Latest News

ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒന്‍പത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലും ഇന്നലെ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി.

വടക്കന്‍ അഫ്ഗാന്‍ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായത്. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കൂടുതല്‍ മരണം.

സ്വാത്ത് മേഖലയില്‍ 150ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഇവിടെ കുട്ടികളടക്കം മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണാണ് അധികം പേര്‍ക്കും പരിക്ക് പറ്റിയത്. ഖൈബര്‍ പഖ്തൂണ്‍ മേഖലയില്‍ ഒരു പൊലീസ് സ്റ്റേഷന്‍ ഭൂകമ്പത്തില്‍ തകര്‍ന്നു.

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിലെ ലെഖ്മാന്‍ മേഖലയിലാണ് കൂടുതലും ആഘാതം ഉണ്ടായത്. പലയിടങ്ങളും ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. രക്ഷാ പ്രവര്‍ത്തകര്‍ അപകടം റിപ്പോര്‍ട്ട് ചെയ്ത എല്ലാ സ്ഥലങ്ങളിലും എത്താന്‍ ശ്രമിക്കുന്നു.

നടന്‍ ഗിന്നസ് പക്രു വീണ്ടും അച്ഛനായി. തനിക്ക് രണ്ടാമതും പെണ്‍കുഞ്ഞ് പിറന്ന വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മകള്‍ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് പക്രു പങ്കുവച്ചിരിക്കുന്നത്.

ചേച്ചിയമ്മ എന്ന ക്യാപ്ഷനും താരം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നല്‍കിയത്. ഗായത്രിയാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ദീപ്ത കീര്‍ത്തി എന്നാണ് മൂത്ത മകളുടെ പേര്.

നിരവധി പേരാണ് വിശേഷമറിഞ്ഞ് ഗിന്നസ് പക്രുവിനും കുടുംബത്തിനും ആശംസകള്‍ അറിയിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹ വാര്‍ഷികം. 2006ല്‍ ആയിരുന്നു ഇവര്‍ വിവാഹിതരായത്.

അതേസമയം പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് ഗിന്നസ് പക്രു. പ്രഭുദേവ നായകനായ ‘ബഗീര’ ആണ് ഗിന്നസ് പക്രുവിന്റേതായി ഈയിടെ തിയേറ്ററുകളിലെത്തിയത്. അഭിനയം കൂടാതെ സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം സിനിമയില്‍ സജീവമാണ് ഗിന്നസ് പക്രു.

തൃക്കാക്കരയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന നടിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം സ്വദേശിനിയായ അഞ്ജു കൃഷ്ണയാണ് അറസ്റ്റിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസർഗോഡ് സ്വദേശി ഷമീർ പോലീസ് എത്തിയതോടെ ഓടി രക്ഷപെട്ടു. അഞ്ജു കൃഷ്ണയിൽ നിന്ന് മാരക മയക്കുമരുന്നായ എംഎഡിഎംഎ പോലീസ് പിടിച്ചെടുത്തു.

മൂന്ന് വർഷം മുൻപാണ് അഞ്ജു കൃഷ്ണ ഷമീറിനെ പരിചയപ്പെടുന്നത്. തുടർന്ന് ദമ്പതികളാണെന്ന വ്യാജേന തൃക്കാക്കരയിൽ വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്‌ക്വഡ് അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് അഞ്ജു അറസ്റ്റിലായത്. പോലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ട ഷമീറിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.

ബെംഗളൂരുവിൽ നിന്നാണ് മയക്ക് മരുന്ന് എത്തിച്ചിരുന്നതെന്ന് അഞ്ജു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വാടക വീട്ടിലെത്തിക്കുന്ന ലഹരി മരുന്ന് ആവശ്യക്കാർക്ക് അഞ്ജുവാണ് എത്തിച്ചിരുന്നത്. നടിയായതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. ഒരു മാസം മുൻപാണ് തൃക്കാക്കരയിലെ ഉണ്ണിച്ചിറയിൽ ഇവർ വീട് വാടകയ്‌ക്കെടുത്ത്.

ബന്തടുക്കയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബസ് കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബന്തടുക്ക സ്വദശികളായ ബാബു-സുജാത ദമ്പതികളുടെ മകൾ ശരണ്യ (17) നെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പെൺകുട്ടിയുമായി സയഹൃദത്തിലായിരുന്ന ബസ് കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ കിടപ്പ് മുറിയിൽ നിന്നും ലഭിച്ച കുറിപ്പിൽ ബസ് കണ്ടക്ടറെ കുറിച്ച് എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് ജോലിക്ക് പോയി തിരികെയെത്തിയ സുജാത മകളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചുമരിനോട് ചേർന്നുള്ള കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എന്നാൽ കട്ടിലിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ പോലീസ് വീട് പൂട്ടി സീൽ ചെയ്തിരുന്നു.

