പൊതുവിദ്യാലയങ്ങളില്‍ ഓരോ വര്‍ഷവും വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ കുറയുമ്പോള്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രണ്ട് മുതല്‍ പത്താംതരം വരെയുള്ള കുട്ടികളെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) ഇല്ലാതെ ചേര്‍ക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. കുട്ടികള്‍ ഒഴിഞ്ഞുപോകുന്നത് ചെറുക്കാന്‍ ടിസി നല്‍കാത്ത ചില അണ്‍ എയ്ഡഡ് വിദ്യാലയ അധികൃതരുടെ നിലപാടിന് തിരിച്ചടിയാണ് പുതിയ ഉത്തരവ്.
രണ്ട് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്ഥാനമാക്കി പ്രവേശനം നല്‍കാമെന്നാണ് ഉത്തരവ്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തില്‍ കുട്ടികളെ ചേര്‍ക്കാം. എല്ലാ വിഷയങ്ങള്‍ക്കും വകുപ്പ് തയ്യാറാക്കുന്ന ചോദ്യക്കടലാസ് ഉപയോഗിച്ച് വിദ്യാഭ്യാസ ഓഫീസറുടെ മേല്‍നോട്ടത്തിലായിരിക്കണം പരീക്ഷയെന്നാണ് ഉത്തരവ്. കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്ത് 3,55,967 വിദ്യാര്‍ഥികളാണ് അണ്‍ എയ്ഡഡ് മേഖലയില്‍ ഒന്ന് മുതല്‍ 10 വരെയുള്ള ക്ളാസുകളിലുണ്ടായിരുന്നത്. അതില്‍ നല്ലൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളിലേക്കെത്തിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
2022-23 അധ്യയന വര്‍ഷത്തേക്കാള്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 86,752 വിദ്യാര്‍ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2024-24 അധ്യയന വര്‍ഷം എണ്ണക്കുറവ് ഒരുലക്ഷം കടന്നു-1,03,005. ഇത്തവണയും ഈ വിടവ് കൂടുമെന്ന് മുന്‍കൂട്ടി കണ്ടാണ് കുട്ടികളെ എത്തിച്ച് പൊതുവിദ്യാലയങ്ങള്‍ ശക്തമാക്കാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിയത്.
ആറാം പ്രവൃത്തി ദിനത്തിലെ കണക്കനുസരിച്ച് കഴിഞ്ഞ അധ്യയന വര്‍ഷം 3400 ക്ലാസ് ഡിവിഷനുകള്‍ ഒഴിവാക്കേണ്ടി വരുമായിരുന്നു. അതിനൊപ്പം ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ഒരു ലക്ഷത്തിന് മുകളില്‍ കുട്ടികള്‍ കുറയുന്നത് നാലായിരത്തോളം അധ്യാപക തസ്തികകളെ ബാധിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. ഓരോ വര്‍ഷവും ഒന്നാംതരത്തിലെത്തുന്ന കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ യുഡിഎഫ് ശ്രമങ്ങള്‍ തുടരും. പ്രശ്‌നപരിഹാരത്തിനായി രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയുമാണ് മുന്‍കൈയെടുക്കുന്നത്. കേരളത്തിലെ നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തട്ടെ എന്നുള്ള തീരുമാനമാണ് കെസി വേണുഗോപാല്‍ അന്‍വറിനെ കാണാന്‍ വിസമ്മതിച്ചതിന് പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ കെസിയെ വിലക്കിയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.
