യുകെയിൽ ജിസിഎസ്ഇ പരീക്ഷയുടെ കൂടുതൽ റിസൾട്ട്കൾ പുറത്ത് വന്നപ്പോൾ അഭിമാന വിജയം നേടിയ കൂടുതൽ മലയാളി കുട്ടികളുടെ വിവരങ്ങളാണ് അറിയുന്നത്. ജിസിഎസ്ഇയിൽ 12 വിഷയങ്ങളിൽ 12 എ സ്റ്റാർ നേടിയാണ് ലാനെല്ലിയിലെ സ്റ്റെഫി സജി സ്കൂളിന്റെ അഭിമാനമാകുന്നത്.
ആലപ്പുഴ ജില്ലയിലെ വെളിയനാട് സ്വദേശികളായ സജി സ്കറിയയുടെയും സിനി സജിയുടെയും രണ്ടാമത്തെ മകളാണ് സ്റ്റെഫി.സ്റ്റെഫിയുടെ മാതാപിതാക്കൾ പ്രിൻസ് ഫിലിപ്പ് ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. സ്റ്റെഫി സജിയുടെ ജിസിഎസ്ഇയിൽ ഫുൾ എ* നേടിയത് അവളുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ദൈവത്തിലുള്ള വിശ്വാസത്തിന്റെയും തെളിവാണെന്ന് മാതാപിതാക്കൾ പറയുന്നു.
ലാനെല്ലിയിലെ സെന്റ് ജോൺ ലോയ്ഡ് കോംപ്രിഹെൻസീവ് സ്കൂളിലെ സ്റ്റെഫിയുടെ ടീച്ചർമാർ അവളെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും, സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗ്രേഡാണിതെന്നും പറഞ്ഞു.
സ്റ്റെഫിയുടെ സഹോദരി പ്ലിമൗത്തിൽ ബിഡിഎസിലും അവളുടെ സഹോദരൻ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. തന്റെ പ്രൈമറി, സെക്കൻഡറി സ്‌കൂളിലെ ഹെഡ് ഗേൾ എന്ന നിലയിൽ സ്റ്റെഫി മറ്റ് വിദ്യാർത്ഥികൾക്ക് എന്നും മാതൃകയാണ്. ഇപ്പോൾ, തന്റെ അക്കാദമിക് ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കുമ്പോൾ, എ ലെവൽ ബയോളജി, കെമിസ്ട്രി, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവ പഠിക്കാൻ ഗവർ കോളേജ് സ്വാൻസിയിൽ ചേരാൻ ഒരുങ്ങുകയാണ് സ്റ്റെഫി സജി . ഭാവിയിൽ മെഡിസിൻ പഠിക്കാനാണ് സ്റ്റെഫിയുടെ താത്പര്യം.
രാജു കാഞ്ഞിരങ്ങാട്
മഞ്ഞപ്രസാദവും തൊട്ടു കൊണ്ടിന്നെൻ്റെ
മുറ്റത്തുമഞ്ഞക്കിളികൾ വന്നു
മഞ്ഞിൻ്റെ മുത്തുമണികൾ കൊരുത്തുള്ള
മന്ദാരത്തിങ്കൽ പറന്നിരുന്നു
മന്നൻ മഹാബലി നാടുവാണുള്ളൊരു
ഗാഥകളീണത്തിൽ പാടിടുന്നു
ആ മണി ഗീതങ്ങൾ കേൾക്കവേയെൻമനം
കുഞ്ഞു പൂത്തുമ്പിയായ് പാറിടുന്നു
മഞ്ഞ നിറമെഴും പുന്നെൽ കതിരുകൾ
താലോലം കാറ്റിൽ കളിച്ചിടുന്നു
ചാണകം മുറ്റം മെഴുകി നിൽപ്പൂ
പൊൻമണിക്കറ്റകൾ പാർത്തു വെയ്ക്കാൻ
കിളികൾ നെൽക്കതിരുകൾ കൊയ്തെടുക്കേ
കലമ്പൽകൂട്ടീടുന്നു കൊയ്ത്തരിവാൾ
കള്ളമില്ലാതൊരു കാലത്തിൻ്റെ
സന്തതിയാം ഞങ്ങൾ നിങ്ങൾ ചൊല്ലേ
സ്വാഗതം, സ്വാഗതമോതിക്കൊണ്ടേ
തുമ്പതഞ്ചത്തിൽ തലയാട്ടിടുന്നു
ഓണം നടവരമ്പേറി വന്നു
മഞ്ഞക്കിളികൾ കുരവയിട്ടു.
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
മെട്രിസ് ഫിലിപ്പ്
തൃപ്പൂണിത്തറയിലെ അത്തച്ചമയ ഘോഷ യാത്ര, ഓണത്തിന്റെ വരവ്, അറിയിച്ചുകൊണ്ട്, കടന്നുപ്പോയി. കുട്ടനാടൻ പുഞ്ചയിലെ, കൊച്ചു പെണ്ണെ…എന്ന് ഉറക്കെ പാടിക്കൊണ്ട്, നെഹൃട്രോഫി, വള്ളം കളിയും കഴിഞ്ഞു. മാവേലി തമ്പുരാനെ വരവേൽക്കാൻ, മലയാളികൾ, ഒരുങ്ങിക്കഴിഞ്ഞു. പ്രവാസി ലോകം, ഓണം ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. പുതു വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് സോഷ്യൽ മീഡിയായിൽ ഫോട്ടോസ് കണ്ടുതുടങ്ങി.
“മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ…”, “പൂ വിളി, പൂ വിളി പൊന്നോണമായി…”എന്ന് ഒക്കെ, ഉച്ചത്തിൽ ഏറ്റുപാടുന്ന നാളുകൾ വരവായ്. അതെ, മലയാളികളുടെ സ്വന്തം ഓണക്കാലം. ജാതി മത വ്യത്യാസമില്ലാതെ ലോകം, മുഴുവൻ ഉള്ള മലയാളികൾ ആടിപാടി നൃത്തം ചെയ്ത്, പുലികളിയും, കോൽ കളിയും, വടം വലിയും നടത്തി, ആഘോഷത്തിമിർപ്പിൽ ആറാടുന്ന ദിനങ്ങൾ എത്തി കഴിഞ്ഞിരിക്കുന്നു.
ഓണം എന്നാൽ മലയാളികളുടെ ഒരു വികാരമാണ്. കാണം, വിറ്റും ഓണം ഉണ്ണണം എന്നാണ് പറയാറ്… ഉത്രാട പാച്ചിലിന്റെ അവസാനം ഓണകിറ്റുകളുടെ കാലം കൂടിയാണ്. അരിയും പയറും ചെറുമണികളും, പച്ചക്കറികളും, കൊണ്ടുള്ള ഓണസദ്യ ഒരുക്കൽ.