ശരണ്യയുടെ മുറിയിൽ നിന്നും ലഭിച്ച കുറിപ്പിൽ ബസ് കണ്ടക്ടറാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ചിരിക്കുന്നതായാണ് വിവരം. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിച്ചു. ശരണ്യയുടെ മരണത്തിൽ ദുരൂഹത ഉയർന്നിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ തൂങ്ങി മരണമാണെന്ന് വ്യക്തമായി.

കാഞ്ചിയാർ പേഴുംകണ്ടത്ത് യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞു കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച കാണാതായ, പേഴുംകണ്ടം വട്ടമുകളേൽ അനുമോളുടെ(27) മൃതദേഹമാണ് കണ്ടെത്തിയത്. ഭർത്താവ് വിജേഷിനെ കാണാനില്ല. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്കൂളിലെ അധ്യാപികയായ അനുമോൾ 17ന് സ്കൂളിൽ എത്തിയിരുന്നു. സ്കൂളിന്റെ വാർഷികാഘോഷ ഒരുക്കം പൂർത്തിയാക്കി വൈകിട്ടാണു മടങ്ങിയത്.

എന്നാൽ 18ന് അനുമോൾ സ്കൂളിൽ എത്തിയില്ല. അനുമോൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കടയിലുള്ള ജോൺ-ഫിലോമിന ദമ്പതികളെ വിജേഷ് ഫോണിൽ വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞ് ഇവർ പേഴുംകണ്ടത്തെ വീട്ടിൽ എത്തിയെങ്കിലും കിടപ്പുമുറിയിലേക്കു കയറ്റാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. മാതാപിതാക്കൾ കട്ടപ്പന പൊലീസ് സ്‌റ്റേഷനിലെത്തി മകളെ കാണാതായതു സംബന്ധിച്ചു പരാതി നൽകി.

അനുമോളുടെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. മകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം അനുമോളുടെ ഫോണിലേക്ക് വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിച്ചെങ്കിലും കോൾ കട്ടായി. അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്‌സും ഇന്നലെ വൈകിട്ട് ആറോടെ കാഞ്ചിയാർ പേഴുംകണ്ടത്തെ വീട്ടിലെത്തിയെങ്കിലും വീടു പൂട്ടിയ നിലയിലായിരുന്നു.

തള്ളിത്തുറന്ന് അകത്തു കടന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. കട്ടിലിന് അടിയിൽ സൂക്ഷിച്ചിരുന്ന കമ്പിളിപ്പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്കു വന്നതോടെ ഇവർ നിലവിളിച്ചു പുറത്തേക്ക് ഓടി. നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌ മോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇന്നു ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധനയ്ക്കു ശേഷമേ മൃതദേഹം വീട്ടിൽ നിന്നു മാറ്റൂ.

കട്ടപ്പന കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാഞ്ചിയാർ പേഴുംകണ്ടം സ്വദേശി ബിജേഷിൻറെ ഭാര്യ പിജെ വത്സമ്മ എന്ന അനുമോൾ (27) ന്റെ മരണം കൊലപാതകമെന്ന് സൂചന. ഭർത്താവ് ബിജേഷ് ഒളിവിലാണ്.

കഴിഞ്ഞ ശനിയാഴ്ച അനുമോളെ കാണാനില്ലെന്ന് പറഞ്ഞ് ബിജേഷും അനുമോളുടെ വീട്ടുകാരും കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു. അനുമോളെ കാണാനില്ലെന്ന് ബിജേഷ് വീട്ടുകാരെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് അനുമോളുടെ വീട്ടുകാർ ബിജേഷിന്റെ വീട്ടിലെത്തി. സ്റ്റേഷനിൽ പോകുന്നതിന് മുൻപായി അനുമോളുടെ കിടപ്പ് മുറിയിൽ ഇവർ കയറിയെങ്കിലും ബിജേഷ് ഇവരെ സംശയം തോന്നാത്ത വിധത്തിൽ മുറിയിൽ നിന്നും പുറത്തിറക്കുകയായിരുന്നു.

പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ബിജീഷിനെ കാണാതാവുകയായിരുന്നു. ബിജീഷിനെ കുറിച്ച് വിവരമില്ലാതായതോടെ അനുമോളുടെ വീട്ടുകാർ ചൊവ്വാഴ്ച വൈകുന്നേരം ബിജീഷിന്റെ വീട്ടിലെത്തുകയും വീട് തുറന്ന് പരിശോധന നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. ഒളിവിൽ പോയ ബിജേഷിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.

