Latest News

കര്‍ണാടകയിലെ കോളജില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അസിസ്റ്റന്റ് പ്രൊഫസറെയും സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തു.

ബംഗളൂരു കനക്പുര നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ സന്താനം സ്വീറ്റ് റോസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എം സുജാത എന്നിവരെയാണ് ദയാനന്ദ സാഗര്‍ സര്‍വകലാശാല റജിസ്ട്രാര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

അനാമിക കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി.

കോളജ് അധികൃതരില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് കോളജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നതായും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

അനാമികയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ബംഗളൂരു ഹാരോഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

കലൂര്‍ സ്റ്റേഡിയത്തിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഹോട്ടലിലെ ജീവനക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. കലൂര്‍ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഇഡ്ഡലി കഫേയിലാണ് പൊട്ടിത്തെറി ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.

നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗാലന്‍ഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡിഷ സ്വദേശി കിരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ടുപേരെ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ ലിസി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഉ​ഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹോട്ടലിലെ ​ചില്ലുകളടക്കം പൊട്ടുകയും പല സാധനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച സുമിത്തിന്റെ തലയ്ക്ക്‌ ​ഗുരുതരമായി പരിക്കേൽക്കുകയും ചൂട് വെള്ളം വീണ് പൊള്ളൽ ഏൽക്കുകയും ചെയ്തിരുന്നു. അതീവ​ഗുരുതരമായ സാഹചര്യത്തിലാണ് സുമിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അടുക്കള ഭാഗത്ത് ജോലിചെയ്തിരുന്നവര്‍ക്ക് മാത്രമാണ് പരിക്കേറ്റത്. എന്നാല്‍, സമീപത്തെ കടയിലേക്ക് തീ പടരുകയോ മറ്റാളുകള്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ സമീപത്തെ കടകള്‍ അടച്ചിട്ടുണ്ട്.

അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത് കൈകാലുകളില്‍ വിലങ്ങുവച്ചെന്ന് വെളിപ്പെടുത്തല്‍. യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിച്ചിരുന്നുവെന്നും ലാന്‍ഡിങിന് ശേഷമാണ് ഇവ നീക്കിയതെന്നുമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

‘യാത്രയിലുടനീളം ഞങ്ങളുടെ കൈകളും കാലുകളും വിലങ്ങുകള്‍ കൊണ്ട് ബന്ധിച്ചു. ഇവ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് നീക്കിയത്’ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള ജസ്പാല്‍ സിങ് വെളിപ്പെടുത്തി.

ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല. ഞങ്ങളെ മറ്റൊരു ക്യാംപിലേക്ക് മാറ്റുന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തങ്ങളെ ഇന്ത്യയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞുവെന്നും ജസ്പാല്‍ സിങ് വ്യക്തമാക്കി.

നിയമപരമായി യുഎസിലേക്ക് കടക്കാനാണ് ശ്രമിച്ചതെന്നും അതിന് വേണ്ടിയുള്ള വിസയ്ക്കായി സമീപിച്ച ഏജന്റ് വഞ്ചിക്കുകയായിരുന്നുവെന്നും ജസ്പാല്‍ പറയുന്നു. 30 ലക്ഷത്തിന്റെ ഡീലാണ് നടത്തിയത്. കടം വാങ്ങിയ പണമാണ് ഇതിനായി ചെലവഴിച്ചത്. തിരിച്ചയച്ചതോടെ ഭാവിയില്‍ കണ്ട സ്വപ്നങ്ങള്‍ തകര്‍ന്നെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

40 മണിക്കൂറോളം തങ്ങളുടെ കൈയ്യിലും കാലിലും വിലങ്ങുവെച്ചെന്ന് രാജ്യത്ത് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശി ഹര്‍വീന്ദര്‍ സിങ് പറഞ്ഞു. സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ സാധിച്ചില്ല. നിരന്തരമായ അഭ്യര്‍ഥനകള്‍ക്ക് ശേഷമാണ് വാഷ്‌റൂമിലേക്ക് പോകാന്‍ അനുവദിച്ചത്. ശാരീരികമായി മാത്രമല്ല മാനസികമായും ബുദ്ധിമുട്ടേറിയ യാത്രയായിരുന്നെന്നും ഹര്‍വീന്ദര്‍ പറഞ്ഞു.