തൃപ്പുണിത്തറയിലെ അത്തചമയ ഘോഷയാത്രകൊണ്ട് ആരംഭിക്കുന്ന ഓണം ആഘോഷങ്ങൾ, സമാപിക്കുന്നത്, കേരള സർക്കാരിന്റെ ഓണം വാരാഘോഷസമാപനയാത്ര കൊണ്ടാണ്. കരുതലിന്റെയും, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഓണം ആക്കി മാറ്റിക്കൊണ്ട് ഈ വർഷത്തെഓണത്തെ വരവേൽക്കാം.
ഓണക്കാലത്തിന് തുടക്കമേകുന്നത് അത്തം ദിനം തൊട്ടാണ്. പൂവും, പൂവിളികളുമായി 2023 ഓണക്കാലത്തെ നമുക്ക് വരവേൽക്കാം. പാതാളതുനിന്നും, തന്റെ പ്രജകൾ ഒരുക്കുന്ന, വൃത്താക്രതിയിൽ ഉള്ള ബഹുവർണ്ണ പൂക്കളം കാണുവാൻ മാവേലിതമ്പുരാൻ എഴുന്നൊള്ളാറായി.
നിറപറയിൽ, തെങ്ങിൻ പൂക്കുലയും, പൂക്കളത്തിൻ അരികിൽ, സ്വർണ്ണ വിളക്കിൽനിറദീപം പ്രശോഭിച്ചു കൊണ്ടും, കോടിമുണ്ടും, കസവുസാരിയും, അണിഞ്ഞുകൊണ്ട് നിൽക്കുന്ന മലയാളികൾ. “എന്ത് ഭംഗി, നിന്നെ കാണാൻ” എന്ന് കൂട്ടുകാർ പറയുന്നത്, കൂടുതലായി, ഓണാവസ്‌ത്രാധാരണം, കണ്ടല്ലേ കൂട്ടരേ.
ഇന്ന് എല്ലാം online ആയി തീർന്നിരിക്കുന്നു. ഓണസദ്യ ഓർഡർ ചെയ്താൽ വീട്ടിൽ എത്തിച്ചുകൊടുക്കും. മലയാളികളുടെ കൂട്ടായുള്ള, കുടുംബ ഒത്തുചേരലും, ഒന്നിച്ചുള്ള ഓണസദ്യ ഒരുക്കലും എല്ലാം പൊയ്മറഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയായുടെ അതിപ്രസരംകൊണ്ട്, എല്ലാവരും ഫോണിൽ തലകുമ്പിട്ടിരിക്കുന്നു. പഴയകാല, സ്നേഹം എല്ലാം മാറ്റപ്പെട്ട്, മുഖത്തുവിരിയുന്ന, പുഞ്ചിരിക്കുവരെ ആത്മാർഥതയില്ലാത്തതായി തീർന്നിരിക്കുന്നു.
ഈ ഓണക്കാലം കരുതലിന്റെയും, സ്‌നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും, അപരനെയും ചേർത്തുപിടിക്കാൻ കഴിയുന്ന നല്ല മനസ്സിന്റെ ഉടമകൾ ആയി തീരാം. പൊന്നിൻചിങ്ങമാസത്തിന്റെ ഭംഗിയിൽ സന്തോഷിക്കാം. ഒരു നുള്ള് പൂക്കൾ എല്ലാവർക്കും പങ്കുവെക്കാം. നല്ലമനസ്സോടെ, പുഞ്ചിരിച്ചുകൊണ്ട്, നന്മകൾ ഉണ്ടാകുവാൻ ആശംസിക്കാം. എല്ലാ മലയാളം യുകെ വായനക്കാർക്കും, സമ്പൽസമൃദ്ധിയും, സന്തോഷവും, സ്നേഹവും നിറഞ്ഞ ഓണം ആശംസിക്കുന്നു.
മെട്രിസ് ഫിലിപ്പ്
കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗലിലിയിലെ നസ്രത് എന്നി മൂന്ന് പുസ്തകങ്ങൾ, എഴുതിയ മെട്രിസ് ഫിലിപ്പ്. ഉഴവൂർ കോളേജിൽ നിന്നും B. Com ബിരുദം നേടി. MG യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ PG പഠനതിന് ശേഷം ഉഴവൂർ കോളേജിൽ, ലൈബ്രേറിയനായി ജോലി ചെയ്തു. തുടർന്ന്, വിവാഹത്തിന് ശേഷം, കഴിഞ്ഞ 19 വർഷമായി സിംഗപ്പൂരിൽ താമസിക്കുന്നു. വിവിധ മാധ്യമങ്ങളിൽ, ലേഖനങ്ങൾ സ്ഥിരമായി എഴുതുന്നുണ്ട്. സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ്, കേരള പ്രവാസി അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ മജു മെട്രിസ്. മക്കൾ, മീഖായേൽ, നഥാനിയേൽ, ഗബ്രിയേൽ..
[email protected]
+6597526403
Singapore
സുരേഷ് നാരായണൻ
തന്റെ കാമുകൻറെ അനിയന്ത്രിത
ആത്മീയത -ആധ്യാത്മികതയാൽ അവൾ വീർപ്പുമുട്ടി
ഒടുവിൽ അവൾ
ഒരു ശംഖായ് മാറി
അവൻ കുളിക്കുവാൻ വരുന്ന
കടപ്പുറത്ത് …..
‘നീ കാത്തു കിടന്നോ.
ബാക്കി ഞങ്ങൾ നോക്കിക്കോളാം.’
കടൽ പറഞ്ഞു .
തിരകൾ പറഞ്ഞു.
സന്ധ്യാവന്ദന ആചമനത്തിനായ്
അവൻ കുനിഞ്ഞതും
തിരകൾ
ആ ശംഖിനെ അവൻറെ കൺകുമ്പിളിലേക്കു തള്ളിയിട്ടു.
ത്രസിച്ചു പോയ അവൻ തൻറെ
മന്ത്രങ്ങളെ മറന്നു;
കാത്തിരിക്കുന്ന
ദൈവങ്ങളെ , നൈവേദ്യ അടുപ്പുകളെ മറന്നു.
ചുണ്ടോടടുപ്പിച്ച്
ഊതാൻ തുടങ്ങിയതും
‘ഒടുവിലങ്ങ് എന്നെ ചുംബിച്ചു’
എന്നൊരലർച്ചയോടെ അവൾ
സ്വരൂപം പൂണ്ടു
സുരേഷ് നാരായണൻ
വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്.