തൊടുപുഴ കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്നും കണ്ടെത്തി. പേഴുംകണ്ടം സ്വദേശി വിജേഷിന്റെ ഭാര്യ അനുമോൾ (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അനുമോളെ കാണാതായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. അതേസമയം അനുമോളുടെ ഭർത്താവ് വിജേഷിനെ കാണാനായില്ല. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് മരിച്ച അനുമോൾ. വെള്ളിയാഴ്ച അനുമോൾ സാധാരണ സ്‌കൂളിലെത്തുകയും വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ശനിയാഴ്ച മുതൽ അനുമോൾ കാണാതാവുകയായിരുന്നു. അനുമോളെ കുറിച്ച് വിവരമില്ലാത്തതിനാൽ മാതാപിതാക്കളും സഹോദരനും വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് അടച്ചിട്ട വീട്ടിൽ നിന്നും പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ് ഡെസ്ക്. മലയാളം യുകെ

സ്കോട് ലാൻ്റിൻ്റെ പ്രമുഖ മലയാളി അസ്സോസിയേഷനായ യുസ്മയും സഹ അസ്സോസിയേഷനായ എൽ. എം. സിയും സംയുക്തമായി നടത്തുന്ന സിംഫണി 23 എന്ന ചാരിറ്റി ഷോ വരുന്ന ശനിയാഴ്ച്ച സ്കോട് ലാൻ്റിലെ ലിവിംഗ്സ്റ്റണിൽ അരങ്ങേറും.

ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ലിവിംഗ്സ്റ്റണിലെ റിവർസൈഡ് പ്രൈമറി സ്കൂൾ ഹാളിൽ സിംഫണി 23 ന് തുടക്കമാകും. യൂറോപ്പിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന സിംഫണിയിൽ മലയാളത്തിൻ്റെ പ്രശസ്ത ഗായകൻ വിൽസൺ പിറവം മുഖ്യ അതിഥിയായിരിക്കും.

ലോകപ്രശസ്ത കഥാകൃത്ത് ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ “പൂവൻ പഴം ” എന്ന ചെറുകഥയെ അടിസ്ഥാനമാക്കി അണിയിച്ചൊരുക്കുന്ന സ്വതന്ത്ര നാടക ആവിഷ്കാരം ” പൂവൻ പഴം റീലോഡഡ്” സിംഫണിയിലെ ഒരു പ്രത്യേക ഇനമാണ്. അനേകം അവിസ്മരണീയമായ കഥകളിലൂടെ ഒരോ വായനക്കാരനും പ്രിയപ്പെട്ടവനായ ബേപ്പൂർ സുൽത്താനുള്ള ഒരു എളിയ സമർപ്പണം കൂടിയാണ് ഈ സൃഷ്ടി. മലയാള സംസ്കാരത്തിന് സുപരിചിതമായ കുടുംബാന്തരീക്ഷങ്ങളിലെ നുറുങ്ങു സംഭവങ്ങൾ നർമ്മത്തിൽ ചാലിച്ചാണ് ഈ നാടകം തയ്യാറാക്കിയിരിക്കുന്നത്.

എഡിൻബറയിലെയും ലിവിങ്ങ്സ്റ്റണിലേയും മലയാളികളുടെ സൗഹൃദ കൂട്ടായ്മയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് ഇങ്ങനെ ഒരു നാടകം രൂപപ്പെടാൻ കാരണം. ഇവരുടെ കുടുംബങ്ങളുടെ പിന്തുണയും പ്രോത്സാഹനവും എടുത്തു പറയേണ്ടതാണ്.

ശ്രീകാന്ത് സി.വി , നവീൻ തോമസ്, അനീഷ് കാനായി , റിത്തിക ജനാർദ്ദനൻ , കുമാരി നിഹാരിക പൊതുവാൾ എന്നിവരാണ് അഭിനേതാക്കൾ.

സംവിധാനം : അനീഷ് കാനായി.
തിരക്കഥ/സംഭാഷണം: നവീൻ തോമസ്, അനീഷ് കാനായി.
സാങ്കേതിക സഹായം: മനോജ് സതീശൻ, സുജിത്ത് മത്തോളി. ചമയം: പ്രതിഭ ശ്രീകാന്ത്.