അന്‍വര്‍ സ്ഥാനാര്‍ഥിയെ അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്നും തൃണമൂല്‍ ദേശീയ പാര്‍ട്ടി ആയതിനാല്‍ ഇവിടെ സഖ്യം ഉണ്ടാക്കാന്‍ തടസ്സമുണ്ടെന്നും സണ്ണി ജോസഫ് പറയുന്നു. എന്നാല്‍ അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കാന്‍ മടിയില്ല. അതിന് ധൃതി വെക്കേണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍വര്‍ തിരുത്തണം എന്നുള്ളത് തന്നെയാണ് തന്റെയും വിഡി സതീശന്റേയും നിലപാട്. അന്‍വര്‍ തിരുത്തി വരണം എന്ന് തന്നെയാണ് സുധാകരന്റയും നിലപാട് എന്നും സണ്ണി ജോസഫ് പറഞ്ഞു. അന്‍വര്‍ സ്വതന്ത്രമായി മത്സരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അന്‍വറിനെ അസോസിയേറ്റ് മെമ്പറായി ഉടന്‍ പ്രഖ്യാപിക്കാന്‍ യുഡിഎഫ് ഒരുങ്ങിയേക്കും. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മുന്‍കൈയെടുത്താണ് അന്‍വറിന്റെ കാര്യത്തിലുള്ള ചര്‍ച്ച. അതേസമയം, കോണ്‍ഗ്രസിന്റെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും. ഇന്നലെ രാത്രി അന്‍വറിനെ കാണാന്‍ കെ സി വേണുഗോപാല്‍ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പ്രശ്‌ന പരിഹാരത്തിന് കെസി ഇടപെടുമെന്ന വിവരം പുറത്തുവരുന്നത്. ഇന്ന് കെസിയുമായി സംസാരിച്ചേക്കും.
പിവി അന്‍വറിനെ കൂടെ നിര്‍ത്തുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെസി വേണുഗോപാലുമായി അന്‍വര്‍ സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയാണ്. കെസി വേണുഗോപാലും വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും താനും അന്‍വര്‍ വിഷയമടക്കം പരസ്പരം സംസാരിച്ചിരുന്നു.
അന്‍വറിനെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് എല്ലാവരുടെയും നിലപാട്. കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താന്‍ നിലമ്പൂരില്‍ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വമ്പിച്ച ഭൂരിപക്ഷത്തോടെ ഷൗക്കത്തിനെ ജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. നിലമ്പൂരില്‍ മണ്ഡലം കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും.
എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഷൗക്കത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നിലമ്പൂരിലുള്ളത്. ഉപതെരഞ്ഞെടുപ്പിന്റെ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. മഴക്കാലമാണ് തെരഞ്ഞെടുപ്പ് വേണ്ടയെന്ന് വേണമെങ്കില്‍ സര്‍ക്കാരിന് ആവശ്യപ്പെടമായിരുന്നല്ലോ. പരാജയഭീതികൊണ്ടാണ് എംവി ഗോവിന്ദന്റെ ഈ ജ്വല്‍പ്പനങ്ങളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, അന്‍വര്‍ വിഷയം കോണ്‍ഗ്രസ് പരിഹരിക്കണമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അസ്വാരസ്യങ്ങള്‍ ഒഴിവാക്കണം. അന്‍വറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വിവാദങ്ങളും ഉപതിരഞ്ഞെടുപ്പില്‍ ദോഷമുണ്ടാക്കും. പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് നേതൃത്വം മുന്‍കയ്യെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ലീഗ് വിലയിരുത്തി
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച രണ്ടു പേർ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയായ വിഷ്ണു, ഷോളയൂർ സ്വദേശിയാണ് റെജില്‍ എന്നിവരാണ് അഗളി പൊലീസിൻ്റെ പിടിയിലായത്.
പിക്കപ്പ് വാഹനത്തിൻ്റെ ചില്ല് തകർത്തു എന്നാരോപിച്ചാണ് അട്ടപ്പാടി ചിറ്റൂർ ഉന്നതിയിലെ ആദിവാസി യുവാവ് സിജുവിനെ (19) വിഷ്ണുവും റെജിലും ചേർന്ന് അടിവസ്ത്രത്തില്‍ കെട്ടിയിട്ട് മർദിച്ചത്. സംഭവം വാർത്തയായപ്പോള്‍ പൊലീസ് മർദനമേറ്റ സിജുവിൻ്റെ മൊഴിയെടുക്കുകയായിരുന്നു.
