സംശയത്തെ തുടർന്ന് യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭർത്താവിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്ബ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീൻ എന്ന ബാബു (44) വിനെയാണ് ജഡ്ജി എ.വി.ടെല്ലസ് ശിക്ഷിച്ചത്. 2017 ജൂലായ് 23നാണ് കേസിനാസ്പദമായ സംഭവം.
ചാരിത്ര്യശുദ്ധിയിലുള്ള സംശയം മൂലം ആദ്യ ഭാര്യയായ റഹീനയെ(30) പ്രതിയുടെ ഉടമസ്ഥതയില്‍ അഞ്ചപ്പുര ബീച്ച് റോഡിലുള്ള ഇറച്ചിക്കടയില്‍ കൊണ്ടു പോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ രണ്ടു മണിക്കും 4.45നും ഇടയിലാണ് സംഭവം. കശാപ്പുശാലയില്‍ നിന്നും ഇറച്ചിക്കടയിലേക്ക് മാംസം കൊണ്ടു പോകാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്. കൊല നടത്തിയ ശേഷം മൃതദേഹത്തില്‍ നിന്നും 36.43 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങള്‍ കവർന്ന പ്രതി കോയമ്ബത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളില്‍ കറങ്ങി താനൂർ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങവെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 2017 ജൂലായ് 25നാണ് പ്രതി അറസ്റ്റിലായത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി.ഷാജു ഹാജരായി. താനൂർ സർക്കിള്‍ ഇൻസ്‌പെക്ടറായിരുന്ന സി.അലവിയാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇതിനു പുറമെ 404 വകുപ്പ് പ്രകാരം മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങള്‍ കവർന്നതിന് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷയുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു വർഷത്തെ അധിക തടവും അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം തുക കൊല്ലപ്പെട്ട റഹീനയുടെ മാതാവ് സുബൈദക്ക് നല്‍കണം. ഇതിനു പുറമെ സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടില്‍ നിന്നും റഹീനയുടെ മകനും മാതാവിനും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ കോടതി ജില്ലാ ലീഗല്‍ സർവ്വീസസ് അതോറിറ്റിക്ക് നിർദ്ദേശം നല്‍കി.
കന്നഡ ഭാഷാവിവാദത്തില്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയതോടെ കര്‍ണാടകയില്‍ ‘തഗ് ലൈഫ്’ പ്രദര്‍ശന വിലക്കിലേക്ക്. മാപ്പുപറയാന്‍ രണ്ടുതവണ അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ചിത്രം സംസ്ഥാനത്ത് നിരോധിക്കാന്‍ തീരുമാനിച്ചത്. നേരത്തെ, ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.
‘കന്നഡ അനുകൂലസംഘടനകളുടെ വികാരത്തിനൊപ്പമാണ് ഫിലിം ചേംബര്‍. വിതരണക്കാരെ വിളിച്ചുവരുത്തി കമല്‍ഹാസനുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തീയേറ്റര്‍ ഉടമകളുമായും ചര്‍ച്ച നടത്തി. കമല്‍ മാപ്പു പറയുന്നതുവരെ ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് തീരുമാനം’, ഫിലിം ചേംബര്‍ പ്രസിഡന്റ് എം. നരസിംഹലു ദി ഫെഡറലിനോട് പറഞ്ഞു. ഇതോടെ ആഗോളറിലീസായി ജൂണ്‍ അഞ്ചിന് എത്തുന്ന ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമായി.
പരാമര്‍ശത്തിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെക്കുറിച്ച് കമല്‍ഹാസനെ ഇ- മെയില്‍ വഴി അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും നരസിംഹലു അറിയിച്ചു.
നേരത്തെ, ചെന്നൈയില്‍ ഡിഎംകെ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ പരാമര്‍ശത്തില്‍ താന്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. ‘ഇത് ജനാധിപത്യരാജ്യമാണ്. ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു. സ്‌നേഹം എപ്പോഴും വിജയിക്കും എന്ന് ഞാന്‍ കരുതുന്നു. കര്‍ണാടകയോടും ആന്ധ്രാപ്രദേശിനോടും കേരളത്തോടുമുള്ള എന്റെ സ്‌നേഹം യഥാര്‍ഥമാണ്. എന്തെങ്കിലും അജന്‍ഡ ഉള്ളവരല്ലാതെ ആരെങ്കിലും അതിനെ സംശയിക്കില്ല. നേരത്തേയും എനിക്കെതിരെ ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. തെറ്റുപറ്റിയെങ്കില്‍ ഞാന്‍ മാപ്പുപറയും, ഇല്ലെങ്കില്‍ പറയില്ല’, എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.