കലാസ്വാദകർക്ക് മാത്രമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് യുകെയിലെ എല്ലാ സംഗീത പ്രേമികളെയും ക്ഷണിക്കുകയാണെന്ന് സംഘാടകർ അറിയ്ച്ചു. ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.

മലയാളം യുകെ ന്യൂസാണ് സിംഫണി 23 ൻ്റെ മീഡിയാ പാട്ണർ.

സിംഫണി 2023 ൻ്റെ കൂടുതൽ വിവരങ്ങൾക്ക് :-
Mobile # 07846411781
Venue:-
Riverside Primary School
Livingston
EH54 5BP

Tickets are available at the venue:-
ADULT VIP (10yrs +) = £15
CHILD VIP (4 – 9) = £8
ADULT EXE = £10
CHILD EXE = £5

ബിജു കുളങ്ങര

ലണ്ടൻ. ഇന്ത്യൻ ദേശീയപതാകയെ അപമാനിക്കുകയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് നേരെ അക്രമം നടത്തുകയും ചെയ്ത ഖലിസ്ഥാൻ വാദികളുടെ നടപടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ കേരള ചാപ്റ്റർ പ്രതിഷേധിച്ചു. അക്രമത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും പിടികൂടണമെന്നും വിദേശ രാജ്യങ്ങളിൽ ഇന്ത്യയെ അപമാനിക്കുന്ന ഖലിസ്ഥാൻ വാദികളുടെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നും ഐഒസി ആവശ്യപ്പെട്ടു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ദേശീയ പതാക ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുമ്പിൽ അപമാനിക്കപ്പെട്ട സംഭവം സംഭവിക്കാൻ പാടില്ലാത്തത് ആണ്. ഓരോ ഭാരതീയന്റെയും ആത്‌മാഭിമാനത്തെ വൃണപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ഐഒസി കേരള ചാപ്റ്റർ യോഗം ആവശ്യപ്പെട്ടു.

ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ അജിത് മുതയിൽ, അപ്പച്ചൻ കണ്ണഞ്ചിറ, അശ്വതി നായർ ബേബിക്കുട്ടി ജോർജ്ജ്, സുരജ് കൃഷ്ണൻ, ജെന്നിഫെർ ജോയ്, സുനിൽ രവീന്ദ്രൻ തുടങ്ങിവർ പ്രസംഗിച്ചു. വിവിധ റീജിയൻ നേതാക്കളായ ബോബിൻ ഫിലിപ്പ്, ബിജു വർഗീസ്, ജോർജ് ജേക്കബ്, തോമസ് ഫിലിപ്പ്, ഇൻസൺ ജോസ്, റോമി കുര്യാക്കോസ്, അരുൺ തോമസ്, എൽദോ ജോയ് തുടങ്ങിയവർ പങ്കെടുത്തു.

ആഗോളതലത്തിൽ സാമൂഹിക പ്രവർത്തകർ ഒന്നിച്ചുചേർന്ന് സാമൂഹിക ഉന്നമനത്തിനായി പ്രയത്നിക്കുന്നതിനുവേണ്ടി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് (IFSW) എല്ലാ വർഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുൻ നിർത്തി മാർച്ച് മാസത്തിൽ ലോക സോഷ്യൽ വർക്ക് ദിനം ആചരിക്കുന്നു. ഈ വർഷം മാർച്ച് 21-ാം തീയതി ആണ് ലോക സോഷ്യൽ വർക്ക് ദിനമായി ആചരിക്കപ്പെടുക. “Respecting Diversity Through Joint Social Action” എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ പരിപാടികൾ IFSW ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇതിനോടനുബന്ധിച്ച് യുകെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ കാര്യ പരിപാടികൾ 2023 മാർച്ച് മാസം 25-ാം തീയതി ശനിയാഴ്ച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നു. അന്നേദിവസം, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും ബ്രിട്ടണിൽ നിന്നുമുള്ള സോഷ്യൽ വർക്കിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ഈ വർഷത്തെ പ്രമേയത്തിനനുസരിച്ചു വിഷയാവതരണം നടത്തുകയും സന്ദേശങ്ങൾ നൽകുകയും, ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യും. ഈ വർഷത്തെ ആശയത്തിന്മേൽ യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ പരിപാടികൾ ഉദ്ദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുന്നത്,പ്രൊഫ. പി.കെ. ഷാജഹാൻ (ഡീൻ, അക്കാദമിക് അഫയേഴ്സ്, TISS മുംബൈ ക്യാമ്പസ്) ആണ്. തുടർന്ന് ബഹുമാന്യനായ ഇന്ത്യൻ പാർലിമെന്റ് അംഗം ഡോ. ശശി തരൂർ (എംപി), മിസ് ഇസബെല്ലെ ട്രോളർ (മുഖ്യ സാമൂഹിക പ്രവർത്തക, കുട്ടികളും കുടുംബങ്ങളും) എന്നിവരുടെ ലോക സോഷ്യൽ വർക്ക് ദിന സന്ദേശവും ഉണ്ടായിരിക്കുന്നതാണ്.

