ്മുടെ കുട്ടികളെ അവരുടെ സിസ്റ്റത്തിന്റെ മാനുവൽ വായിക്കാൻ പഠിപ്പിക്കട്ടെ ….
അതിലൂടെ ആന്തരികമായി സന്തുലിതമാകാൻ അവരെ പഠിപ്പിക്കട്ടെ …..
അവർ മറ്റൊരാളേക്കാൾ മികച്ചവൻ ആയില്ലെങ്കിലും നിങ്ങൾക്ക് കഴിയാവുന്നത്ര മികച്ചവൻ ആയി എന്ന് സമാധാനിക്കാൻ, ഉള്ളതിൽ ലഹരിയില്ലാതെ സന്തോഷം നേടാൻ, അവ അവരെ സഹായിക്കും ….
അങ്ങനെ തകർച്ചകളിൽ അവൻതന്നെ കുടഞ്ഞെണീക്കാൻ അവൻ പഠിക്കും …

സ്വന്തം സിസ്റ്റത്തിന്റെ യൂസേഴ്സ് മാനുവൽ അറിഞ്ഞ ഒരു കുട്ടി , അവരുടെ ജീവിതത്തിൽ ആരൊക്കെ അവർക്കെതിരെ എന്തൊക്കെ വലിച്ചെറിഞ്ഞാലും വീഴാതെ പിടിച്ചു നിൽക്കാൻ കരുത്തുറ്റവരാകും , അത് ശാരീരികമായ ഒരു കരുത്തല്ല , മറിച്ച് മാനസികമായി കരുത്തുറ്റ, ഒരു കുഞ്ഞു സമൂഹം നമുക്ക് ചുറ്റും വളർന്നു വരട്ടെ …..ഇനി ഒരാത്മഹത്യവാർത്ത നമ്മുടെ ചെവികളിൽ കേൾക്കാതിരിക്കട്ടെ ….

 

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂൺ 24-ാം തീയതി യുകെയിലെ മലയാളികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. ഇതിനോടകം ഇംഗ്ലണ്ടിലും, സ്കോട്‌ലൻഡിലുമുള്ള നിരവധി ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ താത്‌പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.

 

ജൂൺ 24-ാം   തീയതി നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് യഥാക്രമം ഒന്നാം സമ്മാനമായി 750 പൗണ്ടും രണ്ടാം സമ്മാനാർഹർക്ക് 400 പൗണ്ടും ലഭിക്കും. ഇതിനുപുറമേ മികച്ച കളിക്കാരനും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും, മികച്ച ഗോളിക്കും സമ്മാനം ഉണ്ട് . വെസ്റ്റ് യോർക്ക്‌ഷെയറിലെ തന്നെ മികച്ച ഫുട്ബോൾ ഗ്രൗണ്ടിലൊന്നായ വെസ്റ്റ് റൈഡിങ് എഫ് എ ഗ്രൗണ്ടാണ് മത്സരങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. 16 വയസ്സിന് മുകളിലുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം . കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

ജിമ്മി ദേവസിക്കൂട്ടി – 079311 999 22
സജേഷ്  കെ എസ് – 0758799 6436
സാന്റോ മാത്യു – O74048801 36
ജെറിൻ കെ ജെയിംസ് – 07721 705747
venue : West Riding FA
LS 26 8 NX

Copyright © . All rights reserved