അട്ടപ്പാടിയില്‍ നിന്ന് തന്നെ പ്രതികളെ പിടികൂടി. വാഹനത്തിൻ്റെ ചില്ല് തകർത്തു എന്നാരോപിച്ചാണ് യുവാവിനെ കെട്ടിയിട്ടതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. സിജു ബഹളം വെച്ചപ്പോള്‍ കെട്ടിയിടുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നും ഇവർ പൊലിസിനോട് പറഞ്ഞു.ഇരുവരും സിജുവിനെ അർധ നഗ്നനാക്കി കെട്ടിയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് നാട്ടുകാരാണ് യുവാവിനെ മോചിപ്പിച്ച് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രാഥമിക ചികിത്സ തേടി സിജു മടങ്ങി രണ്ട് ദിവസം മുൻപ് ശരീര വേദന കൂടി വിണ്ടും കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നു. പ്രതികള്‍ക്കെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അതേസമയം, സിജുവിനെ മർദിച്ചവരുടെ പരാതിയില്‍ വാഹനത്തിൻ്റെ ചില്ല് തകർത്തതിന് സിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്.
നവകേരള സദസിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.
നവകേരളസദസ്സിൽ വിവിധ വിഭാഗം ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കുവാൻ ഉള്ള അനുമതി നൽകുവാനും ചീഫ് സെക്രട്ടറി, സെക്രട്ടറി (PIE&MD), ബന്ധപ്പെട്ട ജില്ലാ കളക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ അധികാരപ്പെടുത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക.
ജെഗി ജോസഫ്
13ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന് നവ നേതൃത്വം. ബ്രിസ്റ്റോളിലെ സാമൂഹിക സേവന രംഗത്ത് സജീവമായ യുബിഎംഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ മേയ് 18ന് നടന്ന ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്ന് ഇന്നലെ സെന്റ് ഗ്രിഗറി ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന മീറ്റിങ്ങില്‍ വച്ച് നവ നേതൃത്വത്തെ തീരുമാനിക്കുകയായിരുന്നു. യുബിഎംഎ പ്രസിഡന്റായി ജോബിച്ചന്‍ ജോര്‍ജിനെ തെഞ്ഞെടുത്തു.
സെക്രട്ടറിയായി ജാക്സണ്‍ ജോസഫിനേയും ട്രഷററായി ഷിജു ജോര്‍ജിനേയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി ബിനു പി ജോണിനേയും ജോയ്ന്റ് സെക്രട്ടറിയായി സെബിയാച്ചന്‍ പൗലോയേയും ജോയിന്റ് ട്രഷററായി റെജി തോമസിനേയും പിആര്‍ഒ ആയി ജെഗി ജോസഫിനേയും തെരഞ്ഞെടുത്തു.