ജോസ് ജെ വെടികാട്ട്
അത്തക്കളത്തിൽ ചാർത്താൻ ഒരരിയപൂവ് തരുമോ നീ ഓണത്തുമ്പി,
പൂക്കളിൽ നിന്ന് നീ കവർന്നെടുക്കും അമൃതമാം നറുതേൻ തരുമോ, വാനം
പൂകും ഊഞ്ഞാൽ പോൽ തരളമാരുതനിൽ മൃദുസൂനത്തിലിരുന്ന്
ആടുമ്പോൾ നീയും വാനം പൂകുമോ?! തേനും പൂവും പൂക്കളവും തരാൻ
നീയല്ലാതെ മറ്റാരുണ്ട് ഓരോ ഓണ നാളിലും, സ്വപ്നങ്ങളാൽ നിറഞ്ഞൊരു
മധുകുംഭം ഞങ്ങൾക്ക് നിൻ സമ്മാനം!
നിലാവിലുത്രാട രാത്രിയിൽ ശയിക്കുക നിങ്ങൾ ഇമ ചിമ്മി ക്ഷീണത്തിൽ
തിരുവോണ പുലരിയിൽ ഉണർന്നീടുവാൻ! വ്യസനിക്കേണ്ട-
ഓണത്തുമ്പിയുള്ളതു കൊണ്ട് വീണ്ടും മലരുകൾ വിരിയും,
ചെമ്പകസുഗന്ധം പകർന്ന് വീണ്ടും ആതിരകളെത്തും, അരുണൻ വീണ്ടും
ഉദിക്കും ഒരു കുഞ്ഞ് സൂര്യകാന്തി പൂവിന് വേണ്ടി മാത്രമെന്ന പോലെ!
ഓണത്തുമ്പികളുള്ളതു കൊണ്ട് ,ഭ്രമരങ്ങളുള്ളതുകൊണ്ട് പുഷ്പങ്ങളുടെ
എല്ലാ വിഭവങ്ങളുമുണ്ട് അത്തക്കളത്തിൽ നിരത്താൻ! കവടി
നിരത്തിയതുപോൽ പുഷ്പങ്ങൾ നിറഞ്ഞൊരീ അത്തപ്പൂക്കളം
ആരുടെയൊക്കയോ ജന്മമോക്ഷം , കർമ്മമുക്തി! ധർമ്മപത്നി നെറുകിൽ
പൂശും സിന്ദൂരത്തിൻ നിഷ്കളങ്ക ഭാവങ്ങളാണ് കർമ്മമുക്തിക്കാധാരം!
ഓണസംബന്ധമായ വള്ളംകളികൾ കൈക്കരുത്തിന്റെ പോരാട്ടമാണ്,
നീറ്റിലിറക്കും മുമ്പേ ഓടങ്ങളിൽ നെയ്യും മുട്ടയും തേക്കുമ്പോൾ അത്
തുഴയാളുകളുടെ ഉദാസീനതക്ക് കാരണമാകും, കൈത്തഴമ്പാണ് വേണ്ടത്
എന്നൊന്നും ആരും പറയാറില്ല. ജലത്തിലെ ഘർഷണം എളുതാക്കാൻ
വെണ്ണക്കും മുട്ടക്കും ഒപ്പം യോജിച്ചാണ് കൈക്കരുത്ത് പ്രവർത്തിക്കുന്നത്.
ക്രിക്കറ്റിൽ ക്യാച്ച് വഴുതി പോയ കരങ്ങളെ ബട്ടർ ഹാൻഡ്സ് എന്ന്
ആക്ഷേപിക്കുന്നത് പോലെയല്ല ഇത്! കഠിനാധ്വാനവും നൈസർഗീകതയും
ഇവിടെ സമ്മേളിക്കുന്നതു പോലെയാണ്!
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
ടോം ജോസ് തടിയംപാട്
ഇന്ത്യയുടെ ചരിത്രം അന്വഷിക്കുന്നവർക്കു ലൂയി മൗണ്ട് ബാറ്റൻ എന്ന അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയിയെ അറിയാതിരിക്കാൻ കഴിയില്ല ,ഇന്ത്യക്കു സ്വാതന്ത്ര്യ൦ നൽകാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചപ്പോൾ അത് നടപ്പിലാക്കാൻ സർക്കാർ കണ്ടെത്തിയ മഹാനായ വ്യക്തിയായിരുന്നു മൗണ്ട് ബാറ്റൺ. ഇന്ത്യയുടെ ചരിത്രവും വിഭജനവും നന്നായി വിശദ്ധികരിച്ചിട്ടുള്ള സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകം വായിച്ചവർക്കു അദ്ദേഹത്തെ മറക്കാൻ കഴിയില്ല .1947 മാർച്ച് 20 നു അദ്ദേഹത്തെയും കുടുംബത്തെയും വഹിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ നോർത്തൊലോൾട് വിമാനത്താവളത്തിൽ നിന്നും അദ്ദേഹത്തിന്റെ ഇഷ്ടവിമാനമായിരുന്ന യോർക്ക് M W 102 എയർ ഫോഴ്സ് വിമാനം ഇന്ത്യയെ ലക്ഷ്യമാക്കി പറന്നതുമുതൽ 1948 ൽ അദ്ദേഹം തിരിച്ചു പോരുന്നതുവരെയുള്ള ഇന്ത്യയുടെ ചരിത്രം മൗണ്ട് ബാറ്റന്റേതു കൂടിയാണ്.
ബ്രിട്ടീഷ് നേവിയിലെ ഓഫീസർ ആയിരുന്ന അദ്ദേഹം തിരിച്ചുവന്നു നേവി അഡ്മിറൽ ആയി റിട്ടേർ ചെയ്തു റിട്ടേർമെൻറ് ജീവിതം നയിക്കുന്നതിനിടയിൽ അദ്ദേഹത്തെ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അദ്ദേഹം സഞ്ചരിച്ച ബോട്ടിൽ ബോബ് പൊട്ടിച്ചു വകവരുത്തിയത്. അദ്ദേഹം മരിച്ച ഐറിഷ് കടൽത്തീരത്തുകൂടി യാത്ര ചെയ്യുവാനും അദ്ദേഹം മരിച്ച കടൽത്തീരത്ത് സ്ഥാപിച്ചിരുന്ന കുരിശു കാണുവാനും എനിക്ക് കഴിഞ്ഞു..ഇന്ത്യയിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച മകൾ പമീല മൗണ്ട് ബാറ്റണെ ഇന്റർവ്യൂ ചെയ്യാനും എനിക്ക് ഭാഗ്യ൦ ലഭിച്ചിട്ടുണ്ട് .