ചെന്നൈയില്‍ ‘തഗ് ലൈഫ്’ ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കന്നഡ തമിഴില്‍നിന്ന് ഉത്ഭവിച്ചതാണ് എന്നായിരുന്നു വിവാദപരാമര്‍ശം. മാപ്പുപറയാന്‍ കമലിന് ഫിലിം ചേംബര്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം കമലിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. കന്നഡ അനുകൂലസംഘടനകളും കമലിനെതിരേ പ്രതിഷേധിച്ചിരുന്നു. കമല്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സംസ്കാരിക വകുപ്പ് മന്ത്രി ശിവരാജ് തങ്കടഗി ഫിലിം ചേംബറിന് കത്ത് നല്‍കിയിരുന്നു.
വലതുകോട്ടയെന്ന് വിളിപ്പേര് നിലമ്പൂര്‍ മണ്ഡലത്തിന് ചാര്‍ത്തിക്കിട്ടുന്നതിന് മുന്നെ കെ.കുഞ്ഞാലി എന്ന കോമ്രേഡ് കുഞ്ഞാലി ഇടതിന്റെ ആവേശവും ഒരിക്കലും മറക്കാത്ത രക്തസാക്ഷിയുമായിരുന്നു. മണ്ഡലം രൂപമെടുത്തപ്പോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ ആദ്യം മത്സരിക്കുകയും ജയിക്കുകയും ഒടുവില്‍ എം.എല്‍.എ ആയിരിക്കേ കൊല്ലപ്പെടുകയും ചെയ്ത നേതാവ്. കുഞ്ഞാലിയുടെ കൊലപാതകവും അത് തിരഞ്ഞെടുപ്പ് പ്രചാരണമാവുകയും ആര്യാടന്‍ മുഹമ്മദ് ജയിലിലായതുമെല്ലാം നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ട്. 1967 ല്‍ കെ.കുഞ്ഞാലി പാര്‍ട്ടി ചിഹ്നത്തില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ 9789 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. കെ.കുഞ്ഞാലിക്ക് 25215 വോട്ടും കോണ്‍ഗ്രസിന്റെ എം.മുഹമ്മദിന് 15426 വോട്ടും ലഭിച്ചു.
1969-ല്‍ കുഞ്ഞാലി മരണപ്പെട്ടതിനുശേഷം പല തിരഞ്ഞെടുപ്പുകളും നിലമ്പൂര്‍ കണ്ടെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ പല സ്ഥാനാര്‍ഥികളുമെത്തിയെങ്കിലും ഒരു പാര്‍ട്ടി എം.എല്‍.എയെ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്കയക്കാന്‍ സിപിഎമ്മിന് സാധിച്ചിരുന്നില്ല. പകരം സ്വതന്ത്ര പരീക്ഷണത്തിലൂടെയായിരുന്നു മണ്ഡലത്തില്‍ ഇടതുപക്ഷവും സി.പി.എമ്മും സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ഇവിടെയാണ് വര്‍ഷങ്ങൾക്കിപ്പുറം എം.സ്വരാജ് എന്ന സി.പി.എമ്മിന്റെ യുവമുഖം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനെത്തുന്നത്. ഇതോടെ മത്സരം അതികഠിനമാവുമെന്നുറപ്പ്. 2006-ല്‍ പി.ശ്രീരാമകൃഷ്ണനാണ് അവസാനമായി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സി.പി.എം നേതാവ്.