മറ്റ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍മാര്‍ ; ഷിബു കുമാര്‍ ,സബിന്‍ ഇമാനുവല്‍
പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ; സോണിയ റെജി, ജിബി സബിന്‍ , റെജി തോമസ്
ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ; ജെയ് ചെറിയാന്‍
ഫുഡ് കോര്‍ഡിനേറ്റേഴ്സ് ; ബിജു പപ്പാരില്‍, ജോമോന്‍ മാമച്ചന്‍, സോണി ജെയിംസ്
വുമണ്‍ കോര്‍ഡിനേറ്റേഴ്സ് ; സോണിയ സോണി
യുക്മ റെപ്രസെന്റേറ്റീവ്സ് ; റെജി തോമസ്, ഷിജു ജോര്‍ജ്
ബ്രിസ്‌ക റെപ്രസെന്റേറ്റീവ്സ് ; ജോബിച്ചന്‍ ജോര്‍ജ്, മെജോ ചെന്നേലില്‍ അടുത്തമാസം ജൂണ്‍ 21ാം തീയതി എല്ലാവര്‍ഷവും നടത്താറുള്ളതുപോലെ തന്നെ യുബിഎംഎയുടെ ബാര്‍ബിക്യൂ നടത്തും. എല്ലാവര്‍ഷത്തേയും പോലെ ഇക്കുറിയും സെപ്തംബര്‍ 6ന് ഓണാഘോഷവും ഗംഭീരമാക്കും. എല്ലാവര്‍ഷവും മൂന്നു വ്യത്യസ്ത ചാരിറ്റികള്‍ നടത്താറുള്ള യുബിഎംഎ ഈ വര്‍ഷവും ഇതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. യുബിഎംഎയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ പുതിയ നേതൃത്വത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
ഡിനു ഡൊമിനിക്, പി. ആർ.ഒ
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത് സീന മെമ്മോറിയൽ T10 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. റോംസി ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ യുകെയിലെ കരുത്തരായ എട്ട് ടീമുകളാണ് രണ്ട് ഗ്രൂപ്പുകളിൽ ആയി നടന്ന മത്സരങ്ങളിൽ ഏറ്റുമുട്ടിയത്.
മെയ് 25 ഞായറാഴ്ച രാവിലെ ഒമ്പതര മണിയോടെ ആരംഭിച്ച ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ നിർവഹിച്ചു. പ്രസിഡൻറ് എം.പി. പത്മരാജിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ സെക്രട്ടറി ജിനോയ്സ് തോമസ് സ്വാഗതം ആശംസിച്ചു. ട്രഷറർ ഷാൽമോൻ പങ്കേത്ത്, സ്പോർട്സ് കോഡിനേറ്റർമാരായ നിശാന്ത് സോമൻ, റിയാ ജോസഫ്, രക്ഷാധികാരി ഷിബു ജോൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫോക്കസ് ഫിൻഷുവർ ലിമിറ്റഡ്, കഫേ ദീവാലി, നാച്ചുറൽ ഫുഡ്സ് തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്പോൺസർമാർ.
ആദ്യമത്സരത്തിൽ ഗ്രൂപ്പ് A യിൽ എസ്.എം 24 ഫോക്സ് ഇലവൻ ബ്രഹ്മർ ദ്രവീഡിയൻസ് സാലിസ്ബെറിയെ പരാജയപ്പെടുത്തിയപ്പോൾ ഗ്രൂപ്പ് ബിയിൽ രണ്ടാമത്തെ പിച്ചിൽ നടന്ന മത്സരത്തിൽ ഗള്ളി ഓക്സ്ഫോർഡ് സ്വിണ്ടൻ സിസി യെ പരാജയപ്പെടുത്തി. ഫൈനലിൽ കേരള രഞ്ജി താരം രാഹുൽ പൊന്നന്റെ മികവിൽ 110 എന്ന കൂറ്റന്‍ സ്കോറിലേക്ക് നീങ്ങിയ എസ്.എം 24 ഫോക്സ് ഇലവൻ ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ചിരുന്നതാണ്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ആറ് ഓവറിനു ശേഷം ഇടിമിന്നലായി മാറിയ ബാബു വീട്ടിലിൻറെ മികവിൽ അത്യന്തം ആവേശകരമായി അവസാന ഓവറിൽ എൽ.ജി.ആർ വിജയം തട്ടിയെടുക്കുകയായിരുന്നു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സെമിഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട എസ്.എം 24 ഫോക്സ് ഇലവന്റെ ആദിത്യ ചന്ദ്രന് സാലിസ്ബറി മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സാബു ജോസഫും രണ്ടാം സെമിഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയ എൽ. ജി.ആർ ൻറെ പ്രെയിസൻ ഏലിയാസിന് എസ്.എം.എ വൈസ് പ്രസിഡൻറ് ലിനി നിനോയും ട്രോഫികൾ സമ്മാനിച്ചു.