യുഎസില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ദുഖകരമാണ്. 2013 ല്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയോട് മോശമായി പെരുമാറിയതിനെതിരെ അന്നത്തെ യുപിഎ സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചതിനാല്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ ഖേര വ്യക്തമാക്കി.

ഇന്ത്യക്കാരെ വിലങ്ങുവെച്ചാണ് കൊണ്ടുവന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ആദ്യം പുറത്തുവന്ന ചിത്രങ്ങള്‍ ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയവരുടേതാണെന്ന് പിഐബി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമൃത്സറില്‍ ഇറങ്ങിയവരുടെ ചിത്രങ്ങളും പ്രതികരണങ്ങളും വന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ് സൈനിക വിമാനം സി-17 ബുധനാഴ്ചയാണ് പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങിയത്. ഉച്ചയോടെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്. പഞ്ചാബില്‍ നിന്ന് 30 പേര്‍, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 33 പേര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതം, ചണ്ഡീഗഢില്‍ നിന്ന് രണ്ട് പേരുമാണ് എത്തിയത്. 205 അനധികൃത കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്.

റോയ് തോമസ്

എക്സിറ്റർ: ഇൻഡ്യയിൽ ആയിരുന്നപ്പോൾ ഡ്രൈവിങ് തീർത്തും ഒരു നിസ്സാരമായ സംഗതിയായി കണ്ടിരുന്നെങ്കിൽ ഇംഗ്ലണ്ടിലെത്തിയപ്പോഴാണ് ഡ്രൈവിങ്ങും ഡ്രൈവിങ് പഠനവും എത്രയധികം ഗൗരവകരമാണെന്ന് നമുക്ക് പലർക്കും മനസ്സിലായത്. പലരുടെയും അനുഭവത്തിൽ അവരുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ടെസ്റ്റ് ഏത് എന്നു ചോദിച്ചാൽ ഇംഗ്ലണ്ടിലെ ഡ്രൈവിങ് ടെസ്റ്റ് എന്ന കടമ്പ കടന്നു കൂടിയാതാണെന്ന് അവർ ഉറപ്പായും പറയും.

ഒരു കാർ ഡ്രൈവിങ് ടെസ്റ്റ് കടന്നുകൂടുവാൻ ബുദ്ധിമുട്ടിയവരോട് ട്രെക്ക് ഡ്രൈവർ ആകുക എന്നതിനെ എങ്ങനെ നോക്കി കാണും. സംശയമില്ല അതു അഭ്ഭുതം തന്നെയായിരിക്കും. എന്നാൽ ഇംഗ്ലണ്ടിൽ ട്രക്ക് ഡ്രൈവിങ് ടെസ്റ്റ് പാസ്സായി യൂറോപ്യൻ നിരത്തുകളിലുടെ പായുന്ന മലയാളി ഡ്രൈവന്മാരുടെ എണ്ണം ഇന്ന് ഇരുന്നൂറിലധികമായി കഴിഞ്ഞു. റോഡിലെ രാജാക്കന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ഡ്രക്കുകളുടെ ഡ്രൈവന്മാരായ ഈ മലയാളികൾ നമുക്ക് അഭിമാനം തന്നെ.

ഏതു നാട്ടിലെത്തിയാലും അവിടുത്തെ സംസ്കാരത്തെ ബഹുമാനിച്ച് ആ നാട്ടുകാരുടെ പ്രിയപ്പെട്ടവരാകുന്ന മലയാളി കുടിയേറ്റ മാതൃകയെന്നപ്പോലെ അവിടുത്തെ ഏതു തൊഴിൽ മേഖലയിലും കടന്നു കയറി വെന്നിക്കൊടി പാറിക്കുന്ന മലയാളിയുടെ സ്വന്തസിദ്ധമായ കഴിവ് തന്നെയാണ് ഇവിടെയും നമ്മൾ കാണുന്നത്.