കുഞ്ഞാലിക്കുശേഷം കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റായിരുന്ന ടി.കെ ഹംസ മണ്ഡലത്തില്‍ ജനവിധി തേടുകയും വിജയിക്കുകയും ചെയ്ത് പിന്നീട് സി.പി.എമ്മിന്റെ ഭാഗമാവുകയും ചെയ്‌തെങ്കലും ഹംസയുടെ ആദ്യ മത്സരം സ്വതന്ത്ര വേഷത്തിലായിരുന്നു. ഇതിനുശേഷം മണ്ഡലം ആര്യാടന്‍ കുത്തകയാക്കിയതും ചരിത്രം. തിരഞ്ഞെടുപ്പ് കളം വിട്ട ആര്യാടന് പകരം മകൻ ഷൗക്കത്ത് സ്ഥാനാര്‍ഥിയപ്പോള്‍ പോലും പാര്‍ട്ടി ചിഹ്നത്തിലായിരുന്നില്ല സിപിഎമ്മിന്റെ പരീക്ഷണം. പി.വി.അന്‍വറിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി മണ്ഡലം പിടിച്ചു. ഇത്തവണ ഷൗക്കത്ത് ഒരിക്കല്‍കൂടി മത്സരിക്കുമ്പോള്‍ പിവി അന്‍വര്‍ ഇടതിനും വലതിനും എതിരായി നില്‍ക്കുമ്പോഴാണ് യുവത്വത്തിന്റെ ആവേശവും മികച്ച വാഗ്മിയുമായ സ്വരാജിനെ അപ്രതീക്ഷിതമായി മത്സരിപ്പിച്ച് മറ്റൊരു പരീക്ഷണത്തിന് സിപിഎം ഒരുങ്ങുന്നത്. വിജയം ഇടതിനും വലതിനും ഒരുപോലെ നിര്‍ണായകമാവുമ്പോള്‍ നിലമ്പൂര്‍ക്കാറ്റിന് ആവേശം കൂടുമെന്നുറുപ്പ്.
നേരത്തെ രണ്ട് തവണ സ്വരാജ് നിയമസഭാ പോരാട്ടത്തിനിറങ്ങിയിരുന്നുവെങ്കിലും രണ്ടും മറുനാട്ടില്‍ നിന്നായിരുന്നു. 2016-ല്‍ തൃപ്പൂണിത്തുറയില്‍ നിന്ന് മത്സരിച്ച നിയമസഭയിലെത്തിയെങ്കിലും 2021-ല്‍ പരാജയപ്പെട്ടു. ഇത്തവണ സ്വന്തം നാട്ടില്‍ തന്നെ സ്വരാജ് മത്സരിക്കാനെത്തുമ്പോള്‍ നാട്ടുകാരനെന്ന പരിഗണന കൂടി നിലമ്പൂരുകാര്‍ സ്വരാജിന് നല്‍കുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. മാത്രമല്ല സ്വതന്ത്ര പരീക്ഷണത്തിലൂടെയുള്ള ചതിക്ക് ഇനിയും പാര്‍ട്ടി നിന്നുകൊടുക്കരുതെന്ന പ്രവര്‍ത്തകരുടെ ആവശ്യത്തിനും ചെവിക്കൊടുത്തുവെന്ന ആശ്വാസവുമുണ്ട്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ സ്വരാജ് നിലമ്പൂര്‍ പോത്തുകല്ല് സ്വദേശിയാണ്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സ്വരാജ് എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനും സ്റ്റുഡന്റ്, യുവധാര മാഗസിനുകളുടെ എഡിറ്ററുമായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബിയും അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലേഖന സമാഹാരങ്ങളും കവിതാസമാഹാരവും യാത്രാവിവരണവും പുസ്തകായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നിലവില്‍ ദേശാഭിമാനി റെസിഡന്റ് എഡിറ്ററാണ്.
2016-ല്‍ തൃപ്പൂണിത്തുറയില്‍ നിന്ന് ആദ്യമായി മത്സരത്തിനിറങ്ങിയപ്പോള്‍ 4467 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോണ്‍ഗ്രസിന്റെ കെ.ബാബുവിനെ പരാജയപ്പെടുത്തിയത്. 1991 മുതല്‍ 2011 വരെ 25 വര്‍ഷത്തോളം മണ്ഡലത്തെ പ്രതിനിനിധീകരിച്ചിരുന്ന കെ.ബാബുവിനെതിരേ അന്ന് സ്വരാജ് നേടിയ വിജയം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വന്‍ ആവേശവുമായി മാറി. ബാര്‍കോഴയടക്കമുള്ള ആരോപണങ്ങള്‍ കത്തി നിന്നിരുന്ന തിരഞ്ഞെടുപ്പില്‍ ജനവികാരം ബാബുവിനെതിരായപ്പോഴായിരുന്നു സ്വരാജ് മണ്ഡലം പിടിച്ചെടുത്തത്. പക്ഷേ, 2021 ല്‍ ബാബുവിനെതിരേ വീണ്ടും മത്സരിക്കാനെത്തിയെങ്കിലും 992 വോട്ടിന് സ്വരാജ് പരാജയപ്പെട്ടു. ബാബുവിന്റെ ഈ വിജയം പക്ഷേ, വലിയ വിവാദത്തിലും നിയമപോരാട്ടത്തിലുമായി.
