റോമി കുര്യാക്കോസ്
ലണ്ടൻ: ഇന്ത്യയുടെ പരമോന്നത നിയമമായ ഭരണഘടന പ്രാബല്യത്തില്‍ വന്നതിന്റെ ഓർമ പുതുക്കി രാജ്യത്തിന്റെ 76 – മത് റിപ്പബ്ലിക് ദിനാഘോഷം ഒ ഐ സി സി (യു കെ) എലിഫന്റ് & കാസ്സിൽ റീജിയന്റെ ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ചു.
ജനുവരി 26, രാവിലെ 10.30ന് ലണ്ടൻ പാർലമെന്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധിജിയുടെ സ്തൂപത്തിന് മുന്നിൽ സംഘടിപ്പിച്ച വികാരോജ്വലമായ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി ഉപദേശക സമിതി അംഗവും മുതിർന്ന നേതാവുമായ സി നടരാജൻ നിർവഹിച്ചു. മഹാത്മാഗാന്ധിയുടെ സ്തൂപത്തിന് മുന്നിൽ പ്രവർത്തകർ അർപ്പിച്ച പുഷ്‌പാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
പ്രതികൂല കാലാവസ്ഥയിലും നിരവധി പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ ഒ ഐ സി സി (യു കെ) നാഷണൽ ജനറൽ സെക്രട്ടറി അഷ്‌റഫ് അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. റീജിയൻ പ്രസിഡന്റ് യഹിയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിന്ദുമോൻ തനക്കൽ (മോഹൻ) സ്വാഗതം ആശംസിച്ചു. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി അംഗം സണ്ണി ലൂക്കോസ് റിപ്പബ്ലിക്ദിന സന്ദേശം നൽകി.
ഒ ഐ സി സി (യു കെ) നാഷണൽ വർക്കിങ് പ്രസിഡന്റുമാരായ അപ്പ ഗഫൂർ, സുജു കെ ഡാനിയൽ, വൈസ് പ്രസിഡന്റ് ജോർജ്ജ് ജോസഫ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജമാൽ, രാജൻ പടിയിൽ, ഡോ. ജെസ്‌ന ജോണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കുള്ള നന്ദി റീജിയൻ ട്രഷറർ അഷ്‌റഫ് മരുതിൽ രേഖപ്പെടുത്തി.
ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.
മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പത്ത് പേർ മരിച്ചു. മരണം ഇനിയും കൂടിയേക്കാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ത്രിവേണി സംഗമത്തിൽ ബാരിക്കേഡ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 40-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. തിരക്കിനിടിയിൽപ്പെട്ട് നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ശ്വാസതടസ്സം അനുഭവപ്പെട്ടതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകൾ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തി. രണ്ട് തവണ പ്രധാനമന്ത്രി യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ സ്വീകരിക്കാൻ പ്രധാനമന്ത്രി അദ്ദേഹത്തിന് നിർദേശംനൽകി. സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അമിത് ഷായും ഉറപ്പുനൽകി.
തിരക്കിനെ തുടർന്ന് അമാവാസി ചടങ്ങ് ദിവസത്തെ അമൃത സ്നാനം ഉപേക്ഷിച്ചതായി അഖില ഭാരതീയ അഖാഢ പരിഷത്ത് പ്രസിഡന്റ് അറിയിച്ചു. ഗംഗാനദിയിലെ സ്നാനം അവസാനിച്ച് മടങ്ങാനും ഇവർ ഭക്തർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ, ആരോഗ്യ സേവനങ്ങൾ ഉറപ്പുനൽകികൊണ്ട് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകാൻ ബി.ജെ.പി. പ്രവർത്തകർ സന്നദ്ധരാണെന്നും അദ്ദേഹം അറിയിച്ചു.
നെന്‍മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പോലീസ് പിടികൂടിയത് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ. ഒന്നര ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി വിശന്നുവലഞ്ഞ് ഭക്ഷണം തേടി വീട്ടിലേക്ക് വരുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്. സ്റ്റേഷനിലെത്തിച്ച പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണമായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം പോലീസ് ഭക്ഷണം എത്തിച്ചുനല്‍കി. തുടര്‍ന്നായിരുന്നു വിശദമായ ചോദ്യംചെയ്യല്‍.