1541 ൽ ഹെൻറി എട്ടാമൻ രാജാവിനെ ഐറിഷ് പാർലമെന്റ് രാജാവായി അംഗീകരിച്ചതോടെ തുടങ്ങിയ കലാപങ്ങൾ കെട്ടടങ്ങിയത് 1998 ഏപ്രിൽ 10 നു ബെൽഫാസ്റ്റിൽ വച്ച് ബ്രിട്ടീഷ് ഐറിഷ് സർക്കാരുകൾ തമ്മിൽ ഉണ്ടായ ഗുഡ് ഫ്രൈഡേ എഗ്രിമെന്റിലൂടെയാണ്, ഇതിനിടയിൽ 1922 ൽ ഐർലൻഡ് വിഭജിച്ചു റിപ്പബ്ലിക്ക് ഓഫ് ഐർലൻഡ് രൂപികരിച്ചു. ഈ കലാപത്തിന്റെ പുറകിൽ പ്രൊട്ടസ്റ്റന്റ് കത്തോലിക്ക മതങ്ങളും വലിയ പങ്കാണ് വഹിച്ചത്, ഏകദേശം 3600 ആളുകൾ ഈ കലാപത്തിൽ കൊല്ലപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ബ്രിട്ടന്റെ ഭാഗമായി നിൽക്കുന്ന നോർത്തേൺ ഐർലണ്ടിനെ റിപ്പബ്ലിക്ക് ഓഫ് ഐർലണ്ടിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ ലക്ഷ്യം മൗണ്ട് ബാറ്റനെപ്പോലെ പ്രസിദ്ധനായ വ്യക്തിയെ കൊന്നുകൊണ്ടു ഇംഗ്ളണ്ടിൽ ഭയം വിതയ്ക്കുക എന്നതായിരുന്നു .
1979 ആഗസ്ത് 27, തുടരെയുണ്ടായ മഴയെ തുടർന്ന് വെയിൽ തെളിഞ്ഞു. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ കൗണ്ടി സ്ലിഗോയിലെ ക്ലിഫോണി വില്ലേജിന് സമീപമുള്ള ക്ലാസ്സിബാൺ കാസിൽ അവരുടെ ഹോളിഡേ ഹോമിൽ താമസിച്ചിരുന്ന മൗണ്ട് ബാറ്റണും അദ്ദേഹത്തിന്റെ ചില കുടുംബവും നല്ല കാലാവസ്ഥ ആസ്വദിക്കാൻ ബോട്ടിൽ ഒരു യാത്ര നടത്താൻ തീരുമാനിച്ചു.

കപ്പൽ കയറി പതിനഞ്ച് മിനിറ്റിനുശേഷം, ഒരു ഏകീകൃതവും സ്വതന്ത്രവുമായ രാഷ്ട്രം സൃഷ്ടിക്കുന്നതിനായി വടക്കൻ അയർലൻഡിൽ നിന്ന് ബ്രിട്ടീഷ് സേനയെ തുരത്താൻ ഭീകരപ്രവർത്തനം നടത്തിയ ഐറിഷ് ദേശീയവാദികളുടെ അർദ്ധസൈനിക വിഭാഗമായ ഐ ആർ എ യിലെ രണ്ട് അംഗങ്ങൾ സ്ഥാപിച്ച റിമോട് കണ്ട്രോൾ ബോംബ് പൊട്ടിഅവരുടെ കപ്പൽ കടലിൽ ചിതറിപ്പോയി. മൗണ്ട് ബാറ്റൺ I R A ഒരു പ്രതീകാത്മകവുമായ ലക്ഷ്യമായിരുന്നു. കാരണം അദ്ദേഹം രാജകുടുംബത്തിലെ ഏറ്റവും ആദരണീയരായ അംഗങ്ങളിൽ ഒരാളായിരുന്നു .അദ്ദേഹം,ജോർജ് ആറാമൻ രാജാവിന്റെ സഹോദരീപുത്രനും ചാൾസ് രാജകുമാരന്റെ ഉപദേശകനും ആയിരുന്നു മൗണ്ട് ബാറ്റൺ. കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി അദ്ദേഹത്തിന്റെ ബോട്ടിൽ ബോംബ് വെച്ചിരുന്നു. 1970-കളിൽ അദ്ദേഹം ഐറിഷ് പട്ടണമായ മുല്ലഗ്‌മോറിൽ അവധിക്കാലം ആഘോഷിച്ചിരുന്ന സമയത്തു , അദ്ദേഹത്തെ വധിക്കുമെന്ന് ഐ ആർ എ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടും സുരക്ഷ സംവിധാനങ്ങൾ അദ്ദേഹം നിരസിച്ചു. എന്തായാലും 79 വയസുള്ള ഒരു വൃദ്ധനെ കൊല്ലാൻ ആരാണ് ആഗ്രഹിക്കുക എന്നാണ് അദ്ദേഹം ചോദിച്ചത് .
രണ്ടാം ലോകയുദ്ധത്തിൽ മൗണ്ട് ബാറ്റൺ തെക്കുകിഴക്കൻ ഏഷ്യയിലെ പരമോന്നത സഖ്യകക്ഷി കമാൻഡറായിരുന്നു, നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്മിറൽ എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടിരുന്നു . ഇന്ത്യയുടെ വിഭജനത്തിന് മേൽനോട്ടം വഹിച്ച ഇന്ത്യയുടെ അവസാന വൈസ്രോയി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. അതിനാൽ അദ്ദേഹം വളരെ പ്രമുഖനായ ഒരു വ്യക്തിയായിരുന്നു, എന്നാൽ 79 വയസ്സുള്ള വിരമിച്ച മനുഷ്യൻ, വടക്കൻ അയർലണ്ടിലെ ബ്രിട്ടീഷ് സുരക്ഷാ സേനയിൽ ഒരു പങ്കും വഹിച്ചിരുന്നില്ല , അയർലണ്ടിൽ പതിവായി അവധിക്കാലം ആഘോഷിച്ചിരുന്ന അദ്ദേഹത്തെ കൊന്നത് ക്രൂരവും പൈശാചികവുമായി ബ്രിട്ടൻ വിലയിരുത്തി .