മാൻ ഓഫ് ദി ഫൈനൽ ആയി തിരഞ്ഞെടുക്കപ്പെട്ട ബാബു വീട്ടിലിന് എസ്.എം.എ എക്സിക്യൂട്ടീവ് അംഗം അരുൺ കൃഷ്ണൻ, ബെസ്റ്റ് ബാറ്റ്സ്മാൻ (പ്രെയിസൻ ഏലിയാസ് – 108 runs) ബെസ്റ്റ് ബൗളർ ( ബാബു വീട്ടിൽ – 6 വിക്കറ്റ്) എന്നിവർക്ക് എസ്എംഎ ജോയിൻറ് സെക്രട്ടറി ആൻമേരി സന്ദീപ്, പി.ആർ.ഓ ഡിനു ഡൊമിനിക് എന്നിവർ ട്രോഫികൾ കൈമാറി. മികച്ച അമ്പയർമാർക്കുള്ള പുരസ്കാരങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങളായ റോഷ്ണി വൈശാഖ്, ബിബിൻ എന്നിവരും കൈമാറി.
ടൂർണമെന്റിന്റെ ജേതാക്കളായ എൽ.ജി ആറിന് മുഖ്യ സ്പോൺസർമാരായ ഫോക്കസ് ഫിൻഷുവർ ന് വേണ്ടി ജിനോയിസ് തോമസ് ട്രോഫിയും സമ്മാനത്തുകയായ ആയിരം പൗണ്ടും സമ്മാനിച്ചു. എൽ.ജി.ആർ നായകൻ കിജി സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫി രക്ഷാധികാരി ഷിബു ജോണിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങി. ടൂർണമെൻറ് റണ്ണേഴ്സ് അപ്പായ എസ്.എം 24 ഫോക്സ് ഇലവൻ ന് പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ അൻവിൻ ജോസ് ട്രോഫി സമ്മാനിച്ചപ്പോൾ കോ സ്പോൺസർമാരായ കഫെ ദീവാലി (റഷീദ്) നാച്ചുറൽ ഫുഡ്സ് (സ്റ്റെഫിൻ) എന്നിവർ സമ്മാനത്തുകയായ 500 പൗണ്ടും താരങ്ങൾക്കുള്ള മെഡലുകളും കൈമാറി.
ടൂർണമെന്റിന്റെ നെടുംതൂണായി ഏവരെയും ഏകോപിപ്പിച്ച നിഷാന്ത് സോമൻ, മിതമായ നിരക്കിൽ ഭക്ഷണം നൽകിയ ടെർമറിക് കിച്ചൻ, കളിക്കാർ, കാണികൾ തുടങ്ങിയവർക്ക് എസ്എംഎ എക്സിക്യൂട്ടീവ് ബിജു ഏലിയാസ് നന്ദി അർപ്പിച്ചു.
എസ്എംഎ യ്ക്ക് വേണ്ടി BTM ഫോട്ടോഗ്രാഫി (ബിജു മൂന്നാനപ്പിള്ളിൽ), മീഡിയ ടീം അംഗങ്ങളായ പ്രശാന്ത്, അഖിൽ ജോസഫ് തുടങ്ങിയവർ പകർത്തിയ ചിത്രങ്ങൾ കാണുവാൻ സാലിസ്ബറി മലയാളി അസോസിയേഷൻറെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ലിങ്ക് ചുവടെ,
https://www.facebook.com/share/1Ap81QKL6K/
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പത്തനംതിട്ട ഊന്നുകൽ ചേമ്പാലേത്തു വീട്ടിൽ ഷാജി വർഗീസ്(65) നിര്യാതനായി. ഭാര്യ വൽസമ്മ ഷാജി മൂലംകുന്നം (രാമങ്കരി), മക്കൾ ഷാന്റി, ഷിന്റു മരുമക്കൾ റോജൻ, അഖിൽ കൊച്ചു മക്കൾ റെയോൻ, റോൺ. ശവസംസ്കാരം പിന്നീട്. മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ജിമ്മി മൂലംകുന്നത്തിന്റെ സഹോദരി ഭർത്താവാണ് പരേതൻ.