അസ്സോസ്സിയേഷനും കൂട്ടായ്മയും ഇല്ലാത്ത മലയാളിയെ നമുക്ക് ഒരു പ്രവാസ നാട്ടിലും കണ്ടെത്തുക പ്രയാസമായിരിക്കും. ഇംഗ്ലണ്ടിലും മലയാളി ട്രക്ക് ഡ്രൈവറന്മാരും അത് തിരുത്തുവാൻ തയ്യാറല്ല. അവരുടെ കൂട്ടായ്മയായ Malayali Truck Drivers United Kingdom അംഗങ്ങൾ ഈ മാസം 7, 8, 9 തീയതികളിൽ പീക്ക് ഡിസ്ട്രിക്ടിലെ തോര്‍ഗ്ബ്രിഡ്ജ് ഔട്ട്ഡോര്‍ സെന്ററില്‍ ഒത്തു ചേരുകയാണ്.

ഇംഗ്ലണ്ടിലെത്തിയ മലയാളികളെ കൂടുതലായി ഈ തൊഴിൽ മേഖലയിലേക്ക് കടന്നു വരുവാൻ വേണ്ട സഹായങ്ങൾ ചെയ്യുവാനുള്ള പദ്ധതികൾ അസൂത്രണം ചെയ്യുന്നതിനുള്ള ചർച്ചകളും സംഘടിപ്പിക്കുന്നതാണ്.
വാരാന്ത്യത്തിൽ നടക്കുന്ന ത്രിദിന മൂന്നാമത് മലയാളി ട്രക്ക് ഡ്രൈവേഴ്സ് കൂടംബ കൂട്ടായ്മ വിജയകരമായിരിക്കുമെന്ന് ഭാരവാഹികൾ പ്രതീക്ഷിക്കുന്നു.

റോമി കുര്യാക്കോസ്

യു കെ: കൊച്ചി – യു കെ ഡയറക്റ്റ് വിമാന സർവീസുകൾ നിർത്തലാക്കുന്നത് പുനപരിശോധിക്കണമെന്നും 5 ലക്ഷത്തോളം വരുന്ന ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒ ഐ സി സി (യു കെ)യും യു ഡി എഫ് എം പിമാരും നടത്തിയ ഇടപെടലുകൾ ഫലം കണ്ടു. പല കോണുകളിൽ നിന്നുമുള്ള സമ്മർദ്ദം മൂലം കൊച്ചി – യു കെ വിമാന ഡയറക്റ്റ് സർവീസുകൾ നിർത്തലാക്കുന്ന തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറുന്നതിനും സർവീസുകൾ പുനരാരംഭിക്കുന്നതിനുമുള്ള നടപടികൾ എയർ ഇന്ത്യ തുടങ്ങി. വിമാന സർവീസുകൾ തടസ്സം കൂടാതെ നടത്തുന്നതിനും കാലക്രമേണ കൂടുതൽ സർവീസുകൾ ഈ റൂട്ടിൽ ലഭമാക്കുന്നതിനുമായുള്ള പാക്കേജ് നിർദേശങ്ങൾ സിയാൽ എംഡി എസ് സുഹാസ് എയർ ഇന്ത്യ ഗ്രൂപ്പ്‌ തലവൻ എസ് ബാലാജിക്ക്‌ കൈമാറി. ചില സാങ്കേതിക അനുമതികൾക്ക് ശേഷം സർവീസുകൾ തുടരുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