ചെന്താമരയ്ക്ക് വിശപ്പ് കൂടുതലാണെന്നും പോകാന്‍ മറ്റിടങ്ങളില്ലെന്നും തന്റെ വീട്ടിലേക്ക് വരുമെന്നും സഹോദരന്‍ പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ചെന്താമരയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ മാറിയുള്ള സഹോദരന്റെ വീട്ടില്‍ മുഴുവന്‍സമയവും കാവലും നിന്നു. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയശേഷം ചെന്താമര ആദ്യം വന്നത് രാധാകൃഷ്ണന്റെ വീട്ടിലേക്കായിരുന്നു. ഭക്ഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു വന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഇത്തവണ സഹോദരന്റെ വീട്ടിലേക്ക് പോകാതെ സ്വന്തം വീടായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടത്. പോകുന്ന വഴിയില്‍ കൃത്യമായി പോലീസ് വിരിച്ച വലയില്‍ വീഴുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി ഒന്‍പതേമുക്കാലോടെത്തന്നെ ചെന്താമരയെ വയല്‍വരമ്പില്‍നിന്ന് പിടികൂടിയതായാണ് പോലീസ് നല്‍കുന്ന സൂചന. തുടര്‍ന്ന്, ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിനായാണ് കുറച്ചുനേരത്തിനുശേഷം തിരച്ചില്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചത്. തുടര്‍ന്നാണ് സ്വകാര്യവാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അറസ്റ്റിലായ ചെന്താമരയെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസത്തിനുശേഷം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അനുമതിതേടുമെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019-ല്‍ സജിതയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.
നെന്മാറ ഇരട്ട കൊലപാതക കേസിൽ എസ്.എച്ച്.ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോർട്ട്. ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും ഇയാൾ ഒരു മാസം നെന്മാറയിൽ താമസിച്ചുവെന്നും പാലക്കാട് എസ്പി അജിത്കുമാറിന്റെ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. എഡിജിപി മനോജ് എബ്രഹാമിന് റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം.
ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന എസ്.എച്ച്.ഒയുടെ വിശദീകരണം തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് എസ്പിയുടെതെന്നാണ് വിവരം. നെന്മാറ പോലീസ് പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്തുകൊണ്ടാണ് ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ പ്രദേശത്ത് തുടരാൻ അനുവദിച്ചത്. ഇയാളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാഞ്ഞത് എന്തുകൊണ്ട് എന്നതു സംബന്ധിച്ചുള്ള വിശദീകരണം ഉന്നതതലത്തിൽ നിന്നും ആവശ്യപ്പെട്ടിരുന്നു. സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പൊലീസിന്റെ ഭാഗത്തു നിന്നു സംഭവിച്ച ഗുരുതര വീഴചയാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം കൊലയ്ക്കു ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലിൽപോയ ചെന്താമര ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 30-നാണ് സജിത കൊല്ലപ്പെട്ടത്. ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണു പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്.
കൈക്കരുത്തിന്റെ കായിക മാമാങ്കമായ പഞ്ചഗുസ്തി മത്സരം ഈ വരുന്ന മാർച്ച് മാസം ഒന്നാം തീയതി ലിവർപൂളിൽ വച്ചു നടത്തപ്പെടുന്നു. യു. കെയിൽ ആദ്യകാല വടംവലി ടീമിൽ ഒന്നായ ലിവർപൂൾ ടൈഗേഴ്‌സ് ആണ് യു കെ മലയാളികൾക്ക് വേണ്ടി പഞ്ചഗുസ്തി മത്സരം നടത്തുന്നത്. ലിവർപൂളിലെ വിസ്റ്റൺ ടൗൺ ഹാളിൽ ആണ് മത്സരം നടക്കുക. യു കെയിൽ ദേശീയ തലത്തിൽ ഇദംപ്രഥമായി നടത്തപ്പെടുന്ന ഈ പഞ്ചഗുസ്തി മത്സരത്തിൽ യു കെയിലുള്ള ഏത് മലയാളിക്കും പങ്കെടുക്കാവുന്നതാണ്. തികച്ചും പ്രൊഫഷണലായി നടത്തപ്പെടുന്ന ഈ മത്സരത്തിനാവശ്യമായ ടേബിളുകൾ സംഘാടകർ വരുത്തിക്കഴിഞ്ഞു.
വെയിറ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടത്തുന്നത് എന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്. പുരുഷന്മാരുടെ വലം കൈ മൽസരങ്ങൾ മാത്രമാണ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
മത്സര വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 20 തീയതിക്ക് മുൻപായി സംഘാടകരെ ബന്ധപ്പെട്ട് തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.