ഷാജി വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ടോം ജോസ് തടിയംപാട്, ജോസ് മാത്യു
ഞങ്ങളുടെ യാത്രയുടെ ഏഴാം ദിവസമാണ് ജപ്പാനിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായ ചരിത്രം ഉറങ്ങുന്ന ഫുജി പർവ്വതം കാണാൻ പോയത്, 3776 മീറ്റർ ഉയരവും 100 കിലോമീറ്റർ നീളവുമുള്ള ജപ്പാനിലെ ഏറ്റവും ഉയരമുള്ള ഈ പർവ്വതം കാണാൻ ലോകത്തങ്ങോളമിങ്ങോളമുള്ള വിനോദസഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നു. പ്രകൃതിയെ ആരാധിക്കുന്ന രണ്ടു പ്രധാന മതങ്ങളായ ഷിന്ടോ ,,ബുദ്ധമതങ്ങളുടെ ആരാധനമൂർത്തി കൂടിയാണ് ഈ പർവ്വതം സൂര്യ ഭഗവാനോട് ഏറ്റവും അടുത്തു നിൽക്കുന്നു എന്നതാണ് ഈ പർവ്വതം വിശുദ്ധമാകാൻ കാരണം. ഏകദേശം ഒരു ലക്ഷം വർഷം മുൻപ് ഇവിടെ രൂപപ്പെട്ട അഗ്നിപർവ്വതത്തിൽ നിന്നാണ് ഫുജി പർവ്വതത്തിന്റെ ഉത്ഭവം. പലഘട്ടത്തിൽ ഉണ്ടായ അഗ്നിപർവ്വതത്തിന്റെ പൊട്ടിത്തെറിയിലൂടെ പതിനായിരം വർഷം മുൻപ് ഇപ്പോൾ കാണുന്ന പർവ്വതം രൂപംകൊണ്ടു എന്നാണ് പറയുന്നത് . ഓരോ പൊട്ടിത്തെറി കഴിയുമ്പോഴും പർവ്വതം വളർന്നു കൊണ്ടിരിക്കുന്നു. അവസാനം പൊട്ടിത്തെറിച്ചത് 1707 ൽ ആയിരുന്നു. അതിൽനിന്നും ഒഴുകി വന്ന ലാവകൊണ്ട് രണ്ടു ചെറിയ പർവ്വതങ്ങൾ രൂപപ്പെട്ടത് നമുക്ക് അകലെനിന്ന് നോക്കിയാൽ കാണാം . മഞ്ഞുമൂടി കിടക്കുന്ന ഈ പർവതത്തിന്റെ മുകൾ ഭാഗം കാണുക എന്നത് വളരെ അപൂർവമാണ്. ഞങ്ങൾ ചെന്ന ദിവസം നല്ല കാലാവസ്ഥയായിരുന്നതു കൊണ്ടു മഞ്ഞുമൂടി കിടക്കുന്ന ഐസ് പൊതിഞ്ഞു നിൽക്കുന്ന ഫുജി പർവ്വതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞു.