നിയമസഭ തിരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് കെ ബാബുവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കെ ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. 2021 ജൂണില്‍ സമര്‍പ്പിച്ച ഹരജിയില്‍ പക്ഷേ, വിധി സ്വരാജിനെതിരായി.
2006 ല്‍ ശ്രീരാമകൃഷ്ണനാണ് പാര്‍ട്ടി ചിഹ്നത്തില്‍ നിലമ്പൂരില്‍ മത്സരിച്ച് അവസാന നേതാവ്. എന്നാല്‍ ആര്യാടന്‍ മുഹമ്മദിനോട് 18070 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുകയായിരുന്നു. ആര്യാടന്‍ മുഹമ്മദിന് 87522 വോട്ടും ശ്രീരാമകൃഷ്ണന് 69452 വോട്ടും ലഭിച്ചു. പിന്നീട് 2011 ല്‍ പൊന്നാനിയില്‍ നിന്ന് മത്സരിച്ച് വിജയിച്ച് നിയമസഭാ സ്പീക്കറാവുകയും ചെയ്തു.
ബിനു ജോർജ്
എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ചതിലൂടെ വിഖ്യാതമായ എയിൽസ്‌ഫോർഡിലേക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപത ക്രമീകരിക്കുന്ന മരിയൻ തീർത്ഥാടനം നാളെ, ശനിയാഴ്ച മെയ് 31ന് നടക്കും. കർമല നാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകുന്ന തീർത്ഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ അണിചേരും. ഇത് എട്ടാം തവണയാണ് രൂപതയുടെ ആഭിമുഖ്യത്തിൽ എയിൽസ്‌ഫോർഡിലേക്ക് തീർത്ഥാടനം നടത്തുന്നത്.
രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളും, എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ മിഷനുമാണ് തീർത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്. മെയ് 31 രാവിലെ 11 ന് കൊടിയേറ്റ്, നേർച്ച സ്വീകരണം, 11.15ന് ജപമാല പ്രദക്ഷിണം, 1.15ന് പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. 1.30 നാണ് ആഘോഷമായ വിശുദ്ധകുർബാന. തുടർന്ന് 3.30ന് ലദീഞ്, ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 4.30 ന് സമാപനാശീർവാദം, ഫ്ളോസ് കാർമലി പ്രദക്ഷിണം, 5 .00 മണിക്ക് സ്നേഹവിരുന്ന്.
തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും SMYM ന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ, കോഫീ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.
കർമലീത്താ സഭയുടെ പ്രിയോർ ജനറലായിരുന്ന വിശുദ്ധ സൈമൺ സ്റ്റോക്കിന് 1251 ജൂലൈ 16 ണ് ആണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിയത്. വെന്തിങ്ങ ധരിക്കുന്നവരെ രോഗപീഡ, ആപത്തുകൾ എന്നിവയിൽനിന്ന് പ്രത്യേകമായി സംരക്ഷിക്കുമെന്ന വാഗ്ദാനം നൽകപ്പെട്ടതും ഇവിടെ വെച്ചുതന്നെ. ഉത്തരീയ ഭക്തിയുടെ ആരംഭവും ഇവിടെ നിന്നുതന്നെയായിരുന്നു.
കർമലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും സ്‌നേഹപൂർവം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കൽ അറിയിച്ചു.
