തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ ആരോപണങ്ങളിലാണ് അന്വേഷണം. ഇഡി നൽകിയ കത്തിൽ കേസെടുക്കണമെന്ന ശുപാർശയുണ്ടായിരുന്നു. നിയമോപദേശത്തിന് പിന്നാലെയാണ് അന്വേഷണ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്.
ഇഡി റിപ്പോർട്ടിലെ ആരോപണങ്ങളിൽ അന്വേഷണം നടത്താമെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ പ്രാഥമിക അന്വേഷണം നടത്തണമോ എന്ന കാര്യത്തിൽ പൊലീസിന് തീരുമാനമെടുക്കാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സിഎംആർഎല്ലും എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും റിയാസുമായി ബന്ധപ്പെട്ടതായി ഇഡി ഉന്നയിച്ച ഹവാല ഇടപാട് ആരോപണങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും.
ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം, ക്രൈംബ്രാഞ്ച് അന്വേഷണം, പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം തുടങ്ങിയ സാധ്യതകളാണ് പരിഗണിച്ചിരുന്നത്. അന്വേഷണത്തിന്റെ സ്വഭാവം തീരുമാനിക്കാൻ പൊലീസിന് അധികാരം നൽകിയ സാഹചര്യത്തിലാണ് തുടർനടപടികൾ.
കെന്റ് ഹിന്ദു സമാജത്തിന്റെ (Kent Hindu Samajam UK) ഈ വർഷത്തെ ഓണാഘോഷം 2026 സെപ്റ്റംബർ 26 ശനിയാഴ്ച ആഘോഷിക്കും.
രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെ ചാത്തം മാഗ്പൈ ഹാൾ റോഡിലുള്ള ഓൾ സെയിന്റ്സ് ചർച്ച് ഹാളിൽ (All Saints Church Hall, Magpie Hall Road, Chatham, Kent, ME4 5NE) വെച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ശ്രീമതി വാണി സിബി, ശ്രീമതി നിഖിത നായർ, ശ്രീമതി അനീഷ മനോജ്, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.സൂര്യകാലടി മന ശ്രീ ജയസൂര്യൻ ഭട്ടത്തിരിപ്പാട് വിശ്ഷ്ട അഥിതി ആയിരിക്കും
കേരളീയ തനിമയോടെയുള്ള ഓണസദ്യ, കലാപരിപാടികൾ, വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്. മാവേലിയുടെ വരവോടെ ആഘോഷങ്ങൾക്ക് കൊഴുപ്പേകും.
കൂടുതൽ വിവരങ്ങൾക്ക്:
Tel: 07838170203 / 07973151975 / 07985245890
www.kenthindusamajam.org

കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റന്റിനെ മർദിച്ച കേസിലെ മുഖ്യപ്രതിയെ ആലുവ പൊലീസ് തൃശൂരിൽനിന്ന് പിടികൂടി. തായിക്കാട്ടുകര പൈപ്പ്ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ തൃശൂർ ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൈയിലെ മുറിവ് ശരിയായി കെട്ടിയില്ലെന്ന് ആരോപിച്ച് റിസ്വാനും കൂട്ടുപ്രതിയും ചേർന്ന് നേഴ്സിംഗ് അസിസ്റ്റന്റിനെ മർദിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയെ പിറ്റേന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്.
റിസ്വാൻ മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ കുട്ടമശ്ശേരിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ആശുപത്രികൾക്ക് നേരെയുള്ള അക്രമം തടയുന്നതിനുള്ള നിയമത്തിലെ കടുത്ത വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണിവ.
തിരുവനന്തപുരം: പൂന്തുറയിൽ വളർത്തുനായ അക്രമാസക്തമായതിനെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ജോലിക്കും പള്ളിയിലേക്കുമായി പോകുകയായിരുന്ന പ്രദേശവാസികൾക്കുനേരെ നായ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നു. പുലർച്ചെ വഴിയിലൂടെ പോയ നിരവധി പേരെയാണ് നായ പിന്തുടർന്ന് കടിക്കുകയും ആക്രമിക്കുകയും ചെയ്തത്.
പരിക്കേറ്റവരെ പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ കടിയേറ്റും പരിക്കേറ്റുമാണ് ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി.
ആക്രമണം നടത്തിയ നായയെ പിന്നീട് കണ്ടെത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നോ എന്നും സ്ഥിരീകരിച്ചിട്ടില്ല. നായയെ കണ്ടെത്തുന്നതിനും സംഭവത്തിന്റെ സാഹചര്യം പരിശോധിക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് തെരുവുനായ ശല്യവും സുരക്ഷാ നടപടികളും സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കും. യാത്രച്ചെലവിന്റെ ഭാരം കുറയ്ക്കുന്നതിനും കൂടുതൽ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് എത്തിക്കുന്നതിനുമായി 2026 ജൂൺ 15നാണ് പദ്ധതി ആരംഭിച്ചത്.
പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ദിവസേന യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും പദ്ധതി സഹായകരമായെന്നാണ് വിലയിരുത്തൽ.
സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. നൂറാം ദിനം പിന്നിടുമ്പോൾ കൂടുതൽ സ്ത്രീകളെ പൊതുഗതാഗതത്തിന്റെ ഭാഗമാക്കാനും കെഎസ്ആർടിസി സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കാനും പദ്ധതിക്ക് കഴിഞ്ഞതായാണ് കോർപറേഷന്റെ വിലയിരുത്തൽ.
തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയ രീതിയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും ആറാം ലോക കേരളസഭയ്ക്കായി ഒരു രൂപ പോലും സർക്കാർ വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലോക കേരളസഭയുടെ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് വിശദീകരണം. നാലാം ലോക കേരളസഭയുടെ ശുപാർശകൾ നടപ്പാക്കാൻ ഒരു കോടി രൂപയും നോർക്കയുടെ പ്രൊഫഷണൽ ബിസിനസ് ലീഡർഷിപ്പ് മീറ്റിനായി 50 ലക്ഷം രൂപയും ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ ചെലവുകൾക്കായി 50 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ലോക കേരളസഭയുടെ നടത്തിപ്പിനല്ല ഈ തുകയെന്നും സർക്കാർ വ്യക്തമാക്കി.
പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്നും അവ നടപ്പാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രവാസികളുടെ പങ്കാളിത്തത്തോടെ കേരള വികസനം ലക്ഷ്യമിട്ടുള്ള മറ്റൊരു പദ്ധതി സർക്കാർ പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി.




മനോജ് ജോസഫ്
ലിവർപൂൾ: ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) സെപ്റ്റംബർ 20 ഞായറാഴ്ച ന്യൂഷാം പാർക്കിൽ സംഘടിപ്പിച്ച “ലിമ പ്രീമിയർ കപ്പ് 2026” ക്രിക്കറ്റ് ടൂർണമെന്റ് വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. രണ്ട് മൈതാനങ്ങളിലായി യുകെയിലെ ഏറ്റവും പ്രഗത്ഭരായ 11 കരുത്തുറ്റ ക്രിക്കറ്റ് ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ ടൂർണമെന്റിൽ വൈറ്റ് വാക്കേഴ്സ് പ്രെസ്റ്റൺ ജേതാക്കളായി. കലാശപ്പോരാട്ടത്തിനൊടുവിൽ റേഞ്ചേഴ്സ് ലിവർപൂൾ റണ്ണറപ്പ് ട്രോഫി സ്വന്തമാക്കി. മൂന്നാം സ്ഥാനം ഹോം 11-നും നാലാം സ്ഥാനം വിസ്റ്റൺ യൂണൈറ്റഡും കരസ്ഥമാക്കി.

രാവിലെ 8.30-ന് ആരംഭിച്ച മത്സരങ്ങൾ കാണാൻ മേഴ്സിസൈഡിലെ നിരവധി കായികപ്രേമികളാണ് കുടുംബസമേതം ന്യൂഷാം പാർക്കിൽ എത്തിചേർന്നത്. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ വിജയികൾക്കുള്ള ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും ലിമ ഭാരവാഹികൾ വിതരണം ചെയ്തു. മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തിഗത താരങ്ങൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. വിസ്റ്റൺ യൂണൈറ്റഡിന്റെ സുനീത് ‘ബെസ്റ്റ് ബാറ്റ്സ്മാൻ’, ‘മോസ്റ്റ് വാല്യൂബിൾ പ്ലേയർ’ എന്നീ ഇരട്ട പുരസ്കാരങ്ങൾ കരസ്ഥമാക്കി. വൈറ്റ് വാക്കേഴ്സ് പ്രെസ്റ്റണിന്റെ ശരത് സതീഷാണ് ടൂർണമെന്റിലെ ‘ബെസ്റ്റ് ബൗളർ’.