കോവിഡ് തുടക്ക കാലത്ത് ആരംഭിച്ച കൊച്ചി – യു കെ എയർ ഇന്ത്യ ഡയറക്റ്റ് വിമാന സർവീസുകൾ മാർച്ച്‌ 28ന് ശേഷം നിർത്തലാക്കുന്നു എന്ന അറിയിപ്പ് ഞെട്ടലോടെയായിരുന്നു യു കെയിലെ മലയാളി സമൂഹത്തിന്റിടയിൽ പടർന്നത്‌. വാർത്ത പരന്ന ഉടനെ ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. പ്രതിവാരം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന വിമാന സർവീസുകൾ നിർത്തലാക്കുന്നത് പുനപരിശോധിക്കണമെന്നും പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നും അഭ്യർത്ഥിച്ചുകൊണ്ടുള്ള നിവേദനം എയർ ഇന്ത്യ സിഇഒ & എംഡി വിൽസൻ ക്യാമ്പൽ, യു കെയിൽ ബഹു. വ്യോമയാന മന്ത്രി മൈക്ക് കെയ്ൻ, ഇന്ത്യൻ ഹൈകമ്മീഷൻ ഓഫീസ്, ബോൾട്ടൻ സൗത്ത് & വാക്ക്ഡൻ എം പി യാസ്മിൻ ഖുറേഷി എന്നിവർക്ക് ഒ ഐ സി സി (യു കെ) നൽകി. ഇന്ത്യ ഗവണ്മെന്റിന്റെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു രാംമോഹൻ നായ്ഡു, ജനപ്രതിനിധികളുടെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ടുള്ള എം പിമാരായ രാഹുൽ ഗാന്ധി, കെ സുധാകരൻ, ഫ്രാൻസിസ് ജോർജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്കും ഒ ഐ സി സി (യു കെ) കൈമാറിയിരുന്നു. നാഷണൽ കമ്മിറ്റിക്ക്‌ വേണ്ടി ദേശീയ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യുസിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉറപ്പു നൽകികൊണ്ട്‌ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി, ഒ ഐ സി സി (യു കെ) ക്ക്‌ മറുപടി കത്തും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കേന്ദ്ര വ്യോമയാന മന്ത്രിക്കും നൽകിയിരുന്നു. ഇപ്പോൾ ഗാറ്റ്വിക്കിൽ അവസാനിക്കുന്ന എയർ ഇന്ത്യ വ്യോമ സർവീസ് ബർമിങ്ഹാം / മാഞ്ചസ്റ്റർ എയർപോർട്ടുകൾ വരെ നീട്ടണമെന്ന ഓ ഐ സി സി (യു കെ)യുടെ ആവശ്യവും കെ സുധാകരൻ എംപി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറിയിരുന്നു. യു ഡി എഫ് എം പിമാരായ ഹൈബി ഈഡൻ കേന്ദ്ര വ്യോമയാന മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയും നിവേദനം സമർപ്പിക്കുകയുമുണ്ടായി. എം പിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, എം കെ രാഘവൻ, ആന്റോ ആന്റണി എന്നിവരും പിന്തുണ അറിയിച്ചു രംഗത്തെത്തിയിരുന്നു.

നേരത്തെ, എയർ ഇന്ത്യ വിമാന സർവീസുകളുടെ തുടർച്ചയായ റദ്ദാക്കലുകളും തന്മൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കട്ടി ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി നൽകിയ നിവേദനവും അധികൃതരുടെ പരിഗണനയിലാണ്.

കുട്ടികൾ, പ്രായമായവർ, രോഗാവസ്ഥയിൽ ഉള്ളവർ, സ്കൂൾ തുറക്കുന്ന സമയത്ത് യാത്രചെയ്യുന്നവർ എന്നിങ്ങനെ വളരെയേറെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനത്തിൽ എയർ ഇന്ത്യ അധികൃതർ നടത്തിയ പുനർവിചിന്തണം യു കെയിലെ മലയാളി സമൂഹത്തിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

ഒ ഐ സി സി (യു കെ) യുടെയും യു ഡി എഫ് എംപിമാരുടെയും സമയബന്ധിതമായ ഇടപെടലുകൾ പ്രവാസി ലോകത്ത് വലിയ അംഗീകാരത്തിനും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

പ്രശ്നപരിഹാരത്തിനായി ഇടപെടുകയും പിന്തുണ അറിയിച്ച എല്ലാവർക്കും പ്രത്യേകിച്ച് ബഹു. വ്യോമയാന മന്ത്രി മൈക്ക് കെയ്ൻ, ആഷ്ഫോർഡ് എം പി സോജൻ ജോസഫ്, കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു രാംമോഹൻ നായ്ഡു, എം പിമാരായ കെ സുധാകരൻ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, ആന്റോ ആന്റണി, എം കെ രാഘവൻ, ഫ്രാൻസിസ് ജോർജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം പി യാസ്മിൻ ഖുറേഷി എന്നിവരോട് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ പേരിൽ ദേശീയ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് നന്ദി അറിയിച്ചു.

അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം ഇന്ത്യയിലെത്തി. 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യു.എസ് യുദ്ധവിമാനം സി 17 പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് ഇറങ്ങിയത്.

ടെക്സസിലെ സാന്‍ ആന്റോണിയോ വിമാനത്താളവത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. പഞ്ചാബില്‍ നിന്നുള്ള ആളുകളാണ് ആദ്യ വിമാനത്തിലെ യാത്രക്കാരില്‍ അധികവും.

അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആളുകളുടെ രേഖകള്‍ പരിശോധിക്കുന്നതിനും മറ്റുമായി പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. ആവശ്യമായി പരിശോധനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ വിമാനത്താവളത്തില്‍ നിന്ന് പോകാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. അനധികൃത കുടിയേറ്റക്കാരെ കയറ്റി തിരിച്ചയക്കുന്നതില്‍ അമേരിക്കയില്‍ നിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണ് ഇന്ത്യ.

അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് അനധികൃതമായി കുടിയേറിയ ആളുകളുമായി പോയത്.

ഇതില്‍ നാലു വിമാനങ്ങള്‍ ഗ്വാട്ടിമാലയില്‍ ഇറങ്ങി. കോളംബിയയിലെത്തിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് അവരുടെ വിമാനം അയച്ചാണ് കുടിയേറ്റക്കാരെ തിരിച്ചെത്തിച്ചത്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍, 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയില്‍ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും പറയപ്പെടുന്നു.

വെള്ളറടയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രദീപ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾക്ക് 28 വയസാണ് പ്രായം.

മെഡിക്കൽ വിദ്യാർത്ഥിയാണ് പ്രദീപ് എന്നാണ് വിവരം. ചൈനയിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ് വിവരം. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്.

ഒന്നാം വർഷ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ബെംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) യെയാണ് ബെംഗളൂരു ഹരോ ഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രി പത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചഭക്ഷണം കഴിക്കാൻ കാണാത്തതിനെ തുടർന്ന് സഹപാഠികൾ ഹോസ്റ്റൽ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അനാമിക അടുത്തിടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സഹപാഠികൾ ഹരോഹള്ളി പൊലിസിനു മൊഴി നൽകിയിട്ടുണ്ട്. കോളജ് അധികാരികളുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് സഹപാഠികളായ വിദ്യാർഥികൾ കോളജിനു മുൻപിൽ പ്രതിഷേധിച്ചതായും റിപ്പോർട്ടുണ്ട്.

കോളജ് അധികൃതരുടെ മാനസിക പീഡനമാണ് മരണകാരണം എന്നാരോപിച്ച് അനാമികയുടെ ബന്ധുകൾ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിനു ഹരോഹള്ളി പൊലിസ് കേസെടുത്തു. മുഴപ്പിലങ്ങാട് കുളം കടവിനു സമീപം ഗോകുലത്തിൽ വിനീത്, ഐശ്വര്യ ദമ്പതികളുടെ മകളാണ് അനാമിക. സഹോദരൻ വിനായക്.

ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പി-മാര്‍കിന്റെ എക്സിറ്റ് പോളില്‍ ബി.ജെ.പി.ക്ക് 39 മുതല്‍ 49 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ആം ആദ്മി പാര്‍ട്ടിക്ക് 21 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റ് വരെ ലഭിച്ചേക്കാമെന്നും പി-മാര്‍ക് പ്രവചിക്കുന്നു.