പ്രസുദേന്തി ആകുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://forms.gle/wJxzScXoNs6se7Wb6
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ – 07920690343
Address of the Venue: The Friars, Aylesford, Kent, ME20 7BX
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിച്ചേക്കും. തങ്ങളെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നതാണ് പി.വി അന്‍വറിന്റെയും തൃണമൂലിന്റെയും ആവശ്യം. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി അന്‍വര്‍ മത്സരിക്കണമെന്ന് വ്യാഴാഴ്ച മഞ്ചേരിയില്‍ ചേര്‍ന്ന തൃണമൂല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
അതേസമയം വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമേ ഇതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പി.വി അന്‍വറും തൃണമൂല്‍ നേതാക്കളും യോഗത്തിന് ശേഷം പ്രതികരിച്ചു. യുഡിഎഫ് ഘടകകക്ഷിയാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തൃണമൂല്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്ത് എന്നല്ല, യുഡിഎഫ് നിര്‍ത്തുന്ന ഏത് സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കാമെന്ന് ആയിരംവട്ടം പറഞ്ഞതാണെന്നും അതിലെന്താ കണ്‍ഫ്യൂഷന്‍ എന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പി.വി അന്‍വറിന്റെ പ്രതികരണം. അങ്ങനെ കണ്‍ഫ്യൂഷനുണ്ടെന്നുള്ള നരേഷന്‍ യുഡിഎഫ് നേതാക്കളുണ്ടാക്കുന്നുണ്ട്. ഏത് ചെകുത്താനായാലും സമ്മതിക്കുമെന്നാണ് താന്‍ അവസാനം പറഞ്ഞത്. പക്ഷേ നമ്മളെ കക്ഷിയാക്കണ്ടേ. നമ്മളെ ഘടകകക്ഷിയാക്കുമെങ്കില്‍ മാത്രമേ ഇനി സംസാരമുള്ളൂ. അങ്ങനെയാണ് ഇന്നത്തെ തീരുമാനം. മത്സരിക്കണോ വേണ്ടയോ എന്നത് നാളത്തെ ചര്‍ച്ചയില്‍ തീരുമാനിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വില വർധിച്ചു. വിവിധയിനം മദ്യത്തിന് 10 മുതൽ 20 വരെ ശതമാനമാണ് വർധന. എക്സൈസ് തീരുവ കൂട്ടിയതോടെയാണ് വില വർധിച്ചത്. 50 ശതമാനത്തോളം വർധനയാണ് സർക്കാർ നേരത്തേ തീരുമാനിച്ചത്. വലിയ തോതിലുള്ള വിലവർധന മദ്യവില്പനയെ ബാധിക്കുമെന്നതിനാൽ മദ്യഷാപ്പുടമകളും ലിക്കർ മർച്ചൻറ്സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണ് 20 ശതമാനത്തോളമാക്കി കുറച്ചത്.
മദ്യശാല ഉടമകൾ 28 മുതൽ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വിൽക്കാൻ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. പഴയ മദ്യം പുതിയ വിലയ്ക്ക് വിൽക്കുന്ന മദ്യശാലകൾക്ക് 2011-ലെ പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്‌സ്‌മെന്റ് ) കൺട്രോളർ റൂൾസ് പ്രകാരം പരമാവധി പിഴ ചുമത്തും. പരാതികൾ 04132 262090 എന്ന നമ്പറിൽ അറിയിക്കണം.
നിലമ്പൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പി വി അന്‍വര്‍ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ യുഡിഎഫിന്റെ നിര്‍ണായക യോഗം വെള്ളിയാഴ്ച ചേരും. എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാന്‍ പി വി അന്‍വര്‍ തയ്യാറാകാത്തതാണ് അടിസ്ഥാന പ്രശ്‌നം. വി ഡി സതീശന് ഗൂഢ ലക്ഷ്യമെന്ന് പി വി അന്‍വര്‍ ആരോപിച്ചതിന് പിന്നാലെ യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണത്തിലും സതീശന്‍ ആവശ്യപ്പെട്ടത് ഷൗക്കത്തിന് എതിരായ പരാമര്‍ശം അന്‍വര്‍ പിന്‍വലിക്കണമെന്നാണ്. തനിക്കെതിരായ അന്‍വറിന്റെ ആരോപണം അവിടെ നില്‍ക്കട്ടെയെന്നും അന്‍വര്‍ നയം വ്യക്തമാക്കട്ടെ എന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ആര്യാടന്‍ ഷൗക്കത്തിനെ കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന കാര്യത്തില്‍ മാറ്റമില്ലെന്നും അന്‍വറുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാളെ വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ‘എനിക്കെതിരെയും അന്‍വര്‍ ആരോപണമുന്നയിച്ചു. അത് അവിടെ കിടക്കട്ടെ, അത് പിന്‍വലിക്കണമെന്നുമില്ല. പക്ഷേ സ്ഥാനാര്‍ത്ഥിക്കെതിരായ പരാമര്‍ശം പിന്‍വലിക്കണമെന്നതില്‍ മാറ്റമില്ലെന്നും’ അദ്ദേഹം വ്യക്തമാക്കി.