ഇന്നത്തെ സാഹചര്യത്തിൽ ഈ വർഷത്തെ പ്രമേയം സോഷ്യൽ വർക്കിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ തലമുറയ്ക്കും വരും തലമുറയ്ക്കും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നായിട്ടാണ് യു.കെ.എം.എസ്.ഡബ്ല്യു ഫോറം കാണുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക പരിവർത്തനത്തിലേക്ക് നയിക്കുന്ന ശക്തമായ പ്രവർത്തനങ്ങൾ വ്യത്യസ്ത കമ്മ്യൂണിറ്റികൾക്ക് എങ്ങനെ നടത്താനാകുമെന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാകും ഈ വർഷത്തെ ലോക സോഷ്യൽ വർക്ക് ദിനാചരണം. യുകെയിലുള്ള സോഷ്യൽ വർക്കേഴ്സിൽ പലരും തങ്ങളുടെ മേഖലകളിൽ പലതരത്തിലുള്ള വിവേചനങ്ങൾ നേരിട്ടിട്ടുള്ളവരും അനുഭവങ്ങൾ പങ്കിടുന്നവരുമാണ്. അതുകൊണ്ടു തന്നെ ഈ വർഷത്തെ ഐഎഫ്എസ്ഡബ്ല്യു മുന്നോട്ടുവച്ചിട്ടുള്ള വിഷയം വളരെയധികം കാലീക പ്രസക്തമായ ഒന്നാണ്.

2014-ൽ സ്ഥാപിതമായ യു.കെ.എം.എസ്.ഡബ്ല്യു-ഫോറം യു.കെ യിൽ ജോലി ചെയ്യുന്ന മലയാളി സോഷ്യൽ വർക്കേഴ്സിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം അവരുടെ പ്രൊഫഷണൽ ഡെവലപ്പ്മെന്റിനാവശ്യമായ ട്രെയിനിംങ്ങുകളും നടത്തിവരുന്നു. സോഷ്യൽ വർക്ക് മേഖലയിൽ തൊഴിൽ നേടുന്നതിനായി ഉദ്യോഗാർത്ഥികളുടെ റെജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്കും വിവിധ പരിപാടികളിലൂടെ യു.കെ.എം.എസ്.ഡബ്ല്യു ഫോറം സഹായിക്കുന്നുണ്ട്. കൂടാതെ, സാമൂഹിക പ്രവർത്തനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, സമൂഹത്തിൽ നിരാലംബരായവർക്ക് പലതരം ഇടപെടലുകളിലൂടെ സഹായഹസ്തവുമായി യു.കെ.എം.എസ്.ഡബ്ല്യു ഫോറം നിലകൊള്ളുന്നു.

യുകെ മലയാളി സോഷ്യല് വര്‍ക്കേഴ്സ്സ് ഫോറത്തിന്റെ (യു.കെ.എം.എസ്.ഡബ്ല്യു ഫോറം ) 2023 – 25 പ്രവർത്തനത്തിനുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം ചുമതലയേറ്റ് ഔദ്ദ്യോഗികമായി പ്രവർത്തനമാരംഭിക്കുകയും മുന്നോട്ടുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകുകയും ചെയ്യുകയുണ്ടായി. ഇതിന്റെ ആദ്യഘട്ടമെന്നോണം പുതിയ അംഗങ്ങൾക്കുവേണ്ടി ഒരു സെമിനാറും സംഘടിപ്പിക്കുകയുണ്ടായി.

ഈ വർഷത്തെ ലോക സോഷ്യൽ വർക്ക് ദിന പരിപാടികളിൽ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യൽ വർക്കേഴ്സിനെയും വിനയപുരസരം സ്വാഗതം ചെയ്യുന്നു.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ മീറ്റിംങ്ങും ഓൺലൈൻ (സൂം)വഴിയാണ് നടത്തപ്പെടുക. പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ താഴെ പറയുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

https://forms.gle/bDBYEpWyVGEc5Qxe6

തോമസ്സ് ജോസഫ് – 07939492035 (Chair person)
ഷീനാ ലുക്സൺ – 07525259239 (Secretary)
മാർട്ടിൻ ചാക്കു – 07825 447155 (Treasurer)

 

Copyright © . All rights reserved