കൈക്കരുത്തും മനക്കരുത്തും കൈകോർക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാനും മത്സരത്തിന്റെ ആവേശത്തിൽ മതിമറന്നാഹ്ളാദിക്കുവാനും മലയാളികൾക്ക് മാത്രമായി നടത്തുന്ന ഈ മത്സരത്തിലേക്ക് ഏവരെയും ക്ഷണിക്കുകയാണ്. പേരുകൾ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
മത്സരത്തോട്നുബന്ധിച്ച് തനതു കേരള രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Blesson – +44 7405 575123
Cleisher – +44 7909 263001
Sejin – +44 7570 185064
രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക്
https://docs.google.com/forms/d/1L17UL-cZlCe0Yg6Ws-KZASwWBuwRNw2Fvqau-vDKp3k/edit
റോമി കുര്യാക്കോസ്
ബോൾട്ടൻ: ഭരണഘടന അംഗീകരിച്ചതിന്റെയും രാജ്യത്തിൻ്റെ ഐക്യത്തിന്റെയും ശക്തിയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ഓർമ്മപ്പെടുത്തലുമായി ഒ ഐ സി സി (യു കെ) ബോൾട്ടൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 76 – മത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി.
ദേശീയതയുടെ പ്രതീകമായ ഇന്ത്യൻ പാതകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ത്രിവർണ്ണ കൊടിതോരണങ്ങളും കൊണ്ട് കമനീയമായ വേദിയിൽ സംഘടിപ്പിച്ച ചടങ്ങുകൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) ബോൾട്ടൻ യൂണിറ്റ് പ്രസിഡന്റ് ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആമുഖവും ബോൾട്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റ് ബിന്ദു ഫിലിപ്പ് സ്വാഗതവും ആശംസിച്ചു.
പ്രവാസലോകത്താണെങ്കിലും വളർന്നു വരുന്ന പുതു തലമുറ നമ്മുടെ ദേശീയതയും പാരമ്പര്യങ്ങളായ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക തുടങ്ങിയവയുടെ രൂപവും ശ്രേഷ്ഠതയും പ്രാധാന്യവും മനസിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനുമായി റിപ്പബ്ലക് ദിനാചാരണത്തിന്റെ ഭാഗമായി ‘റിപ്പബ്ലിക് ദിന തീം’ ആസ്പദമാക്കി കുട്ടികൾക്കായി ക്രമീകരിച്ച ‘കളറിങ് മത്സരം’ വലിയ പങ്കാളിത്തത്തിൽ നടത്തപ്പെട്ടതും ശ്രദ്ധേയമായി. ഇന്ത്യൻ ദേശീയ പതാകയും ത്രിവർണ്ണ നിറങ്ങളും ചാരുതയോടെ വർണ്ണകൂട്ടുകലായി കുട്ടികളുടെ മനസുകളിൽ ലയിപ്പിക്കാനായി എന്നതും പരിപാടിയുടെ വിജയ ഘടകമായി.
മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികളായവർക്കുമായി ഒ ഐ സി സി (യു കെ) – യുടെ ലോഗോ ആലേഖനം ചെയ്ത ട്രോഫികളും മെഡലുകളും മറ്റ് സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. വിജയികൾക്കുള്ള സമ്മാനദാനം നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു.
പ്രതികൂല കാലാവസ്ഥയിലും ബോൾട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു. ബോൾട്ടന്റെ സമീപ പ്രദേശമായ അക്റിങ്ട്ടണിലെ ഒ ഐ സി സി യൂണിറ്റിൽ നിന്നുമുള്ള പ്രവർത്തകരും ചടങ്ങിന്റെ ഭാഗമായി.
ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, അക്‌റിങ്റ്റൺ യൂണിറ്റ് പ്രസിഡന്റ് അരുൺ പൗലോസ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് ബോൾട്ടൻ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഋഷിരാജ് നന്ദി അർപ്പിച്ചു. സ്നേഹവിരുന്നിനും ദേശീയഗാനാലാപനത്തിനും ശേഷം ചടങ്ങുകൾ അവസാനിച്ചു.