‘യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കണമോ വേണ്ടയോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നാണ് ഏറ്റവും എളിമയോടെയും വിനയത്തോടെയും പറഞ്ഞത്. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചാല്‍ യു.ഡി.എഫിന്റെ തീരുമാനം അപ്പോള്‍ പറയാം. ആദ്യം മുതല്‍ക്കെ ഇതല്ലാതെ ഞങ്ങളുടെ കൂട്ടത്തിലുള്ള ആരെങ്കിലും ആരെയെങ്കിലും പ്രകോപിപ്പിച്ചു കൊണ്ട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.
എന്നെക്കുറിച്ച് അദ്ദേഹം പറയുന്നതില്‍ ഒരു കുഴപ്പവുമില്ല. ഈ വിഷയം മാത്രമല്ല തിരഞ്ഞെടുപ്പിലുള്ളത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യു.ഡി.എഫിലെ എല്ലാ നേതാക്കളും പരസ്പരം കൂടിയാലോചന നടത്തിയാണ് തീരുമാനിക്കുന്നത്. നാളെ വൈകിട്ടോടെ തീരുമാനം എടുക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് എല്ലാവരുമായി ആലോചിച്ചാണ്.
എനിക്കെതിരെ പറഞ്ഞതൊന്നും പിന്‍വലിക്കേണ്ട. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്നു മാത്രം അദ്ദേഹം വ്യക്തമാക്കിയാല്‍ മതി.’
സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ അന്‍വര്‍ തയ്യാറാകണം എന്നതാണ് യുഡിഎഫിന്റെ ആവശ്യം. എന്നാല്‍, ഈ ഉപാധി അന്‍വര്‍ തള്ളിയെന്നും ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അന്‍വറിനെ പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചുവെന്നും സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആര്യാടന്‍ ഷൗക്കത്തിനെതിരായ പ്രസ്താവനകള്‍ പി.വി. അന്‍വര്‍ തിരുത്തിയാല്‍ തൊട്ടടുത്ത മണിക്കൂറുകളില്‍ യുഡിഎഫ് അസോഷ്യേറ്റ് അംഗമാക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അന്‍വര്‍ കടുത്ത നിലപാട് തുടര്‍ന്നാല്‍ അവഗണിച്ചു മുന്നോട്ടുപോകും. തിരുത്താതെ സഹകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും അന്‍വര്‍ മര്യാദ കാണിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പറഞ്ഞിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനം എടുക്കുമെന്ന് സണ്ണി ജോസഫ് ഏറ്റവും ഒടുവില്‍ ആവര്‍ത്തിക്കുകയും ചെയ്തു.
യഥാര്‍ഥത്തില്‍, ഷൗക്കത്തിന് പുറമേ വി ഡി സതീശന് എതിരെ കൂടി പരസ്യ നിലപാട് സ്വീകരിച്ച അന്‍വര്‍ കാര്യങ്ങള്‍ വഷളാക്കിയിരിക്കുകയാണ്. പന്ത് അന്‍വറിന്റെ കോര്‍ട്ടിലേക്ക് ഇട്ടിട്ടും അത് കണ്ടില്ലെന്ന് നടിക്കാതെ വിലപേശല്‍ തുടരുകയാണ്. ലീഗ് ഇടപെട്ട് കെ സി വേണുഗോപാലുമായി ചര്‍ച്ചയ്ക്ക് കളമൊരുക്കിയെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടക്കാതെ പോയി. ആര്യാടന്‍ ഷൗക്കത്തിനും പ്രതിപക്ഷനേതാവിനും എതിരെ നടത്തിയ പ്രസ്താവനകള്‍ തിരുത്തി, യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കാതെ മുന്നോട്ടുപോകാന്‍ ആവില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.