കളിക്കളത്തിലെ ആവേശത്തോടൊപ്പം Green Chilli Restaurant ഒരുക്കിയ സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളും അന്നേ ദിവസം ലഭ്യമായിരുന്നു. ടൂർണമെന്റ് കൺവീനർമാരായ ബിനു വർക്കി, ബ്ലെസൺ രാജൻ എന്നിവർക്കൊപ്പം ലിമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവുമാണ് ഈ കായികമേളയുടെ വിജയത്തിനു പിന്നിൽ.

കായികമേള വിജയകരമാക്കാൻ സഹകരിച്ച എല്ലാ ടീമുകൾക്കും, കളിക്കാർക്കും, കാണികൾക്കും, സ്പോൺസർമാർക്കും ലിമ കമ്മിറ്റി ഭാരവാഹികൾ നന്ദി അറിയിച്ചു. മേഴ്സിസൈഡ് മലയാളി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും വാനോളമുയർത്തിയ മികച്ചൊരു കായിക ദിനത്തിനാണ് ന്യൂഷാം പാർക്ക് സാക്ഷ്യം വഹിച്ചത്.

കൽപറ്റ ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജപ്തി ചെയ്ത വയനാട് വാഴവറ്റയിലെ വീട് ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ പേരിൽ തിരിച്ചുപിടിച്ചതിൽ ബെനാമി ഇടപാടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് അന്വേഷണം. ലില്ലി ജോസിനായി എസ്ബിഐ പാലാരിവട്ടം ശാഖയിൽ 2 കോടി രൂപ അടച്ചത് അഗസ്റ്റിൻ സഹോദരന്മാർ തുടങ്ങിയ മാംഗോ ഫോൺ കമ്പനിയാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. മറ്റൊരാളുടെ പേരിൽ പണം നൽകുകയോ സ്വത്ത് വാങ്ങുകയോ ചെയ്യുന്നത് ബെനാമി ഇടപാടുകൾ (നിരോധന) നിയമപ്രകാരം കുറ്റകരമാണ്.
കൊച്ചി ഇടപ്പള്ളിയിലെ ഏഷ്യൻ മോട്ടോഴ്സിനായി ട്രക്കുകൾ വാങ്ങുന്നതിന് ആന്റോ അഗസ്റ്റിൻ വീട് ഈടു നൽകി എസ്ബിഐയിൽനിന്ന് 13.57 കോടി രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 36.25 സെന്റ് സ്ഥലവും വീടും ബാങ്ക് 2022 ജൂൺ 30ന് ഇ-ലേലത്തിൽ വിറ്റു. 2,00,10,000 രൂപയ്ക്ക് ലില്ലി ജോസാണ് വസ്തു വാങ്ങിയതെന്ന് എസ്ബിഐയുടെ വിൽപന സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. എന്നാൽ, ലേലത്തിനുശേഷവും മുട്ടിൽ പഞ്ചായത്ത് രേഖകളിൽ കെട്ടിടത്തിന്റെ ഉടമയായി ആന്റോ അഗസ്റ്റിന്റെ പേര് തുടരുന്നതും 2025–26 വർഷത്തെ കെട്ടിടനികുതി അദ്ദേഹത്തിന്റെ പേരിൽ അടച്ചതും അന്വേഷണത്തിൽ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖകളിലെ വൈരുധ്യവും എക്സൈസ് പരിശോധിക്കുന്നുണ്ട്. മദ്യം പിടിച്ചെടുത്ത സമയത്ത് സ്വത്ത് ആരുടെ ഉടമസ്ഥതയിലും കൈവശത്തിലുമായിരുന്നു എന്നതാണ് അന്വേഷണത്തിലെ പ്രധാന ചോദ്യം. എസ്ബിഐയുടെ വിൽപന സർട്ടിഫിക്കറ്റ് പ്രകാരം സ്വത്തും കൈവശാവകാശവും ലില്ലി ജോസിന് കൈമാറിയെന്നാണ് പ്രതിഭാഗത്തിന്റെ വാദം. അതേസമയം, ലേലത്തിനു ശേഷമുള്ള ഉടമസ്ഥാവകാശ കൈമാറ്റം, യഥാർഥ കൈവശം, സ്വത്തിന്മേലുള്ള നിയന്ത്രണം എന്നിവ സംബന്ധിച്ച രേഖകളും തെളിവുകളും പരിശോധിച്ചാണ് ആന്റോ അഗസ്റ്റിന് സ്വത്തുമായുള്ള ബന്ധം വ്യക്തമാക്കാൻ എക്സൈസ് ശ്രമിക്കുന്നത്.