ഐറിഷ് സംസ്കാരത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള കോഴ്‌സുകൾ പഠിപ്പിക്കുന്ന സേവ്യർ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ തിമോത്തി വൈറ്റ്, രാജകുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളെ വധിക്കുന്നതിലൂടെ, വടക്കൻ അയർലൻഡ് വിട്ടുപോകാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിക്കുകയും വടക്കൻ അയർലണ്ടിനെ റിപ്പബ്ലിക്ക് ഓഫ് ഐർലണ്ടിൽ ചേർക്കാമെന്നു ഐആർഎ പ്രതീക്ഷിച്ചിരുന്നതായികണ്ടെത്തിയിരുന്നു
മൌണ്ട് ബാറ്റന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഐ ആർ എ ഏറ്റെടുക്കുകയായിരുന്നു , ഐർലണ്ടിൽ തുടരുന്ന ബ്രിട്ടീഷ് അധിനിവേശം ഇംഗ്ലീഷ് ജനതയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള ഒരു വഴിയായി അവർ ഈ കൊലപാതകത്തെ കണ്ടു
I R A ബോംബ് നിർമ്മാതാവ് തോമസ് മക്മഹോൺ (31) മൗണ്ട് ബാറ്റൺ ആക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. ഐആർഎ പ്രവർത്തകൻ ഫ്രാൻസിസ് മക്ഗേൾ (24)നെ വെറുതെവിട്ടു. ഗുഡ് ഫ്രൈഡേ ഉടമ്പടിയുടെ ഭാഗമായി 19 വർഷത്തെ തടവിന് ശേഷം മക്മോഹൻ ജയിൽ മോചിതനായി.
മൗണ്ട് ബാറ്റനോടൊപ്പം മരിച്ച പേരക്കുട്ടി നിക്കൊളാസ് 14 വയസു ബോട്ടിലെ ജോലിക്കാരൻ പോൾ മാസ്‌വെൽ 15 വയസു മൗണ്ട് ബാറ്റന്റെ മകളുടെ അമ്മായിയമ്മ ഡോറിൻ 83 വയസു എന്നിവരുടെ കൊലപാതകം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു
കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മാർഗരറ്റ് താച്ചർ, രാഷ്ട്രീയ സംഘടന എന്നതിലുപരി ഐആർഎയെ ഒരു കുറ്റവാളിയായി കണ്ടു. ഐആർഎ തടവുകാർക്കുള്ള യുദ്ധത്തടവുകാരൻ പദവിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ അവകാശങ്ങൾ പിൻവലിച്ചുകൊണ്ടാണ് അവർ പ്രതികരിച്ചത്. പിന്നീട് I R A ഇംഗ്ലണ്ടിന്റെ തെരുവുകളിൽ ഭീകര പ്രവർത്തനങ്ങൾകൊണ്ട് ചോരപ്പുഴകൾ ഒഴുക്കി .അതിനെല്ലാം അറുതിവരുത്തിയതിനു വലിയ സംഭാവനയാണ് അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ബിൽ ക്ലിന്റണും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലൈറും ഗുഡ് ഫ്രൈഡേ എഗ്രിമെന്റിലൂലൂടെ നൽകിയത്.
2011 ജൂൺ 25 നു ഡെറിയിലെ ഫോയി നദിക്കു കുറുകെ നിർമിച്ച സമാധാന പാലം നദിയുടെ ഇരുകരകളിലുമായി താമസിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് ,കത്തോലിക്ക വിസ്വാസികളെ തമ്മിൽ കൂട്ടിയിണക്കാനും ഉപഹരിച്ചു പ്രസിഡണ്ട് സ്ഥാനത്തു നിന്നും വിരമിച്ചിട്ടും ബിൽ ക്ലിന്റൺ ഡെറി സന്ദർശിച്ചിരുന്നു . ഡെറിയിൽ 1972 ൽ ബ്രിട്ടീഷ് ആർമി നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട 14 ഐറിഷ്‌കാരുടെ (ബ്ലഡി സൺഡേ) സ്മാരകവും കാണാൻ കഴിഞ്ഞു.
ടോം ജോസ് തടിയംപാട്
യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായി ഇടപെടലുകൾ നടത്തുന്ന ടോം ജോസ് തടിയംപാട് എഴുത്തുകാരനും ചാരിറ്റി പ്രവർത്തകനും യൂട്യൂബറുമാണ്. 2022 -ലെ മികച്ച സാമൂഹിക ചാരിറ്റി പ്രവർത്തകനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ലഭിച്ചത് ടോം ജോസ് തടിയംപാടിനാണ്.
റോമി കുര്യാക്കോസ്
ലണ്ടൻ: “പൗരാവകാശത്തിന് അർത്ഥവ്യാപ്തി നൽകി ഭരിച്ച മാനവ സ്നേഹിയായിരുന്നു ഉമ്മൻചാണ്ടി” എന്നും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി സേവനം ചെയ്യുന്ന വേളയിൽ ‘അവകാശങ്ങളിലും, ആവശ്യങ്ങളിലും നിയമം മാനുഷികവും അർത്ഥവ്യാപ്തിയുള്ളതും ആയിരിക്കണമെന്നും,, സാധാരക്കാരനും പ്രാപ്യമായ തലത്തിലും, തനിക്കെതിരെയുള്ള പരാതിയാണെങ്കിൽ പോലും നിയമം അനുസരിച്ച് അപേക്ഷകന് നീതി നേടിയെടുക്കുവാൻ അവസരം നഷ്‌ടപ്പെടരുതെന്നും ഉമ്മൻചാണ്ടി സാർ പറയുമായിരുന്നു.’ എന്ന് ജസ്റ്റിസ് ജെ ബി കോശി ഓർമ്മിച്ചു. ‘ഓ സി ഒരോർമ്മ’യിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് (Retd.) ജെ ബി കോശി.
‘സമകാലീന ഇന്ത്യ’ സെമിനാറിൽ മുഖ്യപ്രസംഗം നടത്തിയ ജെ ബി കോശി ‘ഭരണഘടനയുടെ അന്തസത്തയായ ജനാധിപത്യം, മതേതരത്വം, മാനവ സമത്വം എന്നിവയിൽ സമ്പന്നമായ ഭാരതം, ഐക്യത്തിലും, സ്നേഹത്തിലും നിയമത്തിലും സാഹോദര്യം പുൽകുന്ന ഗാന്ധിയൻ സ്വപ്നം നിലനിറുത്തുവാൻ ഓരോ ഇന്ത്യക്കാരന്റെയും ബാദ്ധ്യതയും അവകാശവും കടമയുമാണെന്നു ഓർമ്മിപ്പിച്ചു.
ലണ്ടനിലെ ഹിൻഡ് സ്ട്രീറ്റിലുള്ള മെത്തഡിസ്റ്റ് ദേവാലയത്തിൽ ചേർന്ന യോഗത്തിൽ വിവിധ സാമൂഹ്യ-സാമുദായിക-രാഷ്ട്രീയ പ്രതിനിധികൾ സംബന്ധിച്ചു.

ഐഒസി വക്താവ് അജിത് മുതയിൽ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി എഫ്രേം സാം നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ അൽക്ക ആർ തമ്പി ആയിരുന്നു പ്രോഗ്രാo മോഡറേറ്റർ.
ഐഒസി നാഷണൽ പ്രസിഡണ്ട് കമൽ ദലിവാൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.
‘ക്രൈസ്തവ വിശ്വാസവും, രാഷ്ട്രീയവും, അധികാരവും ഒപ്പം ചേർത്തു പിടിച്ച്, ജനങ്ങളോടൊപ്പം അവരിലൊരാളായി ജീവിച്ച ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും പ്രതിഷ്‌ടിക്കപ്പെടും എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയർമാൻ ഫാ.ടോമി എടാട്ട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ജീവിത ശൈലി കണ്ടു ജീവിച്ച ചാണ്ടി ഉമ്മൻ ഭാവിയുടെ പ്രതീക്ഷയാണെന്നും ടോമി അച്ചൻ കൂട്ടിച്ചേർത്തു.
‘ഓർത്തഡോക്സ് സഭാംഗമെന്ന നിലയിൽ വിശ്വാസത്തെ മുറുകെ പിടിച്ചു ജീവിക്കുകയും, താൻ ആല്മീയമായി പഠിച്ച പരസ്പര സ്നേഹവും, കരുണയും, ബഹുമാനവും നൽകികൊണ്ടു ജനഹൃദയങ്ങളെ കീഴടക്കിയ ഉമ്മൻ ചാണ്ടിയെന്ന നന്മ നിറഞ്ഞ മനുഷ്യൻ എക്കാലത്തും സ്മരിക്കപ്പെടും എന്ന് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ.നിതിൻ പ്രസാദ് കോശി തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
ലൗട്ടൻ മുൻ മേയർ ഫിലിപ്പ് എബ്രാഹം, വൈ.എം.സി.എ ജനറൽ സെക്രട്ടറി എൻ വി എൽദോ, WELKOM പ്രതിനിധി ജോസ് ചക്കാലക്കൽ, മാസ്റ്റർ ഷെഫ് ജോമോൻ കുര്യാക്കോസ്, കൗൺസിലർ ഇമാം ഹഖ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
റ്റിജി തോമസ്
ഇന്നലത്തെ മഴയ്ക്ക് ഒരു അവസാനമുണ്ടാകുമെന്ന് അവൻ കരുതിയില്ല , അവളും ..
എന്നിട്ടും തോർന്നു , ഇനിയും തെളിഞ്ഞിട്ടില്ലാത്ത ആ പകൽ പതിവിൽ കൂടുതൽ സമയമെടുത്ത് ഇഴഞ്ഞു നീങ്ങി .
തിരിച്ചറിവുകളുടെ കാര്യത്തിൽ അവൻ മിടുക്കാനാണെന്ന് പുകഴ്ത്തിയവരാണ് അവന്റെ അധ്യാപകർ എല്ലാവരും .. പക്ഷേ ഇന്ന് അവൻ പതറിപ്പോയി..
നിലപാടുകളുടെ കാര്യത്തിൽ അവളും എല്ലാവരേക്കാളും ഒരുപടി മുന്നിലായിരുന്നു .എന്നാൽ അവൾക്ക് പിഴവ് പറ്റിയിട്ട് കുറച്ചു കാലമായി . ഭർത്താവിന്റെ നിഴലിൽ സ്വയം മറഞ്ഞ് , ആവർത്തന വിരസതയുടെ പ്രതീകമായി പത്രങ്ങളിലും ടെലിവിഷൻ ന്യൂസിലും കാണുന്ന ഒരു സാധാരണ പെണ്ണായി മാറേണ്ടി വരുമെന്ന് അവളും കരുതിയിരുന്നില്ല .
അവളുടെ തിരിച്ചറിവിന് മുപ്പത്തൊൻപതിന്റെ പക്വത മതിയായില്ല , എന്നാൽ അവൻ കുട്ടിയാണെന്ന് അവൾക്ക് മനസ്സിലായി . പ്രണയവും വിരഹവും ഒക്കെ നിശ്വാസത്തെപ്പോലും ബാധിക്കുന്ന അവസ്ഥകളാണെന്ന് കരുതുന്ന പ്രായം . അവൻ ഒപ്പമിരുന്ന് യാത്ര ചെയ്യാൻ തുടങ്ങിയ നിമിഷം തന്നെ അവൾ തിരിച്ചറിഞ്ഞു ,, ആ ചെറുപ്പക്കാരനെ എന്തോ അലട്ടുന്നുണ്ട് .. പൂർവ്വ വിദ്യാർത്ഥിയുടെ അധികാരം വിനിയോഗിച്ച് അവൾ പലതും അവനിൽ നിന്ന് ചികഞ്ഞെടുത്തു ..
‘ജ്യോതി’ അതായിരുന്നു അവന്റെ ദുഖം . ഒട്ടും പുതുമയില്ലാത്ത ഒരു പ്രണയ കഥയുടെ ബാക്കിപത്രം . എങ്ങോട്ടെന്നോ എന്തിനെന്നോ ഉറപ്പിക്കാതെ നീണ്ട യാത്രയിലേക്ക് തിരിച്ചതാണ് അവൻ . അത് ഒരിക്കലും പ്രതീക്ഷയുടെ വഴിയിലേക്ക് ആവില്ലെന്ന് അവൾക്ക് മനസ്സിലായി .
അവൻ ആ വഴി പിരിഞ്ഞിട്ട് അധികമായിരുന്നില്ല ,അതുപോലെ അവൾക്കും പുതുവഴി തേടിപ്പോകാൻ അവസരം ലഭിച്ചതും ഇന്ന് മാത്രമായിരുന്നു ,
പ്രണയം കൊടുമ്പിരി കൊള്ളുമ്പോൾ വിവേകവും വിചാരവും നഷ്ടമാകുമെന്ന് പറഞ്ഞു കേട്ടത് സത്യമാണെന്ന് അവൾക്ക് ഇപ്പോൾ ഉൾക്കൊള്ളാനാകുന്നു . അയാൾ തന്നിൽ നിന്ന് അകന്നത് എപ്പോഴാണ് . വാസ്തവത്തിൽ അയാൾ എപ്പോഴെങ്കിലും ഉള്ളുകൊണ്ട് തന്നോട് അടുത്തിട്ടുണ്ടോ . എന്തായാലും അവസാന കയ്യൊപ്പോടെ ഇന്നത്തെ ഇരുണ്ട പുലരിയിൽ എല്ലാം അവസാനിച്ചപ്പോഴാണ് , ഇന്നോളം വെറുത്തിരുന്ന മഴ ദിവസത്തിന് ഇത്ര ഭംഗിയുണ്ടെന്ന് അവൾക്ക് മനസ്സിലായത് ..
“ജ്യോതിയുടെ നിറഞ്ഞ ചിരിയിൽ നിന്ന് എനിക്ക് ഒരു മോചനമില്ല , എല്ലാം അവസാനിച്ചകന്നാലും ഉൾക്കൊള്ളാനാകാത്ത ചിലരുണ്ടല്ലോ, പിടിച്ചു വാങ്ങാൻ കഴിയാത്ത ചിലർ .. ഞാൻ അങ്ങനെയാ .” ഇന്ന് രാവിലെ ഡയറിയിൽ എഴുതിയ വാചകത്തിന് മരണത്തിന്റെ തണുപ്പുണ്ടെന്ന് അവനു തന്നെ തോന്നിയിരുന്നു . ഇതുവരെ അത് ആരും കാണാത്തത് കൊണ്ട് അവന്റെ ഉള്ളിലുള്ളത് ആർക്കും കണ്ടെത്താനുമായില്ല .
എന്നാൽ അവന്റെ ചിന്തകളുടെ അപൂർണ്ണ രൂപം ഉൾക്കുരുക്കിൽ നിന്ന് അഴിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞു . ഊഹം ശരിയാണെങ്കിൽ അവനും അടുത്ത വളവിൽ ഈ യാത്ര അവസാനിപ്പിക്കും , ഒരു പക്ഷേ അവളുടെ യാത്ര പുതിയ തുടക്കത്തിലേക്കും അവന്റേത് അവസാനത്തിലേക്കും ആയേക്കുമോ എന്ന് അവൾ ഭയന്നു .
ചോദ്യങ്ങളുടെ വലയത്തിനുള്ളിൽ അവനെ തളയ്ക്കാൻ അവളും ആഗ്രഹിച്ചില്ല , ആറാം വളവിൽ ഇരുവരുടെയും യാത്ര അവസാനിച്ചു . അവസാനയാത്രയിൽ പലരും ബാക്കിവച്ച നിശ്വാസങ്ങൾ ഇരുവരെയും പൊതിഞ്ഞു . ഇരുട്ടും കുളിരും കൊണ്ട് പകൽ വീണ്ടും യൌവ്വനം വീണ്ടെടുക്കുന്നത് പോലെ അവൾക്ക് തോന്നി .
ചുവപ്പ് കുപ്പായക്കാരൻ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. ഇനിയങ്ങോട്ട് അയാൾ എന്ന് മാത്രം അവൾ വിശേഷിപ്പിക്കാൻ ആഗ്രഹിച്ചയാൾ .ചുവന്ന ടി ഷർട്ടിൽ അയാളും ഒരിക്കൽ കൂടി യൌവ്വനം പകർന്നാടാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു . മുപ്പത്തിന്റെ തുടിപ്പ് നാൽപ്പതുകളിലും അയാളെ വിട്ടുപോയിരുന്നില്ല ,
ഇന്നത്തെ മോചനം അയാളുടെ പ്രസരിപ്പ് ഇരട്ടിപ്പിച്ചു .
അവനും അവൾക്കൊപ്പം ഉണ്ടായിരുന്നു , അയാൾ മുഖവുരയില്ലാതെ ഒരു വലിയ പെട്ടി അവൾക്ക് മുന്നിലേയ്ക്ക് ഇട്ടുകൊണ്ടു പറഞ്ഞു , “നിന്റെ നിഴൽ പോലും ഇനി എന്റെ മുന്നിൽ കണ്ടു പോകരുത് ” ..
അവളും വാക്കുകൾ കരുതിയിരുന്നു . “എന്റെ നിഴലിന് പോലും നിങ്ങളുടെ വഴി മുടക്കാനാവുമെന്ന തിരിച്ചറിവ് ഉണ്ടല്ലോ അത് മതി”.
അയാൾ കരുതി വെച്ച വാക്കുകൾ പൂർത്തിയാക്കാതെ അകന്നു .
അവൾ അവന്റെ നേർക്ക് തിരിഞ്ഞു ..
“കാലം തെറ്റാതെ ഓരോ ശിശിരത്തിലും ഇല പൊഴിയുന്നത് വൃക്ഷത്തിന്റെ അവസാനത്തിനല്ല , അടുത്ത് തന്നെ ഉണ്ടാവുന്ന പുതുമഴയിൽ മുളയ്ക്കുന്ന തളിരിലകൾക്ക് ഇടം നൽകാനാണ് ..”
അവൾ അത് പറഞ്ഞു നിർത്തുമ്പോൾ .. ഇന്നലത്തെ മഴയിൽ കുതിർന്ന് ഇന്ന് ഇപ്പോഴും അവസാനിക്കാത്ത പുലരിയിൽ തളിരിലകൾക്ക് ഇടം കൊടുക്കാൻ കൊതിക്കുന്ന ഒരു വൻമരം അവന്റെ ഉള്ളിൽ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു . ആ വളവും ആ വഴിയും തന്റേതല്ല എന്ന് മനസ്സിലാക്കാൻ അവന് അവളുടെ ആ വാചകങ്ങൾ മാത്രം മതിയായിരുന്നു ..
ശ്രീനാഥ് സദാനന്ദൻ
എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.
ശ്രീലത മധു പയ്യന്നൂർ
ചാണകം മെഴുകിയ പൂമുറ്റത്ത്
പൂക്കളമൊരുക്കീ പൂത്തുമ്പി !
അത്തപ്പൂക്കളം ആവണിപ്പൂക്കളം ചിങ്ങപ്പൂക്കളം മനസ്സിലെന്നും !
തുമ്പപ്പൂവും കാക്കപ്പൂവും
കണ്ണാന്തളിയും ഇന്നെവിടെ ?
പ്ലാവില കോട്ടി തുമ്പപ്പൂ നുള്ളും കുഞ്ഞുങ്ങളെ നിങ്ങൾ കണ്ടോ ?
കാവിലെ കൃഷ്ണക്കിരീടം പറിക്കും കൂട്ടുകാരോടൊത്തു നടന്ന കാലം
വേലിക്കൽ നിൽക്കുന്ന പൂക്കളെല്ലാം എങ്ങോ പോയ് മറഞ്ഞൂ !
വിപണിയിൽ സുലഭമായ് പൂക്കളിന്ന്
വിലകൊടുത്താൽ കിട്ടും പൂക്കളല്ലോ !