അതിനിടെ, കോണ്‍ഗ്രസില്‍ ഭിന്നതകളില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. കുറച്ചൊക്കെ അഭിപ്രായ സ്വാതന്ത്ര്യം കൊടുക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത തകര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പിഎസി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കൂടാനാഗ്രഹിക്കുന്നവരെയെല്ലാം കൂടെക്കൂട്ടാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിലെ അനിശ്ചിതത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി. എല്ലാം ശുഭമായി പര്യവസാനിക്കും. പിണറായിയെ താഴെയിറക്കുക എന്നതാണ് ഇപ്പോള്‍ കേരളത്തില്‍ എല്ലാവരുടേയും ലക്ഷ്യം. ആ ലക്ഷ്യം വരുമ്പോള്‍ വിശാല ലക്ഷ്യത്തിന്റെ മുമ്പില്‍ കൊച്ചു കൊച്ചു പരിഭവങ്ങള്‍ക്കോ പിണക്കങ്ങള്‍ക്കോ എന്ത് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ എ സുകു പ്രതികരിച്ചു. അപമാനിതരായി യുഡിഎഫിന് പിന്നാലെ നടക്കാനില്ലെന്നും സുകു പ്രതികരിച്ചു. പ്രവര്‍ത്തകരുടെ വികാരമാണ് പ്രധാനമെന്നും സുകു കൂട്ടിച്ചേര്‍ത്തു. അനന്തമായി പ്രശ്നം നീട്ടികൊണ്ടുപോകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് വൈകീട്ട് ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂരില്‍ അന്‍വറിന്റെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ മണ്ഡലത്തില്‍ ഉയര്‍ത്തുന്നുണ്ട്.
സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ മഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കനത്ത മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളൾക്ക് അതതു കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അവധി. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
എട്ട് ജില്ലകളിലാണ് വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച റെഡ് അലേർട്ടാണ്.
ബെന്നി അഗസ്റ്റിൻ
കാർഡിഫ് : യുകെയിലെ ആദ്യകാല അസ്സോസിയേഷനായ കാർഡിഫ് മലയാളി അസോസിയേഷൻ മെയ് 25ന് വാർഷിക പൊതുയോഗം നടത്തുകയും അടുത്ത രണ്ട് വർഷത്തേക്ക് സംഘടന നയിക്കുവാനുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റ് ബിജു പോൾ സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറർ ബിനോ ആന്റണി, വൈസ് പ്രസിഡന്റ് ബിന്ദു അജിമോൻ, ജോയിന്റ് സെക്രട്ടറി ജോസ്‌മോൻ ജോർജ്, ജോയിന്റ് ട്രഷറർ ജോസ് കൊച്ചാപ്പള്ളി, ആർട്സ് സെക്രട്ടറി സുമേഷൻ പിള്ള, സ്പോർട്സ് സെക്രട്ടറി ടോണി ജോർജ്എന്നിവർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി ബെന്നി അഗസ്റ്റിൻ, സജി അഗസ്റ്റിൻ, ജിനോ ജോർജ്, ആൽബിൻ സേവിയർ, നിതിൻ സെബാസ്റ്റ്യൻ, എന്നിവരും വനിത പ്രതിനിധിയായി ദേവിപ്രഭ സുരേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.
പൊതുയോഗത്തിൽ വച്ച് സെക്രട്ടറി ബിനോ ആന്റണി കഴിഞ്ഞ ഒരുവർഷത്തെ റിപ്പോർട്ട് വായിക്കുകയും, അതുപോലെ ആർട്സ് സെക്രട്ടറി ബെന്നി അഗസ്റ്റിൻ, സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി എന്നിവരും റിപോർട്ടുകൾ അവതരിപ്പിച്ചു. 21 വർഷം പൂർത്തിയാക്കിയ കാർഡിഫ് മലയാളി അസോസിയേഷൻ സുവനീയർ ‘വർണം’ പ്രസിഡന്റ് ജോസി മുടക്കോടിലും സെക്രട്ടറി ബിനോ ആന്റണിയും കൂടി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ ആയിരുന്ന സുമേഷൻ പിള്ള ജോസി മുടക്കോടിലിന് സുവനീയറിന്റെ ആദ്യത്തെ കോപ്പി നൽകി. ഈ വർഷം കുട്ടികൾക്കായി നടത്തിയ ആർട് ഡേ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും നടത്തി.