പാലക്കാട്ടെ എലപ്പുള്ളിയില്‍ മദ്യനിർമാണശാല വേണ്ടെന്ന് സിപിഐ. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. മദ്യനിർമാണശാലയുമായി ബന്ധപ്പെട്ട് വിവാദം കനക്കുകയും പാലക്കാട്ടെ സിപിഐ ജില്ലാ നേതൃത്വം പദ്ധതിക്കെതിരേ വലിയ വിമർശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് ചേർന്നത്. വിഷയത്തിൽ സിപിഐയുടെ ആശങ്ക എൽ.ഡി.എഫ് നേതൃത്വത്തെ അറിയിക്കും.
എലപ്പുള്ളിയിൽ മദ്യക്കമ്പനി തുടങ്ങാന്‍ സംസ്ഥാന സർക്കാർ അനുമതി നൽകിയതിനുപിന്നാലെ സിപിഐയ്ക്കുള്ളിൽ എതിർപ്പ് ശക്തമായിരുന്നു. മദ്യക്കമ്പനിയുമായി ബന്ധപ്പെട്ട വിഷയം മുന്നണിയിൽ ചർച്ച ചെയ്തില്ലെന്ന് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ഉൾപ്പടെയുള്ള സിപിഐ നേതാക്കൾ വിമർശിച്ചിരുന്നു.
സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ്, ബിനോയ് വിശ്വത്തിന് നേരത്തേ കത്തുനല്‍കുകയും ചെയ്തു. എലപ്പുള്ളി പഞ്ചായത്തില്‍ മദ്യക്കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത് പാലക്കാട്ടെ കുടിവെള്ളപ്രശ്‌നം രൂക്ഷമാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. നിലവിലുള്ള തണ്ണീര്‍ത്തട നിയമങ്ങളെയും മാലിന്യസംസ്‌കരണ നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ടാവും കമ്പനി പ്രവര്‍ത്തിക്കുകയെന്നായിരുന്നു യോഗം വിലയിരുത്തിയത്.
അമിതമായ ജലചൂഷണത്തിനെതിരേ ലോകശ്രദ്ധ ആകര്‍ഷിച്ച പാലക്കാട്ടെ പ്ലാച്ചിമടയും പുതുശ്ശേരിയും എല്‍.ഡി.എഫ്. മറക്കരുതെന്ന പരാമർശവും സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവിലുണ്ടായി. കൊക്കോകോളയുടെ ജലചൂഷണത്തിനും പരിസ്ഥിതി മലിനീകരണത്തിനുമെതിരേ പ്ലാച്ചിമടയിലും പെപ്‌സിയുടെ ജലചൂഷണത്തിനെതിരേ പുതുശ്ശേരിയിലും വര്‍ഷങ്ങള്‍ നീണ്ടുനിന്ന ജനകീയസമരവും നിയമപോരാട്ടവും നടത്തിയിരുന്ന കാര്യം നിര്‍വാഹകസമിതി യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.
നടി മഞ്ജു വാര്യരെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജുവിന് തന്നെ ഇഷ്ടമാണ് എന്നും ആ ഇഷ്ടം തുറന്നു പറയാൻ സാധിക്കാത്ത അവരുടെ ജീവന് ഭീഷണി ഉള്ളതിനാല്‍ ആണെന്നും പറയുകയാണ് സനല്‍കുമാര്‍.
”സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനില്‍ക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോള്‍. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാൻ പുറത്തുവിട്ട സംഭാഷണത്തില്‍ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരായിക്കോട്ടെ, ഒരു സ്ത്രീയെ അവള്‍ക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാല്‍ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്.
അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാല്‍ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരിതന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോല്‍വി സമ്മതിച്ചു. മുൻപ്, നിന്റെ മൗനം എന്നില്‍ ഉണർത്തിയിരുന്ന വികാരം കോപമായിരുന്നു.
ഇപ്പോള്‍ ഭയവും ആധിയുമാണ്. നിന്നെയോർക്കുമ്ബോള്‍ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയില്‍ ഒഴുക്കിവിടുമ്ബോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയില്‍ എന്തൊക്കെയോ കുറിക്കുന്നു. നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തില്‍ വിളിച്ചുപറയേണ്ടിവരുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം…” സനല്‍കുമാര്‍ കുറിച്ചു. കയറ്റം എന്ന സിനിമയിലെ മഞ്ജുവിന്റെ ചിത്രവും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഞ്ജുവാര്യർക്ക് തന്നോട് പ്രണയമാണെന്ന് കുറിച്ച്, താരം തന്നോട് സംസാരിച്ച കോള്‍ റെക്കോർഡുകള്‍ പങ്കുവെക്കുകയാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു ഓഡിയോ ക്ലിപ്പ് കഴിഞ്ഞദിവസം സനല്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ മഞ്ജു വാര്യർ ഇതുവരെയും ഈ കാര്യത്തില്‍ യാതൊരു പ്രതികരണങ്ങളും അറിയിച്ചിട്ടില്ല ഇതിന് മുൻപ് സനല്‍കുമാറിനെതിരെ പരാതി കൊടുക്കാൻ മഞ്ജു നേരിട്ട് രംഗത്ത് വന്നിരുന്നു.