ഒരു വർഷം രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടയിൽ ആളുകൾ ഫുജി പർവ്വതത്തിൽ കയറി അനുഗ്രഹം തേടുന്നുണ്ട് . ഒരുദിവസം മുൻപ് കയറ്റം ആരംഭിച്ചാൽ മുകളിൽ എത്തി രാത്രിയിൽ അവിടെ തങ്ങി രാവിലെ സൂര്യോദയം ദർശിക്കുക എന്നതാണ് സന്ദർശകരുടെ ഉദ്ദേശം . ജപ്പാനിലെ വേനൽകാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ് പർവ്വതാരോഹോണം നടത്താൻ അനുവാദമുള്ളൂ. യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനമായ ഏതൻസിലെ അർക്കപ്പോലീസ് മലപോലെ ജപ്പാന്റെ സാംസ്‌കാരിക തലസ്ഥാനം കൂടിയാണ് ഈ പർവ്വതം. ഒട്ടേറെ സാഹിത്യകാരന്മാർ ഈ പർവ്വതത്തെ വർണ്ണിച്ചിട്ടുണ്ട്. ജപ്പാന്റെ മധ്യദേശത്തുള്ള ഹോൻഷു ദീപിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത് . ഈ പർവ്വതത്തിനു ചുറ്റും വലിയ നാലു തടാകങ്ങളുണ്ട്. അതിൽ ഏറ്റവും വലിയ തടാകമായ യമനക്ക തടാകത്തിനു അടുത്തു നിന്നാണ് മഞ്ഞണിഞ്ഞു കിടക്കുന്ന ഈ പർവ്വത റാണിയെ ഞങ്ങൾ ദർശിച്ചത്.
നമ്മുടെ ഇടുക്കി പോലെ ജപ്പാൻ നദികളും മലകളുടെയും നാടാണ് . 12955 മലകളും 21000 നദികളും അവിടെയുണ്ട് . മലകളെയും നദികളെയും സംരക്ഷിക്കുന്നതിൽ ജപ്പാൻകാരുടെ ശ്രദ്ധ എത്രമാത്രം ഉണ്ടെന്നു അറിയാൻ ഈ യാത്ര ഉപകരിച്ചു.
പിന്നട് ഞങ്ങൾ പോയത് മറ്റൊരു ദൈവ പുത്രൻ ജീവിക്കുന്ന ടോക്കിയോയിലെ രാജകൊട്ടാരത്തിലേയ്ക്കാണ് ടോക്കിയോ പട്ടണത്തിന്റെ നടുവിൽ വലിയൊരു ഉദ്യാനത്തിന് നടുവിലാണ് രാജകൊട്ടാരം സ്ഥിതിചെയ്യുന്നത് …ആദ്യ ജപ്പാൻ ചക്രവർത്തി ആയിരുന്ന ജിമ്മു സൂര്യഭഗവാന്റെ ദേവതയായ Amaterasu വിൽ നിന്നും ജന്മമെടുത്തു എന്നാണ് വിശ്വാസം. ചക്രവർത്തിയുടെ മതമായ ഷിന്ടോ മതമാണ് ജപ്പാനിലെ ഏറ്റവും വലിയ മതം. അവർ സൂര്യനെയാണ് ആരാധിക്കുന്നത്. 1946 ജപ്പാനിൽ പുതിയ ഭരണഘടന പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ജപ്പാനിലെ സർവ്വാധികാരിയും ഷിന്ടോ മതത്തിന്റെ പ്രധാന വൈദികനും ചക്രവർത്തിയും ആയിരുന്നു.. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജകീയ പരമ്പരയാണ് ജപ്പിനിലേത് എന്നാണ് പറയപ്പെടുന്നത്. 2600 വർഷത്തെ ചരിത്രം ഈ രാജ കുടുംബത്തിനുണ്ട് ബി സി 600 ആദ്യ രാജാവ് ജിമ്മു തുടങ്ങി വച്ച രാജ പരമ്പര ഇന്നും Nuruhito ചക്രവർത്തിയിലൂടെ തുടരുന്നു. ആദ്യ രാജകീയ ആസ്ഥാനം നാറയിൽ ആയിരുന്നു. പിന്നീട് ഷോഗൺ കാലഘട്ടത്തിൽ കൊയോട്ടയിൽ ആയിരുന്നു ആസ്ഥാനം. 1868 ൽ കൊയോട്ടയിൽ വച്ച് രാജാവിനെ അപ്രസക്തമാക്കി ഭരിച്ചിരുന്ന സമുറായികളിൽ നിന്നും രാജാവ് അധികാരം തിരിച്ചു വാങ്ങി. 1869 ൽ ആസ്ഥാനം ടോക്കിയോവിലേക്കു മാറ്റുകയും ടോക്കിയോ ജപ്പാന്റെ തലസ്ഥാനമായി മാറുകയും ചെയ്തു.