ബിജു പോളിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ കമ്മിറ്റി സിഎം എ എന്ന വലിയ കൂട്ടായ്‌മ്മയെ മറ്റോരു തലത്തിലേക്ക് ഉയർത്തുവാൻ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തു. വരും വർഷങ്ങളിൽ അസോസിയേഷൻ അംഗങ്ങളുടെ ജനസേവനപരമായ സേവനം മുൻ നിറുത്തി മുന്നോട്ട് പോകുമെന്ന് പുതിയ നേതൃത്വം അഭിപ്രായപ്പെട്ടു.
നോട്ടിംഗ്ഹാം: ചിയേഴ്സ് ക്രിക്കറ്റ് നോട്ടിംഗ്ഹാം സംഘടിപ്പിച്ച ആദ്യത്തെ ഓൾ UK മലയാളി T10 ക്രിക്കറ്റ് ടൂർണമെന്റ് വലിയ ആവേശത്തോടെയും, വിജയകരമായ സംഘാടനത്തോടെയും നിറവേറ്റി. ബ്രിട്ടനിലെ പല സ്ഥലങ്ങളിൽ നിന്നുമെത്തിയ എട്ട് ടീമുകൾക്കിടയിൽ തികച്ചും ഉത്സാഹപരമായ മത്സരങ്ങളാണ് അരങ്ങേറിയത്.
Gully Cricket ആണ് ടൂർണമെന്റിന്റെ ചാമ്പ്യന്മാരായ് കിരീടം ചൂടിയത്. First Call 247 നൽകുന്ന £1000 ക്യാഷ് പ്രൈസും, Sangeeth Restaurant (Leicester) നൽകുന്ന ട്രോഫിയും വിജയികൾക്കായി സമ്മാനമായി. Cheers Red ടീം റണ്ണർസ്‌അപ്പായി. Focus Finsure നൽകുന്ന £500 ക്യാഷ് പ്രൈസും ട്രോഫിയും അവർക്ക് ലഭിച്ചു.
പരിപാടിയെ മനോഹരമാക്കുന്നതിൽ പ്രത്യേക പങ്കുവഹിച്ചത് Sangeeth Restaurant നൽകിയ രുചിയേറിയ ഭക്ഷണവും, മറ്റ് ട്രോഫികളും ആയിരുന്നു. കൂടാതെ, D Star Music (അനീഷ്കുട്ടി നാരായൺ) ഒരുക്കിയ ഡിജെ സംവിധാനവും, സംഗീതവിരുന്നും എല്ലാവർക്കും പുതുമയുള്ള അനുഭവമായിത്തീരുകയും ചെയ്തു.
ടൂർണമെന്റ് ഉദ്ഘാടനം Gedling Ward ലെ കൗൺസിലർ ജെനി ഹോളിംഗ്സ്വർത്ത് നിർവഹിച്ചു. ചടങ്ങിൽ Ideal Solicitors എന്ന ടീം സ്‌പോൺസറിലെ ജോബി പുതുക്കുളങ്ങരയുടെ സാനിധ്യവും ഉണ്ടായിരുന്നു.
മഴയും, ഗ്രൗണ്ട് സജ്ജീകരണത്തിലെ വെല്ലുവിളികളും അതിജീവിച്ചാണ് പരിപാടി വിജയകരമായി പൂർത്തിയാക്കാനായത്. ഇത് ഒരു വലിയ നേട്ടമായാണ് താനും കാണുന്നതെന്ന് ടീം ചെയർമാനും ക്യാപ്റ്റനുമായ അശ്വിൻ കക്കനാട്ട് ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
മത്സരങ്ങൾ മുഴുവൻ കാണികൾക്ക് ക്രിക്കറ്റ് ഉത്സവം തന്നെയായിരുന്നു. തികച്ചും മികച്ച ബാറ്റിംഗും, ബൗളിംഗും, അതിശയിപ്പിക്കുന്ന ഫീൽഡിംഗുമാണ് ടൂർണമെന്റിനെ നിറച്ചത്.
Cheers Cricket Nottingham എന്ന ടീമിന്റെ സ്ഥാപകനും, സംഘാടകനുമായ അശ്വിൻ കക്കനാട്ട് ജോസും, സെക്രട്ടറി എബിൾ ജോസഫും, ടീം മാനേജർ നിഥിൻ സൈമണും, മറ്റ് പ്രവർത്തകരും എല്ലാ ടീമുകൾക്കും, സപ്പോർട്ടർമാർക്കും, സഹകരിച്ച എല്ലാവർക്കും അവരുടെ ഹൃദയപൂർവ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു