Latest News

കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം നാവായിക്കുളം വെട്ടുചിറവിളയില്‍ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്.

ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഭാഗ്യ (12), ആദിദേവ് (21), മഞ്ജു (43), ഷിബു (51) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുട്ടിക്കാനത്ത് നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇറക്കമിറങ്ങി വരവെ നിയന്ത്രണം വിട്ട് റോഡിന്റെ വശത്തെ ബാരിക്കേഡ് തകര്‍ത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്ന ആറുപേരും അതീവഗുരുതരാവസ്ഥയിലായിരുന്നു. മുകളിലെത്തിക്കുമ്പോഴേക്കും രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മാര്‍ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഒരു കുടുംബത്തിലെ അംഗങ്ങളായ ഇവര്‍ വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. തുടര്‍ച്ചയായി അപകടം നടക്കുന്ന സ്ഥലമാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ആദ്യമായാണ് ഇത്രയും താഴ്ചയിലേക്ക് വാഹനം മറിഞ്ഞുള്ള അപകടം ഉണ്ടാകുന്നതെന്നും അവര്‍ പറയുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമെന്ന് കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. മേഖലകള്‍ കേന്ദ്രീകരിച്ചുള്ള നിയന്ത്രണം ഫലംകണ്ടുതുടങ്ങി എന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ലെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

ഇനി പ്രതിസന്ധിയുള്ള മേഖലകള്‍ മാത്രം കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണം തുടരുക. കഴിഞ്ഞദിവസം സംസ്ഥാനത്ത് മിക്ക ജില്ലകളിലും വേനല്‍മഴ ലഭിച്ചതോടെ വൈദ്യുതിയുടെ ആവശ്യകത കുറഞ്ഞു. ബുധനാഴ്ച ആകെ ഉപയോഗിച്ചത് 5251 മെഗാവാട്ട് വൈദ്യുതി ആണ്.

ഇത് ചൊവ്വാഴ്ച ഉപയോഗിച്ചതിനേക്കാള്‍ 493 മെഗാവാട്ട് കുറവാണ്. ഇതാണ് വൈദ്യുതി വിതരണ സംവിധാനത്തില്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദം കുറച്ചത്. വേനല്‍ മഴ തുടര്‍ന്നാല്‍ ഇനിയും വൈദ്യുതിയുടെ ആവശ്യകത കുറയുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.

വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് വൈദ്യുതി പ്രതിസന്ധി കുറഞ്ഞതായി വിലയിരുത്തിയത്. തുടര്‍ദിവസങ്ങളിലും വൈദ്യുതി ഉപഭോഗം നിരീക്ഷിക്കുമെന്നും അതിനനുസരിച്ചായിരിക്കും നിയന്ത്രണം കൊണ്ടുവരികയെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.

ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും. ബാസിൽഡനിലെ ഹോളി ട്രിനിറ്റി ദേവാലയത്തിൽ വെച്ചാണ് നൈറ്റ് വിജിൽ ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച്‌ രാത്രിയാമങ്ങളിൽ ത്യാഗപൂർവ്വം ഉണർന്നിരുന്ന് നടത്തുന്ന പ്രാർത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവിൽ അനുരഞ്ജനപ്പെടുവാനും, ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും സഹായകമാവും.

ബാസിൽഡനിൽ വെച്ച് നടത്തപ്പെടുന്ന നൈറ്റ് വിജിൽ, പരിശുദ്ധ ജപമാല സമർപ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുർബ്ബാന, പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നു മണിക്ക് അവസാനിക്കും . കുമ്പസാരത്തിനും, കൗൺസിലിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

പരിശുദ്ധ അമ്മയുടെ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന മെയ് മാസത്തിൽ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
മനോജ് – 07848808550മാത്തച്ചൻ വിളങ്ങാടൻ- 07915602258

നൈറ്റ് വിജിൽ സമയം:
മെയ് 24, വെള്ളിയാഴ്ച, രാത്രി 6:30 മുതൽ 11:00 വരെ.
HOLY TRINITY CATHOLIC CHURCH, BASILDON,SS15 5AD.

ചാലക്കുടി സ്വദേശനിയായ യുവതിയെ കാനഡയില്‍ വീടിനകത്ത് ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി കുറ്റിച്ചിറ കണ്ണംമ്ബുഴ ലാല്‍ കെ.പൗലോസിന്‍റെ ഭാര്യ ഡോണ(30) ആണ് മരിച്ചത്. ഭർത്താവ് ലാല്‍ കെ. പൗലോസിനെ കാണാനില്ല.

വീട് പൂട്ടി കിടക്കുന്ന വിവരമറിഞ്ഞ് പോലീസ് എത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ചാലക്കുടി പാലസ്റോഡില്‍ പടിക്കൽ സാജന്‍റെയും ഫ്ലോറയുടെയും മകളാണ് ഡോണ. ഒന്നരവർഷം മുൻപാണ് ലാലിന്‍റെയും ഡോണയുടെയും വിവാഹം കഴിഞ്ഞത്. വീട്ടുകാർ കാനഡയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു വരുന്നു. മരണം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവും തമ്മിൽ റോഡിൽ തർക്കമുണ്ടായ സംഭവത്തിൽ താൻ കണ്ടകാര്യങ്ങൾ പോലീസിനോടും കെ.എസ്.ആർ.ടി.സി. അധികൃതരോടും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടക്ടർ എ. സുബിൻ. ആരെയും വെള്ളപൂശാനും സഹായിക്കാനും ശ്രമിച്ചിട്ടില്ല. സംഭവം നടന്ന് രണ്ടുമണിക്കൂറിനുള്ളിൽ കെ.എസ്.ആർ.ടി.സി. വിജിലൻസ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. അതേമൊഴിയാണ് പോലീസിനും നൽകിയിട്ടുള്ളത്. -സുബിൻ പറഞ്ഞു.

കേസിൽ സാക്ഷിയാണ്. ഒളിവിൽ പോയിട്ടില്ല. ഡ്യൂട്ടി ചെയ്യുന്നുണ്ട്. വകുപ്പുതല അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കുന്നതിന് പരിമിതിയുണ്ട്. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പങ്കില്ല. ക്ലൗഡിൽ ദൃശ്യങ്ങൾ സൂക്ഷിക്കുന്നുവെന്നാണ് കരുതിയിരുന്നത്. ചീഫ് ഓഫീസിലെ കൺട്രോൾ റൂമിൽ ദൃശ്യങ്ങൾ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കാർഡ് കാണാതായതിൽ ഫൊറൻസിക് അന്വേഷണഫലത്തിന് താനും കാത്തിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ എ.എ. റഹീം എം.പി.യെ വിളിച്ചത് രാഷ്ട്രീയ വിവാദമാക്കേണ്ടകാര്യമില്ല. അറിയാവുന്ന ജനപ്രതിനിധിയെന്നനിലയിൽ ബന്ധപ്പെട്ടതാണ്. അന്വേഷണത്തോട് സഹകരിക്കും. അർഹിക്കുന്നവർക്ക് നീതി കിട്ടട്ടെയെന്നും സുബിൻ വ്യക്തമാക്കി.

സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ(65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. യോദ്ധ,വ്യൂഹം,ഗാന്ധർവം,നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.

1997ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിൽ ഇഡിയറ്റ്സ്, ഇ എന്ന ചിത്രങ്ങളിൽ നിർമാതാവുമായി.

പ്രശസ്ത ഫൊട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനാണ് സംഗീത്. പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത (കെ.പി. യോഹന്നാന്‍) അന്തരിച്ചു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.

ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. അഞ്ചു ദിവസംമുന്‍പാണ് മെത്രാപ്പോലീത്ത അമേരിക്കയില്‍ എത്തിയത്. 300 ഏക്കര്‍ വിസ്തൃതിയിലുള്ള ഭദ്രാസനത്തിനകത്തായിരുന്നു സാധാരണ രാവിലെ നടക്കാറുണ്ടായിരുന്നത്.

തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരിൽ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ, ഗോസ്പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവർത്തനമാരംഭിക്കുന്നത്. മാർത്തോമ്മാ സഭയിലായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്കു തിരിഞ്ഞു. 1966 മുതൽ ഓപ്പറേഷൻ മൊബൈലൈസേഷൻ എന്ന സംഘടനയിൽ ചേർന്നു വിവിധ വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ സുവിശേഷ പ്രവർത്തകനായി. 1974ൽ അമേരിക്കയിൽ ദൈവശാസ്‌ത്രപഠനത്തിനായി പോയി. മുൻപേ പരിചയമുണ്ടായിരുന്ന ജർമൻ സുവിശേഷകയായ ഗിസിലയെ ഇതിനിടെ ജീവിതപങ്കാളിയായി സ്വീകരിച്ചു.

1979ൽ അമേരിക്കയിലായിരിക്കേ തന്നെ ഗോസ്‌പൽ ഫോർ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്‌ക്കു രൂപം നൽകി. അധികം വൈകാതെ കേരളത്തിൽ തിരിച്ചെത്തി. ആത്മീയയാത്ര റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ ശ്രദ്ധേയനായി. 1990ൽ സ്വന്തം സഭയായ ബിലീവേഴ്‌സ് ചർച്ചിനു രൂപം നൽകി. 2003ൽ സ്ഥാപക ബിഷപ്പായി. മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന പേര് സ്വീകരിച്ച അദ്ദേഹം, ക്രൈസ്തവ സഭാ നേതൃത്വത്തിലേക്ക് ഉയർന്നത് അടുത്ത കാലത്താണ്.

തിരുവല്ല കുറ്റപ്പുഴ ആസ്ഥാനമായ ബിലീവേഴ്സ് സഭയോടു ചേർന്ന് ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രി സ്ഥാപിച്ചു. 52 ബൈബിൾ കോളജുകൾ ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. തിരുവല്ലയിൽ 200 ഏക്കർ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു. മുന്നൂറോളം പുസ്തകങ്ങൾ രചിച്ചു. അടുത്ത കാലത്തായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന പുനർനാമകരണം ചെയ്തിനു പിന്നിൽ പൗരസ്ത്യ ക്രൈസ്തവ ആരാധനാക്രമത്തോടുള്ള അദ്ദേഹത്തിന്റെ മതിപ്പും ആദരവുമാണ് പ്രതിഫലിക്കുന്നത്.

ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അനുസ്മരിപ്പിക്കുന്ന വിധം മെത്രാപ്പൊലീത്ത ഉൾപ്പെടെ 12 ബിഷപ്പുമാരാണ് ബിലീവേഴ്സ് സഭയുടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഭദ്രാസനങ്ങൾക്കു നേതൃത്വം നൽകുന്നത്. യുഎസിലും കാനഡയിലും യുകെയിലും ഓസ്ട്രേലിയയിലുമായി ഏകദേശം 900 റേഡിയോ സ്റ്റേഷനുകളിലൂടെ പ്രക്ഷേപണം നടത്തുന്ന യാഥാർഥ്യത്തിലേക്കുള്ള വഴി എന്ന റോഡ് ടു റിയാലിറ്റി ശ്രദ്ധേയമായ പ്രവർത്തനമാണ്.

പുരോഹിതവസ്ത്രം ധരിച്ച് നിരവധി ആയുധങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുക്കലേക്ക് ചെന്ന വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. 59 കാരനായ ഫാ. മിലന്‍ പാ്ല്‍ക്കോവിക് ആണ് അറസ്റ്റിലായത്. എയര്‍ പിസ്റ്റല്‍, രണ്ടു കത്തികള്‍, കട്ടര്‍, സ്‌ക്രൂഡ്രൈവര്‍ എന്നിവയാണ് വൈദികനില്‍ നിന്ന് കണ്ടെത്തിയത്. ചെക്കു റിപ്പബ്ലിക് സ്വദേശിയാണ്. ഞായറാഴ്ചയാണ് സംഭവം. വ്യക്തിപരമായ പ്രതിരോധത്തിന് വേണ്ടി താന്‍ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങളാണെന്നാണ് വൈദികന്റെ ഭാഷ്യം. എന്നാല്‍ വൈദികന്റെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഈ സംഭവത്തെക്കുറിച്ച് പുറത്തുവന്നിട്ടില്ല.

യുറോപ്പിന്റെ മണ്ണില്‍ ആത്മാവിനാല്‍ ജ്വലിച്ച് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് ജൂണ്‍ 14 വെള്ളി വൈകിട്ട് 6.00 മുതല്‍ 16 ഞായര്‍ വൈകിട്ട് 4.00 വരെ യുകെയില്‍ വെച്ച് നടത്തുന്നു.

ഷെക്കെയ്നയുടെ മാധ്യമ ശുശ്രൂഷകളില്‍ പങ്കാളികളായി യൂറോപ്പിന്റെ മണ്ണില്‍ ദൈവരാജ്യവിസ്ത്യതിയില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ധ്യാനത്തില്‍ പങ്കെടുക്കാം. യുകെയിലെ പയനിയർ സെൻ്റർ ക്ലിയോബറി മോർട്ടിമർ കിഡർമിൻസ്റ്റർ, DY14 8JG – വെസ്റ്റ് മിഡ്‌ലാൻഡ്സിലാണ് ധ്യാനം നടക്കുന്നത്.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ +44 7908772956, +44 7872628016 നമ്പറുകളിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടുക.

ബിനോയ് എം. ജെ.

ഭാവാത്മകചിന്തയെകുറിച്ച് നിങ്ങൾ തീർച്ചയായും കേട്ടിട്ടുണ്ടാവും. എന്നാൽ ഭാവാത്മകമായ യാഥാർഥ്യത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? യാഥാർത്ഥ്യം അത്യന്തം ഭാവാത്മകമാകുവാനേ വഴിയുള്ളൂ. അത് നമുക്ക് സങ്കൽപിക്കുവാനാകുന്നതിലപ്പുറം ഭാവാത്മകമാണ്. ഭാവാത്മകമായി ചിന്തിക്കുമ്പോൾ നാം യാഥാർഥ്യത്തോട് കൂടുതൽ അടുക്കുന്നു. നിഷേധാത്മകമായി ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സ് യാഥാർത്ഥ്യവുമായി സംഘട്ടനത്തിൽ വരുന്നു. ഈ സംഘട്ടനത്തിൽ നിന്നും ക്ലേശങ്ങളും ദുഃഖങ്ങളും ജന്മമെടുക്കുന്നു. നിങ്ങൾ ഒരു കാര്യമോ ആശയമോ കേൾക്കുമ്പോൾ അത് ശരിയോ തെറ്റോ എന്ന് എങ്ങനെയാണ് തിരിച്ചറിയുക? ആ ആശയം നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിൽ അത് ശരിയാകുവാനേ വഴിയുള്ളൂ. മറിച്ച് ആ ആശയം നിങ്ങളെ ആശയക്കുഴപ്പത്തിലും ദുഃഖത്തിലും ആഴ്ത്തുന്നുണ്ടെങ്കിൽ അത് അസത്യവും വ്യാജവും ആകുവാനേ വഴിയുള്ളൂ. ശാസ്ത്രകാരന്മാർ ശരിയും തെറ്റും എങ്ങനെയാണ് തിരിച്ചറിയുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരാശയം കേൾക്കുമ്പോൾ അത് അവരുടെ മനസ്സിൽ സംഭവിപ്പിക്കുന്ന ചലനങ്ങളെ അവർ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു. അത് ഭാവാത്മകമായ ചലനങ്ങളെ യാണ് സൃഷ്ടിക്കുന്നതെങ്കിൽ ആ ആശയം ശരിയും നിഷേധാത്മക ചലനങ്ങളെ യാണ് സൃഷ്ടിക്കുന്നതെങ്കിൽ ആ ആശയം തെറ്റുമാണെന്ന് അവർ പ്രഥമ ദൃഷ്ട്യാ വിധിയെഴുതുന്നു. അതിന് ശേഷം അവർ അതിന് തെളിവുകൾ അന്വേഷിക്കുന്നു. ഐസക് ന്യൂട്ടന്റെ പല ആശയങ്ങളും ആൽബർട്ട് ഐൻസ്റ്റീൻ തിരുത്തി എഴുതി. അതിന് കാരണം ന്യൂട്ടോണിയൻ ഊർജ്ജതന്ത്രം പഠിച്ചപ്പോൾ ഐൻസ്റ്റീന്റെ മനസ്സിൽ ഉണ്ടായ അസ്വസ്ഥതകളാണെന്ന് പറയപ്പെടുന്നു.

ഇപ്രകാരം ഭാവാത്മകത മനുഷ്യന്റെ കയ്യിൽ അത്യധികം ഉപകാരപ്രദമായ ഒരു ഉപകരണമാണ്. സത്യം എപ്പോഴും ഭാവാത്മകമാണ്. നുണയാകട്ടെ നിഷേധാത്മക വും. നിങ്ങളുടെ ജീവിതം ദുഃഖം നിറഞ്ഞതാണെങ്കിൽ നിങ്ങൾ നുണയുടെ പിറകേയാണ് പോകുന്നതെന്ന് വ്യക്തം. അപ്പോൾ നിങ്ങൾ യാഥാർഥ്യത്തെ അതായിരിക്കുന്ന രീതിയിൽ അറിയുന്നില്ല. നിങ്ങളുടെ ഉള്ളിലുള്ള സത്തയും(ആത്മാവ്) ബാഹ്യപ്രപഞ്ചവും തമ്മിലുള്ള സ്വരച്ചേർച്ചയിൽ നിന്നുമാണ് എല്ലാ വിജ്ഞാനവും സംഭവിക്കുന്നത്. ആത്മാവും പ്രപഞ്ചവും വാസ്തവത്തിൽ രണ്ടല്ല. മനസ്സ് ഇടക്കുവന്നു കയറുന്നത് കൊണ്ടാണ് അവ രണ്ടാണെന്ന് തോന്നുന്നത്. അതിനാൽ തന്നെ സത്യം അറിയണമെങ്കിൽ മനസ്സ് തിരോഭവിക്കണം. ഈ മനസ്സാകട്ടെ നിഷേധാത്മക ചിന്തകളുടെ ഒരു കൂമ്പാരമല്ലാതെ മറ്റൊന്നുമല്ല. അതിനാൽ തന്നെ ഭാവാത്മക ചിന്തകളിലൂടയേ മനസ്സിനെ അലിയിക്കുവാൻ കഴിയൂ.

ഭാവാത്മക മായി ചിന്തിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം ജീവിതവും അതിലെ യാഥാർഥ്യങ്ങളും ഭാവാത്മകമാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ്. നാളിതുവരെ നിങ്ങൾ അവയെ നിഷേധാത്മകമായി കരുതിപോന്നിരുന്നു. ഇത്തരം നിഷേധാത്മക ചിന്തകൾ തെറ്റാണെന്ന് തെളിയിക്കുവിൻ. അതിന് വേണ്ടി നിങ്ങളുടെ യുക്തിയെ ഉപയോഗിക്കുവിൻ.ഇപ്രകാരം ഭാവാത്മകതയെ കണ്ടെത്തുവാനും അറിയുവാനും സദാ പരിശ്രമിക്കുവിൻ. അപ്പോൾ നിങ്ങളുടെ അറിവും ആനന്ദവും പതിന്മടങ്ങ് വർദ്ധിക്കും. കാരണം അറിവും യാഥാർത്ഥ്യവും എപ്പോഴും ഭാവാത്മകമാണ്. നിഷേധാത്മകമായ ആശയങ്ങളും തത്വങ്ങളും അജ്ഞാനത്തെ പ്രതിനിധീകരിക്കുന്നു. മനുഷ്യവംശത്തിന്റെ ശാപവും ഈ നിഷേധാത്മക ചിന്തകളാണ്.