രണ്ടാം ലോക മഹായുദ്ധത്തിലേയ്ക്ക് അനാവശ്യമായി ജപ്പാനെ നയിച്ച് 2 .85 മില്യൺ ആളുകളെ കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അന്നത്തെ രാജാവ് Hirohito സ്ഥാനത്യാഗം ചെയ്യണമെന്നും ജപ്പാൻ ജനതയോട് ക്ഷമ പറയണമെന്നും ശക്തമായ ആവശ്യം ഉയർന്നിരുന്നു. യുദ്ധത്തിനു ശേഷം അധികാരം ഏറ്റെടുത്ത അമേരിക്ക രാജാവിനെ നിലനിർത്തുകയും പുതിയ ഭരണഘടനയിലൂടെ രാജാവിന്റെ ദൈവിക അധികാരം എടുത്തു മാറ്റുകയും രാജാവ് തന്നെ ഞാൻ ഒരു സാധാരണ മനുഷ്യനാണ് എന്ന് പ്രഖ്യപിക്കുകയും ചെയ്തു തുടർന്ന് രാജാവ് രാജ്യത്തിന്റെ നാമമാത്ര തലവൻ ആയി മാറി. എങ്കിലും ഇന്നും രാജാവിനെയും രാജകീയതയെയും തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമായി കാണുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വലിയ സമൂഹം ജപ്പാനിൽ ഉണ്ട്. അതുകൊണ്ടു തന്നെ അവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളോ പത്രങ്ങളോ രാജാവ് നിലനിൽക്കണോ വേണ്ടയോ എന്ന ഒരു ചർച്ചപോലും നടത്താൻ തയാറാകുന്നില്ല എന്നതാണ് വസ്തുത.
ഇപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന Nuruhito ചക്രവർത്തിക്ക് ഒരു പെൺകുട്ടി മാത്രമാണ് ഉള്ളത്. അതുകൊണ്ടു പിന്തുടർച്ചക്കാർ ഇല്ലാത്തതുകൊണ്ട് ചക്രവർത്തിയുടെ കാലശേഷം ജപ്പാൻ റിപ്പബ്ലിക്ക് ആകും എന്ന് വാദിക്കുന്നവരും ജപ്പാനിൽ ഉണ്ട്. എന്നാൽ ചക്രവർത്തിയുടെ അനുജൻ Fumihito യുടെ മകൻ രാജാവായി ജപ്പാനിൽ രാജഭരണം നിലനിൽക്കും എന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. സർവകലാശാല പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ല.
ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്തിനെതിരേയുള്ള റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സുകാന്ത് വേറെയും സ്ത്രീകളെ പീഡിപ്പിച്ചുവെന്നും ഇവരിൽനിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂൺ പത്താംതീയതി വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സുകാന്ത് കഴിഞ്ഞ ദിവസമാണ് കൊച്ചി ഡിസിപിക്ക് മുമ്പിൽ ഹാജരായത്. തുടർന്ന് ഇന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച അമ്മാവൻ മോഹനനെ കേസിൽ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ മറ്റു രണ്ടു യുവതികളെ കൂടി ഇയാൾ ചൂഷണം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സഹപ്രവർത്തകയായിരുന്ന യുവതി, ഇയാൾക്കൊപ്പം ജയ്പുരിൽ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെ ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതായാണ് റിപ്പോർട്ട്. വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ യുവതികളെ ചൂഷണം ചെയ്തിരുന്നത്.