മാട്രിസ് എക്സിറ്റ് പോളില്‍ ബിജെപിക്ക് 35 മുതല്‍ 40 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ആം ആദ്മിക്ക് 32 മുതല്‍ 37 വരെ സീറ്റുകളും കോണ്‍ഗ്രസിന് ഒരു സീറ്റും മാട്രിസ് പ്രവചിക്കുന്നു.

ജെവിസിയുടെ എക്സിറ്റ് പോള്‍ ഫലത്തിലും ബിജെപി മുന്നേറ്റമെന്നാണ് വ്യക്തമാക്കുന്നത്. ബിജെപിക്ക് 39 മുതല്‍ 45 വരെ സീറ്റുകളാണ് ജെവിസി പ്രവചിക്കുന്നത്. ആം ആദ്മിക്ക് 22 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ട് സീറ്റ് വരെയും ജെവിസി പ്രവചിക്കുന്നു.

ചാണക്യ സ്ട്രാറ്റജീസിന്റെ എക്സിറ്റ് പോളും ബിജെപിക്ക് അനുകൂലമാണ്. 39 മുതല്‍ 44 വരെ സീറ്റുകളില്‍ ബിജെപി വിജയിച്ചേക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. 25 മുതല്‍ 28 വരെ സീറ്റുകളാണ് ആം ആദ്മിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും ചാണക്യ സ്ട്രാറ്റജീസ് എക്സിറ്റ് പോളില്‍ ചൂണ്ടിക്കാണിക്കുന്നു.

പീപ്പിള്‍സ് സര്‍വേയില്‍ ബിജെപിക്ക് 51 മുതല്‍ 60 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് പറയുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 10 മുതല്‍ 19 വരെയും പ്രവചിക്കുന്ന സര്‍വേ ഫലം കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും പറയുന്നു.

ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയാറാണെന്ന നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ച കഴിഞ്ഞദിവസം ആരംഭിച്ചതിനു പിന്നാലെയാണു ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇതു ചർച്ചകളെ പ്രതികൂലമായി ബാധിച്ചേക്കും.

‘ഗാസയെ യുഎസ് ഏറ്റെടുക്കും. അതിന്റെ പുനർനിർമാണവും നടത്തും. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിർവീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും ഞങ്ങൾ തയാറാണ്. തൊഴിലുകളും പുതിയ ഭവനങ്ങളും യുഎസ് ഗാസയിൽ സൃഷ്ടിക്കും. മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാൻ ഈ ആശയം പങ്കുവച്ച എല്ലാവർക്കും ഇത് വലിയ ഇഷ്ടമായി. ഗാസയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അവിടേക്ക് അയയ്ക്കേണ്ടി വന്നാൽ അതും ചെയ്യും’–ട്രംപ് പറഞ്ഞു.

പലസ്തീൻ പൗരന്മാർ ഗാസയിൽനിന്ന് ഈജിപ്തിലേക്കോ ജോർദാനിലേക്കോ പോകണമെന്ന തന്റെ മുൻ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ട്രംപ്. ഗാസയുടെ പുനരധിവാസം നടപ്പിലാക്കേണ്ടത് ഇവിടെ ജീവിച്ചു മരിച്ചവരും യുദ്ധം ചെയ്തവരുമല്ലെന്നും ട്രംപ് പറഞ്ഞു. പലസ്തീൻ പൗരന്മാരെ ഗാസയിൽനിന്നു മാറ്റണമെന്ന ട്രംപിന്റെ പ്രസ്താവനയെ നേരത്തെ തന്നെ ഈജിപ്തും ജോർദാനും ഹമാസും ഉൾപ്പെടെ തള്ളിയിരുന്നു.

അതേസമയം, ട്രംപിന്റെ തീരുമാനം തീർച്ചയായും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം എപ്പോഴും ചട്ടക്കൂടുകൾക്കു പുറത്തു ചിന്തിക്കുന്ന വ്യക്തിയാണെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി യുഎസിലെത്തിയ വിദേശ നേതാവായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Copyright © . All rights reserved