ഈയൊരു വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വിമർശനം ഏല്‍ക്കേണ്ടി വന്നത് സനല്‍കുമാറിനാണ്. അത്തരത്തില്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമർശനം തന്നെയാണ് താരത്തിനെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത് പലരും സന്തോഷ് വർക്കിയോടാണ് സനല്‍കുമാറിനെ ഉപമിക്കുന്നത്.
നെന്മാറ പോത്തുണ്ടിയിൽ ഇരട്ടക്കൊലപാതകം. അമ്മയെയും മകനെയും അയൽവാസി വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി സ്വദേശി സുധാകരൻ അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ചെന്താമരയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര. ഇതിൽ ജയിലിൽ കഴിയുകയായിരുന്ന ഇയാൾ അടുത്തിടെയാണ് ജയിൽ മോചിതനായത്.
2019 ൽ ആയിരുന്നു ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ ആണ് ഇവരുടെ താമസം. ദീർഘ കാലമായി ഇയാൾ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. ഇതിന് കാരണം സുധാകരനും കുടുംബവും ആണെന്ന് ആയിരുന്നു ചെന്താരമ തെറ്റിദ്ധരിച്ചിരുന്നത്. ഇതിന്റെ വൈരാഗ്യത്തിൽ സജിതയെ കൊലപ്പെടുത്തുകയായിരുന്നു.
സുധാകരൻ തിരുപ്പൂരിൽ ജോലി സ്ഥലത്ത് ആയിരുന്നു. കുട്ടികൾ രാവിലെ സ്‌കൂളിലേക്കും പോയി. ഈ സമയം അവിടെ എത്തിയ ചെന്താമര. സജിതയെ കത്തികൊണ്ട് പിന്നിൽ നിന്നും കുത്തുകയായിരുന്നു. ഇതിന് ശേഷം ചെന്താമര സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയി. തുടർന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു.
ഓഹരി വിപണി ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് ബിഎസ്ഇ സെന്‍സെക്സ് 824 പോയിന്റ് ഇടിഞ്ഞു. സെന്‍സെക്സ് 75,366 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.
നിഫ്റ്റി 263 പോയിന്റ് ഇടിഞ്ഞതോടെ 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. 2024 ജൂണ്‍ ആറിന് ശേഷം ആദ്യമായാണ് നിഫ്റ്റി 23,000 ലെവലിനും താഴെ പോകുന്നത്. 22,829 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്.
ഐടി, എണ്ണ, പ്രകൃതി വാതക ഓഹരികളില്‍ ഉണ്ടായ വില്‍പന സമ്മര്‍ദ്ദമാണ് വിപണിയെ ബാധിച്ചത്. ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും വിപണിയെ സ്വാധീനിച്ചു. സെന്‍സെക്സ് 1.08 ശതമാനമാണ് ഇടിഞ്ഞത്. ഐടിക്ക് പുറമേ ടെലികോം, പവര്‍, ഫാര്‍മ ഓഹരികളും നഷ്ടം നേരിട്ടു.
അമേരിക്കന്‍ വ്യാപാര നയം സംബന്ധിച്ച അനിശ്ചിതത്വമാണ് വിപണിയെ ബാധിച്ചത്. ഇത് ഇന്ത്യയെയും ബാധിക്കുമോ എന്ന ചിന്തയില്‍ നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. സെന്‍സെക്സില്‍ എച്ച്സിഎല്‍ ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 4.49 ശതമാനമാണ് എച്ച്സിഎല്‍ ഓഹരി ഇടിഞ്ഞത്.
ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍. മെച്ചപ്പെട്ട മൂന്നാം പാദ ഫലത്തെ തുടര്‍ന്ന് ഐസിഐസിഐ ബാങ്ക് മുന്നേറ്റം കാഴ്ചവെച്ചത് ശ്രദ്ധേയമായി. 1.39 ശതമാനമാണ് ഐസിഐസിഐ ബാങ്ക് ഉയര്‍ന്നത്.