എങ്കിലും ഞാനാ സ്മൃതിതൻ പൂക്കുടയിൽ വർണ്ണ പുഷ്പങ്ങൾ നിറച്ചുവയ്ക്കും !
അത്തംമുതൽ തിരുവോണം വരെ നന്മതൻ പൂക്കളമൊരുക്കാം !
ശ്രീലത മധു
1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്
ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര
സ്വന്തം ലേഖകൻ
ലണ്ടൻ : നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെൻറ് ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമായി മാറി കഴിഞ്ഞു. ഗ്ലോബൽ പ്രീമിയർ ലീഗും സമീക്ഷ യുകെയും കൈകോർത്തൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കത്തിന് ഗംഭീരമായ പരിസമാപ്‌തി. ആദ്യ GPL കപ്പിൽ മുത്തമിട്ട് ഫ്രീഡം ഫൈനാഷ്യയൽസ് സ്പോൺസർ ചെയ്ത കോവൻഡ്രി റെഡ്‌സും, രണ്ടാം സ്ഥാനക്കാരായി ടെക് ബാങ്ക് സ്പോൺസർ ചെയ്ത ഡക്സ് ഇലവൻ നോർത്താംപ്ടണും . നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തിയ നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് സാക്ഷ്യം വഹിച്ചത് ആവേശകരമായ ഒരു ക്രിക്കറ്റ് ട്യൂർണ്ണമെന്റിനായിരുന്നു. ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമാകാൻ നടത്തിയ ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെയിലെ ക്രിക്കറ്റ് പ്രേമികളിലെ കരുത്തുറ്റരായ എട്ടോളം ടീമുകളെയാണ് തെരഞ്ഞെടുത്തത്.





ആഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ആവേശകരമായ സ്വീകരണമാണ് യുകെയിലെ മലയാളികളിൽ നിന്ന് ലഭിച്ചത്. രണ്ട് ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ എട്ട് ടീമുകൾ T 10 മത്സരങ്ങളിൽ ഏറ്റു മുട്ടിയപ്പോൾ ഒരു ഒരു പ്രഫക്ഷണൽ ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതിയാണ് കാണികളിൽ ഉളവാക്കിയത്.
ചെംസ്ഫോർഡിൽ നിന്നുള്ള റ്റസ്‌കറും , നോർത്താംപ്ടണിലിൽ നിന്നുള്ള ഡക്‌സ് ഇലവനും , കൊവെൻട്രിയിൽ നിന്നുള്ള റെഡ്‌സും , ഓസ്‌ഫോർഡിൽ നിന്നുള്ള ഗല്ലി ക്രിക്കറ്റേഴ്സും ഗ്രൂപ്പ് A യിലും , കെറ്ററിംഗിൽ നിന്നുള്ള കൊമ്പൻസും , ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡും , നോർത്താംടണിൽ നിന്നുള്ള ബെക്കറ്റ്സ് , ദർഹമിൽ നിന്നുള്ള ഡി എം സി സിയും ഗ്രൂപ്പ് B യിലുമായി ഏറ്റു മുട്ടി.

ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് കൊമ്പൻസും കോവൻഡ്രി റെഡ്‌സും , രണ്ടാമത്തെ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് ഓസ്‌ഫോർഡ് യുണൈറ്റഡും നോർത്താംപ്ടൺ ഡക്സുമായിരുന്നു. ആദ്യ സെമി ഫൈനലിൽ കൊമ്പൻസിനെ തോൽപ്പിച്ച് കോവൻഡ്രി റെഡ്‌സും, രണ്ടാമത്തെ സെമി ഫൈനലിൽ ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡിനെ തോല്പിച്ച് നോർത്താംപ്ടൺ ഡക്‌സ് ഇലവനും ഫൈനലിൽ എത്തി. കോവൻഡ്രി റെഡ്‌സും നോർത്താംപ്ടൺ ഡക്‌സും തമ്മിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആദ്യ GPL കപ്പിൽ മുത്തമിടാൻ ഭാഗ്യം ലഭിച്ചത് കോവൻഡ്രി റെഡ്‌സിനായിരുന്നു.


ആദ്യ GPL കപ്പ് നേടിയ കോവൻഡ്രി റെഡ്‌സിന് ട്രോഫിയും ഒന്നാം സമ്മാനമായ 1500 പൗണ്ടും സമ്മാനിച്ചത് GPL ഡയറക്ടറായ അഡ്വ : സുഭാഷ് മാനുവലും , ഐ പി എൽ താരം ബേസിൽ തമ്പിയും ( ഹോട്ട് ലൈൻ ), നോർത്താംപ്ടൺ എക്സ് കൗണ്ടി ക്രിക്കറ്ററും കോച്ചുമായ ഡേവിഡ് സെയിൽസും ചേർന്നായിരുന്നു.

രണ്ടാം സ്ഥാനക്കാരായ ഡക്സ് ഇലവൻ നോർത്താംപ്ടണിന് ട്രോഫിയും സമ്മാനമായ 1000 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ശ്രീ : ദിനേശ് വെള്ളാപ്പള്ളിയും സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീ : ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്നായിരുന്നു.

സെമി ഫൈനലിൽ എത്തിയ കൊമ്പൻസ് ഇലവന് സമീക്ഷ യുകെ നോർത്താംപ്ടൺ സെക്രട്ടറി ശ്രീ : പ്രഭിൻ ബാഹുലേയൻ ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചു , അതോടൊപ്പം സെമി ഫൈനലിൽ എത്തിയ ഓസ്‌ഫോർഡ് യുണൈറ്റഡിന് ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ശ്രീ ഉണ്ണികൃഷ്‍ണൻ ബാലനായിരുന്നു.

ആദ്യ GPL മത്സരം നടന്ന ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് ഇതിനോടകം ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള അവസരമൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കം വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതായിരിക്കും. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും, ബേസിൽ തമ്പിയും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL ൻറെ പ്രധാന സംഘാടകർ. എം ഐസ് ധോണിയും , സഞ്ജു സാംസണും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും , ടെക് ബാങ്കുമാണ് ഗ്ലോബൽ വേദികളിൽ ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്
മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടിൽ എൽ ഇ ഡി വാളും, ലൈവ് കമന്ററിയും , സ്വാദിഷ്‌ടമായ ഫുഡും , ചിയർ ഗേൾസും ഒക്കെ ഒരുക്കി നടത്തിയ ആദ്യ GPL ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതി സൃഷ്‌ടിക്കാൻ കഴിഞ്ഞുവെന്ന് നിസംശയം പറയാം.