ഭൂമി, സ്വർഗ്ഗം, നരകം എന്നും മറ്റും നാം പറയാറുണ്ടല്ലോ. വാസ്തവത്തിൽ ഇപ്രകാരം മൂന്നു സത്തകൾ ഉണ്ടോ? ഉണ്ടാകുവാൻ വഴിയില്ല. സത്ത ഒന്ന് മാത്രമേയുള്ളൂ. അതാവട്ടെ ഈശ്വരനും ആണ്. അത്യന്തം ഭാവാത്മകമായ ആ സത്തയെ അതായിരിക്കുന്ന രീതിയിൽ അറിയുമ്പോൾ നിങ്ങൾ ഏറെക്കുറെ സ്വർഗ്ഗത്തിലാണ്. അതിനെ ഭാഗികമായി മാത്രം അറിയുമ്പോൾ നിങ്ങൾ ഭൂമിലും ഒട്ടും തന്നെ അറിയാതിരിക്കുമ്പോൾ അല്ലെങ്കിൽ നിഷേധാത്മകമായി അറിയുമ്പോൾ നിങ്ങൾ നരകത്തിലുമാണ്. അതിനാൽ തന്നെ യാഥാർത്ഥ്യം സ്വർഗ്ഗമാണ്. നാം ഇപ്പോൾ ജീവിക്കുന്ന സമൂഹം നാളിതുവരെയും ഇപ്പോഴും വരും കാലങ്ങളിലും സ്വർഗ്ഗം തന്നെയാണ്. എന്നാൽ ഈ സത്യം നാമറിയുന്നില്ല. കാരണം നമ്മുടെ മനസ്സ് നിഷേധാത്മക
മാണ്. പ്രശ്നം കിടക്കുന്നത് നിങ്ങളുടെ മനസ്സിലാണ്. സമൂഹത്തിൽ അല്ല. ഈ ഭൂമിയിൽ ഒരു സ്വർഗ്ഗം പടുതുയർത്തുവാൻ നാം സദാ ആഗ്രഹിക്കുന്നു. കാരണം അതിപ്പോൾ സ്വർഗ്ഗമായി നമുക്കനുഭവപ്പെടുന്നില്ല. കുറ്റങ്ങൾ കണ്ടു പിടിക്കുന്ന ഈ മനോഭാവത്തിൽ മാറ്റം വരുത്താതെ നാമെന്തൊക്കെ തന്നെ ചെയ്താലും നമുക്കിവിടെ സ്വർഗ്ഗം പണിയുവാൻ കഴിയുകയില്ല. നാം സ്വർഗ്ഗം എന്ന് പറഞ്ഞു പണിതുയർത്തുന്ന പുതിയ സമൂഹ്യക്രമത്തിലും നാം ക്രമേണ കുറ്റങ്ങൾ കണ്ടു തുടങ്ങും. അതെക്കാലവും അപൂർണ്ണമായി തുടരുകയും ചെയ്യും.

അതിനാൽ സ്നേഹിതരേ, നാം ശ്രദ്ധിക്കേണ്ടത് ബാഹ്യലോകത്തെ നന്നാകുന്നതിലല്ല. അതിൽ സദാ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും. ആ മാറ്റങ്ങളെ ആസ്വദിച്ചുകൊള്ളുവിൻ. അപ്പോഴും നമ്മുടെ ശ്രദ്ധ നമ്മുടെ മനസ്സിൽ തന്നെയായിരിക്കണം. അല്ലാത്ത പക്ഷം സ്വർഗ്ഗം എന്നും ഒരു സങ്കൽപമോ മരീചികയോ ആയി അവശേഷിക്കും. മനുഷ്യന്റെ ചരിത്രം പരിശോധിച്ചാൽ അവൻ എക്കാലവും ഭൂമിയിൽ സ്വർഗ്ഗം സ്ഥാപിക്കുവാൻ വേണ്ടി പരിശ്രമിച്ചിരുന്നതായി കാണാം. സഹസ്രാബ്ദങ്ങൾ ഇത്ര കഴിഞ്ഞിട്ടും അവനതിൽ വിജയിക്കാത്തത് എന്തുകൊണ്ടാണ്? സ്വർഗ്ഗം എക്കാലവും ഇവിടെത്തന്നെ ഉണ്ടായിരുന്നുവെന്നതാണ് സത്യം. വരും കാലങ്ങളിലും അതുണ്ടാവും. അത് കാണുവാനുള്ള കാഴ്ചശക്തിയാണ് നമുക്ക് വേണ്ടത്. നാമിപ്പോൾ കണ്ണടച്ചിരുട്ടാക്കുന്നു. മാറ്റം സംഭവിക്കേണ്ടത് നമ്മുടെ മനസ്സിലാണ്. നമ്മുടെ മനസ്സ് ഭാവാത്മകമായ യാഥാർഥ്യത്തിലേക്ക് വരേണ്ടിയിരിക്കുന്നു. അപ്പോൾ ഈ ക്ലേശങ്ങളെല്ലാം വ്യർത്ഥങ്ങളും അനാവശ്യമാണെന്ന് നാമറിയും. അവ തിരോഭവിക്കുകയും ചെയ്യും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

RECENT POSTS
Copyright © . All rights reserved
➤